അഥർവ്വ: ഭാഗം 14

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""ഇന്നലെ ദേഷ്യപ്പെട്ടതിനാണ് ഈ പിണക്കമെങ്കിൽ സോറി... ഇന്നലേ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നെടോ.."". അപ്പോഴും മൗനത്തെ തന്നെ കൂട്ട് പിടിച്ചു.. ""ഹാ എന്തെങ്കിലും ഒന്ന് പറയെടോ.. താനിങ്ങനെ ഒന്നും മിണ്ടാതെ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നത് കാണാൻ ഒരു രസവുമില്ല.."" അത് കേട്ടതും ഞെട്ടലോടെ ചുറ്റും നോക്കി... റോഡിന്റെ മറുവശത്തായി കൈകൾ കെട്ടി ബൈക്കിലേക്ക് ചാരി നിൽക്കുന്ന അവനെ കണ്ടതും കണ്ണുകൾ വികസിച്ചു... കണ്ണും മിഴിച്ചു നിൽക്കുന്ന അല്ലിയെ കണ്ടിട്ടാണ് ശ്രീ നടന്നു അടുത്തേക്ക് വന്നത്. ഫോൺ എടുത്തു പോക്കറ്റ് ലേക്ക് വച്ചു ഇങ്ങോട്ടേക്കു നടന്നു വരുന്ന ദക്ഷിനെ അതിശയത്തോടെ നോക്കി. ഇന്നലെ കണ്ട ദേഷ്യമോ പരിഭ്രമമോ ഒന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല. ആദ്യത്തെ ദിവസത്തേത് പോലെ ഒരു ചിരി അണിഞ്ഞിട്ടുണ്ട്. ""ഡോക്ടർ എന്താ ഇവിടെ.."". അവനെ നോക്കി വിശ്വാസം വരാതെ അല്ലി ചോദിച്ചു.. അപ്പോഴേക്കും പരിചിതഭാവത്തിൽ ആൾ അകത്തേക്ക് വന്ന് കസേരയിലേക്ക് ഇരുന്ന് കഴിഞ്ഞിരുന്നു. ""എന്താ കാര്യം എന്ന് ചോദിച്ചാൽ രണ്ടു പേരെ ഒന്ന് കാണണം. ഒരാളിന്നലെ പിണങ്ങി ദേഷ്യപ്പെട്ടു പോയി... അടുത്ത ആളാണെങ്കിൽ കാലും മുറിച്ചു...

പിന്നെ ചിലരൊക്കെ ഇന്നലെ രാത്രി മുതൽ വിളിക്കുമ്പോഴൊക്കെ ഫോൺ കട്ട്‌ ചെയ്യുന്നതുകൊണ്ട് നേരിട്ട് വന്ന് അന്വേഷിക്കാം എന്ന് വിചാരിച്ചു..."" അല്ലിയെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി ദക്ഷ് പറഞ്ഞു.. ദേഷ്യം കൊണ്ട് മുഖം വീർപ്പിച്ചു ദക്ഷിനെ പിണക്കത്തോടെ നോക്കുന്ന അല്ലിയെ കണ്ടതും അവൾക്ക് ചിരി വന്നിരിന്നു. ""വേദനയൊക്കെ മാറിയോ... ഞാനിന്നലെ പെട്ടെന്ന് മുറിവൊക്കെ കണ്ടപ്പോൾ.... ഒന്നും പറയാൻ പറ്റിയില്ല... അച്ഛനും അമ്മയും എവിടെ.."" എല്ലാം ഒറ്റ ശ്വാസത്തിൽ ചോദിക്കുന്ന അവനെ കാൺകെ ചിരി വന്നിരുന്നു. ""ഏയ്... കുഴപ്പമൊന്നുമില്ല ഡോക്ടർ.. അവിയേട്ടൻ മരുന്ന് വച്ചു തന്നിരുന്നു.. പിന്നെ അച്ഛനും അമ്മയും ജോലിക്ക് പോയി.. ഡോക്ടർ ഇങ്ങോട്ട് വരുമെന്ന് വിചാരിച്ചിരുന്നില്ല.."" അവസാനത്തെ വാചകം മടിച്ചു മടിച്ചാണ് പറഞ്ഞത്. ""ആഹാ... ഈ അല്ലിക്കുട്ടി വിളിക്കുന്നത് കേട്ടിട്ടാണോ ഡോക്ടർ ന്ന് വിളിക്കുന്നെ.."" അവനൊരു പൊട്ടിച്ചിരിയോടെ ചോദിച്ചതും മുഖത്തൊരു ചമ്മൽ പടർന്നിരുന്നു. അല്ലിയെ നോക്കിയപ്പോൾ പുച്ഛ ഭാവത്തിൽ ദക്ഷിനെ നോക്കി ചുണ്ട് കോട്ടി ഇരിപ്പുണ്ട്.. ""ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..."" ""ഹാ.. വേണ്ടെടോ.. ഒന്നാമതെ കാലും മുറിഞ്ഞു ഇരിക്കുന്നു... സൽക്കാരം ഒക്കെ പിന്നെ ഒരിക്കൽ ആകാം... ഇനിയും വരാമല്ലോ.. "" പറയുന്നതിനിടയിൽ അല്ലിയെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി.. അവിടെ മുഖം ഒന്ന് കൂടി വീർക്കുന്നത് കണ്ടു.

പെട്ടന്ന് ഫോൺ ബെല്ലടിക്കാൻ തുടങ്ങിയതും രണ്ടാളെയും ഒന്ന് നോക്കി ചിരിച്ചിട്ട് ശ്രീ മുറിയിലേക്ക് നടന്നു. മരുന്ന് ശാലയിൽ നിന്നും ശ്രീജയാണ്.. ഏതെങ്കിലും കൂട്ടിന്റെ അളവിൽ സംശയം വന്നു കാണണം. ""ചിലരുടെ ഒക്കെ പിണക്കം ഇനി എന്നാണോ എന്തോ മാറുന്നത്."" ശ്രീ പോയ വഴിയേ നോക്കി മുഖം തിരിച്ചിരിക്കുന്ന അല്ലിയോടവൻ ഒരു ചിരിയോടെ പറഞ്ഞു. ""അല്ലി..... എടോ സത്യമായിട്ടും വേണമെന്ന് വിചാരിച്ചു ദേഷ്യപ്പെട്ടതല്ല... ആ പെട്ടി... അതെനിക്ക് അത്രയും വിലപ്പെട്ടതാണ്.. മറ്റാരും അതെടുക്കുന്നതിൽ താല്പര്യം ഉണ്ടായിരുന്നില്ല... ദേഷ്യപ്പെടണം എന്ന് വിചാരിച്ചതല്ല.. പക്ഷേ പെട്ടന്ന്... എന്തോ താനത് എടുക്കാനായി കൈ നീട്ടിയപ്പോൾ മറ്റൊന്നും മനസ്സിലേക്ക് വന്നില്ല... ഐ ആം സോറി... ഇന്നലെ രാത്രി മുതൽ ഇത് പറയാൻ വേണ്ടി തന്നെയൊന്ന് വിളിക്കുവാ.."". അവളെ തന്നെ ഉറ്റ് നോക്കി അവൻ പറഞ്ഞു നിർത്തി. ആദ്യമൊന്ന് ഗൗരവത്തോടെ മുഖം കൂർപ്പിച്ചു ഇരുന്നെങ്കിലും പിന്നീട് മനസ്സിലായത് പോലെ അവളൊന്ന് സൗമ്യമായി പുഞ്ചിരിച്ചു.. ""ഹാവൂ... ഇപ്പോഴാ സമാധാനം ആയത്... ഒന്ന് ചിരിച്ചു കണ്ടല്ലോ..."" നെഞ്ചിൽ കൈ വച്ചു ദക്ഷ് പറയുന്നത് കേട്ടപ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചു പോയി.. രണ്ടാളുടെയും ചിരി കേട്ടിട്ടാണ് ശ്രീ ഹാളിലേക്ക് വന്നത്... അല്ലിയുടെ മുഖത്തെ തെളിച്ചം കണ്ടപ്പോഴേ രണ്ടാളും തമ്മിൽ ഇന്നലത്തെ പ്രശ്നം പറഞ്ഞു തീർത്തു എന്ന് തോന്നി... പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല..

ഡോക്ടറെ കണ്ടപ്പോൾ മുതൽ തന്നെ വല്ലാത്തൊരു ഭയമാണ് ഉള്ളിൽ.. എന്തൊക്കെയോ സംഭവിക്കാൻ പോകും പോലെ.. പക്ഷേ അതിനുള്ള കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല.. എന്തുകൊണ്ടാണ് താൻ ഡോക്ടറെ ഇത്രയും ഭയക്കുന്നത്... മോശമായിട്ടൊരു പെരുമാറ്റവും ഡോക്ടറുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.. വളരെ പതിയെ ചിരിയോട് കൂടി മാത്രമേ സംസാരിക്കാറുള്ളൂ എന്നും.. ""എങ്കിൽ ഞാനിറങ്ങട്ടെടോ... ഇടയ്ക്കൊരു ബ്രേക്ക്‌ എടുത്തു വന്നതാ... നിറയെ ജോലി ഉണ്ട്.. നാളെ മുതൽ കൺസൾട്ടിങ് തുടങ്ങണം...."" യാത്ര പറഞ്ഞിറങ്ങുമ്പോൾ അവന്റെ കണ്ണുകൾ വീണ്ടും ഒരിക്കൽ കൂടി ശ്രീയിലേക്ക് എത്തി.. അവളെന്തോ ആലോചനയിൽ നിന്നും ഉണർന്നത് പോലെ ഞെട്ടി നോക്കുന്നുണ്ട്.. തിരികെ ബൈക്കിന് അടുത്തേക്ക് തിരിഞ്ഞു നടക്കുമ്പോൾ ഗൂഢമായ ഒരു മന്ദസ്മിതം നിറഞ്ഞു നിന്നിരുന്നു അവനിൽ... വാതിൽപ്പടിയിൽ നിന്ന് അവനെ നോക്കുന്ന അല്ലിക്ക് നേരെ ഒരിക്കൽ കൂടി ഒന്ന് നോട്ടമെറിഞ്ഞു.. അവളപ്പോഴും അവനിൽ തന്നെ കണ്ണും നട്ട് നിൽക്കുന്നുണ്ടായിരുന്നു... ഉള്ളിലെ പരിഭവങ്ങളെല്ലാം പറഞ്ഞു തീർത്ത സന്തോഷത്തിൽ... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അയാളുടെ കൈയിലേക്ക് ആരോ വച്ചു കൊടുത്ത ഇരുതല മൂർച്ചയുള്ള വാൾ ആ പെൺകുട്ടിയുടെ നേരെ വീശിയതും അടുത്തതും മാനവേന്ദ്രൻ ഒരു ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു... മുൻപിൽ കണ്ട ദൃശ്യങ്ങളുടെ ഭീകരത അപ്പോഴും മാറിയിട്ടില്ലായിരുന്നു.. സർപ്പങ്ങളുടെ ആ നിലവിളിച്ചുകൊണ്ടുള്ള സീൽക്കാര ശബ്ദം ചുറ്റും നിറയും പോലെ തോന്നിയതും മാനവേന്ദ്രൻ തളർച്ചയോടെ കണ്ണുകൾ അടച്ചു ചുമരിലേക്ക് ചാഞ്ഞിരുന്നു.. മുന്നോട്ടുള്ള ഒരോ നീക്കങ്ങളും കണക്ക് കൂട്ടുകയായിരുന്നു ആളുടെ മനസ്സ്.."" അച്ഛൻ പറയുന്ന വാക്കുകൾ കേട്ടതും ഉള്ളം കാലിലൂടെ ഒരു പെരുപ്പ് ശരീരമാകെ പടരും പോലെ തോന്നി അവിക്ക്... അവിശ്വസനീയതയോടെ അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.. അടുത്തതായി ഇനി പറയുവാൻ പോകുന്നതൊക്കെ കൂടുതൽ ഗൗരവം നിറഞ്ഞതാകും എന്ന് അച്ഛന്റെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു.. ജഗന്നാഥൻ ഒന്ന് ശ്വാസമെടുത്തു ദീർഘമായി... കഴിഞ്ഞു പോയ ഒരോ കാര്യങ്ങളും ഓർമ്മിക്കുന്നു എന്നത് പോലെ അയാളൊരു നിമിഷം കണ്ണുകൾ അടച്ചിരുന്നു.. "" കണ്മുന്നിൽ കണ്ട കാഴ്ചയുടെ ഭീകരത്വം മാനവേന്ദ്രനെ വല്ലാതെ ഉലച്ചിരുന്നു.... കാണാതായ ആ പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ അദ്ദേഹത്തിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.. പക്ഷേ എന്ത് ചെയ്യണമെന്ന് വ്യക്തമായ ഒരു ധാരണ ഉണ്ടായിരുന്നില്ല... മാർത്താണ്ഠന്റെ പ്രവൃത്തികൾ കണ്ടുവെങ്കിലും കൃത്യമായി ആ സ്ഥലം മനസ്സിലായിരുന്നില്ല..

നാഗങ്ങളുടെ സാന്നിധ്യമുള്ള മണ്ണാണെന്നും അവ അവിടെ ബന്ധനസ്ഥരാണ് എന്നും മാത്രം മനസ്സിലായിരുന്നു.... പിന്നീടുള്ള ദിവസങ്ങൾ പൂർണ്ണമായും മാനവേന്ദ്രൻ മാർത്താണ്ഠന് വേണ്ടി മാറ്റി വച്ചിരുന്നു... ഊണും ഉറക്കവും ഇല്ലാതേ അദ്ദേഹം മന്ത്രങ്ങളും പ്രാർത്ഥനകളുമായി കഴിഞ്ഞു... അതേ സമയം തന്നെ ഗ്രാമത്തിൽ നിന്നും വീണ്ടും പെൺകുട്ടികളെ യഥേഷ്ടം കാണാതായിരുന്നു.. ഒടുവിൽ നീണ്ട പന്ത്രണ്ട് ദിവസത്തെ യാഗത്തിന് ശേഷം ഗ്രാമത്തിന് പതിനേഴു കാതം ദൂരെയായിട്ടുള്ള കാവിനോട് ചേർന്നുള്ള പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പൂജാ സ്ഥാനത്താണ് ഈ ബലികൾ നടക്കുന്നത് എന്ന് അദ്ദേഹത്തിന്റെ മുന്നിൽ തെളിഞ്ഞു.. കാവിലെ സർപ്പങ്ങളെ തടസ്സം സൃഷ്ടിക്കാതിരിക്കാനായി മന്ത്രചരടുകൾ മൂലം ബന്ധനസ്ഥരാക്കിയിരുന്നു.. നേരിട്ട് അങ്ങോട്ടേക്ക് ഉടനടി പോകുന്നത് അപകടം മാത്രമേ ക്ഷണിച്ചു വരുത്തൂ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു...മാർത്താണ്ഠന്റെ ലക്ഷ്യം മരുന്ന് കൂട്ടിന്റെ ഗ്രന്ഥങ്ങളും മരുന്നിനായുള്ള ചെടികൾ എവിടെയാണ് സൂക്ഷിക്കുന്നത് എന്ന് അറിയാനുമാണെന്ന് നല്ല നിശ്ചയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.. മാർത്താണ്ഠനെ തടയാനായി താനിവിടെ നിന്ന് പുറപ്പെട്ടാൽ... അതേ അവസരം തന്നെയാകും അയാളും നോക്കിയിരിക്കുന്നത്... ലക്ഷ്യം ഒരല്പമെങ്കിലും പിഴച്ചാൽ മരണമാകും ഉണ്ടാകുക എന്ന് നല്ല ബോധ്യമുണ്ടായിരുന്നു...

മരണത്തെക്കാൾ ഉപരി മരുന്ന് കൂട്ടുകളും ഈ നാടും തന്നെ നശിച്ചു പോകും എന്ന ചിന്ത അദ്ദേഹത്തെ തളർത്തി... അതിനൊരു പ്രതിവിധി എന്നത് പോലെയാണ് ഗരുഡദേവന്റെ ചൈതന്യത്തെ തറവാട്ടിൽ കുടിയിരുത്താനുള്ള പൂജകൾ ആരംഭിക്കുന്നത്... നീണ്ട ഇരുപത്തി ഒന്ന് ദിവസത്തെ പൂജ... ഈ ദിവസങ്ങളിലെല്ലാം തന്നെ മുടങ്ങാതെ അതിരാവിലെ ഗരുഡൻ കാവിലെ ക്ഷേത്രക്കുളത്തിൽ മുങ്ങി കുളിച്ചു ഈറനോടെ ഭഗവാന്റെ അനുഗ്രഹം വാങ്ങിയിരുന്നു.. ഒടുവിൽ ഇരുപത്തി ഒന്നാം നാൾ ഗരുഡ ഭഗവാന്റെ ചൈതന്യത്തെ തറവാടിന് കാവലായ് കുടിയിരുത്തി... അതിന് ശേഷമാണ് മാനവേന്ദ്രൻ മാർത്താണ്ഠനെ അന്വേഷിച്ചു പുറപ്പെടുന്നത്.. അദ്ദേഹം മാർത്താണ്ഠൻ ബലി നൽകുന്ന കാവിലേക്ക് പ്രവേശിച്ചു... പൗർണമി രാത്രിയിൽ ബലി ഉണ്ടാകാറില്ല.. അതുകൊണ്ട് തന്നെ മാർത്താണ്ഠനോ സഹായികളോ കാവിൽ ഉണ്ടായിരുന്നില്ല... അവരുടെ സാന്നിധ്യത്തിൽ കാവിനുള്ളിലേക്ക് പ്രവേശനം സാധ്യമായിരുന്നില്ല... അന്ന് മുഴുവൻ അദ്ദേഹം സർപ്പങ്ങൾക്ക് നഷ്ടപ്പെട്ട ശക്തി തിരികെ നൽകുന്നതിനുള്ള പൂജയിൽ ആയിരുന്നു... പക്ഷേ പൂജയുടെ അവസാന നിമിഷമായപ്പോഴേക്ക് മാർത്താണ്ഠൻ അവിടെ എത്തിയിരുന്നു.. അതിനാൽ പൂർണ്ണമായും സർപ്പങ്ങളെ മോചിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല...മാർത്താണ്ഠന്റെ ബന്ധനത്തിൽ അകപ്പെട്ട് പോയി അദ്ദേഹം... പിറ്റേന്നും ബലി ഉണ്ടായിരുന്നു...

അവസാനത്തെ ബലി.. നൂറ്റി എട്ടാമത്തെ കന്യകയുടെ ബലി.. ചാന്ദ്ര പൗർണ്ണമി ദിവസം ആയില്യം നക്ഷത്രത്തിൽ ജനിച്ച കന്യക തന്നെ വേണം അതിന്... കൂടാതെ മൂന്ന് ഗ്രഹങ്ങളുടെ സംഗമ ദിവസത്തിലും ആകണം അവളുടെ ജനനം... നൂറു വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്... അവളിലൂടെ വേണം ബലി പൂർത്തിയാക്കാൻ.. മാർത്താണ്ഠൻ ആ പെൺകുട്ടിയെ ചുവന്ന പട്ട് ഉടുപ്പിച്ചു ബലി പീഠത്തിലേക്ക് കിടത്തി... ഇതേ സമയമെല്ലാം മുടങ്ങി പോയ മന്ത്രങ്ങൾ ആദ്യം മുതൽ ഇടതടവില്ലാതെ ജപിക്കുകയായിരുന്നു മാനവേന്ദ്രൻ... അവസാന വട്ട ഒരുക്കങ്ങൾക്ക് ശേഷം വാൾ ഉയർത്തുമ്പോളേക്ക് ഒരു നാഗം മാർത്താണ്ഠന്റെ കാലിൽ ചുറ്റി വരിഞ്ഞിരുന്നു... പെട്ടെന്നുണ്ടായ ഞെട്ടലിൽ അയാളുടെ ലക്ഷ്യം തെറ്റി...കഴുത്തിനു പകരം ആ പെൺകുട്ടിയുടെ കൈയിലേക്കാണ് അയാൾ വാൾ വീശിയത്... അതിശക്തമായ വേദനയിൽ അവളാപ്പോഴേക്കും ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റിരുന്നു... കാലിൽ ചുറ്റിയ നാഗത്തെ ചുഴറ്റി എറിയുവാനായി അയാൾ ശ്രമിക്കുംതോറും കൂടുതൽ ശക്തിയോടെ അതയാളെ വരിഞ്ഞു മുറുക്കി... ഒടുവിൽ കൈയിലെ വാൾ അതിന് നേരെ വീശുമ്പോഴേക്കും കാൽ പാദത്തിൽ ആഴത്തിലുള്ള ദംശനം ഏറ്റിരുന്നു... ഒരു നിലവിളിയോടെ മാർത്താണ്ഠൻ നിലത്തേക്ക് ഊർന്നിരുന്നു.."".............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story