അഥർവ്വ: ഭാഗം 15

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

അതിശക്തമായ വേദനയിൽ അവളപ്പോഴേക്കും ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റിരുന്നു... കാലിൽ ചുറ്റിയ നാഗത്തെ ചുഴറ്റി എറിയുവാനായി മാർത്താണ്ഠൻ ശ്രമിക്കുംതോറും കൂടുതൽ ശക്തിയോടെ അതയാളെ വരിഞ്ഞു മുറുക്കി... ഒടുവിൽ കൈയിലെ വാൾ അതിന് നേരെ വീശുമ്പോഴേക്കും കാൽ പാദത്തിൽ ആഴത്തിലുള്ള ദംശനം ഏറ്റിരുന്നു... ഒരു നിലവിളിയോടെ മാർത്താണ്ഠൻ നിലത്തേക്ക് ഊർന്നിരുന്നു.. കാലിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക് പടർന്നു കയറുന്നു.. വേദന സഹിക്കാൻ കഴിയാതെ അയാൾ ബലമായി കാലിൽ അമർത്തിപ്പിടിച്ചു.. ""അആഹ്ഹ്ഹ്ഹ്.... "'അയാളുടെ ഉച്ചത്തിലുള്ള നിലവിളി ആ കാവിലാകെ മുഴങ്ങി കേട്ടു... കൂടെയുള്ള കൂട്ടാളികൾക്കും ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായിരുന്നില്ല.. ഉഗ്ര വിഷമുള്ള നാഗത്തിന്റെ ദംശനമാണ് ഏറ്റിരിക്കുന്നത്...മാർത്താണ്ഠന്റെ കാലിൽ നിന്നും കരിനീല നിറം ദേഹമാകെ വ്യാപിക്കുന്നത് അവർ ഒരുൾക്കിടിലെത്തോടെ നോക്കി നിന്നു.. കൈയിലെ വാൾ വീശിയപ്പോളുണ്ടായ മുറിവുമായി ആ പെൺകുട്ടി വേച്ചു വേച്ചു പതിയെ നീങ്ങിയതൊന്നും അവർ ഗൗനിച്ചിരുന്നില്ല.. ഇനിയെന്ത് എന്നൊരു ചോദ്യം മാത്രമായിരുന്നു അവരിൽ നിറഞ്ഞു നിന്നത്.. നിമിഷങ്ങൾക്കുള്ളിൽ മാർത്താണ്ഠന്റെ ശരീരം പിടയുന്നതും ആ കണ്ണുകൾ മേലോട്ട് തുറിച്ചു വരുന്നതും അവർ ഭയത്തോടെ നോക്കി... മറ്റാരെങ്കിലും വരും മുൻപേ രക്ഷപ്പെടാനുള്ള വ്യഗ്രത അവരിൽ നിറഞ്ഞു..

കൂട്ടാളികളുടെ കൂട്ടത്തിൽ മാർത്താണ്ഠന്റെ അനിയൻ വീരനും ഉണ്ടായിരുന്നു.. നാഗങ്ങൾ ബന്ധനത്തിൽ നിന്നും മുക്തരായി എന്നവനൊരു ഭയത്തോടെ തിരിച്ചറിഞ്ഞു... പിടഞ്ഞു മരിച്ചിട്ടും മാർത്താണ്ഠന്റെ അരികിലായി തന്നെ അപ്പോഴും നിലയുറപ്പിച്ചിരിക്കുന്ന നാഗത്തിന്റെ കണ്ണുകളിൽ പക മാത്രമാണ് നിറഞ്ഞിരിക്കുന്നതെന്ന് തോന്നി അവന്.. അടുത്ത ലക്ഷ്യം താനാകും എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു.... കൂടെയുള്ളവരെ പോലും ഗൗനിക്കാതെ തിരിഞ്ഞോടുകയായിരുന്നു അയാൾ... ഒരോ ചുവട് വയ്ക്കുമ്പോഴും കണ്ണുകൾ ചുറ്റും പാഞ്ഞിരുന്നു.. ഇതേ സമയം തന്റെ മന്ത്ര ജപത്തിലൂടെ നാഗങ്ങളുടെ ബന്ധനം നീക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിൽ ആയിരുന്നു മാനവേന്ദ്രൻ... തനിക്ക് മുൻപിലുള്ള നിലവറയുടെ ഇരുട്ടിലേക്ക് അദ്ദേഹമൊരു പുഞ്ചിരിയോടെ നോക്കിയിരുന്നു... കൈയിലേറ്റ വാൾ കൊണ്ടുള്ള മുറിവ് ആ പെൺകുട്ടിയെ വല്ലാതെ തളർത്തിയിരുന്നു... അധിക ദൂരം മുന്നോട്ട് പോകും മുൻപായി കാവിലെ നാഗത്തറയുടെ അരികിലായി അവൾ കുഴഞ്ഞു വീണിരുന്നു... തന്റെ തറവാടിന്റെ വഴിയിലേക്ക് എത്തിയപ്പോൾ വീരനിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് ഉയർന്നു....മനയ്ക്ക് ചുറ്റുമായി സ്ഥാപിച്ച രക്ഷയുടെ ബലത്തിൽ നാഗങ്ങളുടെ പകയിൽ നിന്നും രക്ഷ നേടാമെന്ന് അവനാശ്വസിച്ചു.. വീടിന്റെ മതിൽക്കെട്ടിന്റെ ഉള്ളിലേക്ക് നടന്നടുക്കുമ്പോൾ കാലിലെന്തോ ഉരഞ്ഞു മുറിഞ്ഞത് പോലെയൊരു നീറ്റൽ തോന്നി...

നിമിഷങ്ങൾക്കുള്ളിൽ കാലിലെന്തോ ആഴ്ന്നിറങ്ങും പോലെയുള്ള വേദനയിൽ നിന്നയിടത്തു നിന്നും ചലിക്കാനാകാതെ നിന്ന് പോയി അയാൾ... ശരീരമാകെ പൂക്കുല പോലെ വിറയ്ക്കാൻ തുടങ്ങിയിരുന്നു... കാലിലെ രണ്ടു മുറിപ്പാടിലേക്ക് കണ്ണെത്തുമ്പോഴേക്ക് അയാൾ നിലത്തേക്ക് മറിഞ്ഞു വീണിരുന്നു കാൽ ചേർത്ത് പിടിച്ചു... വേദന സഹിക്കാൻ കഴിയാതെ മണ്ണിൽ പിടഞ്ഞു തീരുമ്പോൾ അയാളുടെ കണ്ണുകൾ അല്പം മുൻപിലായി പത്തി വിടർത്തി നിൽക്കുന്ന നാഗത്തിൽ തറഞ്ഞിരുന്നു..""" ജഗന്നാഥൻ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.. ""പക്ഷേ... ഇതും ഇപ്പോൾ നടക്കുന്ന കാര്യങ്ങളുമായി എന്താണ് ബന്ധം... മരുന്ന് കൂട്ടും നമ്മുടെ തറവാടുമാണ് ലക്ഷ്യമെങ്കിൽ അവിടെ ശ്രീ എന്തിന്... "" അവിയൊരു സംശയത്തോടെ അച്ഛനേ നോക്കി.. ""പറയാം അവി... നീയൊന്ന് സമാധാനിക്ക്.."" ജഗന്നാഥൻ ഒരു ചെറിയ ചിരിയോടെ പറഞ്ഞു.. ""വീരന്റെയും മാർത്താണ്ഠന്റെയും ഭാര്യമാരും മക്കളും മാത്രമായിരുന്നു അന്ന് ആ കുടുംബത്തിൽ അവശേഷിച്ചത്... സത്യങ്ങൾ അറിഞ്ഞപ്പോൾ ഗ്രാമം ഒന്നാകെ അവർക്കെതിരെ തിരിഞ്ഞിരുന്നു...മാർത്താണ്ഠന്റെ കൂട്ടാളികളെ ഒന്നാകെ അന്നത്തെ മഹാരാജ തിരുമനസ്സ് കൊന്നൊടുക്കി... സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും ആയതിനാൽ ഇരുവരുടെയും ഭാര്യമാരെയും മക്കളെയും നാട് കടത്തിയതേ ഉള്ളു... രണ്ടു ദിവസങ്ങൾക്കു ശേഷമാണ് മാർത്താണ്ഠൻ നിലവറയിൽ ബന്ധിച്ച മാനവേന്ദ്രൻ അതായത് എന്റെ മുത്തച്ഛനെ രക്ഷിക്കുന്നത്..""

ഇനിയും കഥകൾ ബാക്കിയാണെന്ന് തോന്നി അവിക്ക്... സർപ്പ ശാപത്തിന്റെയും ഗരുഡൻ നൽകിയ സംരക്ഷണത്തിന്റെയും കഥകൾ മുത്തശ്ശിയിൽ നിന്നും എത്രയോ കേട്ടിരുന്നു.. ""അന്ന് മാർത്താണ്ഠനിൽ നിന്നും രക്ഷപ്പെട്ട ആ പെൺകുട്ടിയുടെ മരണം നാഗത്തറയിൽ വച്ചായിരുന്നല്ലോ.. എന്നും പരിപാവനമായി ശുദ്ധിയോടെ സൂക്ഷിക്കുന്ന സ്ഥാനം... ആദ്യമായി അവിടെ രക്തം പടർന്നു.. മാർത്താണ്ഠന്റെ ബന്ധനത്തിൽ നിന്നും മുക്തരായിരുന്നുവല്ലോ അപ്പോഴേക്കും നാഗങ്ങൾ... നാഗത്തറയിൽ രക്തം പടർന്നതോടെ നാഗങ്ങൾ ഉഗ്ര കോപത്തിലായി.. സർപ്പ ശാപം നാടിനെ ഒട്ടാകെ ബാധിച്ചു.. ബന്ധനത്തിൽ നിന്നും മുക്തരാക്കിയ നന്ദി എന്നത് പോലെ നമ്മുടെ തറവാട്ടിൽ ഉള്ളവരെ മാത്രം നാഗങ്ങൾ ഉപദ്രവിച്ചില്ല.. പക്ഷേ നാട്ടിൽ ദുർമരണങ്ങളും സർപ്പ ദംശനമേറ്റുള്ള മരണങ്ങളും വല്ലാതേ കൂടിയിരുന്നു.. രാത്രി കാലങ്ങളിൽ പാമ്പ് കടിയേറ്റ് മരിക്കുന്നവർ ആയിരുന്നു കൂടുതൽ.. അവരെ വൈദ്യം ചെയ്യാനായി തറവാട്ടിൽ എത്തിക്കുമ്പോളേക്കും മരണപ്പെട്ടിട്ടുണ്ടാകും.. ആളുകൾ രാത്രിയിൽ പുറത്തിറങ്ങാൻ ഭയപ്പെട്ടു... ഒറ്റയ്ക്കു ആരും വീടിന്റെ പുറത്തിറങ്ങാനോ വീടിന്റെ ഉള്ളിൽ ഇരിക്കാനോ പോലും ഭയപ്പെട്ടു.. പലപ്പോഴും ആളുകൾ ഇവിടെ അഭയം തേടി... മുത്തച്ഛൻ ഗരുഡ മന്ത്രം ചൊല്ലി ജപിച്ചു കൊടുക്കുന്ന രക്ഷ എപ്പോഴും കൈയിൽ ധരിച്ചു.. ഒടുവിൽ വീണ്ടും ഒരിക്കൽ കൂടി തറവാടിന്റെ മുറ്റത്തു മന്ത്രക്കളം ഒരുങ്ങി.... നാൽപത്തി ഒന്ന് ദിവസം നീണ്ടു നിന്ന പൂജ...

ആ ദിവസങ്ങളിൽ അത്രയും തറവാട്ടിലെ ഒരോ അംഗവും ഒരിക്കലെടുത്തു... വ്രതവും മന്ത്രങ്ങളുമായി ദിവസങ്ങൾ പിന്നിട്ടു... ഒടുവിൽ നാല്പത്തി ഒന്നാമത്തെ ദിവസം സർപ്പങ്ങൾക്കായി ബലി പൂജയും പ്രായശ്ചിത്ത കർമ്മങ്ങളും ചെയ്തു.. പിന്നീട് ഇതുവരെ ഈ മണ്ണിൽ ഒരനിഷ്ടം ഉണ്ടായിട്ടില്ല... സർപ്പങ്ങളെ പ്രീതിപ്പെടുത്തിയ ശേഷം ഗരുഡ ഭഗവാനേ കുടിയിരുത്തുകയായിരുന്നു ഇവിടെ... പകരമായി എല്ലാ ആയില്യം നാളിലും ഗ്രാമത്തിന് പുറത്തുള്ള ആ കാവിൽ പ്രത്യേക പൂജകൾ ഉണ്ടാകും... പക്ഷേ ഇപ്പോൾ വീണ്ടും സർപ്പങ്ങളുടെ സാന്നിധ്യം ഈ മണ്ണിൽ ഉണ്ടായിട്ടുണ്ട് എങ്കിൽ അതിന് ഒരു അർത്ഥമെ ഉള്ളു..മാർത്താണ്ഠന്റെ തലമുറയിൽ പെട്ടവർ ആരോ ഈ മണ്ണിലേക്ക് മടങ്ങി എത്തിയിരിക്കുന്നു... പക്ഷേ ഇപ്പോളവന് മന്ത്രങ്ങളുടെ പരിരക്ഷ ഉണ്ട്.. അതില്ലാതാകുമ്പോൾ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് നാഗങ്ങൾ... പക്ഷേ അതിന് മുൻപായി അവന്റെ കൈകളിൽ ആ ഗ്രന്ഥങ്ങൾ എത്തിയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല...."" ""അപ്പോൾ ദക്ഷ്..""..പകുതിക്ക് വച്ചു നിർത്തി അവി.. ""ഉറപ്പിച്ചു പറയാൻ കഴിയില്ല... എങ്കിലും സൂക്ഷിച്ചോളൂ.. പ്രത്യേകിച്ച് ശ്രീ മോളെ..."" അവിയുടെ ഉള്ളൊന്ന് കാളി .. താൻ ഊഹിച്ചതൊക്കെ സത്യം ആകുമോ എന്നൊരു ഭയം അവനിൽ നിറഞ്ഞു.. ""അപ്പോൾ.... ശ്രീ..."" ""ഹ്മ്മ്... """ജഗന്നാഥൻ ഒന്ന് മൂളിക്കൊണ്ട് കണ്ണുകൾ അടച്ചു... ""ശ്രീയാണ് നൂറു വർഷങ്ങൾക്ക് ശേഷം അതേ പ്രത്യേകതയോടെ ജനിച്ച പെൺകുട്ടി...""" ചലനമേതും ഇല്ലാതെ ഉറ്റ് നോക്കിയിരിക്കുന്ന അവിയെ ഒന്ന് നോക്കി ജഗന്നാഥൻ ബാക്കി തുടർന്നു.. ""നിനക്ക് മാത്രമേ അവളെ സംരക്ഷിക്കാൻ കഴിയൂ അവി.... നിനക്ക് മാത്രം..."" ""ആ കാരണത്തിലാണ് കുട്ടിക്കാലം മുതൽ എന്നും അവളോടും അല്ലിയോടുമൊപ്പം നിന്നെയും നിർബന്ധിച്ചു പറഞ്ഞയക്കുന്നത്....

അല്ലിയെ ദൂരേക്ക് വിട്ട് പഠിപ്പിച്ചപ്പോഴും മാർക്ക് ഉണ്ടായിട്ടും ശ്രീ മോളെ വിടാതെ ഇരുന്നതും അതാണ്...അവളുടെ വീട്ടിൽ സാമ്പത്തികം ഇല്ലെങ്കിലും ഞാൻ പഠിപ്പിച്ചേനെ.. പക്ഷേ അതവൾക്ക് ദോഷം മാത്രമേ ചെയ്യൂ.. മറ്റെവിടെയും ജോലിക്ക് വിടാതെ മരുന്ന് ശാലയിൽ തന്നെ നിർത്തിയതും നീ കൂടെ ഉണ്ടാകാനാണ്.. നിന്റെ സംരക്ഷണം അവൾക്ക് കൂടിയേ തീരൂ.. നിന്റെ ഈ കൈകളിലാണ് അവളുടെ ആയുസ്സ്... നിന്റെ കൈയിലുള്ള ഗരുഡ ദേവന്റെ മുദ്ര നിനക്കും അവൾക്കും സംരക്ഷണം നൽകും.. പക്ഷേ നിന്റെ ഭാഗത്ത്‌ നിന്നും ദേവന് അപ്രീതിയുണ്ടാക്കുന്ന എന്തെങ്കിലും സംഭവിക്കുകയോ നീ സ്വയം ആ ചൈതന്യം ഇല്ലാതാക്കുകയോ ചെയ്താൽ ആ നിമിഷം നിനക്ക് കിട്ടിയ ജന്മ സിദ്ധമായിട്ടുള്ള എല്ലാ കഴിവുകളും നിന്നിൽ നിന്നും നഷ്ടമാകും..."" ജഗന്നാഥൻ പറഞ്ഞു അവസാനിപ്പിക്കുമ്പോൾ അച്ഛന്റെ ഒരോ വാക്കുകളിൽ കൂടിയും സഞ്ചരിക്കുകയായിരുന്നു അവിയുടെ മനസ്സ്..ശ്രീയുടെ രക്തം പടർന്ന ആ രൂപം വീണ്ടും ഓർമ്മയിൽ തെളിഞ്ഞതും നട്ടെല്ലിൽ കൂടി ഒരു തരിപ്പ് കടന്നു പോകും പോലെ തോന്നി അവന്... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""എന്റെ അല്ലിപ്പെണ്ണേ മതി... ഡോക്ടർ ഇപ്പോൾ വീട്ടിൽ എത്തിയിട്ടുണ്ടാകും..."" ദക്ഷ് പോയ വഴിയേ തന്നെ ഇപ്പോഴും നോക്കി നിൽക്കുന്ന അല്ലിയെ നോക്കി മൂക്കിന്റെ തുമ്പത്തു വിരൽ വച്ചു ശ്രീ പറഞ്ഞു.. പകരമായി അല്ലി അവളെയൊന്ന് പരിഭവത്തോടെ നോക്കി ചുണ്ട് കൂർപ്പിച്ചു... അവളിൽ നിന്നും മുഖം വെട്ടിച്ചു പരിഭവം കാണിക്കുമ്പോഴും കവിളുകളിൽ നാണത്തിന്റെ ചുവപ്പ് പടർന്നിരുന്നു... മിഴികൾ വീണ്ടും ഒരിക്കൽ കൂടി ദക്ഷ് പോയ വഴിയേ ചലിച്ചു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story