അഥർവ്വ: ഭാഗം 16

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""എന്റെ അല്ലിപ്പെണ്ണേ മതി... ഡോക്ടർ ഇപ്പോൾ വീട്ടിൽ എത്തിയിട്ടുണ്ടാകും..."" ദക്ഷ് പോയ വഴിയേ തന്നെ ഇപ്പോഴും നോക്കി നിൽക്കുന്ന അല്ലിയെ നോക്കി മൂക്കിന്റെ തുമ്പത്തു വിരൽ വച്ചു ശ്രീ പറഞ്ഞു.. പകരമായി അല്ലി അവളെയൊന്ന് പരിഭവത്തോടെ നോക്കി ചുണ്ട് കൂർപ്പിച്ചു... അവളിൽ നിന്നും മുഖം വെട്ടിച്ചു പരിഭവം കാണിക്കുമ്പോഴും കവിളുകളിൽ നാണത്തിന്റെ ചുവപ്പ് പടർന്നിരുന്നു... മിഴികൾ വീണ്ടും ഒരിക്കൽ കൂടി ദക്ഷ് പോയ വഴിയേ ചലിച്ചു.. വീണ്ടും തിരിഞ്ഞു ശ്രീയെ നോക്കുമ്പോഴും അതേ കുസൃതി നിറഞ്ഞ ചിരിയോടെ നോക്കി ഇരിക്കുന്നുണ്ട്.. കളിയാക്കും എന്ന് ഉറപ്പുണ്ടായിരുന്നതിനാൽ വെറുതെ മുഖത്ത് ഗൗരവം വരുത്തി അവൾക്ക് അരികിലേക്ക് ചെന്നിരുന്നു.. ""എന്താണ് എന്റെ അല്ലിക്കുട്ടി... ഒരു പ്രേമത്തിന്റെ മണം വരുന്നുണ്ടല്ലോ..."" വല്ലാത്തൊരു ചിരിയോടെ പറഞ്ഞിട്ട് ശ്രീ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.. എത്രയൊക്കെ ഗൗരവത്തോടെ മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടും അറിയാതെ ചിരിച്ചു പോയിരുന്നു.. ""പ്രേ.... പ്രേമമോ... ആർക്ക്... നിനക്കെന്താ ശ്രീ... "" അവളിൽ നിന്നും മുഖമൊളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.. ""ദേ... വെറുതെ ഉരുണ്ട് കളിക്കുവൊന്നും വേണ്ട... ഓർമ്മ വച്ച നാൾ മുതൽ കാണുന്നതല്ലേ നിന്നെ...

നീ നോക്കുന്ന നോട്ടത്തിലെ വ്യത്യാസം പോലും ഈ ശ്രീക്ക് മനസ്സിലാകും.. പിന്നെയല്ലേ ഇത്രയും വലുത്."". ശ്രീ ഇത്തിരി ഗൗരവത്തോടെ പറഞ്ഞതും അല്ലി ചമ്മിയ ഒരു ചിരി ചിരിച്ചു.. ""അങ്ങനെ ഇഷ്ടം ഒന്നും ഇല്ലെന്റെ പെണ്ണെ.. പക്ഷെ... എന്തോ ഒരു... അറിയില്ല എങ്ങനെയാ പറയണ്ടേ ന്ന്.... ഇത്രയും കുറച്ചു നാളിലെ പരിചയം പ്രണയമാകുമോ എന്നും അറിയില്ല... ഡോക്ടറെ കാണുമ്പോൾ ഒക്കെ വല്ലാത്തൊരു വെപ്രാളം പോലെയാ.... ചിലപ്പോൾ ഒന്നും സംസാരിക്കാൻ കൂടി പറ്റില്ല.. പക്ഷെ ആള് നല്ല ഫ്രീ ആയിട്ടാ പെരുമാറുന്നെ.. അത് കാണുമ്പോൾ എന്റെ പൊട്ട ബുദ്ധിക്ക് ഒരു കൊട്ട് കൊടുത്തു ഞാനും പഴയത് പോലെ ആകും..."" ചെറിയൊരു ചമ്മലോടെ മുഖം കുനിച്ചിരുന്നു അല്ലി പറഞ്ഞു.. പൊട്ടിച്ചിരിച്ചു പോയിരുന്നു ശ്രീ.. അല്ലി പിണക്കത്തോടെ നോക്കുന്നത് കണ്ടപ്പോൾ ചുണ്ട് കൂട്ടി ചിരി അടക്കിപിടിച്ചു... ചുണ്ടിന് മുകളിലേക്ക് വിരൽ വച്ചു അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അച്ഛൻ പറഞ്ഞതൊക്കെ ആലോചിച്ചു കുളത്തിന്റെ പടവിൽ ഇരിക്കുകയായിരുന്നു അവി. കഴിഞ്ഞു പോയ ഭൂതകാലത്തിന്റെ ഏടുകൾ ഓരോന്നായി ഇന്ന് മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നു.. ഉള്ളം കൈയിലെ ഗരുഡന്റെ ചിഹ്നത്തിലേക്ക് അവനൊന്നു നോക്കി. തലയാകെ ഒരു പെരുപ്പ് നിറയും പോലെ.

അച്ഛൻ പറഞ്ഞതിൽ തന്നെയായിരുന്നു മനസ്സ്. ശ്രീയുടെ മുഖം ഉള്ളിൽ തെളിഞ്ഞതും അവനൊരു അസ്വസ്ഥതയോടെ കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു. മനസ്സാകെ ഒരു പേടി നിറയും പോലെ.. അച്ഛൻ പറഞ്ഞതുപോലെ തന്റെ കൈയിലെ തെറ്റ് മൂലം എന്തെങ്കിലും സംഭവിക്കുമോ എന്നൊരു ആധി ഉള്ളിൽ നിറയുന്നു. അടുത്തായി ആരോ വന്നിരിക്കും പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറക്കുന്നത്. അല്ലിയാണ്.... ചിരിച്ചോണ്ട് നോക്കി ഇരിക്കുന്നുണ്ട്.. ""ആരെയാ സ്വപ്നം കാണുന്നെ... ശ്രീയെ ആണോ... "" ഒരു കണ്ണിറുക്കി ഒന്ന് ചൂഴ്ന്ന് നോക്കിക്കൊണ്ട് അവൾ പറഞ്ഞതും അവിയൊരു പതർച്ചയോടെ മുഖം തിരിച്ചു.. ""ഒന്ന് പോകുന്നുണ്ടോ അല്ലി... മനുഷ്യനിവിടെ ഇത്തിരി നേരം സമാധാനത്തോടെ ഇരുന്നോട്ടെ."". കണ്ണുരുട്ടി പറഞ്ഞതും പിണക്കത്തോടെ കൂർത്ത ഒരു നോട്ടവും നൽകി അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.. ""നിക്ക്... സന്ധ്യ ആയി... ഒറ്റയ്ക്ക് പോകണ്ട വഴിയാകെ കാട് പിടിച്ചു കിടക്കുവാ... "" ചുറ്റും ഒന്ന് നോക്കിയപ്പോൾ ഇരുട്ട് വീണു തുടങ്ങി എന്ന് കണ്ടതും അവി അവളോടൊപ്പം എഴുന്നേറ്റു.. മുൻപായിരുന്നു എങ്കിൽ അങ്ങനെയൊരു ഭയം ഉണ്ടായിരുന്നില്ല.. എന്നാലിപ്പോൾ ഒരു നിമിഷത്തെ ചെറിയൊരു പിഴവിന് പോലും പകരം നൽകേണ്ടി വരിക പലരുടെയും ജീവനാകും. ചെറുതായി ഇരുട്ട് വീണു തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അവിയോട് ചേർന്നാണ് അല്ലിയുടെ നടപ്പ്.. ""ആ... ഞാൻ പറയാൻ മറന്ന് പോയി..

ഇന്ന് ഡോക്ടർ വന്നിട്ടുണ്ടായിരുന്നു ഏട്ടാ ശ്രീടെ വീട്ടിൽ..."" അല്ലി പറഞ്ഞതുകേട്ട് ഒരു നിമിഷം തറഞ്ഞു നിന്ന് പോയി ശിവ. അച്ഛൻ പറഞ്ഞ വാക്കുകളാണ് മനസ്സിലേക്ക് വന്നത്. ശ്രീയുടെ അരികിലേക്ക് ദക്ഷ് യാത്ര തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് അവനെ വല്ലാതെ അസ്വസ്ഥനാക്കി. ""എന്നിട്ട് ..... എന്നിട്ട് നീ ഇപ്പോഴാണോ ഇത് പറയുന്നത്..."" അവിയുടെ ശബ്ദം ഉയർന്നു.. പെട്ടെന്നായതിനാൽ അല്ലിയോന്ന് ഞെട്ടി. അവി ദേഷ്യപ്പെടും എന്ന് വിചാരിച്ചിരുന്നില്ല.. പേടിയോടെ തന്നെ നോക്കുന്ന അല്ലിയെ കണ്ടപ്പോളാണ് ശബ്ദം ഉയർന്നു എന്ന് അവിക്ക് മനസ്സിലായത്. അവൻ കണ്ണുകൾ രണ്ടും അടച്ചു ഒരു നിമിഷം ശ്വാസം നീട്ടി എടുത്തു.. ""എന്തിനാ വന്നത് ദക്ഷ്...."" ഇത്തവണ ചോദിക്കുമ്പോൾ ദേഷ്യം ഉണ്ടായിരുന്നില്ല എങ്കിലും പതിവിലും കൂടുതൽ ഗൗരവം നിറഞ്ഞു നിന്നിരുന്നു സ്വരത്തിൽ.. ""അ... അത് കഴിഞ്ഞ ദിവസം അവിടെ പോയപ്പോ ഡോക്ടർ ദേഷ്യപ്പെട്ടില്ലേ അ... അതിന് സോറി പറയാൻ വന്നതാ... പിന്നെ.... ശ്രീടെ മുറിവിന്റെ കാര്യം തിരക്കാനും."" അവിയുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അല്ലി മടിച്ചു മടിച്ചു പറഞ്ഞു. ""ഹ്മ്മ്... അവിയൊന്ന് ഇരുത്തി മൂളി.. ഇനി എന്നോട് പറയാതെ രണ്ടു പേരും കൂടി എങ്ങോട്ടും പോകരുത് കേട്ടല്ലോ.... അതിനി ആര് വിളിച്ചിട്ട് ആണെങ്കിലും ശെരി..."" അവസാനത്തെ വാചകം കുറച്ചധികം ബലം കൊടുത്തു ഊന്നി പറഞ്ഞു അവി.. കാരണം ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഇപ്പോഴത്തെ അവിയുടെ മുഖം കണ്ടപ്പോൾ ചോദിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് തോന്നി അവൾക്ക്. അതുകൊണ്ട് മറുത്തൊന്നും പറയാതെ വെറുതെ തലയാട്ടി..

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കണ്ണുകൾ അടച്ചു കസേരയിലേക്ക് ചാഞ്ഞു കിടക്കുകയായിരുന്നു ദക്ഷ്.. ഇപ്പോൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ അടയാളം എന്നത് പോലെ നെറ്റിയുടെ ഇരു വശങ്ങളിലും ഞരമ്പുകൾ തെളിഞ്ഞു നിന്നിരുന്നു.. വെറുതെ കൈവിരലുകൾ കൊണ്ടവൻ നെറ്റി പതിയെ ഉഴിഞ്ഞു കൊടുത്തു.. ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടപ്പോളാണ് കണ്ണുകൾ തുറക്കുന്നത്. ഡിസ്പ്ലേയിൽ തെളിഞ്ഞു കണ്ട പേരിൽ നോക്കി ഒരു നിമിഷം ഇരുന്ന് പോയി. പിന്നെയൊരു നെടുവീർപ്പോടെ ഫോൺ എടുത്തു ചെവിയിലേക്ക് ചേർത്തു. ""മുത്തച്ഛ...."" ""രാവിലെ മുതൽ വിളിക്കുന്നുണ്ടല്ലോ... എന്താ ഫോൺ എടുക്കാൻ ഒരു മടി..."" മറുവശത്തു നിന്നും ഗാംഭീര്യം നിറഞ്ഞ ഒരു സ്വരം കേട്ടു.. ""അ.. അത്.. രോഗികളുടെ തിരക്കുണ്ടായിരുന്നു മുത്തച്ഛ... ഇന്ന് ആദ്യത്തെ ദിവസമല്ലേ.. അതിന്റെ ഒരു തിരക്ക്.."" ""ഹ്മ്മ്മ്..."" മറുവശത്തു നിന്നും അമർത്തിയൊരു മൂളൽ കേട്ടു. ""നിന്നെ എന്തിനാണ് അങ്ങോട്ട് പറഞ്ഞു വിട്ടത് എന്ന് മറന്നു എന്നുണ്ടോ..."" ""ഇല്ല മുത്തച്ഛ ഓർമ്മയുണ്ട്... ഞാൻ മനയിൽ പോയിരുന്നു... പെട്ടി എടുത്തിട്ടുണ്ട്..."" ""നന്നായി... ""മുൻപുണ്ടായിരുന്ന ഗൗരവം മാറി സ്വരത്തിൽ ആഹ്ലാദം നിറഞ്ഞു ഇത്തവണ എന്ന് തോന്നി അവന്... ""എന്നിട്ട് അവളെ നീ കണ്ടോ.... കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞത് പോലെ തന്നെയല്ലേ.."" ""അത്... മുത്തച്ഛ..."" ദക്ഷ് മടിച്ചു മടിച്ചു വിളിച്ചു... ""എന്താ മനം മാറ്റം തോന്നുന്നുണ്ടോ....

ഒരു ന്യായീകരണവും ഒന്നും എനിക്ക് കേൾക്കണ്ട ദക്ഷ്... ഇന്നേക്ക് പതിമൂന്നാം നാൾ കാവിലെ ബലി പീഠത്തിൽ അവൾ ഉണ്ടായിരിക്കണം എനിക്ക് മുൻപിൽ... അതിൽ യാതൊരു വിട്ടു വീഴ്ചയും ഇല്ല...."" ഉറച്ച സ്വരത്തിൽ ആയിരുന്നു മറുപടി. അവൻ വെറുതെ മൂളിക്കേട്ടു.... അപ്പോഴേക്കും കാൾ കട്ടായിരുന്നു.. മറ്റൊരു സുഖാന്വേഷണവും ഉണ്ടായില്ല.... അവനൊരു വിഷാദം കലർന്ന ചിരിയോടെ കുറച്ചു നേരം ഫോണിലേക്ക് നോക്കി ഇരുന്നു. പിന്നെ എഴുന്നേറ്റു ജനലിന് അടുത്തേക്ക് നടന്നു.. ഇരുട്ട് പരന്നു തുടങ്ങിയിരുന്നു... പുറത്തു മറ്റ് ബഹളങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. അല്ലെങ്കിലും ഇവിടെയെങ്ങനെ പ്രത്യേകിച്ച് ബഹളങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്നവൻ ഓർത്തു.. പക്ഷികൾക്കും ജീവികൾക്കും പോലും ഈ മണ്ണിനോട് ഒരു വിമുഖതയാണ്... വീണ്ടും ഫോൺ ബെല്ലടിക്കുന്നത് കേട്ടപ്പോൾ ഒന്ന് നോക്കി അല്ലിയാണ്... എടുക്കാൻ ഒരു മടി തോന്നി... കട്ട്‌ ചെയ്തു വിട്ടു... വീണ്ടും രണ്ടു മൂന്ന് പ്രാവശ്യം കൂടി അവൾ വിളിച്ചിരുന്നു.. അപ്പോഴും ഫോൺ എടുത്തില്ല.. മനസ്സ് വല്ലാതെ ആസ്വസ്ഥം ആകും പോലെ. അമ്മേടെ നമ്പർ എടുത്തു ഡയൽ ചെയ്തു.. ""ദച്ചൂട്ടാ..."" ആർദ്രമായ സ്വരം എത്തിയതും ഒരു നിമിഷം കണ്ണുകൾ അടച്ചിരുന്നു... ഉള്ളിലെ വിഷമമൊക്കെ അറിയാതെ ഒഴിഞ്ഞു പോകും പോലെ.. ഹോസ്പിറ്റലിലെ വിശേഷങ്ങളും നാട്ടിലെ കാര്യങ്ങളുമൊക്കെ ഓരോന്നായി അമ്മയോട് പറഞ്ഞു..

മറുപടിയായി കേൾക്കുന്ന ചിരികളും കൊഞ്ചലോടെയുള്ള ശകാരവുമൊക്കെ ഉള്ള് നിറയ്ക്കും പോലെ.. ഫോൺ വെക്കുമ്പോഴേക്ക് അതുവരെ ഉണ്ടായിരുന്ന സംഘർഷങ്ങൾ എല്ലാം തന്നെ മനസ്സിൽ നിന്നും ഒഴിഞ്ഞു പോയിരുന്നു.. വീണ്ടും കുറച്ചു സമയം കൂടി പുറത്തെ നിലാവിന്റെ ഭംഗി ആസ്വദിച്ചു നിന്നു... രാത്രിക്ക് ഒരു പ്രത്യേക ഭംഗിയാണ്... ചുറ്റുമുള്ള ഒരോ കാഴ്ചക്കും പ്രത്യേക സൗരഭ്യം പടർത്തുന്ന രാത്രി.... ഒരോ നിമിഷത്തിനും ദൈർഖ്യം തോന്നുന്ന രാത്രി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ചുറ്റിലും ഇരുൾ മൂടിയിരിക്കുന്നു... അസ്തമന സൂര്യന്റെ നേരിയ പ്രകാശം പോലും ഉള്ളിലേക്ക് കടക്കാതെ ചുറ്റും മരങ്ങൾ നിറഞ്ഞിരിക്കുന്നു.. അവിടവിടെയായി കത്തിച്ചു വച്ചിരിക്കുന്ന തീപ്പന്തങ്ങളുടെ പ്രകാശം മാത്രം ആ കാവിൽ നിറഞ്ഞു നിന്നു... നരച്ച ജട പിടിച്ച മുടിയോട് കൂടിയ ഒരാൾ കൈയിലെ തെച്ചി പൂക്കൾ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു... കണ്ണുകൾ അടച്ചു ചൊല്ലുന്ന മന്ത്രത്തോടൊപ്പം അയാളുടെ കൈയും ശരീരവും ഒരുപോലെ വിറയ്ക്കുന്നുണ്ട്... ചുവന്ന പട്ടിന്റെ മുണ്ടുടുത്തു അയാൾക്കരികിലായി ഒരു ചെറുപ്പക്കാരൻ ശിരസ്സ് കുനിച്ചു നിൽപ്പുണ്ട്.... ദക്ഷ്.... ഈ കുങ്കുമം അവളുടെ നെറ്റിയിൽ അണിയിക്ക്... അയാൾ ആജ്ഞാപിച്ചു... ദക്ഷ് ആദ്യം ഒന്ന് മടിച്ചുവെങ്കിലും പതിയെ കുങ്കുമം എടുത്തു അവൾക്ക് അരികിലേക്ക് നടന്നു.. ബലിപീഠത്തിന്റെ മുകളിലായി ചുവന്ന പട്ടുടുത്തു ബോധമറ്റ് കിടക്കുന്ന ശ്രീയെ കണ്ടതും അവിയൊരു അലർച്ചയോടെ കണ്ണുകൾ വലിച്ചു തുറന്നു... """ശ്രീ....."""".......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story