അഥർവ്വ: ഭാഗം 17

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""ദക്ഷ്.... ഈ കുങ്കുമം അവളുടെ നെറ്റിയിൽ അണിയിക്ക്..."" അയാൾ ആജ്ഞാപിച്ചു... ദക്ഷ് ആദ്യം ഒന്ന് മടിച്ചുവെങ്കിലും പതിയെ കുങ്കുമം എടുത്തു അവൾക്ക് അരികിലേക്ക് നടന്നു.. ബലിപീഠത്തിന്റെ മുകളിലായി ചുവന്ന പട്ടുടുത്തു ബോധമറ്റ് കിടക്കുന്ന ശ്രീയെ കണ്ടതും അവിയൊരു അലർച്ചയോടെ കണ്ണുകൾ വലിച്ചു തുറന്നു... """ശ്രീ....."""" കണ്ടതൊക്കെ സ്വപ്നമാണെന്ന് ഉറപ്പിക്കാൻ ഒരു നിമിഷം വേണ്ടി വന്നു.. അവനൊന്നു നെഞ്ചിൽ കൈ വച്ചു ശ്വാസം നീട്ടി എടുത്തു.. ഈ ദിവസങ്ങളിൽ കണ്ട സ്വപ്നങ്ങളൊക്കെ ഒരേ സ്ഥലത്ത് വച്ചു തന്നെയാണ്.. ഇനി അച്ഛൻ പറഞ്ഞ കാവാകുമോ അത്... അവൻ അസ്വസ്ഥതയോടെ കണ്ണുകൾ പൂട്ടി... ഇനി നടക്കാൻ പോകുന്നതൊക്കെ സ്വപ്നത്തിൽ കൂടി കാട്ടി തന്നതാണോ എന്നൊരു ഭയം ഉള്ളിൽ നിറഞ്ഞു.. എത്രയും വേഗം കുറച്ചു കാര്യങ്ങൾ എങ്കിലും ശ്രീയെ അറിയിക്കണം എന്ന് തോന്നി... അല്ലാതെ പറഞ്ഞാൽ അവൾ അനുസരിക്കാനുള്ള സാധ്യത കുറവാണ്.. മുഖമൊന്നു അമർത്തി തുടച്ച ശേഷം അവൻ കട്ടിലിന്റെ പടിയിലേക്ക് ചാരി ഇരുന്നു... ഇന്നിനി ഉറക്കം വരുമെന്ന് തോന്നുന്നില്ല.. അത്രത്തോളം ആ സ്വപ്നം മനസ്സിനെ തളർത്തിയിരുന്നു. കണ്ണുകൾ അടച്ചു ചാരി ഇരിക്കുമ്പോൾ ഇനി മുന്നോട്ടുള്ള ഒരോ നീക്കവും കണക്ക് കൂട്ടുകയായിരുന്നു മനസ്സ്.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""ഹോ... എന്റെ കൃഷ്ണാ... ഇന്നെങ്കിലും ഒന്ന് നേരത്തെ ഇറങ്ങണം എന്ന് വിചാരിച്ചാൽ നടക്കില്ലല്ലോ.."". കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി വേഗം ചീകി കെട്ടുന്നതിനിടയിൽ ശ്രീ പിറുപിറുത്തു.. രണ്ടു ദിവസത്തിന് ശേഷം ഇന്നാണ് ജോലിക്ക് പോയി തുടങ്ങുന്നത്...

കാലിലെ മുറിവ് ഏകദേശം ഉണങ്ങി തുടങ്ങിയിരുന്നു..ഇപ്പോൾ മുറിവിൽ തട്ടാതെയുള്ള അമ്മയുടെ ചെരുപ്പ് ഇടാം.. വേഗത്തിൽ മുടിയും കെട്ടി ഒരു പൊട്ട് കൂടി വച്ചു.. കണ്ണെഴുതാൻ നിന്നാൽ വീണ്ടും സമയം പോകും... സാരി നേരെയാണോ എന്നൊന്ന് പിടിച്ചു നോക്കി എന്തൊക്കെയോ ഇത്തിരി കഴിച്ചു എന്ന് വരുത്തി വേഗം പുറത്തേക്ക് നടന്നു.. അച്ഛനും അമ്മയും കൂടി ഒരു കല്യാണത്തിന് പോയിരിക്കുകയാണ്.. അല്ലായിരുന്നു എങ്കിൽ ഇതുപോലെ ഒരുങ്ങാതെയും കഴിക്കാതെയും പോകാൻ സമ്മതിക്കില്ല... വാതിൽ പൂട്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് സ്കൂട്ടിയും കൊണ്ട് മുറ്റത്തു നിൽക്കുന്ന അല്ലിയെ കാണുന്നത്... പെണ്ണിന്റ നോട്ടം അപ്പോഴും ഫോണിലാണ്.. ഇടയ്ക്കിടെ പരിഭവത്തോടെയും മറ്റ് ചിലപ്പോൾ ദേഷ്യത്തോടെയും ഫോണിലേക്ക് നോക്കുന്നത് കാണാം.. ""ആഹാ ഇതാരാ വന്നേക്കുന്നെ...ഇതെന്താ നീ വന്നേ.. ഞാനും അങ്ങോട്ടല്ലേ വരുന്നേ..."" അടുത്തേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു.. ചെരുപ്പ് ഇട്ടു നടക്കുമ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ട്.. മുൻപത്തെ പോലെ വേഗം നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. ശ്രീ വരുന്നത് കണ്ടപ്പോൾ അല്ലി ഫോൺ ജീൻസ് ന്റെ പോക്കറ്റ് ലേക്ക് വച്ചിട്ട് അവളെ നോക്കി ചിരിച്ചു.. ""നിന്നെ കൂട്ടിക്കൊണ്ട് വന്നോണം എന്ന് രാവിലെ ഒരാളുടെ ഓർഡർ ആയിരുന്നു... മനുഷ്യനെ മര്യാദക്ക് ഉറങ്ങാൻ കൂടി സമ്മതിച്ചില്ല..."" അവൾ ചുണ്ട് കൂട്ടി പരിഭവം പോലെ പറഞ്ഞു.. ഒരു നിമിഷം അന്തിച്ചു നിന്ന് പോയി ശ്രീ... അവിയേട്ടൻ തന്നെ വിളിക്കാനായി ആളെ പറഞ്ഞു വിട്ടെന്നോ... അല്ലെങ്കിലും ഇപ്പോൾ കുറച്ചു ദിവസമായി വല്ലാത്ത ശ്രദ്ധയാണ്... ഇതിന് മുൻപ് ഇങ്ങനെയൊരു ആള് മുന്നിൽ ഉണ്ടെന്ന് പോലും അറിയാത്ത ഭാവത്തിൽ നടന്ന മനുഷ്യനാണ്...

ഇപ്പോൾ എങ്ങോട്ട് തിരിഞ്ഞാലും കൂടെ കാണാം.. അവൾക്ക് മൊത്തത്തിൽ ഒരു ആസ്വഭാവികത തോന്നി... ""ഇനി ഞാനറിയാതെ ഇതിന്റെ ഇടയ്ക്ക് വല്ലതും നടക്കുന്നുണ്ടോ എന്ന എന്റെ സംശയം... ഒന്ന് പഠിക്കാൻ പോയിട്ട് വന്നപ്പോഴേക്കും കീരിയും പാമ്പും കൂടി ഒന്നിച്ചിരുന്നു ഊണ് കഴിക്കുന്ന അവസ്ഥ ആയി.. "" ഹെൽമെറ്റ്‌ എടുത്തു വയ്ക്കുന്നതിനിടെ ശ്രീയെ ഒളിക്കണ്ണിട്ട് നോക്കി അല്ലി പറഞ്ഞു.. ശ്രീക്ക് വല്ലാത്ത ചമ്മൽ തോന്നി... അവളെ നോക്കി ജാള്യതയോടെ ഒന്ന് ചിരിച്ചിട്ട് വേഗം തന്നെ വണ്ടിയിലേക്ക് കയറി. യാത്രയിൽ ഉടനീളം അവിയുടെ മാറ്റത്തിന്റെ കാരണം കണ്ടെത്താനായി ശ്രമിക്കുകയായിരുന്നു മനസ്സ്..അല്ലി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ഒന്നും തന്നെ കേട്ടിരുന്നില്ല... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മരുന്ന് ശാലയിലേക്ക് ചെന്നപ്പോൾ തന്നെ ആദ്യം കണ്ടത് വാതിലിന്റെ വശത്തായി ചാരി നിൽക്കുന്ന അവിയെയാണ്... സാധാരണയിൽ നിന്നും വ്യത്യസ്തമായി ഇങ്ങോട്ടേക്കു തന്നെ നോക്കി നിൽക്കുന്നു... അവൾക്കെന്തോ വല്ലാത്ത പരവേശം തോന്നി... ""എത്ര നേരമായി അല്ലി പോയിട്ട്..."" ഗൗരവത്തോടെ അല്ലിയോട് ചോദിക്കുന്നത് കേട്ടു... ശ്രീ വേഗം വാച്ചിലേക്ക് നോക്കി... ഇനിയും ഉണ്ട് അഞ്ചു മിനിറ്റ് കൂടി... പിന്നെ എന്താണാവോ പ്രശ്നം... വാച്ചിൽ നിന്നും കണ്ണുയർത്തിയപ്പോൾ ഗൗരവത്തോടെ അവളെ നോക്കുന്ന അവിയെ കണ്ടു... വേഗം തന്നെ തല താഴ്ത്തി അകത്തേക്ക് നടന്നു.. വേഗം തന്നെ യൂണിഫോം കോട്ടും ഇട്ടു മുടിയും കവർ ചെയ്തു വന്നു....

മൂന്നാല് ദിവസം കൂടി വരുന്നതിന്റെ ഒരു ചടപ്പ് ഉണ്ടായിരുന്നു... ഈ നാല് ദിവസവും കാണാഞ്ഞതുകൊണ്ട് ഓരോരുത്തരായി വിശേഷം ചോദിക്കാൻ വന്നെങ്കിലും അവിയൊന്ന് ശബ്ദം ഉയർത്തിയതും എല്ലാരും പെട്ടെന്ന് സ്വന്തം ജോലി തന്നെ ചെയ്യാൻ തുടങ്ങി.. ഇടയ്ക്കെപ്പോഴോ ഒന്ന് മുഖമുയർത്തി നോക്കിയപ്പോഴാണ് അവളെ തന്നെ നോക്കി ഇരിക്കുന്ന അവിയെ കാണുന്നത്... താൻ കണ്ടെന്നു മനസ്സിലായിട്ടും അവിടെ യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല... ഇങ്ങോട്ടേക്കു തന്നെ നോക്കി ഇരിക്കുന്നു... തനിക്ക് പിന്നിലായി മറ്റാരെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല... അവൾക്ക് വല്ലാത്തൊരു വെപ്രാളം തോന്നി... ആദ്യമായിട്ടാണ് ഇങ്ങനെ... നെറ്റിത്തടത്തിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുള്ളികൾ ഒന്നമർത്തി തുടച്ചു വീണ്ടും ജോലിയിലേക്ക് തന്നെ കടന്നു.. കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.... കുറച്ചു നിമിഷം കഴിഞ്ഞു വീണ്ടും മുഖമുയർത്തി നോക്കിയപ്പോഴും ആള് ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നു... വെപ്രാളത്തോടെ തല താഴ്ത്തി.. അടുത്തിരുന്നു മരുന്ന് കൂട്ട് മാറ്റി വെയ്ക്കുന്ന അല്ലിയെ പതുക്കെ തോണ്ടി.. ""അല്ലി..... ""പതുക്കെ വിളിച്ചു.. ""ഹ്മ്മ്..."" അവിയെ പേടിച്ചു മുഖം നോക്കാതെയാണ് അല്ലി വിളി കേട്ടത്.. ""എന്റെ മുഖത്ത് എന്തെങ്കിലും കുഴപ്പമുണ്ടോ.."". അല്ലി പെട്ടെന്ന് നെറ്റി ചുളിച്ചു അവളെ നോക്കി... ഇല്ലെന്ന ഭാവത്തിൽ തലയാട്ടി... ""അവിയേട്ടൻ കുറേ നേരമായി ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നു..."" ശ്രീ ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു.. അത് കേട്ടപ്പോഴാണ് അല്ലി തിരിഞ്ഞു അവിയെ നോക്കുന്നത്... ശ്രീയെ തന്നെ നോക്കി എന്തോ ആലോചനയിൽ എന്നത് പോലെ ഇരിക്കുന്ന അവിയെ കണ്ടതും അവൾക്ക് ചിരി പൊട്ടി.. പെട്ടെന്നൊരു കുസൃതി തോന്നി നിലത്തു കിടന്ന മരുന്നിന്റെ വേരൊക്കെ കൊണ്ട് വരുന്ന ചെറിയ ചാക്ക് എടുത്തു...

അത് പെട്ടെന്ന് കുടഞ്ഞതും പൊടി മൂക്കിലേക്ക് കയറി ശ്രീ ശക്തിയായി തുമ്മാൻ തുടങ്ങി... ""ഹാച്ചീ...."" നിർത്താതെ തുമ്മുന്ന ശ്രീയുടെ ശബ്ദം കേട്ടിട്ടാണ് അവി ഞെട്ടി നോക്കുന്നത്.. പെട്ടെന്ന് എന്താ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും കുസൃതി നിറഞ്ഞ ചിരിയോടെ നോക്കുന്ന അല്ലിയെ കണ്ടപ്പോൾ അവളുടെ പണിയാണ് എന്ന് മനസ്സിലായി... അവളെ ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് അവിടെ നിന്നും എഴുന്നേറ്റു ക്യാബിനിലേക്ക് നടന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കാർ റോഡിന്റെ ഓരത്തായി നിർത്തിയ ശേഷം ദക്ഷ് പുറത്തേക്ക് ഇറങ്ങി... ഈ അടുത്ത് എപ്പോഴോ ടാർ ഇട്ട റോഡാണ്... മുത്തച്ഛൻ പറഞ്ഞത് അനുസരിച്ചു ഇതിന്റെ അടുത്ത് എവിടേയോ ആയിട്ടാണ് മുത്തച്ഛൻ പറഞ്ഞ കാവ്.. കാലത്തിന്റെ മാറ്റങ്ങൾ കാണാനുണ്ട്... മുത്തച്ഛൻ പറഞ്ഞതുപോലെ ഒറ്റപ്പെട്ട പ്രദേശമല്ല ഇന്ന്.. അത്യാവശ്യം ആളുകൾ ഒക്കെ താമസിക്കുന്ന സ്ഥലമാണെന്ന് തോന്നുന്നു... അവിടവിടെയായി കുറച്ചു വീടുകൾ ഒക്കെ കാണാം.. കാവ് എവിടെയാണ് എന്ന് ആരോടും ചോദിക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു.... കവലയോട് ചേർന്നുള്ള ആലിന്റെ അടുത്ത് നിന്നും നാനൂറു മീറ്റർ വടക്കോട്ട് മാറി ഒരു ചെറിയ ക്ഷേത്രമുണ്ട്... അവിടെ നിന്നും മുന്നൂറ്‌ മീറ്റർ കൂടി ഉള്ളിലേക്ക് നടന്നലാണ് കാവ് എന്നാണ് മുത്തച്ഛൻ പറഞ്ഞത്.. ദക്ഷ് ചുറ്റിനും ക്ഷേത്രം എവിടെയാണ് എന്ന് നോക്കി... കുറച്ചു ദൂരെയായി നിറയെ മണികൾ കെട്ടിതൂക്കിയ ഒരാൽമരം കാണാം.. അതിനോട് ചേർന്ന് തന്നെയാകണം ക്ഷേത്രം.. അവൻ കാർ ലോക്ക് ആക്കി ആലിന്റെ അടുത്തേക്ക് നടന്നു.. കുറച്ചു ഉള്ളിലേക്ക് മാറി ചെറിയൊരു ക്ഷേത്രം കണ്ടു... പ്രദക്ഷിണ വഴിയോ നാലമ്പലമോ ഉണ്ടായിരുന്നില്ല.... വൈകുന്നേരത്തെ ദീപാരാധനക്ക് ഇനിയും സമയം ബാക്കിയായതുകൊണ്ടാകാം ആരും ഉണ്ടായിരുന്നില്ല അവിടെ...

ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഒരു വഴി കണ്ടു.. അധികമാരും ഉപയോഗിക്കാത്തതിനാൽ ഇരു വശങ്ങളിലും കാട് വളർന്നു നിൽപ്പുണ്ട്... എങ്കിലും കഷ്ടിച്ച് നടക്കാം.. അവൻ അവിടെ നിലത്തു കിടന്ന അത്യാവശ്യം വലിപ്പമുള്ള ഒരു തടികഷ്ണം എടുത്തു കൈയിലേക്ക് പിടിച്ചു... മുന്നോട്ട് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നറിയില്ല... ഒരോ ചുവടും വയ്ക്കുമ്പോൾ ആകാംഷയോടൊപ്പം ഉള്ളിലെ ഭയവും അധീകരിച്ചിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വൈകുന്നേരം വരെ അവിയേട്ടൻ പിന്നെ മുന്നിലേക്ക് വന്നിരുന്നില്ല... എങ്കിലും എങ്ങോട്ട് തിരിഞ്ഞാലും ആളുടെ സാന്നിധ്യം കൂടെയുള്ളത് പോലെ തോന്നിയിട്ടുണ്ട്... വയ്യാത്തത് കൊണ്ടാകാം ഒത്തിരി ജോലിയൊന്നും തന്നിരുന്നില്ല... അതുകൊണ്ട് ഇന്ന് എളുപ്പത്തിൽ ജോലി തീർന്നു.. യൂണിഫോം മാറ്റി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് പിന്നിൽ നിന്നും ആ ശബ്ദം കേട്ടത്.. ""ശ്രീനിത... പോകാൻ വരട്ടെ.... തറവാട്ടിലേക്ക് വാ നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. അല്ലി നീ പൊയ്ക്കോ... ഇവൾ എന്റെ കൂടെ വന്നോളും..""" പതിവിലും അധികം ഗൗരവം നിറഞ്ഞു നിന്നിരുന്നു ആ സ്വരത്തിൽ.. ആദ്യം അല്ലിയോന്ന് മടിച്ചു നിന്നെങ്കിലും അവിയുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ പിന്നെയൊന്നും എതിര് പറയാൻ നിന്നില്ല... ശ്രീ അവളെ ദയനീയമായി നോക്കിയെങ്കിലും അല്ലി അവളെ നോക്കിയൊന്ന് ചിരിച്ചു കാണിച്ചിട്ട് വേഗം പുറത്തേക്ക് നടന്നു.. ""വാ... ഞാനെല്ലാം ക്ലോസ് ചെയ്യും വരെ ക്യാബിനിലേക്ക് ഇരിക്ക്... ""അവി അതും പറഞ്ഞു തിരിഞ്ഞെങ്കിലും ശ്രീ അവിടെ തന്നെ നിൽക്കുകയായിരുന്നു... ""ശ്രീനിത..... ""ഒരലർച്ചയോടെ വിളിച്ചതും അവളൊന്ന് ഞെട്ടി വേഗത്തിൽ അവന്റെ അടുത്തേക്ക് നടന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story