അഥർവ്വ: ഭാഗം 18

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

ശ്രീ അവളെ ദയനീയമായി നോക്കിയെങ്കിലും അല്ലി അവളെ നോക്കിയൊന്ന് ചിരിച്ചു കാണിച്ചിട്ട് വേഗം പുറത്തേക്ക് നടന്നു.. ""വാ... ഞാനെല്ലാം ക്ലോസ് ചെയ്യും വരെ ക്യാബിനിലേക്ക് ഇരിക്ക്... "" അവി അതും പറഞ്ഞു തിരിഞ്ഞെങ്കിലും ശ്രീ അവിടെ തന്നെ നിൽക്കുകയായിരുന്നു... ""ശ്രീനിത..... ""ഒരലർച്ചയോടെ വിളിച്ചതും അവളൊന്ന് ഞെട്ടി വേഗത്തിൽ അവന്റെ അടുത്തേക്ക് നടന്നു.. നേരെ ക്യാബിനിലേക്കായിരുന്നു അവി പോയത്.... ഡോർ തുറന്നു ശ്രീയോട് അകത്തേക്ക് കയറാനായി കണ്ണ് കാണിച്ചു.. ""ഞാനിപ്പോൾ വരാം.. ഒരു പത്തു മിനിറ്റ്.. അതുവരെ ഇവിടേക്ക് ഇരിക്ക്.."" മുഖത്തെ ഗൗരവം കണ്ടപ്പോൾ മറുത്തു പറയണം എന്ന് തോന്നിയെങ്കിലും അത് വേണ്ടെന്ന് വച്ചു.. വെറുതെ ഒന്ന് മൂളി അകത്തേക്ക് നടന്നു.. സീറ്റ്‌ലേക്ക് ഇരിക്കും മുൻപേ വാതിലടച്ചു അവിയേട്ടൻ പോയി കഴിഞ്ഞിരുന്നു.. ഉള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞു.. ഇതിന് മുൻപ് ഒരിക്കലും ഇതുപോലെ സംസാരിക്കണം എന്ന് പറഞ്ഞു വിളിച്ചിട്ടില്ല.... എന്താകും പറയാനുണ്ടാകുക എന്നൊരാധി ഉള്ളിൽ നിറഞ്ഞു. അല്ലെങ്കിലും അന്ന് ഡോക്ടറുടെ വീട്ടിൽ പോയതിന് ശേഷം വല്ലാത്തൊരു മാറ്റമാണ് അവിയേട്ടന്.. കാല് മുറിഞ്ഞപ്പോൾ അവി ചേർത്ത് പിടിച്ചതും മരുന്ന് വച്ചു തന്നതും ഒക്കെ ഓർക്കേ അവളിൽ ഒരു ചിരി വിടർന്നു.. ആദ്യമായിട്ടാണ് അങ്ങനെയൊരു ഭാവം.. അറിയാതെ തന്നെ കവിളുകളിൽ ഇപ്പോഴും ആ ഓർമ്മകളുടെ ചുവപ്പ് പടരുന്നുണ്ട് എന്ന് തോന്നി.

ആലോചനകളിൽ മുഴുകി ഇരുന്നപ്പോഴാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. അകത്തേക്ക് വരുന്ന അവിയേട്ടനെ കണ്ടതും വേഗം എഴുന്നേറ്റു നിന്നു.. ആ മുഖത്തു വല്ലാത്ത ഗൗരവവും പരിഭ്രമവും നിറഞ്ഞിരുന്നു.. ""വാ... നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്... അത്ര മാത്രം പറഞ്ഞു അവി വീണ്ടും പുറത്തേക്ക് ഇറങ്ങി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ദക്ഷ് അവിടെ നിലത്തു കിടന്ന അത്യാവശ്യം വലിപ്പമുള്ള ഒരു തടികഷ്ണം എടുത്തു കൈയിലേക്ക് പിടിച്ചു... മുന്നോട്ട് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നറിയില്ല... ഒരോ ചുവടും വയ്ക്കുമ്പോൾ ആകാംഷയോടൊപ്പം ഉള്ളിലെ ഭയവും അധികരിച്ചിരുന്നു.. അധികമാരും സഞ്ചാരിച്ചിട്ടില്ലാത്ത വഴിയായിരുന്നു. മുട്ടോളം ഉയരമുള്ള ചെടികൾ വഴിയിലേക്ക് വളർന്നു നിൽക്കുന്നതുകൊണ്ട് നടക്കാൻ ഇത്തിരി പ്രയാസപ്പെട്ടു.. ചിലതൊക്കെ മുള്ള് നിറഞ്ഞതാണെന്ന് തോന്നുന്നു.. പാന്റ് ഇട്ടിട്ടും കാലിന് നീറ്റൽ തോന്നുന്നുണ്ടായിരുന്നു.. കൈയിലെ വടിയെടുത്തു കാട് അടിച്ചു തെളിച്ചു നടന്നാലോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷെ ഇവിടേക്ക് വന്നത് മറ്റാരും അറിയാൻ പാടില്ല എന്ന മുത്തച്ഛന്റെ ഉപദേശം ഓർത്തപ്പോൾ അതിനുള്ള ശ്രമം ഉപേക്ഷിച്ചു.. കുറച്ചധികം സമയമെടുത്തിരുന്നു അകത്തേക്ക് ചെല്ലാനായി... മുന്നോട്ട് പോകുംതോറും വഴിയുടെ വീതി കുറഞ്ഞു കുറഞ്ഞു വന്നു... ഇത്തിരി കൂടി മുന്നോട്ട് നടന്നതും മുൻപുണ്ടായിരുന്ന പടിക്കെട്ടുകളുടെ അടയാളം എന്നത് പോലെ മണ്ണിൽ പതിഞ്ഞ പാറക്കല്ലുകൾ കണ്ടു.. ശ്രദ്ധയോടെ ഓരോന്നിലും ചവിട്ടി ഇറങ്ങി... കൊടും വനം പോലെ തോന്നി... മറ്റൊരു ജീവിയെയും കാണാൻ കഴിഞ്ഞില്ല... നിശബ്ദത വല്ലാതെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു.

കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്നപ്പോൾ വലിയ വള്ളിചെടികളും മരങ്ങളും ഇടതൂർന്നു വളർന്നു കിടക്കുന്നത് പോലെ തോന്നി... പതിയെ അടുത്തേക്ക് നടന്നപ്പോൾ കണ്ടു നാഗത്തറ പോലെ കരിങ്കല്ലിൽ കൊത്തിയ പ്രതിഷ്ഠ.. ""ഇത് തന്നെയായിരിക്കണം മുത്തച്ഛൻ പറഞ്ഞ കാവ്... അന്ന് ഇവിടെയാണ് എല്ലാത്തിന്റെയും ആരംഭവും അവസാനവും കുറിച്ചത്..."" സമയം സന്ധ്യ ആകുന്നതിനു ഇനിയും മണിക്കൂറുകൾ ബാക്കിയാണെങ്കിലും കാവിനുള്ളിൽ ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. രാത്രി ആകും മുൻപേ കാവിൽ നിന്നും പുറത്ത് എത്തിയിരിക്കണം എന്ന് മുത്തച്ഛൻ കർശനമായി പറഞ്ഞു വിട്ടതാണ്.. നാഗത്തറയുടെ മുൻപിലുള്ള ഇരിപ്പിടത്തിന്റെ ആകൃതിയിൽ അല്പം ഉരുണ്ടിരിക്കുന്ന പാറക്കല്ലിലേക്ക് നോട്ടം ചെന്നു... അമ്മ പറഞ്ഞു തന്ന കഥകളാണ് ഓർമ്മയിൽ തെളിഞ്ഞത്.. മാർത്താണ്ഠൻ എന്ന വല്യ മുത്തച്ഛന്റെ വാളിന്റെ മുനയിൽ നിന്നും രക്ഷപെട്ടോടി ഒടുവിൽ ഈ തറയിൽ തളർന്നു വീണു മരിച്ച ഒരു കൊച്ചു പെൺകുട്ടിയുടെ കഥ... അവളോട് വല്ലാത്തൊരു മനസ്സലിവ് തോന്നിയിരുന്നു.. മുത്തച്ഛനോട് ദേഷ്യവും.. അന്ന് ആ കുട്ടിക്ക് പറ്റിയതോർത്തു അമ്മയുടെ മടിയിൽ കിടന്നു സങ്കടം പറഞ്ഞ അതേ താനാണ് ഇന്ന് അതുപോലൊരു പെൺകുട്ടിയുടെ ജീവന് വേണ്ടി..... അവന് സ്വയം വല്ലാത്തൊരു അവജ്ഞ തോന്നി... തിരികെ നടക്കാനായി പല തവണ കാലുകൾ ചലിച്ചെങ്കിലും മുത്തച്ഛന്റെ മുഖം ഉള്ളിൽ തെളിഞ്ഞപ്പോൾ അതിനുള്ള ധൈര്യം വന്നിരുന്നില്ല.. രണ്ടു ദിവസം ആയിട്ട് പറയുന്നു ഇവിടെ വന്നു കാവിനോട് ചേർന്നുള്ള മഹാഗണിയുടെ പൊത്തിൽ സൂക്ഷിച്ചിരിക്കുന്ന വാൾ എടുക്കണമെന്ന്...

ഇന്നലെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല അതുകൊണ്ട് തന്നെ... ഇന്നും കൂടി അതിന് കഴിയുമായിരുന്നില്ല.. ഒന്ന് ദീർഘനിശ്വാസം എടുത്തു... മുത്തച്ഛൻ പറഞ്ഞ മഹാഗണി തിരഞ്ഞു... അധികമൊന്നും നോക്കേണ്ടി വന്നില്ല... കാലപ്പഴക്കം കാരണം ഏത് നിമിഷവും കട പുഴകി വീഴാവുന്ന നിലയിൽ തല ഉയർത്തി നിൽക്കുന്ന വൃക്ഷത്തെ കണ്ടു.. പൊത്തിലാകെ കരിയിലകളും മറ്റും നിറഞ്ഞു ഏകദേശം അടഞ്ഞിരുന്നു... അതൊക്കെ നീക്കി മാറ്റാൻ ഭയമായിരുന്നു... ഉള്ളിൽ എവിടെയെങ്കിലും ഒരു സർപ്പം പതുങ്ങി ഇരിപ്പുണ്ടാകുമോ എന്നുള്ള ഭയം.. പിന്നെയോർത്തപ്പോൾ അങ്ങനെ സംഭവിച്ചാൽ വീണ്ടും ഒരു പെൺകുട്ടിയുടെ ജീവൻ കൂടി നഷ്ടമാകില്ലല്ലോ എന്ന് തോന്നി.. കണ്ണുകൾ അടച്ചു പിടിച്ചു ധൈര്യം സംഭരിച്ചു.. കൈ നീട്ടി പതുക്കെ ഇലകളും മണ്ണും കമ്പുകളും ഓരോന്നായി പുറത്തേക്ക് വകഞ്ഞു മാറ്റി... വിരലുകൾ വേദനിക്കുന്നുണ്ടായിരുന്നു.. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ കൈയിൽ എന്തോ തടയും പോലെ തോന്നി... എന്താകും എന്ന് ഉറപ്പില്ലാത്തതിനാൽ മടിച്ചു മടിച്ചാണ് പുറത്തേക്ക് വലിച്ചെടുത്തത്... തുരുമ്പെടുത്തു ദ്രവിച്ചു തുടങ്ങിയ വാളിലേക്ക് വെറുതെ നോക്കി... ഇപ്പോഴും അതിൽ നിന്നും രക്തം ഒഴുകുന്നുണ്ട് എന്ന് തോന്നി... ഒന്നും അറിയാത്ത പ്രായത്തിൽ പ്രതികരിക്കാൻ പോലും കഴിയാതെ മരണത്തിലേക്ക് തള്ളി വിടപ്പെട്ട പെൺകുട്ടികളുടെ നിലവിളി ചുറ്റും മുഴങ്ങും പോലെ... അവനൊന്നു തല കുടഞ്ഞു കൊണ്ട് ഒരു കൈ കൊണ്ട് മുഖം അമർത്തി തുടച്ചു.. വാൾ ശക്തി കുറച്ചു നിലത്തേക്ക് ഒന്ന് തട്ടി അതിലെ മണ്ണ് കളഞ്ഞു.. അപ്പോഴേക്കും ഇരുട്ട് നന്നായി വീണു തുടങ്ങിയിരുന്നു...

പ്രാണികളുടെയും ചീവീടിന്റെയും ശബ്ദം കാവിനുള്ളിൽ മുഴങ്ങി തുടങ്ങി.. ദക്ഷ് തിടുക്കത്തിൽ എഴുന്നേറ്റു വന്ന വഴിയിൽ കൂടി പുറത്തേക്ക് നടന്നു ഇലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടതും നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരുന്നു. മുത്തച്ഛൻ കെട്ടിത്തന്ന രക്ഷയിലേക്ക് ഒരു നിമിഷം കൈകൾ ചേർത്ത് വച്ചു നിന്നു. പതിയെ ആ ശബ്ദം നേർത്തു വന്നതും ധൈര്യം സംഭരിച്ചു മുന്നോട്ട് നടന്നു.. നന്നായി ഇരുട്ട് വീഴും മുൻപേ കാവിന്റ പുറത്ത് കടന്നിരുന്നു. ദീപാരാധന കഴിഞ്ഞു നട അടച്ചു എന്ന് തോന്നുന്നു വീണ്ടും.. അന്തരീക്ഷത്തിൽ കർപ്പൂരത്തിന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്നു.. ക്ഷേത്രം അടച്ചതിനാൽ ആരും ഉണ്ടായിരുന്നില്ല വഴിയിൽ.. ദക്ഷ് കാറിന്റെ ഡിക്കി തുറന്നു വാൾ അതിലേക്ക് വച്ചു... ചുറ്റും നോക്കിയിട്ടും ആരെയും കാണാത്ത ആശ്വാസത്തിൽ കാർ സ്റ്റാർട്ട്‌ ചെയ്തു എടുത്തു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അവിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു ശ്രീ. സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു വന്നിട്ട് ഒന്നും മിണ്ടാതെ നടക്കുകയാണ്.. ഇത്തിരി കൂടി നടന്നാൽ വൈകുണ്ഠം വീട്ടിലേക്ക് എത്തും.. ""ഒന്നും പറയാൻ ഇല്ലെങ്കിൽ പിന്നെ മനുഷ്യനെ എന്തിനാണാവോ പിടിച്ചു നിർത്തിയത്..."" അവൾ അവൻ കേൾക്കാതെ പതിയെ പിറുപിറുത്തുകൊണ്ട് നടന്നു.. ""ഇവിടെ വച്ചു പറഞ്ഞാൽ ശെരിയാകില്ല.. ഞാൻ കാർ എടുത്തു വരാം. ഒരു മിനിറ്റ് ...."" അവി ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു.. എന്താകും അവൻ പറയാൻ പോകുന്നത് എന്നോരു ആകാംഷ അവളുടെ ഉള്ളിൽ നിറഞ്ഞു. ""എന്റെ കൃഷ്ണ ഇനീ കല്യാണം വല്ലതും ആലോചിക്കാനാണോ..."" ഉള്ളിൽ വല്ലാത്തൊരു വെപ്രാളം നിറയും പോലെ തോന്നി അവൾക്ക്.. അവനോടൊപ്പം കാറിലേക്ക് കയറി ഇരിക്കുമ്പോഴും ഉള്ളിൽ അതേ വെപ്രാളം തന്നെ ആയിരുന്നു...

ഇടയ്ക്ക് മുഖത്തേക്ക് നോക്കിയെങ്കിലും അവിയുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ ഒന്നും ചോദിക്കാനുള്ള ധൈര്യം വന്നില്ല.. മരുന്ന് ചെടികൾ കൃഷി ചെയ്യുന്ന ഇടത്തേക്കാണ് അവി കൊണ്ട് പോയത്... പാരമ്പര്യമായി കിട്ടിയ സ്ഥലമാണ്.. മിക്ക മരുന്നുകളും ഇവിടെയുണ്ട്.. പിന്നെ ബാക്കി ഉള്ളത് നാട്ടിലെ വീടുകളിൽ കൃഷി ചെയ്യും... ഇടയ്ക്ക് ഒന്ന് രണ്ടു തവണ അവിയേട്ടന്റെയും അല്ലിയുടെയും കൂടെ ഇവിടേക്ക് വന്നിട്ടുണ്ട്.. അവൾ സംശയത്തോടെ അവിയുടെ മുഖത്തേക്ക് നോക്കി.. അവിയൊന്ന് ശ്വാസം എടുത്തു.. ""ഞാനിപ്പോൾ നിന്നോട് പറയാൻ പോകുന്ന കാര്യം മറ്റാരും അറിയരുത്... അതുകൊണ്ടാണ് ഇവിടേക്ക് വന്നത്.."". അവളുടെ നോട്ടത്തിനുള്ള മറുപടി എന്ന പോലെ അവി പറഞ്ഞു.. ശ്രീക്കെന്തോ വല്ലാത്ത പേടി തോന്നി... എങ്കിലും അവനെ നോക്കി വെറുതെ ഒന്ന് മൂളി.. ""കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുറ്റും നടക്കുന്നത് പലതും നീ കാണുന്നുണ്ടല്ലോ അല്ലെ.... കാലങ്ങൾക്ക് ശേഷം വീണ്ടും ഈ മണ്ണിലേക്ക് സർപ്പങ്ങൾ മടങ്ങി എത്തിയിരിക്കുന്നു..... നീയും നേരിട്ട് കണ്ടതല്ലേ ആ ദിവസം... ""അവിയൊന്ന് ഉമിനീർ ഇറക്കി പറഞ്ഞു.. നേർത്ത ഒരു മൂളൽ മാത്രമായിരുന്നു ശ്രീയിൽ നിന്നും വന്നത്.. അവി ഇനി എന്താകും പറയാൻ പോകുന്നത് എന്നൊരു ആധി ഉള്ളിൽ നിറഞ്ഞു.. ""വെറുതെ വന്നതല്ല അവർ... പതിറ്റാണ്ടുകളായി കരുതി വച്ചിരിക്കുന്ന പകയാണ്... ""ശ്രീയുടെ നെറ്റി ഒന്ന് ചുളിഞ്ഞു.. അവിയൊന്ന് ശ്വാസം വലിച്ചു വിട്ടു... പിന്നെ പതിയെ പറഞ്ഞു തുടങ്ങി... മുത്തച്ഛൻ പറഞ്ഞു തന്ന മാനവേന്ദ്രന്റെയും മാർത്താണ്ഠന്റെയും ചരിത്രം കേൾക്കെ അവളുടെ കണ്ണുകൾ കൗതുകത്താൽ വിടർന്നു... മാർത്താണ്ഠൻ ബലി കൊടുത്ത പെൺകുട്ടികളുടെ കഥ അവി പറഞ്ഞപ്പോൾ നെഞ്ചിൽ ഭയം വരിഞ്ഞു മുറുക്കും പോലെ തോന്നി അവൾക്ക്...

ആദ്യം മനസ്സിലേക്ക് വന്നത് താൻ സ്ഥിരമായി കാണുന്ന സ്വപ്നമാണ്... അതേ... ഒരു ചുവന്ന പട്ടു ചേലയായിരുന്നു താനാ സ്വപ്നത്തിലൊക്കെ അണിഞ്ഞിരുന്നത്.. """ആ നൂറ്റി എട്ടാമത്തെ പെൺകുട്ടി ഞാനാണല്ലേ അവിയേട്ടാ..."""" അവളുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു.. ഭയത്തോടെ കൃഷ്ണമണികൾ ചുറ്റിനും ചലിച്ചു.. അവിയൊരു ഞെട്ടലോടെ അവളെ നോക്കി.. താൻ പറയും മുൻപ് അവളെങ്ങനെ അറിഞ്ഞു എന്നുള്ള ചോദ്യമായിരുന്നു അവന്റെ ഉള്ള് നിറയെ.. ""അയാള്.... അയാളെന്നെ കൊല്ലും അവിയേട്ടാ.... ഞാൻ.... ഞാൻ കണ്ടിട്ടുണ്ട്.... സ്വ.... സ്വപ്നത്തില്.... അയാളെന്നെ കൊല്ലും...."" നിറഞ്ഞൊഴുക്കുന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ശ്രീ മുഖം പൊത്തി നിന്നു... പേടി കാരണം അവളെ വിറയ്ക്കുന്നുണ്ടായിരുന്നു .. അവി ആദ്യം ഒന്ന് തരിച്ചു നിന്നെങ്കിലും വേഗം തന്നെ അവളുടെ അടുത്തേക്ക് ചെന്ന് തോളിൽ കൈ വച്ചു ചേർത്ത് പിടിച്ചു.. ""ഹേയ്.... ശ്രീനിത..... എന്താ.... എന്ത് സ്വപ്നം കണ്ടു എന്ന...."" അവൻ ചോദിച്ചിട്ടും അവളിൽ നിന്നും മറുപടി ഒന്നും കിട്ടിയിരുന്നില്ല... രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി നിന്നു വിറയ്ക്കുന്ന അവളെ കാൺകെ ആ സ്വപ്നം അവളെ അത്രമേൽ ഭയപ്പെടുത്തുന്നുണ്ട് എന്ന് തോന്നി അവിക്ക്... ""ശ്രീ..... എന്താടാ... കാര്യം പറയ്..."". ആദ്യം ഒന്ന് മടിച്ചെങ്കിലും അവി പതിയെ അവളുടെ കൈ ബലമായി മുഖത്തു നിന്നും മാറ്റി ചോദിച്ചു.. കലങ്ങിയ കണ്ണുകളോടെ അവനെ തന്നെ ഉറ്റ് നോക്കുന്ന അവളോട് വീണ്ടും എന്തെങ്കിലും ചോദിക്കും മുൻപേ ശ്രീ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്ന് ഏങ്ങി കരയാൻ തുടങ്ങിയിരുന്നു.. അവളുടെ മനസ്സിൽ അപ്പോൾ വീണ്ടും ഒരിക്കൽ കൂടി അതേ സ്വപ്നം തെളിയുകയായിരുന്നു... ജീവനുവേണ്ടി താൻ ഓടുന്നതും ഒടുവിൽ തളർന്നു വീഴുന്നതുമായ അതേ സ്വപ്നം.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story