അഥർവ്വ: ഭാഗം 19

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""ശ്രീ..... എന്താടാ... കാര്യം പറയ്..."". ആദ്യം ഒന്ന് മടിച്ചെങ്കിലും അവി പതിയെ അവളുടെ കൈ ബലമായി മുഖത്തു നിന്നും മാറ്റി ചോദിച്ചു. കലങ്ങിയ കണ്ണുകളോടെ അവനെ തന്നെ ഉറ്റ് നോക്കുന്ന അവളോട് വീണ്ടും എന്തെങ്കിലും ചോദിക്കും മുൻപേ ശ്രീ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്ന് ഏങ്ങി കരയാൻ തുടങ്ങിയിരുന്നു.. അവളുടെ മനസ്സിൽ അപ്പോൾ വീണ്ടും ഒരിക്കൽ കൂടി അതേ സ്വപ്നം തെളിയുകയായിരുന്നു... ജീവനുവേണ്ടി താൻ ഓടുന്നതും ഒടുവിൽ തളർന്നു വീഴുന്നതുമായ അതേ സ്വപ്നം.. ശരീരമാകെ വിറയ്ക്കും പോലെ തോന്നി അവൾക്ക്... നാവ് വരണ്ട് പോകും പോലെ... ഇത്രയും നാളും സ്വപ്നം ഭയപ്പെടുത്തിയിരുന്നു എങ്കിലും അതിന് പിന്നിലുള്ള കാരണം ഇത്രത്തോളം ഭീകരമായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ല.. ""ശ്രീ..... ""അവളിൽ നിന്നും മറുപടി ഒന്നും കിട്ടാതെ ഇരുന്നപ്പോൾ അവി ഒരിക്കൽ കൂടി തട്ടി വിളിച്ചു.. വീണ്ടും കരയുന്നതല്ലാതെ പ്രതികരണം ഒന്നും ലഭിച്ചില്ല.... ""ശ്രീ.... കരയാതെ കാര്യം പറയുന്നുണ്ടോ നീ...."" ഇത്തവണ സ്വരം ഇത്തിരി ഉയർന്നിരുന്നു. അവിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോഴാണ് താനിപ്പോഴും അവിയുടെ നെഞ്ചിൽ ചാരി നിൽക്കുവാണെന്ന് അവൾക്ക് മനസ്സിലായത്.. ഒരു ഞെട്ടലോടെ പിടഞ്ഞു മാറി നിന്നു.. അപ്പോഴും ആ പേടി മാറിയിരുന്നില്ല മനസ്സിൽ നിന്നും.. ചുവന്നു കലങ്ങിയ കണ്ണുകൾ രണ്ടും അമർത്തി തുടച്ചു നിലത്തേക്ക് നോക്കി നിൽക്കുന്നവളെ അവി അലിവോടെ നോക്കി..

""എന്താ പറ്റിയത്. ഞാനീ പറഞ്ഞത് കേട്ടതുകൊണ്ട് മാത്രമല്ല ഇപ്പോൾ ഈ കരച്ചിൽ എന്നെനിക്ക് നന്നായി അറിയാം.. കാര്യം പറയ്...."" ഇത്തവണ അവന്റെ സ്വരം ശാന്തമായിരുന്നു... ശ്രീക്ക് പറയാൻ വാക്കുകളൊന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... അവളവനെ ദയനീയമായി നോക്കി..വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു... നാവ് വരണ്ട് പോയത് പോലെ തോന്നുന്നുണ്ടായിരുന്നു.. അവി വേഗം തന്നെ കാറിൽ നിന്നും വെള്ളം എടുത്തു കൊടുത്തു... കിട്ടിയ ഉടൻ തന്നെ ആർത്തിയോടെ മുഴുവൻ വെള്ളവും മൊത്തിക്കുടിക്കുന്ന ശ്രീയെ അവൻ കൗതുകത്തോടെ നോക്കി നിന്നു... അവൾക്ക് കുറച്ചു ആശ്വാസം തോന്നി. ഒരു നിമിഷം കണ്ണുകൾ അടച്ചു നിന്നു.. അവളെ കേൾക്കാനായി കാതോർത്തു നിൽക്കുകയായിരുന്നു അവി.. """ഞാൻ... ഞാനിതൊക്കെ മുൻപ് കണ്ടിട്ടുണ്ട് അവിയേട്ടാ... എന്റെ... എന്റെ സ്വപ്നത്തില്... ചുവന്ന പട്ട് ഉടുത്തിട്ട് എങ്ങോട്ടേക്കൊ ഇരുട്ടില് ഓടുന്ന ഞാൻ.... എന്റെ.... എന്റെ ദേഹം മുഴുവൻ ചോര ആയിരുന്നു... ആരൊക്കെയോ പിന്നാലെ വരുന്നുണ്ട്.. പക്ഷേ... അ... അപ്പോഴേക്കും ഞാൻ വീണു പോയി....""" ഓർത്തെടുത്തു പറയുമ്പോൾ പോലും അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു... രണ്ടു കണ്ണുകളിലും ഭയം മാത്രം തെളിഞ്ഞു നിന്നു.. നട്ടെല്ലിൽ കൂടി ഒരു പെരുപ്പ് ശരീരമാകെ പടർന്നു പിടിക്കും പോലെ തോന്നി അവിക്ക്... കഴിഞ്ഞ ദിവസങ്ങളിൽ തന്റെയും സ്വപ്നത്തിൽ തെളിഞ്ഞ ശ്രീയുടെ രക്തത്തിൽ കുതിർന്ന രൂപം മനസ്സിലേക്ക് വന്നു... ഇനി നടക്കാൻ പോകുന്ന അനർത്ഥങ്ങളുടെ സൂചന ആണോ അതെന്ന് തോന്നി അവന്..

""എനിക്ക്.... പേടിയാ അവിയേട്ടാ.... അയാളെന്നെ കൊല്ലും.... ഞാൻ കണ്ടതാ സ്വപ്നത്തില്... "" അവൾ ഭയത്തോടെ പറഞ്ഞു.. രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. ""ശ്രീ.... ഇങ്ങോട്ട് നോക്ക്..""" അവി അവളെ ബലമായി തനിക്ക് നേരെ തിരിച്ചു നിർത്തി... അപ്പോഴും തല കുനിച്ചു നിൽക്കുകയായിരുന്നു ശ്രീ... ""ഇങ്ങോട്ട് നോക്ക് ശ്രീ..."" അവി രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം പിടിച്ചുയർത്തി... ചുവന്നു കലങ്ങിയ ആ കണ്ണുകൾ അവനുമായി കോർത്തു... അപ്പോഴും അവ രണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ""ഞാനിപ്പോൾ ഇതൊക്കെ പറഞ്ഞത് നിന്നെ പേടിപ്പിക്കാനല്ല.... നീ കുറച്ചു കൂടി ശ്രദ്ധിക്കാൻ വേണ്ടി മാത്രമാണ്... എല്ലാ സ്വപ്നങ്ങളും അതുപോലെ തന്നെ സത്യം ആകണമെന്നില്ല...നിനക്ക് ഒന്നും സംഭവിക്കില്ല... ഞാനല്ലേ പറയുന്നേ... അഥർവ്വ ഈ ഭൂമിയിൽ ജീവനോടെ ഉള്ളിടത്തോളം കാലം ആ ബലി നടക്കില്ല...."" അവി ഉറപ്പോടെ അവളുടെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി പറഞ്ഞു.. വിശ്വാസം വരാതെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ശ്രീ... അവളുടെ കണ്ണുകളിൽ തെളിഞ്ഞ സംശയ ഭാവം കണ്ടതും അവി പതിയെ ഒന്ന് ചിരിച്ചു.. അവളോട് അവന് വല്ലാത്ത വാത്സല്യം തോന്നി... പതിയെ ആ നെറുകയിലേക്ക് ചുണ്ടുകൾ ചേർത്തു.. നെറുകയിൽ ചെറിയൊരു ചൂട് പോലെ തോന്നിയപ്പോഴാണ് ശ്രീ ഒരു ഞെട്ടലോടെ സ്വപ്ന ലോകത്തിൽ നിന്നും ഉണരുന്നത്.. അവൾ വിശ്വാസം വരാതെ കണ്ണുകൾ മിഴിച്ചു നിന്നു... അപ്പോഴും അവളുടെ നെറുകയിൽ ചുണ്ട് ചേർത്ത് നിൽക്കുകയായിരുന്നു അവി.. കണ്ണും മിഴിച്ചു തന്നെത്തന്നെ നോക്കി നിൽക്കുന്ന ശ്രീയെ കണ്ടതും അവൻ ഒരു പിരികം പൊക്കി ഗൗരവത്തിൽ എന്തെന്ന ഭാവത്തിൽ നോക്കി..

ഇപ്പോൾ നടന്നത് സ്വപ്നമാണോ സത്യമാണോ എന്ന സംശയത്തിൽ ആയിരുന്നു ശ്രീ... അവിയേട്ടന് തന്നോട് ദേഷ്യമല്ലേ... അപ്പോൾ എന്തായാലും ഇങ്ങനെ ചെയ്യില്ലല്ലോ... അവൾ സംശയത്തോടെ അവനെ തന്നെ നോക്കി നിന്നെങ്കിലും അവിയിൽ പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും കണ്ടിരുന്നില്ല.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വീടിന്റെ ഷെഡിലേക്ക് കാർ കയറ്റി ഇട്ടു ദക്ഷ് പരിസരമാകെ ഒന്ന് നോക്കി... രാത്രി ആയതിനാൽ ആകണം ആരും ഉണ്ടായിരുന്നില്ല വഴിയിൽ... ഒന്ന് കൂടി നോക്കിയിട്ടും ആരെയും കാണാതെ ഇരുന്നപ്പോൾ ഡിക്കി തുറന്നു വാൾ എടുത്തു.. വീണ്ടും പരിസരമാകെ ഒന്ന് നോക്കി അകത്തേക്ക് നടന്നു... നന്നായി തുരുമ്പ് എടുത്തത് കാരണം പെട്ടിയിൽ അങ്ങനെ തന്നെ വയ്ക്കേണ്ട എന്ന് തോന്നി... പത്രത്തിന്റെ താളുകൾ കീറി എടുത്തു ഭദ്രമായി പൊതിഞ്ഞു... പെട്ടി തുറന്നു പട്ടിന്റെ മുകളിലായി വച്ചു... ആ പട്ടിന്റെ ചുവപ്പ് രക്തത്തിന്റ ചുവപ്പാണെന്ന് തോന്നി അവന്.... പിടഞ്ഞു മരിച്ച പെൺകുട്ടികളുടെ ചോരയുടെ ചുവപ്പ്... തലയിലാകെ ഒരു വണ്ട് മൂളും പോലെ... അവനൊരു അസ്വസ്ഥതയോടെ പെട്ടി ശക്തിയായി അടച്ചു... തളർച്ചയോടെ കസേരയിലേക്ക് ചാരി കണ്ണുകൾ അടച്ചിരുന്നു.. തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ തലയ്ക്കു കൈ കൊടുത്തിരുന്നു ദക്ഷ്... ഇങ്ങനെ ഒന്നും ആയിരുന്നില്ല താൻ.. മുത്തച്ഛനെ പോലെ തന്നെ പക തന്നെയായിരുന്നു തന്റെ ഉള്ളിലും...

ചെറുപ്പം മുതൽ കേട്ട് വളർന്ന കഥകളൊക്കെ തന്നെ ഉള്ളിലെ പകയെ ആളിക്കത്തിക്കാൻ പോന്നതായിരുന്നു... മഹാരാജാവ് നാട് കടത്തിയപ്പോൾ കൈകുഞ്ഞുമായി നാട് വിട്ട് പോകേണ്ടി വന്ന വല്യ മുത്തശ്ശിയുടെ കഥ അറിഞ്ഞപ്പോൾ ഉള്ളിൽ വേദന ആയിരുന്നു... നാട് കടത്തപ്പെട്ട പെണ്ണിന് എങ്ങനെ നന്നായി ജീവിക്കാൻ കഴിയും.. യാചകരുടെ കൂട്ടത്തിൽ തെരുവിൽ ഭിക്ഷയെടുത്തു കഴിയുമ്പോളും അവർ ഉള്ളിലെ കനൽ ഒരു തരി കെടാതെ മകനിലേക്ക് പകർന്നു നൽകി... തന്റെ അച്ഛന്റെയും ചെറിയച്ഛന്റെയും മരണത്തിന് കാരണമായ.... ചെറിയമ്മയും വാവയും തന്നെ വിട്ട് പോകാൻ കാരണക്കാരായ വൈകുണ്ഠത്തിലെ കുടുംബക്കാരോടെല്ലാം അടങ്ങാത്ത പകയായിരുന്നു ആ മകന്... യാചകവൃത്തിയുടെ ഇടയിലും മാർത്താണ്ഠൻ പഠിപ്പിച്ചു തന്നിട്ടുള്ള മന്ത്രങ്ങൾ ഓരോന്നായി അവൾ മകനിലേക്കും പകർന്നു കൊടുത്തു... പട്ടിണി കിടന്നും ഉറങ്ങാതെയും സമ്പാദിച്ച പണവുമായി കൂടുതൽ മന്ത്രങ്ങൾ പഠിക്കാൻ അയച്ചു മകനെ... മുത്തച്ഛൻ പറഞ്ഞു കേട്ട കഥകളിലൊക്കെ വല്യ മുത്തശ്ശിക്ക് സഹനത്തിന്റെ രൂപമായിരുന്നു.... ചെറിയ പ്രായത്തിൽ വിധവ ആകേണ്ടി വന്നിട്ടും മുത്തച്ഛനെ ഒരു കുറവും അറിയിക്കാതെ വളർത്തി അച്ഛനെക്കാൾ വലിയ മന്ത്രവാദി ആക്കണമെന്നും അച്ഛന് കഴിയാത്തത് മകനിലൂടെ നേടണം എന്നുമുള്ള ആഗ്രഹം മാത്രം മനസ്സിലിട്ട് ജീവിച്ചവർ ആയിരുന്നു... മറ്റൊന്നും അവരുടെ ചിന്തയിൽ ഉണ്ടായിരുന്നില്ല... അന്ന് മുതൽ പക വീട്ടാനുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു മുത്തച്ഛൻ.... ഗ്രഹ സംഗമ ദിവസമുള്ള കന്യകയുടെ ജനനത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു...

ശ്രീയുടെ ജനനം അറിഞ്ഞപ്പോൾ ആയിരുന്നു മുത്തച്ഛൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത്... അന്ന് തനിക്ക് അഞ്ചു വയസ്സായിരുന്നു... ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചു അന്ന് മുഴുവൻ ഇഷ്ടമുള്ളതൊക്കെ നടത്തി തന്ന മുത്തച്ഛനെ ഇന്നും ഓർമ്മയുണ്ട്.. അന്നതിന്റെ കാരണം ഒന്നും അറിയില്ലായിരുന്നു... എങ്കിലും മുത്തച്ഛന്റെ മുഖത്തു അതേ സന്തോഷം എന്നും കാണണം എന്ന് തോന്നി... അച്ഛനും അമ്മയ്ക്കും പക്ഷേ സന്തോഷം തോന്നിയിരുന്നില്ല.... എപ്പോഴും മുത്തച്ഛന്റെ കൂടെ പോയിരുന്നു പഴയ കഥകൾ കേൾക്കുന്നതിന് അച്ഛൻ എപ്പോഴും വഴക്ക് പറയുമായിരുന്നു.. പക്ഷേ അന്ന് അതൊന്നും കേട്ടിരുന്നില്ല... വലുതാകുമ്പോൾ മന്ത്രങ്ങൾ പഠിച്ചു ശക്തിശാലി ആക്കാമെന്നുള്ള മുത്തച്ഛന്റെ വാക്കുകൾ ആയിരുന്നു മനസ്സ് നിറയെ.. ഓർമ്മ ഉറയ്ക്കും മുൻപ് തന്നെ മുത്തച്ഛൻ പറഞ്ഞ കഥകൾ കേട്ട് വളർന്നത് കൊണ്ടാകാം തനിക്കും പക ആയിരുന്നു ഈ നാട്ടിൽ ഉള്ളവരോടെല്ലാം... പ്രത്യേകിച്ച് വൈകുണ്ഠത്തിൽ ഉള്ളവരോട്.. മുത്തച്ഛന്റെ കൂടെ ഒരോ മന്ത്രക്കളത്തിലും സഹായി ആയി ഇരിക്കുമ്പോഴും അതേ പക തന്നെ ആയിരുന്നു മനസ്സിൽ... എല്ലാം നശിപ്പിക്കണം എന്ന ലക്ഷ്യത്തോടെ ആയിരുന്നു അല്ലിയോട് സൗഹൃദം സ്ഥാപിച്ചതും ഈ നാട്ടിലേക്ക് വന്നതും... പക്ഷേ ഇപ്പോൾ.... അവൻ കണ്ണുകൾ അടച്ചു കസേരയിലേക്ക് ചാരി കിടന്നു.. നിഷ്കളങ്കമായി എപ്പോഴും തന്നെ നോക്കി ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ രൂപമാണ് മനസ്സിലേക്ക് വരുന്നത്... അല്ലി..... അവൻ പതിയെ നേർത്ത സ്വരത്തിൽ പറഞ്ഞു.... പക്ഷേ ഇവിടെ താൻ നിസ്സഹായനാണ് ..... ബന്ധനങ്ങളിൽ പെട്ട് ശ്വാസം മുട്ടുന്നവനാണ്... ഇനിയൊരു തിരിച്ചുപോക്ക് സാധ്യം അല്ലാത്ത വിധം ആ ബന്ധനങ്ങൾ ഇന്ന് തന്നെ ശ്വാസം മുട്ടിക്കുന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story