അഥർവ്വ: ഭാഗം 20

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

എല്ലാം നശിപ്പിക്കണം എന്ന ലക്ഷ്യത്തോടെ ആയിരുന്നു അല്ലിയോട് സൗഹൃദം സ്ഥാപിച്ചതും ഈ നാട്ടിലേക്ക് വന്നതും... പക്ഷേ ഇപ്പോൾ.... അവൻ കണ്ണുകൾ അടച്ചു കസേരയിലേക്ക് ചാരി കിടന്നു.. നിഷ്കളങ്കമായി എപ്പോഴും തന്നെ നോക്കി ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ രൂപമാണ് മനസ്സിലേക്ക് വരുന്നത്... ""അല്ലി..... ""അവൻ പതിയെ നേർത്ത സ്വരത്തിൽ പറഞ്ഞു.... പക്ഷേ ഇവിടെ താൻ നിസ്സഹായനാണ് ..... ബന്ധനങ്ങളിൽ പെട്ട് ശ്വാസം മുട്ടുന്നവനാണ്... ഇനിയൊരു തിരിച്ചുപോക്ക് സാധ്യം അല്ലാത്ത വിധം ആ ബന്ധനങ്ങൾ ഇന്ന് തന്നെ ശ്വാസം മുട്ടിക്കുന്നു... അല്ലിയുടെ മുഖം മനസ്സിലേക്ക് വരും തോറും ഉള്ളിലെ വീർപ്പുമുട്ടൽ കൂടും പോലെ... ആദ്യമായി അവളെ കണ്ടത് ഓർത്തപ്പോൾ അവനിൽ ഒരു ചിരി വിരിഞ്ഞു.. അവിയുടെ അനിയത്തി പഠിക്കുന്ന അതേ കോളേജിൽ തന്നെ അപ്പച്ചിയുടെ മകനായ ഗൗതമിനെയും ചേർക്കുകയായിരുന്നു മുത്തച്ഛൻ... എത്രയും വേഗം അവളുമായി സൗഹൃദം സ്ഥാപിക്കണം എന്ന നിർദ്ദേശവും കൊടുത്തിരുന്നു... അല്ലിയുമായി ഗൗതം സൗഹൃദത്തിൽ ആയതിനു ശേഷമാണ് താൻ അവളെ കാണുന്നത്... ആദ്യം കണ്ടപ്പോൾ തന്നെ കൗതുകം കണ്ണുകളിൽ ഒളിപ്പിച്ചു തുറിച്ചു നോക്കുന്നത് കണ്ടു... എങ്കിലും ഒന്നും മിണ്ടിയിരുന്നില്ല... ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളൊക്കെ വെറുമൊരു ചിരിയിൽ ഒതുക്കി... തോറ്റു പിന്മാറാൻ ഒരുക്കമല്ലായിരുന്നു... അങ്ങോട്ടേക്ക് മിണ്ടി അവളോട് സൗഹൃദം സ്ഥാപിച്ചു... ആദ്യമൊക്കെ കൂടുതലൊന്നും പറയാതെ കേട്ടുകൊണ്ടിരുന്നവൾ പതിയെ പതിയെ മനസ്സ് തുറക്കാൻ തുടങ്ങി... അവളുടെ വിശേഷങ്ങളിൽ ഏറെയും ഏറ്റവും പ്രിയപ്പെട്ട ശ്രീയെയും അവളുടെ ഏട്ടനേയും പറ്റിയായിരുന്നു..

ഇടയിലെപ്പോഴോ ആ പെണ്ണിനോട് സഹതാപം തോന്നി... ഒന്നും അറിയാതെ ചുറ്റിനും ഉള്ളവരുടെ ചതുരംഗ കളിയിൽ കാലിടറി വീണുപോയവൾ.. ഇതിനിടയിൽ എപ്പോഴാണ് അവളോട് ഇഷ്ടം തോന്നി തുടങ്ങിയത് എന്നറിയില്ല... അവളോടൊപ്പം ഈ നാട്ടിലേക്ക് വരുമ്പോഴും മുത്തച്ഛൻ പറഞ്ഞ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ... മുത്തച്ഛൻ പറഞ്ഞത് അനുസരിച്ചാണ് ഇതുവരെ എല്ലാം ചെയ്തു വന്നതും.. അവിയിലേക്കും ശ്രീയിലേക്കും എത്താനുള്ള വഴി മാത്രമായിരുന്നു അവൾ തനിക്ക് അന്ന് വരെ.. പക്ഷേ... അന്ന്... ആദ്യമായി അവളോട് ദേഷ്യപ്പെട്ട ദിവസം.... ആ നിറഞ്ഞ കണ്ണുകൾ വല്ലാതെ വേദനിപ്പിച്ചിരുന്നു... എപ്പോഴും കുറുമ്പ് നിറഞ്ഞ ചിരിയോടെ തനിക്ക് നേരെ നീളുന്ന ആ കണ്ണുകളിൽ അന്ന് ആദ്യമായി തെളിഞ്ഞ പേടി രാത്രി മുഴുവൻ ഉറക്കം കെടുത്തിയിരുന്നു... അതുകൊണ്ടാണ് പിറ്റേന്ന് തന്നെ അങ്ങോട്ടേക്ക് പോയി കണ്ടത്... അവിടെ എത്തും വരെയും പേടിയോടെ തന്നെ നോക്കുന്ന ആ നിറഞ്ഞൊഴുകുന്ന രണ്ടു കണ്ണുകളായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്.. അപ്പോഴെങ്കിലും അവളെയൊന്ന് കണ്ടില്ലെങ്കിൽ ശ്വാസം മുട്ടുമെന്ന് തോന്നി.... പക്ഷേ... കുറ്റബോധം കൊണ്ട് മനസ്സ് നീറി തുടങ്ങിയിരിക്കുന്നു... സത്യങ്ങൾ എല്ലാം അറിഞ്ഞു കഴിയുമ്പോളുള്ള അല്ലിയുടെ പ്രതികരണം എന്താകുമെന്ന ചിന്ത വല്ലാതെ വേദനിപ്പിച്ചു തുടങ്ങിയിരിക്കുന്നു മനസ്സിനെ.. വെറുപ്പായിരിക്കില്ലേ തന്നോട് അവൾക്ക്.... കൂടെ നിന്ന് ചതിച്ചു എന്ന് വിചാരിക്കില്ലേ... വല്ലാത്തൊരു വീർപ്പു മുട്ടൽ തോന്നി അവന്.. ആലോചനകളിൽ മുഴുകിയിരുന്നപ്പോൾ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഒരു ഞെട്ടലോടെ ഓർമ്മകളിൽ നിന്ന് തിരികെ വന്നത്..

മുഖമൊന്നു അമർത്തി തുടച്ചു ഫോൺ എടുത്തു നോക്കി... മുത്തച്ഛനാണ്.. കാവിൽ നിന്നും തിരികെ എത്തിയ ഉടൻ തന്നെ വിളിക്കണമെന്ന് പറഞ്ഞേൽപ്പിച്ചിരുന്നതാണ്... മറന്ന് പോയിരിക്കുന്നു അത്... ചെറിയൊരു മടിയോടെ ഫോൺ എടുത്തു ചെവിയോട് ചേർത്തു... ""വന്നതേ ഉള്ളു മുത്തച്ഛ... ഞാൻ അങ്ങോട്ടേക്ക് വിളിക്കാൻ തുടങ്ങുകയായിരുന്നു..."" ഇങ്ങോട്ട് എന്തെങ്കിലും പറയും മുൻപ് തന്നെ പറഞ്ഞു... ഇല്ലെങ്കിൽ വൈകിയതിന് നന്നായി ദേഷ്യപ്പെടും എന്ന് ഉറപ്പായിരുന്നു... ഒരു മൂളൽ മാത്രമായിരുന്നു മറുവശത്തു നിന്നും കേട്ടത്.. ""എന്നിട്ടെന്തായി വാൾ കിട്ടിയില്ലേ..."" ചോദിക്കുമ്പോൾ ആ സ്വരത്തിൽ ഒരു പോലെ ആകാംഷയും ഗൗരവവും നിറഞ്ഞു നിന്നു.. ""കി... കിട്ടി മുത്തച്ഛ.... പ.."". ബാക്കി പറയും മുൻപേ ആഹ്ലാദത്തോടെയുള്ള ഒരു പൊട്ടിച്ചിരിയാണ് കേട്ടത്... ആദ്യമായിട്ടാണ് മുത്തച്ഛൻ ഇതുപോലെ ഉറക്കെ ചിരിക്കുന്നത് കേൾക്കുന്നത്.. ""നിന്നെക്കുറിച്ചു ആലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നു ദക്ഷ്.... ഈ മഹേന്ദ്രന്റെ പേരക്കുട്ടി തന്നെയാണ് നീ എന്ന് തെളിയിച്ചിരിക്കുന്നു... ഇനി ഇന്നേക്ക് പതിനൊന്നാം നാൾ അവളുടെ ബലിയോടെ മറ്റാർക്കും നമ്മളെ തടുക്കാൻ കഴിയില്ല....ആട്ടിയോടിച്ച അതേ നാട്ടിലേക്ക് മഹാരാജാവിനെ പോലെ മടങ്ങി എത്തണം എനിക്ക്...."" അയാളിൽ അപ്പോൾ വല്ലാത്തൊരു പൈശാചികത നിറഞ്ഞിരുന്നു... ദക്ഷ് മറുപടി പറയാൻ ആകാതെ ഉമിനീർ ഇറക്കി നിന്നു.. ""അത്.... മുത്തച്ഛ ആ വാൾ ആകെ തുരുമ്പെടുത്തു പോയി...

ഉപയോഗിക്കാൻ പറ്റും എന്ന് തോന്നുന്നില്ല..."" അവനൊരു മടിയോടെ പറഞ്ഞൊപ്പിച്ചു.. ""അതൊക്കെ ഞാൻ നോക്കിക്കോളാം... മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഞാൻ അവിടേക്ക് എത്തും... ബലിക്ക് മുൻപായി ഒരാഴ്ച നീണ്ടു നിൽക്കുന്ന പൂജാ കർമ്മങ്ങൾ ഉണ്ട്.... അതുവരെ നിന്നോട് പറഞ്ഞ കാര്യങ്ങൾ നീ ചെയ്യ്... വൈകുണ്ഠത്തിൽ ഉള്ളവർക്ക് യാതൊരു വിധ സംശയവും തോന്നരുത്.... ഒന്നിലും.... എത്രയും വേഗം ആ പെൺകുട്ടിയുമായി പരിചയം സ്ഥാപിക്കണം..."" ""വൈകുണ്ഠത്തിലെ ജഗന്നാഥന്റെ ഇളയ മകൾ..... പേര് മറന്നല്ലോ."". അയാളൊന്ന് നെറ്റി തടവി.. ""അല്ലി....."". ദക്ഷ് ഒരു ഇടർച്ചയോടെ പറഞ്ഞു.. ""ഹാ.... അല്ലി... "" അയാളൊന്ന് നിശ്വസിച്ചു.... ""അവൾ വഴി പലതും ചെയ്യാനുണ്ട്.... അവളെ മുൻനിർത്തി വേണം ഒരോ നീക്കവും..."" മഹേന്ദ്രൻ പറയുന്നത് കേട്ട് ദക്ഷ് മറുപടി ഒന്നും പറഞ്ഞിരുന്നില്ല.. അവനൊരു അസ്വസ്ഥതയോടെ എല്ലാം കേട്ടു നിന്നു.. ""എന്താ നിനക്കൊരു മടി.....ആവശ്യമില്ലാത്ത ചിന്തകൾ മനസ്സിൽ കടന്നു കൂടിയാൽ ഒരു പെൺകുട്ടിക്ക് പകരം രണ്ടു പെൺകുട്ടികളുടെ ബലി നടത്താനും എനിക്ക് മടിയില്ല... ""മഹേന്ദ്രൻ കടുപ്പത്തോടെ അളന്നു മുറിച്ചു പറഞ്ഞു... ശ്വാസം എടുക്കാൻ പോലും കഴിയാതെ നിന്നു പോയി ദക്ഷ്... അല്ലിയുടെ കാര്യമാകും മുത്തച്ഛൻ പറഞ്ഞിട്ടുണ്ടാകുക എന്ന് ഊഹിക്കാൻ കഴിയുന്നതേ ഉണ്ടായിരുന്നുള്ളൂ.. എന്തെങ്കിലും പറയും മുൻപേ മറുവശത്തു നിന്നും കാൾ കട്ടായിരുന്നു. ചലിക്കാതെ തറഞ്ഞു നിൽക്കാനേ കഴിഞ്ഞുള്ളു..

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആഹ്ലാദത്തോടെ മുറിയിലാകെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മഹേന്ദ്രനെ കണ്ടുകൊണ്ടാണ് ജിതനും രാധികയും അങ്ങോട്ടേക്ക് വരുന്നത്. അച്ഛന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ ദക്ഷ് എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകും എന്ന് അയാൾക്ക് തോന്നി.. രാധികയെ നോക്കിയപ്പോൾ കണ്ണുകൾ ചെറുതായി നനച്ചു നിൽപ്പുണ്ട്... ""ഒരു ജീവനെടുക്കാൻ പോകുന്നതിനാണോ അച്ഛാ ഈ സന്തോഷം.... ഇതൊക്കെ എന്തിന് വേണ്ടിയാ... ഇനിയെങ്കിലും നിർത്തിക്കൂടെ..."" ജിതൻ നിസ്സഹായതയോടെ ചോദിച്ചു.. തിരിച്ചു ഒരു പുച്ഛം കലർന്ന ചിരി മാത്രമാണ് കിട്ടിയത്... ""അന്നത്തെ കാലമല്ല ഇന്ന്... ഒരു പെൺകുട്ടിയെ ആരും അറിയാതെ കൊന്ന് രക്ഷപ്പെടാൻ പറ്റും എന്ന് തോന്നുണ്ടോ അച്ഛന്.... ആ കുട്ടിയുടെ വീട്ടുകാരും പോലീസും വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ.... ദച്ചു മോന്റെ ജീവിതം കൂടി നശിപ്പിക്കാൻ വേണ്ടിയാണോ അച്ഛൻ ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത്.."" ജിതന്റെ സംസാരം കേട്ട് മഹേന്ദ്രൻ ഒന്നുറക്കെ ചിരിച്ചു...."" നീ ഇനി എന്ത് പറഞ്ഞാലും എന്റെ തീരുമാനങ്ങൾക്ക് മാറ്റമില്ല ജിതാ.... ആ മരുന്ന് കൂട്ടുകളും താളിയോലകളും ഞാൻ കൈക്കലാക്കുക തന്നെ ചെയ്യും.... വൈകുണ്ഠം തറവാട്ടിലെ അവസാനത്തെ കണ്ണിയുടെയും മരണം കണ്ടു ആസ്വദിച്ചിട്ടേ ഈ മഹേന്ദ്രൻ ഈ ലോകം വിടൂ.... ""ഗർവ്വോടെ അയാൾ പറഞ്ഞു.. ""ആ പെൺകുട്ടി കന്യക അല്ലെങ്കിൽ എന്ത് ചെയ്യും.... അച്ഛന് അറിയുമോ അവൾ കന്യകയാണോ അല്ലയോ എന്ന്...

പിന്നെ ഈ ചെയ്തു കൂട്ടുന്നതിനൊക്കെ എന്ത് അർത്ഥമാണ് ഉള്ളത്... വീറോടെ രാധിക ചോദിച്ചു..."" ഇന്നലെ രാത്രി വിളിച്ചപ്പോൾ കേട്ട ദക്ഷിന്റെ നിസ്സഹായത നിറഞ്ഞ സ്വരം ആയിരുന്നു അവരുടെ ഉള്ളിൽ.. മഹേന്ദ്രൻ ഒരു നിമിഷം കണ്ണുകൾ അടച്ചു നിൽക്കുന്നത് കണ്ടു...ആ മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നത് ഭയത്തോടെയാണ് ജിതനും രാധികയും കണ്ടത്.. ""എങ്കിൽ..... എങ്കിൽ....."". ഒരു നിമിഷം അയാളുടെ കൈ വിരലുകൾ വിറച്ചു... കണ്ണുകളിലേക്ക് ചുവപ്പ് രാശി പടർന്നു തുടങ്ങി... ""എങ്കിൽ അവൾക്കുള്ള മരണം അത്രയും ഭീകരമായിരിക്കും.... ഒരോ അണുവിലും വേദന അനുഭവിപ്പിച്ചു കൊല്ലും ഞാൻ...... ഇത്രയും വർഷത്തെ കാത്തിരിപ്പ് വെറുതെ ആകാൻ അനുവദിക്കില്ല മഹേന്ദ്രൻ.... ബലി നടന്നിരിക്കും.... ""കഴുത്തിലെ മന്ത്രം ജപിച്ചു കെട്ടിയ രക്ഷയിലേക്ക് മുറുക്കെ പിടിച്ചു അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.. തരിച്ചു നിൽക്കാനേ രാധികയ്ക്കും ജിതനും കഴിഞ്ഞുള്ളൂ... തളർച്ചയോടെ രാധിക ചുവരിലേക്ക് ചാഞ്ഞു നിന്നു... അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അപ്പോഴും തന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ ആനന്ദത്തിൽ മതിമറന്നു നിൽക്കുകയായിരുന്നു മഹേന്ദ്രൻ.. ""നശിപ്പിക്കും ഞാൻ.... അനുഭവിച്ച ഒരോ വേദനയ്ക്കും എണ്ണിയെണ്ണി കണക്ക് പറയിച്ചിരിക്കും ഈ മഹേന്ദ്രൻ..... ശേഷിപ്പുകളൊന്നും ബാക്കിയില്ലാതെ തുടച്ചു നീക്കും ഈ ഭൂമിയിൽ നിന്ന്......"" 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 നെറ്റിയിൽ വെറുതെ ഒന്ന് കൂടി തൊട്ട് നോക്കി ശ്രീ... ഇപ്പോഴും വിശ്വാസം വരുന്നില്ല...

""എന്റെ കൃഷ്ണ... ശെരിക്കും ഇനി ഉമ്മ തന്നതാണോ അതോ ഞാൻ ആലോചിച്ചു കൂട്ടിയതാണോ..."" ഉമ്മ തന്നതാണ് എങ്കിൽ അവിയേട്ടന് എന്തെങ്കിലും ഭാവ വ്യത്യാസം കാണണ്ടേ.... മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഗൗരവത്തിൽ അല്ലെ തന്നെ ഇവിടെ കൊണ്ട് വിട്ടത്.. ഒന്നും തന്നെ സംസാരിച്ചിരുന്നില്ല വീടെത്തും വരെയും.. ഇവിടെ ഇറക്കിയ ഉടൻ തന്നെ പോകുകയും ചെയ്തു.. മഴക്ക് ശേഷമുള്ള തണുത്ത കാറ്റിന്റെ കുളിര് മുറിയിലേക്ക് കടന്നു വന്നതും അവൾ പതിയെ പുതപ്പിന്റെ ഉള്ളിലേക്ക് ചുരുണ്ടു കൂടി... അവിയോട് സംസാരിച്ചതിന് ശേഷം മനസ്സിനിത്തിരി ധൈര്യം വന്നത് പോലെ... ഇപ്പോൾ ആ സ്വപ്നങ്ങൾക്ക് മരണത്തിന്റെ ഭീകരത ഇല്ല.. """നിനക്ക് ഒന്നും സംഭവിക്കില്ല... ഞാനല്ലേ പറയുന്നേ... അഥർവ്വ ഈ ഭൂമിയിൽ ജീവനോടെ ഉള്ളിടത്തോളം കാലം ആ ബലി നടക്കില്ല...""" അവിയുടെ വാക്കുകൾ ഒരിക്കൽ കൂടി മനസ്സിലേക്ക് വന്നതും അറിയാതെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. ദക്ഷിന്റെ രൂപം ഓർമ്മയിൽ തെളിഞ്ഞതും ചുണ്ടിൽ നിന്നും ചിരി പതുക്കെ മാഞ്ഞു തുടങ്ങിയിരുന്നു... അല്ലിയുടെ ദക്ഷിനോടുള്ള ഇഷ്ടം ഓർത്തപ്പോൾ നെഞ്ചിലൊരു വിങ്ങൽ പോലെ.. അവളുടെ ഒരോ നോട്ടത്തിലും പ്രവൃത്തിയിലും ഡോക്ടറോടുള്ള ഇഷ്ടം എടുത്തു പറയുന്നുണ്ട്... ശ്രീ കട്ടിലിൽ നിന്നും എഴുന്നേറ്റു ജനലിന്റെ അടുത്തേക്ക് നടന്നു.. അല്ലി ഇതൊക്കെ അറിയുമ്പോഴുള്ള അവസ്ഥ സങ്കൽപിക്കാൻ പോലും കഴിയുന്നില്ല.. അവൾക്കൊരിക്കലും ഇത് താങ്ങാൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു..

പാവം പെണ്ണാണ്.... ഓർമ്മ വന്ന നാൾ മുതൽ കൂടെ നിന്നിട്ടെ ഉള്ളു... ആരെയും വേദനിപ്പിക്കാത്ത... ആരോടും പിണക്കം സൂക്ഷിക്കാത്തൊരു പാവം പെണ്ണ്.... അല്ലിയെക്കുറിച്ചുള്ള ഓർമ്മകളിൽ അവളുടെ കണ്ണൊന്നു നിറഞ്ഞു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇതേസമയം ഉറക്കം വരാതെ കിടക്കുകയായിരുന്നു അല്ലി.... ഇന്നലെ മുതൽ വിളിച്ചിട്ടും ദക്ഷ് ഫോണെടുക്കാത്തത്തിലുള്ള പരിഭവം അവളിൽ നിറഞ്ഞു നിന്നു... അയച്ച മെസ്സേജും ഇതുവരെ കണ്ടിട്ടില്ല... ശ്രീയുടെ വീട്ടിൽ വച്ചു കണ്ടതാണ്... അതിന് ശേഷം ഇതുവരെ സംസാരിച്ചിട്ടില്ല.. ""നോക്കിക്കോ.... ഇനി ഇങ്ങോട്ട് വന്നു സംസാരിക്കാതെ ഈ അല്ലി മിണ്ടില്ല..."" പിണക്കത്തോടെ ഫോണിലേക്ക് നോക്കി പറഞ്ഞു അവൾ.... എങ്കിലും പ്രതീക്ഷയോടെ ഉറങ്ങും മുൻപ് പലതവണ ഫോണിലേക്ക് കണ്ണുകൾ നീണ്ടിരുന്നു.. കരുതിയത് പോലെ ഒരു കോളോ മെസ്സേജോ കിട്ടാതെ വന്നപ്പോൾ പതിയേ കണ്ണുകളെ ഉറക്കം തഴുകി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മേഖങ്ങളുടെ ഇടയിലേക്ക് മുഖമൊളിപ്പിച്ചു നിലാവും മറ്റെല്ലാവരും ഉറക്കത്തിലേക്ക് വീഴുമ്പോഴും പൂജാമുറിയിലെ താളിയോല ഗ്രന്ഥങ്ങൾ ഓരോന്നായി വായിക്കുകയായിരുന്നു അവി... ദിവസങ്ങൾ മാത്രമാണ് അച്ഛൻ പറഞ്ഞ ആ ബലി നടക്കുന്ന ദിവസത്തേക്ക് ബാക്കിയുള്ളത്..

പിഴയ്ക്കുന്ന ഒരോ ചുവടിനും പകരം നൽകേണ്ടി വരിക കൂടെയുള്ള ഓരോരുത്തരുടെയും ജീവനാണ്... ഒരോ മന്ത്രവും മനസ്സിൽ ഉരുവിട്ട് വായിച്ചെടുക്കുമ്പോഴും പൂജാ വിധികൾ മനപാഠമാക്കുമ്പോഴും അവന്റെ മനസ്സ് ഏകാഗ്രമായിരുന്നു... തോറ്റു കൊടുക്കാൻ മനസ്സില്ലാത്തത് പോലെ വാശിയോടെ അവനിരുന്നു... അതേ സമയം അടുത്ത ദിവസം മുതൽ ഗരുഡ ദേവന്റെ ചൈതന്യം അവിയിൽ നിന്നും നഷ്ടപ്പെടുത്താൻ വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു മഹേന്ദ്രൻ... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അല്ലിയോട് ഒന്ന് സംസാരിക്കാൻ കഴിയാതെ വല്ലാത്ത വീർപ്പു മുട്ടൽ തോന്നി ദക്ഷിനു... ഇനിയും സംസാരിച്ചില്ലെങ്കിൽ താൻ ശ്വാസം മുട്ടി മരിച്ചു പോകും എന്ന് തോന്നി.... തനിക്ക് എന്ത് സംഭവിച്ചാലും സത്യങ്ങൾ അവളോട് പറയണം എന്ന് തോന്നി... വെപ്രാളത്തോടെ ഫോണെടുത്തു.... കഴിഞ്ഞ ദിവസം വന്ന അല്ലിയുടെ മിസ്സ്ഡ് കാളിലേക്ക് വിരലുകൾ ചലിച്ചു... ഫോൺ ചെവിയോട് ചേർത്ത് പിടിക്കുമ്പോൾ സ്വന്തം ശ്വാസം ചെവിയിൽ മുഴങ്ങും പോലെ തോന്നി അവന്... ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഉറക്കച്ചടവോടെയാണ് അല്ലി ഉറക്കം ഞെട്ടുന്നത്... കണ്ണ് തുറക്കാതെ തന്നെ ഫോൺ എടുത്തു ചെവിയിലേക്ക് ചേർത്തു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story