അഥർവ്വ: ഭാഗം 21

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

അല്ലിയോട് ഒന്ന് സംസാരിക്കാൻ കഴിയാതെ വല്ലാത്ത വീർപ്പു മുട്ടൽ തോന്നി ദക്ഷിനു... ഇനിയും സംസാരിച്ചില്ലെങ്കിൽ താൻ ശ്വാസം മുട്ടി മരിച്ചു പോകും എന്ന് തോന്നി.... തനിക്ക് എന്ത് സംഭവിച്ചാലും സത്യങ്ങൾ അവളോട് പറയണം എന്ന് തോന്നി... വെപ്രാളത്തോടെ ഫോണെടുത്തു.... കഴിഞ്ഞ ദിവസം വന്ന അല്ലിയുടെ മിസ്സ്ഡ് കാളിലേക്ക് വിരലുകൾ ചലിച്ചു... ഫോൺ ചെവിയോട് ചേർത്ത് പിടിക്കുമ്പോൾ സ്വന്തം ശ്വാസം ചെവിയിൽ മുഴങ്ങും പോലെ തോന്നി അവന്... ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഉറക്കച്ചടവോടെയാണ് അല്ലി ഉറക്കം ഞെട്ടുന്നത്... കണ്ണ് തുറക്കാതെ തന്നെ ഫോൺ എടുത്തു ചെവിയിലേക്ക് ചേർത്തു.. ""ഹലോ...."" ഉറക്കച്ചടവോടെ പതുക്കെ പറഞ്ഞു... മറുവശത്തു നിന്നും മറുപടി ഒന്നും കിട്ടിയിരുന്നില്ല... വീണ്ടും പറഞ്ഞിട്ടും മറുപടി ഒന്നും കിട്ടാതെയായപ്പോൾ നെറ്റി ഒന്ന് ചുളിഞ്ഞു.. ഫോണിലേക്ക് നോക്കിയപ്പോഴാണ് ഡോക്ടർ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ കാണുന്നത്.. വെപ്രാളത്തോടെ കട്ടിലിലേക്ക് എഴുന്നേറ്റിരിക്കുമ്പോൾ ആദ്യം നോക്കിയത് സമയമാണ്. രണ്ട് മണി കഴിഞ്ഞിരിക്കുന്നു ... ആദ്യമായിട്ടാണ് ഡോക്ടർ ഇങ്ങനെ ഈ സമയത്തു വിളിക്കുന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടായോ എന്നൊരു ആധി മനസ്സിൽ നിറഞ്ഞു.. ""എന്താ ഡോക്ടറെ.....ഈ സമയത്തു..."" ""ഞാൻ... ഞാനൊരു സ്വപ്നം കണ്ടതാടോ... അപ്പോ തോന്നി ഇയാളെ ഒന്ന് വിളിക്കണമെന്ന്..."" ""ഹ്മ്മ്.... ""ഒന്ന് മൂളി അവൾ... രണ്ടു ദിവസമായി വിളിച്ചിട്ട് അവൻ ഫോൺ എടുക്കാത്തതിന്റെ പരിഭവം ഉള്ളിൽ നിറഞ്ഞിരുന്നു.. ""അത്.... ഞാൻ..... ഞാനൊരു കാര്യം ചോദിക്കട്ടെ..."". അവനൊരു മടിയോടെ പറഞ്ഞൊപ്പിച്ചു.. അവന്റെ ശബ്ദത്തിലെ പതർച്ച കേട്ടപ്പോൾ എന്തോ ഗൗരവം നിറഞ്ഞതാണ് കാര്യമെന്ന് തോന്നി അവൾക്ക്.. ""എന്തിനാ മുഖവുര... ഡോക്ടർക്ക് ചോദിച്ചൂടെ.."" വീണ്ടും മറുവശത്തു മൗനമായിരുന്നു..

""അല്ലി..... ഞാൻ.... ഞാൻ കാരണം അവിയ്ക്കും ശ്രീക്കും എന്തെങ്കിലും പറ്റിയാൽ.... എ.... എന്നോട് താൻ ക്ഷമിക്കുമോ.... വെറുക്കുമോ എന്നേ....."" പലവട്ടം വാക്കുകൾ ഇടറി പോയിരുന്നു പറയുമ്പോൾ.. അല്ലിയിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെ വന്നപ്പോൾ നെഞ്ചിപ്പോൾ മിടിച്ചു മിടിച്ചു നിന്ന് പോകും എന്ന് തോന്നി അവന്.. ""അല്ലി....."" ""എന്റെ ശ്രീയും ഏട്ടനും ഇല്ലാതെ അല്ലി ഉണ്ടാകില്ല ഡോക്ടറെ....""ഉറച്ചതായിരുന്നു സ്വരം.. മറുപടി പറയും മുൻപ് കാൾ കട്ടായിരുന്നു.. ദക്ഷ് ഒരു തളർച്ചയോടെ കട്ടിലിലേക്ക് ചാരി ഇരുന്നു... അല്ലിയിൽ നിന്നും പ്രതീക്ഷിച്ചതാണെങ്കിൽ കൂടി ആ മറുപടി വല്ലാതെ വേദനിപ്പിക്കുന്നു... കണ്ണുകൾ അടയ്ക്കുമ്പോൾ പെയ്യാനൊരുങ്ങിയ കണ്ണുനീർത്തുള്ളികൾ കവിളിനെ നനച്ചു താഴേക്ക് ഒഴുകിയിരുന്നു.. ദക്ഷിൽ നിന്നും പൊടുന്നനെയുണ്ടായ ചോദ്യത്തിന്റെ കാരണം ചികയുകയായിരുന്നു അല്ലിയുടെ മനസ്സ്.... വല്ലാത്ത പേടി നിറഞ്ഞിരുന്നു ഡോക്ടറുടെ ശബ്ദത്തിൽ... ഈയിടെയായി ശ്രീയും അതുപോലെ തന്നെയാണ്... ഏട്ടനും വല്ലാത്ത മാറ്റമുണ്ട്.. എല്ലാവരും തന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നുണ്ട് എന്ന് തോന്നി അവൾക്ക്... മനസ്സൊന്നു ശാന്തമാക്കിയ ശേഷം ദക്ഷിനെ വിളിച്ചു... ബെല്ലടിച്ചു നിന്നിട്ടും കാൾ എടുത്തിരുന്നില്ല... വിട്ട് കളയാൻ ഒരുക്കമല്ലായിരുന്നു... വീണ്ടും വിളിച്ചു.. ഇത്തവണ ബെല്ലടിച്ചു തീരും മുൻപ് എടുത്തിരുന്നു. ""ഡോക്ടർ എന്തിനാ ഇപ്പൊ ഈ രാത്രി വിളിച്ചിട്ട് അങ്ങനെ ചോദിച്ചത്... """ഇങ്ങോട്ട് എന്തെങ്കിലും പറയും മുൻപ് തന്നെ ചോദിച്ചു.. ""അത്..... ഒന്നുമില്ലെടോ... ഞാനൊരു സ്വപ്നം കണ്ടപ്പോൾ വെറുതെ ചോദിച്ചു എന്നേ ഉള്ളൂ... താൻ കിടന്നോ.. ഗുഡ് നൈറ്റ്‌..."" ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിച്ചു ദക്ഷ് കാൾ കട്ട്‌ ചെയ്യുമ്പോൾ മനസ്സിലെ സംശയങ്ങൾ പെരുകിക്കൊണ്ടിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 സൂര്യപ്രകാശം കണ്ണിലേക്കു പതിച്ചപ്പോഴാണ് അവി കണ്ണുകൾ തുറക്കുന്നത് ...

വെയിൽ വീണു തുടങ്ങിയിരിക്കുന്നു... ഇന്നലെ രാത്രി ഗ്രന്ഥങ്ങൾ വായിച്ചു വായിച്ചു എപ്പോഴോ ആണ് ഉറങ്ങിയത്.. എഴുന്നേറ്റിരുന്നു കൈകൾ മുകളിലേക്കാക്കി ഒന്ന് മൂരി നിവർന്നു.. മേശയുടെ പുറത്തിരിക്കുന്ന ഫോണെടുത്തു സമയം നോക്കിയപ്പോളാണ് ഒൻപതര കഴിഞ്ഞിരിക്കുന്നു എന്ന് കണ്ടത്.. രാവിലെ ശ്രീയെ പോയി വിളിക്കണം എന്ന് കരുതിയതാണ്.. അവൾ ഇറങ്ങാനുള്ള നേരം ആയിരിക്കുന്നു... ഇനിയിപ്പോൾ എത്ര വേഗത്തിൽ ഒരുങ്ങിയാലും സമയത്തിന് അവിടെ എത്തും എന്ന് തോന്നുന്നില്ല... അല്ലിയെ പറഞ്ഞു വിടാം എന്ന് വിചാരിച്ചു വേഗം തന്നെ പുറത്തേക്ക് നടന്നു.. അല്ലി ഊണുമുറിയിൽ ഇരുന്ന് കഴിക്കുന്നുണ്ട്.... പക്ഷേ ശ്രദ്ധ മറ്റെവിടെയൊക്കെയോ ആണെന്ന് തോന്നുന്നു... എന്തൊക്കെയോ ആലോചിച്ചു ഇരുന്നിട്ടാണ് ഒരോ വറ്റും കഴിക്കുന്നത്.. ""അല്ലി... നീ പോയി ശ്രീയെ വിളിച്ചിട്ട് വാ... ഞാനിനി കുളിച്ചിട്ട് വരുമ്പോഴേക്കും നേരം വൈകും... രണ്ടാളും നേരെ മരുന്ന് ശാലയിലേക്ക് പൊയ്ക്കോ..."" ""പത്തു മിനിറ്റ് ദൂരം പോലും ഇല്ലല്ലോ ഏട്ടാ.... പിന്നെന്തിനാ പോയി വിളിക്കുന്നെ... അവള് വന്നോളും സമയത്തിന് തന്നെ..."" ആരും ഒന്നും പറയാതെ മറച്ചു വയ്ക്കുന്നതിന്റെ പരിഭവത്തിൽ ആയിരുന്നു അല്ലി.. ""നിന്നോട് പറഞ്ഞത് ചെയ്യ് അല്ലി... വിളിച്ചുകൊണ്ടു വരാൻ പറഞ്ഞാൽ അത് ചെയ്താൽ മതി... വെറുതെ ഞാനൊന്നും പറയില്ല എന്ന് അറിയാമല്ലോ..."" ഗൗരവത്തിൽ പറഞ്ഞതും അവനെ നോക്കി പിണക്കത്തോടെ ചുണ്ട് കോട്ടി അവൾ... പിന്നെ വേഗത്തിൽ കഴിച്ചിട്ട് എഴുന്നേറ്റു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കുളത്തിൽ ഒന്ന് മുങ്ങി നിവർന്നപ്പോഴേക്കും ഉറക്കമില്ലായ്മയുടെ ക്ഷീണം വിട്ട് മാറുന്നത് പോലെ തോന്നി അവിക്ക്.. ഈറൻ മാറ്റി തിരികെ വീട്ടിലേക്ക് നടന്നു... വൈകിയത് കാരണം അച്ഛൻ പൂജാ മുറിയിൽ വിളക്ക് കത്തിച്ചിരുന്നു...

കൈകൾ കൂപ്പി തൊഴുതു നിൽക്കുമ്പോൾ മുന്നോട്ടുള്ള ലക്ഷ്യത്തിൽ കൂടെയുണ്ടാകണേ എന്ന് മാത്രമേ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുള്ളൂ.. പ്രാർത്ഥിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വാതിൽപ്പടിയിൽ കാത്തു നിൽക്കുന്ന അച്ഛനെ കാണുന്നത്... എന്തോ പറയുവാനുണ്ടെന്ന് മുഖത്തു നിന്നും വ്യക്തമായിരുന്നു... ""എന്താ അച്ഛാ... മുഖം വല്ലാതെയിരിക്കുന്നു... കാര്യം എന്താ..."" ജഗന്നാഥൻ ഒന്ന് ശ്വാസമെടുത്തു...."" ഞാൻ ആലോചിക്കുകയായിരുന്നു... നിന്റെയും ശ്രീ മോളുടെയും വിവാഹം നടത്തിയാലോ എന്ന്... അപ്പോൾ പിന്നെ മോളെ അവർക്ക് ലക്ഷ്യം നേടാൻ വേണ്ടി കരുവാക്കാൻ കഴിയില്ലല്ലോ..."" അവിയൊന്ന് ചിരിച്ചു.... ""അത് വേണ്ട അച്ഛാ... അങ്ങനെ ധൃതി വച്ചു നടത്തേണ്ട ഒന്നല്ല വിവാഹം... പിന്നെ ഒരു പെണ്ണിനെ സംരക്ഷിക്കാൻ താലി കെട്ടി വളഞ്ഞ വഴി സ്വീകരിക്കേണ്ട കാര്യം അഥർവ്വക്ക് ഇല്ല... അച്ഛൻ ഒന്നുകൊണ്ടും പേടിക്കണ്ട... അവർ ജയിക്കില്ല...."" അവൻ ജഗന്നാഥന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു പറഞ്ഞു.. ""തമാശയല്ല അവി... മോളുടെ ജീവന്റെ പ്രശ്നമാണ്.... എന്തിനാണ് വെറുതെ ഒരു ഭാഗ്യ പരീക്ഷണം... ഒരു ചുവട് പിഴച്ചാൽ സംഭവിക്കാവുന്ന നഷ്ടങ്ങൾ ഒരിക്കലും നികത്താൻ കഴിയാത്തതാണ്..."" ""സുമംഗലി ആയാൽ ശ്രീ സുരക്ഷിതയായിരിക്കും എന്ന് അച്ഛന് തോന്നുന്നുണ്ടോ.... അച്ഛൻ പറഞ്ഞു തന്നതൊക്കെ വച്ചു പതിറ്റാണ്ടുകളായി ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയാകും അവർ... ഈ ഒരവസരം നഷ്ടപ്പെട്ടാൽ വീണ്ടും ഒരു നൂറു വർഷം കൂടി കാത്തിരിക്കാൻ കഴിയില്ലല്ലോ.... ഞാനും ശ്രീയും തമ്മിലുള്ള വിവാഹം നടന്നു കഴിഞ്ഞാൽ അയാളുടെ ഉള്ളിലെ പക നിയന്ത്രിക്കാൻ കഴിയില്ല... ഇപ്പോഴും ദക്ഷ് തന്നെയാണോ.... അവന്റെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് നമുക്ക് അറിയില്ല...ഒന്നല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ അവർ ഈ കുടുംബത്തിലെയും ശ്രീയെയും വക വരുത്താൻ ശ്രമിക്കും....

ആരെന്നും എന്തെന്നും അറിയാതെ നമ്മളെങ്ങനെ അവരെ സംരക്ഷിക്കും... എത്ര നാൾ ആ ശ്രമങ്ങൾ പ്രതിരോധിക്കും..."" അവിയുടെ വാക്കുകൾ കേട്ട് ജഗന്നാഥന്റെ മുഖത്തു ഭയം നിറഞ്ഞു.... ""അവി.... അപ്പോൾ..."" ""അവർ പൂജയ്ക്കുള്ള ഒരുക്കങ്ങൾ എന്താണെന്ന് വച്ചാൽ തുടങ്ങിക്കോട്ടെ അച്ഛാ.... ആ ബലി നടക്കില്ല... ഇത് ഞാൻ അച്ഛനും ശ്രീക്കും തരുന്ന വാക്കാണ്... ആർക്കും ഒന്നും സംഭവിക്കില്ല... പിന്നെ വിവാഹം എന്നത് ഇതുപോലെ കാര്യസാധ്യത്തിനായി അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല... പൂർണ്ണ മനസ്സോടെ ഒരാളുടെ പാതിയാകാൻ സമ്മതമാകണം... അവിടെ ഭയം പാടില്ല...."" ജാടന്നാഥൻ ഒന്ന് ആശ്വാസത്തോടെ ചിരിച്ചു.... അവി എന്തൊക്കെയോ മനസ്സിൽ കണ്ടിട്ടുണ്ട് എന്ന് അയാൾക്ക് തോന്നി.. ""പിന്നെ.... അച്ഛന്റെ ശ്രീമോൾ ഇവിടേക്ക് തന്നെ കൊണ്ട് വരാം ... ആദ്യം ഈ കുഴപ്പങ്ങൾ ഒക്കെ ഒന്ന് തീരട്ടെ.... എന്നിട്ട് സ്വല്പം വിശദമായി തന്നെ നമുക്ക് ബന്ധം ആലോചിച്ചു കളയാം...."" അവനൊരു ചിരിയോടെ കണ്ണിറുക്കി കാണിച്ചു.. ""അടി... ""ജഗന്നാഥൻ ഒരു പൊട്ടിച്ചിരിയോടെ അവന്റെ തോളിൽ തട്ടി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ശ്രീയുടെ കണ്ണുകൾ പല തവണ അവിയെ തിരക്കി പോയി... ഇന്നലേ നടന്നതിന്റെയൊന്നും യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു ഇരിപ്പുണ്ട്... കൈയിലുള്ള ഫയലിലേക്ക് തന്നെ ഗൗരവത്തിൽ നോക്കി ഇരിക്കുന്നു.. ""അപ്പോൾ ശെരിക്കും ഞാൻ ഇന്നലെ സ്വപ്നം കണ്ടത് തന്നെയാണോ കൃഷ്ണ...."" അവൾക്ക് വല്ലാത്ത നിരാശ തോന്നി... അവനെ ഒന്ന് പരിഭവത്തോടെ നോക്കിയിട്ട് തിരിഞ്ഞിരുന്നു വീണ്ടും അളവെടുക്കാൻ തുടങ്ങി.. ""മുരടൻ.... ഒരോ നേരത്ത് ഒരോ സ്വഭാവമാ....

ഇനി വല്ല ഓന്തിന്റെയും സ്വഭാവമാണോ എന്റെ കൃഷ്ണ.... ഇന്നലെ വൈകുന്നേരം ഇവിടുന്ന് ഇറങ്ങുമ്പോൾ ഒരു സ്വഭാവം... അവിടെ ചെന്നിട്ട് വേറെ സ്വഭാവം... ഇപ്പോൾ ദേ മറ്റൊരു സ്വഭാവം.... ഇങ്ങേരെ ഒക്കെ സ്നേഹിച്ച എന്നേ പറഞ്ഞാൽ മതി...""" ഓരോന്ന് പിറുപിറുത്തുകൊണ്ട് മരുന്ന് കൂട്ടുകൾ പതിയെ അളന്നു മാറ്റാൻ തുടങ്ങി... മുഖത്തിന്‌ നേരെ പിന്നിൽ നിന്നും ഒരു കൈ നീണ്ടു വരുന്നത് കണ്ടു ഞെട്ടി പിന്നിലേക്ക് മാറുമ്പോഴേക്കും ആരോ ഒരു കണ്ണട മുഖത്തേക്ക് വച്ചിരുന്നു.. ഞെട്ടലോടെ മുകളിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ട് പിന്നിലായി ചേർന്ന് നിൽക്കുന്ന അവിയേ കാണുന്നത്.... കണ്ണട അവളുടെ മുഖത്തു ശെരിയായി വച്ചു കൊടുത്ത ശേഷം അവൻ കൈ എടുത്തു.. അപ്പോഴും കാര്യം മനസ്സിലാകാതെ പകച്ചു നോക്കി നിൽക്കുകയായിരുന്നു ശ്രീ.. അവൻ അവളുടെ തോളിലേക്ക് കൈ വച്ചു പതിയെ മുഖം താഴ്ത്തി... ശ്രീ കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു... ""അതേ.... ഇത്ര പെട്ടെന്ന് വയസ്സായോ നിനക്ക്.... അമ്മൂമ്മമാരെ പോലെ പിറുപിറുക്കുന്നു.... ഇനിയിപ്പോ കണ്ണ് കാണാതെ മരുന്നൊന്നും മാറി പോകണ്ട... അതിനാ ഇത്..."". അവനൊരു ചിരിയോടെ കാതോരം ചേർന്ന് പറഞ്ഞിട്ട് പതിയെ നിവർന്നു... ശ്രീ ദേഷ്യത്തോടെ പല്ല് കടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് അവളെ നോക്കി ഒരു കണ്ണിറുക്കി നടന്നു പോകുന്ന അവിയെയാണ്... ദേഷ്യം വന്നു ചുവന്നിരിക്കുന്ന അവളുടെ മുഖം കാണെ അവിയൊരു ചിരിയോടെ ക്യാബിനിലേക്ക് നടന്നു... ദേഷ്യത്തോടെ കണ്ണട മുഖത്തു നിന്നും വലിച്ചൂരി എങ്കിലും അവളുടെ മുഖത്തു പതിയെ ഒരു ചിരി വിടർന്നു... ""അപ്പോൾ ശ്രദ്ധിക്കുന്നുണ്ട്.... """ആ കണ്ണട നെഞ്ചോട് ചേർത്ത് പിടിച്ചപ്പോഴാണ് അവളെ സംശയത്തോടെ നോക്കുന്ന അല്ലിയെ കാണുന്നത്.. ""നീയും ഡോക്ടറും ഏട്ടനുമൊക്കെ എന്നിൽ നിന്നും എന്തെങ്കിലും മറയ്ക്കുന്നുണ്ടോ ശ്രീ...""...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story