അഥർവ്വ: ഭാഗം 22

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

ശ്രീ ദേഷ്യത്തോടെ പല്ല് കടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് അവളെ നോക്കി ഒരു കണ്ണിറുക്കി നടന്നു പോകുന്ന അവിയെയാണ്... ദേഷ്യം വന്നു ചുവന്നിരിക്കുന്ന അവളുടെ മുഖം കാണെ അവിയൊരു ചിരിയോടെ ക്യാബിനിലേക്ക് നടന്നു... ദേഷ്യത്തോടെ കണ്ണട മുഖത്തു നിന്നും വലിച്ചൂരി എങ്കിലും അവളുടെ മുഖത്തു പതിയെ ഒരു ചിരി വിടർന്നു... ""അപ്പോൾ ശ്രദ്ധിക്കുന്നുണ്ട്.... """ആ കണ്ണട നെഞ്ചോട് ചേർത്ത് പിടിച്ചപ്പോഴാണ് അവളെ സംശയത്തോടെ നോക്കുന്ന അല്ലിയെ കാണുന്നത്.. ""നീയും ഡോക്ടറും ഏട്ടനുമൊക്കെ എന്നിൽ നിന്നും എന്തെങ്കിലും മറയ്ക്കുന്നുണ്ടോ ശ്രീ..."" ഒരു നിമിഷം ഒന്ന് പരിഭ്രമിച്ചെങ്കിലും അത് മറച്ചു പിടിച്ചു ഒരു ചിരിയോടെ ശ്രീ അല്ലിയെ നോക്കി... ""മറയ്ക്കാനോ.... നിനക്കെന്താ പെണ്ണെ..."" ""എനിക്ക് തോന്നുന്നുണ്ട് ശ്രീ.... എല്ലാവരും എന്നിൽ നിന്നും ഓരോന്ന് മറച്ചു പിടിക്കുന്നു... ഞാൻ മാത്രം കഥ അറിയാതെ ആട്ടം കാണുന്ന വിഡ്ഢിയെപ്പോലെ.... എല്ലാവരും ഒരുപാട് മാറിപ്പോയി..."" ശ്രീയെ നോക്കി സങ്കടത്തോടെ പറഞ്ഞിട്ട് അല്ലി പുറത്തേക്ക് നടന്നു.. ശ്രീ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... നെഞ്ചിലെന്തോ വല്ലാത്ത ഭാരം പോലെ... ആദ്യമായിട്ടാണ് അല്ലിയെ വിഷമിച്ചു കാണുന്നത്... അതും താൻ കാരണം... അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.. അല്ലിയുടെ പിന്നാലെ പോകണമെന്ന് ഉണ്ടായിരുന്നു എങ്കിലും മരുന്ന് അളക്കുന്നതിന്റെ ഇടയിൽ എഴുന്നേറ്റു പോയാൽ അവിയുടെ കൈയിൽ നിന്നും കണക്കിന് കിട്ടുമെന്ന് അറിയാമായിരുന്നു... അല്ലി പോയ വഴിയേ ഒന്ന് കൂടി നോക്കി നിന്ന ശേഷം തിടുക്കത്തിൽ ജോലികൾ തീർക്കാൻ തുടങ്ങി.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പിറകിലായുള്ള വാതിലിനോട് ചേർന്നുള്ള തടി ബഞ്ചിൽ ഇരിക്കുകയായിരുന്നു അല്ലി... ഇന്നലെ രാത്രിയിലെ ഡോക്ടറുടെ ഫോൺ വിളി മുതൽ തന്നെ മനസ്സിൽ സംശയങ്ങളാണ്.. ഒന്നും ഇല്ലാതെ വെറുമൊരു സ്വപ്നത്തിന്റെ പേരിൽ ഡോക്ടർ അങ്ങനെ ചോദിക്കില്ല എന്ന് ഉറപ്പായിരുന്നു...എത്രയോ തവണ സ്വപ്നം കണ്ടു പേടിച്ചതിന് തന്നെ കളിയാക്കിയ ആളാണ്.. ഇന്ന് രാവിലെ ശ്രീയെ വിളിച്ചുകൊണ്ടു വരും വഴി കേട്ട സംസാരത്തിലേക്ക് മനസ്സ് സഞ്ചരിച്ചു.... ശ്രീയെ മരുന്ന് ശാലയിൽ കൊണ്ട് വിട്ട് കഴിഞ്ഞിട്ടാണ് ഓർത്തത് ധൃതി വച്ചു ഇറങ്ങുന്നതിന്റെ ഇടയിൽ ഫോൺ എടുക്കാൻ മറന്നു പോയിരിക്കുന്നു... ഏട്ടൻ വരുമ്പോൾ കൊണ്ട് വരാൻ പറയാൻ വേണ്ടി കുറേ തവണ ശ്രീയുടെ ഫോണിൽ നിന്നും വിളിച്ചിട്ടും എടുക്കാതെ വന്നപ്പോഴാണ് വീട്ടിലേക്ക് ചെന്നത്.... അവിയേട്ടനോട് അച്ഛൻ ശ്രീയെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ ഞെട്ടി നിന്നു പോയി... അതിലും കൂടുതൽ വേദനിപ്പിച്ചത് ശ്രീയുടെ ജീവന് ആപത്തുണ്ടെന്ന അച്ഛന്റെ വാക്കുകളാണ്... മുഴുവനും കേൾക്കാൻ നിന്നില്ല.. വല്ലാത്തൊരു ആഘാതമായിരുന്നു മനസ്സിന്... ഇന്നലെ രാത്രി ഡോക്ടർ പറഞ്ഞ കാര്യങ്ങളും ഇന്ന് അച്ഛനും അവിയേട്ടനും പറയുന്നതുമെല്ലാം പരസ്പരം ബന്ധം ഉണ്ടെന്ന് തോന്നി.... എല്ലാവർക്കും എല്ലാം അറിയാം... തനിക്ക് മാത്രം... അവൾ സങ്കടത്തോടെ കണ്ണുകൾ തുടച്ചു തല താഴ്ത്തി ഇരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ക്യാബിന്റെ ഡോറിൽ മുട്ടുന്നത് കേട്ടപ്പോഴാണ് അവി മുഖമുയർത്തി നോക്കുന്നത്... വെപ്രാളത്തോടെ വിരലുകൾ കൂട്ടിത്തിരുമ്മി നിൽക്കുന്ന ശ്രീയെ കണ്ടതും അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞു... ""എന്താ ശ്രീ.... എന്തെങ്കിലും പ്രശ്നം ഉണ്ടായോ... ""കൈയിലെ ഫയൽ മടക്കി തിരികെ ടേബിളിലേക്ക് വച്ചു അവളുടെ അടുത്തേക്ക് നടന്നു അവൻ.. ""അത്.... അല്ലി...."" ""അല്ലിക്കെന്താ...."" അവിയുടെ നെറ്റി ചുളിഞ്ഞു.. ""അല്ലിക്ക് എന്തൊക്കെയോ മനസ്സിലായെന്ന് തോന്നുന്നു.... ആകെ വിഷമിച്ചു പുറത്തേക്ക് പോയി... അവളോട് പറഞ്ഞോട്ടെ ഞാൻ... പ്ലീസ്...."" അവി വിരലുകൾ പതിയെ നെറ്റിയിൽ കൂടി ഓടിച്ചു... ""എല്ലാം ഒന്നും പറയണ്ട.... അവൾക്ക് സഹിക്കാൻ പറ്റില്ല.... ഒരു പാവമാ അത്.... ഞാൻ പറഞ്ഞോളാം എന്റെ കുട്ടിയോട്....""" ശ്രീയുടെ ഒപ്പം പിന്നിലേക്ക് ഇറങ്ങിയപ്പോഴേ കണ്ടു ബഞ്ചിൽ കണ്ണും നിറച്ചു തല താഴ്ത്തി ഇരിക്കുന്ന അല്ലിയെ.... അവി അവൾക്ക് അരികിലായി മുട്ട് കുത്തി ഇരുന്നു... ""ഏട്ടനും ശ്രീയുമൊക്കെ ഒരുപാട് കാര്യങ്ങൾ മറയ്ക്കുന്നതായി മോൾക്ക് തോന്നുന്നുണ്ടോ..."" അവളുടെ താടിയിൽ പിടിച്ചു പതിയെ മുഖമുയർത്തി അവി ചോദിച്ചു.. അതിനവൾ മറുപടി പറഞ്ഞില്ല... ""നോക്കിയേ.... ""അവി ബലമായി മുഖം അവന് നേരെ വച്ചു കണ്ണുകൾ തുടച്ചു കൊടുത്തു... ""മോൾക്ക് ദോഷം വരുന്ന എന്തെങ്കിലും ഏട്ടൻ ചെയ്യും എന്ന് തോന്നുന്നുണ്ടോ.... ""അതിനും മറുപടി ഒന്നും കിട്ടിയില്ല എങ്കിലും മുഖം ഇത്തിരി തെളിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായി.. പക്ഷേ അപ്പോഴും പരിഭവം ബാക്കിയായിരുന്നു.. ""നോക്ക്.... ഏട്ടൻ പറയുന്നത് കേൾക്ക്... മോളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ഒന്നും പറയാതിരുന്നത്... പറയുന്നതൊക്കെ മോൾക്ക് വിഷമം ആകുകയേ ഉള്ളൂ...

"" അല്ലിയുടെ മുഖത്തു വലിയ വ്യത്യാസം ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ ഇനി സത്യം പറയാതെ ഈ പിണക്കം തീരില്ല എന്നവന് തോന്നി... അവിയൊന്ന് ശ്വാസം നീട്ടി എടുത്തു.. ""മോൾക്ക് അറിയാല്ലോ നമ്മുടെ തറവാട്ടിൽ ഗരുഡ ദേവനെ ആരാധിക്കുന്നതയും... മറ്റാർക്കും കൈവശമില്ലാത്ത സർപ്പ വിഷത്തിന്റെ മരുന്ന് കൂട്ടുകൾ ഉള്ളതായിട്ടും.."" അല്ലി അറിയാമെന്ന പോലെ തലയാട്ടി...അപ്പോഴും അവി പറയാൻ വരുന്ന കാര്യങ്ങളെപ്പറ്റിയുള്ള സംശയം മുഖത്തു വ്യക്തമായിരുന്നു.. ""അത് തട്ടിയെടുക്കാനായി പലരും ശ്രമിക്കുന്നുണ്ട് പണ്ട് മുതൽക്കേ... അങ്ങനെ ശ്രമിച്ചവരിൽ ഒരാൾ ആയിരുന്നു മാർത്താണ്ഠൻ.... പക്ഷേ അയാൾ ചെയ്ത ദുഷ്‌ കർമ്മങ്ങളുടെ ഫലമായി സർപ്പശാപത്താൽ ജീവൻ വെടിയേണ്ടി വന്നു അയാൾക്ക്.... അവശേഷിച്ച സ്ത്രീകളെയിം കുട്ടികളെയും നാട് കടത്തി മഹാരാജാവ്...."" ശ്രദ്ധയോടെ അവി പറയുന്ന ഒരോ വാക്കുകളും കേട്ടിരിക്കുകയായിരുന്നു അല്ലി... ഗരുഡ ദേവനെ ആരാധിക്കുന്നു എന്നല്ലാതെ മറ്റൊന്നും അറിയുമായിരുന്നില്ല.. ""അന്ന് നാട് വിട്ട് പോയ മാർത്താണ്ഠന്റെ കുടുംബത്തിലെ അവകാശി ഇപ്പോൾ തിരിച്ചു വന്നിരിക്കുകയാണ്... അവരുടെ ലക്ഷ്യം മരുന്ന് കൂട്ടുകളും താളിയോലയുമാണ്... അതിനായി അവർ കണ്ടെത്തിയ ഇര ശ്രീയും..."" അല്ലിയൊരു ഞെട്ടലോടെ അവിയെയും ശ്രീയെയും മാറി മാറി നോക്കി... കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അവളുടെ... ""ഡോക്..... ഡോക്ടറാണോ ആ ആൾ....."" വിറയൽ കലർന്ന സ്വരത്തിൽ ചോദിച്ചു... അവി മറുപടി പറയാതെ അവളുടെ മുടിയൊന്ന് മാടിയൊതുക്കി നെറുകയിൽ പതിയെ തലോടി.. ശേഷം അതേ എന്ന രീതിയിൽ പതിയെ തല ചലിപ്പിച്ചു....

ശ്വാസം എടുക്കാൻ കഴിയാതെ തറഞ്ഞിരുന്നു പോയി അല്ലി.... കണ്ണുകളിൽ ഇരുട്ട് വന്നു മൂടും പോലെ.... ഒരു വേള ഹൃദയം നിലച്ചു പോയിരുന്നെങ്കിൽ.. എന്നവൾക്ക് തോന്നി.. വിശ്വസിക്കുവാൻ മടി കാട്ടി നിഷേധാർത്ഥത്തിൽ തല രണ്ടു വശത്തേക്കും ചലിപ്പിച്ചു അവൾ... ""ഇ..... ഇല്ല ഏട്ടാ.... ഡോക്ടർ അങ്ങനൊന്നും ചെയ്യില്ല..... പാവമാ...."" അവളവന്റെ ഷർട്ടിന്റെ രണ്ടു കൈകളിലും വിരലുകൾ കൊണ്ട് മുറുക്കെപ്പിടിച്ചു പ്രതീക്ഷയോടെ അവനെ നോക്കി.... ""വെറുതെ പറഞ്ഞതല്ലേ ഏട്ടാ...."" അവിയൊന്നും പറഞ്ഞില്ല.... അവളെ ചേർത്ത് പിടിച്ചു പതിയെ പുറത്ത് തട്ടിക്കൊടുത്തു.... ""നമുക്ക് തോന്നുന്നത് അല്ലേടാ.... അങ്ങനെ ഒന്നും ആകരുതേ എന്ന് പ്രാർത്ഥിക്കാം.... മോള്‌ വിഷമിക്കണ്ട.... ഏട്ടനില്ലേ...."" അല്ലി അവന്റ തോളിലേക്ക് മുഖം പൂഴ്ത്തി.... ആദ്യമായി ദക്ഷിനെ കണ്ടപ്പോൾ മുതലുള്ള കാര്യങ്ങളായിരുന്നു മനസ്സിൽ വന്നത്... ഇങ്ങോട്ട് വന്നു സംസാരിച്ചു സൗഹൃദം സ്ഥാപിച്ചതാണ്.... അപ്പോൾ.... അപ്പോൾ അതെല്ലാം ഈ ലക്ഷ്യത്തിന് വേണ്ടിയിട്ടാണോ.... തന്നെ കരുവാക്കുകയായിരുന്നോ .... ഓർത്തപ്പോൾ നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ തോന്നി അവൾക്ക്.... ഹൃദയം വല്ലാതെ നോവുന്നു... തന്നോട് ഇന്ന് വരെ കാണിച്ച സ്നേഹവും കരുതലും എല്ലാം സ്വന്തം ലക്ഷ്യത്തിന് വേണ്ടി ആയിരുന്നോ..... അതേ... കോമാളി ആയിരുന്നു താൻ.... അയാളുടെ പക വീട്ടാനായി തയ്യാറാക്കിയ നാടകത്തിൽ സ്വന്തം വേഷം പോലും അറിയാതെ ആടി തീർത്ത കോമാളി.... അവളിൽ നിന്നും ഒരേങ്ങൽ പുറത്തു വന്നു.... രണ്ടു കൈകളും അവിയെ ബലമായി ചുറ്റിപ്പിടിച്ചു അവന്റെ തോളിലേക്ക് മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരഞ്ഞു.... സഹിക്കാവുന്നതിലും അപ്പുറമായിരുന്നു കേട്ട സത്യങ്ങൾ എല്ലാം... അവളുടെ കരച്ചിൽ അവസാനിക്കും വരെ അവി പതിയെ പുറത്ത് തട്ടിക്കൊണ്ടിരുന്നു... ശ്രീയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു...

ആദ്യമായിട്ടാണ് ഇതുപോലെ തകർന്ന അവസ്ഥയിൽ അല്ലിയെ കാണുന്നത്.. അവിയെ നോക്കിയപ്പോൾ അവന്റെ കണ്ണുകളും ചെറുതായി കലങ്ങി ഇരിക്കുന്നത് കണ്ടു... അല്ലിയുടെ കരച്ചിൽ ഒന്നടങ്ങി എന്ന് തോന്നിയപ്പോൾ അവി ബലമായി അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുകൾ തുടച്ചു കൊടുത്തു...ചുവന്നു കലങ്ങിയ കണ്ണുകളും മുഖവും കാൺകെ അവന്റെ നെഞ്ചോന്ന് പിടഞ്ഞു.... രാജകുമാരിയായി കൊണ്ട് നടന്നവളാണ്.. ഇതുവരെയും അവളുടെ കണ്ണ് താനായി നിറച്ചിട്ടില്ല... ""ഇപ്പൊ കരഞ്ഞത് കരഞ്ഞു.... ഇനി കരയരുത്... ഏട്ടൻ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ... ഇപ്പൊ എന്റെ അല്ലിമോൾ ഒന്ന് ചിരിച്ചേ..... ഹ്മ്മ്..."" നിർജീവമായ ഒരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി.. ""ഇനിയിപ്പോ ഇന്നിനി ഇവിടെ ഇരിക്കണം എന്നില്ല... മോള്‌ വീട്ടിലോട്ട് പൊയ്ക്കോ... ഏട്ടൻ കൊണ്ട് വിടണോ..."" അവൾ വേണ്ടെന്ന് തലയാട്ടി...അവൻ പതിയെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. അല്ലി പതിയെ ശ്രീയുടെ അടുത്തേക്ക് നടന്നു... ഒരക്ഷരം മിണ്ടാതെ അവളെ ശക്തിയായി കെട്ടിപ്പിടിച്ചു... തോളിലേക്ക് മുഖം പൂഴ്ത്തി കണ്ണുകൾ അടച്ചു നിന്നു... മനസ്സൊന്നു ശാന്തമാകും പോലെ... ""ഞാൻ പൊയ്ക്കോളാം ഏട്ടാ.... ഈ വഴി അങ്ങോട്ട് കയറിയാൽ പോരെ... ഇവിടെ നിന്നാൽ കാണാമല്ലോ... വെറുതെ ജോലി മുടക്കേണ്ട...."" അവൾക്ക് ഒറ്റക്ക് പോകാനാണ് ആഗ്രഹം എന്ന് മനസ്സിലായിരുന്നു അവിക്ക് അവനൊന്നു ചിരിച്ചു... വീട്ടിലേക്ക് കയറും വരെയും അല്ലിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവി.. അവൾ വീട്ടിൽ ചെന്നെന്ന് കണ്ടതും അവൻ ബഞ്ചിലേക്ക് ഇരുന്ന് മുഖം പൊത്തിപ്പിടിച്ചു.. ""അവിയേട്ടാ..."" ശ്രീ ആദ്യം ഒന്ന് മടിച്ചെങ്കിലും പതിയെ അവന്റെ അടുത്തേക്ക് ഇരുന്ന് തോളിൽ കൈ വച്ചു വിളിച്ചു...

അടുത്ത നിമിഷം തന്നെ അവിയുടെ കൈകൾ അവളെ വലയം ചെയ്തിരുന്നു... ചലിക്കാൻ കഴിയാതെ ഇരുന്ന് പോയി ശ്രീ... കാറ്റ് പോലും കടക്കാത്ത അത്രയും ചേർത്തായിരുന്നു അവി കെട്ടിപ്പിടിച്ചത്.. ""അ..... അവിയേട്ടാ..."". ശ്വാസം മുട്ടും എന്ന് തോന്നിയപ്പോൾ മടിച്ചു മടിച്ചു വിളിച്ചു... അവളുടെ സ്വരം കേട്ടപ്പോഴാണ് താൻ ചെയ്ത പ്രവൃത്തിയെക്കുറിച്ചു അവിക്ക് ബോധം വന്നത്... അവനൊരു ജാള്യതയോടെ കൈകൾ പിൻവലിച്ചു നേരെ ഇരുന്നു.. പതിയെ ഒന്ന് മുരടനക്കി... ""അത്...."" ശ്രീയും എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു... അവൾ ചമ്മലോടെ മുഖം കുനിച്ചിരുന്നു... ""സാരമില്ല.... ഇപ്പോഴേ ശീലിക്കുന്നത് നല്ലതാ... കെട്ട് കഴിഞ്ഞു പിന്നെ ബുദ്ധിമുട്ട് ആകണ്ട....""" കാതോരം അവിയുടെ ശബ്ദം കേട്ട് ഞെട്ടിപ്പിടഞ്ഞു നോക്കുമ്പോളേക്കും ഒരു കുസൃതി ചിരിയുമായി അവൻ അകത്തേക്ക് നടന്നിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 എൺപത് വർഷങ്ങൾക്ക് ശേഷം ആട്ടിയോടിച്ച അതേ നാട്ടിലേക്ക് ഒരു മടക്കം.... മഹേന്ദ്രൻ കാലുകൾ മണ്ണിലേക്ക് ഉറപ്പിച്ചു നിന്ന് കണ്ണുകൾ അടച്ചു കൈകൾ വിടർത്തി... അതേ ഗന്ധം.... തന്റെ പകയുടെ ഗന്ധം.... അയാളുടെ വരവിന്റെ പ്രതിഫലനം എന്നത് പോലെ ആകാശത്തു മഴക്കാർ നിറഞ്ഞിരുന്നു... കാർമേഘത്തിന് പിന്നിലൊളിച്ച സൂര്യനെ അയാൾ ഗൂഢമായ ഒരു ചിരിയോടെ നോക്കി.... ""അസ്തമനം ആരംഭിക്കാൻ പോകുകയാണ്.... ഇന്നോളം അനുഭവിച്ചതിനെല്ലാം സ്വന്തം കൈ കൊണ്ട് പരിസമാപ്തി കുറിക്കും മഹേന്ദ്രൻ..."" മുറ്റത്തു ഏതോ വാഹനം വന്നു നിൽക്കും പോലെ തോന്നി.... അല്ലിയാകും എന്ന ആകാംഷയിൽ വെപ്രാളത്തോടെ ചെന്ന് കതക് തുറന്നപ്പോഴാണ് മുറ്റത്തു നിൽക്കുന്ന മുത്തച്ഛനെ ദക്ഷ് കാണുന്നത്.... ഒരു നിമിഷം അവൻ തരിച്ചു നിന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story