അഥർവ്വ: ഭാഗം 23

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

അതേ ഗന്ധം.... തന്റെ പകയുടെ ഗന്ധം.... അയാളുടെ വരവിന്റെ പ്രതിഫലനം എന്നത് പോലെ ആകാശത്തു മഴക്കാർ നിറഞ്ഞിരുന്നു... കാർമേഘത്തിന് പിന്നിലൊളിച്ച സൂര്യനെ അയാൾ ഗൂഢമായ ഒരു ചിരിയോടെ നോക്കി.... ""അസ്തമനം ആരംഭിക്കാൻ പോകുകയാണ്.... ഇന്നോളം അനുഭവിച്ചതിനെല്ലാം സ്വന്തം കൈ കൊണ്ട് പരിസമാപ്തി കുറിക്കും മഹേന്ദ്രൻ..."" മുറ്റത്തു ഏതോ വാഹനം വന്നു നിൽക്കും പോലെ തോന്നി.... അല്ലിയാകും എന്ന ആകാംഷയിൽ വെപ്രാളത്തോടെ ചെന്ന് കതക് തുറന്നപ്പോഴാണ് മുറ്റത്തു നിൽക്കുന്ന മുത്തച്ഛനെ ദക്ഷ് കാണുന്നത്.... ഒരു നിമിഷം അവൻ തരിച്ചു നിന്നു... അവൻ വേഗം തന്നെ മുറ്റത്തേക്ക് ഇറങ്ങി മഹേന്ദ്രന്റെ അടുത്തേക്ക് നടന്നു. ""മുത്തച്ഛനെന്താ ഇന്ന് വന്നത്... മറ്റെന്നാൾ വരുമെന്നല്ലേ പറഞ്ഞിരുന്നത്..."" ദക്ഷ് മടിച്ചു മടിച്ചു ചോദിച്ചു.. മഹേന്ദ്രൻ ഒന്ന് ചിരിച്ചു... കുടിലതയോടെ... ""സമയമായിരിക്കുന്നു ദക്ഷ്.... എന്റെ വരവിനായി കാലം കുറിച്ചിട്ട നേരമാണ് ഇത്... ഇനിയൊരു നിമിഷം പോലും കളയുവാനില്ല... അടുത്ത ആഴ്ച തന്നെ ബലി നടക്കണം... അതിന് മുൻപായി ഗരുഡ ചൈതന്യം അഥർവ്വയെ വിട്ട് പോയിരിക്കണം..."" താൻ ഇത്രയൊക്കെ പറഞ്ഞിട്ടും മൗനമായ് നിൽക്കുന്ന ദക്ഷിനെ മഹേന്ദ്രൻ സൂക്ഷിച്ചു നോക്കി... സാധാരണ എന്ത് പറയുമ്പോളും അഭിപ്രായ പ്രകടനങ്ങളുമായി കൂടെ ഉണ്ടാകാറുണ്ട്.. അവനെന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു... അസ്വസ്ഥമാണ് മനസ്സെന്നും ശ്രദ്ധ ഇവിടെയൊന്നുമല്ലെന്നും ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം.. ""ദക്ഷ്.... "" മഹേന്ദ്രൻ ഉച്ചത്തിൽ വിളിച്ചു...ഒരു സ്വപ്നത്തിൽ എന്നത് പോലെ ഞെട്ടി നോക്കിയവൻ. മുത്തച്ഛന്റെ മുഖത്തെ ഗൗരവവും ദേഷ്യവും കണ്ടപ്പോൾ തല കുനിച്ചു നിന്നു.. ""നിന്നോട് പറഞ്ഞിരുന്നതല്ലേ അനാവശ്യ ചിന്തകൾ ഒന്നും വേണ്ടെന്ന്..."". ഗാംഭീര്യം നിറഞ്ഞ സ്വരത്തിൽ മഹേന്ദ്രൻ ചോദിച്ചപ്പോൾ മറുപടി ഇല്ലാതെ തല താഴ്ത്തി നിന്നു ദക്ഷ്... മുത്തച്ഛനെ എതിർത്തു പറഞ്ഞാൽ സംഭവിക്കാൻ പോകുന്ന ഭവിഷ്യത്തുകളെ പറ്റി നല്ല ധാരണ ഉണ്ടായിരുന്നു.. ""ഹ്മ്മ്.... അകത്തേക്ക് വാ... ദിവസങ്ങൾ മാത്രമേ ഉള്ളൂ ഇനി... അതിന് മുൻപായി ചെയ്തു തീർക്കേണ്ട പല കർമ്മങ്ങളും ബാക്കിയാണ്.."" 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അവി പറഞ്ഞ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ കിടക്കുകയായിരുന്നു അല്ലി...

ഡോക്ടർ ഇന്നലെ രാത്രി വിളിച്ചു അങ്ങനെയൊക്കെ ചോദിച്ചതിൽ സംശയം തോന്നിയിരുന്നു എങ്കിലും എല്ലാം തന്റെ തോന്നൽ ആകണേ എന്ന് ഈ നിമിഷം വരെ പ്രാർത്ഥിച്ചിരുന്നു... എന്നാൽ ഇപ്പോൾ..... തന്റെ കുടുംബം ഇല്ലാതെ ആക്കാൻ വേണ്ടിയിട്ടാണോ അപ്പോൾ ഡോക്ടർ ഇതെല്ലാം ചെയ്തത്... ഇതുവരെ ദക്ഷ് കാണിച്ചതൊക്കെ നാടകമായിരുന്നു എന്ന് ആലോചിക്കുംതോറും നെഞ്ച് വിങ്ങും പോലെ തോന്നി അവൾക്ക്... അത്രമേൽ വിശ്വസിച്ചവനാണ്... പ്രണയം തോന്നിയവനാണ്... പക്ഷേ തന്നെ വെറുമൊരു കോമാളി ആക്കിക്കളഞ്ഞു... അവൾക്ക് സ്വയം പുച്ഛം തോന്നി... ഫോണിൽ നോട്ടിഫിക്കേഷൻ ന്റെ സൗണ്ട് കേട്ടിട്ടാണ് നോക്കുന്നത്... ദക്ഷിന്റെ മെസ്സേജ് ആണ്.... ഇന്ന് രാവിലെ മുതൽ കുറേ തവണ വിളിച്ചിട്ടുണ്ടായിരുന്നു... ഒന്നും എടുത്തിരുന്നില്ല... അല്ലെങ്കിൽ തന്നെ അയാളോട് എന്ത് പറയാനാണ്... """അല്ലി...... പ്ലീസ് എനിക്കൊന്ന് സംസാരിക്കണം... """ മെസ്സേജ് കണ്ടിട്ടും മറുപടി ഒന്നും കൊടുക്കാൻ തോന്നിയില്ല... ഫോൺ സ്വിച്ച് ഓഫ് ചെയ്തു കണ്ണുകൾ അടച്ചു കിടന്നു... അപ്പോഴും ഇനിയും പറയുവാനായി ബാക്കിയായ കഥകൾ പോലെ കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""ദക്ഷ്....."" മുത്തച്ഛൻ ഉച്ചത്തിൽ വിളിക്കുന്നത് കേട്ടിട്ടാണ് അവൻ ഉമ്മറത്തേക്ക് ചെല്ലുന്നത്... ഹാളിലെ തറയിലായി ചമ്രം പടിഞ്ഞു ഇരിക്കുകയായിരുന്നു മഹേന്ദ്രൻ.... മുൻപിലായി ഒരു വലിയ താലത്തിൽ പൂജാ ദ്രവ്യങ്ങൾ എടുത്തു വച്ചിരിക്കുന്നു.... ""അവിടെ ഇരിക്ക്...."" മുന്നിലായി ഇട്ടിരിക്കുന്ന ചെറിയ ഒരു ഇരിപ്പിടം കാട്ടി മഹേന്ദ്രൻ പറഞ്ഞു... ദക്ഷ് എതിർക്കാതെ അവിടേക്ക് ഇരുന്നു... ""ഇനി ഏഴ് ദിവസം മാത്രമേ നമുക്ക് മുൻപിൽ ഉള്ളൂ... ബലിക്ക് മൂന്ന് ദിവസം മുൻപായി ആ കന്യക ഇവിടെ എത്തിയിരിക്കണം.... ഈ മൂന്ന് ദിവസവും നമ്മൾ കൊടുക്കുന്ന ആഹാരമായിരിക്കണം അവൾ കഴിക്കേണ്ടത്.... അതുപോലെ തന്നെ അവളിൽ നിന്നും എടുക്കുന്ന രക്തം ഉപയോഗിച്ച് വേറെയും പൂജകൾ ബാക്കിയുണ്ട്.... അതിന് മുൻപായി ഗരുഡ ദേവന്റെ ചൈതന്യം അവനിൽ നിന്നും വിട്ട് മാറിയിരിക്കണം.... പറയുന്നത് മനസ്സിലാകുന്നുണ്ടോ നിനക്ക്..."" ""ഉവ്വ് മുത്തച്ഛ...."" ദക്ഷ് തലയാട്ടി... അവന്റെ മനസ്സ് അപ്പോഴും പലവിധ ആലോചനകളാൽ ചുറ്റപ്പെട്ടു കിടക്കുകയായിരുന്നു...

""ഹ്മ്മ്..... അതിനായ് രണ്ടു വഴികൾ മാത്രമാണ് നമുക്ക് മുൻപിൽ ഉള്ളത്.... ആദ്യത്തേത് അവൻ കാരണം ഒരു ജീവൻ നഷ്ടപ്പെടണം.... അതും അവന്റെ കൈകൾ കൊണ്ട് തന്നെ... തീർത്തും അസംഭവ്യമായ ഒന്ന് തന്നെയാകും അത്.... അത്രമേൽ ശ്രദ്ധയോടെ എന്തും ചെയ്യുന്നവനിൽ നിന്നും പിഴവുകൾ സംഭവിക്കുക പ്രയാസകരമാണ്.... പക്ഷേ അവനോട് ഒപ്പമുള്ളവർക്ക് പിഴവുകൾ പറ്റും... അതിലൂടെ വേണം അവനിൽ നിന്നും ആ ചൈതന്യത്തെ അടർത്തി മാറ്റാൻ...."" ദക്ഷ് സംശയത്തോടെ നെറ്റി ഒന്ന് ചുളിച്ചു.. മഹേന്ദ്രൻ കുടിലമായ ഒരു ചിരിയോടെ തന്റെ ഒരു വശത്തായി മാറ്റി വച്ചിരിക്കുന്ന തുണി സഞ്ചി കൈയിലേക്ക് എടുത്തു... അതിൽ നിന്നും ഒരു ചില്ല് പാത്രം കൈയിലേക്ക് എടുത്തു... അതിലെ വെളുത്ത പൊടിയിലേക്ക് ദക്ഷ് സംശയത്തോടെ നോക്കി... ""ആയിരത്തി ഒന്ന് ദിവസത്തെ ആഭിചാര കർമ്മം നടത്തിയതിന്റെ ഭസ്മവും ചാരവുമാണ്... ഇത് അവന്റെ ശരീരത്തിന്റെ ഉള്ളിൽ എത്തണം... സ്വാഭാവികമായും അവനിലെ ഭഗവാന്റെ ചൈതന്യത്തിന് അതൃപ്തി ഉണ്ടാകും... പിന്നീടൊരിക്കലും അവനാ ചൈതന്യം തിരികെ ലഭിക്കുകില്ല.... എത്രയൊക്കെ ശ്രമിച്ചാലും ഈ കർമ്മങ്ങളുടെ ഫലം അവനെ വിട്ട് പോകുകയുമില്ല.... ഇതൊരു തുടക്കം മാത്രമാണ്... വൈകുണ്ഠത്തിലെ സർവ്വ നാശത്തിന്റെ തുടക്കം.."" ഒക്കെയൊരു ഞെട്ടലോടെയാണ് ദക്ഷ് കേട്ടിരുന്നത്.... മുത്തച്ഛൻ ഇത്രയ്ക്കും കടന്നു ചെയ്യും എന്ന് വിചാരിച്ചിരുന്നില്ല... ആയിരത്തി ഒന്ന് ദിവസങ്ങൾ.... മൂന്ന് വർഷങ്ങളായി മുത്തച്ഛൻ അവിയിൽ നിന്നുമാ ചൈതന്യത്തെ മാറ്റാൻ വേണ്ടിയുള്ള പൂജയിൽ ആയിരുന്നോ... തന്നോട് പറയാത്തതായി ഇനിയും ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നി അവന്.. ""നീയിതു അഥർവ്വയുടെ സഹോദരി അലംകൃതയുടെ കൈയിൽ ഏൽപ്പിക്കണം....നീയായി കൊടുത്താൽ ഒരിക്കലും അവൻ വാങ്ങി കഴിക്കില്ല... എന്റെ ഊഹം ശെരിയാണെങ്കിൽ ഇതിനകം തന്നെ അവന് സൂചനകൾ കിട്ടി തുടങ്ങിയിരിക്കണം... അതുകൊണ്ട് അവളാണ് നല്ലത്...

എന്താണെന്നൊന്നും ഒരിക്കലും അവൾ അറിയരുത്.... മറ്റെന്തെങ്കിലും പറഞ്ഞു ഇതിൽ കുറച്ചു അവളെ ഏൽപ്പിക്കണം... പായസത്തിലോ മറ്റോ കലർത്തി കൊടുത്തിരുന്നാൽ മതി...."" ദക്ഷ് വെറുതെ ഒന്ന് മൂളിയതേ ഉള്ളൂ.... അവന്റെ നോട്ടം ആ ഭസ്മത്തിൽ തന്നെ തറഞ്ഞിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""അവിയേട്ടാ...."". മരുന്ന് ശാല പൂട്ടാനായി തുടങ്ങുന്ന അവിയുടെ അടുത്തേക്ക് നടന്നു ശ്രീ... അല്ലി നേരത്തെ പോയതുകൊണ്ട് ഇന്ന് അവി കൊണ്ട് വിടാം എന്നായിരുന്നു പറഞ്ഞിരുന്നത്... ""ഹ്മ്മ്... ""അവി അവളെ നോക്കാതെ പൂട്ടുന്നതിനിടയിൽ ഒന്ന് മൂളി... ""അത്.... നമുക്ക്.... ഇപ്പോഴേ പോകണ്ട.... അല്ലിയെ കാണാതെ ഒരു സമാധാനമില്ല... അവളുടെ അടുത്ത് കുറച്ചു നേരം ഇരുന്നിട്ട് പോയാൽ പോരെ.... ""അവൾ മടിച്ചു മടിച്ചു പറഞ്ഞു... അപ്പോഴേക്കും വാതിലിന്റെ താഴിട്ട് അവി മാറിയിരുന്നു.... ""അതെന്തിനാ... നാളെ കണ്ടാൽ പറ്റില്ലേ.... ''"മനപ്പൂർവം മുഖത്തു ഗൗരവം വരുത്തി ചോദിച്ചു... ശ്രീക്ക് വല്ലാത്ത പരുങ്ങൽ തോന്നി... ""പ്ലീസ് അവിയേട്ടാ..."". പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ വീണ്ടും പറ്റിക്കാൻ തോന്നിയില്ല.... ""ഹ്മ്മ്.... ശെരി നടക്ക്..."". ഒരു ചെറിയ ചിരിയോടെ അതും പറഞ്ഞു അവൻ മുന്നിലായി നടന്നു... ""അവിയേട്ടാ..... ""ശ്രീയുടെ സ്വരത്തിലെ വ്യത്യാസം കേട്ടപ്പോൾ എന്തോ പറയാനുണ്ട് എന്ന് തോന്നി അവിക്ക്... അവൻ നടത്തം നിർത്തി അവളെ തിരിഞ്ഞു നോക്കി... ""ഞാൻ.... ഞാനിന്നലെ വീണ്ടും സ്വപ്നം കണ്ടു...."" അവൾ പറയുന്നത് കേട്ട് അവിയുടെ നെറ്റി ഒന്ന് ചുളിഞ്ഞു... ""അന്നത്തെ പോലെയല്ല.... ഞാനൊരു ഇരുട്ട് മുറിയിൽ ആയിരുന്നു.... നിങ്ങളെ ഒക്കെ ഒരുപാട് വിളിച്ചു ഞാൻ.... പക്ഷേ ആരും വന്നില്ല.... എനിക്കൊന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.... ആരോ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.... പക്ഷേ അയാളുടെ മുഖം എനിക്ക്...... അറിയില്ല.... വയസ്സായ ഒരാൾ ആയിരുന്നു.... ഞാൻ..... ഞാനയാളോട് രക്ഷിക്കാൻ പറയുമ്പോൾ അയാൾ അട്ടഹസിച്ചു ചിരിക്കുകയായിരുന്നു..... വീണ്ടും എന്തെങ്കിലും പറയും മുൻപേ അയാളുടെ കൈയിലെ വാൾ എനിക്ക് നേരെ വീശി.....""

പറയുമ്പോൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു അവളെ... ദക്ഷിന്റെ കൂടെയുള്ള ആളെയാകും അവൾ സ്വപ്നം കണ്ടതെന്ന് തോന്നി അവിക്ക്... പക്ഷേ അവനത് പുറമേ പ്രകടിപ്പിച്ചില്ല... ""ബുദ്ധൂസേ.... """ അവനവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.... ""ഞാനിന്നലെ പറഞ്ഞ കഥയൊക്കെ കേട്ട് പേടിച്ചു കിടന്നിട്ട ഇതുപോലുള്ള സ്വപ്‌നങ്ങൾ ഒക്കെ കാണുന്നത്.... അതിനും പേടിക്കാൻ നടക്കുന്നു അവള്..."" ""എനിക്ക് പേടിയാ അവിയേട്ടാ.... സത്യായിട്ടും പേടിയാ.... കണ്ണടയ്ക്കുമ്പോൾ ഇതുപോലുള്ള സ്വപ്നങ്ങളാ... പിന്നെ എന്റെ അച്ഛന്റേം അമ്മേടേം കരച്ചിലും.... എനിക്കെന്തെങ്കിലും പറ്റിയ പിന്നെ അവര്..."". അറിയാതെ ശബ്ദം പലവട്ടം ഇടറി പോയിരുന്നു പറയുമ്പോൾ.. അവിയൊന്ന് ശ്വാസം എടുത്തു അവളോട് ചേർന്ന് നിന്നു.... നിറഞ്ഞു വന്ന കണ്ണുകൾ രണ്ടും അമർത്തി തുടച്ചു... ""ഇവിടെ വച്ചു നിർത്തിക്കോ ശ്രീ ഇതുപോലത്തെ ചിന്തകൾ.... ഞാൻ ഇന്നലെയും നിന്നോട് പറഞ്ഞതാണ്.... അവി ജീവനോടെ ഉള്ള കാലം വരെയും നിനക്ക് ഒന്നും സംഭവിക്കില്ല.... ആ ബലി നടക്കില്ല.... നിന്നെ ആരും ഒന്നും ചെയ്യില്ല.... ഹ്മ്മ്...."" അവൾ മടിച്ചു മടിച്ചു തലയാട്ടി.... വീണ്ടും വിശ്വാസം വരാത്തത് പോലെ വിഷമിച്ചു നിൽക്കുന്ന അവളെ കണ്ടതും അവിയൊന്ന് ശ്വാസം നീട്ടി എടുത്തു... രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം പിടിച്ചടുപ്പിച്ചു മൂക്കിന്റെ തുമ്പിലായി അമർത്തി ചുംബിച്ചു.... കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു അവളുടെ.... അല്പ നിമിഷം കഴിഞ്ഞു വിട്ട് മാറിയപ്പോൾ തന്നെ തന്നെ തുറിച്ചു നോക്കുന്നവളെ നോക്കി അവനൊന്നു ചിരിച്ചു... ""ഇനിയേ..... ഇതുപോലെയുള്ള സ്വപ്‌നങ്ങൾ മനസ്സിലേക്ക് വരുമ്പോൾ ഇപ്പൊ കിട്ടിയത് ഓർത്താൽ മതി... സ്വപ്നമൊക്കെ വന്ന വഴിയേ തിരിച്ചു ഓടിക്കോളും..."" കുസൃതി നിറഞ്ഞ ചിരിയോടെ പറയുന്ന അവിയെ നോക്കി അപ്പോഴും വിശ്വാസം വരാതെ നിൽക്കുകയായിരുന്നു ശ്രീ.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story