അഥർവ്വ: ഭാഗം 24

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം പിടിച്ചടുപ്പിച്ചു മൂക്കിന്റെ തുമ്പിലായി അമർത്തി ചുംബിച്ചു.... കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു അവളുടെ.... അല്പ നിമിഷം കഴിഞ്ഞു വിട്ട് മാറിയപ്പോൾ തന്നെ തന്നെ തുറിച്ചു നോക്കുന്നവളെ നോക്കി അവനൊന്നു ചിരിച്ചു... ""ഇനിയേ..... ഇതുപോലെയുള്ള സ്വപ്‌നങ്ങൾ മനസ്സിലേക്ക് വരുമ്പോൾ ഇപ്പൊ കിട്ടിയത് ഓർത്താൽ മതി... സ്വപ്നമൊക്കെ വന്ന വഴിയേ തിരിച്ചു ഓടിക്കോളും..."" കുസൃതി നിറഞ്ഞ ചിരിയോടെ പറയുന്ന അവിയെ നോക്കി അപ്പോഴും വിശ്വാസം വരാതെ നിൽക്കുകയായിരുന്നു ശ്രീ.. ""എന്താടി മിഴിച്ചു നോക്കി നിൽക്കുന്നത് അല്ലിയെ കാണണ്ടേ... എന്നിട്ട് വേണം നിന്നെ തിരികെ വീട്ടിൽ കൊണ്ട് വിടാൻ...."" നിമിഷങ്ങൾ കഴിഞ്ഞിട്ടും കണ്ണ് വെട്ടാതെ നോക്കി നിൽക്കുന്ന അവളുടെ തലയിൽ ചിരിയോടെ ഒരു കൊട്ട് കൊടുത്തിട്ട് അവി മുന്നോട്ട് നടന്നു... പിന്നാലെ ഇപ്പോഴും സംശയത്തോടെ മുഖം വീർപ്പിച്ചു നടന്നു വരുന്ന ശ്രീയെ കാണുംതോറും അവനിലെ ചിരിയുടെ തിളക്കം വർധിച്ചിരുന്നു... മുറിയിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു കട്ടിലിലായി കമിഴ്ന്നു കിടക്കുന്ന അല്ലിയെ... ഫോൺ കട്ടിലിൽ തന്നെ അലക്ഷ്യമായി ഇട്ടിരിക്കുന്നു... അല്ലെങ്കിൽ എപ്പോഴും ഫോണിന്റെ അടുത്ത് നിന്ന് മാറാത്ത പെണ്ണാണ്.. കണ്ണടച്ചു കിടക്കുന്ന അവളെ അവി പതിയെ തട്ടി വിളിച്ചു... കരഞ്ഞു വീർത്ത കണ്ണുകൾ കാണുംതോറും ഇപ്പോൾ അറിഞ്ഞ സത്യങ്ങൾ അവളെ എത്രത്തോളം വേദനിപ്പിച്ചു എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.. ""ദേ... ഇങ്ങനെ കരഞ്ഞു കുളമാക്കും എന്ന് അറിയാവുന്നതുകൊണ്ടാ ഏട്ടനൊന്നും പറയാതെ ഇരുന്നത്.."". അവി അവളുടെ രണ്ടു കണ്ണുകളും തുടച്ചു പറഞ്ഞു..മങ്ങിയ ഒരു പുഞ്ചിരി മാത്രമായിരുന്നു തിരികെ കിട്ടിയത്.. ""പെട്ടെന്ന് കേട്ടപ്പോൾ എല്ലാം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല ഏട്ടാ... അത്രേ ഉള്ളൂ... എനിക്ക് കുഴപ്പമൊന്നുമില്ല..""

""ഹ്മ്മ്... ഇനി പറയുന്ന കാര്യങ്ങൾ രണ്ടാളും കേൾക്കണം... ""അവിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു... ""ഞാനീ കാര്യങ്ങൾ ഒക്കെ നിങ്ങളോട് പറഞ്ഞു എന്നോ... നിങ്ങൾക്ക് സത്യം അറിയാം എന്നോ ഒരിക്കലും ദക്ഷ് അറിയരുത്... ഇതുവരെ എങ്ങനെയാണോ അവനോട് പെരുമാറിയത്... അതുപോലെ തന്നെ തുടർന്നും ചെയ്യുക... എങ്കിൽ മാത്രമേ ബലി ദിവസം വരെ അവൻ കാത്തിരിക്കുകയുള്ളൂ.... കേട്ടോ...."" അവി പറഞ്ഞതും രണ്ടാളും മനസ്സിലായത് പോലെ തലയാട്ടി.. അല്ലിയുടെ നെറുകയിൽ ഒന്ന് തലോടി അവി പുറത്തേക്ക് ഇറങ്ങി.. ""നിങ്ങൾ രണ്ടാളും കുറച്ചു നേരം സംസാരിക്ക്.. ഞാൻ പൂജാ മുറിയിൽ ഉണ്ടാകും..."" അല്ലിയുടെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് എന്തൊക്കെയോ ശ്രീയോട് പറയാനുണ്ട് എന്ന് അവന് തോന്നിയിരിന്നു.. അവി പുറത്തേക്ക് ഇറങ്ങിയതും അല്ലി ശ്രീയുടെ മടിയിലേക്ക് ചാഞ്ഞു.... ""എങ്കിലും എന്നോട് എന്തിനായിരുന്നു ശ്രീ..... വിശ്വസിച്ചിട്ടല്ലേ ഉള്ളൂ ഞാൻ ഇതുവരെ.... സ്നേഹിച്ചിട്ടല്ലേ ഉണ്ടായിരുന്നുള്ളൂ...."" ഇടർച്ചയോടെ പറഞ്ഞുകൊണ്ട് അവൾ ശ്രീയുടെ മടിയിൽ മുഖം ഒളിപ്പിച്ചു കിടന്നു.. ""അയ്യേ..... ഇത്രേ ഉള്ളൂ എന്റെ അല്ലിക്കുട്ടി... നമുക്ക് എല്ലാം ശെരിയാക്കാമെന്നെ... ഈ ബലി ദിവസം ഒന്ന് കഴിയട്ടെ അയാളെ പിടിച്ചു കെട്ടി മുന്നിൽ കൊണ്ട് വന്നു നമുക്ക് പകരം ചോദിക്കാം..."" വലിയ കാര്യം പോലെ ഗൗരവത്തിൽ പറയുന്ന ശ്രീയെ കണ്ടതും അല്ലിയിൽ ഒരു ചെറിയ ചിരി വിടർന്നിരുന്നു... വീട്ടിലേക്ക് പോകാനായി ശ്രീ ഇറങ്ങുമ്പോഴേക്കും അതുവരെ ഉണ്ടായിരുന്ന തന്റെ വിഷമമൊക്കെ കുറഞ്ഞതായി തോന്നി അല്ലിക്ക്... അല്ലെങ്കിലും പണ്ട് മുതൽക്കേ അങ്ങനെയാണ്.. അവളോട് സംസാരിച്ച തീരാത്ത വിഷമം ഇല്ല.. ശ്രീ പോയിട്ട് കുറച്ചു നേരം കഴിഞ്ഞതും വീണ്ടും ഫോൺ ബെല്ലടിക്കുന്നത് കേട്ടു.. ഡോക്ടറാണ് .... ഇതിനകം തന്നെ മുപ്പതിൽ അധികം മിസ്സ്ഡ് കാളുകൾ ഫോണിൽ ഉണ്ടായിരുന്നു...

ഫോണോന്ന് എടുക്കാൻ കഴിയാതെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു എങ്കിലും ഏട്ടൻ പറഞ്ഞതൊക്കെ ഓർത്തപ്പോൾ ഇനിയും എടുക്കാതെ ഇരുന്നാൽ അയാൾക്ക് സംശയം തോന്നുകയെ ഉള്ളോ എന്ന് വിചാരിച്ചു മടിയോടെ അറ്റൻഡ് ചെയ്തു... ""അല്ലി.... പേടിപ്പിച്ചല്ലോ മനുഷ്യനെ... എത്ര നേരമായി ഞാൻ വിളിക്കുന്നു... എന്താ ഫോൺ എടുക്കാതിരുന്നത്...."" ഹലോ പോലും പറയും മുൻപ് ശരവേഗത്തിൽ ഇങ്ങോട്ടേക്കു വന്ന മറുപടികൾ.. ""കുറച്ചു തിരക്കായിരുന്നു ഡോക്ടറെ... എന്താ പറ്റിയെ... എന്തെങ്കിലും പ്രശ്നമുണ്ടോ.."" ശബ്ദത്തിലെ പതർച്ച പുറത്ത് വരാതെയിരിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു. ""എ.... ഏയ് ഒന്നുമില്ലെടോ.."" മറുവശത്തെ സ്വരം ഒന്ന് ശാന്തമായത് പോലെ... ""എനിക്കൊന്ന് സംസാരിക്കണമായിരുന്നു.... നേരിട്ട്..."" പറയുമ്പോൾ അവന്റെ സ്വരം നന്നേ നേർത്തിരുന്നു... ഇല്ലെന്ന് പറയാൻ ഒരു നൂറാവർത്തി മനസ്സ് ശഠിക്കുമ്പോഴും എന്തോ ഒരു കാരണം പിന്നിലേക്ക് വലിച്ചുകൊണ്ടിരുന്നു... ഒടുവിൽ ദക്ഷിനു സംശയം തോന്നരുത് എന്ന അവിയുടെ വാക്കുകൾ കൂടി ആയപ്പോൾ അല്പം മടിച്ചിട്ടാണ് എങ്കിലും സമ്മതം മൂളി... ""മ്മ്.... ഞാൻ വൈകുന്നേരം അമ്പലത്തിൽ പോകുന്നുണ്ട്.. ഡോക്ടർ അങ്ങോട്ടേക്ക് വന്നാൽ മതി..."" മറുവശത്തു നിന്നും സമ്മതം കേട്ടപ്പോഴേക്കും കാൾ കട്ട്‌ ചെയ്തിരുന്നു... കട്ടിലിലേക്ക് വീണ്ടും ഒരിക്കൽ കൂടി കണ്ണുകൾ അടച്ചു ചാഞ്ഞു കിടക്കുമ്പോൾ മനസ്സിൽ നിർവികാരത മാത്രമായിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കൈയിലെ ഫോണിലേക്ക് ദക്ഷ് ആശ്വാസത്തോടെ നോക്കി.... ഇന്നെങ്കിലിം അവളോട്‌ സത്യങ്ങൾ തുറന്നു പറയണം.... ഇനിയും വയ്യാ ഇങ്ങനെ... തന്നോട് വെറുപ്പാകുമായിരിക്കും... പക്ഷേ ഇങ്ങനെ ഒരോ നിമിഷവും കുറ്റ ബോധത്താൽ നീറുന്നതിലും നല്ലത് അത് തന്നെയാണ്... ""എന്തായി അവൾ വരുമോ....""

പിന്നിൽ നിന്നും മുത്തച്ഛന്റെ ഗൗരവത്തോടെയുള്ള ശബ്ദം കേട്ടു. വരുമെന്ന് തലയാട്ടി... ""ഹ്മ്മ്..... മറക്കണ്ട ആ ഭസ്മം കൊടുക്കാൻ.... പായസത്തിൽ കലർത്തി വച്ചിട്ടില്ലേ...."" ""ഉവ്വ് മുത്തച്ഛ...."" ""ഹ്മ്മ്... ""ഒന്ന് മൂളി മഹേന്ദ്രൻ പുറത്തേക്ക് നടന്നതും ദക്ഷ് പായസം ഭദ്രമായി പൊതിഞ്ഞു വച്ചിരിക്കുന്ന പൊതിയിലേക്ക് നോക്കി.... അവനിൽ ഒരു ചിരി വിടർന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 തൊഴുതിട്ട് ഇറങ്ങിയ ശേഷം അല്ലി ചുറ്റും ഒന്ന് കണ്ണോടിച്ചു... ദക്ഷിന്റെ കാർ ആലിന്റെ കുറച്ചു ദൂരെയായി പാർക്ക്‌ ചെയ്തിട്ടുണ്ട്... പക്ഷേ ആളെ കാണുന്നില്ല... സംസാരിക്കാനുണ്ട് എന്ന് പറഞ്ഞതുകൊണ്ട് കുളത്തിന്റെ അടുത്ത് നിൽക്കുകയായിരുന്നോ എന്നൊരു സംശയം തോന്നിയിരുന്നു... അങ്ങോട്ടേക്ക് ചെന്നപ്പോൾ കണ്ടു കൈയിലെ പൊതിയിൽ നിന്നും കുറേശ്ശേ കുറേശ്ശേ കുളത്തിലെ മീനുകൾക്ക് ഇട്ട് കൊടുക്കുന്ന ദക്ഷിനെ.... അടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ കണ്ടു ശർക്കര പായസമാണ്... അത് കഴിക്കാതെ മീനുകൾക്ക് കൊടുക്കുന്നത് കണ്ടപ്പോൾ നെറ്റി ഒന്ന് ചുളിഞ്ഞു... ""എന്തിനാ കാണണം എന്ന് പറഞ്ഞത്...."" മുഖവുരയൊന്നും ഉണ്ടായിരുന്നില്ല... മുൻപായിരുന്നെങ്കിൽ ഡോക്ടറെ എന്ന് വിളിച്ചു അടുത്തേക്ക് ഇരിക്കുമായിരുന്നു താൻ... പക്ഷേ ഇന്നിപ്പോൾ രണ്ടാൾക്കും ഇടയിൽ വല്ലാത്തൊരു അകലം രൂപപ്പെട്ടത് പോലെ.. കൈയിലെ വാഴയിലയിൽ പൊതിഞ്ഞ പായസം മുഴുവനായും വെള്ളത്തിലേക്ക് ഇട്ട് കൊടുത്തു ദക്ഷ് വെപ്രാളത്തോടെ എഴുന്നേറ്റു.. അന്നാദ്യമായി അവളുടെ മുഖത്തേക്ക് നോക്കാൻ അവന് വല്ലാത്ത പ്രയാസം തോന്നി... കുറ്റബോധം കാരണം ശിരസ്സ് കുനിഞ്ഞിരുന്നു... ദീർഘ നേരത്തെ ശ്രമത്തിനോടുവിൽ മുഖമുയർത്തി നോക്കിയപ്പോഴാണ് കരഞ്ഞു ചുവന്ന അവളുടെ കണ്ണുകളും ഗൗരവം മുറ്റിയ മുഖവും കാണുന്നത്.. ഒരു നിമിഷം ഒന്ന് പതറിപ്പോയി എങ്കിലും കണ്ണടച്ചു ധൈര്യം സംഭരിച്ചു...

""അല്ലി...... താൻ.... താൻ വിചാരിക്കുന്നത് പോലെ ഒരാളല്ല ഞാൻ.... ഇത്രയും നാൾ.... ഞാൻ.... തന്നെ ച... ചതിക്കുവായിരുന്നു...."" കണ്ണുകൾ അടച്ചു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.. ശേഷം അവളെ നോക്കിയപ്പോഴും ആ മുഖത്തു ഞെട്ടലൊന്നും കണ്ടിരുന്നില്ല... കരഞ്ഞു ചുവന്ന കണ്ണുകൾ ഇപ്പോൾ ദേഷ്യത്തിന്റെ ആവരണം അണിഞ്ഞിരിക്കുന്നു.. ""ഞാൻ.... ഞാനീ നാട്ടിലേക്ക് വന്നത്..."" അവളുടെ മുഖത്തേക്ക് നോക്കി പറയാനുള്ള ശക്തി ഉണ്ടായിരുന്നില്ല... തല കുനിച്ചു പറഞ്ഞു തുടങ്ങി.. """എന്റെ ശ്രീയെ കൊല്ലാൻ വേണ്ടിയിട്ട്..... അല്ലെ.... ""ദേഷ്യം കൊണ്ട് വിറയ്ക്കുമ്പോഴും ശബ്ദം ഇടറിയിരുന്നു... തല കുനിച്ചു നിന്നതേ ഉള്ളൂ ദക്ഷ്.... അവളെ നോക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല... അവളിൽ സംശയങ്ങൾ മുളപൊട്ടി തുടങ്ങി എന്ന് തോന്നിയിരുന്നു എങ്കിലും ഒരിക്കലും ഇത്ര വേഗം സത്യങ്ങൾ അറിയും ന്ന് പ്രതീക്ഷിച്ചിരുന്നില്ല. ""എന്ത്... തെറ്റായിരുന്നു ഞാൻ ഡോക്ടറോട് ചെയ്തത്.... ഇങ്ങനെ ഒരു കോമാളിയാക്കാൻ.... ഇത്രയും നാളുകളായി ഒന്നും അറിയാതെ നിങ്ങൾ എഴുതിയ നാടകത്തിലെ വേഷം ആടിത്തീർക്കുകയായിരുന്നു ഞാൻ..."" അവനൊന്നും മിണ്ടിയില്ല... അല്ലെങ്കിലും പറയുവാനായി സത്യങ്ങളൊന്നും ബാക്കിയായിരുന്നില്ല... തലയും കുനിച്ചു ഒന്നും മിണ്ടാതെ കൈ മുഷ്ടികൾ രണ്ടും ചുരുട്ടി പിടിച്ചു നിൽക്കുന്ന ദക്ഷിനെ അവളൊരു പുച്ഛത്തോടെ നോക്കി... ""ഇഷ്ടമായിരുന്നു എനിക്ക് നിങ്ങളെ.... ഒരോ തവണയും നിങ്ങൾ ഒഴിവാക്കിയപ്പോളും പിന്നാലെ വന്നതും ആ ഒരൊറ്റ കാരണം കൊണ്ട...."" ദക്ഷ് മുഖമുയർത്തി അവളെ നോക്കി.... അവന്റെ കൺപീലികൾ നനഞ്ഞിരുന്നു....അവ തീർക്കുന്ന മറയ്ക്കിടയിലൂടെ അവളുടെ മുഖമാകെ ഒന്ന് കണ്ണോടിച്ചു.... സ്നേഹത്തിന്റെ ഒരു കണികയെങ്കിലും ആ കണ്ണുകളിൽ ആർത്തിയോടെ തിരഞ്ഞു.... പക്ഷേ.... അവ ശൂന്യമായിരുന്നു.... . അവനൊരു തളർച്ചയോടെ കണ്ണുകൾ അടച്ചു.... താൻ തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു.... "" പക്ഷേ......ഇന്ന്..."". അവളൊന്ന് നിർത്തി... ""എന്നോട് തന്നെ പുച്ഛം തോന്നുന്നു എനിക്ക്....

നിങ്ങളെ പോലെ ഒരാളെ സ്നേഹിച്ചതിനു.... വിശ്വസിച്ചതിന്....."" പറയുമ്പോൾ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികളെ അവൾ വാശിയോടെ തുടച്ചു മാറ്റി... ""പക്ഷേ.... ഇനി ഇല്ല.... അലംകൃത ജഗന്നാഥനെ സംബന്ധിച്ച് ദക്ഷ് എന്നൊരു വ്യക്തി മരണപ്പെട്ടു.... ഇപ്പോൾ ഈ നിമിഷം.... നിങ്ങളോടുണ്ടായിരുന്ന എന്റെ സ്നേഹവും അതോടൊപ്പം തന്നെ മണ്ണടിഞ്ഞു... ഒരല്പമെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ എന്റെ ശ്രീയെ എങ്കിലും നിങ്ങൾ വെറുതെ വിടണം...."" പിന്നീടൊരു നോട്ടം പോലും നൽകാതെ അവൾ തിരിഞ്ഞു നടക്കുമ്പോഴും അവൻ അതേ നിൽപ്പ് തുടർന്നു.... കണ്ണിൽ നിന്നും അവസാനത്തെ തുള്ളി കണ്ണുനീരും ഇറ്റ് വീഴും വരെ തല ഉയർത്താതെ.... അങ്ങനെ... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കുളി കഴിഞ്ഞു മുടിയിലെ വെള്ളം ഒപ്പിയെടുത്തു നടന്നു വരികയായിരുന്നു ശ്രീ... ജോലി കഴിഞ്ഞു വന്നാൽ ഉടനെ പതിവുള്ളതാണ്... ആകെ വിയർത്തു കുളിച്ചാകും വരുന്നത്... അവൾ മുടിയിൽ നിന്നും തോർത്ത്‌ അഴിച്ചു മാറ്റി സ്റ്റാൻഡിലേക്ക് വിടർത്തി ഇട്ടു... കണ്ണാടിയുടെ മുൻപിൽ പോയി മുടിയൊന്ന് നന്നായി വിടർത്തി ഇട്ടപ്പോഴാണ് അടുത്തായി കിടക്കുന്ന കലണ്ടർ ലേക്ക് നോട്ടം ചെന്നത്... ""ശോ... ഇന്ന് പക്കപ്പിറന്നാൾ ആയിരുന്നല്ലോ...."". എല്ലാ മാസവും ഈ ദിവസം കുന്നിൻ മുകളിലുള്ള കാവിൽ മഞ്ഞൾ വാങ്ങി കൊടുക്കാറുണ്ട്... മുടക്കം വരുത്തിയിട്ടില്ല ഇതുവരെ.. സാധാരണ തനിക്ക് പറ്റിയില്ല എങ്കിൽ അമ്മയാകും പോകുന്നത്.. ഇത്തവണ അമ്മ മറന്നു എന്ന് തോന്നുന്നു.. അവൾ സമയം നോക്കി... അഞ്ചു മണി ആയിട്ടേ ഉള്ളൂ... ഇന്ന് ശനിയാഴ്ച ആയതുകൊണ്ട് നേരത്തെ മരുന്നുശാല അടച്ചിരുന്നു...

ഫോണെടുത്തു വേഗം അല്ലിയെ വിളിച്ചു... ബെല്ലടിക്കുന്നുണ്ട് എന്നല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല... നടക്കാനാണ് എങ്കിലും ഇവിടെ നിന്ന് പതിനഞ്ചു മിനിറ്റ് ദൂരമേ ഉള്ളൂ... ഇപ്പോൾ പോയാൽ ഇരുട്ടും മുൻപ് തിരികെ എത്താം.. അമ്മയും അച്ഛനും ജോലി കഴിഞ്ഞു വരാറാകുന്നതേ ഉള്ളൂ... അമ്മ വന്നാൽ പേടിക്കാതിരിക്കാൻ വേണ്ടി കാവിലേക്ക് പോകുന്നു എന്ന് ഫോണിൽ ഒരു മെസ്സേജ് അയച്ചിട്ടു... വേഗം ഒരുങ്ങി ഇറങ്ങുന്നതിന്റെ ഇടയ്ക്കും അല്ലിയെ പല തവണ വിളിച്ചു... നടന്നു തുടങ്ങിയപ്പോളാണ് അവിയേട്ടൻ സൂക്ഷിക്കണം എന്ന് പറഞ്ഞതൊക്കെ ഓർമ്മയിൽ വന്നത്.. പക്ഷേ ഇനിയും കുറച്ചു ദിവസങ്ങൾ കൂടി ബാക്കിയാണല്ലോ അവിയേട്ടൻ പറഞ്ഞ ദിവസത്തിന് എന്നൊരു ധൈര്യം ഉണ്ടായിരുന്നു... തന്നെയുമല്ല ഈ നാട്ടിൽ ഉള്ളവർക്കല്ലാതെ ഇങ്ങനെയൊരു കാവിനെ പറ്റി ആർക്കും അറിയില്ല .... ഡോക്ടറുടെ വീടിന്റെ അടുത്ത് കൂടി അല്ലാത്തതുകൊണ്ട് അവരൊട്ട് കാണാനും വഴിയില്ല എന്ന് സ്വയം ആശ്വസിച്ചു മുന്നോട്ട് നടന്നു. ഒരു ചെറിയ പുഞ്ചിരിയും ചുണ്ടിൽ ഒളിപ്പിച്ചു കാവിലേക്കുള്ള വഴി മെല്ലെ കയറി പോകുന്ന പെണ്ണിനെ ഒരു പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു മഹേന്ദ്രൻ തനിക്ക് മുൻപിലെ ജലത്തിലൂടെ... അത്രമേൽ ആഗ്രഹിച്ചതെന്തോ കൈപ്പിടിയിൽ ഒതുങ്ങാൻ പോകുന്നു എന്ന പോലെ അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story