അഥർവ്വ: ഭാഗം 25

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

ഒരു ചെറിയ പുഞ്ചിരിയും ചുണ്ടിൽ ഒളിപ്പിച്ചു കാവിലേക്കുള്ള വഴി മെല്ലെ കയറി പോകുന്ന പെണ്ണിനെ ഒരു പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു മഹേന്ദ്രൻ തനിക്ക് മുൻപിലെ ജലത്തിലൂടെ... അത്രമേൽ ആഗ്രഹിച്ചതെന്തോ കൈപ്പിടിയിൽ ഒതുങ്ങാൻ പോകുന്നു എന്ന പോലെ അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി... തിടുക്കത്തോടെ വേഷ്ടി മാറി ഇറങ്ങുമ്പോൾ അയാളുടെ ചുവടുകൾക്ക് ഇതുവരെ ഉണ്ടായിരുന്നതിലും ഉറപ്പുണ്ടായിരുന്നു.. ഉന്മാദത്തോടെ ചുവടുകൾ വച്ചായാൾ മുന്നോട്ട് നടന്നു.. വീടിന്റെ പുറത്തേക്ക് ഇറങ്ങിയതും കണ്ടു ഇനി സംഭവിക്കാൻ പോകുന്നത് ഇഷ്ടപ്പെടാത്തത് പോലെ ഇരുണ്ടു മൂടിയ ആകാശത്തെയും അന്യോന്യം ബഹളമുണ്ടാക്കി ചിറകടിച്ചു പറക്കുന്ന പക്ഷികളെയും. അയാളുടെ ചുണ്ടിൽ പുച്ഛം മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.. ഇത്രയും വർഷത്തെ കാത്തിരിപ്പിന്റെ അകലം കുറഞ്ഞിരിക്കുന്നു... ""ദക്ഷ്......"" മഹേന്ദ്രൻ ഉച്ചത്തിൽ വിളിച്ചു... പ്രതികരണമൊന്നും കിട്ടാതെയായപ്പോൾ അയാൾ അസ്വസ്ഥതയോടെ മുഖം ഒന്നമർത്തി തുടച്ചു അവന്റെ മുറിയിലേക്ക് നടന്നു.. ജനാലയോട് ചേർന്നുള്ള ചാരു കസേരയിൽ കണ്ണുകൾ അടച്ചു കിടക്കുന്നവനെ കണ്ടു അയാളുടെ നെറ്റി ഒന്ന് ചുളിഞ്ഞു... വാതിലിൽ ഉച്ചത്തിൽ തട്ടി ശബ്ദമുണ്ടാക്കി.. "'നിന്നെ വിളിച്ചത് കേട്ടില്ല എന്നുണ്ടോ.... അതോ അനുസരണക്കേട് കാട്ടാനാണോ ഭാവം.."". ഉറക്കെ ചോദിച്ചതും സ്വപ്നത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്നു ദക്ഷ്. മിഴികളിൽ തളം കെട്ടിയ കണ്ണുനീർ തുള്ളികൾ മുത്തച്ഛൻ കാണാതിരിക്കാൻ വേണ്ടി തല കുനിച്ചു നിന്നു.. "" ഒന്ന് മയങ്ങി പോയിരുന്നു മുത്തച്ഛ.... വിളിച്ചത് കേട്ടിരുന്നില്ല..."" പറഞ്ഞൊപ്പിക്കുമ്പോൾ ഗൗരവത്തോടെയുള്ള മൂളൽ കേട്ടു.. ""എങ്കിൽ സമയം കളയാതെ കാർ എടുക്ക്വ.... നടന്നു അവിടെ വരെ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.... വേഗം... ""

അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞിട്ട് മഹേന്ദ്രൻ മുറ്റത്തേക്ക് ഇറങ്ങി.. കാര്യം എന്താ എന്ന് മനസ്സിലായില്ലെങ്കിലും അവനൊന്നു മുഖം കഴുകി വേഗത്തിൽ തന്നെ മുറ്റത്തേക്ക് ഇറങ്ങി. കാറിൽ ഇരിക്കുമ്പോഴും മുത്തച്ഛൻ ഒന്നും പറഞ്ഞിരുന്നില്ല.... അന്ന് യജ്ഞശാലയിലെ മാന്ത്രിക തളികയിൽ കാട്ടിത്തന്ന കാവിലേക്ക് പോകാനായി പറഞ്ഞു.... മുത്തച്ഛൻ ശ്രീയുടെ രൂപം അന്നാദ്യമായിട്ടാണ് കാട്ടി തന്നത്.... കാവിലേക്കുള്ള കയറ്റം പതിയെ കയറുകയായിരുന്നു അവൾ.... വീശിയടിക്കുന്ന കാറ്റിലും മുന്നോട്ട് പാവാട വിടർത്തിപ്പിടിച്ചു നടക്കുന്നവളെ കണ്ടപ്പോൾ അന്ന് ലക്ഷ്യം നേടാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു.... എന്നാൽ ഇന്നിപ്പോൾ ഉള്ളിൽ ഭയം നിറയുന്നു.... ശ്രീയേക്കാൾ ഉപരി അല്ലിയുടെ മുഖമാണ് വേദനിപ്പിക്കുന്നത്.... ആ കണ്ണുകളിൽ കാണുന്ന തന്നോടുള്ള വെറുപ്പ്... അതിലും ഭേദം മരണമാണെന്ന് തോന്നി... കാർ കുന്നിന്റെ ചരുവിലായി ഒതുക്കിയതും മഹേന്ദ്രൻ ആവേശത്തോടെ പുറത്തേക്ക് ഇറങ്ങി.... "'എന്റെ പിന്നാലെ വന്നാൽ മതി നീ.... നടക്കുമ്പോൾ ശബ്ദമുണ്ടാകാതെ സൂക്ഷിക്കണം.."'. ദക്ഷിനെ നോക്കി ഗൗരവത്തിൽ പറഞ്ഞിട്ട് അയാൾ മുന്നോട്ട് നടന്നു.. ഇടയ്ക്കിടെ ആളുകൾ വരുന്ന വഴി തന്നെ ആയതുകൊണ്ട് വലിയ പ്രയാസം ഉണ്ടായിരുന്നില്ല കയറാൻ.... കയറി പോകുന്ന വഴികളിലൊന്നും ഒരു വീട് പോലും കാണാതെ ഇരുന്നപ്പോൾ അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു... ഒരുപാട് മുകളിലേക്ക് ചെല്ലും മുൻപ് തന്നെ കണ്ടു നടന്നു വന്ന വഴിയുടെ ഓരത്തായി അല്പം മാറിയൊരു കാവ്.... നാഗ പ്രതിഷ്ഠ ക്ക് മുൻപിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്ന ശ്രീയെ കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി.. പക്ഷേ അടുത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല... എത്രയൊക്കെ രക്ഷയുടെ കവചവും സംരക്ഷണവും ഉണ്ടെന്ന് പറഞ്ഞാലും നാഗ പ്രതിഷ്ഠയുടെ അടുത്തേക്ക് പോകാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല..

ഇതൊന്നും അറിയാതെ നാഗ ദൈവങ്ങളോട് കണ്ണടച്ചു പരിഭവങ്ങൾ പറയുകയായിരുന്നു ശ്രീ.... ""ഹോ....ഈ അല്ലിപ്പെണ്ണിന് ഫോൺ എടുക്കാതിരിക്കാൻ കണ്ട സമയം.... വന്നപ്പോൾ നല്ല ധൈര്യം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ചെറിയ പേടിയൊക്കെ തോന്നുന്നുണ്ട് കേട്ടോ.... വേറൊന്നുമല്ല... നിങ്ങളുടെ ഒക്കെ അവിമോൻ മിക്കവാറും ഇന്നെന്നെ കൊല്ലുന്ന ലക്ഷണമാ....''"'അവൾ മുഖം കൂർപ്പിച്ചു പരിഭവം പറഞ്ഞു.. നേരം സന്ധ്യയോട് അടുക്കുന്നത് കണ്ടപ്പോൾ കൈയിലെ നാണയതുട്ടുകൾ കാണിക്ക വഞ്ചിയിലേക്കിട്ട് കൊണ്ട് വന്ന മഞ്ഞൾ ചെറുതായി നെറ്റിയിലേക്ക് തൊട്ടു.. ഒന്ന് കൂടി കണ്ണടച്ചു പ്രാർത്ഥിച്ചിട്ട് പതിയെ നടക്കാൻ തുടങ്ങി... കാവിലേക്കുള്ള വഴി കഴിഞ്ഞു താഴേക്ക് ചുവട് വച്ചതും പെട്ടെന്നെന്തോ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി മുന്നിലേക്ക് ചാടി വീണു... ""ആആാാാാ...."" അലറിക്കൊണ്ട് പിന്നാക്കം വീണു പോയി ശ്രീ..... മുന്നിലുള്ള ആ രൂപത്തെ കാണുംതോറും ഉള്ളിലേക്ക് ഭയം ഇരച്ചു കയറുന്നു... നരച്ച ജട പിടിച്ച മുടിയും കാഷായ വസ്ത്രവും ധരിച്ച അയാളെ അവൾ പേടിയോടെ നോക്കി... പുകയിലയുടെ കറുപ്പ് നിറമണിഞ്ഞ പല്ലുകൾ കാട്ടി അയാൾ ചിരിക്കുമ്പോൾ അവി പറഞ്ഞു തന്നതൊക്കെ ഉള്ളിലേക്ക് തികട്ടി വന്നു... എഴുന്നേറ്റു നിൽക്കുമ്പോളേക്കും അയാൾ ഉച്ചത്തിൽ അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരിന്നു.... അവൾ പേടിയോടെ ഉമിനീർ ഇറക്കി... തനിയെ വരാൻ തോന്നിയ നിമിഷത്തെ മനസ്സാൽ ശപിച്ചു തിരിഞ്ഞോടാൻ ശ്രമിക്കുമ്പോഴാണ് തനിക്ക് പിന്നിലായി നിൽക്കുന്ന ദക്ഷിനെ കാണുന്നത്.. ഒരു നിമിഷം തലയാകെ മരവിച്ചത് പോലെ തോന്നി... ഇത്രയും നാൾ ഭയപ്പെട്ടതെന്തോ അത് സംഭവിക്കാൻ പോകുന്നു.... ഇത്രയും കാലം കണ്ട സ്വപ്നങ്ങളും അവി പറഞ്ഞ സത്യങ്ങളുമൊക്കെ മനസ്സിലൂടെ ഓരോട്ട പ്രദക്ഷിണം നടത്തുമ്പോഴേക്കും ശരീരത്തിന്റെ ബലം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു... അയാളുടെ കൈകൾ തനിക്ക് നേരെ നീളുന്നത് കണ്ടു.... അവ്യക്തമായി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് മഹേന്ദ്രൻ പെരുവിരൽ തന്റെ നെറ്റിമേൽ അമർത്തുമ്പോഴും തളർച്ചയോടെ അതേ നിൽപ്പ് നിൽക്കുകയായിരുന്നു ശ്രീ... ബലിക്കല്ലിൽ തളർച്ചയോടെ മരണം കാത്തു കിടക്കുന്ന പെൺകുട്ടിയിൽ അവൾ അവളുടെ രൂപം കണ്ടു...

കുതറി ഓടണമെന്നുണ്ട്..... ഇവിടെ നിന്ന് രക്ഷപെട്ടു അവിയേട്ടന്റെ തണലിൽ ഒതുങ്ങണമെന്നുണ്ട്.... ഒന്നിനും കഴിയുന്നില്ല... മരവിച്ചു പോയിരിക്കുന്നു മനസ്സും ശരീരവും.... നെറ്റിയിൽ അമർത്തിപ്പിടിച്ച പെരുവിരൽ അയാൾ വലിച്ചെടുക്കുമ്പോഴേക്കും കണ്ണുകളിൽ ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു... നിലത്തേക്ക് വീഴും മുൻപേ ഡോക്ടർ വെപ്രാളത്തോടെ ചേർത്ത് പിടിക്കുന്ന കാഴ്ചയാണ് അവസാനമായി കണ്ടത്.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 നെഞ്ചിലാകെ ഒരു വേദന പടരും പോലെ തോന്നി അവിക്ക്.... അതങ്ങനെ കൈകളിലേക്കും പടരുന്നത് പോലെ.... അവൻ അസ്വസ്ഥതയോടെ നെഞ്ചോന്ന് ഉഴിഞ്ഞു വിട്ടു... വല്ലാത്ത ഒരസ്വസ്ഥത ശരീരമാകെ പടരും പോലെ... ശ്വാസം പോലും നെഞ്ചിൽ തടഞ്ഞു നിൽക്കും പോലെ.. അവനൊന്നു കണ്ണുകൾ അടച്ചു നെഞ്ചിൽ കൈ വച്ചു നേരെ ശ്വാസമെടുക്കാൻ ശ്രമിച്ചു... കഴിയുന്നില്ല... ഏറെ നേരത്തെ ശ്രമത്തിനോടുവിൽ നേരിയ ആശ്വാസം കിട്ടിയെങ്കിലും എന്തെന്നറിയാത്ത ഒരു വെപ്രാളം ഉള്ളിൽ നിറഞ്ഞിരുന്നു.. അവൻ വേഗം തന്നെ നിലത്തേക്ക് ചമ്രം പടിഞ്ഞിരുന്നു... ഇരു കൈകളും കാൽ മുട്ടിലേക്ക് ചേർത്ത് വച്ചു ധ്യാനത്തിൽ ഇരിക്കുമ്പോൾ ശ്രീയുടെ മുഖം മാത്രം ഉള്ളിൽ തെളിഞ്ഞു.. അരുതാത്തത് എന്തോ സംഭവിച്ചു എന്ന് മനസ്സ് പറയും പോലെ... ഫോൺ എടുത്തു വേഗത്തിൽ പുറത്തേക്ക് കുതിച്ചു...വഴിയിലൂനീളം വിളിച്ചുകൊണ്ടേ ഇരുന്നിട്ടും ഒരിക്കൽ പോലും കാൾ അറ്റൻഡ് ചെയ്യാതെ ഇരുന്നത് ഉള്ളിലുള്ള ഭയത്തിന്റെ ആക്കം കൂട്ടി... തുറന്നു കിടക്കുന്ന വാതിൽ കണ്ടതും ഉള്ളിൽ അല്പം സമാധാനം തോന്നി... കാളിംഗ് ബെൽ അടിക്കാൻ കൈ ഉയർത്തുമ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ട് അമ്മ മുറ്റത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു.. ""ശ്രീയില്ലേ അമ്മേ ഇവിടെ... ഒരത്യാവശ്യ കാര്യം പറയാൻ ഉണ്ടായിരുന്നു.."" ""ആണോ... മോൻ അകത്തോട്ടു ഇരിക്ക്... അവള് കുന്നിൻമേലെ കാവിലേക്ക് പോയതാ... ഇന്ന് പക്ക പിറന്നാളാ.. ഞാനതങ്ങു മറന്നു.. അല്ലെങ്കിൽ ജോലിക്ക് പോകുന്ന വഴിക്ക് അവിടേക്ക് മഞ്ഞൾ കൊടുത്തിട്ട് പോയേനെ..."" കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകും പോലെ തോന്നി അവിക്ക്... രണ്ടു നെറ്റിയിൽ കൂടിയും വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകി തുടങ്ങിയിരുന്നു..

""ഞാൻ.... ഞാനിപ്പോ വരാം അമ്മേ....."" തിരികെ വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ പ്രതീക്ഷിച്ച വേഗം കിട്ടുന്നുണ്ടായിരുന്നില്ല... കാലുകൾ കുഴഞ്ഞു പോകും പോലെ... കൈകൾ രണ്ടും കാറിന്റെ ബൊണറ്റിലേക്ക് ഊന്നി ബലം കൊടുത്തു ഒരു വിധം ഡോറിന്റെ അരികിൽ എത്തി.. സീറ്റിലേക്ക് കയറിയപ്പോളേക്കും ശരീരം തളരും പോലെ... സ്റ്റിയറിങ് വീലിൽ മുഖം അമർത്തി കിടക്കുമ്പോൾ ദേഹം വെട്ടി വിറയ്ക്കുന്നുണ്ടായിരുന്നു.... കുറുമ്പോടെ ചിരിക്കുന്ന ശ്രീയുടെ മുഖം മനസ്സിലേക്ക് വന്നതും അവൻ കണ്ണുകൾ അടച്ചു നേരെ ഇരുന്നു.. രണ്ടു കണ്ണുകളും അമർത്തി തുടച്ചു മുന്നിലേക്ക് നോക്കിയപ്പോളാണ് അവനെ തന്നെ ആധിയോടെ നോക്കി നിൽക്കുന്ന അമ്മയെ കാണുന്നത്.... തന്നിലെ ഒരോ മാറ്റവും ആ മനസ്സിൽ ഭയം സൃഷ്ടിക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു ചിരി അണിയാൻ ശ്രമിച്ചു.. ഒന്നുമില്ല എന്ന് കണ്ണ് ചിമ്മി കാണിച്ചപ്പോൾ ആ മുഖത്തു ആശ്വാസം നിഴലിച്ചു തുടങ്ങിയിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കുന്നിന്റെ താഴത്തായി കാർ നിർത്തി അവി ചുറ്റും നോക്കി... ഇരുട്ട് പടർന്നിരിക്കുന്നു... ഫോണിന്റെ നേരിയ വെളിച്ചത്തിൽ കയറ്റം വേഗത്തിൽ ഓടി കയറുമ്പോഴും പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ ഉള്ളിൽ... കാവിന്റെ അടുത്ത് എത്തിയപ്പോൾ ചുറ്റും ആരെയും കണ്ടില്ല... ""ശ്രീ......"" .. അവൻ ഉച്ചത്തിൽ അലറി വിളിച്ചു... മറുപടി ഒന്നും കിട്ടിയില്ല... ""ശ്രീീ......"" വീണ്ടും വിളിച്ചു.... തൊണ്ട പൊട്ടുമെന്ന് തോന്നും വരെയും ഉച്ചത്തിൽ വിളിച്ചുകൊണ്ടിരുന്നു.... ആ കുന്നിന്റെ മുകളിൽ അവന്റെ ശബ്ദം മാത്രം മുഴങ്ങി കേൾക്കുന്നതായി തോന്നി... """ആാാാാാാ....."'" അലറി വിളിച്ചുകൊണ്ടു നിലത്തേക്ക് ഊർന്നിരുന്നപ്പോൾ കൈയിൽ എന്തോ തടഞ്ഞിരുന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story