അഥർവ്വ: ഭാഗം 26

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

"ശ്രീ......"" .. അവൻ ഉച്ചത്തിൽ അലറി വിളിച്ചു... മറുപടി ഒന്നും കിട്ടിയില്ല... ""ശ്രീീ......"" വീണ്ടും വിളിച്ചു.... തൊണ്ട പൊട്ടുമെന്ന് തോന്നും വരെയും ഉച്ചത്തിൽ വിളിച്ചുകൊണ്ടിരുന്നു.... ആ കുന്നിന്റെ മുകളിൽ അവന്റെ ശബ്ദം മാത്രം മുഴങ്ങി കേൾക്കുന്നതായി തോന്നി... """ആാാാാാാ....."'" അലറി വിളിച്ചുകൊണ്ടു നിലത്തേക്ക് ഊർന്നിരുന്നപ്പോൾ കൈയിൽ എന്തോ തടഞ്ഞിരുന്നു... ശ്രീയുടെ ഫോൺ കണ്ടതും അവന്റെ നെഞ്ചോന്ന് പിടച്ചു... ഇത്ര നേരം ഭയപ്പെട്ടിരുന്നതെന്തോ അത് സംഭവിച്ചിരിക്കുന്നു... ഫോണിന്റെ അടുത്ത് തന്നെയായി അവൾ വീണപ്പോൾ പൊട്ടിച്ചിതറി വീണ കുപ്പിവള പൊട്ടുകളെ അവൻ വിറയ്ക്കുന്ന കൈകളാൽ പതിയെ എടുത്തു.. രണ്ടു കൈയും തലയ്ക്കു കൊടുത്തു നിലത്തിരിക്കുമ്പോൾ മനസ്സാകെ ശൂന്യമായിരുന്നു... ഇനിയങ്ങോട്ട് എന്തെന്ന് അറിയാത്തത് പോലെ... ഇന്ന് വൈകുന്നേരം വീട്ടിൽ കൊണ്ട് വിട്ടപ്പോഴും കുറുമ്പോടെ പിണങ്ങി അകത്തേക്ക് പോയ പെണ്ണിന്റെ മുഖം മനസ്സിലേക്ക് വന്നപ്പോൾ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി.. പെട്ടെന്ന് ശ്രീയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടതും അവൻ മുഖം അമർത്തിത്തുടച്ചു ഫോൺ എടുത്തു നോക്കി... അല്ലിയാണ്... വേറെയും ഒരുപാട് മിസ്സ്ഡ് കാളുകൾ കിടക്കുന്നുണ്ടായിരുന്നു അവളുടെ.... അറ്റൻഡ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല... അവളോട് എന്ത് പറയാനാണ്... അവൾക്കും ശ്രീയ്ക്കും ഒന്നും സംഭവിക്കില്ല എന്ന് വാക്ക് കൊടുത്തത് താനല്ലേ... തന്റെ വാക്ക് വിശ്വസിച്ചല്ലേ ഈ നിമിഷം വരെ അവർ സമാധാനത്തോടെ ഇരുന്നത്... ഓർക്കുംതോറും കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി അവന്... എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ഫോണും കൈയിലെടുത്തു താഴേക്ക് ഓടിയിറങ്ങി... മനസ്സ് നിയന്ത്രണത്തിൽ അല്ലാത്തതിനാൽ പലപ്പോഴും കാലുകൾ ഇടറിയെങ്കിലും ഒരു വിധം താഴേക്ക് എത്തി.. ദക്ഷിന്റെ വീട്ടിലേക്ക് പായുമ്പോഴും ശ്രീയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ...

ബലി നടത്താനുള്ളതുകൊണ്ട് അവളെ ഇന്ന് ഒന്നും ചെയ്യുകയില്ല എന്ന് ഉറപ്പായിരുന്നു എങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുമോ എന്നുള്ള ഭയം ഉള്ളിൽ നിറഞ്ഞു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""ദക്ഷ്....."" വാതിലിൽ ശക്തിയായി അടിച്ചു അലറി വിളിച്ചു അവി .... ""ദക്ഷ്......"" വാതിൽ തുറക്കാനാ പറഞ്ഞെ.... വീണ്ടും ശക്തിയായി അടിച്ചപ്പോൾ ആരോ നടന്നു വരുന്നത് പോലെ തോന്നി.. ""ആരാ....."" മുന്നിൽ നിൽക്കുന്ന വൃദ്ധനെ കണ്ടതും അവന്റെ കണ്ണുകൾ കുറുകി... ഒരു കാവി മുണ്ട് മാത്രം ഉടുത്തു നരച്ചു ജഡ പിടിച്ച മുടികളോടെ നിൽക്കുന്ന അയാളെ അവിയൊന്ന് നോക്കി... പുറമേ സൗമ്യ ഭാവത്തോടെ നിൽക്കുമ്പോഴും അയാളുടെ കണ്ണുകൾ വക്രതയോടെ തിളങ്ങുന്നുണ്ടായിരുന്നു.. ""ദക്ഷ് എവിടെ...."" അയാളോട് ചോദിക്കുമ്പോഴും അവന്റെ കണ്ണുകൾ ഉള്ളിലാകെ പരതുന്നുണ്ടായിരുന്നു.... കാതുകൾ ഒരു ചെറിയ ശബ്ദം പോലും ഒപ്പിയെടുക്കാൻ എന്നത് പോലെ ശ്രദ്ധയോടെ കൂർപ്പിച്ചു... ""അവനിവിടെ ഇല്ല... മറ്റൊരു ആവശ്യത്തിന് നാട്ടിലേക്ക് പോയി...."" ഇതിനകം തന്നെ അവി ആരാണെന്ന് മഹേന്ദ്രന് മനസ്സിലായിരുന്നു... അയാളവനെ പകയോടെ നോക്കി.... തന്റെ കുടുംബം നശിപ്പിച്ചവന്റെ തലമുറയിലെ അവസാനത്തെ കണ്ണി... തന്റെ കൈകൾ കൊണ്ട് മരണം ഏറ്റ് വാങ്ങാൻ വിധിക്കപ്പെട്ടവൻ... മഹേന്ദ്രൻ പറഞ്ഞത് വിശ്വാസത്തിൽ എടുക്കാത്തത് പോലെ അവി അയാളെ മറികടന്നു അകത്തേക്ക് നടന്നു.... ""ശ്രീ....."" അവനുച്ചതിൽ വിളിച്ചു... ""ഹൈ.... താൻ ഇതെങ്ങോട്ടാ പോകുന്നത്.... ഇപ്പൊ ഇറങ്ങിക്കോ ഇവിടുന്ന്.... എന്ത് അഹമ്മതിയും കാട്ടാം എന്നാണോ.... ഇറങ്ങി പോകാൻ.."". മഹേന്ദ്രൻ അരിശത്തോടെ ചീറി.. എന്നിട്ടും കേൾക്കാത്തത് പോലെ അവി ഒരോ മുറികളിലായി കയറി നോക്കി.... അവനാകെ ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി...

ഇവിടെ ഇല്ലെങ്കിൽ പിന്നെ എവിടെ പോയി അന്വേഷിക്കും അവളെ എന്നറിയില്ല... ""നിന്നോടല്ലേ ഇറങ്ങി പോകാൻ പറഞ്ഞത്...."" തന്റെ വാക്കുകൾക്ക് അവി യാതൊരു വിലയും കൊടുക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ മഹേന്ദ്രനെ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു... ""ശ്രീ എവിടെ..."". ചോദിക്കുമ്പോൾ ദേഷ്യം നിയന്ത്രിക്കാനായി അവൻ മുഷ്ടി ചുരുട്ടി പിടിച്ചു... . ""ഏത് ശ്രീ.... നിനക്ക് ആരെയെങ്കിലും നോക്കണമെങ്കിൽ അവരുടെ അടുത്ത് പോയി നോക്കണം... അല്ലാതെ ഈ വീട്ടിൽ വന്നിട്ടല്ല ധിക്കാരം കാണിക്കുന്നത്..."" . ""തന്റെ എല്ലാ പദ്ധതിയും അറിഞ്ഞു തന്നെയാണ് ഞാൻ ഇവിടേക്ക് ഇന്നിപ്പോൾ വന്നിരിക്കുന്നത്.... തനിക്കൊരിക്കലും വിശേഷാൽ ഗ്രന്ഥങ്ങളും മരുന്ന് കൂട്ടുകളും ലഭിക്കുകയില്ല.... അഥർവ്വ ജീവനോടെ ഇരിക്കുന്ന അത്രയും കാലം ആ ബലി നടക്കാൻ പോകുന്നില്ല...""". ഒരോ വാക്കുകളും എണ്ണിയെണ്ണി ഉറപ്പോടെ പറയുന്ന അവനെ നോക്കി കലിയടങ്ങാതെ നിൽക്കുകയായിരുന്നു മഹേന്ദ്രൻ... """തന്റെ കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും ദയ തോന്നി വെറുതെ വിട്ടതായിരുന്നു മുത്തച്ഛനും മഹാരാജാവിനും പറ്റിയ തെറ്റ്.... പക്ഷേ ആ തെറ്റ് അവി ചെയ്യില്ല.... എന്റെ ശ്രീയ്ക്ക് ഒരു പോറലെങ്കിലും പറ്റിയാൽ തന്റെ തലമുറയിലെ അവസാനത്തെ കണ്ണിയുടെയും ജീവനെടുത്തിട്ടേ ഞാനെല്ലാം അവസാനിപ്പിക്കുകയുള്ളൂ....""" ""എന്താ പറഞ്ഞെ നീയ്...."" അയാൾ അവിയുടെ നേരെ ദേഷ്യത്തോടെ പാഞ്ഞടുത്തു.... തന്റെ കഴുത്തിനു നേരെ നീണ്ട ആ കൈകൾ രണ്ടും അവി ബലമായി കൈപ്പിടിക്കുള്ളിലാക്കി... അവന്റെ വലം കൈയിലെ ഗരുഡ ചിഹ്നം ഒരിക്കൽ കൂടി സ്വർണ്ണ വർണ്ണമണിഞ്ഞു.. കൈയിലാരോ അടുപ്പിൽ നിന്നും കനൽ കോരിയിട്ടത് പോലെ തോന്നി മഹേന്ദ്രന്.... ആാാാ..... അയാളൊരു അലർച്ചയോടെ അവിയിൽ നിന്നും തന്റെ കൈകൾ മോചിപ്പിക്കാൻ ശ്രമിച്ചു..

ദക്ഷ് കൊടുത്ത പായസം അവി കഴിച്ചിട്ടുണ്ടാകും എന്ന വിശ്വാസത്തിലാണ് ഒരു ശക്തി പരീക്ഷണത്തിന് മുതിർന്നത്... ""ശ്രീ എവിടെ.....""" വേദന സഹിക്കാൻ കഴിയാതെ കുതറുന്നതിനിടയിലും മഹേന്ദ്രന്റെ ചുണ്ടിൽ പുച്ഛം കലർന്ന ഒരു ചിരി വിടർന്നു.... """ഈ നിമിഷം എന്നേ കൊന്നാൽ പോലും അവൾ ഇവിടെയുണ്ടെന്ന് നിനക്ക് കണ്ടു പിടിക്കാൻ കഴിയില്ല... ഇന്നേക്ക് അഞ്ചാം നാൾ ബലി ദിവസം എത്താതെ സൂര്യ പ്രകാശം പോലും അവൾ കാണില്ല....""" അവിയുടെ മുഖത്ത് താൻ പ്രതീക്ഷിച്ചത് പോലെ ഭയം കാണാതെ പുച്ഛം വിടരുന്നത് അയാളൊരു ഭയത്തോടെ നോക്കി... ""ബലി നടക്കില്ല മഹേന്ദ്ര..... ആ ദിവസം വരെയേ ഉള്ളൂ തന്റെ ആയുസ്സ്... അടുത്ത സൂര്യോദയം കാണാൻ താനുണ്ടാകില്ല ഈ ഭൂമിയിൽ.."" അയാളുടെ കൈകളിലെ പിടുത്തം ഒന്ന് കൂടി മുറുക്കിക്കൊണ്ട് അവി പറഞ്ഞു നിർത്തി... ശക്തിയായി കൈകൾ വലിച്ചെടുത്തു അവൻ പുറത്തേക്ക് നടക്കുമ്പോൾ മഹേന്ദ്രൻ നിലത്തേക്ക് ഊർന്നിരുന്നു കൈകൾ നോക്കി... വേദന കാരണം ശ്വാസം മുട്ടുന്നുണ്ടായിരുന്നു അയാൾക്ക്... അവി പിടിച്ച ഇടത് കൈയിലെ തൊലി ഗരുഡന്റെ അതേ രൂപത്തിൽ പൊള്ളി മാറിയിരിക്കുന്നു.... ചെറുതായി രക്തം പൊടിഞ്ഞു തുടങ്ങിയ ആ മുറിവിന്റെ വേദന സഹിക്കാൻ കഴിയാതെ അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു പല്ല് കടിച്ചുകൊണ്ട് ഭിത്തിയിലേക്ക് ചാരി ഇരുന്നു... അപ്പോഴും അവി എന്തുകൊണ്ട് ആ പായസം കഴിച്ചില്ല എന്ന സംശയം ഉള്ളിൽ തെളിഞ്ഞു വന്നു... താൻ തന്നെയാണ് അത് തയ്യാറാക്കി അന്നേ ദിവസം രാവിലെ ദക്ഷിന്റെ കൈയിൽ കൊടുത്തു വിട്ടത്... തിരികെ വന്നപ്പോൾ അവനോട് കൊടുത്തിരുന്നോ എന്ന് ചോദിച്ചതുമാണ്... ഉവ്വെന്ന് മാത്രം പറഞ്ഞു അകത്തേക്ക് പോകുകയായിരുന്നു അവൻ... ഈയിടെയായി അവനിൽ വല്ലാത്ത ഒരു മാറ്റം കാണുന്നു....

""" ഇനി അവനും തന്നെ ചതിക്കാൻ കൂട്ട് നിൽക്കുകയാണോ.... ഇല്ല.... അവനതിനു കഴിയില്ല.... ഞാൻ വളർത്തിയ കുട്ടിയ അവൻ.... ഇനി.... ഇനി... പാല് തന്ന കൈക്ക് തന്നെ തിരിഞ്ഞു കൊത്താനാണ് അവന്റെ ഭാവമെങ്കിൽ ഒന്നിന് പകരം രണ്ടു ബലി നടത്താനും മഹേന്ദ്രൻ മടിക്കില്ല...."""" അയാൾ ദേഷ്യത്തോടെ മുരണ്ടു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 തലയാകെ വെട്ടിപ്പൊളിയുന്നത് പോലെയൊരു വേദന തോന്നി അവൾക്ക്.... വേദനയുടെ ആധിക്യത്താൽ നെറ്റിയൊന്ന് ചുളിഞ്ഞു... ഒരു ഞരക്കത്തോടെ കണ്ണുകൾ വലിച്ചു തുറന്നെങ്കിലും ഇരുട്ട് മാത്രമായിരുന്നു മുന്നിൽ നിറഞ്ഞു നിന്നത്.... കാവിനുള്ളിൽ പോയതും പെട്ടെന്ന് ദക്ഷും ഒരു വയസ്സായ ആളും മുന്നിലേക്ക് വന്നതും ഓർമ്മയിൽ തെളിഞ്ഞതും വെപ്രാളത്തോടെ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു... കഴിയുന്നില്ല.... ദേഹമാകെ വേദനിക്കുന്നു... അവൾ ഭയത്തോടെ ചുറ്റും നോക്കി... കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു... ഇനിയൊരിക്കലും പ്രിയപ്പെട്ടവരെ ആരെയും കാണാൻ സാധിക്കില്ലേ എന്ന തോന്നലിൽ അറിയാതെ ഏങ്ങി പോയി... അവിയേട്ടൻ പറഞ്ഞതായിരുന്നു ഒറ്റയ്ക്ക് പോകരുത് എന്ന്.... ഒരു നിമിഷത്തേക്ക് ആ വാക്കുകൾ മറന്നു തനിയെ ഇറങ്ങി പുറപ്പെട്ടതിന് സ്വയം പഴിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ... """കൃഷ്ണ.... എനിക്കെന്റെ അമ്മേടെ അടുത്ത് പോണം... ""മുട്ടിലേക്ക് മുഖം പൂഴ്ത്തി വച്ചു അവൾ പതിയെ കൈ കൂപ്പി പറഞ്ഞു....

ഇരുട്ടിനോട് പൊരുത്തപ്പെട്ടിട്ടാണ് എന്ന് തോന്നുന്നു ഇപ്പോൾ കാഴ്ചകൾ കുറച്ചൊക്കെ വ്യക്തമായി വരുന്നുണ്ട്... മുകളിൽ നിന്നും അരിച്ചിറങ്ങുന്ന അല്പം പ്രകാശം മാത്രമാണ് ആണ് മുറിയിൽ ഉള്ളത്... താനിപ്പോൾ ഇരിക്കുന്നതിന്റെ കുറച്ചു അകലത്തിലായി ഒരു കൂജയിൽ വെള്ളം വച്ചിട്ടുണ്ട്... ദഹിച്ചു തൊണ്ട പൊട്ടുന്നുണ്ടായിരുന്നു എങ്കിലും കുടിക്കാൻ തോന്നിയില്ല... രക്ഷപ്പെടാൻ ഒരു വഴി തേടി ചുറ്റും സഞ്ചരിക്കുകയായിരുന്നു കണ്ണുകൾ... ആരോ നടന്നു വരുന്നത് പോലെ തോന്നിയതും പേടിയോടെ ചുവരിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു... ആരുടെയോ കാലടി ശബ്ദം അടുത്തേക്ക് വരുന്നു... വാതിൽ തുറക്കുന്നത് പോലെ കേട്ടതും കണ്ണുകൾ മാത്രം പതിയെ ഉയർത്തി നോക്കി.... കൈയിൽ ഒരു പ്ളേറ്റ് പിടിച്ചു നിൽക്കുന്ന ദക്ഷിനെ കണ്ടതും പേടിയോടെ മുട്ടിലേക്ക് മുഖം പൂഴ്ത്തി... ""എന്നേ കൊല്ലല്ലേ..... ഞാൻ.... ഞാനെന്ത് ദ്രോഹമാ ചെയ്തേ....""". ഏങ്ങലടിച്ചു കരയുന്നതിന്റെ ഇടയിൽ വാക്കുകൾ വിറയ്ക്കുന്നുണ്ടായിരുന്നു... ദക്ഷ് അടുത്തേക്ക് വന്നു മുട്ട് കുത്തി ഇരുന്നതും അവളൊന്ന് കൂടി ചുമരിലേക്ക് ഒതുങ്ങി കൂടി... ""ശ്രീ...."". അവൻ പതിയെ വിളിച്ചു.... ""പ്ലീസ്..... എന്നേ.... ഒന്നും ചെയ്യല്ലേ.....""" """ശ്രീ.... ഞാൻ പറയുന്നേ ഒന്ന് കേൾക്ക്.... തനിക്ക് ഒന്നും പറ്റില്ല.... ഞാനല്ലേ പറയുന്നേ.... എന്റെ ജീവൻ പകരം കൊടുത്തിട്ടായാലും ബലി മുടക്കിയിരിക്കും...""" അത് കേട്ടപ്പോൾ വിശ്വാസം വരാതെ അവൾ പതിയെ മുഖമുയർത്തി നോക്കി... ""അത് മാത്രമേ എനിക്കെന്റെ അല്ലിക്ക് വേണ്ടി ചെയ്യാനുള്ളൂ... തനിക്കൊന്നും സംഭവിക്കില്ല... ഇത് ഞാൻ തരുന്ന വാക്കാ....""" പറയുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story