അഥർവ്വ: ഭാഗം 27

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

"""ശ്രീ.... ഞാൻ പറയുന്നേ ഒന്ന് കേൾക്ക്.... തനിക്ക് ഒന്നും പറ്റില്ല.... ഞാനല്ലേ പറയുന്നേ.... എന്റെ ജീവൻ പകരം കൊടുത്തിട്ടായാലും ബലി മുടക്കിയിരിക്കും...""" അത് കേട്ടപ്പോൾ വിശ്വാസം വരാതെ അവൾ പതിയെ മുഖമുയർത്തി നോക്കി... ""അത് മാത്രമേ എനിക്കെന്റെ അല്ലിക്ക് വേണ്ടി ചെയ്യാനുള്ളൂ... തനിക്കൊന്നും സംഭവിക്കില്ല... ഇത് ഞാൻ തരുന്ന വാക്കാ....""" പറയുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മുറിയുടെ ഒരു ഓരത്തായി വച്ചിരിക്കുന്ന റാന്തൽ എടുത്തു തെളിച്ചു വച്ചു ദക്ഷ്... ""തനിക്ക് ഇരുട്ട് പേടിയായിക്കാണും എന്നറിയാം... നേരത്തെ വന്നപ്പോൾ ഇത് തെളിയിച്ചു വയ്ക്കാൻ മറന്നു പോയി... കറന്റ്‌ കണക്ഷൻ ഒന്നും ഇല്ല ഇവിടെ ആൾതാമസം ഇല്ലാത്തതുകൊണ്ട്... എങ്കിലും വിഷമിക്കണ്ട നാലഞ്ചു ദിവസത്തേക്കുള്ള ആഹാരവും വെള്ളവും എല്ലാം റെഡി ആണ്..."" ശ്രീ അപ്പോഴും അവനെ തന്നെ ഉറ്റ് നോക്കി ഇരിക്കുകയായിരുന്നു... അവനിൽ നിന്നും അത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.. അല്ലിയുടെ നേരെ ഒരിക്കലും ഡോക്ടർ പ്രണയത്തോടെ നോക്കുന്നതോ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല... രണ്ടു ദിവസം മുൻപ് തന്റെ മടിയിൽ കിടന്നു പൊട്ടിക്കരഞ്ഞ പെണ്ണിനെ ഓർമ്മ വന്നു... ശ്രീ ഇപ്പോഴും വിശ്വാസം വരാതെ നോക്കുന്നത് കണ്ടതും തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി നൽകി ദക്ഷ്.. ""അറിയാം... തനിക്കിപ്പോഴും എന്നേ വിശ്വാസം വന്നിട്ടില്ല എന്ന്... അതിനൊരിക്കലും തന്നെ തെറ്റ് പറയാൻ പറ്റുകയും ഇല്ല... എല്ലാം ഞാൻ ചെയ്ത പ്രവൃത്തികളുടെ ഫലമാണ്... ക്ഷമിക്കാൻ കഴിയില്ല എന്നറിയാം ..

ക്ഷമ ചോദിക്കുന്നുമില്ല... പക്ഷേ തിരുത്തണം... തന്നോടും എന്റെ അല്ലിയോടും ഇതുവരെ ചെയ്ത തെറ്റുകൾ ഓരോന്നും തിരുത്തണം..."" അവനൊരു മങ്ങിയ ചിരിയോടെ പറഞ്ഞു നിർത്തി.. ""പിന്നെ.... പിന്നെന്തിനാ ഡോക്ടർ എന്നേ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്.... പ്ലീസ്... എന്നേ ഒന്ന് വീട്ടിൽ കൊണ്ട് വിട്.... എനിക്ക് പേടിയാ ഇവിടെ.... "" ചുറ്റുമുള്ള ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് അവൾ പേടിയോടെ പറഞ്ഞു.. ""അതിനെനിക്ക് കഴിയില്ലെടോ.... തന്നെ രക്ഷിക്കണം എങ്കിൽ താൻ ഇവിടെ ഉണ്ടായേ പറ്റൂ...."" അവൻ പറയുന്നത് മനസ്സിലാകാതെ നിൽക്കുകയായിരുന്നു ശ്രീ... ""താൻ കണ്ടില്ലേ എന്റെ മുത്തച്ഛനെ...."" അവന്റെ ആ ചോദ്യം കേട്ടപ്പോൾ കാവിൽ പെട്ടെന്ന് മുന്നിലേക്ക് ചാടി വീണ ആ രൂപത്തെയാണ് ഓർമ്മ വന്നത്... അറിയാതെ തന്നെ ഒരു വിറയൽ ശരീരമാകെ പടർന്നു.. ""മാർത്താണ്ഠന്റെ മകൻ മഹേന്ദ്രൻ.... കഥകളൊക്കെ തനിക്കും അല്ലിക്കും അവി പറഞ്ഞു തന്നിട്ടുണ്ടാകുമല്ലോ... അന്ന് നാട് കടത്തിയപ്പോൾ കൈക്കുഞ്ഞായിരുന്നു മുത്തച്ഛൻ... കുഞ്ഞിലേ മുതൽ അനുഭവിച്ച ഒരോ വേദനയും ഉള്ളിലെ പകയാക്കി രാകി മിനുക്കി മൂർച്ച കൂട്ടുകയായിരുന്നു... അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ എനിക്ക് കൂട്ട് മുത്തച്ഛൻ ആയിരുന്നു... കുട്ടിക്കാലം മുതൽക്കേ വൈകുണ്ഠം തറവാട്ടിൽ ഉള്ളവരുടെ സർവ്വനാശം എന്ന ലക്ഷ്യം കേട്ടുകൊണ്ടാണ് വളർന്നതും.... വല്ലാത്ത പകയായിരുന്നു അന്നൊക്കെ... എന്റെ മുത്തച്ഛനെ വേദനിപ്പിച്ചവരെ എനിക്കും നോവിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ..... വളർന്നു വരും തോറും മുത്തച്ഛന്റെ ഒപ്പം പൂജയും മന്ത്രങ്ങൾക്കും സഹായിയായി ഞാനും കൂടെ കൂടി...

അല്ലിയുടെ കാര്യം പറഞ്ഞതും പരസ്പരം പരിചയപ്പെടാനുള്ള അവസരം ഒരുക്കിയതുമെല്ലാം മുത്തച്ഛനായിരുന്നു.."" അല്ലിയെ ആദ്യമായി കണ്ട ഓർമ്മയിൽ അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി... അന്ന് അറിഞ്ഞിരുന്നില്ല ഇത്രമേൽ പ്രിയപ്പെട്ടവളാകും എന്ന്.... അത്രമേൽ വേദന നൽകുന്നവളും.. ""തന്നെ ഞാനെന്നാണ് ആദ്യം കണ്ടത് എന്ന് അറിയുമോ..."" പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ അവളൊന്ന് നെറ്റി ചുളിച്ചു... ""അന്ന്.... അല്ലിയുടെ കൂടെ വന്നപ്പോൾ എന്നാകും അല്ലെ ഉത്തരം...."" അവൻ ചോദിച്ചപ്പോൾ അതേ എന്ന് തല കുലുക്കി.. ""അന്നല്ല... അതിന്റെ തലേ ദിവസം താൻ കുന്നിൻമുകളിലെ ആ കാവിലേക്ക് പോയത് ഓർമ്മയുണ്ടോ.... അന്നാണ് ഞാനാദ്യമായി തന്നെ കാണുന്നത്... മുത്തച്ഛന്റെ ഒപ്പം മന്ത്രവാദ കളത്തിലിരുന്ന്...."" അവൻ പറയുന്നത് കേട്ടപ്പോൾ വല്ലാത്തൊരു തരിപ്പ് മേലാകെ പടരും പോലെ... നെഞ്ചിൽ ഭയം പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു... ""സത്യം പറഞ്ഞാൽ തന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്.... ഈ നാട്ടിലുള്ള ഓരോരുത്തരോടും പക മാത്രമായിരുന്നു.... ബുദ്ധി ഉറയ്ക്കും മുൻപ് തന്നെ ഉള്ളിലേക്ക് കുത്തി വച്ച വിഷമുള്ള ചിന്തകൾ..... താൻ കരഞ്ഞുകൊണ്ട് കാവിന്റെ അടുത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതുമെല്ലാം അന്ന് ഞാൻ കണ്ടിരുന്നു...""" ശ്രീയുടെ മനസ്സിലേക്ക് അന്നത്തെ ദിവസം കടന്നു വന്നു... മരുന്നിന്റെ കൂട്ട് തെറ്റി എന്ന കാരണത്താൽ അവി വഴക്ക് പറഞ്ഞ ദിവസം.... അവിയുടെ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോൾ തൊണ്ടയിൽ കുടുങ്ങി പോയൊരു എങ്ങലോടെ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു... അവി പറഞ്ഞത് അനുസരിക്കാതെ എടുത്തു ചാടിയതിന്റെ ഫലം... കുറ്റബോധം കൊണ്ട് വീണ്ടും വീണ്ടും ശിരസ്സ് കുനിയുന്നു... ശ്രീയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അവൾ ഇപ്പോൾ അനുഭവിക്കുന്ന വിഷമം അവന് മനസ്സിലായിരുന്നു....

അവളുടെ ശ്രദ്ധ നേടാൻ എന്നത് പോലെ അവൻ വീണ്ടും പറഞ്ഞു തുടങ്ങി... ""തനിക്ക് ഓർമ്മയുണ്ടോ ഇവിടേക്ക് അല്ലിയുടെ കൂടെ വന്നപ്പോൾ തന്നെ ഞാൻ ഓടി വന്നു പരിചയപ്പെട്ടതും ഒക്കെ.... സത്യത്തിൽ എനിക്ക് ഇയാളെ അറിയാമായിരുന്നു...പിന്നെ വെറുതെ ഒന്ന് പരിചയപ്പെടാൻ വേണ്ടി അങ്ങനെയൊക്കെ പെരുമാറി എന്നേ ഉള്ളൂ... """അവനൊരു ചമ്മിയ ചിരിയോടെ പറഞ്ഞു... ഇതൊക്കെ കേട്ടിട്ടും വലിയ പ്രതികരണമില്ലാതെ നിൽക്കുകയായിരുന്നു ശ്രീ... ""താനിപ്പോൾ വിചാരിക്കുന്നുണ്ടാകും അവിയെ വിളിച്ചു രക്ഷിക്കാൻ പറയാതെ ഞാൻ ഇവിടെ ഇതൊക്കെ എന്തിനാ പറയുന്നത് എന്ന്... തനിക്കു അറിയില്ല എന്റെ മുത്തച്ഛനെ.... ഇത്രയും കാലവും ഞാനും വിചാരിച്ചിരുന്നത് ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഇല്ലാ എന്നാണ്... പക്ഷേ അങ്ങനെയല്ല... എല്ലാം കണക്ക് കൂട്ടി തന്നെയാണ് ഈ വരവ്... ആരും അറിയാത്ത ഏതൊക്കെയോ പദ്ധതികൾ ആ മനസ്സിലുണ്ട്... എനിക്ക് പോലും അറിയാത്ത സഹായികളും... താൻ ഇവിടെ നിന്നും രക്ഷപെട്ടാൽ അടുത്തതായി ചെയ്യേണ്ടത് അടക്കം ആ മനസ്സിൽ ഉണ്ടാകും... അതൊരിക്കലും പക്ഷേ ഇതുപോലെ ലളിതം ആകില്ല... ആരുടെയെങ്കിലും ജീവനെടുക്കാൻ പോലും മടിയില്ല മുത്തച്ഛന്.... അദ്ദേഹത്തിന്റെ മനസ്സിൽ ആ ലക്ഷ്യം മാത്രമേ ഉള്ളൂ.... അതിന് വേണ്ടി ഏതറ്റം വരെയും പോകും... ഇപ്പോൾ തന്നെ രക്ഷിക്കാൻ ഈയൊരു വഴി മാത്രമേ എന്റെ മുന്നിൽ ഉള്ളൂ...."" അവൻ നിസ്സഹായതയോടെ പറഞ്ഞു നിർത്തി.. കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് പോലെ അവളുടെ മുഖം ഗൗരവത്തിൽ ആയിരുന്നു... ""എ..... എനിക്കൊന്ന് ഫോൺ തരാമോ....

എന്റമ്മേ ഒന്ന് വിളിക്കാനാ... പാവം പേടിച്ചു പോയിക്കാണും ഇപ്പൊ....കുറച്ചു നേരത്തേക്ക് മതി...."" ദക്ഷ് വേഗം കൈ പാന്റിന്റെ പോക്കറ്റ്ലേക്ക് കൊണ്ട് പോയി എങ്കിലും ഒരു നിമിഷം കൊണ്ട് മുഖത്ത് നിരാശ പടർന്നു... ""... ഫോൺ.... എന്റെ കൈയിൽ ഇല്ലെടോ... ഇങ്ങോട്ടേക്കു കൊണ്ട് വിട്ടിട്ട് തിരികെ പോകും വഴി അത് കാറിൽ തന്നെ ഇട്ടേക്കാനാണ് മുത്തച്ഛൻ പറഞ്ഞത്.... ഫോൺ കൈയിൽ വയ്ക്കാൻ സമ്മതിച്ചിരുന്നില്ല..."' അവനെ ഒരു നിമിഷം നോക്കിയിരുന്നിട്ട് ഭിത്തിയിലേക്ക് ചാരി കണ്ണുകൾ അടച്ചിരുന്നു ശ്രീ.... ഇനിയുമൊന്നും പറയാൻ അവശേഷിച്ചിരുന്നില്ല... ""ഞാൻ..... ഞാൻ പുറത്തുണ്ടാകും.... ഈ ആഹാരം തനിക്കാണ്... കഴിക്കാതെ ഇരിക്കരുത്... പട്ടിണി കിടന്നു ആരോഗ്യം കളഞ്ഞാൽ എനിക്കൊരു പക്ഷേ തന്നേ രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല...""' മറുപടി ഒരു മൂളലിൽ ഒതുക്കി അവൾ അതേ ഇരുപ്പ് തുടരുന്നതും നോക്കി ഒരു നെടുവീർപ്പോടെ ദക്ഷ് പുറത്തേക്ക് ഇറങ്ങി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വീട്ടിലേക്ക് എത്താറാകും തോറും നെഞ്ച് വിങ്ങുന്നതായി തോന്നി അവിക്ക്... എന്താണ് താൻ ഓരോരുത്തരോടും പറയുക... ശ്രീയുടെ ഫോൺ അപ്പോഴും നിർത്താതെ ശബ്‌ദിച്ചുകൊണ്ടിരുന്നു.... അവളുടെ അമ്മയാണ്... ആ കാൾ എടുക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല... എടുത്താൽ തന്നെ എന്ത് പറയാനാണ്... ഒന്നുമറിയില്ല ആ പാവത്തിന്... ഇനിയും ശ്രീയെ എവിടെ പോയി അന്വേഷിക്കും എന്നൊരു ഭയം അവനിൽ നിറഞ്ഞു.. ദക്ഷിന്റെ ഫോണിലേക്ക് ഒരു നൂറാവർത്തി വിളിച്ചു കാണും... സ്വിച്ചഡ് ഓഫ് എന്നല്ലാതെ ഒരു മറുപടിയും കിട്ടിയില്ല... ശ്രീയുടെ മുഖം ആലോചിക്കുംതോറും ശ്വാസം വിലങ്ങും പോലെ...

തന്നെ വിശ്വാസമായിരുന്നില്ലേ അവൾക്ക്.... സത്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഈ നെഞ്ചിലേക്ക് വീണല്ലേ അവൾ കരഞ്ഞത്... ഒന്നും സംഭവിക്കില്ല എന്ന് താനല്ലേ അവൾക്ക് ധൈര്യം നൽകിയത്... എന്നിട്ടിപ്പോൾ ആ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു... അനുസരണക്കേട് കാട്ടി നിറയുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവി വണ്ടി നിർത്തി സീറ്റിലേക്ക് ചാഞ്ഞിരുന്നു.... വയ്യാ... ശരീരം തളരും പോലെ... മുന്നോട്ടുള്ള ഒരോ വഴിയും ഒരു ചോദ്യ ചിഹ്നം മാത്രമായി അവശേഷിക്കുന്നു... ഉത്തരമില്ലാത്ത ഇരുട്ട് മാത്രം നിറഞ്ഞ ചോദ്യ ചിഹ്നങ്ങൾ... എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല... ശ്രീയെ രക്ഷിക്കണം എന്നൊരു ചിന്ത മാത്രമായിരുന്നു ഉള്ളിൽ നിറഞ്ഞത്... ശ്രീയുടെ ഫോൺ കൂടാതെ തന്റെ ഫോണിലേക്കും എല്ലാവരും മാറി മാറി വിളിച്ചു തുടങ്ങിയപ്പോൾ വീട്ടിലേക്ക് തിരിച്ചു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വൈകുണ്ഠത്തിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറിയപ്പോഴേ കണ്ടു ഉമ്മറത്തിരുന്നു പതം പറഞ്ഞു കരയുന്ന ശ്രീയുടെ അമ്മയെയും അച്ഛനെയും... അച്ഛനും അമ്മയും അവരെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്... അടുത്ത് തന്നെ ചുവന്നു കലങ്ങിയ കണ്ണുകളുമായി ചുവരിലേക്ക് ചാരി അല്ലി നിൽക്കുന്നു... മുന്നോട്ട് നടക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല... കാലുകൾ പലപ്പോഴും കുഴഞ്ഞു പോകും പോലെ.... അവിയെ കണ്ടതും ശ്രീയുടെ അമ്മ ഓടി അവനരികിലേക്ക് എത്തി.... അവന് പിന്നിലായി കിടന്ന കാറിലേക്ക് ആകാംഷയോടെ ഉറ്റ് നോക്കുന്നുണ്ടായിരുന്നു അവർ... അപ്പോഴാ അമ്മയുടെ മുഖത്ത് പ്രതീക്ഷ നിറഞ്ഞു നിന്നു... തന്റെ മോള് സുരക്ഷിതയാണെന്നുള്ള പ്രതീക്ഷ...

""എന്റെ മോള്‌..... മോള്‌ വന്നില്ലേ മോനെ..... അതോ വീട്ടിൽ വിട്ടോ..... ഇരുട്ട് പേടിയാ എന്റെ കുഞ്ഞിന്.... ഞാൻ... ഞാനങ്ങോട്ട് ചെല്ലട്ടെ..."" അവർ വെപ്രാളത്തോടെ സാരിത്തലപ്പ് വെച്ച് മുഖം ഒന്നമർത്തി തുടച്ചു... നാവ് വിലങ്ങി പോകും പോലെ തോന്നി അവിക്ക്.... മുൻപിലുള്ള കാഴ്ചകൾ ഒന്നും വ്യക്തമാകുന്നില്ല.... അവൻ വിറയ്ക്കുന്ന കൈകളോടെ പതിയെ അമ്മയുടെ കൈയിലേക്ക് പിടിച്ചു... ""ശ്രീ.... ശ്രീ വന്നില്ല അമ്മേ..... അവള്....."" ഭാമ വിശ്വാസം വരാത്തത് പോലെ അവനെ നോക്കി നിൽക്കുകയായിരുന്നു.... ""വ..... വന്നില്ലെന്നോ..... പിന്നെ... പിന്നെവിടെ പോകാനാ എന്റെ കുഞ്ഞ്..... ഇ..... ഇല്ല.... എന്നേ പറ്റിക്കാൻ നോക്കണ്ട....."" അവി പറഞ്ഞത് കേട്ടില്ല എന്ന പോലെ ഭാമ മുന്നോട്ട് കാറിന്റെ അടുത്തേക്ക് ചെന്ന് ഗ്ലാസിൽ പതിയെ തട്ടി... ""ശ്രീമോളെ.... അമ്മ നന്നായി പേടിച്ചു ട്ടോ.... മതി.... നിർത്തിക്കോ... ഇനിയും ഒളിച്ചിരുന്നാൽ അമ്മ പിണങ്ങുമെ.... പിന്നെ മിണ്ടില്ലാട്ടോ...."" ഗ്ലാസിനുള്ളിലൂടെ അകത്തേക്ക് നോക്കാൻ ശ്രമിച്ചു കൊണ്ട് അവർ പറഞ്ഞു... ശൂന്യമായി കിടക്കുന്ന കാറിന്റെ അകവശം കണ്ടപ്പോൾ നെഞ്ചിലൊരു പിടപ്പ് പോലെ.... അവിയെ നോക്കിയപ്പോൾ അവൻ തല കുനിച്ചു മുഷ്ടി ചുരുട്ടിപ്പിടിച്ചു നിൽക്കുകയാണ്... ഒരാശ്രയത്തിന് എന്നത് പോലെ ഭാമ കാറിലേക്ക് ചാഞ്ഞിരുന്നു....

കാലുകളുടെ ബലം നഷ്ടപ്പെട്ടു നിലത്തേക്ക് ഊർന്നു വീഴും മുൻപേ അവി അരികിലേക്ക് പാഞ്ഞെത്തിയിരുന്നു.... ""എന്റെ കുഞ്ഞ്....എന്നേ കാണാതെ നിൽക്കില്ല അവൾ......."" രണ്ടു കൈയും തലയിലേക്ക് ഊന്നിയിരുന്നു പറയുന്ന ഭാമയുടെ അടുത്തേക്ക് മുട്ട് കുത്തി ഇരുന്നു അവി.... അവന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.... ""അമ്മേ.... ഞാൻ പറയുന്നത് കേൾക്ക്....""" ആദ്യമൊന്നും പറയുന്നത് ശ്രദ്ധിക്കാതെ കരഞ്ഞുകൊണ്ടിരുന്ന ഭാമയുടെ മുഖം അവൻ രണ്ടു കൈകളിലും കോരി എടുത്തു... ""'അമ്മേ.... ഞാൻ പറയുന്നത് കേൾക്ക്.... ശ്രീക്ക് ഒന്നും സംഭവിച്ചിട്ടില്ല.... ഇനി സംഭവിക്കാനും പോകുന്നില്ല..... ഞാനല്ലേ പറയുന്നത്... അമ്മയെനിക്ക് ഒരു മൂന്ന് നാല് ദിവസം സമയം തരണം...അതിനുള്ളിൽ അമ്മേടെ ശ്രീ മോളെ ഒരു കുഴപ്പവും ഇല്ലാതെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കും.... ഇതീ തറവാട്ടിലെ പരദേവതകളെ സാക്ഷിയാക്കി അഥർവ്വ തരുന്ന വാക്ക..... അത് തെറ്റില്ല....... ഹ്മ്മ്....."" അവി പറഞ്ഞത് മനസ്സിലായത് പോലെ അവരൊന്നു തല കുലുക്കി.... അപ്പോഴും കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു..... ഒരു നെടുവീർപ്പോടെ കണ്ണുകൾ അടച്ചു തളർന്നിരിക്കുമ്പോൾ തന്റെ പിന്നാലെ എപ്പോഴും ചിണുങ്ങി നടക്കുന്ന ശ്രീയുടെ മുഖം ഉള്ളിലേക്ക് തെളിഞ്ഞു വന്നു.... എപ്പോഴും തന്നോട് കുറുമ്പ് കാണിച്ചിട്ട് ചിണുങ്ങി നടക്കുന്ന ഒരു കുഞ്ഞിപ്പെണ്ണ്...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story