അഥർവ്വ: ഭാഗം 28

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""'അമ്മേ.... ഞാൻ പറയുന്നത് കേൾക്ക്.... ശ്രീക്ക് ഒന്നും സംഭവിച്ചിട്ടില്ല.... ഇനി സംഭവിക്കാനും പോകുന്നില്ല..... ഞാനല്ലേ പറയുന്നത്... അമ്മയെനിക്ക് ഒരു മൂന്ന് നാല് ദിവസം സമയം തരണം...അതിനുള്ളിൽ അമ്മേടെ ശ്രീ മോളെ ഒരു കുഴപ്പവും ഇല്ലാതെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കും.... ഇതീ തറവാട്ടിലെ പരദേവതകളെ സാക്ഷിയാക്കി അഥർവ്വ തരുന്ന വാക്ക..... അത് തെറ്റില്ല....... ഹ്മ്മ്....."" അവി പറഞ്ഞത് മനസ്സിലായത് പോലെ അവരൊന്നു തല കുലുക്കി.... അപ്പോഴും കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു..... ഒരു നെടുവീർപ്പോടെ കണ്ണുകൾ അടച്ചു തളർന്നിരിക്കുമ്പോൾ തന്റെ പിന്നാലെ എപ്പോഴും ചിണുങ്ങി നടക്കുന്ന ശ്രീയുടെ മുഖം ഉള്ളിലേക്ക് തെളിഞ്ഞു വന്നു.... എപ്പോഴും തന്നോട് കുറുമ്പ് കാണിച്ചിട്ട് ചിണുങ്ങി നടക്കുന്ന ഒരു കുഞ്ഞിപ്പെണ്ണ്..... ""അമ്മ ഇപ്പൊ വാ.... ഞാൻ വീട്ടിൽ കൊണ്ടാക്കാം.... ഒന്നും സംഭവിക്കില്ല ഞാനല്ലേ പറയുന്നേ...."" അവി ഭാമയെ പതിയെ എഴുന്നേൽപ്പിച്ചു... ""വേണ്ട കുഞ്ഞേ... ഏട്ടന്റെ സ്കൂട്ടറില ഞങ്ങള് വന്നത്.... ""എഴുന്നേൽക്കുന്നതിനിടയിൽ ഭാമ പറഞ്ഞു... ""എവിടെയാ എന്റെ കുഞ്ഞ്..... അ.... അതെങ്കിലും ഒന്ന് പറയ്വോ...."" ഭാമയുടെ മുഖത്തേക്ക് നോക്കുംതോറും അവന് എന്തെന്നില്ലാത്ത പിടച്ചിൽ തോന്നി മനസ്സിന്.. അവിയൊന്ന് കണ്ണുകൾ അടച്ചു ശ്വാസമെടുത്തു.. ""അമ്മക്ക് ഓർമ്മയുണ്ടോ അന്നൊരിക്കൽ വീട്ടിൽ വന്ന ഡോക്ടർ ടെ കാര്യം ശ്രീ പറഞ്ഞത്...."" കുറച്ചു നിമിഷം ആലോചിച്ചു നിന്നിട്ട് ഓർമ്മ വന്നത് പോലെ തലയാട്ടി ഭാമ.... ""ഡോക്ടർ ടെ അടുത്തുണ്ട് ശ്രീ.... അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട.. അവിടെ സുരക്ഷിതയായിരിക്കും അമ്മേടെ മോള്‌... അത് ഡോക്ടർ ഉറപ്പ് തന്നിട്ടുണ്ട്...

പിന്നെ ശ്രീയുടെ സുരക്ഷ മുൻനിർത്തി മാത്രമാണ് ഫോൺ വിളിക്കാത്തതും ഒന്നും പറയാതെ ഇരുന്നതും.... ഈ മൂന്ന് ദിവസം കഴിയുമ്പോൾ അമ്മേടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഞാൻ തരാം.... പക്ഷേ ഇപ്പൊ എനിക്കതിനു കഴിയില്ല..... """അവി നിസ്സഹായതയോടെ പറഞ്ഞു നിർത്തി.. ""ശ്രീയുടെ അച്ഛൻ പതിയെ അമ്മയെ ചേർത്ത് പിടിച്ചു.... അവിമോൻ പറഞ്ഞില്ലേ ഭാമേ.... മോൻ തെറ്റായ കാര്യമൊന്നും പറയില്ല എന്നറിയില്ലേ... മൂന്ന് ദിവസം കഴിയുമ്പോളേക്കും ഒരു കുഴപ്പവുമില്ലാതെ നമ്മുടെ കുഞ്ഞിങ്ങു വരും... ഹ്മ്മ്..."" അപ്പോഴും ഉള്ളിലെ ഭയവും വിഷമവും മാറാതെ നിൽക്കുകയായിരുന്നു ഭാമ.... ശ്രീ അപകടത്തിലാണ് എന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ.... """എന്ന ഞങ്ങളിറങ്ങട്ടെ കുഞ്ഞേ.... മോനൊന്ന് ഡോക്ടറോട് തിരക്കണേ എന്റെ കുഞ്ഞിന്റെ കാര്യം.... കുഞ്ഞിലേ മുതൽ ഇരുട്ട് ഭയങ്കര പേടിയാ അവൾക്ക്... എപ്പോഴും വെട്ടം ഇട്ടേക്കാൻ പറയണേ മുറിയിൽ..... പിന്നെ..... പിന്നെ ചായ കുടിച്ചില്ലെങ്കിൽ അവൾക്ക് തലവേദന എടുക്കും..... ഭക്ഷണത്തിനൊന്നും ഒത്തിരി എരിവ് ഇഷ്ടമല്ലെന്നേ..... എരിവൊരിത്തിരി കൂടുമ്പോഴേ കണ്ണ് നിറയ്ക്കാൻ തുടങ്ങും.....""" ഇടറിയ ശബ്ദത്തോടെ ഓരോന്നും എണ്ണിപ്പെറുക്കി പറയുന്ന ആ മനുഷ്യനോട് പറയാൻ മറുപടി ഇല്ലാതെ നിൽക്കുകയായിരുന്നു അവി.. നാവ് ചലിക്കുന്നില്ല എന്ന് തോന്നി അവന്... കണ്ണുനീർ ഉരുണ്ട് കൂടി കാഴ്ചയെ മറയ്ക്കുന്നു.... മുഖത്തൊരു ചിരി ഏറെ ശ്രമപ്പെട്ട് വരുത്തി തലയാട്ടിയപ്പോൾ ആ മുഖത്തൊരു ആശ്വാസം നിഴലിക്കുന്നത് ഒരു മങ്ങൽ പോലെ കണ്ടിരുന്നു.. അവർ കണ്ണിൽ നിന്ന് മറയും വരെയും അവി മുറ്റത്തു തന്നെ നിന്നു...

നെഞ്ചിൽ വല്ലാത്തൊരു ഭാരം നിറയും പോലെ... അകത്തേക്ക് തിരിഞ്ഞു നടന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്ത് അതേ ആശങ്ക തെളിഞ്ഞു കണ്ടു... എല്ലാവരെയും ഒന്ന് നോക്കി അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോളേക്ക് അല്ലി നെഞ്ചിലേക്ക് വീണു കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞിരുന്നു... """എനിക്ക്.... എനിക്ക് പേടിയാകുന്നു ഏട്ടാ.... ഡോക്ടർ.... അയാള്.... അയാള് കൊല്ലും എന്റെ ശ്രീയെ... """'പതം പറഞ്ഞു വിങ്ങി കരയുന്ന അവളുടെ ചുമലിൽ പതിയെ തട്ടി ആശ്വസിപ്പിച്ചു.. """ഒന്നുമില്ലെടാ... ഏട്ടനല്ലേ പറയുന്നേ....""" എന്നിട്ടും കേൾക്കാത്തത് പോലെ കരയുന്ന അവളുടെ മുഖം ബലമായി പിടിച്ചുയർത്തി... കരഞ്ഞു ചുവന്ന കണ്ണുകൾ കാണെ ഉള്ളിലൊരു നോവ്... """നോക്ക്.... ഏട്ടനല്ലേ പറയുന്നേ.... ശ്രീക്ക് ഒന്നും സംഭവിക്കില്ല.... ദക്ഷ് അവളെ ഒന്നും ചെയ്യില്ല.... ഉറപ്പ്.. മോൾക്ക് അറിയാത്ത ഇനിയും കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്... തത്കാലം പേടിക്കാതെ ഇരിക്ക്.. സമയമാകുമ്പോൾ ഏട്ടനെല്ലാം പറയാം.... മ്മ്..""" അവി പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും ഇനിയും എന്തൊക്കെയോ അറിയാനുണ്ട് എന്ന് തോന്നിയതിനാൽ അവൾ കണ്ണുകൾ തുടച്ചു തലയാട്ടി.... അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു അവി അകത്തേക്ക് നടന്നു... മുറിയിലേക്ക് ചെന്നതും തളർച്ചയോടെ കട്ടിലിലേക്ക് ചാഞ്ഞിരുന്നു.... ഫോണെടുത്തു കുറച്ചു മുൻപ് വന്ന മെസ്സേജിലേക്ക് ഒന്ന് കൂടി നോക്കി... """ശ്രീ എന്റടുത്തുണ്ട്.... നാളേക്ക് നാലാം നാൾ വൈകുന്നേരം ആറു മണിക്ക് അന്ന് ഞാൻ പറഞ്ഞ കാവിൽ എത്തണം. ഈ നമ്പറിൽ തിരിച്ചു വിളിക്കരുത്... ഫോൺ എന്റെ അടുത്ത് ഉണ്ടാകില്ല.. മുത്തച്ഛൻ കണ്ടാൽ അപകടമാണ്. - ദക്ഷ്"""

ഒന്ന് കൂടി സ്ക്രീനിലേക്ക് നോക്കി കണ്ണടച്ചു ചാഞ്ഞു കിടന്നപ്പോൾ കഴിഞ്ഞ ദിവസം ദക്ഷ് കാണാൻ വന്നതാണ് ഓർമ്മ വന്നത്... ശ്രീയെ വീട്ടിൽ കൊണ്ട് വിട്ടിട്ട് തിരിച്ചു വരും വന്നപ്പൊഴാണ് ഹാളിൽ ദക്ഷ് കാത്ത് നിൽക്കുന്നത് കാണുന്നത്. അല്ലി അച്ഛന്റെയും അമ്മയുടെയും കൂടെ അമ്പലത്തിൽ പോയിരിക്കുകയായിരുന്നു... അവന് സംശയം തോന്നരുത് എന്ന് അച്ഛൻ പറഞ്ഞ വാക്ക് ഓർമ്മയിൽ ഉള്ളതിനാൽ കുശാലാന്വേഷണം എന്നത് പോലെയാണ് അടുത്തേക്ക് ചെന്നത്. എന്നാൽ തന്നെപ്പോലും അത്ഭുതപ്പെടുത്തി ഇങ്ങോട്ടേക്കു വന്നതിന്റെ ലക്ഷ്യം തുറന്നു പറയുകയായിരുന്നു അവൻ.. """എനിക്കറിയാം അവി.... ഞാൻ പറഞ്ഞതൊന്നും തനിക്ക് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല എന്ന്.... ചതിക്കുവാണോ എന്ന് തോന്നുന്നുണ്ടാകും അല്ലെ.... അങ്ങനെ തോന്നിയാലും തന്നെ ഞാൻ കുറ്റം പറയില്ല... എന്നേ വിശ്വസിക്കാൻ തക്ക ഒന്നും ഞാൻ ചെയ്തിട്ടില്ല.... പക്ഷേ ഇത് താൻ കേൾക്കണം.... ഏത് നിമിഷവും ശ്രീയെ തട്ടിക്കൊണ്ട് പോകാൻ മുത്തച്ഛൻ ശ്രമിക്കും... ബലിക്ക് മൂന്ന് ദിവസം മുൻപ് തന്നെ ശ്രീ ഒപ്പമുണ്ടായിരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്.... അങ്ങനെ സംഭവിച്ചാൽ പിന്നെ ബലി ദിവസം വരെ കാത്ത് നിൽക്കേണ്ടി വരും ശ്രീയെ രക്ഷിക്കാൻ....""" അവിയുടെ നെറ്റി ചുളിഞ്ഞു.... """അതെന്താ.... എനിക്കറിയാം എന്താ വേണ്ടതെന്നു...""" ദക്ഷ് ചിരിച്ചതേ ഉള്ളൂ... ""അങ്ങനെ അല്ല അവി.... നിങ്ങൾ ഇനിയും എന്റെ മുത്തച്ഛനെ മനസ്സിലാക്കിയിട്ടില്ല... എനിക്ക് പോലും അറിയാത്ത അനുയായികളും മൂർത്തികളും ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ട്...ആരെന്തു ചെയ്യുന്നു ചെയ്യാൻ ശ്രമിക്കുന്നു എന്നെല്ലാം അദ്ദേഹത്തിന് കാണാൻ സാധിക്കും.

ക്ഷേത്രത്തിന്റെയും കാവുകളുടെയും പരിസരമല്ലാതെ മറ്റെവിടെ നിന്നും മുത്തച്ഛന്റെ കണ്ണുകൾ മറയ്ക്കാൻ കഴിയില്ല....""" ദക്ഷ് പറയുന്ന ഒരോ വാക്കും ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു അവി... ചുറ്റുമുള്ള കുരുക്ക് മുറുകും പോലെ... ""ഞാൻ ഇതൊക്കെ പറയാൻ ഇവിടേക്ക് വന്നതും ഈ കാരണം കൊണ്ട് മാത്രമാണ്. നിങ്ങളുടെ തറവാടിനെ ചുറ്റി ഗരുഡ ദേവന്റെ സംരക്ഷണ വലയമുണ്ട്... മുത്തച്ഛന്റെ ദൃഷ്ടിയിൽ ഇവിടം പതിയില്ല.... പക്ഷേ ശ്രീയെ കൊണ്ട് പോകുന്ന ഇടം അതുപോലെ ആകില്ല.... എനിക്ക് പോലും കാവൽ ഉണ്ടായേക്കാം... അതാണ് ബലി ദിവസം വരെ കാക്കാൻ പറഞ്ഞത്... ശ്രീ എവിടെയാണ് ഉള്ളതെന്ന് നിങ്ങൾ അറിഞ്ഞു എന്നറിഞ്ഞാൽ പിന്നെ മുത്തച്ഛന്റെ അടുത്ത നീക്കം എന്താകും എന്ന് ഊഹിക്കാൻ കൂടി കഴിയില്ല....""" """പിന്നെ..... പിന്നെ ഈ ബലി ദിവസം അവൾ സുരക്ഷിതയായിരിക്കും എന്ന് എന്ത് ഉറപ്പാ തരാൻ പറ്റുന്നത്...."" ദക്ഷ് ഒന്ന് ചിരിച്ചു... """രഹസ്യമായിട്ടാകണം ബലി നടക്കേണ്ടത് എന്ന് നിർബന്ധമുണ്ട്... ബലി നടത്തുന്നയാളും പരി കർമ്മിയും അല്ലാതെ മറ്റാരും അവിടെ ഉണ്ടാകാൻ പാടില്ല... ബലി നടത്തുന്ന വ്യക്തി ബലി പൂർത്തിയാകാതെ എഴുന്നേറ്റു പോകാനോ മറ്റൊന്നും ചെയ്യാനോ പാടില്ല.... അതുകൊണ്ട് തന്നെ കാവിനുള്ളിൽ മറ്റാരും ഉണ്ടാകില്ല... പുറത്ത് ആരൊക്കെയുണ്ടാകും എന്നെനിക്ക് അറിയില്ല... അവരെ നേരിടാനുള്ള ശക്തി തനിക്ക് ഭഗവാൻ തരും എന്നെനിക്ക് വിശ്വാസമുണ്ട്....""" ""ഈ കാര്യങ്ങൾ മറ്റാരും അറിയരുത്... ഈ വീടിന്റെ ചുമരുകൾക്കുള്ളിൽ അല്ലാതെ പുറത്ത് ഇതേപ്പറ്റി ഒരു സംസാരം ഉണ്ടാകുന്നത് ആപത്താണ്.....""" അവി അപ്പോഴും ചിന്തയിൽ തന്നെയായിരുന്നു....

ആലോചിക്കുംതോറും ഭ്രാന്ത്‌ പിടിക്കും പോലെ... അവിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു ദക്ഷ് പതിയെ എഴുന്നേറ്റു.... """എന്നാൽ ഞാൻ ചെല്ലട്ടെ....""" അവിയൊന്ന് ചിരിച്ചു... അവനെ ഒന്നിറുക്കെ പുണർന്നു ചുമലിൽ തട്ടി.... """താങ്ക് യു സോ മച്ച്....... എനിക്ക്..... എങ്ങനെയാ....""" വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല... ""നന്ദി ഒന്നും വേണ്ട.... പകരം.... പകരം എനിക്കൊരു കാര്യം ചെയ്തു തരുമോ...."" അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം നിറഞ്ഞു നിന്നു... അവിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.... അവൻ സംശയത്തോടെ ദക്ഷിനെ നോക്കി... ''എല്ലാം അറിഞ്ഞു കഴിയുമ്പോൾ എന്നേ..... എന്നേ വെറുക്കരുത് എന്നൊന്ന് പറയുമോ അല്ലിയോട്..... മറ്റൊന്നിനും വരില്ല ഞാൻ... എന്നോട് വെറുപ്പില്ല എന്നൊരു വാക്ക് മാത്രം മതി....""" നേർത്ത ശബ്ദത്തോടെ പറയുന്നവനെ നോക്കി അവിയൊന്ന് ചിരിച്ചു... സമ്മത ഭാവത്തിൽ അവന്റെ ചുമലിലേക്ക് തട്ടുമ്പോൾ വീണ്ടും ആ മിഴികളിലെ തിളക്കം ഇരട്ടിയായത് പോലെ... ഓർമ്മകളിൽ നിന്നുണരുമ്പോൾ കണ്ണുകളിൽ പെയ്യാനായി തുളുമ്പി നിന്ന നീർതുള്ളി തുടച്ചു മാറ്റി അവൻ... അന്ന് മുതൽ ഭയപ്പെട്ടിരുന്നതെന്തോ അത് സംഭവിച്ചിരിക്കുന്നു.... ഫോണിലെ ഗാലറിയിലെ ശ്രീയുടെ ചിത്രത്തിലേക്ക് നോക്കി അവൻ.... എപ്പോഴോ അവൾ അറിയാതെ എടുത്തതാണ്... വഴക്ക് പറഞ്ഞതിന്റെ പരിഭവത്തിൽ മുഖം വീർപ്പിച്ചുകൊണ്ട് അളന്നെടുക്കുന്ന ഒരു പെണ്ണ്... വിരലോടിക്കുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു.... """എന്താ പെണ്ണെ പറഞ്ഞിട്ട് കേൾക്കാഞ്ഞേ.... എത്ര തവണ പറഞ്ഞു ഞാൻ.... ന്നിട്ട് കണ്ണ് തെറ്റിയപ്പോൾ അനുസരണക്കേട് കാട്ടിയിരിക്കുന്നു.....""" ഫോട്ടോ നെഞ്ചോടു ചേർത്ത് കണ്ണുകൾ അടച്ചു കിടന്നു...

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 എപ്പോഴോ മയങ്ങി പോയിരുന്നു... തുറന്നു കിടക്കുന്ന ജനാലയിലൂടെ മഴയുടെ ശബ്ദം കേട്ടപ്പോഴാണ് കണ്ണ് തുറക്കുന്നത്... വെളുപ്പിനെ നാല് മണിയോടടുത്തിരിക്കുന്നു സമയം.... തിടുക്കത്തിൽ എഴുന്നേറ്റു... ഫോൺ ചാർജ് തീർന്ന് ഓഫ് ആയിരുന്നു.... വേഗം തന്നെ ചാർജിന്നിട്ട് പുറത്തേക്ക് ഇറങ്ങി.. വെളുപ്പിനെ തന്നെ തിരിക്കണം ഇവിടെ നിന്ന്... എങ്കിലേ നേദ്യത്തിന് മുൻപ് ഗരുഡൻ കോവിലിൽ എത്താൻ കഴിയൂ... കുളത്തിൽ മുങ്ങി നിവരുമ്പോൾ ദക്ഷ് പോയതിന് ശേഷം അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ.. ""മഹേന്ദ്രനേ പരാജയപ്പെടുത്തണമെങ്കിൽ ഗരുഡ ഭഗവാന്റെ അനുഗ്രഹം നിന്നോട് കൂടിയേ തീരൂ അവി... ഇപ്പോഴുള്ള നിന്റെ ബലമോ ശക്തിയോ മതിയാകില്ല അതിന്.... ബലിക്ക് മൂന്ന് ദിവസമുള്ളപ്പോൾ ഗരുഡൻ കോവിലിലേക്ക് ചെല്ലണം നീ... പിന്നീടുള്ള മൂന്ന് ദിവസവും രാവിലത്തെ നേദ്യം മാത്രമായിരിക്കണം നിന്റെ ആഹാരം... ആ നടയ്ക്ക് മുൻപിൽ പ്രാർത്ഥിക്കുമ്പോൾ ലക്ഷ്യം എന്താണ് എന്നൊരുറച്ച നിശ്ചയം ഉണ്ടായിരിക്കണം നിന്റെ മനസ്സിൽ...ഗരുഡപഞ്ചാക്ഷരി മന്ത്രം ഇടതടവില്ലാതെ ചൊല്ലി ഈ മൂന്ന് ദിവസവും ഭാഗവാന് മുൻപിൽ സ്വയം അർപ്പിക്കണം. മൂന്നാം ദിവസം വൈകിട്ട് ക്ഷേത്രക്കുളത്തിൽ മുങ്ങി നിവർന്ന ശേഷം ഈറനോടെ ഏഴു തവണ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കണം... അതിന് ശേഷം അത്താഴപൂജയ്ക്കുള്ള പായസം നീ തന്നെ സ്വയം പാകം ചെയ്തു നൽകണം...

അന്നേ ദിവസം നട അടച്ചതിന് ശേഷം മാത്രമേ വീട്ടിലേക്ക് മടങ്ങി വരാവൂ.... നാലാം നാൾ ബലി ദിവസത്തിന്റെ അന്ന് പുലർച്ചെക്ക് മുൻപ് വീട്ടിൽ എത്തിയിരിക്കണം. പകൽ വിശ്രമിച്ചിട്ട് ഇരുട്ട് വീഴും മുൻപ് തന്നെ കാവിനുള്ളിൽ കടന്നിരിക്കണം... സന്ധ്യ കഴിഞ്ഞു രാത്രിയോട് അടുക്കുന്ന നേരത്താകും ബലി നടക്കുക....""" അച്ഛന്റെ വാക്കുകൾ ഒരിക്കൽ കൂടി ഓർത്തുകൊണ്ട് വേഗം കുളിച്ചു കയറി കുളത്തിൽ നിന്നും. ക്ഷേത്രത്തിലേക്ക് പോകും മുൻപായി അനുഗ്രഹം വാങ്ങുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നത് ആധി കൊണ്ടാണെന്നു മനസ്സിലായെങ്കിലും മറുത്തൊന്നും പറയാൻ നിന്നില്ല... മൂന്ന് ദിവസം അനുഷ്ഠിക്കേണ്ട കഠിന വ്രതത്തെക്കാൾ നാലാം നാൾ രക്ഷിക്കേണ്ട പെണ്ണിന്റെ മുഖമായിരുന്നു മനസ്സിൽ... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പെട്ടി തുറന്നു കൈയിലുള്ള വാളൊന്നെടുത്തു പിടിച്ചു മഹേന്ദ്രൻ... ആഹ്ലാദം നിറഞ്ഞൊരു പൊട്ടിച്ചിരിയുണ്ടായിരുന്നു അയാളുടെ ചുണ്ടിൽ.... നാളെയാണ്...... ആ ദിവസം... ഓർമ്മ വച്ച കാലം മുതൽ താൻ കാത്തിരുന്ന ദിനം... പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു... അയാളൊന്ന് ഉല്ലാസത്തോടെ പൊട്ടിച്ചിരിച്ചു... വാളെടുത്തു ഒന്ന് നാസികയോട് ചേർത്ത് മണപ്പിച്ചു.... ഇപ്പോഴും കനച്ച ചോരയുടെ മണം അതിൽ നിന്നും വമിക്കുന്നുണ്ട് എന്ന് തോന്നി... ഈ വാളിന്റെ കീഴെ പിടഞ്ഞു മരിക്കേണ്ടി വന്ന പെൺകുട്ടികളുടെ ചുടു രക്തത്തിന്റെ മണം.. അയാളൊരു ഉന്മാദത്തോടെ വീണ്ടും വീണ്ടും അതിലെ ഗന്ധം ആസ്വദിച്ചുകൊണ്ടിരുന്നു....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story