അഥർവ്വ: ഭാഗം 29

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

പെട്ടി തുറന്നു കൈയിലുള്ള വാളൊന്നെടുത്തു പിടിച്ചു മഹേന്ദ്രൻ... ആഹ്ലാദം നിറഞ്ഞൊരു പൊട്ടിച്ചിരിയുണ്ടായിരുന്നു അയാളുടെ ചുണ്ടിൽ... .""" നാളെയാണ്...... ആ ദിവസം... ഓർമ്മ വച്ച കാലം മുതൽ താൻ കാത്തിരുന്ന ദിനം... പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു...""" ഉന്മാദിയെപ്പോലെ വീണ്ടും വീണ്ടും ആർത്തട്ടഹസിച്ചു പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു മഹേന്ദ്രൻ ... വാളെടുത്തു നാസികയോട് ചേർത്ത് മണപ്പിച്ചു.... ഇപ്പോഴും കനച്ച ചോരയുടെ മണം അതിൽ നിന്നും വമിക്കുന്നുണ്ട് എന്ന് തോന്നി... ഈ വാളിന്റെ കീഴെ പിടഞ്ഞു മരിക്കേണ്ടി വന്ന പെൺകുട്ടികളുടെ ചുടു രക്തത്തിന്റെ മണം.. അയാളൊരു ഉന്മാദത്തോടെ വീണ്ടും വീണ്ടും അതിലെ ഗന്ധം ആസ്വദിച്ചുകൊണ്ടിരുന്നു... തന്റെ മുത്തച്ഛന്റെ ആഗ്രഹം ഒടുവിൽ സംഭവിക്കാൻ പോകുന്നു... പക്ഷേ അതിലും ഒരുപടി മുൻപിലാണ് തന്റെ ലക്ഷ്യങ്ങൾ.... അനുഭവിച്ച ഒരോ വേദനക്കും പകരം ചോദിക്കണം.... വൈകുണ്ഠം തറവാട്ടിലെ അവസാനത്തെ കണ്ണിയും പിടഞ്ഞു മരിക്കണം തന്റെ മുൻപിൽ.... എങ്കിൽ മാത്രമേ ഇത്രയും വർഷം കെടാതെ സൂക്ഷിച്ച പകയുടെ അഗ്നി അണയുകയുള്ളൂ... ചുവന്ന പട്ട് അന്ന് തന്നെ ദക്ഷിന്റെ കൈയിൽ കൊടുത്തു വിട്ടിരുന്നു... കാവിലേക്ക് അവൾ വരുമ്പോൾ ആ പട്ട് ധരിച്ചു വേണം വരാൻ....

ബലിക്ക് മുൻപായി ഒരു കൂടിക്കാഴ്ച പാടില്ല എന്നത് തന്റെ നിർബന്ധമായിരുന്നു... മഹേന്ദ്രൻ തന്റെ കൈയിലേക്ക് നോക്കി.... ഇപ്പോഴും ആ പൊള്ളലിന്റെ പാട് മാറിയിട്ടില്ല.... വല്ലാത്തൊരു പുകച്ചിലാണ് അത്രയും ഭാഗം... ഗരുഡ രൂപത്തിൽ അവി ഏല്പിച്ച പൊള്ളലിലേക്ക് അയാൾ പകയോടെ നോക്കി നിന്നു... """എല്ലാം ആരംഭിച്ചിട്ടേ ഉള്ളൂ അഥർവ്വ.... എനിക്ക് നേരെ കൈയുയർത്തിയതിന് നിന്റെ പ്രാണനീ കാൽചുവട്ടിൽ ഞെരിച്ചൊടുക്കാതെ മഹേന്ദ്രന് ഇനി വിശ്രമമില്ല.... വൈകുണ്ഠത്തിലെ ആദ്യത്തെ അപമൃത്യു നിന്റേതാണ്.... """"കൈയിലേക്ക് ഒന്ന് തൊട്ടപ്പോഴുണ്ടായ നീറ്റലിൽ കണ്ണുകൾ അടച്ചയാൾ മുരണ്ടു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വാതിലിൽ മുട്ടുന്നത് കേട്ടപ്പോൾ ശ്രീ തളർച്ചയോടെ കണ്ണുകൾ വലിച്ചു തുറന്നു... മൂന്ന് ദിവസമായി ഇവിടെ ഈ മുറിയിൽ തന്നെ... ഒരോ നേരവും കഴിക്കാനുള്ള ആഹാരം കൃത്യ സമയത്ത് മുന്നിൽ എത്തുന്നുണ്ടായിരുന്നു എങ്കിലും കഴിക്കാൻ മനസ്സ് വന്നിരുന്നില്ല.. ജീവൻ നിലനിർത്താനുള്ള അല്പ മാത്രമായ ഭക്ഷണം കഴിക്കുന്നതിനു പലപ്പോഴും ഡോക്ടർ ശാസിച്ചു എങ്കിലും ഒരു മങ്ങിയ പുഞ്ചിരിയിൽ ഉത്തരങ്ങൾ ഒതുക്കി...

എത്രയൊക്കെ ഡോക്ടർ സമാധാനിപ്പിക്കാൻ ശ്രമിച്ചാലും പ്രതീക്ഷകൾക്ക് ഒരോ നിമിഷം കഴിയും തോറും മങ്ങലേറ്റ് വരുന്നു.... പ്രിയപ്പെട്ടവരെയൊന്നും ഇനിയുമൊരിക്കൽ കൂടി കാണാൻ കഴിയില്ലേ എന്ന ഭയം മാത്രമായിരുന്നു മനസ്സിനെ പിടിമുറുക്കിയത്.. അവർക്കൊരിക്കലും തന്റെ നഷ്ടം സഹിക്കുവാൻ കഴിയുകയില്ല... ഏറെ നേരം കണ്ണുകൾ അടച്ചിരുന്നത് കൊണ്ടാകാം മുൻപിലുള്ള കാഴ്ച വ്യക്തമായിരുന്നില്ല... അവളൊന്ന് കണ്ണുകൾ ചിമ്മി തുറന്നു... ദക്ഷ് അല്ലാതെ മറ്റാരും ആകില്ല എന്ന് ഉറപ്പുണ്ടായിരുന്നു.. പ്രതീക്ഷിച്ചത് പോലെ ദക്ഷ് നിൽക്കുന്നത് കണ്ടു.. കൈയിൽ എന്തോ ഒരു പൊതിയുമുണ്ട്... കഴിഞ്ഞ മൂന്ന് ദിവസത്തേതിന് വിപരീതമായി അവന്റെ ശിരസ്സ് കുനിഞ്ഞിരുന്നു... പറയാൻ ബുദ്ധിമുട്ടുള്ള എന്തോ ഒന്ന് അവന് തന്നോട് പറയാനുണ്ട് എന്ന് തോന്നി.. ദക്ഷ് അവളുടെ അടുത്തേക്ക് വന്നു നിലത്തായി മുട്ട് കുത്തി ഇരുന്നു... ""ശ്രീ..... ഞാൻ....""" അവൻ പറയുന്ന ഒരോ വാക്കുകളും കാത് കൂർപ്പിച്ചു ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു ശ്രീ... ഒരുവേള ഇത്രയും ദിവസം തന്നോട് പറഞ്ഞതൊക്കെ ഒരു നാടകമാണെന്ന തുറന്നു പറച്ചിലാകുമോ ഇതെന്ന് അവളൊന്ന് സംശയിച്ചു.. """ശ്രീ.... ഞാനിനി പറയാൻ പോകുന്ന കാര്യം കേട്ടിട്ട് താൻ പേടിക്കരുത്... ടെൻഷൻ ആകുകയും വേണ്ട...

തനിക്ക് ഒന്നും തന്നെ സംഭവിക്കില്ല... അത് ഞാൻ തരുന്ന വാക്ക.... ഹ്മ്മ്....""" അവനൊരു ആമുഖം എന്ന പോൽ പറഞ്ഞു നിർത്തി.. അവനെ തന്നെ ഉറ്റ് നോക്കി നിൽക്കുകയായിരുന്നു ശ്രീ.. """ഇ.... ഇന്നാണ് ബലി ദിവസം.... ഇന്ന് സന്ധ്യ തിരിഞ്ഞുള്ള നേരത്താണ് ബലി... സൂര്യൻ അസ്തമിച്ച ഉടനെ....പൂർണ്ണ ചന്ദ്രൻ ആകാശത്തിൽ ഉദിച്ചുയരുന്ന നേരത്ത് ബലി ആരംഭിക്കും...""" ഭയം കാരണം അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... നിക്ഷേധാർത്ഥത്തിൽ തലയാട്ടി വീണ്ടും ചുവരിലേക്ക് ഒന്ന് കൂടി ചേർന്നിരുന്നു... കാൽമുട്ടുകൾ രണ്ടും ഉയർത്തി വച്ചു അതിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്നവളെ ദക്ഷ് അലിവോടെ നോക്കി.... പേടി കാരണം ശരീരം വെട്ടി വിറയ്ക്കുന്നുണ്ടായിരുന്നു.. ""ശ്രീ.... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്....""" ദക്ഷ് പതിയെ ചുമലിലേക്ക് കൈ വച്ചതും അവളൊന്നു കൂടി ഞെട്ടി ചുവരിലേക്ക് ചുരുണ്ടു കൂടി... ഒന്ന് ദീർഘനിശ്വാസം എടുത്തവൻ ബലമായി അവളുടെ മുഖം കൈക്കുമ്പിളിൽ പിടിച്ചുയർത്തി... പേടി കാരണം മിഴികൾ പൂട്ടി ഇരിക്കുന്നവളെ കാൺകെ ഉള്ളിലൊരു ചെറിയ വാത്സല്യം തോന്നുന്നത് പോലെ തോന്നി അവന്.... കവിളിലേക്ക് ചാലിട്ട് ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ അമർത്തി തുടച്ചു കൊടുത്തു... ""ശ്രീ.... """ഗൗരവം കലർത്തി വിളിച്ചു.... """ഞാൻ പറയുന്നതൊന്നു കേൾക്ക്... ഒന്നും സംഭവിക്കില്ല എന്ന് ഞാൻ പറഞ്ഞില്ലേ.... അല്ലെങ്കിലും തന്റെ അവി തനിക്ക് എന്തെങ്കിലും സംഭവിക്കാൻ ഇട വരുത്തും എന്ന് തോന്നുന്നുണ്ടോ...

അവനുണ്ടാകും അവിടെ...""" വിശ്വാസം വരാത്തത് പോലെ തുറിച്ചു നോക്കി നിൽക്കുകയായിരുന്നു ശ്രീ... ദക്ഷ് പതിയെ അവളുടെ മുടിയിലൊന്ന് തലോടി... ""സത്യമാണ്... അവി ഉണ്ടാകും അവിടെ... തനിക്ക് ഇന്ന് വൈകുന്നേരം വീട്ടിലേക്ക് പോകാം... ഞാനല്ലേ പറയുന്നേ... ഹ്മ്മ്....""" മനസ്സിലായത് പോലെ അവളൊന്ന് തല കുലുക്കി... """കുറച്ചു സമയം കഴിയുമ്പോൾ മുത്തച്ഛൻ ഇങ്ങോട്ടേക്കു വരും... പേടിക്കരുത്.. തനിക്ക് ഒന്നും സംഭവിക്കില്ല... അതിന് മുൻപായി ഈ സാരി ഉടുക്കണം...രണ്ടു മൂന്ന് ദിവസമായില്ലേ ഇതേ വേഷത്തിൽ തന്നെ... ഒന്ന് കുളിക്ക്... എന്നിട്ട് ഇതുടുക്ക്...""" ദക്ഷ് കൊണ്ട് വന്ന പൊതി അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു... ചുവന്ന പട്ടിലേക്ക് അവൾ പേടിയോടെ നോക്കുന്നത് കണ്ടപ്പോൾ ഒന്നുമില്ല എന്നവൻ കണ്ണ് ചിമ്മി കാണിച്ചു... പിന്നെ അവളുടെ കവിളിൽ ഒന്ന് തട്ടി പുറത്തേക്ക് നടന്നു... കൈയിൽ ഇരിക്കുന്ന ചുവന്ന പട്ടിലേക്ക് അവൾ പേടിയോടെ നോക്കി... ഇപ്പോഴും അതിൽ നിന്നും വല്ലാത്തൊരു ദുർഗന്ധം വമിക്കുന്നതായി തോന്നി .. പഴകി കട്ട പിടിച്ച ചോരയുടെ കനച്ച ഗന്ധം... മുഖത്തോട് അടുപ്പിച്ചപ്പോൾ തന്നെ അവൾ അറപ്പോടെ അതെടുത്തു അകലേക്ക്‌ പിടിച്ചു... മൂക്കിലേക്ക് അപ്പോഴേക്കും ആ ഗന്ധം തുളഞ്ഞു കയറും പോലെ... ശർദിക്കാൻ വരും പോലെ ഉള്ളിൽ നിന്നും എന്തൊക്കെയോ ഉരുണ്ട് കയറുന്നു...സാരി താഴെക്കിട്ട് രണ്ടു കൈകൾ കൊണ്ടും വായ പൊത്തിപ്പിടിച്ചിരുന്നു... പക്ഷേ കഴിയില്ല....

ഇത് ഉടുക്കാതെ മറ്റൊരു വഴി മുൻപിൽ ഇല്ല എന്ന് അറിയാമായിരുന്നു... താനായി ഇത് ധരിച്ചില്ല എങ്കിൽ ബലമായി ധരിപ്പിക്കാനും അവർ മടിക്കില്ല... ഡോക്ടർ പറഞ്ഞത് വെച്ച് ഇതേ സാരി ഉടുത്തു വേണം ബലി നടത്താൻ.. അവൾ പതിയെ ചുമരിന് ബലം കൊടുത്തു കൈകൾ കുത്തി പതിയെ എഴുന്നേറ്റു... കാലുകൾക്കൊക്കെ വല്ലാത്ത തളർച്ച പോലെ... അറപ്പോടെയാണെങ്കിലും സാരി കൈയിലെടുത്തു ആ മുറിയോട് ചേർന്ന് ഒരുക്കിയിട്ടുള്ള കുളിമുറിയിലേക്ക് നടക്കുമ്പോൾ ദക്ഷ് പറഞ്ഞതൊക്കെ വിശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു മനസ്സ്... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വാതിലിൽ ശക്തിയായി ആരോ മുട്ടും പോലെ തോന്നിയപ്പോഴാണ് ദക്ഷ് വാതിൽ തുറന്നത്... മുന്നിൽ നിൽക്കുന്ന മുത്തച്ഛനെ കണ്ടതും അവനൊരു നിമിഷം ഒന്ന് പകച്ചു... പിന്നെ പതിയെ പുഞ്ചിരിച്ചു... """നേരത്തെ ആണല്ലോ മുത്തച്ഛ... അഞ്ചു മണിക്ക് വരും എന്നല്ലേ പറഞ്ഞെ... ഇതിപ്പോൾ മൂന്നര ആയിട്ടേ ഉള്ളൂ.... """അവനൊരു ചിരിയോടെ ഉള്ളിലെ പതർച്ച മറച്ചു പിടിച്ചു പറഞ്ഞു... """ഹ്മ്മ്.... ""മഹേന്ദ്രൻ ഒന്ന് മൂളി... """കാര്യങ്ങളിൽ ചെറിയൊരു മാറ്റമുണ്ട് ദക്ഷ്... ഞാനിപ്പോൾ ഗണിച്ചു നോക്കിയപ്പോൾ ഇന്ന് അര നാഴിക നേരത്തെ പൗർണമി തുടങ്ങും... അതിനുള്ളിൽ ബലി നടന്നിരിക്കണം... ഇരുളും വരെ കാത്ത് നിൽക്കേണ്ട... സൂര്യനസ്തമിക്കുന്ന നിമിഷം ബലിക്ക് ശേഷം അവളുടെ രക്തം സമർപ്പിച്ചുകൊണ്ടുള്ള പൂജ ആരംഭിച്ചിരിക്കണം..."" മഹേന്ദ്രൻ പറയുന്നത് കേട്ട് ദക്ഷ് വിശ്വാസം വരാതെ അയാളെ നോക്കി... അവിയോട് സൂര്യൻ അസ്തമിച്ച ശേഷമേ ബലി നടത്തൂ എന്നാണ് താൻ പറഞ്ഞിരുന്നത്... അതിനോടടുത്ത സമയത്താണ് വരാൻ പറഞ്ഞിരുന്നതും...

""എന്താ... എന്തെങ്കിലും എതിർപ്പുണ്ടോ നിനക്ക്...."" ദക്ഷിനെ ഒന്ന് ചുഴിഞ്ഞു നോക്കി മഹേന്ദ്രൻ ചോദിച്ചു... ""ഏ.... ഏയ്യ് ഇല്ല മുത്തച്ഛ... പെട്ടന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടിയെന്ന് മാത്രം..."" അവൻ മുഖത്തൊരു ചിരി വരുത്തി പറഞ്ഞു... ""ഹ്മ്മ്.... ആ പട്ട് അവളുടുത്തോ..."" അകത്തേക്ക് നടക്കുന്നതിനിടയിൽ മഹേന്ദ്രൻ ചോദിച്ചു.. ""ഉവ്വ് മുത്തച്ഛ.... ഞാൻ രാവിലെ തന്നെ കൊടുത്തിരുന്നു..."" ശ്രീയെ താമസിപ്പിച്ച അറയിലേക്ക് എത്തിയതും അയാളൊന്ന് നിന്നു... വാതിൽ തുറക്കാനായി ദക്ഷിനോട് ആംഗ്യം കാണിച്ചു.. അവൻ വാതിൽ തുറന്നതും ഒരു നിമിഷം പോലും വൈകാതെ അകത്തേക്ക് കയറി.. മഹേന്ദ്രനേ കണ്ടതും ശ്രീ പേടിയോടെ പിടഞ്ഞെഴുന്നേറ്റു ചുവരിന്റെ അടുത്തേക്ക് നീങ്ങി നിന്നു... ചുവന്ന പട്ടുടുത്തു നിൽക്കുന്ന അവളെ കണ്ണ് നിറയെ കാണുകയായിരുന്നു മഹേന്ദ്രൻ... ""മോളെന്തിനാ ഇങ്ങനെ പേടിക്കുന്നത്.... ഏറിയാൽ രണ്ടോ മൂന്നോ മണിക്കൂർ.... അതിനുള്ളിൽ മോളുടെ എല്ലാ പേടിയും മാറും... പിന്നെ ഒരിക്കലും മോൾക്ക് പേടിയോ വേദനയോ ഉണ്ടാകില്ല..."". അയാൾ കുടിലതയോടെ പറഞ്ഞുകൊണ്ട് അവൾക്ക് അരികിലേക്ക് നടന്നു... ""അയ്യോടാ... വീണ്ടും പേടിയാണോ.... അപ്പൂപ്പൻ ഇപ്പോൾ തന്നെ പേടി മാറ്റാം കേട്ടോ.... ഇനി മോൾ ഒന്നും അറിയില്ല...."" അടുത്തേക്ക് നടന്നു വരുന്ന അയാളെ കണ്ടതും ശ്രീ കരഞ്ഞുകൊണ്ട് ചുവരിന്റെ മൂലയിലേക്ക് നീങ്ങി നിന്നു... അന്ന് കാവിൽ അയാൾ തന്നെ ബോധരഹിതയാക്കിയതായിരുന്നു അവളുടെ ഉള്ളിലപ്പോൾ..

മഹേന്ദ്രൻ കൈ നീട്ടിയതും ശ്രീ രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി.... അയാൾ ദേഷ്യത്തോടെ അവളെയൊന്ന് നോക്കിയ ശേഷം ദക്ഷിനു നേരെ കണ്ണുകൾ കാണിച്ചു.. അവനൊരു നിമിഷം ശ്രീയെ തന്നെ നോക്കി നിന്നു... പിന്നെ അടുത്തേക്ക് ചെന്ന് ബലമായി കൈകൾ മുഖത്ത് നിന്നും എടുത്തു മാറ്റി... രണ്ടു കണ്ണും നിറച്ചു നിസ്സഹായതയോടെ തന്നെ നോക്കി കൈകളിൽ കിടന്നു കുതറുന്ന പെണ്ണിനെ കാണാൻ ശക്തിയില്ലാത്തത് പോലെ അവൻ കണ്ണുകൾ ഇറുക്കെ അടച്ചു... മഹേന്ദ്രനൊരു ചിരിയോടെ ശ്രീയുടെ തിരുനെറ്റിയിലേക്ക് ബലമായി പെരുവിരൽ അമർത്തി... അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റ് നോക്കി അയാൾ പതിയേ ചുണ്ടനക്കി ശബ്ദം പുറത്തു കേൾക്കാത്ത വിധത്തിൽ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി... അയാളുടെ പെരുവിരലിന്റെ ചലനത്തോടൊപ്പം അവളുടെ ബോധവും മറഞ്ഞു തുടങ്ങിയിരുന്നു... നിലത്തേക്ക് ഊർന്ന് പോകാതെ ദക്ഷ് അവളെ കൈകളിൽ താങ്ങി നിർത്തി... ""ഇവളെയും എടുത്തു എന്റെ പിന്നാലെ കാവിലേക്ക് വാ... അര മണിക്കൂറിനുള്ളിൽ ബലിക്ക് മുന്നോടിയായുള്ള പൂജകൾ ആരംഭിക്കണം..."" അത്രയും മാത്രം ദക്ഷിനെ നോക്കി ഗൗരവത്തിൽ പറഞ്ഞു അയാൾ മുന്നോട്ടേക്ക് നടന്നു... .🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തി അവി കരയിലേക്ക് കയറി... പുലർച്ചയോട് അടുത്തിരുന്നു ഗരുഡൻ കോവിലിൽ നിന്നും മടങ്ങി എത്തിയപ്പോൾ...

ഒന്ന് വിശ്രമിച്ച ശേഷം മാത്രം കാവിലേക്ക് പുറപ്പെട്ടാൽ മതി എന്നത് അച്ഛന്റെ കല്പ്പനയായിരുന്നു... ചിലപ്പോൾ ഒരു ജയത്തിന് കായിക ബലവും കൂടി ആവശ്യമായി വരും... മൂന്ന് ദിവസത്തെ കഠിന വ്രതത്തിന്റെ ക്ഷീണം ബാധിച്ച ശരീരത്തിന് ഒരുപക്ഷെ അത് താങ്ങാൻ കഴിഞ്ഞില്ലെങ്കിലോ എന്നുള്ള അച്ഛന്റെ ആശങ്ക... അവൻ വേഗത്തിൽ തന്നെ ഈറൻ മാറ്റി തയ്യാറായി ഇറങ്ങി... അവി.... കുറച്ചു മുൻപായി പറഞ്ഞ കാര്യങ്ങൾ ഒന്നും മറക്കണ്ട... ആവശ്യമായി വരും നിനക്ക്... ജഗന്നാഥൻ അവന്റെ ശിരസ്സിൽ കൈകൾ വച്ചനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.. അവിയൊന്ന് പുഞ്ചിരിച്ചു.. ""ഏട്ടാ.... ഞാനും കൂടി വന്നോട്ടെ.... പറ്റണില്ല ഏട്ടാ.... അവളുടെ അടുത്തേക്ക് ചെല്ലാൻ ഉള്ളിലിരുന്ന് ആരോ പറയും പോലെ.... """. രണ്ടു കണ്ണും നിറച്ചു തന്റെ കൈയിൽ പിടിച്ചു പറയുന്ന അല്ലിയുടെ നെറുകയിൽ അവി വാത്സല്യത്തോടെ ചുണ്ടുകൾ പതിപ്പിച്ചു... ""അതിന് മോളോട് ആരാ വരണ്ട എന്ന് പറഞ്ഞത്... രാത്രി അച്ഛൻ വരുന്നുണ്ട് അവിടേക്ക്... മോള്‌ അച്ഛന്റെ കൂടെ വന്നോ.. നിങ്ങൾ എത്തുമ്പോളേക്കും ഞാൻ ശ്രീയെയും കൂട്ടി എത്താം.. നിന്റെ ഒരു ജോഡി ഡ്രസ്സ്‌ കൂടി എടുത്തോളൂ... ബലിയുടെ വസ്ത്രം ആയിരിക്കും അവളെ ഉടുപ്പിച്ചിട്ടുണ്ടാകുക അത് ധരിച്ചു ഹോസ്പിറ്റലിലോ ശ്രീയുടെ വീട്ടിലേക്കോ പോകാൻ കഴിയില്ല... നൂറായിരം സംശയങ്ങളും അന്വേഷണങ്ങളും പിന്നാലെ വരും... ഹ്മ്മ്.."" അല്ലി മനസ്സിലായത് പോലെ തലയാട്ടി.. ജഗന്നാഥനെ ഒന്ന് നോക്കി ശിരസ്സ് ചലിപ്പിച്ചു അവി പുറത്തേക്ക് ഇറങ്ങി... ഇനിയുള്ള ഒരോ ചുവടുകൾക്കും നിമിഷങ്ങൾക്കും ശ്രീയുടെ ജീവന്റെ വിലയാണ്.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story