അഥർവ്വ: ഭാഗം 30

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""നിന്റെ ഒരു ജോഡി ഡ്രസ്സ്‌ കൂടി എടുത്തോളൂ... ബലിയുടെ വസ്ത്രം ആയിരിക്കും അവളെ ഉടുപ്പിച്ചിട്ടുണ്ടാകുക അത് ധരിച്ചു ഹോസ്പിറ്റലിലോ ശ്രീയുടെ വീട്ടിലേക്കോ പോകാൻ കഴിയില്ല... നൂറായിരം സംശയങ്ങളും അന്വേഷണങ്ങളും പിന്നാലെ വരും... ഹ്മ്മ്.."" അല്ലി മനസ്സിലായത് പോലെ തലയാട്ടി.. ജഗന്നാഥനെ ഒന്ന് നോക്കി ശിരസ്സ് ചലിപ്പിച്ചു അവി പുറത്തേക്ക് ഇറങ്ങി... ഇനിയുള്ള ഒരോ ചുവടുകൾക്കും നിമിഷങ്ങൾക്കും ശ്രീയുടെ ജീവന്റെ വിലയാണ്... അന്തരീക്ഷമാകെ വല്ലാത്തൊരു മൂകത പടർന്നിരുന്നു... സന്ധ്യയോട് അടുത്തിട്ടും പരസ്പരം കലപില കൂട്ടി പക്ഷികൾ ചില്ലകളിലേക്ക് ചേക്കേറിയിരുന്നില്ല...അവി പടിയിലേക്ക് ഇറങ്ങി ചുറ്റും ഒന്ന് നോക്കി.. ആകാശമാകെ കാർമേഘം മൂടിയിരുന്നു... ഇടയ്ക്കിടെ അവയെ ഭേദിച്ചു പോകുന്ന മിന്നൽപിണറുകളും വീശിയടിക്കുന്ന കാറ്റും കാൺകെ പേരറിയാത്ത ഒരു ഭയം ഉള്ളിൽ നിറഞ്ഞു തുടങ്ങിയിരുന്നു.. ഏത് നിമിഷവും ആർത്തലച്ചു പെയ്യാൻ എന്നത് പോലെ തയ്യാറായിരിക്കുകയാണ് അന്തരീക്ഷം... എന്നിട്ട് പോലും അതിന്റെതായ ശബ്ദമോ ബഹളങ്ങളോ അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നില്ല... കൂട് തേടി പോകുന്ന പക്ഷികളെ കാണാതെ അവിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു..

നിത്യവും വൈകുന്നേരം പതിവുള്ള ബഹളങ്ങളിൽ ഒന്നാണ് അത്... കണക്ക് കൂട്ടലുകളൊക്കെ പിഴയ്ക്കുമെന്ന് ഉള്ളിലിരുന്ന് ആരോ മുന്നറിയിപ്പ് തരും പോലെ.. അവൻ വേഗം തന്നെ ബൈക്കിലേക്ക് കയറി.. കാർ അച്ഛനും അല്ലിക്കും വരാൻ വേണ്ടി മാറ്റി ഇട്ടിരിക്കുകയായിരുന്നു... ദക്ഷിന്റെ വീടിന്റെ മുൻപിലൂടെ കടന്നു പോയപ്പോൾ വെറുതെ ഒന്ന് പാളി നോക്കി... ഗേറ്റ് പൂട്ടി താഴിട്ടത് കണ്ടപ്പോൾ തന്നെ മഹേന്ദ്രൻ കാവിലേക്ക് പുറപ്പെട്ടു എന്ന് മനസ്സിലായി.. ബൈക്കിന്റെ വേഗം ഒരല്പം കൂടി കൂട്ടി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അഞ്ച് മണി കഴിഞ്ഞിരുന്നു ദക്ഷ് പറഞ്ഞ കാവിന്റെ അടുത്തേക്ക് എത്തിയപ്പോൾ.. അമ്പലത്തിൽ ദീപാരാധനയുടെ നേരം ആകാത്തതിനാൽ ആരും ഉണ്ടായിരുന്നില്ല.. തിരുമേനി അകത്ത് പൂജയിലാണെന്ന് തോന്നുന്നു.. ദക്ഷ് പറഞ്ഞു തന്ന ഓർമ്മയിൽ അവി പതിയെ മുന്നോട്ട് നടന്നു... ഏറെ ദൂരം പോകുന്നതിന് മുൻപായി തന്നെ ഇടുങ്ങിയ ഒരു വഴിയും അതിനോട് ചേർന്നുള്ള മണ്ണിന്റെയും കരിങ്കല്ലിന്റെയും പടിക്കെട്ടുകളും കണ്ടു... താഴേക്ക് ഇറങ്ങി ചെന്നപ്പോഴേക്കും മുൻപിലുള്ള വഴി അവസാനിച്ചിരുന്നു.. ആൾസഞ്ചാരം അങ്ങനേ ഉണ്ടാകാത്തതിനാലാകണം വഴിയുടെ അടയാളം പോലും പുറത്ത് കാട്ടാത്ത വിധം ചെടികൾ വളർന്നു നിൽക്കുന്നു.. ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ഇത്തിരി മാറി ചെടികൾ രണ്ടു വശങ്ങളിലേക്കും വകഞ്ഞു മാറ്റിയത് പോലെ കണ്ടു... ദക്ഷ് പറഞ്ഞത് വച്ചു ഇത് തന്നെയാകണം കാവിലേക്കുള്ള വഴി എന്ന് തോന്നി...

സന്ധ്യക്ക് മുൻപ് തന്നെ കാവിന്റെ ഉള്ളിൽ കടക്കണം എന്ന് ദക്ഷ് പറഞ്ഞ ഓർമ്മ ഉള്ളതിനാൽ വേഗം മുന്നോട്ട് നടന്നു.. കാവിന്റെ അടുത്ത് എത്താറായപ്പോൾ മുൻപിലൊരു തടസ്സം പോലെ... എത്ര ശ്രമിച്ചിട്ടും മുൻപോട്ട് ചലിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... മഹേന്ദ്രന്റെ ദുർമൂർത്തികൾ തീർത്ത സംരക്ഷണ ഭിത്തിയാണ് അതെന്ന് ഉറപ്പായിരുന്നു.. അവി തോളിൽ തൂക്കിയിട്ട സഞ്ചി തുറന്നു... ഇന്നലെ ക്ഷേത്രത്തിൽ നിന്ന് കൊണ്ട് വന്ന തീർത്ഥജലം കൈയിലേക്ക് എടുത്തു... വെള്ളം കൈക്കുമ്പിളിലേക്ക് എടുത്തു കണ്ണുകൾ അടച്ചു നിന്നു...ഗരുഡ ദേവന്റെ ചൈതന്യത്തെ പൂർണ്ണമായും ഏകാഗ്രമായ മനസ്സോടെ സ്മരിച്ചു... തന്റെ കൈയിലെ ഗരുഡ ചിഹ്നം വീണ്ടുമൊരിക്കൽ കൂടി സ്വർണ്ണ വർണ്ണം അണിയുന്നത് അവി അറിഞ്ഞു... അതേ കൈകളിൽ കരുതിയ ജലം മൂന്ന് തവണ തലയുടെ ചുറ്റും ഒഴിഞ്ഞു അവൻ മുന്നോട്ട് എറിഞ്ഞു.. കൈയിൽ നിന്നുമാ കനകതേജസ്സ് ജലത്തിലേക്കും പടർന്നത് പോലെ... പെട്ടെന്ന് ചുറ്റിലും ശൂന്യത നിറഞ്ഞത് പോലെ തോന്നി... മുന്നോട്ട് നടക്കാനുള്ള തടസ്സം മാറിയിരുന്നു... രണ്ടു ചുവട് വയ്ക്കുമ്പോഴേക്കും ആരോ കൈകൾ കൊണ്ട് കഴുത്തിനു പിന്നിലായ് പിടിച്ചു ഞെരിക്കും പോലെ തോന്നിയതും അവിയുടെ കാലുകൾ പെട്ടെന്നൊന്നു പിന്നിലേക്ക് ആഞ്ഞു.... കഴുത്തിലെ പിടി വല്ലാത്ത മുറുക്കമുള്ളതായിരുന്നു... ഒരു മനുഷ്യനെ ശ്വാസം മുട്ടിച്ചു അവന്റെ ജീവനെടുക്കുവാൻ പോന്ന ഒന്ന്... മഹേന്ദ്രന്റെ സഹായിയാകും അതെന്ന് ഉറപ്പായിരുന്നു...

അവി കാലുകൾക്ക് ബലം കൊടുത്തു നിലത്തേക്ക് ഉറപ്പിച്ചു നിന്നു... അയാൾ അതേ ബലത്തോടെ അവിയുടെ കഴുത്തിൽ പിടിച്ചു ഉയർത്താൻ ശ്രമിച്ചു എങ്കിലും കഴിയുന്നുണ്ടായിരുന്നില്ല.. അവി കൈകൾ പിന്നിലേക്കാക്കി വളച്ചെടുത്തു അയാളുടെ നടുവിലേക്ക് ചലിപ്പിച്ചു... സുഷുമ്ന നാഡിയോട് ചേർന്നുള്ള ഞരമ്പിലേക്ക് വിരലുകൾ എത്തിയതും അവി ചൂണ്ട് വിരൽ ഒന്ന് തിരിച്ചുകൊണ്ട് അയാളുടെ ശരീരത്തിലേക്ക് ആഴ്ന്നിറക്കി.. ഒരു നിലവിളിയോടെ അയാൾ അവിയുടെ കഴുത്തിൽ നിന്നും കൈകൾ അയച്ചു നടുവിലേക്ക് താങ്ങു കൊടുത്തു പോയി... വേദന കാരണം നേരെ നിൽക്കാൻ കഴിയാതെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു അയാളുടെ... വേദന സഹിക്കാൻ കഴിയാതെ നിലത്തേക്ക് വേച്ചു വീണിട്ട് പുളയുന്ന അയാളെ പുച്ഛത്തോടെ ഒന്ന് നോക്കി അവി മുന്നോട്ടേക്ക് നടന്നു.. അന്തരീക്ഷമാകെ പടർന്നു തുടങ്ങിയ കർപ്പൂരത്തിന്റെയും സാമ്പ്രാണിയുടെയും ഗന്ധം നാസികയിലേക്ക് പടർന്നു കയറിയപ്പോൾ അവനൊന്നു പിടഞ്ഞു... കാലുകളുടെ വേഗത പരമാവധി കൂട്ടി മുന്നോട്ടേക്ക് ചലിക്കുമ്പോഴും ഈ വഴിക്കൊരു അവസാനമില്ല എന്ന് തോന്നി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""അവിടേക്ക് കിടത്തൂ..... ""വശത്തായി ഒരുക്കിയ കരിങ്കല്ലിൽ കൊത്തിയ ബലി പീഠം കാട്ടി മഹേന്ദ്രൻ പറഞ്ഞു...

ദക്ഷ് പതിയെ ശ്രീയെ അവിടേക്ക് കിടത്തി... ഇതൊന്നും അറിഞ്ഞിട്ടില്ലാത്തത് പോലെ തളർന്നു മയങ്ങുകയായിരുന്നു അവളപ്പോൾ... മഹേന്ദ്രൻ നിലത്തേക്ക് വീണു കിടന്ന അവളുടെ കൈകൾ രണ്ടും എടുത്തു വയറിനു കുറുകെ ആയി ശരീരത്തോട് ചേർത്ത് വച്ചു... മുൻപിലെ മൂർത്തിയുടെ പ്രതിഷ്ഠയുടെ മുൻപിലായി വിതറിയിട്ട സിന്ദൂരത്തിൽ നിന്നും പെരുവിരലും മോതിരവിരലും ഉപയോഗിച്ച് ഒരു നുള്ള് നുള്ളിയെടുത്തു... ശ്രീയെ ഒന്ന് നോക്കി ചിരിച്ചുകൊണ്ടായാൾ അവളുടെ നെറ്റിയിലേക്ക് വട്ടത്തിൽ പൊട്ട് കുത്തി... മുൻപിലെ വാഴയിലയിൽ കരുതിയ തെച്ചിപ്പൂ ഒരു പിടി വാരിയെടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു... മഹേന്ദ്രൻ ചെയ്യുന്ന പ്രവൃത്തികൾ നോക്കി നിൽക്കുകയായിരുന്നു ദക്ഷ്... വളരെ പതിഞ്ഞു നേർത്ത സ്വരത്തിൽ മറ്റൊരാൾ കേൾക്കാത്ത വിധമാണ് മന്ത്രങ്ങൾ ചൊല്ലുന്നത്.. മറ്റൊരാൾ കേട്ട് കഴിഞ്ഞാൽ മന്ത്രത്തിന്റെ ശക്തി നഷ്ടപെടുമത്രേ... ഒരിക്കൽ ഇതേ മന്ത്രത്തെപ്പറ്റി ചോദിച്ചപ്പോൾ മഹേന്ദ്രൻ പറഞ്ഞത് അവന്റെ ഓർമ്മയിലേക്ക് കടന്നു വന്നു.. ഇഷ്ടഫല സിദ്ധിക്കായുള്ള മൂർത്തിയുടെ പ്രത്യേക ഉപാസനാ മന്ത്രം. എവിടെയും എഴുതി സൂക്ഷിക്കാനോ മറ്റെന്തെങ്കിലും രീതിയിൽ പഠിക്കാനോ കഴിയില്ല... പൂർണ്ണമായും വാ മൊഴിയിൽ കൂടി മാത്രമേ കൈമാറ്റം ചെയ്യുകയുള്ളൂ. മന്ത്രം അറിയുന്ന വ്യക്തി അത് ഒരേയൊരാൾക്ക് മാത്രമേ പറഞ്ഞു കൊടുക്കാൻ പാടുകയുള്ളൂ.

മാറ്റാർക്കെങ്കിലും പറഞ്ഞു കൊടുത്താൽ അയാളിൽ നിന്നും ആ ശക്തി എന്നെന്നേക്കുമായി വിട്ടകലും.. ഒരേയൊരു തവണ മാത്രമേ ചൊല്ലികൊടുക്കുകയുള്ളൂ... പിന്നീടൊരിക്കൽ കൂടി ആവർത്തിക്കുകയില്ല.. ആദ്യം കേൾക്കുമ്പോൾ തന്നെ ഏകാഗ്രതയോടെ ഹൃദിസ്തമാക്കണം..കഠിന വ്രതങ്ങൾ അനുഷ്ഠിച്ചു മനസ്സിനെ പൂർണ്ണമായും ഏകാഗ്രമാക്കിയ ശേഷം മാത്രമേ മന്ത്രം ചൊല്ലി കൊടുക്കുകയുള്ളൂ. ഇടത് ചെവി വെറ്റില ഉപയോഗിച്ച് അടച്ചു പിടിച്ചു വലത് ചെവിയിൽ പതിയെ ചൊല്ലികൊടുക്കും.. സ്വന്തം സഹോദരന് പോലും ഒരിക്കലും അവസരം നൽകാതെ മാർത്താണ്ഠൻ മന്ത്രങ്ങൾ ഓതികൊടുത്തത് ഭാര്യക്കായിരുന്നു.. മരണത്തോട് അടുത്തപ്പോഴാണ് വല്യമുത്തശ്ശി മുത്തച്ഛന് ചൊല്ലിക്കൊടുത്തത്..... അച്ഛന് തീരെ താല്പര്യം ഇല്ലാത്തതിനാൽ അടുത്ത അവകാശിയായി മുത്തച്ഛൻ തന്നെയാണ് തിരഞ്ഞെടുത്തിരുന്നത്... പക്ഷേ അന്നത് നടന്നിരുന്നില്ല... ഇടയിലെവിടെയോ വച്ചു തന്റെ ശ്രദ്ധ പാളിപ്പോയി.. ""ദക്ഷ്.... ആലോചിച്ചു നിൽക്കാനുള്ള സമയമല്ല... ഹോമികുണ്ഡത്തിലേക്ക് അഗ്നി പടർത്തൂ..... ""മഹേന്ദ്രന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും ദക്ഷ് ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു. അനുസരണയോടെ തലയാട്ടി ഹോമാഗ്നി തെളിയിക്കുമ്പോഴും അവിയെ പ്രതീക്ഷിച്ചു എന്ന പോലെ അവന്റെ കണ്ണുകൾ ചുറ്റും ചലിച്ചു... മഹേന്ദ്രൻ ശ്രീയുടെ വലതു കൈയിലെ പെരുവിരലിൽ വാൾ ഉപയോഗിച്ച് ചെറിയൊരു മുറിവുണ്ടാക്കി... അതേ വിരൽ ഉപയോഗിച്ച് അവളുടെ രക്തം അവളുടെ തന്നെ നെറുകയിൽ തൊട്ട് കൊടുത്തു... മൂന്ന് തുള്ളി രക്തം ഒരു കലശത്തിലാക്കി മാറ്റി വച്ചു.... ശ്രീയുടെ ശിരസ്സിൽ നിന്നും മൂന്ന് മുടിനാര് പിഴുത്തെടുത്തു ആണിയിലേക്ക് ചുറ്റി അതും കലശത്തിൽ തന്നെ ഇട്ടു...

ചുവന്ന പട്ടെടുത്തു കലശത്തിന്റെ വായ മൂടിക്കെട്ടി.. മൂർത്തിക്ക് മുൻപിലായി സമർപ്പിച്ചു.. ദക്ഷ് അപ്പോഴും അവിയുടെ വരവിനെന്നത് പോലെ കണ്ണുകൾ കൊണ്ട് ഇങ്ങോട്ടേക്കുള്ള വഴിയിലേക്ക് തന്നെ നോക്കി നിന്നു. അസ്തമന സൂര്യന്റെ ചുവപ്പ് പടരുംതോറും അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു... ഇനി നിമിഷങ്ങൾ മാത്രമേയുള്ളൂ ബലിക്ക്... അക്ഷമയോടെ വിരലുകൾ കോർത്തവൻ നിന്നു. മൂർത്തിക്ക് മുൻപിൽ നിന്നും മഹേന്ദ്രൻ പതിയെ എഴുന്നേറ്റു... കൈയിലെ വാൾ ശ്രീയുടെ ശിരസ്സിലേക്ക് വച്ചു കണ്ണുകൾ അടച്ചു നിന്നു... ശേഷം അതേ വാൾ കൊണ്ട് തന്നെ അവളുടെ കാലിലും ഒരു നിമിഷം തൊട്ടു.. ""ദക്ഷ്....."" മഹേന്ദ്രൻ ഉച്ചത്തിൽ വിളിച്ചതും അവൻ അരികിലേക്ക് ചെന്നു... ""ബലിക്ക് സമയമായിരിക്കുന്നു.... ബലിക്കല്ലിന്റെ തെക്ക് ഭാഗത്തായി മാറ്റി വച്ചിരിക്കുന്ന ആ കലശം എടുത്തു വയ്ക്ക്.. ശിരഛേതത്തിന് ശേഷം ഒഴുകി വരുന്ന രക്തം അതിൽ ശേഖരിച്ചു വേണം മൂർത്തിക്ക് ധാര നടത്താൻ..."" ദക്ഷ് വിറയ്ക്കുന്ന കൈകളോടെ കലശമെടുത്തു ബലിപീഠത്തിന്റെ തെക്ക് ഭാഗത്തായി വച്ചു.. അവിയെ കാണാത്തതിനാൽ ഭയം കൊണ്ട് അവന്റെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു... സന്തോഷം കാരണം വല്ലാത്തൊരു അവസ്ഥയിലായിരുന്നു മഹേന്ദ്രൻ... ചുറ്റുമുള്ളതൊന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല...

പതിറ്റാണ്ടുകളായുള്ള സ്വപ്നത്തിന്റെ സാക്ഷത്കാരം മാത്രം അയാളുടെ മനസ്സിൽ നിറഞ്ഞു നിന്നു.. മഹേന്ദ്രൻ കൂജയിൽ നിന്നും ജലമെടുത്തു അല്പാല്പമായി ശ്രീയുടെ ചുണ്ടിലേക്ക് ഇറ്റിച്ചു കൊടുത്തു... അവളൊന്ന് നെറ്റി ചുളിച്ചു... പിന്നെ പതിയെ ഇറക്കി തുടങ്ങി... മഹേന്ദ്രൻ കൂജ നിലത്തേക്ക് വച്ചു കൈയിലെ വാൾ അവളുടെ നെറ്റിയിലേക്ക് വച്ചു ചെറുതായി ഒന്ന് മുറിച്ചു... നേരിയ നൂല് പോലെ ഒഴുകി ഇറങ്ങുന്ന രക്തം കണ്ടു അയാളുടെ കണ്ണുകൾ തിളങ്ങി... വാൾ നെഞ്ചോട് ചേർത്ത് അയാൾ കണ്ണുകൾ അടച്ചു മന്ത്രങ്ങൾ ജപിച്ചുകൊണ്ടിരുന്നു.. ഇനി നിമിഷങ്ങൾ മാത്രം അവശേഷിക്കുന്നു... സൂര്യ രശ്മികൾ പൂർണ്ണമായും അന്തരീക്ഷത്തിൽ നിന്നും വിട വാങ്ങി തുടങ്ങിയിരുന്നു. നിലാവ് ഉദിക്കാൻ പോകുന്നത് പോലെ ഒരു തണുപ്പ് മെല്ലെ കാവിനുള്ളിൽ പടർന്നു തുടങ്ങി. ഇനിയും അവിയെ കാണാത്തതിനാൽ ദേഹം തളരും പോലെ തോന്നി ദക്ഷിനു... ഇനി മുത്തച്ഛന്റെ സഹായികളെയും മൂർത്തികളെയും മറികടക്കാൻ അവിക്ക് കഴിഞ്ഞില്ലേ എന്നൊരു ഭയം ഉള്ളിൽ നിറഞ്ഞു.. മഹേന്ദ്രൻ കണ്ണുകൾ തുറന്നു... കുടിലത നിറഞ്ഞ ചിരിയോടെ അയാൾ വാൾ ശ്രീയുടെ കഴുത്തു ലക്ഷ്യമാക്കി വീശാൻ തുടങ്ങിയതും ദക്ഷ് മഹേന്ദ്രന്റെ കൈയിൽ ബലമായി പിടിച്ചു പിന്നിലേക്ക് വലിച്ചു.. കാലുകൾ വേച്ചു പിന്നിലേക്ക് പോയി മഹേന്ദ്രൻ... അയാൾ ദക്ഷിനെ അമർഷത്തോടെ നോക്കി... ""നിനക്കെന്താ ഭ്രാന്ത്‌ പിടിച്ചോ ദക്ഷ്...."" മഹേന്ദ്രൻ അലറി.. ദക്ഷ് അയാൾക്ക് മുന്നിലായി മുട്ട് കുത്തി നിന്നു..

""വേണ്ട മുത്തച്ഛ.... നമുക്ക് എല്ലാം നിർത്താം... പണ്ടുള്ളവർ ചെയ്ത പാപം നമ്മളും എന്തിനാ ചെയ്യുന്നേ... അവസാനിപ്പിക്കാം എല്ലാം... നമുക്ക് തിരിച്ചു പോകാം മുത്തച്ഛ.."". അവൻ അയാളുടെ കൈകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. ഒരു നിമിഷത്തേക്ക് മഹേന്ദ്രൻ ദക്ഷിനെ ഉറ്റ് നോക്കി ഇരുന്നു... എന്നാൽ അടുത്ത നിമിഷം തന്നെ അയാളുടെ കാൽ ദക്ഷിന്റെ നെഞ്ചിലേക്ക് പതിഞ്ഞിരുന്നു... ""അപ്പോ.... എന്റെ ഊഹം തെറ്റിയില്ല... കൂടെ നിന്ന് ചതിക്കുവായിരുന്നു നീ.... അല്ലെടാ നാ#&₹%"" ദക്ഷ് എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ വീണ്ടും അവന്റെ നെഞ്ചിലൊന്ന് അമർത്തി ചവിട്ടി മഹേന്ദ്രൻ... """നിനക്കുള്ള ശിക്ഷ മരണമാണ്... പക്ഷേ എന്റെ കൈകൊണ്ടു ഞാനിപ്പോൾ അത് നടപ്പാക്കുന്നില്ല...."" ദക്ഷിനു ശ്വാസം വിലങ്ങും പോലെ തോന്നി... അത്രത്തോളം ശക്തിയായിട്ടാണ് മഹേന്ദ്രൻ ചവിട്ടിപ്പിടിച്ചിരിക്കുന്നത്... അവൻ കൈകൾ കൊണ്ട് നിലത്തേക്ക് അടിച്ചു.. മഹേന്ദ്രൻ കുനിഞ്ഞു ദക്ഷിന്റെ അരയിലായി കെട്ടിയ രക്ഷ പൊട്ടിച്ചെടുത്തു... ""ദാ.... ഇതാണ് നിനക്കുള്ള ശിക്ഷ...

നീ പറഞ്ഞില്ലേ എല്ലാം അവസാനിപ്പിക്കാം എന്ന്.... ഇവിടെ അവസാനിപ്പിക്കുവാ മഹേന്ദ്രൻ... നിനക്കുള്ള എല്ലാ സംരക്ഷണവും ഇവിടെ തീർന്നു.... ഈ കാവിനുള്ളിലെ നാഗങ്ങൾ തന്നെ നിനക്കുള്ള വിധി എഴുതും...."'" അട്ടഹസിച്ചു പറഞ്ഞുകൊണ്ടയാൾ രക്ഷ ദൂരേക്ക് വലിച്ചെറിഞ്ഞു.. കാൽ നെഞ്ചിൽ നിന്ന് എടുത്തപ്പോൾ അവനൊന്നു ശക്തിയായി ചുമച്ചു... തളർച്ചയോടെ എഴുന്നേറ്റു ഇരുന്നപ്പോളും വേണ്ടെന്നത് പോലെ മഹേന്ദ്രന്റെ അടുത്തേക്ക് കൈ കാണിച്ചു... അടുത്തേക്ക് വരാൻ വേണ്ടി നിരങ്ങി വരുന്ന അവനെ പുറം കാലുകൊണ്ട് വീണ്ടും തട്ടി നിലത്തേക്ക് ഇട്ടിട്ട് മഹേന്ദ്രൻ മുന്നോട്ട് നടന്നു... ചെറുതായി മയക്കം വിട്ട് തുടങ്ങിയ ശ്രീയെ അയാൾ പുച്ഛത്തോടെ നോക്കി... ഏത് നിമിഷവും അവൾ മയക്കം തെളിയും.. അതിന് മുൻപായി ബലി നടത്തണം... ""മഹേന്ദ്രാ..... """അവിയുടെ അലർച്ച കേട്ടതും അയാൾ ഞെട്ടിതിരിഞ്ഞു നോക്കി... അറിയാതെ കൈയിൽ നിന്നും വാൾ ഊർന്നു നിലത്തേക് വീണിരുന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story