അഥർവ്വ: ഭാഗം 31

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

കാൽ നെഞ്ചിൽ നിന്ന് എടുത്തപ്പോൾ അവനൊന്നു ശക്തിയായി ചുമച്ചു... തളർച്ചയോടെ എഴുന്നേറ്റു ഇരുന്നപ്പോളും വേണ്ടെന്നത് പോലെ മഹേന്ദ്രന്റെ അടുത്തേക്ക് കൈ കാണിച്ചു... അടുത്തേക്ക് വരാൻ വേണ്ടി നിരങ്ങി വരുന്ന അവനെ പുറം കാലുകൊണ്ട് വീണ്ടും തട്ടി നിലത്തേക്ക് ഇട്ടിട്ട് മഹേന്ദ്രൻ മുന്നോട്ട് നടന്നു... ചെറുതായി മയക്കം വിട്ട് തുടങ്ങിയ ശ്രീയെ അയാൾ പുച്ഛത്തോടെ നോക്കി... ഏത് നിമിഷവും അവൾ മയക്കം തെളിയും.. അതിന് മുൻപായി ബലി നടത്തണം... ""മഹേന്ദ്രാ..... """ അവിയുടെ അലർച്ച കേട്ടതും അയാൾ ഞെട്ടിതിരിഞ്ഞു നോക്കി... അറിയാതെ കൈയിൽ നിന്നും വാൾ ഊർന്നു നിലത്തേക് വീണിരുന്നു... പെട്ടെന്ന് അവിയെ അവിടെ കണ്ടപ്പോൾ മഹേന്ദ്രന്റെ കണ്ണുകളിൽ നടുക്കമായിരുന്നു.... മൂർത്തികളുടെ ബന്ധനം തീർത്തതാണ്... അവനെങ്ങനെ അതിനേ മറികടന്നു എന്നൊരു ചിന്ത അയാളുടെ ഉള്ളിൽ നിറഞ്ഞു.. ""നീ..... നീ.... നീയെങ്ങനെ..."" വാക്കുകൾ മുഴുവിക്കാൻ കഴിയാതെ അയാൾ വിക്കലോടെ പറഞ്ഞു.. പുച്ഛം കലർന്ന ഒരു ചിരി ചുണ്ടിൽ വിരിയുമ്പോഴും അവിയുടെ കണ്ണുകളിലെ ഭാവം മാറിയിരുന്നില്ല... അവ അപ്പോഴും അടക്കാൻ കഴിയാത്ത കോപത്തോടെ മഹേന്ദ്രനിൽ തന്നെ ദൃഷ്ടി ഉറപ്പിച്ചു നിൽക്കുകയായിരുന്നു...

മഹേന്ദ്രന്റെ അടുത്തേക്ക് ചുവടുകൾ വയ്ക്കുമ്പോൾ ബലിക്കല്ലിൽ ബോധമറ്റ് കിടക്കുന്ന ശ്രീയിലേക്ക് ഒരു നിമിഷം അവന്റെ മിഴികൾ ചെന്നു... നെറ്റിയിൽ നിന്നും നേരിയ ധാര പോലെ ഒലിച്ചിറങ്ങുന്ന രക്തം കാൺകെ അവി മുഷ്ടി ചുരുട്ടി പിടിച്ചു... നിലത്തേക്ക് വീണു പോയ വാൾ മഹേന്ദ്രൻ അതിനകം തന്നെ കൈയിലേക്ക് എടുത്തു പിടിച്ചിരുന്നു... അവി അടുത്തേക്ക് എത്തിയതും അയാൾ അവന് നേരെ വാൾ വീശിയെങ്കിലും സമർത്ഥമായി കുനിഞ്ഞു ഒഴിഞ്ഞു മാറി അവി.. മഹേന്ദ്രന്റെ പിന്നിലേക്ക് മാറിയതിന് ശേഷം രണ്ടു കൈകളും അയാളുടെ തോളിനിടയിൽ കൂടി കടത്തി പിന്നിലേക്ക് ലോക്കിട്ട് പിടിച്ചു... മഹേന്ദ്രൻ ശക്തിയായി കുതറാൻ ശ്രമിച്ചു എങ്കിലും അവിയുടെ കരുത്തിന് മുൻപിൽ പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല... അയാളൊന്ന് കിതച്ചുകൊണ്ട് ക്ഷീണത്തോടെ തളർന്നു നിന്നു... ""ഇത്രയും വേഗം തളർന്നോ.... """അവി പുച്ഛം കലർന്ന ഒരു ചിരിയോടെ ചോദിച്ചു.. ഈ സമയമത്രയും ചുണ്ടുകൾ മാത്രം ചലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു മഹേന്ദ്രൻ.... അറ്റ കൈക്ക് പ്രയോഗിക്കാൻ വേണ്ടി അമ്മ പഠിപ്പിച്ചു തന്നതിൽ രണ്ടാമത്തെ മന്ത്രം....

അയാളുടെ ചുണ്ടുകൾ ദ്രുത ഗതിയിൽ ചലിച്ചു കൊണ്ടിരുന്നു.... മഹേന്ദ്രനെ ബലമായി പിടിച്ചിരിക്കുന്ന തന്റെ കൈകൾക്ക് ബലം നഷ്ടപ്പെട്ടു പോകുന്നതായി തോന്നി അവിക്ക്... അറിയാതെ തന്നെ കൈകൾ അയാളുടെ ശരീരത്തിൽ നിന്നും ഊർന്നു പോയിരിക്കുന്നു... അവിയുടെ കണ്ണുകൾ ഒന്ന് കുറുകി... തിരികെ വീണ്ടും ബലം കൊടുക്കുന്നതിനു മുൻപേ അഭ്യാസത്തോടെ വെട്ടിത്തിരിഞ്ഞുള്ള മഹേന്ദ്രന്റെ ചവിട്ടിൽ അവൻ നിലത്തേക്ക് വീണിരുന്നു... """എന്താ...... എന്താ നീ കരുതിയത്..... ഇത്രയും എളുപ്പത്തിൽ മഹേന്ദ്രനെ തകർക്കാം എന്നോ... എന്റെ ആവനാഴിയിൽ ഇനിയും അസ്ത്രങ്ങൾ ബാക്കിയാണ്..."""അയാളൊരു പുച്ഛത്തോടെ പറഞ്ഞു.. അവി കൈയൊന്ന് കുടഞ്ഞു നിലത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു... ഇപ്പോൾ കൈകൾക്ക് ബലക്ഷയം തോന്നുന്നില്ല.... മഹേന്ദ്രന്റെ ശരീരത്തിൽ നിന്നും തന്റെ കൈകൾ അടർത്തി മാറ്റാൻ വേണ്ടിയുള്ള ശ്രമമാണ് അതെന്ന് മനസ്സിലായി അവിക്ക്... അവി കഴുത്തിൽ ചുറ്റിയിട്ട സഞ്ചി കൈയിലേക്ക് ഊരിയെടുത്തു... അതിൽ നിന്നും സ്വർണ്ണ നൂലുകളാൽ രുദ്രാക്ഷത്തെ ബന്ധിച്ച മാല കൈയിലേക്ക് എടുത്തു... നെഞ്ചോട് ചേർത്ത് ഒരു നിമിഷം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.... ശ്രീയുടെ അടുത്തേക്ക് നടക്കുമ്പോഴേക്ക് തടസ്സമായി മുന്നിൽ മഹേന്ദ്രൻ വന്നിരുന്നു...

"""നിന്റെ കൈകൾ കൊണ്ടൊരു മരണം നടക്കരുത് അവി.... അങ്ങനെ നടന്നാൽ ആ നിമിഷം തന്നെ ഭഗവത്ചൈതന്യവും ജന്മസിദ്ധികളും നിന്നെ വിട്ട് അകലും.... ക്ഷമയാണ് വേണ്ടത്... നിന്റെ ശക്തികൾ തന്നെ നിനക്ക് സംരക്ഷണം നൽകും....""" ഇങ്ങോട്ടേക്കു പുറപ്പെടും മുമ്പ് പൂജാമുറിയിൽ വച്ചു അച്ഛൻ പറഞ്ഞ വാക്കുകൾ... ഒരു വിധത്തിലും ജയിക്കാൻ സാധിച്ചില്ലെങ്കിൽ നിന്റെ കൈ കൊണ്ട് മരിക്കാൻ ആകും മഹേന്ദ്രന്റെ ലക്ഷ്യം... അതിലൂടെ സർവ്വ ഐശ്വര്യങ്ങളും ഈ കുടുംബത്തെ വിട്ട് പോകാൻ വേണ്ടി... """തന്റെ മരണം അതൊരിക്കലും എന്റെ കൈകൾ കൊണ്ട് സംഭവിക്കില്ല മഹേന്ദ്ര....""" പുഞ്ചിരിയോടെ പറയുന്ന അവിയെ നോക്കി ഒരു നിമിഷം മഹേന്ദ്രൻ തറഞ്ഞു നിന്നു... ആ ഒരു നിമിഷം മതിയായിരുന്നു അവിക്ക്... ഗരുഡ ദേവന്റെ അടയാളമുള്ള വലതു കൈ മഹേന്ദ്രന്റെ ശിരസ്സിലായി അമർത്തിപ്പിടിച്ചു അവി... തലയോട് പൊളിഞ്ഞു പോകും പോലെ തോന്നി മഹേന്ദ്രന്... ""ആാാാാ..... """അയാളൊരു നിലവിളിയോടെ അവിയുടെ കൈകൾ ബലമായി അടർത്തി മാറ്റാൻ ശ്രമിച്ചു.. അവി കൈകൾ ചലിപ്പിച്ചില്ല... മഹേന്ദ്രൻ ശക്തിയായി പിടഞ്ഞു... ദക്ഷ് പതിയെ അടുത്തുള്ള മരത്തിന്റെ വേരിൽ പിടിച്ചു എഴുന്നേറ്റു...

നെഞ്ചിൽ ശക്തിയായി ചവിട്ട് ഏറ്റതിനാൽ ശ്വാസം എടുക്കുന്നതിൽ ചെറിയ ഒരു ബുദ്ധിമുട്ട് തോന്നി... അവി മുത്തച്ഛന്റെ ശിരസ്സിലേക്ക് തന്നെ കൈ വച്ചു കണ്ണുകൾ അടച്ചു എന്തൊക്കെയോ ജപിക്കുന്നത് കണ്ടു... ബോധം കെടുത്താനുള്ള എന്തെങ്കിലും ആയിരിക്കണം.. മുത്തച്ഛന്റെ ജീവൻ ബാക്കി വയ്ക്കണം എന്ന് മാത്രമേ അവിയോട് ആവശ്യപ്പെട്ടിരുന്നുള്ളൂ... അതവൻ തെറ്റിക്കില്ല എന്ന് ഉറപ്പാണ്... മഹേന്ദ്രന് തലയാകെ പിളർന്നു പോകും പോലെ തോന്നി... മുൻപിലുള്ള കാഴ്ചകൾ ഒക്കെ അവ്യക്തം ആകും പോലെ... ഇരുട്ട് പതിയെ കണ്ണിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു... അയാൾ തളർച്ചയോടെ കണ്ണുകൾ അടച്ചു... മഹേന്ദ്രൻ നിലത്തേക്ക് വീണതും അവി കണ്ണുകൾ മെല്ലെ തുറന്നു.... ശരീരമാകെ വല്ലാത്തൊരു തളർച്ചയുണ്ട്.. അത്രമാത്രം ബലം പ്രയോഗിച്ചാണ് ഗരുഡ പഞ്ചാക്ഷരി മന്ത്രം ചൊല്ലി തീർത്തത്... ശിരസ്സ് ചെറുതായി ചലിപ്പിക്കുന്ന ശ്രീയെ കണ്ടപ്പോൾ അവൾ മയക്കം തെളിഞ്ഞു ഉണരാൻ നേരമായെന്ന് തോന്നി അവിക്ക്.... അവൻ വേഗം തന്നെ കാറ്റ് പോലെ അവളുടെ അരികിലേക്ക് ചെന്നു... ""ശ്രീ..... """പതിയെ കവിളിൽ തട്ടി വിളിച്ചപ്പോൾ അവളൊന്ന് ഞരങ്ങി... വേദന കാരണം നെറ്റി ചുളിഞ്ഞിരുന്നു... """ശ്രീ...... മോളെ....""". അവി വീണ്ടും പതിയെ തട്ടി വിളിച്ചു..

ശ്രീ പതിയെ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു... അവിയുടെ മുഖത്തേക്ക് നോട്ടം എത്തിയതും അവ നിറഞ്ഞൊഴുകാൻ തുടങ്ങി.... അവൾ പേടിയോടെ ചുറ്റും നോക്കി... കാവിന്റെ ഉള്ളിലാണ്... നന്നായി ഇരുട്ട് പരന്നു തുടങ്ങിയിരിക്കുന്നു... വീണ്ടും നോട്ടം അവിയിലേക്ക് എത്തിയതും അറിയാതെ ചുണ്ടുകൾ കൂട്ടി ഒന്ന് വിതുമ്പി പോയി... ""അയ്യേ.... ഇത്രേ ഉള്ളൂ എന്റെ ശ്രീ....""" അവി പതിയെ അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി... നേരെ ഇരുന്നതും അവിയുടെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു അവൾ.. രണ്ടു കൈകൾ കൊണ്ടും അവന്റെ വയറ്റിൽ കൂടി ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം അമർത്തി ഇരുന്നു... ശരീരം ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു... കണ്ണുകൾ അടച്ചു തളർച്ചയോടെ നിലത്ത് കിടക്കുന്ന മഹേന്ദ്രനെ അവൾ പേടിയോടെ നോക്കി... """ഒന്നുമില്ലെടാ... എല്ലാം കഴിഞ്ഞു...""'അവി പതിയെ അവളുടെ ചുമലിൽ തട്ടി... വലതു കൈയിലായി അപ്പോഴും മുഷ്ടിക്കുള്ളിൽ ചുരുട്ടിപ്പിടിച്ച രുദ്രാക്ഷത്തിന്റെ മാല അവളുടെ കഴുത്തിലേക്ക് ഇട്ടു... ശ്രീ അവനെ പകപ്പോടെ നോക്കി.... ""ഒന്നുമില്ലെടാ... ഒരു സുരക്ഷയ്ക്ക് വേണ്ടി... അത്രയേ ഉള്ളൂ... ഇനി ഈ കാവ് കടക്കേണ്ടതുണ്ട് ഈ രാത്രി.. ""'അവൻ അവളുടെ കവിളിൽ തട്ടി പറഞ്ഞതും മനസ്സിലായത് പോലെ കണ്ണുകൾ ചിമ്മി ശ്രീ..

അപ്പോഴേക്കും ദക്ഷ് പതിയെ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ടതും അവി ശ്രീയെ നേരെ ഇരുത്തിയിട്ട് അവന്റെ അരികിലേക്ക് നടന്നു... അവിയെ കണ്ടതും ദക്ഷ് ഒന്ന് പുഞ്ചിരിച്ചു... അവിയും... കൂടുതലായി ഒന്നും പറയാനുണ്ടായിരുന്നില്ല... ദക്ഷിന്റെ കൈ എടുത്തു തോളിലേക്ക് വച്ചു അവനെ പതിയെ എഴുന്നേറ്റു നിൽക്കാൻ സഹായിച്ചു... ""നടക്കാൻ പറ്റുമോ നിനക്ക്... ""എന്റെ തോളിൽ കൈ ഇട്ട് നടന്നാൽ മതി... അവി പറഞ്ഞതും ദക്ഷ് ചിരിച്ചു... ""എന്നെ ഇന്നീ കാവിലെ നാഗങ്ങൾ വെറുതെ വിടുമെന്ന് തനിക്ക് തോന്നുന്നുണ്ടോ... """ദക്ഷ് പറഞ്ഞതും അവി അവനെ ശാസനയോടെ നോക്കി.... അവനൊന്നു ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.. ""ഡോക്ടർ ഇല്ലായിരുന്നെങ്കിൽ ഇപ്പൊ എന്നെ..."" ദക്ഷ് അടുത്തേക്ക് വന്നതും ശ്രീ അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു മെല്ലെ പറഞ്ഞു.. ""അതേ ഈ കാര്യങ്ങൾ ഒക്കെ വീട്ടിൽ എത്തിയതിനു ശേഷം ചർച്ച ചെയ്യാം... നിന്റെ മുത്തച്ഛൻ ഉണരും മുൻപ് ഈ കാവിന്റെ പുറത്ത് എത്തണം... അല്ലിയും അച്ഛനും ഇപ്പോൾ കാറും കൊണ്ട് വഴിയിൽ എത്തി കാണും... ഒരു കാരണവശാലും അകത്തേക്ക് കയറരുത് എന്ന് അവരോട് പറഞ്ഞിട്ടുണ്ട്..."" അവി ഇത്തിരി ഗൗരവത്തിൽ പറഞ്ഞതും ശ്രീ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു..

കുറച്ചധികം നേരം മയങ്ങി ഒരേ കിടപ്പ് കിടന്നതിന്റെ ബുദ്ധിമുട്ട് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല... കാലുകൾ നിലത്തേക്ക് ഉറപ്പിച്ചു സാവധാനത്തിൽ എഴുന്നേറ്റു... ഒരു കൈയിൽ ബലമായി അവിയേട്ടൻ താങ്ങി പിടിച്ചിട്ടുണ്ടായിരുന്നു.. ""നടക്കാൻ പറ്റുമോ നിനക്ക്... ""അവിയുടെ ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞിരുന്നു... പറ്റുമെന്ന് പതിയെ തലയാട്ടി... ദക്ഷിനു ശ്വാസത്തിന്റെ ചെറിയ പ്രശ്നം ഉള്ളതിനാൽ നടക്കാൻ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു... അത്രത്തോളം ശക്തിയിൽ ആയിരുന്നു നെഞ്ചിൽ പ്രഹരമേറ്റത്... ശ്രീക്ക് മഹേന്ദ്രനോട് വല്ലാത്ത വെറുപ്പ് തോന്നി.. സ്വാർത്ഥതയ്ക്ക് വേണ്ടി സ്വന്തം ചോരയെ പോലും ഇല്ലാതാക്കാൻ മടിയില്ലാത്ത മനുഷ്യൻ... അവിയുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടക്കുന്നതിന്റെ ഇടയിൽ അവൾ അയാളെ അവജ്ഞയോടെ തിരിഞ്ഞു നോക്കി... കാവിൽ നന്നേ ഇരുട്ട് വീണിരുന്നു... മുന്നോട്ട് നടക്കുമ്പോഴും ശ്രീയുടെ മനസ്സിൽ ഇത്രയും നാൾ തന്റെ ഉറക്കം കെടുത്തിയ ആ സ്വപ്നമായിരുന്നു നിറഞ്ഞു നിന്നിരുന്നത്... ഇനിയും എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നൊരു ഭയം ഉള്ളിൽ നിറയും പോലെ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മഹേന്ദ്രൻ ഒന്ന് ഞരങ്ങി വേദനയോടെ... തലയിലാകെ ഒരു മൂളൽ പോലെ....

അയാൾ ആയാസത്തോടെ കണ്ണുകൾ തുറന്നു... ചുറ്റിനും നിറഞ്ഞു നിൽക്കുന്ന നിശബ്ദത കണ്ടതും നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു... കൈകൾ നിലത്തേക്ക് കുത്തി പതിയെ എഴുന്നേറ്റു ഇരുന്നു... ആരും ഉണ്ടായിരുന്നില്ല ചുറ്റും... അയാളുടെ കണ്ണുകൾ ബലി പീഠത്തിന്റെ അരികിലേക്ക് പാഞ്ഞു.... അവിടെ ശ്രീ ഉണ്ടായിരുന്നില്ല... വെപ്രാളത്തോടെ അയാൾ ചുറ്റും പരതി.. ആരെയും കാണാനാകാതെ വന്നപ്പോൾ അടക്കാൻ കഴിയാത്ത കോപത്തോടെ നിലത്തേക്ക് ആഞ്ഞടിച്ചു... ""അഥർവ്വ........ """മഹേന്ദ്രൻ അലറി... """ഇല്ല..... അനുവദിക്കില്ല ഞാൻ..... കുട്ടിക്കാലം മുതൽ മഹേന്ദ്രൻ കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയാണ്... അത് ഇല്ലാതാകാൻ സമ്മതിക്കില്ല ഞാൻ...."" അയാൾ കോപത്തോടെ മുരണ്ടു... അമ്മ പറഞ്ഞു തന്നതൊക്കെ ഓർമ്മയിൽ തെളിഞ്ഞു... മുൻപിലുള്ള അവസാനത്തെ വഴിയും അടഞ്ഞു കഴിയുമ്പോൾ അറ്റകൈയ്യായി പ്രയോഗിക്കാനുള്ള മന്ത്രം... അയാൾ കിതച്ചുകൊണ്ട് പതിയെ എഴുന്നേറ്റു... മൂർത്തിയുടെ മുൻപിലായി ചമ്രം പടിഞ്ഞിരുന്നു... തെച്ചിപ്പൂവും കുങ്കുമവും മൂർത്തിയുടെ മുൻപിലായി സമർപ്പിച്ചു... വാളെടുത്തു തന്റെ വലതു കൈപ്പത്തിയിലായി ആഴത്തിൽ ഒരു മുറിവുണ്ടാക്കി... മൂർത്തിയുടെ രൂപത്തിന്റെ ശിരസ്സിലേക്ക് കൈ അമർത്തിപ്പിടിച്ചു...

രക്തത്താൽ അഭിഷേകം ചെയ്യുന്ന മൂർത്തിയെ നോക്കി നിന്നു... കണ്ണുകൾ അടച്ചു പതിഞ്ഞ സ്വരത്തിൽ മന്ത്രങ്ങൾ ജപിക്കാൻ തുടങ്ങി.. അല്പ നിമിഷം കഴിഞ്ഞതും തനിക്ക് ചുറ്റുമുള്ള വായുവിന് കുറച്ചധികം ഭാരം കൂടിയത് പോലെ തോന്നി... """കിരാതാ...... """മഹേന്ദ്രൻ ഉറക്കെ വിളിച്ചു.... അയാളുടെ ചുണ്ടിൽ കുടിലതയോടെയുള്ള ഒരു ചിരി വിടർന്നിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇനിയും പതിനഞ്ചു മിനിട്ടുകൾ കൂടി നടക്കേണ്ടതുണ്ട് കാവിന് പുറത്തേക്ക് എത്താൻ... ദക്ഷിനു വേഗത്തിൽ നടക്കുമ്പോൾ ശ്വാസം കിട്ടാത്തത് കാരണം പതുക്കെയാണ് നടക്കുന്നത്.... പെട്ടെന്ന് ചുറ്റുമുള്ള കാറ്റിനു വേറെയൊരു ഗന്ധം പോലെ തോന്നി അവിക്ക്.... എടുക്കുന്ന ശ്വാസത്തിന് പോലും ഭാരം കൂടിയത് പോലെ... അവനൊരു നിമിഷം നിന്നു... അപ്പോഴേക്കും തലയിലും നട്ടെല്ലിലും ആരോ കൂടം കൊണ്ട് അടിക്കും പോലെയൊരു വേദന ശരീരമാകെ പടർന്നു.... """ആാാാാ.... """"അവിയൊരു അലർച്ചയോടെ നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു... ""എന്താ അവി..... എന്താ....""" ""അവിയേട്ടാ...""'. ശ്രീ കരഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് മുട്ട് കുത്തി ഇരുന്നു... ""കിരാതൻ.... """അവി തളർച്ചയോടെ പറഞ്ഞു...

""ഓട് ശ്രീ.... മഹേന്ദ്രൻ എത്തും..... മു.... മുൻപ് നീ ഈ കാവ് കടക്കണം..... നി... നിന്റെ കഴുത്തിൽ ഈ രുദ്രാക്ഷ കവചം ഉള്ളിടത്തോളം കാലം കിരാതൻ നിന്നെ സ്പർശിക്കില്ല.... """അവി ഞരക്കത്തോടെ പറഞ്ഞൊപ്പിച്ചു... അവിയുടെ ഒപ്പം നിലത്തേക്ക് വീണതിനാൽ ദക്ഷിനും എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല... നെഞ്ചിന്റെ വേദന ഒന്നുകൂടി കൂടും പോലെ.. കിരാതനെ മഹേന്ദ്രൻ വിളിച്ചു വരുത്തും എന്ന് വിചാരിച്ചിരുന്നില്ല... തിരികെ അതുപോലെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ ഉഗ്രകോപിയാണ്... സർവ്വവും സംഹരിച്ചിട്ടേ മടക്കമുള്ളൂ.... """നിന്നോട് പോകാനല്ലേ പറഞ്ഞത്.... നേരെയുള്ള വഴിയേ പോ ശ്രീ... ബലി സമയം കഴിയാൻ ഇനിയും പത്തു മിനിറ്റ് കൂടി ബാക്കിയുണ്ട്... അത്രയും നേരം മഹേന്ദ്രൻ നിന്നെ കാണാൻ പാടില്ല.... എനിക്കൊന്നും പറ്റില്ല.... ഞാനോ ഇവനോ അല്ല... ലക്ഷ്യം നീയാണ്.... പോ....""" വീണ്ടും മടിച്ചിരിക്കുന്ന ശ്രീയെ നോക്കി അലർച്ചയോടെ അവി പറഞ്ഞതും അവളവനെ നോക്കി കണ്ണ് നിറച്ചു... """ചെല്ല് ശ്രീ.... എന്നെ തോൽപ്പിക്കല്ലേ നീയ്... തോറ്റാൽ പിന്നെ അവി ഇല്ല...."""" നിസ്സഹായതയോടെ പറയുന്ന അവനെ ഒരു നിമിഷത്തേക്ക് നോക്കി നിന്നു ശ്രീ... പിന്നീട് അവൻ കാട്ടിയ വഴിയിൽ കൂടി വേഗത്തിൽ ഓടി... കുറച്ചധികം ദൂരം മുന്നോട്ട് പോയിട്ടാണ് തിരിഞ്ഞു നോക്കുന്നത്... ചുറ്റും ഇരുട്ട് മാത്രമാണ്.... ഇനി എങ്ങോട്ടാണ് വഴി എന്ന് വ്യക്തമല്ല... അവളൊന്ന് കിതച്ചു... കാലടി ശബ്ദം കേട്ടത് പോലെ തോന്നിയതും അതിന് എതിർ വശത്തേക്കുള്ള വഴിയേ ഓടി...

കാലുകളും ദേഹവും എവിടെയൊക്കെയോ തട്ടി മുറിഞ്ഞിരുന്നു... മുന്നോട്ട് വെക്കുന്ന ഒരോ ചുവടിലും ശരീരം കുഴയും പോലെ തോന്നി അവൾക്ക്... രണ്ടു കാൽ പാദങ്ങളിലൂടെയും രക്തം പനച്ചിറങ്ങുന്നുണ്ടായിരുന്നു... ശ്വാസം നെഞ്ചിൽ തന്നെ തടഞ്ഞു നിൽക്കും പോലെ. ഒരോ അടി വെയ്ക്കുമ്പോഴും കണ്ണുകളിൽ ഇരുട്ട് നിറയുന്നുണ്ടായിരുന്നു. ചുറ്റും ഇരുട്ട് മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്... ദേഹമാകെ മുറിവുകൾ കാരണം വല്ലാതെ ചുട്ട് നീറുന്നു.... സാരിത്തലപ്പെടുത്തു ഒന്നൂടെ ദേഹം പൊതിഞ്ഞു പിടിച്ചു... നടക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല... പക്ഷേ ഇന്നിവിടെ നിന്നാൽ ആ നിമിഷം എല്ലാം അവസാനിക്കും... പിന്നിൽ നിന്നും കാലടികൾ അടുത്തേക്ക് വരുന്ന ശബ്ദം കേട്ടതും ഉള്ളിൽ ഭയം പെരുമ്പറ കൊട്ടിത്തുടങ്ങിയിരുന്നു.തനിക്ക് മുൻപിലുള്ള അവസാനത്തെ വഴിയും അടയും പോലെ. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അവി കണ്ണുകൾ അടച്ചു മരത്തിലേക്ക് ചാരി ഇരുന്നു... വലതു കൈയിലെ ഗരുഡ ചിഹ്നം ഹൃദയത്തോട് ചേർത്ത് വച്ചു... കണ്ണുകൾ അടച്ചു പതിഞ്ഞ സ്വരത്തിൽ പതിയെ ഉരുവിടാൻ തുടങ്ങി... ""സപ്തസ്വർണ്ണനിഭം ഫണീന്ദ്രനികരൈ ക്ലപ്താംഗഭൂഷം പ്രഭൂ സ്മർത്തൃണാം ശയന്തമുഗ്രമഖിലം നൃണാം വിഷം തത് ക്ഷണാത്: ചഞ്ചഗ്രപ്രചലത് ഭൂജംഗമഭയം പാണ്യോർവ്വരം ബിഭൂതം പക്ഷോച്ചാരിതസാമഗീതമമലം ശ്രീപക്ഷിരാജം ഭജേ "" ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story