അഥർവ്വ: ഭാഗം 32

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

അവി കണ്ണുകൾ അടച്ചു മരത്തിലേക്ക് ചാരി ഇരുന്നു... വലതു കൈയിലെ ഗരുഡ ചിഹ്നം ഹൃദയത്തോട് ചേർത്ത് വച്ചു... കണ്ണുകൾ അടച്ചു പതിഞ്ഞ സ്വരത്തിൽ പതിയെ ഉരുവിടാൻ തുടങ്ങി... ""സപ്തസ്വർണ്ണനിഭം ഫണീന്ദ്രനികരൈ ക്ലപ്താംഗഭൂഷം പ്രഭൂ സ്മർത്തൃണാം ശയന്തമുഗ്രമഖിലം നൃണാം വിഷം തത് ക്ഷണാത്: ചഞ്ചഗ്രപ്രചലത് ഭൂജംഗമഭയം പാണ്യോർവ്വരം ബിഭൂതം പക്ഷോച്ചാരിതസാമഗീതമമലം ശ്രീപക്ഷിരാജം ഭജേ "" പതിയെ വലതുകൈയിലെ ഗരുഡമുദ്ര സ്വർണ്ണ വർണ്ണം അണിയുന്നതും ആ കിരണങ്ങൾ ശരീരമാകെ പടരുന്നതായും തോന്നി അവന്... തലയിലും നട്ടെല്ലിലുമായി അനുഭവിക്കുന്ന വേദന കുറഞ്ഞു തുടങ്ങിയിരിക്കുന്നു. കിരാതന്റെ ബലം മെല്ലെ തന്റെ ശരീരത്തിൽ നിന്നും വിട്ട് പോകുന്നത് പോലെ.. അവി നിർത്താതെ വീണ്ടും വീണ്ടും ജപിച്ചുകൊണ്ടേ ഇരുന്നു... ഒരിക്കൽ പോലും ശ്രദ്ധ വ്യതിചലിച്ചിരുന്നില്ല... പൂർണ്ണമായും ഏകാഗ്രമായ മനസ്സോടെ ഗരുഡ ദേവന്റെ ചൈതന്യത്തേ മനസ്സിലേക്ക് ആവാഹിക്കാൻ ശ്രമിച്ചു.. ""സപ്തസ്വർണ്ണനിഭം ഫണീന്ദ്രനികരൈ... ............. ....... ശ്രീപക്ഷിരാജം ഭജേ ""

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പിന്നിൽ നിന്നും കാലടികൾ അടുത്തേക്ക് വരുന്ന ശബ്ദം കേട്ടതും ശ്രീയുടെ ഉള്ളിൽ ഭയം പെരുമ്പറ കൊട്ടിത്തുടങ്ങിയിരുന്നു.തനിക്ക് മുൻപിലുള്ള അവസാനത്തെ വഴിയും അടയും പോലെ. അവൾ തളർച്ചയോടെ വീണ്ടും മുന്നിലേക്ക് ഓടാൻ ശ്രമിച്ചു... കഴിയുന്നില്ല... കാലുകൾ കുഴയും പോലെ.. തലയാകെ ഒരുതരം മരവിപ്പ് പടർന്നു തുടങ്ങിയിരിക്കുന്നു... മുന്നോട്ടുള്ള വഴി വ്യക്തമല്ല... പൂർണ്ണമായും ഇരുട്ട് പരന്നിരിക്കുന്നു കാവിൽ... മുൻപിലുള്ള ഒന്നിനെയും വേർതിരിച്ചു അറിയാൻ കഴിയാത്ത അത്രയും ഇരുട്ട്.. വീണ്ടും മുൻപോട്ട് നടക്കുന്നതിനിടയിൽ മരത്തിന്റെ വേരിലേക്ക് സാരി കുടുങ്ങിയിരുന്നു... തിരിച്ചറിയും മുൻപേ നിലത്തേക്ക് മുട്ട് മടക്കി വീണു പോയി... ""'ആആഹ്ഹ്....""". അറിയാതെ വേദന കാരണം നിലവിളിച്ചു പോയി.. പിന്നീടാണ് ആ ശബ്ദത്തിന് തന്റെ ജീവന്റെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞത്... മഹേന്ദ്രൻ..... അയാളുടെ കാതിലും എത്തിയിട്ടുണ്ടാകും ഈ ശബ്ദം.. നിലത്തു കൈകൾ കുത്തി വേഗത്തിൽ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോളേക്കും മുൻപ് കേട്ട കാലടി ശബ്ദം വളരെ അടുത്ത് എത്തിയത് പോലെ... കൈയിൽ കത്തിച്ചു വച്ച പന്തവുമായി ഒരു രൂപം അടുത്തേക്ക് വരുന്നത് കണ്ടതും ശ്വാസമെടുക്കാൻ കഴിയാതെ തറഞ്ഞിരുന്നു പോയി ശ്രീ...

ഉമിനീർ തൊണ്ടക്കുഴിയിൽ തന്നെ തടഞ്ഞിരിക്കുന്നു... പിന്നിലേക്ക് നിരങ്ങി നീങ്ങി പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിക്കുമ്പോളേക്ക് ആ രൂപം അരികിൽ എത്തിയിരുന്നു... വന്യത കലർന്ന ഭാവത്തോടെ തനിക്ക് നേരെ നിൽക്കുന്ന മഹേന്ദ്രനെ കണ്ടതും ശരീരം തളരും പോലെ തോന്നി ശ്രീക്ക്... സംഭരിച്ചു കൂട്ടിയ മുഴുവൻ ധൈര്യവും അയാൾക്ക് മുൻപിൽ ശൂന്യമായി തീർന്നിരിക്കുന്നു.. ""അ...... അവിയേട്ടാ...... """തനിക്ക് നേരെ നടന്നടുക്കുന്ന മഹേന്ദ്രനെ നോക്കി ഭയത്താൽ അലറി വിളിച്ചു.. കാവിലാകെ ആ ശബ്ദം മുഴങ്ങി കേൾക്കും പോലെ.... """അവിയേട്ടാ.....""" വീണ്ടും വീണ്ടും അലറി വിളിക്കുമ്പോൾ മരണം മുൻപിലെത്തിയെന്ന് തോന്നി അവൾക്ക്... ഇവിടെ നിന്നും എഴുന്നേൽക്കണമെന്നും ഓടണമെന്നുമെല്ലാം ഉള്ളിലിരുന്ന് ആരോ പറയും പോലെ... പക്ഷേ കഴിയുന്നില്ല.. ഇരു കാലുകൾക്കും ബന്ധനത്തിലാണ് എന്നത് പോലെ ശക്തി നഷ്ടപ്പെട്ടിരിക്കുന്നു... മഹേന്ദ്രൻ അട്ടഹസിച്ചു ആർത്തു ചിരിച്ചു... """അവൻ വരില്ല... ഈ ബലി ഞാനിപ്പോൾ നടത്തും വരെ മാത്രമേ ഉള്ളൂ അവന്റെ ആയുസ്സ്.... കിരാതന്റെ ബന്ധനത്തിൽ നിന്നും മുക്തനാകാൻ അവന് കഴിയില്ല.... അവന് വേണ്ടി മറ്റൊരു ദിവസം ഞാൻ തിരഞ്ഞെടുത്തതായിരുന്നു.... പക്ഷേ നിനക്കൊപ്പം തന്നെ മരണം വരിക്കാനാണ് അവനും വിധി...

""" അവി അണിയിച്ചു തന്ന രുദ്രാക്ഷ മാലയിൽ ബലമായി പിടിച്ചു പ്രാർത്ഥിക്കുമ്പോഴും നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ ചുറ്റും അവിയെ തിരഞ്ഞുകൊണ്ടിരുന്നു... ഇല്ല..... ആരുമില്ല.... ചീവീടുകളും മറ്റ് പ്രാണികളും പോലും നിശബ്ദരായിരിക്കുന്നു.... തന്റെയും മഹേന്ദ്രന്റെയും ശ്വാസത്തിന്റെ ശബ്ദം പോലും കേൾക്കും വിധം നിശബ്ദമായിരുന്നു ചുറ്റും.... അവിയേട്ടൻ വരുന്നുണ്ടായിരുന്നു എങ്കിൽ ഇപ്പൊ ശബ്ദം കേട്ടേനെ.. അവസാനത്തെ വഴിയും അടഞ്ഞതായി തോന്നി അവൾക്ക്.... കൈയിലെ വാളിലേക്ക് ഒന്ന് നോക്കി തനിക്ക് നേരെ നടന്നടുക്കുന്ന മഹേന്ദ്രനെ കാണെ പിന്നിലേക്ക് നിരങ്ങി നീങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചു... നിലത്തുറച്ചു നിൽക്കാൻ ബലമില്ലാത്ത കാലുകൾ ചതിക്കുമ്പോഴും പിന്നിലേക്ക് നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു... മഹേന്ദ്രൻ കൈ നീട്ടി ശിരസ്സിലൊന്ന് തൊടാൻ ശ്രമിച്ചപ്പോൾ അറപ്പോടെ മുഖം തിരിച്ചു... അയാളിൽ അതൊരു പുച്ഛ ഭാവം മാത്രമാണ് വിരിയിച്ചത്.. വലതു കൈയിലെ വാൾ ഒരിക്കൽ കൂടി ബലമായി പിടിച്ചു.... വാൾ വീശുമ്പോൾ എഴുന്നേൽക്കാതെ ഇരിക്കാൻ വേണ്ടി അയാൾ തോളിൽ ശക്തിയായി ചവിട്ടി നിലത്തേക്ക് അമർത്തി പിടിച്ചതും വേദനയാൽ അലറി കരഞ്ഞു ശ്രീ...

. """ആാാാാ.....""" """അവിയേട്ടാ.......""" അവസാന പ്രതീക്ഷ എന്നത് പോലെ ഒരിക്കൽ കൂടി അലറി വിളിക്കുമ്പോൾ കണ്ടിരുന്നു നേരിയ പ്രകാശത്തിൽ തനിക്ക് നേരെ വാൾ വീശാനായി തയ്യാറായി നിൽക്കുന്ന മഹേന്ദ്രനെ... ""അവിയേട്ടാ....."". ശ്രീയുടെ അലർച്ച ചെവിയിൽ വന്നു മൂളുന്നതായി തോന്നി അവിക്ക്.. കണ്ണുകൾ അടച്ചിരുന്നു മന്ത്രം ജപിക്കുന്നതിന്റെ ഇടയിലും ഒരു തുള്ളി കണ്ണ് നീർ കവിളിൽ കൂടി ഒഴുകി ഇറങ്ങി നെഞ്ചോട് ചേർത്തിരിക്കുന്ന ഗരുഡ മുദ്രയിൽ പതിച്ചിരുന്നു... മഹേന്ദ്രന്റെ കൈയിലെ വാൾ അന്തരീക്ഷത്തിൽ ഉയരുന്നത് കണ്ടതും ശ്രീയൊരു അലർച്ചയോടെ കണ്ണുകൾ ഇറുക്കെ അടച്ചു... പെട്ടെന്ന് കാതടപ്പിക്കുന്ന ഒരു പ്രകമ്പനം അന്തരീക്ഷമാകെ മുഴങ്ങും പോലെ തോന്നി...... ഇടിനാദം പോലെ ആ ശബ്ദം ചെവിയിലേക്ക് തുളഞ്ഞു കയറുന്നു... ചുറ്റിനുമുള്ള ഒരോ വസ്തുവിലും അതിന്റെ പ്രകമ്പനം അനുഭവപ്പെടുന്നുണ്ടായിരുന്നു... നിലത്തു കിടക്കുന്ന ചെറിയ കമ്പുകൾ വിറച്ചുകൊണ്ട് അന്തരീക്ഷത്തിൽ ഒന്നുയർന്നു വീണു .. ചുറ്റിനുമുള്ള മരങ്ങളൊക്കെ ആടിയുലയും പോലെ...

മഹേന്ദ്രൻ നിലത്തു കുത്തിയ തീപ്പന്തം അതി ശക്തമായ കാറ്റിൽ അണഞ്ഞു പോയിരിക്കുന്നു... അത്രമേൽ ശക്തിയോടെ കാറ്റ് ആഞ്ഞു വീശി... പ്രകൃതിയിലെ ഒരോ മാറ്റങ്ങളും ഭയത്തോടെ നോക്കി കാണുകയായിരുന്നു മഹേന്ദ്രൻ... അയാളുടെ കൈകളും കാലുകളും വിറച്ചു തുടങ്ങി... നെറ്റിയുടെ രണ്ടു വശങ്ങളിൽ കൂടിയും വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകി തുടങ്ങിയിരുന്നു.... ശ്രീയെ ചവിട്ടിയ കാൽ അറിയാതെ തന്നെ അവളുടെ ശരീരത്തിൽ നിന്നും അടർന്നു മാറി... പ്രകമ്പനം അടുത്തേക്ക് വരും തോറും പ്രതീക്ഷിക്കാത്തത് എന്തോ സംഭവിച്ചത് പോലെ മഹേന്ദ്രന്റെ മുഖം വിളറി വെളുത്തിരുന്നു... കാവിനുള്ളിലാകെ സ്വർണ്ണ നിറത്തിലുള്ള രശ്മികൾ പതിഞ്ഞു തുടങ്ങിയിരുന്നു... സൂര്യനോളം ശോഭയുള്ള ഒന്ന് ആകാശത്തിൽ നിന്നും അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തേജസ്സിന്റെ ശക്തി താങ്ങാൻ കഴിയാതെ ശ്രീയും മഹേന്ദ്രനും കണ്ണുകൾ ഇറുക്കെ അടച്ചു.. ശരീരം കുഴയുന്നത് പോലെ തോന്നി മഹേന്ദ്രന്.... ഒരിക്കലും സംഭവിക്കരുത് എന്ന് താൻ ആഗ്രഹിച്ചതെന്തോ അത് സംഭവിക്കാൻ പോകുന്നു...

പ്രകാശത്തോട് കണ്ണുകൾ പൊരുത്തപ്പെട്ടു എന്ന് തോന്നിയതും ശ്രീ മിഴികൾ ചിമ്മി തുറക്കാൻ ശ്രമിച്ചു... കൈകൾ കണ്ണിന് മുകളിലായി പിടിച്ചു മുന്നോട്ട് നോക്കിയതും ഒരു വേള ഹൃദയം പോലും നിലച്ചു എന്ന് തോന്നി അവൾക്ക്.. ചലനമറ്റ് നിന്ന് പോയി അവൾ... സ്വർണ്ണ വർണ്ണമണിഞ്ഞ തൂവലുകളാൽ പ്രഭ ചൊരിഞ്ഞു വലിയ ചിറകുകൾ വീശി തങ്ങളെ ലക്ഷ്യമാക്കി എന്നത് പോലെ പറന്നു വരുന്ന ആ രൂപം ഗരുഡ ഭഗവാനാണെന്ന തിരിച്ചറിവിൽ കണ്ണുകളിൽ ഇരുട്ട് മൂടി തുടങ്ങിയിരുന്നു... ഒരോ തവണയും ചിറകടിക്കുമ്പോൾ പരിസരമാകെ വിറയ്ക്കുന്നുണ്ട്.... നിലത്തേക്ക് പറന്നിറങ്ങാനെന്ന പോലെ ആ ചിറകുകളുടെ വേഗത കുറഞ്ഞപ്പോഴാണ് എന്തിനായിരിക്കും ഈ വരവെന്ന ബോധ്യം മഹേന്ദ്രനു വന്നത്... അയാൾ അലറി വിളിച്ചുകൊണ്ടു മുൻപിലേക്ക് ഓടാൻ ശ്രമിച്ചു എങ്കിലും കാലുകൾക്ക് വേഗം പോരായിരുന്നു...കൈയിലെ വാൾ എപ്പോഴേ നഷ്ടപ്പെട്ടിരിക്കുന്നു....ഒരു നിമിഷം കൊണ്ട് തനിക്ക് മുൻപിലായി പറന്നിറങ്ങിയ പക്ഷി രാജനെ കാണെ അയാൾ കൈകൾ കൂപ്പി നിലത്തേക്ക് പ്രണമിച്ചു വീണു... """ക്ഷമിക്കണേ..... ക്ഷമിക്കണേ..... """കൂപ്പിയ കൈകൾ ആ കിടന്ന കിടപ്പിൽ തന്നെ മുന്നോട്ട് നീക്കി ഉച്ചത്തിൽ പറഞ്ഞു... അയാൾക്ക് നേരെ നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....

സ്വർണ്ണ നിറത്തിലുള്ള പ്രകാശം കണ്ണിനെ വേദനിപ്പിക്കും പോലെ... എങ്കിലും ഒരു മങ്ങൽ പോലെ ആ രൂപം അയാളുടെ ഉള്ളിൽ ഭയം നിറച്ചു... തന്നേക്കാൾ മൂന്നിരട്ടി വലിപ്പത്തിൽ തനിക്ക് മുൻപിൽ നിൽക്കുന്ന ഗരുഡ ദേവനെ നോക്കാനുള്ള ശക്തി ഇല്ലാത്തത് പോലെ അയാൾ നിലത്തേക്ക് മുഖമമർത്തി കിടന്നു... ഇപ്പോൾ ചിറകുകൾ വീശാത്തതിനാൽ അന്തരീക്ഷത്തിലെ പ്രകമ്പനം നിലച്ചിരുന്നു.... ആ കാലുകളോളം വലിപ്പമേ തനിക്കുള്ളൂ എന്ന തിരിച്ചറിവിൽ അയാളുടെ ഉടൽ വെട്ടി വിയർത്തു... ഒരു സീൽക്കാര ശബ്ദം പക്ഷി രാജനിൽ നിന്നും ഉയർന്നതും അലറികരഞ്ഞുകൊണ്ട് മണ്ണിലേക്ക് പറ്റിച്ചേർന്ന് കിടന്നു അയാൾ... വീണ്ടും ആ ചിറകടി ശബ്ദം അന്തരീക്ഷത്തെ വിറപ്പിച്ചു തുടങ്ങിയിരുന്നു.... തനിക്ക് ചുറ്റുമുള്ള ഒരോ വസ്തുവും ആ ശക്തിയിൽ അന്തരീക്ഷത്തിലേക്ക് പറന്നുയരുമ്പോൾ രണ്ടു കൈകൾ കൊണ്ടും മണ്ണിലേക്ക് അള്ളിപ്പിടിച്ചു കിടക്കാൻ ശ്രമിച്ചു മഹേന്ദ്രൻ... ഗരുഡ ദേവൻ പറന്നുയരുന്നത് കണ്ടപ്പോൾ ഇനിയെന്ത് എന്ന് ആലോചിക്കും മുൻപേ പക്ഷി രാജന്റെ ഇരു കാലുകളും മഹേന്ദ്രനെ ചുറ്റി വരിഞ്ഞിരുന്നു..... ""അആഹ്ഹ്ഹ്ഹ്...... ""ആ നഖങ്ങൾ ഏൽപ്പിക്കുന്ന വേദനയിൽ അയാൾ അലറി കരഞ്ഞു.... മുറിവുകളിൽ നിന്നും കൊഴുത്ത ചോര ഒഴുകി തുടങ്ങിയിരുന്നു...

ചിറകടിച്ചു മണ്ണിൽ നിന്നും ഉയരുന്ന ഗരുഡ ദേവന്റെ കാലുകൾക്കുള്ളിൽ കിടന്നു പിടയുമ്പോൾ മഹേന്ദ്രന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു... അവിയിൽ നിന്നും വൈകുണ്ഠം തറവാട്ടിൽ നിന്നും താൻ കുടിയിറക്കാൻ ശ്രമിച്ച ഗരുഡ ചൈതന്യത്തെപ്പറ്റി മാത്രം അയാളിലൊരു ചിന്തയുണർന്നു... ഒടുവിൽ അതും പൂർത്തിയാക്കാൻ പറ്റാതെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞപ്പോഴേക്കും അയാളെയും കൊണ്ട് ഗരുഡ ഭഗവാൻ നിലത്തു നിന്നും പറന്നുയർന്നിരുന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഈ സമയമത്രയും സ്ഥാനം പോലും ചലിക്കാതെ ഗരുഡ ചൈതന്യത്തെ പൂർണ്ണമായും ഉള്ളിലേക്ക് ആവാഹിച്ചു പ്രാർത്ഥനയിൽ മുഴുകി ഇരിക്കുകയായിരുന്നു അവി... ചുറ്റുമുള്ള പ്രകമ്പനങ്ങളും മുഴക്കങ്ങളും നിലച്ചു കഴിഞ്ഞപ്പോൾ തളർച്ചയോടെ കണ്ണുകൾ വലിച്ചു തുറന്നു... മുൻപുണ്ടായിരുന്ന വേദനകൾ ഏകദേശം ശരീരത്തെ വിട്ട് മാറി തുടങ്ങിയിരിക്കുന്നു... നിലാവ് ഉദിച്ചുയർന്നിരിക്കുന്നു.... ചന്ദ്ര പ്രകാശത്താൽ ചുറ്റുമുള്ള കാഴ്ചകൾ പതിയെ വ്യക്തമായി തുടങ്ങി... തന്നോട് ചേർന്ന് തന്നെ മരത്തിന്റെ അരികിലായി ചാരി കിടക്കുന്ന ദക്ഷിൽ ആ നോട്ടം തങ്ങി നിന്നു.. കാര്യങ്ങളൊക്കെ മനസ്സിലായി എന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു...

ദുഃഖമാണോ ആശ്വാസമാണോ ആ മുഖത്തു നിഴലിട്ട് നിന്നത് എന്ന് പറയാൻ കഴിയുമായിരുന്നില്ല... എത്രയൊക്കെ ആയാലും സ്വന്തം രക്തമാണ്.. ബാല്യം മുതൽ നോക്കി വളർത്തിയ മുത്തച്ഛനാണ്... അവിയൊരു മങ്ങിയ പുഞ്ചിരി നൽകാൻ ശ്രമിച്ചപ്പോൾ ഒന്നുമില്ല എന്നവൻ കണ്ണ് ചിമ്മി കാണിച്ചു... അപ്പോഴും പെയ്യാനായി രണ്ടു തുള്ളി ആ കൺകോണിൽ തങ്ങി നിന്നിരുന്നു.. അവി ശ്രദ്ധയോടെ ദക്ഷിനെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു.. """ഹേയ്... ഇപ്പൊ വലിയ കുഴപ്പമില്ലെടോ... ഇത്രയും നേരം കിടന്നപ്പോൾ നല്ല ആശ്വാസമുണ്ട്...ഞാൻ തനിയെ നടന്നോളാം """. വീണ്ടും തന്നെ താങ്ങി നടക്കാൻ ശ്രമിക്കുന്ന അവിയോട് ദക്ഷ് ചെറിയൊരു ചിരിയോടെ പറഞ്ഞു.. വിശ്വാസം വരാതെ നോക്കുന്ന അവിയെ നോക്കി സത്യമെന്നത് പോലെ രണ്ടു കണ്ണും ചിമ്മി കാണിച്ചു... """സത്യാടോ... വേഗത്തിൽ നടക്കുമ്പോൾ ശ്വാസമെടുക്കാൻ ഒരു ബുദ്ധിമുട്ട് ഉണ്ടെന്നേ ഉള്ളൂ... ഞാൻ പതിയെ നടന്നോളാം.. താൻ ആദ്യം ശ്രീ എവിടെയാ ന്ന് നോക്ക്... അപ്പോഴേക്കും ഞാൻ നടന്നു എത്തിക്കോളാം... പേടിച്ചിട്ടുണ്ടാകും അവൾ ഇപ്പോൾ തന്നെ...""" ദക്ഷ് പറഞ്ഞിട്ടും അവനെ ഒറ്റയ്ക്ക് വിട്ടിട്ട് പോകാൻ തയ്യാറാകാതെ കൂടെ കൂട്ടാൻ നിന്ന അവിയേ അവൻ ഇത്തിരി ഗൗരവത്തോടെ നോക്കി.. """ഞാൻ പറഞ്ഞില്ലേ അവി... ഞാൻ അങ്ങോട്ടേക്ക് എത്തിക്കോളാം...

ഒന്നുമില്ലെങ്കിലും ഒരു ഡോക്ടർ അല്ലെടോ ഞാൻ... എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണ് എങ്കിൽ മുന്നോട്ട് നടക്കാതെ വിശ്രമിക്കാനുള്ള ബോധമൊക്കെ എനിക്കുണ്ട്... താൻ ശ്രീയെ കൂട്ടി വാ... ഈ വഴി അവസാനിക്കുന്ന ഇടത്തു എന്നെ കണ്ടില്ലെങ്കിൽ ഇങ്ങോട്ടേക്കു തിരക്കി വന്നോ...""" അവിയുടെ ചുമലിൽ ഒന്ന് തട്ടി ഗൗരവത്തോടെ പറയുന്ന ദക്ഷിനെ ഒന്ന് നോക്കി.... പിന്നീട് സമ്മത ഭാവത്തിൽ തല കുലുക്കി അവി വേഗം തന്നെ മുന്നോട്ട് നടന്നു... ""ശ്രീ.... """അവൻ ഉച്ചത്തിൽ വിളിച്ചു കൊണ്ട് മുന്നോട്ട് നടന്നുകൊണ്ടിരിക്കുന്നു... ഏറെ ദൂരം പോകും മുൻപ് തന്നെ കണ്ടു നിലത്തായി ബോധം മറഞ്ഞു കിടക്കുന്ന ശ്രീയെ.... കാറ്റ് പോലെ അവൾക്ക് അരികിലേക്ക് പാഞ്ഞെത്തി അവി.. നിലത്തു നിന്ന് പൊക്കിയെടുത്തു മടിയിലേക്ക് കിടത്തി കവിളിൽ തട്ടി വിളിച്ചു.. """ശ്രീ..... മോളെ.... കണ്ണ് തുറന്നെ...""". എത്ര വിളിച്ചിട്ടും അവളിൽ നിന്നും നേർത്ത ഒരു മൂളൽ മാത്രമായിരുന്നു പുറത്തേക്ക് വന്നത്.. കഴിഞ്ഞു പോയ സംഭവങ്ങൾ ഓരോന്നും അവളുടെ മനസ്സിനെയും ശരീരത്തെയും അത്രത്തോളം ഉലച്ചിരുന്നു... ചെറുതായി പനിച്ചു തുടങ്ങിയിരുന്നു അവളെ... മുറിവുകളിൽ നിന്നും അപ്പോഴും രക്തം പൊടിയുന്നുണ്ടായിരുന്നു.. അവിയൊരു നിമിഷം പോലും കളയാതെ അവളെ കൈകളിൽ കോരി എടുത്തു...

ആകാശത്തെ കീറി മുറിച്ചു ഭൂമിയിലേക്ക് സഞ്ചരിക്കുന്ന മിന്നൽ പിണറുകളുടെ ശബ്ദവും വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദവും മാത്രം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു... മുന്നോട്ട് നടക്കും തോറും കാലുകൾ രണ്ടും വേദനിച്ചു അടരും പോലെ തോന്നി അവിക്ക്... മുൾ ചെടികളിൽ ഉരഞ്ഞിട്ടാകണം രണ്ടു കാലുകളും മുറിഞ്ഞു രക്തം വരുന്നുണ്ടായിരുന്നു... അവന്റെ മിഴികൾ തന്റെ കൈകളിൽ മയങ്ങി കിടക്കുന്ന ശ്രീയിലേക്ക് നീണ്ടു.... അവൾ അപ്പോഴും തളർച്ചയോടെ തന്റെ കൈകളിൽ കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു... അവളുടെ മുറിവേറ്റ ശരീരവും അവിടവിടെയായി കീറിത്തുടങ്ങിയ വസ്ത്രങ്ങളും അവന്റെ കണ്ണിൽ നനവ് പടർത്തി...രക്തം പടർന്ന അവളുടെ മുഖത്തേക്ക് അവൻ അലിവോടെ നോക്കി... വീണ്ടും അവളെ നെഞ്ചോട് അടുക്കിപ്പിടിച്ചു മുന്നോട്ട് നടന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കാലിൽ എന്തോ തണുപ്പ് പോലെ തോന്നിയപ്പോഴാണ് ദക്ഷ് താഴേക്ക് നോക്കുന്നത്.. അവിയോട് കാത്ത് നിൽക്കാം എന്ന് പറഞ്ഞ സ്ഥലം എത്താറായിരുന്നു.. അത്രമേൽ മിനുസമായതെന്തോ തന്റെ കാലിൽ ഒഴുകി നടക്കും പോലെ... താഴേക്ക് കുനിഞ്ഞു നോക്കിയപ്പോളാണ് പാദത്തിനോട്‌ ചേർന്ന് തന്നെ ചുറ്റി വരിഞ്ഞു കിടക്കുന്ന കരി നാഗത്തെ കണ്ടത്.. ഒരു നിമിഷത്തേക്ക് കണ്ണുകളിൽ പകപ്പും ഭയവും നിറഞ്ഞുവെങ്കിലും പിന്നെയതൊരു നേർത്ത പുഞ്ചിരിയായി മാറിയിരുന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story