അഥർവ്വ: ഭാഗം 6

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""അച്ഛാ ഇത് ഡോക്ടർ ദക്ഷ്... ആളൊരു ആയുർവേദ ഡോക്ടർ ആണ്... ഇപ്പോൾ നമ്മുടെ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി വന്നതാ..."" അല്ലിയുടെ മറുപടി കേട്ടപ്പോൾ ജഗന്നാഥൻ ഒന്ന് ചിരിച്ചു... ""ആഹാ അവിയുടെ കൂട്ടരാ ല്ലേ... അവനിപ്പോൾ മരുന്ന് ശാലയിലാണ് അല്ലെങ്കിൽ കാണാമായിരുന്നു...."" ദക്ഷ് ഒന്ന് ചിരിച്ചു... ""ഇനിയും ഒരുപാട് സമയം ബാക്കിയല്ലേ അച്ഛാ കൂടിക്കാഴ്ച്ചക്ക്.....എന്തായാലും അവിയെ കാണാതെ ഞാൻ എങ്ങോട്ട് പോകാനാ...."" അവന്റെ മറുപടിയുടെ പൊരുൾ മനസ്സിലാകാതെ ജഗന്നാഥൻ ചിരിക്കുമ്പോൾ.. ഉള്ളിലെ അസ്വസ്ഥതകളുടെ കാരണം അറിയാതെ കണ്ണുകൾ അടച്ചു ഇരിക്കുകയായിരുന്നു അവി.. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന് ഉള്ളിലിരുന്നു ആരോ പറയും പോലെ... അവനൊന്നു ശ്വാസം നീട്ടിയെടുത്തു കണ്ണുകൾ തുറന്നു... ആദ്യം കണ്ടത് ഒരോ മരുന്ന് കൂട്ടുകളുടെയും അളവ് പരിശോധിച്ചു രേഖപ്പെടുത്തിക്കൊടുക്കുന്ന ശ്രീയെയാണ്... നേരത്തെ പേടിച്ചതിന്റെയാണെന്ന് തോന്നുന്നു.. ഇപ്പോഴും മുഖത്തൊരു നേരിയ പരിഭവമുണ്ട്.. ജോലിയിൽ മാത്രം മുഴുകി ഇരിക്കുകയാണ്...

ഇടയ്ക്ക്കിടക്ക് പരിഭവം പോലെ ആ മുഖമൊന്നു വീർക്കുന്നത് കാണാം.. അത് നോക്കി ഇരിക്കെ ചുണ്ടിൽ ഒരു ചിരി വിടർന്നെങ്കിലും ഗൗരവത്തിന്റെ മൂടുപടം അണിഞ്ഞു അത് സമർത്ഥമായി മറച്ചു.. അവിടെ നിന്ന് എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു ""ശ്രീനിത...."" അവിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി... ""ഇതൊക്കെ പിന്നെ ആര് അറിഞ്ഞു ലേഹ്യത്തിന് റെഡി ആക്കും എന്ന് വിചാരിച്ചാണ്...... എല്ലാം പറഞ്ഞു ചെയ്യിക്കണം എന്നുണ്ടോ..."" അവി പറഞ്ഞത് കേട്ട് നോക്കിയപ്പോഴാണ് മേശയുടെ മുകളിലായി തെങ്ങിൻ പൂക്കുല കൂട്ടി ഇട്ടിരിക്കുന്നത് കണ്ടത്... അശ്വതിയേ അതൊന്ന് അരിഞ്ഞു റെഡി ആക്കാൻ ഏൽപ്പിച്ചിട്ടാണ് ഇവിടേക്ക് ഇരുന്നത്.. പക്ഷേ അവളെ എങ്ങും കാണാൻ ഉണ്ടായിരുന്നില്ല.. അവനെ ഒന്ന് ദയനീയമായി നോക്കിയെങ്കിലും അവിടെ ഭാവ വ്യത്യാസം ഉണ്ടായിരുന്നില്ല... അതുകൊണ്ട് പിണക്കത്തോടെ മുഖമൊന്നു കോട്ടി അരിയുവാനായി ഇരുന്നു..

പിണക്കത്തോടെ മുഖം കോട്ടി ജോലി ചെയ്യുന്ന അവളെ ഒന്നിരുത്തി നോക്കി അവി അവളെടുത്തു വച്ച കൂട്ടുകൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""എങ്കിൽ ഞാനിറങ്ങട്ടെ അങ്കിൾ... അല്ലിയുടെ കൂടെ വെറുതെ ഒന്ന് കേറിയെന്നെ ഉള്ളു...""ദക്ഷ് ഒരു ചിരിയോടെ പറഞ്ഞു... അപ്പോഴും അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി അവിടമാകെ പരതുന്നുണ്ടായിരുന്നു... ""അതൊന്നും പറഞ്ഞാൽ പറ്റില്ല.... ഇത്രടം വരെ വന്നിട്ട് എന്തായാലും ഒന്നും കഴിക്കാതെ ഇവിടെ നിന്ന് പോകാൻ പറ്റില്ല...."" '"അത് ശെരിയാ അച്ഛേ... ഞാനും പറഞ്ഞതാ ഡോക്ടർ നോട്‌... ഒരു ചായ എങ്കിലും കുടിക്കാം എന്ന്..."" ""വേണ്ടെടോ.. പിന്നീട് ഒരിക്കലാകം... എന്തായാലും ഞാൻ അത്രയും പെട്ടെന്നൊന്നും ഇവിടം വിട്ട് പോകുന്നില്ല പോരെ... """ഒരോ വാക്കുകളും പറയുമ്പോൾ അവനിലൊരു ഗൂഢമായ പുഞ്ചിരി നിറഞ്ഞിരുന്നു.. ആ കണ്ണുകൾ ഒരിക്കൽ കൂടി തറവാട്ടിലേക്ക് നീണ്ടു... പ്രധാന വാതിലിനു മുകളിലായി ആലേഖനം ചെയ്ത ഗരുഡന്റെ സ്വർണ്ണ നിറത്തിലുള്ള രൂപത്തിലേക്ക് കണ്ണുകൾ സഞ്ചാരിച്ചപ്പോൾ അവയൊന്ന് തിളങ്ങി..ഗൂഢമായ ഒരു മന്ദസ്മിതത്തോടെ.. അവന്റെ കണ്ണുകൾ ആ രൂപത്തിലേക്ക് തന്നെ തറഞ്ഞിരുന്നു...

മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു കണ്ണുകൾ കൂർക്കുമ്പോൾ അരുതാത്തത് എന്തോ സംഭവിക്കാൻ എന്നതുപോലെ ആകാശത്തിൽ മഴക്കാറ് ഇരുണ്ടു കൂടി തുടങ്ങിയിരുന്നു... 🔸 ""ആഹ്......""" ശ്രീ വേദനയോടെ കൈ കുടഞ്ഞു മാറ്റി... അവളുടെ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് രക്തം ഒഴുകുന്ന വിരലിനെ മുറുക്കെ പിടിച്ചു വേദനയോടെ കണ്ണുകൾ അടച്ചിരിക്കുന്ന ശ്രീയെ അവി കാണുന്നത്... അവനൊരു നിമിഷം കൊണ്ട് അവൾക്കരികിലേക്ക് പാഞ്ഞെത്തിയിരുന്നു.. """ഒരു കാര്യം നോക്കി ചെയ്യില്ല.. നിനക്ക് ഈ രണ്ടു കണ്ണ് തന്നിരിക്കുന്നത് എന്തിനാ.. ചെറിയൊരു ജോലിയല്ലേ... അതെങ്കിലും കുറച്ചു ശ്രദ്ധക്ക് ചെയ്തൂടെ.... """ദേഷ്യത്തോടെ അലറിക്കൊണ്ട് പറഞ്ഞു കഴിഞ്ഞപ്പോളാണ് കണ്ണും നിറച്ചു അവനെ നോക്കി ഇരിക്കുന്ന ശ്രീയെ കാണുന്നത്... അത് കണ്ടതും പിന്നെ ഒന്നും പറയാൻ നിന്നില്ല... അവളുടെ കൈ ബലമായി പിടിച്ചു നോക്കി... ആഴത്തിൽ ഉള്ള മുറിവൊന്നുമല്ല... പൈപ്പ് ന്റെ ചുവട്ടിലേക്ക് കൈ പിടിച്ചു വെച്ചതും ശ്രീ വേദനയോടെ കൈകൾ പിൻവലിക്കാൻ നോക്കി... ""അടങ്ങി നിന്നോണം... കൈയും മുറിച്ചു വച്ചിട്ട്...."" അവി ദേഷ്യത്തോടെ പറഞ്ഞതും അവനെയൊന്ന് നോക്കി ചുണ്ട് പിളർത്തി നിന്നു....

അതൊന്നും കാര്യമാക്കാതെ അവി വീണ്ടും കൈ പൈപ്പിന്റെ ചുവട്ടിലേക്ക് കാണിച്ചപ്പോൾ വേദനയോടെ കണ്ണുകൾ ഇറുക്കെ അടച്ചു... ശ്രദ്ധയോടെ മുറിവിലെ വെള്ളം ഒപ്പിയെടുത്തു അതിലേക്ക് മരുന്ന് വച്ചു തരുന്ന അവിയെ കണ്ണെടുക്കാതെ നോക്കി ഇരുന്ന് പോയി... കുറച്ചു മുൻപ് കണ്ട ആളെ അല്ലെന്ന് തോന്നി... അവനെക്കുറിച്ച് ആലോചിക്കുംതോറും ഉത്തരങ്ങൾ കിട്ടാത്തൊരു ചോദ്യമാണവനെന്ന് തോന്നി... അറിയും തോറും ആഴം ഏറുന്ന ഒരു ചോദ്യം.. ""ഇനിയിപ്പൊ ഒന്നും ചെയ്യാൻ നിൽക്കണ്ട... വീട്ടിലേക്ക് പൊയ്ക്കോ... വേദന കാണും..."" ഗൗരവത്തിലുള്ള അവന്റെ ശബ്ദം കേട്ടപ്പോഴാണ് ഞെട്ടി നോക്കുന്നത്.. ഒന്നും പറയാതെ തലയാട്ടി... അപ്പോഴേക്കും മുറ്റത്തു ആരുടെയോ ശബ്ദം കേട്ട് അവി പുറത്തേക്ക് നടന്നിരുന്നു... ""ആഹാ അവി വന്നല്ലോ.... ""ജഗന്നാഥന്റെ സ്വരം കേട്ടപ്പോഴാണ് ദക്ഷ് തിരിഞ്ഞു നോക്കുന്നത്... അകലെ നിന്നും അവർക്ക് അരികിലേക്ക് വരുന്ന അവിയെ നോക്കി നിന്നു അവൻ.. ""ഏട്ടാ.... ""അല്ലി ഓടിച്ചെന്ന് അവിയോട് ചേർന്ന് നിന്നു.. അവിയവളെ ഒന്ന് ചേർത്ത് പിടിച്ചു.. ""യാത്രയൊക്കെ സുഖമായിരുന്നോടാ..."" അവരെ തന്നെ നോക്കി നിൽക്കുന്ന ദക്ഷിനെ കണ്ടതും അവയൊന്ന് സംശയത്തോടെ കണ്ണ് കൂർപ്പിച്ചു.."". ഇത്..."" അവൻ ജഗന്നാഥനെ നോക്കി..

""നമ്മുടെ അല്ലി മോളുടെ ഫ്രണ്ട് ആ... വാര്യത്തിന്റെ കിഴക്കേപ്പുറത്തുള്ള ആയുർവേദ ആശുപത്രി ഇല്ലേ.. അവിടേക്ക് സ്ഥലം മാറ്റം കിട്ടി വന്നതാ... പുതിയ ഡോക്ടർ..."" അച്ഛന്റെ മറുപടി കേട്ടപ്പോൾ അവയൊന്ന് ചിരിച്ചു... അപ്പോഴും അവന്റെ കണ്ണുകൾ ദക്ഷിൽ തന്നെ സംശയത്തോടെ തറഞ്ഞു നിന്നു.... അലസമായി മുന്നിലേക്ക് കിടക്കുന്ന മുടിയും... ഇളം കാപ്പിപ്പൊടി നിറത്തിലുള്ള കണ്ണുകളുമായി തങ്ങളെ നോക്കി ചിരിക്കുന്ന ആ ചെറുപ്പക്കാരനെ നോക്കും തോറും ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ നിറയും പോലെ തോന്നി അവിക്ക്.. പക്ഷേ അവയൊക്കെ മനസ്സിന്റെ ഒരു കോണിലേക്ക് മാറ്റി വെച്ച് അവനൊരു ചിരിയുടെ ആവരണമണിഞ്ഞു... ""എന്നിട്ടെങ്ങനെ.. ഞങ്ങളുടെ നാടൊക്കെ ഇഷ്ടമായോ ഡോക്ടർക്ക്..."" ഹസ്തദാനതിനായി കൈ നീട്ടിയ അവിയുടെ കൈയിലേക്ക് കൈ ചേർക്കാതെ ഒരു നിമിഷം ദക്ഷ് ശങ്കിച്ചു നിന്നു.. ""പിന്നെ ഇഷ്ടമാകാതെ... അതുകൊണ്ടല്ലേ നേരെ ഇങ്ങോട്ട് പോന്നത്.. ഇനി ഇവിടെ നിന്ന് എങ്ങോട്ടും പോകുന്നില്ല..."" എല്ലാവരും നോക്കുന്നത് കണ്ടപ്പോൾ അവൻ മനസ്സില്ലാ മനസ്സോടെ കൈകൾ നീട്ടി...

അവിയുടെ കൈയിലേക്ക് നോക്കും തോറും അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു.. അവിയുടെ കൈകളിലേക്ക് കൈ ചേർത്തതും തന്റെ കൈയിൽ ആരോ എരിയുന്ന കനൽ ചേർത്ത് വെയ്ക്കും പോലെ തോന്നി ദക്ഷിനു.... അവനൊരു നിമിഷത്തേക്ക് കണ്ണുകളൊന്ന് അടച്ചു.. വേദന സഹിക്കും പോലെ ശ്വാസമോന്ന് നീട്ടി എടുത്തു..മുഖത്തൊരു പുഞ്ചിരി അണിയുമ്പോഴും അറിയുന്ന വേദനയുടെ കാഠിന്യം എന്നതുപോലെ അവന്റെ കവിളിലായുള്ള പേശികൾ മുറുകിയിരുന്നു... നിമിഷങ്ങൾക്കകം പിൻവലിച്ച കൈപ്പത്തിയിലേക്ക് അവനൊന്നു നോക്കി... ഇപ്പോഴും കൈയാകെ നീറി പുകയും പോലെ... അവിയുടെ കൈയിലെ ഗരുഡ ചിഹ്നത്തിന്റെതാണ് അതെന്ന് നന്നായി അറിയാമായിരുന്നു... ഉള്ളം കൈയിലേക്ക് നോക്കുമ്പോൾ ഗരുഡന്റെ രൂപത്തിന് സമാനമായ പൊള്ളലേറ്റ ഒരു പാട് കൈയിൽ രൂപപ്പെട്ടിരുന്നു..ഒരു നേരിയ ചുവന്ന നിറത്തിലുള്ള ആ രൂപത്തിലേക്ക് അവനൊന്നു നോക്കി നിന്നു... ""ശ്രീ.... """അല്ലി ഉച്ചത്തിൽ വിളിക്കുന്ന ശബ്ദം കേട്ടിട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കുന്നത്... മരുന്നുശാലയുടെ മുറ്റത്തു നിന്നും അങ്ങോട്ടേക്ക് നടന്നു വരുന്ന ശ്രീയെ കണ്ടതും അല്ലിയുടെ മുഖം തെളിഞ്ഞു.. ഒരു നിമിഷം കൊണ്ട് അവളോടി ശ്രീയുടെ അരികിലേക്ക് എത്തി..

"""നീയങ്ങു ക്ഷീണിച്ചു പോയിക്കാണുമെന്ന ഞാൻ വിചാരിച്ചത്... ഇതിപ്പോൾ പോയതിലും നന്നായല്ലോ പെണ്ണെ.."". അല്ലിയെ കെട്ടിപ്പിടിച്ചുകൊണ്ട് ശ്രീ കളിയായി പറഞ്ഞു... അതിനൊന്നു മുഖം വീർപ്പിച്ചു നിന്നെങ്കിലും വീണ്ടും അവളെ തന്നെ ചേർത്ത് പിടിച്ചു നിന്നു അല്ലി.. ഇവിടെ നിന്നും പഠിക്കാൻ വേണ്ടി മാറി നിന്നപ്പോൾ ഏറ്റവുമധികം വിഷമം ശ്രീയെ കാണാതിരിക്കുന്നതിലായിരുന്നു.... കുഞ്ഞ് നാൾ മുതൽ എന്തിനും ഏതിനും ഒരു നിഴൽ പോലെ കൂടെ ഉണ്ടായിരുന്നവളാണ്... അവളെ കൂട്ടാതെ എങ്ങോട്ടും പോകാറില്ല.. ഏട്ടന്റെ കൂടെ പുറത്തേക്ക് കറങ്ങാൻ പോകുമ്പോൾ പോലും ശ്രീയെ കൂടി വിളിക്കുമായിരുന്നു... ഏട്ടന്റെ മുഖത്തെ അനിഷ്ടവും ദേഷ്യവും ഒന്നും കണക്കാക്കാതെ അവളോടൊത്തു കളിച്ചു നടക്കുമായിരുന്നു.. ഇവിടുന്ന് പോയിക്കഴിഞ്ഞിട്ടും ഏറ്റവും വലിയ വിഷമം ശ്രീയെ കാണാതെ ഇരിക്കുന്നതിലായിരുന്നു... രണ്ടാളും കരഞ്ഞു നിലവിളിച്ചാണ് അന്ന് പിരിഞ്ഞത്.. ചെന്ന ഉടൻ തന്നെ അവളെ ഫോണിൽ വിളിച്ചു സംസാരിച്ച ശേഷമാണ് വിഷമം കുറച്ചെങ്കിലും മാറിയത്.. അല്ലിയെ ചേർത്ത് പിടിച്ചു നിന്നപ്പോളാണ് അവരെ തന്നെ നോക്കി നിൽക്കുന്ന ചെറുപ്പക്കാരനെ ശ്രീ ശ്രദ്ധിക്കുന്നത്... വെട്ടിയൊതുക്കിയ താടിയും മീശയുമായി നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഇടയ്ക്കിടെ അലസമായി പിന്നിലേക്ക് മാടി ഒതുക്കി അവരെ നോക്കി നിൽക്കുന്ന അയാളെ കണ്ടതും അവളൊന്ന് പിരികം ചുളിച്ചു നോക്കി...

അയാളുടെ അടുത്തായി തന്നെ അവരെ രൂക്ഷമായി നോക്കി നിൽക്കുന്ന അവിയെ കണ്ടതും ഒരു കുസൃതി ചിരിയോടെ നോട്ടം മാറ്റി.. കുശുമ്പ് നിറഞ്ഞ ആ നോട്ടം കണ്ടതും ചിരി വന്നിരുന്നു.. പണ്ടേ അവിയേട്ടൻ ഇങ്ങനെയാണ്.. അല്ലി എപ്പോഴും തനിക്ക് വേണ്ടി മാത്രം വാദിച്ചു നിൽക്കുന്നത് തീരെ ഇഷ്ടമല്ല.. ""ഹേയ്...."" അയാൾ ഒരു ചിരിയോടെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തിരിച്ചും ഒന്ന് ചിരിച്ചു... ""ശ്രീ അല്ലെ... അല്ലി എപ്പോഴും പറയാറുണ്ട്....""" ആളെ മനസ്സിലാകാത്തതിനാൽ അല്ലിയെ ഒന്ന് സംശയത്തോടെ നോക്കി.. ""നമ്മുടെ നാട്ടിലേക്ക് വന്ന പുതിയ ഡോക്ടർ ആടി.. ഡോക്ടർ ദക്ഷ്... സ്ഥലം മാറ്റം കിട്ടി വന്നതാ...""" ""അതെന്തായാലും നന്നായി... വേറെ ചില ഡോക്ടർ മാരുടെ അഹങ്കാരം ഇനി കാണണ്ടല്ലോ..."" അവിയെ ഒന്ന് നോക്കി ശ്രീ പറഞ്ഞതും അവൻ ദേഷ്യത്തോടെ പല്ല് ഞെരിച്ചു... ""അയ്യോ... കൈക്ക് എന്താ പറ്റിയെ.... ""ദക്ഷ് വേഗം കൈയിലേക്ക് പിടിച്ചു ചോദിച്ചതും അവളൊരു ഞെട്ടലോടെ കൈ പിൻവലിച്ചു... അവിയെ നോക്കിയപ്പോൾ ദക്ഷിനെ നോക്കി ദഹിപ്പിക്കുന്നത് കണ്ടു.. ""ഏ.... ഏയ്യ്.... ചെറുതായി ഒന്ന് മുറിഞ്ഞെന്നെ ഉള്ളു..... ""മുഖത്തൊരു ചിരിയൊപ്പിച്ചു പറഞ്ഞൊപ്പിച്ചു.. താൻ കൈ പെട്ടെന്ന് പിൻവലിക്കും എന്ന് പ്രതീക്ഷിച്ചില്ല തോന്നുന്നു...

അയാളുടെ മുഖത്തും ഒരു മങ്ങൽ കണ്ടിരുന്നു... ""ഇതൊക്കെ സൂക്ഷിച്ചു ചെയ്യണ്ടേ...."" അല്ലി ഇത്തിരി ദേഷ്യത്തോടെ പറഞ്ഞതും അവളെ നോക്കി ഒന്നുമില്ല എന്ന ഭാവത്തിൽ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. ദക്ഷ് യാത്ര പറഞ്ഞു പോകുമ്പോഴും അവിയുടെ മുഖത്തെ ഗൗരവം കാണുമ്പോൾ അറിയാതെ ചിരി വരുന്നുണ്ടായിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ചുറ്റിനും ഇരുട്ടാണ്.... രാത്രി അതിന്റെ എല്ലാ രൗദ്ര ഭാവങ്ങളോടെയും നിറഞ്ഞു നിൽക്കുന്നു.... ആകാശത്തെ കീറി മുറിച്ചു ഭൂമിയിലേക്ക് സഞ്ചരിക്കുന്ന മിന്നൽ പിണറുകളുടെ ശബ്ദവും വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദവും മാത്രം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു... കാലുകൾ രണ്ടും വേദനിച്ചു അടരും പോലെ തോന്നി അഥർവ്വക്ക്... മുൾ ചെടികളിൽ ഉരഞ്ഞിട്ടാകണം രണ്ടു കാലുകളും മുറിഞ്ഞു രക്തം വരുന്നുണ്ടായിരുന്നു... അവന്റെ മിഴികൾ തന്റെ കൈകളിൽ മയങ്ങി കിടക്കുന്ന പെൺകുട്ടിയിലേക്ക് നീണ്ടു.... തളർച്ചയോടെ അവൾ തന്റെ കൈകളിൽ ബോധമറ്റ് കിടക്കുകയായിരുന്നു... അവളുടെ മുറിവേറ്റ ശരീരവും അവിടവിടെയായി കീറിത്തുടങ്ങിയ വസ്ത്രങ്ങളും അവന്റെ കണ്ണിൽ നനവ് പടർത്തി... രക്തം പടർന്ന അവളുടെ മുഖത്തിന് ശ്രീയുടെ രൂപമാണെന്ന് തെളിഞ്ഞതും അവിയൊരു അലർച്ചയോടെ കണ്ണുകൾ തുറന്നു........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story