അഥർവ്വ: ഭാഗം 7

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

അവന്റെ മിഴികൾ തന്റെ കൈകളിൽ മയങ്ങി കിടക്കുന്ന പെൺകുട്ടിയിലേക്ക് നീണ്ടു.... തളർച്ചയോടെ അവൾ തന്റെ കൈകളിൽ ബോധമറ്റ് കിടക്കുകയായിരുന്നു... അവളുടെ മുറിവേറ്റ ശരീരവും അവിടവിടെയായി കീറിത്തുടങ്ങിയ വസ്ത്രങ്ങളും അവന്റെ കണ്ണിൽ നനവ് പടർത്തി... രക്തം പടർന്ന അവളുടെ മുഖത്തിന് ശ്രീയുടെ രൂപമാണെന്ന് തെളിഞ്ഞതും അവിയൊരു അലർച്ചയോടെ കണ്ണുകൾ തുറന്നു... ""ശ്രീ....."" ശരീരമാകെ വിയർപ്പിൽ കുളിച്ചിരുന്നു... നടന്നതൊന്നും സ്വപ്നമല്ലെന്ന് വിശ്വസിക്കാൻ മനസ്സ് പൊരുത്തപ്പെടാത്തത് പോലെ.. ഉയർന്നു താഴുന്ന ശ്വാസമോന്ന് നേരെയായപ്പോൾ അവന്റെ കണ്ണുകൾ മുറിയിലാകെ പരതി... ഇപ്പോഴും താൻ തന്റെ മുറിയിൽ തന്നെയാണെന്നും കണ്ടതൊരു സ്വപ്നമാണെന്നും മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല.. രക്തം പടർന്ന അവളുടെ ആ മുഖം ഇപ്പോഴും കണ്മുന്നിൽ തെളിയും പോലെ... ഇപ്പോഴും അവളുടെ ഗന്ധം തനിക്ക് ചുറ്റുമുള്ളത് പോലെ... അവനൊന്നു കണ്ണടച്ചിരുന്നു...

ആ സ്വപ്നം ഓർമ്മയിൽ നിന്നും മായ്ച്ചു കളയാൻ എന്നതുപോലെ... വീണ്ടും ഒരിക്കൽ കൂടി അതേ ദൃശ്യം കണ്ണിൽ തെളിഞ്ഞു തുടങ്ങിയതും അസ്വസ്ഥതയോടെ വീണ്ടും ഒരിക്കൽ കൂടി കണ്ണുകൾ വലിച്ചു തുറന്നു.. ഒരോ നിമിഷവും മനസ്സ് കൈവിട്ട് പോകും പോലെ.... മുറിയിലപ്പോഴും ഇരുട്ട് തന്നെയാണ്... ജനാല വഴി നിലാവിന്റെ ഒരു നേർത്ത പ്രകാശം ഉള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ട്.. അവനൊന്നു കണ്ണ് തിരുമ്മി ഇരുന്നു.. വല്ലാതെ ശ്വാസം മുട്ടും പോലെ... പുറത്തേക്ക് ഒന്നിറങ്ങണം എന്ന് തോന്നി... വാതിൽ തുറന്നു ഉമ്മറത്തേക്ക് നടക്കുമ്പോഴും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിന്റെ സ്വസ്ഥത കളയുന്ന കാര്യങ്ങൾ തന്നെയായിരുന്നു മനസ്സിൽ... ഉമ്മറത്തെ പടിയിലേക്ക് വെറുതെ ഇറങ്ങിയിരുന്നു..... മുറ്റത്തേക്ക് കണ്ണുകൾ ചെന്നു... നിലാവിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന ചെടികൾക്കെല്ലാം ഒരു പ്രത്യേക ഭംഗി ഉണ്ടെന്ന് തോന്നി... ചീവിടിന്റെയും മറ്റ് പ്രാണികളുടേയുമൊക്കെ ശബ്ദം ഇടയ്ക്കിടക്ക് മുഴങ്ങിക്കൊണ്ടിരുന്നു... ഏറ്റവും നിശബ്ദമായ രാത്രി.... ഒരോ ശബ്ദത്തിനും കൂടുതൽ മുഴക്കമുള്ള രാത്രി...

അവി കൈ രണ്ടും മടിയിലേക്ക് വെച്ച് വെറുതെ നിലാവിന്റെ പ്രകാശം നിറഞ്ഞ മുറ്റത്തേക്ക് നോക്കി ഇരുന്നു.. കഴിഞ്ഞ ദിവസങ്ങളിൽ നടന്നതിനൊക്കെ ഒരുത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു അവന്റെ മനസ്സ്.. വിശ്വനെ പാമ്പ് കൊത്തിയത് ഒരിക്കലും അവിചാരിതമാണെന്ന് വിശ്വസിക്കാൻ കഴിയില്ലാരുന്നു... തന്റെ ബാല്യം മുതൽ തന്നെ തറവാടിന്റെ പരിസര പ്രദേശങ്ങളിലൊന്നും പാമ്പിനെ കണ്ടിരുന്നില്ല... പക്ഷേ പൂജമുറിയിലെ അറയിൽ എല്ലായ്പോഴും വിഷം ശരീരത്തിൽ നിന്നും ഇറങ്ങി പോകാനുള്ള മരുന്നുകൾ ശേഖരിച്ചു വച്ചിരുന്നു... വീണ്ടും ഒരിക്കൽ കൂടി ഈ മണ്ണിലേക്ക് സർപ്പങ്ങളുടെ സാന്നിധ്യം മടങ്ങി എത്തണമെങ്കിൽ അതിന് തക്കതായ എന്തോ കാരണമുണ്ട് എന്നവന് തോന്നി... മരുന്നുശാലയിലെ സർപ്പ സാന്നിധ്യം മനസ്സിലേക്ക് എത്തിയപ്പോൾ ആദ്യം കണ്ണിൽ തെളിഞ്ഞത് കുറച്ചു മുൻപ് കണ്ട സ്വപ്നമാണ്... ആ സമയം തനിക്ക് തോന്നിയ അസ്വസ്ഥതയും ശ്രീയുടെ പേടിച്ചരണ്ട മുഖവുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കും പോലെ.. താൻ എത്താൻ ഒരല്പം കൂടി വൈകിയിരുന്നു എങ്കിൽ....

ഓർത്തപ്പോൾ ശരീരമാകെ ഒരു വിറയൽ കടന്നു പോകും പോലെ തോന്നി അവന്.. ആരംഭം ആയിട്ടേ ഉള്ളു എന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ... ചിന്തകൾ ദക്ഷിലേക്ക് എത്തിയപ്പോൾ കണ്ണുകളൊന്ന് കുറുകി.... ശ്രീയോടുള്ള അവന്റെ പെരുമാറ്റം മനസ്സിലേക്ക് എത്തിയപ്പോൾ ഉള്ളിൽ കാരണം പോലും അറിയാതെ ദേഷ്യം ഇരമ്പും പോലെ... പുറമേ നിന്ന് കാണുന്നതിലും വലുതായി മറ്റെന്തൊക്കെയോ അവന്റെ ഈ വരവിനു പിന്നിലുള്ളതായി തോന്നി... താൻ കൈ നീട്ടിയപ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ ഭയം വ്യക്തമായി കണ്ടതാണ്.. അവന്റെ കൈകൾ വളരെ ദുർബലമായിരുന്നു... വേദന കടിച്ചമർത്തും പോലെയുള്ള ദക്ഷിന്റെ മുഖഭാവം ഉള്ളിലേക്ക് കടന്ന് വന്നതും അവിയുടെ ഉള്ളിൽ സംശയത്തിന്റെ പുതിയ കാർമേഘങ്ങൾ രൂപപ്പെട്ടു തുടങ്ങിയിരുന്നു.. താൻ കൈ മോചിപ്പിച്ച ഉടനേ ആ മുഖത്തെ ആശ്വാസവും വ്യക്തമായി കണ്ടതാണ്... പക്ഷേ എന്തിന്... ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മുന്നിൽ നിറയുന്നതായി തോന്നി അവന്..... തന്റെ ഉള്ളം കൈയിലേക്ക് നോക്കി ഇരുന്നു അവി.... തന്റെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം തന്നോട് കൂടിയുണ്ടെന്ന് തോന്നി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

നേരം പുലരാൻ തുടങ്ങിയിരുന്നു.... പതിയെ പതിയെ പടർന്നു തുടങ്ങിയ സൂര്യ പ്രകാശത്തിൽ മുന്നിലുള്ള കാഴ്ചകളൊക്കെ കൂടുതൽ പകിട്ടോടെ തെളിഞ്ഞു തുടങ്ങിയിരുന്നു... ജഗന്നാഥൻ ഉമ്മറത്തേക്ക് ഇറങ്ങിയതും ഉമ്മറപ്പടിയിൽ ഇരുന്ന് മുറ്റത്തേക്ക് നോക്കിയിരിക്കുന്ന അവിയയാണ് കാണുന്നത്... എന്തൊക്കെയോ അവനെ വല്ലാതെ ആസ്വസ്ഥമാക്കുന്നുണ്ട് എന്ന് തോന്നി... ""എന്താ അവി..... നേരം പുലരുന്നതല്ലേ ഉള്ളു... ഈ നേരത്തെന്താ ഇവിടെ...."" അച്ഛന്റെ ശബ്ദം കേട്ടതും അവിയൊരു പിടച്ചിലോടെ എഴുന്നേറ്റു... ഉറക്കക്കുറവ് കാരണം വീർത്തിരിക്കുന്ന അവന്റെ കൺപോളകളിലേക്ക് ജഗന്നാഥൻ സംശയത്തോടെ നോക്കി... ""നീ ഇന്നലെ ഉറങ്ങിയില്ലേ... മുഖമൊക്കെ എന്താ വല്ലാതെ..."". അവന്റെ അടുത്തേക്ക് ചെന്ന് നെറ്റിയിലൊക്കെ ഒന്ന് തൊട്ട് നോക്കി... പനിയൊന്നും ഇല്ല... ആശങ്ക നിറഞ്ഞ അച്ഛന്റെ മുഖം കണ്ടതും പിന്നീട് ഒന്നും മറച്ചു വയ്ക്കാൻ തോന്നിയില്ല... മരുന്ന് ശാലയിൽ വച്ചു പാമ്പിനെ കണ്ടതും കുറച്ചു മുൻപായി കണ്ട സ്വപ്നവും പറഞ്ഞപ്പോൾ ആ മുഖം ഒന്ന് ഇരുളുന്നത് പോലെ തോന്നി... പതിവിലും ഇരട്ടി ഗൗരവം ആ മുഖത്ത് നിറഞ്ഞിരുന്നു... ""ഹ്മ്മ്...."" ജഗന്നാഥൻ ഗൗരവത്തോടെ ഒന്ന് മൂളി... അച്ഛന്റെ മുഖം കണ്ടതും തന്റെ സംശയങ്ങൾ ഓരോന്നും ശെരിയാണെന്ന് തോന്നി അവന്...

""നിന്നോട് ഒന്നും മറയ്ക്കേണ്ട ആവശ്യം ഇല്ലെന്ന് അറിയാമല്ലോ... സൂക്ഷിക്കുക... അത്രയേ പറയാനുള്ളൂ.. പ്രത്യേകിച്ച് ശ്രീ മോളെ.... മരുന്ന് ശാലയിൽ വെച്ച് അവൾക്ക് നേരെ അങ്ങനൊരു ആക്രമണം നടന്നിട്ടുണ്ട് എങ്കിൽ ഇനിയും അതുണ്ടാകും.... നിന്റെയാ സ്വപ്നം ഇനി സംഭവിക്കാൻ സാധ്യതയുള്ളതാണ്.... കരുതലോടെ ഇരിക്കുക....""" അച്ഛന്റെ വാക്കുകൾ നടുക്കത്തോടെയാണ് അവി കേട്ടത്... ഇതൊക്കെ ഊഹിച്ചിരുന്നതാണ് എങ്കിലും അവയൊന്നും സത്യമാകരുതേ എന്ന് ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിച്ചിരുന്നു... ശ്രീയുടെ മുഖം മാത്രമായിരുന്നു ഉള്ളിലപ്പോൾ നിറഞ്ഞു നിന്നത്... രക്തം പടർന്ന മുഖവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തന്റെ കൈകളിൽ അനക്കമില്ലാതെ തളർന്നു കിടന്നവൾ.... ഭയം കാരണം നെഞ്ച് വല്ലാതെ ഇടിക്കും പോലെ തോന്നി അവന്... അതേ ഞെട്ടലോടെ അച്ഛനെ നോക്കുമ്പോഴും ആ മുഖത്ത് ഗൗരവം തന്നെ ആയിരുന്നു... """നിന്റെ സംശയങ്ങളൊക്കെ ശെരി തന്നെയാണ് അവി.... ഹിതമല്ലാത്തത് ഓരോന്നായി നടന്നുവരുന്നു... മറഞ്ഞിരിക്കുന്ന ശത്രുവിന്റെ ലക്ഷ്യം എന്തായാലും നിസ്സാരമല്ല...."""" തന്റെ വാക്കുകൾ കേട്ട് ആലോചനയിൽ മുഴുകിയിരിക്കുന്ന അവിയെ കാൺകെ ഇരുപത്തിയാറ് വർഷങ്ങൾ മുൻപുള്ള ആ ദിവസങ്ങളിലേക്ക് ജഗന്നാഥന്റെ മനസ്സ് സഞ്ചരിച്ചു തുടങ്ങിയിരുന്നു...

ആശുപത്രി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ജഗന്നാഥൻ... ആദ്യത്തെ കുട്ടി ആയതിനാലാകണം ഉള്ളിൽ ഒരു ഭയം നിറഞ്ഞിരുന്നു... നേരമേറെ കഴിഞ്ഞിട്ടും വിവരമൊന്നും പറയാനായി പുറത്തേക്ക് ആരെയും കാണാതെയിരുന്നപ്പോൾ വെപ്രാളത്തോടെ കണ്ണുകൾ വീണ്ടും വീണ്ടും അടച്ചിട്ട വാതിലിന് നേരെ ചെന്നു.. അച്ഛൻ മാത്രം സമാധാനത്തോടെ ചുമരിലേക്ക് ചാരി കണ്ണുകൾ അടച്ചിരിക്കുന്നത് കണ്ടു... കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ മുഖത്തൊരു ചിരി വിടർന്നു... """അവനെത്തി... ഇനി പേടിക്കേണ്ട...""'' അച്ഛൻ പറയുന്നതിന്റെ പൊരുൾ മനസ്സിലാകാതെ നോക്കി നിന്നപ്പോഴേക്കും ആൺകുട്ടിയാണ് എന്ന് പറഞ്ഞു ഒരു നേഴ്സ് വാതിൽക്കൽ എത്തിയിരുന്നു... അത്ഭുതം നിറഞ്ഞ കണ്ണുകളോടെ നോക്കുമ്പോഴും പുഞ്ചിരിച്ചു കൊണ്ട് അവിടെ തന്നെ ഇരിക്കുകയായിരുന്നു അച്ഛൻ... ഒരു പഞ്ഞിക്കെട്ട് പോലെ തുണിയിൽ പൊതിഞ്ഞു കൊണ്ട് വന്ന കുഞ്ഞിനെ വാങ്ങാനായി പോകുമ്പോഴേക്കും വെപ്രാളത്തോടെയും സന്തോഷത്തോടെയുമെല്ലാം അടുത്തേക്ക് ഓടി വരുന്നത് കണ്ടു.... ആ കുഞ്ഞിക്കൈ ഒന്ന് പിടിച്ചു നോക്കി.... മുഖത്തെ ചിരിക്ക് കൂടുതൽ തെളിച്ചമേറിയത് പോലെ...

ആ കുഞ്ഞ് വിരലുകളിൽ മൃദുവായി പിടിച്ചു അവ നെറ്റിയിലേക്ക് ചേർക്കുമ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു.... പക്ഷേ ആ കുഞ്ഞു മുഖത്തപ്പോൾ ഒരു പുഞ്ചിരി തെളിഞ്ഞു... """ഇവനാണ്...... ഇവനിലൂടെയാണ് എല്ലാം അവസാനിക്കേണ്ടത്.... അന്തിമമായി ജയിക്കേണ്ടതും ഇവൻ തന്നെയാണ്...."""" കാര്യം മനസ്സിലാകാതെ അച്ഛനെ നോക്കിയപ്പോൾ പതിയെ ആ കുഞ്ഞിക്കൈയിലെ വിരലുകൾ അതീവ ശ്രദ്ധയോടെ കൈപ്പത്തിയിൽ നിന്ന് ഒരല്പം അകത്തി... കൈയിലെ ഗരുഡന്റെ ചിഹ്നം കണ്ടതും ഞെട്ടലോടെ മുഖമുയർത്തി നോക്കി.... അപ്പോഴും അച്ഛന്റെ മുഖത്ത് അതേ ചിരി തന്നെയായിരുന്നു... എഴുപത് വർഷത്തെ കാത്തിരിപ്പിന് ഇവിടെ അവസാനം കുറിച്ചിരിക്കുന്നു.... വൈകുണ്ഠത്തിന് മീതെ ഇനിയൊരു കരിനിഴലും പടരാതെ ഇവൻ നോക്കിക്കോളും.... ആഹ്ലാദമായിരുന്നു ആ വൃദ്ധന്റെ സ്വരത്തിൽ നിറഞ്ഞു നിന്നത്... പെട്ടെന്ന് ആ മുഖത്തെ ഭാവം മാറി ഗൗരവം നിറയുന്നത് കണ്ടു.... ""പക്ഷേ സൂക്ഷിക്കണം.... കാലങ്ങളായി മറഞ്ഞിരിക്കുന്നവരെല്ലാം പുറത്ത് വരുമ്പോൾ സൂക്ഷിക്കണം.... പ്രകൃതിയിലെ ഒരോ മാറ്റവും ശ്രദ്ധയോടെ നോക്കി കാണണം...""" സൂര്യനെ മറച്ചു തുടങ്ങിയ കാർമേഘത്തെ നോക്കി പറയുമ്പോൾ അവർ ഇരുവരുടെ ഉള്ളിലും ഒരു കടലിരമ്പുന്നുണ്ടായിരുന്നു..

"""അച്ഛാ.... ഒന്നിങ്ങോട്ട് വന്നേ....""" അകത്ത് നിന്ന് അല്ലി ഉച്ചത്തിൽ വിളിക്കുന്നത് കേട്ടപ്പോഴാണ് ജഗന്നാഥൻ ഓർമ്മകളിൽ നിന്ന് ഉണരുന്നത്... നെറ്റിയിലും കഴുത്തിലുമൊക്കെയായി പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുള്ളികളെ കൈയിലെ തോർത്ത്‌ മുണ്ട് കൊണ്ട് അമർത്തി തുടച്ചു അയാൾ അകത്തേക്ക് നടന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""എന്റമ്മേ കഴിക്കാൻ നിന്നാൽ ഇന്നും വൈകും ഞാൻ... ഇന്നലെ തന്നെ കഷ്ടിച്ചാണ് ഒന്ന് രക്ഷപെട്ടത്.... ഇനിയും വൈകിയാൽ പിന്നെ അങ്ങോട്ടേക്ക് ചെല്ലണ്ട എന്നാ പറഞ്ഞിരിക്കുന്നത്..."" മുൻപിൽ ഇരിക്കുന്ന പ്ലേറ്റ് ലേക്ക് നോക്കി ദയനീയമായി പറഞ്ഞു എങ്കിലും കണ്ണുരുട്ടിയുള്ള ഒരു നോട്ടം മാത്രമായിരുന്നു തിരിച്ചു കിട്ടിയത്... ""കഴിക്കാതെ നീ ഇന്ന് ജോലിക്ക് പോകില്ല"" എന്നൊരു കല്പനയും... പരിഭവത്തോടെ ചുണ്ട് കൂട്ടിപ്പിടിച്ചു നോക്കിയെങ്കിലും ആ മുഖത്തെ ഗൗരവത്തിന് ഒരു അയവും കണ്ടില്ല... ചുണ്ടൊന്ന് പിളർത്തി കാണിച്ചു... ""എന്റെ കൃഷ്ണ.... ഇന്ന് വൈകല്ലേ എത്തുമ്പോളേക്കും.... ""കഴിക്കുന്നതിനിടയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു... എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.... ഹാളിലെ ക്ലോക്ക് ലേക്ക് നോക്കിയപ്പോളാണ് സമാധാനമായത്... ഇനിയും അര മണിക്കൂർ കൂടി ഉണ്ട് ജോലി തുടങ്ങാൻ.. ഇപ്പൊ ഇറങ്ങിയാലും മതി...

വേഗത്തിൽ തിരക്കിട്ടു യാത്ര പറഞ്ഞു റോഡിലേക്ക് ഇറങ്ങി.. ഇന്നലെ രാത്രിയും മഴ ഉണ്ടായിരുന്നതിനാലാക്കണം റോഡിൽ അവിടവിടെയായി ചെളിവെള്ളം തളം കെട്ടി കിടപ്പുണ്ടായിരുന്നു.. സാരി ഒരല്പം ഉയർത്തി പിടിച്ചാണ് മുന്നോട്ട് നടന്നത്.. ""ഡോ..."" അവിയേട്ടന്റെ വീടിന്റെ അടുത്ത് എത്താറായപ്പോളാണ് പിന്നിൽ നിന്നും ആരോ വിളിക്കും പോലെ തോന്നിയത്... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഇന്നലെ വന്ന ഡോക്ടർ ആണ്.... ഓടാൻ ഇറങ്ങിയതാണ് എന്ന് തോന്നുന്നു രാവിലെ. ഒരു ടി ഷർട്ട്‌ ഉം ട്രാക്ക് പാന്റും ആണ് വേഷം... ഇന്നലത്തെത്തിൽ നിന്നും വ്യത്യസ്തമായി താടിയും മീശയുമൊക്കെ കുറച്ചു വെട്ടി ഒതുക്കിയിട്ടുണ്ട്... വിയർപ്പിൽ ഒട്ടി ഇടയ്ക്കിടക്ക് നെറ്റിയിലേക്ക് വീഴുന്ന മുടി കൈ കൊണ്ട് മാടി ഒതുക്കി അടുത്തേക്ക് ഒരു ചിരിയും ചിരിച്ചു വരുന്നത് കണ്ടപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചു.. നേരം വൈകുമോ എന്ന പേടിയായിരുന്നു അപ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത്... ദക്ഷ് അടുത്തേക്ക് വരുമ്പോഴും കണ്ണുകൾ പലതവണ കൈയിലെ വാച്ച് ലേക്ക് നീണ്ടു.. ""രാവിലെ തന്നെ ജോലിക്ക് പോവാണോ... ഇനിയും സമയമുണ്ടല്ലോ...."" ദക്ഷ് തന്നെ സംഭാഷണത്തിന് തുടക്കം കുറിച്ചു... ""ഡോക്ടർ ക്ക് നാടൊക്കെ ഇഷ്ടമായോ.."".

ഒരു ചിരിയോടെ അവൾ ചോദിച്ചു.. ""ആർക്കാഡോ.. സത്യത്തിൽ ഈ നാട് ഇഷ്ടമാകാതെ ഇരിക്കുക... ഇവിടേക്ക് ഒന്ന് വരാൻ വേണ്ടി വർഷങ്ങൾ ആയി കാത്തിരിക്കുവല്ലായിരുന്നോ ഞാൻ... അത്രമേൽ ആഗ്രഹിക്കുന്നത് പലതും ഈ മണ്ണിലുണ്ട്...ഇനി എന്തായാലും ഈ നാട്ടിൽ തന്നെ അങ്ങ് കൂടാൻ പോവാ..."" അവന്റെ വാക്കുകൾ കേട്ട് അവളൊന്ന് പിരികം പൊക്കി സംശയത്തോടെ നോക്കിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ തന്റെ മുന്നിലുള്ള വൈകുണ്ഠം തറവാട്ടിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയായിരുന്നു ദക്ഷ്.. അവന്റെ ആ ഭാവം കണ്ടപ്പോൾ ഉള്ളിൽ നേരിയ ഒരു ഭയം നാമ്പിടും പോലെ തോന്നി അവൾക്ക്.... ഇന്നലേ മുതൽക്കേ ഒരോ തവണയും തന്നിലേക്ക് പാളി വീഴുന്ന അയാളുടെ നോട്ടം കാൺകെ വല്ലാത്തൊരു ആരോചകത്വം തോന്നിയിരുന്നു... ""ഞാൻ.... ഞാൻ ചെല്ലട്ടെ ഡോക്ടറെ... ഇനിയും നിന്നാൽ വൈകും..."". അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ തിടുക്കത്തിൽ യാത്ര പറഞ്ഞു മുന്നിലേക്ക് നടക്കുമ്പോൾ ദക്ഷിന്റെ കണ്ണുകൾ വീണ്ടും ഒരിക്കൽ കൂടി അവളിലേക്ക് തന്നെ പാളി വീണു....കണ്ണിൽ നിന്ന് മറയുവോളം ഇമകൾ പോലും വെട്ടാതെ അവൾ മാത്രം ആ കണ്ണുകളിൽ തെളിഞ്ഞു നിന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story