അഥർവ്വ: ഭാഗം 8

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

അവന്റെ മുഖത്തെ ആ ഭാവം കണ്ടപ്പോൾ ഉള്ളിൽ നേരിയ ഒരു ഭയം നാമ്പിടും പോലെ തോന്നി അവൾക്ക്.... ഇന്നലേ മുതൽക്കേ ഒരോ തവണയും തന്നിലേക്ക് പാളി വീഴുന്ന അയാളുടെ നോട്ടം കാൺകെ വല്ലാത്തൊരു ആരോചകത്വം തോന്നിയിരുന്നു... ""ഞാൻ.... ഞാൻ ചെല്ലട്ടെ ഡോക്ടറെ... ഇനിയും നിന്നാൽ വൈകും..."". അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ തിടുക്കത്തിൽ യാത്ര പറഞ്ഞു മുന്നിലേക്ക് നടക്കുമ്പോൾ ദക്ഷിന്റെ കണ്ണുകൾ വീണ്ടും ഒരിക്കൽ കൂടി അവളിലേക്ക് തന്നെ പാളി വീണു....കണ്ണിൽ നിന്ന് മറയുവോളം ഇമകൾ പോലും വെട്ടാതെ അവൾ മാത്രം ആ കണ്ണുകളിൽ തെളിഞ്ഞു നിന്നു... മുന്നിൽ നിന്നും അവൾ മറഞ്ഞപ്പോൾ ദക്ഷിന്റെ നോട്ടം വീണ്ടും തറവാട്ടിലേക്കായി.. വർഷങ്ങളായി ഉള്ളിലൊതുക്കിയ ഓർമ്മകൾ പലതും കണ്മുന്നിലേക്ക് ഒരിക്കൽ കൂടി തെളിഞ്ഞു വന്നപ്പോൾ ആ കണ്ണുകളൊന്ന് കുറുകി.. മനസ്സിലെ കണക്ക്കൂട്ടലുകൾ ഒരു പുഞ്ചിരിയിൽ ഒളിപ്പിച്ചു ഒരിക്കൽ കൂടി ആ തറവാട്ടിലേക്ക് തിരിഞ്ഞൊരു നോട്ടം എറിഞ്ഞ ശേഷം അവൻ മുന്നോട്ട് നടന്നു...

തന്നെ നോക്കുന്ന മുഖങ്ങളിലൊക്കെ അപരിചിതത്വം കണ്ടെങ്കിലും അവയൊന്നും ദുരീകരിക്കാൻ തോന്നിയില്ല... അവന്റെ മിഴികൾ ആകാശത്തിലേക്ക് നീണ്ടു... സൂര്യനെ മൂടി നിൽക്കുന്ന കാർമേഘങ്ങൾ കണ്ടപ്പോൾ ആ മുഖത്തൊരു ചിരി വിടർന്നു... പതിവില്ലാത്ത വിധം അന്തരീക്ഷം ഇരുണ്ടത് അറിഞ്ഞിട്ടാകണം സന്ധ്യ നേരമെന്നത് പോലെ പക്ഷികൾ ചിലപ്പ് കൂട്ടി ചില്ലകളിലേക്ക് ചേക്കേറുന്നുണ്ടായിരുന്നു... പ്രകൃതിയിലെ മാറ്റങ്ങളോരോന്നും കണ്ണടച്ചു മനസ്സിലേക്കാവഹിച്ചു നിന്നു അവൻ.... വീണ്ടും ആ മിഴികൾ തുറക്കുമ്പോൾ ഇതുവരെ ഉണ്ടായിരുന്ന ഭാവം മാറി അവയിലേക്ക് ചുവപ്പ് രാശി പടർന്നു തുടങ്ങിയിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കുറച്ചു ദൂരം മുന്നോട്ട് നടന്നു തിരിഞ്ഞു നോക്കിയപ്പോൾ ദക്ഷിനെ അവിടെയൊന്നും കാണാതെ ശ്രീ ആശ്വാസത്തോടെ ശ്വാസമെടുത്തു... എന്താണ് എന്നറിയില്ല... അയാൾ അടുത്തേക്ക് വരുമ്പോൾ ഉള്ളിൽ ഭയം നിറയും പോലെ തോന്നും... ഒരോ നോട്ടവും തന്നിലേക്ക് ആഴ്ന്നിറങ്ങും പോലെ.. അല്ലെങ്കിൽ തന്നെ ആ സ്വപ്നം കാരണം സമാധാനം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി..

എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ.... തറവാടിന്റെ മുന്നിൽ എത്തിയപ്പോൾ നടപ്പിന്റെ വേഗം കുറഞ്ഞു... അകത്തേക്ക് എത്തി നോക്കിയിട്ടും അല്ലിയെ കണ്ടില്ല... വിളിക്കണം എന്നുണ്ടായിരുന്നു എങ്കിലും അവിയുടെ കാര്യം ഓർത്തപ്പോൾ അതിന് ധൈര്യം വന്നില്ല... വന്നിട്ട് ജോലിക്ക് കയറാതെ അല്ലിയെ നോക്കി നിന്നാൽ എന്തൊക്കെയാണ് പറയുക എന്ന് നല്ല ബോധ്യമുണ്ടായിരുന്നു.. തിടുക്കത്തിൽ മരുന്ന് ശാലയിലേക്ക് നടന്നു... ഇനിയും ഒരു അഞ്ചു മിനിറ്റ് കൂടി ബാക്കിയുണ്ട് ജോലിക്ക് കയറാൻ... വൈകിയില്ലല്ലോ എന്നൊരു സമാധാനം ഉള്ളിൽ നിറഞ്ഞു... ഇന്നെങ്കിലും വഴക്ക് കേൾക്കാതെ നിൽക്കാം.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇടയ്ക്കിടെ തന്റെ കൈയിലെ വാച്ച്ലേക്കും മുറ്റത്തേക്കും നോക്കുകയായിരുന്നു അവി... രാത്രിയിലെ ആ സ്വപ്നത്തിന് ശേഷം എന്തോ ഉള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നു.. ഇപ്പോഴും കണ്ണൊന്നു അടയ്ക്കുമ്പോൾ ചോരയിൽ കുളിച്ചു തന്റെ കൈകളിൽ വാടി കിടക്കുന്ന ശ്രീയുടെ മുഖമാണ് ഓർമ്മ വരിക...

മേലാകെ ഒരു തരം മരവിപ്പ് പടരും പോലെ.. അവളെ ഒന്ന് കാണണമെന്ന് തോന്നി... പക്ഷേ വിളിച്ചു അന്വേഷിക്കാൻ വല്ലാത്ത മടിയായിരുന്നു... ജോലി സമയം ആയിട്ടും അവളെ കാണാതെ വന്നപ്പോൾ ഉള്ളിലൊരു വെപ്രാളം പോലെ.. ഒടുവിൽ എന്തും വരട്ടെ എന്ന് വിചാരിച്ചു പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് തിടുക്കത്തിൽ കൈയിലെ വാച്ച്ലേക്ക് നോക്കി നടന്നു വരുന്നവളെ കാണുന്നത്... ആകെ വിയർത്തു കുളിച്ചാണ് വരവ്... മുഖമാകെ പരിഭ്രമം കലർന്നിരിക്കുന്നു . വാതിൽക്കൽ നിൽക്കുന്ന അവിയെ കണ്ടതും ശ്രീ ഒരു നിമിഷം നിന്നു... ""എന്റെ കൃഷ്ണ... ഇന്നും വഴക്ക് തന്നെ കേൾക്കേണ്ടി വരുമോ..."" അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ ഗൗരവം നിറഞ്ഞ മുഖം കണ്ടപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി... വേഗം അവനെ ശ്രദ്ധിക്കാതെ അകത്തേക്ക് നടന്നു.... ""കുറച്ചു നേരത്തെ ഇറങ്ങിയാൽ എന്താ നിനക്ക്... ""ഗൗരവം നിറഞ്ഞ ചോദ്യം കേട്ടതും അറിയാതെ നിന്നു പോയി... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ദഹിപ്പിക്കും പോലെ നോക്കി നിൽക്കുന്നത്... വൈകിയാണ് ഇറങ്ങിയത് എന്നെങ്ങാനും പറഞ്ഞാൽ പിന്നെ അത് മതി... അവൾ തൊണ്ടക്കുഴിയിലൂടെ ഉമിനീരിറക്കി അവനെ ദയനീയമായി നോക്കി.. ""അ.... അത് ഞാൻ നേരത്തെ....

നേരത്തെ ഇറങ്ങിയതാ... ഇങ്ങോട്ടേക്കു കയറാൻ തുടങ്ങുമ്പോഴാ ദക്ഷ് ഡോക്ടറെ കണ്ടത്...."" അവൾ തല കുനിച്ചു നിന്ന് പറഞ്ഞു... ദക്ഷിന്റെ പേര് കേട്ടതും അവിയുടെ കണ്ണുകൾ ഒന്ന് കുറുകി... തല താഴ്ത്തി നിൽക്കുന്ന അവളോട് വീണ്ടും ഒന്നും ചോദിക്കാൻ തോന്നിയില്ലെങ്കിലും മനസ്സിൽ സംശയങ്ങൾ നിറഞ്ഞിരുന്നു.. ""ഹ്മ്മ്...."" അവനൊന്നു അമർത്തി മൂളി ഗൗരവത്തോടെ... വഴക്ക് കേൾക്കാതെ രക്ഷപെട്ട ആശ്വാസമായിരുന്നു ശ്രീക്ക്.. അവന്റെ മനസ്സ് മാറും മുൻപേ വേഗം തിരിഞ്ഞു നടന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""നീ എന്താ രാവിലെ എന്നേ കാണാതെ നേരെ ഇങ്ങോട്ടേക്കു വന്നത്.... "" ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് രണ്ടു കൈയും ഇടുപ്പിൽ കുത്തി ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അല്ലിയെ കാണുന്നത്.. ""ആഹ്.... ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളു... അല്ലെങ്കിൽ തന്നെ വൈകി വന്നതിന്റെ കിട്ടി ബോധിച്ചിട്ട് ഇരിക്കുവാ..... ""അവൾ ചിരിയടക്കി പറഞ്ഞതും അല്ലിയുടെ മുഖത്ത് പരിഭവം നിറഞ്ഞു.. കുറച്ചു നേരം പിണക്കത്തോടെ നോക്കി നിന്നെങ്കിലും ഏറെ നേരം ശ്രീയോട് പിണങ്ങി ഇരിക്കാൻ കഴിഞ്ഞില്ല.... അവളുടെ അടുത്തേക്കിരുന്ന് വിശേഷങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി.... ""നിനക്ക് ദക്ഷ് ഡോക്ടറെ എങ്ങനെയാ പരിചയം..

."" ദക്ഷ്ന്റെ പേര് കേട്ടതും അല്ലിയുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ശ്രീ ശ്രദ്ധിച്ചിരുന്നു... ""എന്റെ ഫ്രണ്ട് ന്റെ കസിനാണ് ഡോക്ടർ.. അവനെ കാണാൻ ഇടയ്ക്കിടെ കോളേജിൽ വരുമായിരുന്നു.. എനിക്ക് ഭയങ്കര മടിയായിരുന്നു സംസാരിക്കാൻ... ഒന്ന് ചിരിച്ചിട്ട് നടന്നു പോകും... പിന്നെ ഡോക്ടർ തന്നെ ഇങ്ങോട്ട് വന്നു സംസാരിച്ചു... പിന്നെ നല്ല കൂട്ടായി... സത്യം പറഞ്ഞാൽ ഇങ്ങോട്ട് വരുമ്പോൾ അവരെയൊന്നും ഇനി എന്നും കാണാൻ പറ്റില്ലല്ലോ എന്നുള്ള വിഷമമായിരുന്നു..... ആ വിഷമത്തിൽ ഒരുങ്ങി കാറിലേക്ക് കയറുമ്പോളാണ് ഡോക്ടർ വിളിച്ചിട്ട് പറയുന്നത് ആളും ഉണ്ട്... ഇങ്ങോട്ടേക്കു മാറ്റം കിട്ടിയെന്ന്.."" ദക്ഷിന്റെ ഒരോ കാര്യവും പറയുമ്പോൾ അല്ലിയുടെ കണ്ണുകൾ തിളങ്ങുന്നതും ചൊടികളിൽ ഒരു പുഞ്ചിരി വിരിയുന്നതും ശ്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അതവളിൽ വല്ലാത്തൊരു ആശങ്ക നിറച്ചു... ""കഥ പറഞ്ഞിരിക്കാനല്ല ഇവിടെ ഇത് നടത്തുന്നത്...."" പിന്നിൽ നിന്നും അവിയുടെ അലർച്ച കേട്ടതും ശ്രീ വെപ്രാളത്തോടെ വേഗം വീണ്ടും മരുന്നുകൾ ഓരോന്നായി അളന്നു മാറ്റാൻ തുടങ്ങി... അല്ലി അവിയെ പിണക്കത്തോടെ നോക്കിയെങ്കിലും അവിടുത്തെ ഗൗരവം കണ്ടപ്പോൾ ഒന്നും പറഞ്ഞില്ല... ""ഇപ്പോൾ വിനയൻ ലേഹ്യം കൊണ്ടുവരും... അത് മുന്നിലുള്ള ആ കുപ്പികളിൽ നിറയ്ക്ക്..."" അവി പറയുന്നത് കേട്ടപ്പോൾ അല്ലി കണ്ണും മിഴിച്ചു നിന്ന് പോയി... ""ഞാ.... ഞാനോ...."" ""എന്തേ നീ അളന്നാൽ മരുന്ന് നിറയില്ലേ... മര്യാദക്ക് അവിടിരുന്നു ചെയ്തോ.... രാവിലെ കഥ പറയാൻ വന്നിരിക്കുന്നു....

"" അവി കണ്ണുരുട്ടി ദേഷ്യത്തോടെ പറഞ്ഞതും അല്ലി പിണക്കത്തോടെ ചുണ്ട് കോട്ടി തിരിഞ്ഞിരുന്നു.. മരുന്ന് അളന്നുതിരിച്ചു മാറ്റുമ്പോൾ ശ്രീയുടെ കൈ ചെറുതായി വിറയ്ക്കുന്നത് അവൾ അപ്പോഴാണ് കണ്ടത്... ചിരിയമർത്തി അവൾ ശ്രീയെ നോക്കി... ഇത്തിരി മുൻപ് അവിയുടെ അലർച്ച കേട്ടത്തിന്റെയാണ് ഈ വിറയൽ എന്ന് നന്നായി അറിയാമായിരുന്നു... ""എന്താ ശ്രീ പറ്റിയെ... ഇന്നലത്തെ മുറിവ് വേദന എടുക്കുന്നുണ്ടോ.... ഓരോന്നും എടുക്കുമ്പോൾ കൈ വിറയ്ക്കുന്നുണ്ടല്ലോ.."". അവിയെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി ഇത്തിരി ഉറക്കെ ചോദിച്ചു... ആൾ ചെയ്തുകൊണ്ടിരുന്ന ജോലി നിർത്തിയിട്ട് ഇങ്ങോട്ടേക്ക് നോക്കുന്നത് കാൺകെ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.. കണ്ണും മിഴിച്ചു നിൽക്കുകയായിരുന്നു ശ്രീ... അവിയെ നോക്കിയപ്പോൾ അവളുടെ കൈയിലേക്ക് നോക്കുന്നത് കണ്ടു... വേഗം തന്നെ കൈ അവനിൽ നിന്നും മറച്ചു പിടിച്ചു തിരിഞ്ഞു നിന്നു.. കണ്ണ് കൂർപ്പിച്ചു അല്ലിയേ രൂക്ഷമായി നോക്കിയതും ചിരിയടക്കി നിൽക്കുന്നത് കണ്ടു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ചുറ്റിലും വളർന്നു മുട്ടോളം എത്തി നിൽക്കുന്ന ചെടികളെ വകഞ്ഞു മാറ്റി ദക്ഷ് മുന്നോട്ട് നടന്നു... പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒരിക്കൽ കൂടി മനുഷ്യന്റെ ഗന്ധവും കാൽപെരുമാറ്റവും അറിഞ്ഞെന്നോണം ചുറ്റുപാടുമുള്ള ജീവികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ചിലച്ചുകൊണ്ടിരുന്നു...

കാലപ്പഴക്കം കാരണം ജീർണ്ണാവസ്ഥയിലായ ഒരു കെട്ടിടത്തിനു മുന്നിൽ എത്തിയപ്പോൾ അവന്റെ കാലുകൾ നിശ്ചലമായി.... ഒരിക്കൽ പ്രൗഡിയോടെ തലയുയർത്തി നിന്ന തറവാട് ഇന്ന് യാതൊരു ശേഷിപ്പും അവസാനിക്കാത്ത വിധം മണ്ണടിയാൻ തുടങ്ങുന്നു... അവന്റെ കണ്ണുകളിൽ പകയെരിഞ്ഞു... താഴ് ശ്രദ്ധയോടെ തുറന്നു മാറ്റി ദക്ഷ് ശ്രദ്ധയോടെ വാതിൽ തള്ളി തുറന്നു.... വാതിലിന് ചുറ്റുമായി കൂട് കൂട്ടിയ ചിതൽ പുറ്റുകൾ ഇടിഞ്ഞു വീണു ചുറ്റും പൊടി നിറഞ്ഞപ്പോൾ അവൻ കൈയിലുള്ള തുവാല ഉപയോഗിച്ച് മുഖം പൊത്തി... ശ്രദ്ധയോടെ മുന്നോട്ട് നടക്കുമ്പോൾ വഴികളൊക്കെയും പറഞ്ഞു കേട്ട കഥകളിലൂടെ കാണാപാഠമായിരുന്നു... ഏറ്റവും ഉള്ളിലായി ഇടനാഴിയോട് ചേർന്നുള്ള ചെറിയ ഒരു മുറിയിലേക്ക് എത്തിയപ്പോൾ കാലുകൾ ഒന്നു നിന്നു... ഇവിടെ തന്നെ ആയിരിക്കണം... പതിയെ വാതിൽ തുറന്നു അകത്തേക്ക് കയറി.... മാറാല നിറഞ്ഞിരിക്കുന്നു മുറിയാകെ... ഒരോ വസ്തുവിലും പൊടി നിറഞ്ഞിരിക്കുന്നു.... ദക്ഷ് തുവാല എടുത്തു മൂക്കിനോട് ചേർത്ത് കെട്ടി.... അവന്റെ കണ്ണുകൾ മുറിയിലാകെ പരതി.... കട്ടിലിനോട് ചേർന്ന് നിലത്തായി വച്ചിരിക്കുന്ന ഇരുമ്പ് പെട്ടിയിലേക്ക് നോട്ടം എത്തിയപ്പോൾ ആ കണ്ണുകളൊന്ന് തിളങ്ങി... അവൻ വേഗം തന്നെ അതിനടുത്തേക്ക് നടന്നു...

അതിലാകെ ഒന്ന് വിരലോടിച്ചു... ധൃതിയിൽ പോക്കറ്റിൽ നിന്നും താക്കോൽ എടുത്തു ആ പെട്ടി തുറക്കുമ്പോൾ വല്ലാത്തൊരു ആവേശം അവന്റെ ഉള്ളിൽ നിറഞ്ഞിരുന്നു.. പെട്ടിയുടെ ഉള്ളിലുള്ള ഓരോന്നായി അവന്റെ കണ്ണുകൾ ഒപ്പിയെടുത്തു.... ഭ്രാന്തമായ ഒരുന്മാദത്തോടെ അവയോരൊന്നും എടുത്തു നോക്കി.... നിറഞ്ഞ പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു ഇരിക്കുമ്പോൾ ശ്രീയുടെ രൂപം ഉള്ളിൽ തെളിഞ്ഞു... അവനൊരു ഗൂഢമായ മന്ദസ്മിതത്തോടെ ആ രൂപത്തെ ഉള്ളിലേക്ക് ആവാഹിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ഫോണിലേക്ക് നോക്കി ചിരിയോടെ ഇരിക്കുന്ന അല്ലിയെ ശ്രീ ഒരു പിരികം പൊക്കി നോക്കി.. ""ഡോക്ടർ ആടി... നമ്മളോട് വൈകിട്ട് അങ്ങോട്ടേക്ക് ഒന്ന് ഇറങ്ങാൻ... ആള് ഇവിടെ പുതിയതല്ലേ.. അപ്പോ എല്ലാം ഒന്ന് പരിചയപ്പെടാൻ...."" ചിരിയോടെ പറയുന്ന അല്ലിയെ കാൺകെ മറുത്തൊന്നും പറയാൻ തോന്നിയില്ല ശ്രീക്ക്... പക്ഷേ പേരറിയാത്ത ഒരു അസ്വസ്ഥത ഉള്ളിൽ നിറഞ്ഞു തുടങ്ങിയിരുന്നു.... ശ്വാസം വിലങ്ങും പോലെ... അവളൊന്ന് തിരിഞ്ഞു കുറച്ച് അകലെയായി ഇരിക്കുന്ന അവിയെ നോക്കി..... അവന്റെ കണ്ണുകളും ആ നിമിഷം അവളിൽ തന്നെയായിരുന്നു.... അല്ലി പറഞ്ഞത് കേട്ടുവെന്ന് തോന്നുന്നു... ആ കണ്ണുകൾ തന്നിൽ തന്നെ തറഞ്ഞിരിക്കുന്നതായി തോന്നി...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story