അഥർവ്വ: ഭാഗം 9

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""ഡോക്ടർ ആടി... നമ്മളോട് വൈകിട്ട് അങ്ങോട്ടേക്ക് ഒന്ന് ഇറങ്ങാൻ... ആള് ഇവിടെ പുതിയതല്ലേ.. അപ്പോ എല്ലാം ഒന്ന് പരിചയപ്പെടാൻ...."" ചിരിയോടെ പറയുന്ന അല്ലിയെ കാൺകെ മറുത്തൊന്നും പറയാൻ തോന്നിയില്ല ശ്രീക്ക്... പക്ഷേ പേരറിയാത്ത ഒരു അസ്വസ്ഥത ഉള്ളിൽ നിറഞ്ഞു തുടങ്ങിയിരുന്നു.... ശ്വാസം വിലങ്ങും പോലെ... അവളൊന്ന് തിരിഞ്ഞു കുറച്ച് അകലെയായി ഇരിക്കുന്ന അവിയെ നോക്കി..... അവന്റെ കണ്ണുകളും ആ നിമിഷം അവളിൽ തന്നെയായിരുന്നു.... അല്ലി പറഞ്ഞത് കേട്ടുവെന്ന് തോന്നുന്നു... ആ കണ്ണുകൾ തന്നിൽ തന്നെ തറഞ്ഞിരിക്കുന്നതായി തോന്നി... ആ നോട്ടം കണ്ടപ്പോൾ വെറുതെ അവനെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ മുഖത്തെ ഗൗരവം കണ്ടപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി.. ""പിന്നെ.... ഇന്ത്യൻ പ്രസിഡന്റ്‌ ആണെന്ന വിചാരം.... അഹങ്കാരി.... കാട്ടു വൈദ്യൻ...."" മനസ്സിൽ പിറുപിറുത്തുകൊണ്ട് തിരിഞ്ഞിരുന്നു.. നേരെ നോക്കിയത് അല്ലിയുടെ മുഖത്തേക്കാണ്.. അവൾ വായ രണ്ടു കൈ കൊണ്ടും കൂട്ടിപ്പിടിച്ചു ചിരിക്കുന്നത് കണ്ടപ്പോൾ ദേഷ്യത്തോടെ കണ്ണുരുട്ടി...

""എന്താ മോളെ... ഇവിടെയൊരു പൂച്ചയുടെ മണം... കണ്ണടച്ചു പാൽ കുടിക്കുന്നൊരു കള്ളിപൂച്ചയുടെ..... "" ഒരു കണ്ണിറുക്കി അല്ലി പറഞ്ഞതും അവളെ നോക്കി ദേഷ്യത്തോടെ കണ്ണ് കൂർപ്പിച്ചു... ശ്രീയുടെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ ഇനിയും കളിയാക്കാൻ നിന്നാൽ വൈകുന്നേരം ദക്ഷിന്റെ വീട്ടിലേക്ക് ഒറ്റക്ക് പോകേണ്ടി വരും എന്ന് തോന്നിയതിനാൽ അല്ലിയൊരു ചമ്മിയ ചിരി നൽകി വേഗം കഴിക്കാൻ തുടങ്ങി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""ഏട്ടാ.... വൈകുന്നേരം ഇത്തിരി നേരത്തെ വിടാമോ ശ്രീയെ.... ഡോക്ടർ വിളിച്ചിരുന്നു... ഇവിടുത്തെ ജോലി തീർന്നിട്ട് ഇറങ്ങാൻ നിന്നാൽ ലേറ്റ് ആകില്ലേ അവിടെ എത്തുമ്പോൾ...."" മുഖത്ത് ദയനീയ ഭാവം നൽകി അവിയുടെ മുൻപിൽ നിൽക്കുകയായിരുന്നു അല്ലി... ശ്രീയെ കൂട്ട് വിളിച്ചെങ്കിലും വരില്ല എന്നവൾ തറപ്പിച്ചു പറഞ്ഞതിനാൽ ഒറ്റയ്ക്ക് പോകേണ്ടി വന്നു.... അവിയുടെ മുഖത്തെ ഗൗരവം ഒന്നുകൂടി കൂടുന്നത് കണ്ടപ്പോൾ അവൾക്ക് നിരാശ തോന്നി.. ഈ സമയമത്രയും വീണ്ടും ഒരിക്കൽ കൂടി ആ സ്വപ്നത്തിലെ ദൃശ്യങ്ങൾ കണ്മുന്നിൽ എന്നത് പോലെ നോക്കി കാണുകയായിരുന്നു അവി.. അവന്റെ മനസ്സിലേക്ക് വീണ്ടും ഒരിക്കൽ കൂടി ബോധമറ്റ് തന്റെ കൈകളിൽ വാടി തളർന്നു കിടന്ന ശ്രീയുടെ രൂപം കടന്നു വന്നു...

ഒരു ഞെട്ടലോടെ കണ്ണുകൾ ചിമ്മി തുറന്നു നോക്കിയപ്പോഴാണ് മുഖത്ത് സങ്കടം വരുത്തി അവനെ നോക്കി നിൽക്കുന്ന അല്ലിയെ കാണുന്നത്... ഇപ്പോൾ വേണ്ടെന്ന് പറഞ്ഞാൽ അതിനുള്ള നൂറു കാരണങ്ങൾ കൂടി ചോദിക്കും എന്ന് ഉറപ്പുള്ളതിനാൽ മനസ്സില്ലാ മനസ്സോടെ തലയാട്ടി സമ്മതം നൽകി... നിറഞ്ഞ സന്തോഷത്തോടെ ശ്രീയുടെ അടുത്തേക്ക് ഓടി പോകുന്ന അല്ലിയെ കാൺകെ എന്തോ ഒരാശങ്ക ഉള്ളിൽ നിറഞ്ഞു തുടങ്ങിയിരുന്നു... അസ്വസ്ഥതയോടെ അവൻ കസേരയിലേക്ക് ചാഞ്ഞിരുന്നു കണ്ണുകൾ അടച്ചു.. അല്ലി വന്നു പറയുമ്പോഴും ശ്രീയുടെ ഉള്ളിലെ പേടി മാഞ്ഞിരുന്നില്ല... കാരണമെന്താണ് എന്നറിയാത്തൊരു ഭയം ഉള്ളിൽ നിറയും പോലെ... മനസ്സില്ലാ മനസ്സോടെയാണ് പിന്നീടുള്ള ജോലികളൊക്കെ തീർത്തത്... സമയം കടന്നു പോകും തോറും ഉള്ളിലെ ഭയം അധികരിക്കും പോലെ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""എന്റെ ശ്രീ നീയിങ്ങനെ ഒച്ച് ഇഴയും പോലെ നടക്കാതെ ഒന്ന് വേഗം വരുന്നുണ്ടോ.... ഇപ്പോൾ തന്നെ സമയം നാലാകുന്നു... വിളക്ക് വയ്ക്കാനുള്ളതാ തിരിച്ചു വന്നിട്ട്... ""അല്ലി ഇത്തിരി പിണക്കത്തോടെ പറഞ്ഞു... ദക്ഷിന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു അല്ലിയും ശ്രീയും....

അല്ലി പിണക്കത്തോടെ ശ്രീയുടെ കൈയിൽ നിന്നും പിടി വിട്ട് സൈഡിലേക്ക് മാറി നിന്നു... ""എന്റെ പൊന്നു അല്ലി... നീയീ റോഡ് ഒന്ന് നോക്കിയേ... മഴ പെയ്തു ആകെ ചളി ആയിക്കിടക്കുവാ... ഇതിൽ കൂടി നീ പറയും പോലെ വേഗത്തിൽ നടന്നാലേ രണ്ടാളും കൂടി നിലത്ത് കിടക്കും... ഇനിയാകെ പത്തു മിനിറ്റ് ദൂരം പോലും ഇല്ലല്ലോ...."" അല്ലിയുടെ പരിഭവം കണ്ടപ്പോൾ ഉള്ളിൽ നിറഞ്ഞ പേടി മറച്ചു പിടിച്ചു ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ടു ശ്രീ പറഞ്ഞു.. അല്ലി പരിഭവത്തോടെ ഒന്ന് മൂളി.. പിന്നിൽ നിന്നും ആരുടെയോ കാലടി ശബ്ദം കേട്ടപ്പോളാണ് തിരിഞ്ഞു നോക്കുന്നത്.. അവരുടെ അടുത്തേക്ക് നടന്നു വരുന്ന അവിയെ കണ്ടതും ശ്രീയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു... അല്ലിയെ നോക്കിയപ്പോൾ ചിരിയടക്കി നിൽക്കുന്നത് കണ്ടു... തന്നെയും അവിയേട്ടനെയും മാറി മാറി നോക്കുന്നുണ്ട്.. ""എന്താ ഏട്ടാ.."". അല്ലിയൊരു കള്ള ചിരിയോടെ ചോദിച്ചു... അവിക്ക് പെട്ടെന്നൊരു ചമ്മൽ തോന്നി... ഉള്ളിലെ പേടി കാരണം ഒരു സമാധാനവും തോന്നാതെയായപ്പോൾ ഇറങ്ങിയതാണ്... വീണ്ടും വീണ്ടും അവരെ ഒറ്റയ്ക്ക് പറഞ്ഞു വിടുന്നത് അപകടമാണെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ...

""എന്താന്ന്... എനിക്ക് ദക്ഷിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് ആശുപത്രിയെപ്പറ്റി.... എന്നാൽ പിന്നെ നിങ്ങൾ പോകുമ്പോൾ കൂടെ വരാം എന്ന് വിചാരിച്ചു... അല്ലാതെ വേറൊന്നും ഇല്ല."". പെട്ടെന്ന് തന്നെ മുഖത്തെ പതർച്ച മറച്ചു വച്ചു ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു അവി.... ""ഹ്മ്മ്..."". അല്ലിയോന്ന് അമർത്തി മൂളി.. . ""പൂച്ചയുടെ എണ്ണം ഒന്നല്ല.... രണ്ടാണെന്ന തോന്നുന്നേ...."" അല്ലി പറയുന്നത് കേട്ടപ്പോൾ ശ്രീയുടെ കണ്ണുകൾ മിഴിഞ്ഞു വന്നെങ്കിലും അവളുദ്ദേശിച്ചത് മനസ്സിലായെന്ന പോലെ അവളിൽ ഒരു കുസൃതി ചിരി വിടർന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പെട്ടിയിലുള്ളത് ഓരോന്നായി തുറന്നു നോക്കുകയായിരുന്നു ദക്ഷ്... പൊടി പിടിച്ച താളിയോലയുടെ കെട്ടുകൾ കൈയിലേക്കെടുത്തു അവനൊന്നു പുഞ്ചിരിച്ചു.... എല്ലാം ഇന്നും ഭദ്രമായി തന്നെ സൂക്ഷിച്ചിരിക്കുന്നു... അവന്റെ കണ്ണുകൾ ഭദ്രമായി മടക്കി വച്ചിരിക്കുന്ന ചുവപ്പ് പട്ടിലേക്ക് നീണ്ടു... കൈകൾ നീട്ടി അതെടുത്തു പതിയെ നാസികയോട് ചേർത്തു... രക്തത്തിന്റെ മണമാണെന്ന് തോന്നി ആ പുടവയ്ക്ക്... അതവനെ വല്ലാതെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു...

മനസ്സിൽ തെളിഞ്ഞ ശ്രീയുടെ രൂപം ഒരിക്കൽ കൂടി ഉള്ളിലേക്ക് ആവാഹിച്ചു... ഗേറ്റ് ആരോ തുറക്കും പോലെ ശബ്ദം കേട്ടതും അവൻ വീണ്ടും എല്ലാം കൂടി പെട്ടിയിലേക്ക് തിരികെ വച്ചു... തിടുക്കത്തിൽ വാതിൽ തുറന്നപ്പോഴാണ് ഉമ്മറത്തേക്ക് കയറി വരുന്ന അല്ലിയെയും ശ്രീയെയും കാണുന്നത്.. മടിച്ചു മടിച്ചു അകത്തേക്ക് കയറി വരുന്ന ശ്രീയെ കണ്ടതും ദക്ഷിന്റെ കണ്ണുകൾ തിളങ്ങി... അവർക്കരികിലേക്ക് നിറഞ്ഞ ചിരിയോടെ നടന്നടുക്കുമ്പോഴാണ് പിന്നിലായി വരുന്ന അവിയെ കാണുന്നത്... ഒരു നിമിഷം പിടിച്ചു കെട്ടിയത് പോലെ നിന്നു പോയി ദക്ഷ്... മുന്നോട്ട് വയ്ക്കാനുള്ള ഒരോ ചുവടും ആരോ തടയും പോലെ... അവൻ ശ്രമപ്പെട്ട് മുഖത്തൊരു ചിരി വരുത്തി... വീണ്ടും ഒരിക്കൽ കൂടി പക്ഷികൾ ആ മണ്ണിലേക്ക് വിരുന്നെത്തിയത് പോലെ... അവയുടെ ഉറക്കെയുള്ള ചിലപ്പ് കേട്ടപ്പോൾ അവൻ അസ്വസ്ഥതയോടെ മുഖം തിരിച്ചു....

ചുറ്റിനും അവയാകെ വട്ടമിട്ടു പറക്കും പോലെ തോന്നി... അവയോരൊന്നും പരസ്പരം കൊത്ത് കൂടുന്നു... ഒരോ മുറിവിൽ നിന്നും രക്തം ഒഴുകുന്നു... അവ തന്റെ ശരീരമാകെ പടരുന്നു... അസ്വസ്ഥതയോടെ അവൻ മുഖം അമർത്തി തുടച്ചു... ""ഏട്ടനെ കൂടി കണ്ടപ്പോൾ ഡോക്ടർ ഞെട്ടി അല്ലെ.... ഇവിടെ ഒരാൾ അതിലും ഞെട്ടി...."" അടുത്തേക്ക് ചെന്ന ഉടനെ അവിയെ തന്നെ നോക്കി നിൽക്കുന്ന ദക്ഷിനോടായി അല്ലി പറഞ്ഞു.. അവനവളെ ഒന്ന് നോക്കി.. ""രണ്ടിനും മുടിഞ്ഞ ഇഷ്ടമാ ഡോക്ടറെ അങ്ങോട്ടും ഇങ്ങോട്ടും... പക്ഷേ കൊന്നാലും പറയില്ല.... പറയിപ്പിക്കാമോ എന്ന് ഞാനൊന്ന് നോക്കട്ടെ... ഇടയ്ക്ക് ചിലപ്പോൾ ഡോക്ടർ ടെ ഹെല്പ് ഉം ചോദിച്ചു എന്നിരിക്കും.. കട്ടക്ക് കൂടെ നിന്നെക്കണെ..."". അവൾ രഹസ്യം എന്ന രീതിയിൽ അവനോടായി പറഞ്ഞു.. ഇടയ്ക്കിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും കാണാത്ത രീതിയിൽ പരസ്പരം നോക്കുന്ന അവിയെയും ശ്രീയെയും കണ്ടതും അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story