അഗ്‌നിസാക്ഷി: ഭാഗം 14

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

ആരാമത്തെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്നുനിന്ന ആൽവിന്റെ വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ടായിരുന്നു എൽസ പുറത്തേക്ക് വന്നത്. മണിപതിനൊന്ന് കഴിഞ്ഞിട്ടും ആൽവിയേ കാണാതെ കാത്തിരിക്കുകയായിരുന്നു അവർ. " എവിടെയായിരുന്നെടാ കുരുത്തംകെട്ടവനെ ഇതുവരെ ?? മനുഷ്യനെ തീ തീറ്റിക്കാൻ വേണ്ടി മാത്രമുള്ളൊരെണ്ണം..... " വണ്ടി പോർച്ചിൽ നിന്നതും ഇറങ്ങി വന്ന ആൽവിയേക്കണ്ട് അവർ ദേഷ്യപ്പെട്ടു.. " അതുപിന്നെ മമ്മീ..... " " ആഹ് മതിമതി നിന്ന് കുണുങ്ങിയത് കേറിവാ ഞാൻ അത്താഴമെടുത്തുതരാം..... " " മമ്മീ..... " പറഞ്ഞിട്ട് തിരികെ അകത്തേക്ക് കയറാനൊരുങ്ങവെ ആൽവിന്റെ വിളി കേട്ട് തിരിഞ്ഞ എൽസ ഒരുനിമിഷമൊന്ന് പകച്ചുപോയി.

വണ്ടിക്കരികിൽ ആൽവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് കരഞ്ഞുകലങ്ങിയ മുഖവുമായി നിൽക്കുന്ന ട്രീസ. " അച്ചായാ..... " ഒരു നിമിഷത്തേ പതർച്ച മാറിയതും അവരിൽ നിന്നും കണ്ണെടുക്കാതെ തന്നെ എൽസ ഉറക്കെ വിളിച്ചു. അപ്പോഴേക്കും എന്താ സംഭവിക്കാൻ പോകുന്നതെന്നറിയാതെ ഭയന്നുപോയ ട്രീസ അവന്റെ കയ്യിലെ പിടിയൊന്ന് കൂടി മുറുക്കി. അവളുടെ ഉള്ളമറിഞ്ഞത് പോലെ അവനുമവളെ ചേർത്ത് പിടിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ഒരു തർക്കി പുതച്ച് കണ്ണട തുടച്ച് മുഖത്തേക്ക് വച്ചുകൊണ്ട് അലക്സ് അങ്ങോട്ട് വന്നു. മുന്നിലെ കാഴ്ചകണ്ട് അയാളും ഒരുനിമിഷമൊന്ന് തറഞ്ഞുനിന്നു. പിന്നെ പതിയെ എൽസയേ നോക്കി. " എൽസി..... " " എന്നാ അച്ചായാ.... " " മോളേ വിളിച്ചകത്ത് കൊണ്ടുപോ..... "

ശാന്തമായിരുന്ന അലക്സിന്റെ വാക്കുകൾ കേട്ട് ട്രീസ അമ്പരന്നയാളെ നോക്കി. ആ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു. " വാ മോളേ.... " എൽസ വിളിച്ചതും ട്രീസയുടെ നോട്ടം ആൽവിന്റെ കണ്ണുകളുമായിടഞ്ഞു. അവൻ മിഴികൾ കൊണ്ട് മൗനാനുവാദം നൽകിയതും മടിച്ചുമടിച്ച് അവൾ എൽസയുടെ അരികിലേക്ക് ചെന്നു. " ഇനിയുമിങ്ങനെ കരയണ്ടെന്റെ മോള്.... സന്തോഷായിട്ട് കേറിവാ..... " അപ്പോഴും നനവാർന്ന അവളുടെ കവിൾത്തടങ്ങൾ സാരിത്തുമ്പാലൊപ്പിക്കൊണ്ട്‌ എൽസ വാത്സല്യത്തോടവളുടെ നെറുകയിൽ ചുംബിച്ചു. " ഡാഡി..... വേറെ വഴിയൊന്നുമില്ലാഞ്ഞിട്ടാ ഞാൻ..... ഇനിയും താമസിച്ചാൽ അയാളിവളെ ആ ലോറൻസിന്റെ മോനേക്കൊണ്ട്‌ കെട്ടിച്ചേനെ.... "

അലക്സിന്റെ മുന്നിലേക്ക് വന്നുനിന്ന് പറഞ്ഞത് മാത്രമേ ആൽവിനോർമയുണ്ടായിരുന്നുള്ളു. അപ്പോഴേക്കും അയാളുടെ വലതുകരം അവന്റെ കവിളിൽ പതിഞ്ഞിരുന്നു. " നിനക്ക് വേറൊരുവഴിയുമില്ലായിരുന്നു അല്ലെടാ ???? നിന്റെയീ അപ്പൻ ചത്തുപോയാരുന്നോടാ ???? ഒരു വാക്ക് നീയെന്നോട് പറഞ്ഞൊ ???? " ചോദിച്ചുകൊണ്ട് വീണ്ടും കയ്യൊങ്ങിയ അലക്സിന്റെ ഭാവം കണ്ട് ട്രീസ പേടിയോടെ എൽസയേ നോക്കി. പക്ഷേ ആൽവി ചിരിയോടെ അയാളെ കെട്ടിപിടിക്കുകയാണ് ചെയ്തത്. " സോറി ഡാഡി ക്ഷമിച്ചുകള...." അതോടെ അലക്സും ചിരിച്ചുപോയി. " മോള് പേടിക്കണ്ട ഈ അപ്പനും മോനുമിങ്ങനാ..... രണ്ടും ഒന്നിനൊന്നുമെച്ചം.... " അവളെ ചേർത്ത് പിടിച്ചുകൊണ്ട് എൽസ പറഞ്ഞതും ആൽവിനും അലക്സും ചിരിച്ചു. " ആഹ് ഡാഡി ഒരു കൂട്ടുപ്രതി കൂടിയുണ്ട് കേട്ടോ..... " ആൽവിൻ പറഞ്ഞത് കേട്ട് എൽസയും അലക്സും അതാരാണെന്ന മട്ടിൽ അവനെ നോക്കി.

" അളിയോ ഇവിടെല്ലാം കോംപ്ലിമെൻസ് ആയി ഇങ്ങിറങ്ങിപ്പോര്..... " ചിരിയോടെ അവൻ വിളിച്ചതും വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരവിഞ്ഞ ചിരിയോടെ ശിവ പുറത്തേക്ക് ഇറങ്ങി. " ഓഹോ ഇതിനാരുന്നോ എന്നെ ഇവിടെ കൊണ്ടുവിട്ടിട്ട് രണ്ടും കൂടി പോയത്??" കാറിൽ നിന്നിറങ്ങിയ ശിവയേ കണ്ടുകൊണ്ട് അങ്ങോട്ട് വന്ന അല്ലി ചോദിച്ചു. അതുകേട്ട് അവനവളെ നോക്കി ഭംഗിയായിട്ടൊന്നിളിച്ചുകാണിച്ചു. " ആഹാ നീയും ഉണ്ടാരുന്നോ??? മരുമോനെ നീ വീണ്ടുമെനിക്കിട്ട് പണി തന്നല്ലോഡാ..... " " അതുപിന്നെ ഡാഡി ഇതെന്റെ രണ്ടാമത്തെ കൈയബദ്ധം ഇതുകൂടി ഡാഡിയങ്ങ്‌ ക്ഷമിച്ചേക്ക്..... "

പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് വന്നുകയറിയ ശിവയേക്കണ്ട് അല്ലിയൊഴികെ ബാക്കിയെല്ലാവരും ചിരിച്ചു. അവളാണെങ്കിൽ ഒന്നുമറിയാത്തതിന്റെ പിണക്കത്തിൽ ശിവയേ നോക്കി മുഖം വീർപ്പിച്ചുനിൽക്കുകയായിരുന്നു. " ഈ ഉണ്ടകണ്ണ് ഇങ്ങനെ ഉരുട്ടല്ലേ അല്ലുട്ടാ..... നിലത്ത് വീണുമണ്ണ് പറ്റില്ലേ...." ദേഷ്യത്തിൽ നിന്നിരുന്ന അവളെ കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ട് അവളവനെ തുറിച്ചുനോക്കി. അതേസമയം തന്നെയായിരുന്നു രണ്ട് വണ്ടികൾ ചീറിപ്പാഞ്ഞകത്തേക്ക് വന്നത്. അതിൽ ഒന്നിൽ നിന്ന് ലോറൻസും സ്റ്റെഫിനും മറ്റേതിൽ നിന്നും ഐസക്കും കുറേ ഗുണ്ടകളും കൂടിയിറങ്ങി. " ഞാൻ പറഞ്ഞില്ലേ ഈ നായിന്റെ മോന്റെ കൂടെത്തന്നെ കാണും ട്രീസയെന്ന്..... " വന്നവരവേ ആൽവിനെ ചൂണ്ടി സ്റ്റെഫിൻ പറഞ്ഞതും മകളെ നോക്കി പല്ല് കടിക്കുകയായിരുന്നു ഐസക്ക്.

" ട്രീസാ..... വെറുതേയൊരു സീനുണ്ടാക്കാതെ വന്ന് വണ്ടിയിൽ കയറ്..... അല്ലെങ്കിൽ നിന്റെ മുന്നിലിട്ടീ &%%%%%മോനേ ഞാൻ വെട്ടിനുറുക്കും.... " മുന്നോട്ട് വന്നത് പറഞ്ഞതും അലക്സിന്റെ വലതുകാൽ കൊണ്ടുള്ള ശക്തിയായ ചവിട്ട് കൊണ്ട് ഒരലർച്ചയോടെ തറയോട് പാകിയ മുറ്റത്തേക്ക് തെറിച്ചുവീണു ഐസക്ക്. " എന്റെ വീട്ടുമുറ്റത്ത് വന്നുനിന്ന് എന്റെ മോനേ വെട്ടിയറയുമെന്ന് പറയാൻ മാത്രം വളർന്നോടാ നായെ നീ..... " ചോദിച്ചുകൊണ്ട് മുണ്ടും മടക്കിക്കുത്തി മുറ്റത്തേക്ക് ഇറങ്ങി അലക്സ്‌. അയാളെ തടയാൻ വന്ന ലോറൻസും ബലിഷ്ടമായ ആ കൈകളുടെ ചൂടറിഞ്ഞ് നിലത്തേക്ക് വീണു. " ഡാ..... "

" ഹാ നീയിതെങ്ങോട്ടാ ഈ ഓടുന്നേ അവർ തരക്കാരുടെ ഇടയിലോട്ട് മോൻ ചെന്ന് കേറുന്നത് ശരിയാണോ ??? " ലോറൻസ് അടി കൊണ്ട് വീഴുന്നത് കണ്ട് അലക്സിന് നേരെ കുതിക്കാനൊരുങ്ങിയ സ്റ്റെഫിനെ കോളറിൽ പിടിച്ചുതിരിച്ച് മുഖത്ത് ആഞ്ഞടിച്ചുകൊണ്ടാണ് ശിവയത് ചോദിച്ചത്. ഒരടിക്ക് തന്നെ അവൻ പിന്നിൽ കിടന്നിരുന്ന കാറിന്റെ ബോണറ്റിലേക്ക് കമിഴ്ന്നുവീണിരുന്നു. " കൊന്ന് തള്ളെടാ ഇവനേയെല്ലാം...... " അപ്പോഴേക്കും എണീറ്റ് വന്നിരുന്ന ഐസക്ക് കൂടെയുണ്ടായിരുന്ന മറ്റുള്ളവരോടായലറി. പിന്നീടവിടെ നടന്നതൊക്കെ കണ്ട് കരയാൻ മാത്രമേ എൽസക്കും ട്രീസയ്ക്കും അല്ലിക്കും കഴിയുമായിരുന്നുള്ളു.

ഇരുകൂട്ടരും കൊള്ളുകയും കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ അധികനേരം അലക്സും ആൽവിയും ശിവയും ചേർന്നുള്ള കൂട്ടമായ ആക്രമണത്തേ എതിരിട്ട് ചെറുത്തുനിൽക്കാൻ എതിരാളികൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഐസക്കിന്റെയും ലോറൻസിന്റെയും കൂടെയുണ്ടായിരുന്നവരൊക്കെ ഓടി രക്ഷപെട്ടു. സ്റ്റെഫിൻ ശിവയുടെ അടികൊണ്ട് തളർന്നുപോയിരുന്നു. " കിട്ടിയതൊക്കെ മതിയായെങ്കിൽ നിന്റപ്പനേം ദേ ഇവനേം വിളിച്ചോണ്ട് പോകാൻ നോക്കെടാ ചെറുക്കാ...... നിന്നെ വേണ്ട എന്റെ മോനേ മതിയെന്ന് ഇവൾ പറഞ്ഞാൽ പറഞ്ഞതാ. ഈ വീടിന്റെ പടി ചവിട്ടിയത് മുതൽ അവൾ എന്റെ മോന്റെ പെണ്ണാ....

ആരാമത്ത് . അലക്സിന്റെ മരുമകൾ..... അവളീ വീട്ടിൽ എന്റെ മകന്റെ കൂടെത്തന്നെ ജീവിക്കുകയും ചെയ്യും. അതിന് തടയിടാൻ നോക്കിയാൽ ഈ അലക്സിന് നീയൊന്നും കണ്ടിട്ടില്ലാത്ത ഒരു മുഖം കൂടിയുണ്ട്..... അതെന്നേക്കൊണ്ട്‌ പുറത്തെടുപ്പിക്കരുത്..... " ഐസക്കിനെയും ലോറൻസിനെയും രൂക്ഷമായി നോക്കി സ്റ്റെഫിനോടായി അലക്സ്‌ പറഞ്ഞു. പിന്നീടവിടെ നിൽക്കാതെ സ്റ്റെഫിൻ വണ്ടിക്കരികിലേക്ക് നടന്നു. പിന്നാലെ തന്നെ മറ്റുള്ളവരും. ഡ്രൈവിംഗ് സീറ്റിലേക്ക് കേറി സ്റ്റാർട്ട്‌ ചെയ്തപ്പോഴാണ് കുറച്ചുമാറി ശിവയേത്തന്നെ നോക്കി കരഞ്ഞുകൊണ്ട് നിന്നിരുന്ന അല്ലിയവന്റെ കണ്ണിൽ പെട്ടത്. "

എന്റപ്പന്റെ ദേഹത്ത് കൈവച്ച നിനക്കെന്തെങ്കിലുമൊരു സമ്മാനം തന്നില്ലെങ്കിൽ ഞാനെങ്ങനാടാ അലക്സേ ലോറൻസിന്റെ മകൻ സ്റ്റെഫിൻ ആകുന്നത് ???? നിന്റെ ജീവനിരിക്കുന്നത് ഈ നിൽക്കുന്ന നിന്റെയീ മകളിലല്ലേ..... എന്നാ ആ ജീവൻ ഞാനിങ്ങെടുക്കുവാടാ നായെ...." പറഞ്ഞതും പല്ല് ഞെരിച്ചുകൊണ്ടവൻ കാലുകൾ ആക്സിലേറ്ററിലമർത്തി. പാഞ്ഞുവരുന്ന വണ്ടി കണ്ടെങ്കിലും ഒരു സ്തംഭിച്ച അവസ്ഥയിൽ നിൽക്കുകയായിരുന്നു അല്ലിയപ്പോൾ. ശിവയ്‌ക്കോ അവിടെ നിന്നിരുന്ന മറ്റാർക്കെങ്കിലുമൊ എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് പാഞ്ഞുവന്ന വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചിരുന്നു.

" ആഹ്ഹ്ഹ്ഹ് !!!!!!!!!!!!!! " ഒരു നിലവിളിയോടെ വായുവിലുയർന്ന് പൊങ്ങിയ അവൾ തെറിച്ചുപോയി പിന്നിലെ ചുവരിലിടിച്ച് നിലത്തേക്ക് വീണു. ആ കാഴ്ച കണ്ടുനിന്നിരുന്നവരിൽ നിന്നെല്ലാം ഹൃദയഭേദകമായൊരു നിലവിളി ഉയർന്നു. മോളേന്നൊരു നിലവിളിയോടെ എൽസ പിന്നിലേക്ക് മറിഞ്ഞുവീണ് ബോധം കെട്ടു. " അല്ലൂ !!!!!!!!!!!! " ഒരലർച്ചയോടെ നിന്നിരുന്നിടത്ത് നിന്നും കാറ്റിന്റെ വേഗതയിൽ പാഞ്ഞുചെന്ന ശിവയവളെ വാരിയെടുത്തു. പിന്നാലെ തന്നെ മറ്റുള്ളവരുമോടിക്കൂടി. അപ്പോഴേക്കും രക്തത്തിൽ കുളിച്ച് കണ്ണുകൾ പാതിയടഞ്ഞിരുന്ന അവളുടെ കൈകൾ ശിവയുടെ ഷർട്ടിലമർത്തിപിടിച്ചു. " ശ്..... ശി.... ശിവേ.... ട്ടാ..... "

എങ്ങനെയൊക്കെയൊ അവൾ വിളിച്ചപ്പോഴേക്കും ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവളെ മാറോട് ചേർത്തമർത്തി ഒരു കൊച്ചുകുഞ്ഞിനെപ്പോലവൻ കരഞ്ഞു. " അല്ലൂ..... മോളേ കണ്ണ് തുറക്കെടീ.... നീ....നീയില്ലാതെ ഞാനെങ്ങനാഡീ..... " മിഴികളടഞ്ഞുപോയ അവളുടെ മുഖമാകെ ഭ്രാന്തമായി ചുംബിച്ചുകൊണ്ട് അവൻ ചോദിച്ചു. പക്ഷേ അതിനുമെത്രയൊ മുന്നേ ബോധം മറഞ്ഞിരുന്ന അല്ലിയതൊന്നും കേൾക്കുന്നേയുണ്ടായിരുന്നില്ല. 🔥🔥🔥🔥🔥🔥🔥🔥 " മോനേ ശിവ എന്താടാ ഇത് ??? ഇത്രേയുള്ളൊ ആരെയും കൂസാത്ത എന്റെ മോൻ ??? നീയിങ്ങനെ തളർന്നാൽ അവരെയൊക്കെ ആരാ മോനേ ആശ്വസിപ്പിക്കുന്നത് ??? നമ്മുടെ മോൾക്കൊന്നുല്ലഡാ.....

" ICU വിന് മുന്നിൽ കാത്തുനിൽക്കുമ്പോൾ എല്ലാം തകർന്നവനെപോലെ വിതുമ്പിക്കരഞ്ഞുകൊണ്ട് നിന്നിരുന്ന ശിവയുടെ അടുത്തേക്ക് ചെന്നുകൊണ്ട് ദേവൻ പറഞ്ഞു. അല്ലിയുമായി ഹോസ്പിറ്റലിലേക്ക് വരുമ്പോൾ തന്നെ ശിവ ചിറ്റേഴത്തേക്കും വിളിച്ചുപറഞ്ഞിരുന്നു. അവിടെ നിന്ന് ദേവനും കൃഷ്ണയും ദീപക്കുമെല്ലാം വന്നിരുന്നു. " എന്റെ..... എന്റെ അല്ലി..... എനിക്ക്..... എനിക്കവളില്ലാതെ പറ്റില്ലച്ഛാ...... എന്റെ ജീവനാ അവൾ..... " പറഞ്ഞുകൊണ്ട് കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് ശിവ അയാളെ കെട്ടിപ്പിടിച്ചു. " ഒന്നുല്ലഡാ അവൾക്കെന്ത് പറ്റാനാ... നീ ധൈര്യമായിരിക്ക്. " പറഞ്ഞുകൊണ്ട് അയാളവന്റെ പുറത്ത് മെല്ലെ തട്ടി. ദീപക്ക് ആൽവിന്റെ അടുത്തും കൃഷ്ണയും ട്രീസയും എൽസയുടെ അടുത്തുമായിരുന്നു. അപ്പോഴാണ് അലക്സിനെക്കുറിച്ച് ദേവനോർത്തത്. അയാൾ പതിയെ ശിവയേ വിട്ട് അലക്സിനെ തേടി ചെന്നു.

അവിടെ എല്ലാവരും നിന്നിരുന്നിടത്തൊന്നും അയാൾ ഉണ്ടായിരുന്നില്ല. അപ്പോഴാണ് കുറച്ചുമാറി കോറിഡോറിനപ്പുറം ഒറ്റയ്ക്ക് അയാൾ നിൽക്കുന്നത് ദേവന്റെ കണ്ണിൽ പെട്ടത്. അയാൾ വേഗത്തിൽ അങ്ങോട്ട് ചെന്നു. " ദാദി ...... " മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അല്ലിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടുകൊണ്ടാണ് അലക്സും എൽസയും പുറത്തേക്ക് ഇറങ്ങി വന്നത്. അപ്പോഴേക്കും അല്ലി കരഞ്ഞുകൊണ്ട് ഓടി അവരുടെ അരികിലേക്ക് വന്നിരുന്നു. അവളുടെ ഇടംകാൽ മുട്ട് എവിടെയൊ വീണുരഞ്ഞ് ചോരയൊലിച്ചിരുന്നു. " അയ്യോടാ ഡാഡിടേ പൊന്നിന്റെ കാലിലിതെന്താ പറ്റിയെ ??? "

ഓടിവന്ന് കുഞ്ഞിനെ വാരിയെടുത്തുകൊണ്ടാണ് അലക്സ്‌ ചോദിച്ചത്. അപ്പോഴേക്കും അല്ലിയുടെ കരച്ചിൽ ഉച്ചത്തിൽ ആയിരുന്നു. " ഓതി കലിച്ചപ്പോ അല്ലി വീണു ദാദി..... അല്ലിടേ മുത്ത് പൊത്തി..... " കരഞ്ഞുകൊണ്ടയാളുടെ കഴുത്തിൽ ചുറ്റിപിടിച്ചുകൊണ്ട് അവൾ പറഞ്ഞു. ആ കാഴ്ച കണ്ടുനിൽക്കുമ്പോൾ സാരമായ പരുക്കൊന്നുമല്ലാത്തത് കൊണ്ട് തന്നെ ഒരു നേർത്ത ചിരിയായിരുന്നു എൽസയിലെങ്കിലും അലക്സിന്റെ നെഞ്ച് പൊടിയുകയായിരുന്നു. " എന്തിനാ അച്ചായാ ഇത്രയും വെപ്രാളം.... അതിനുവേണ്ടി മുറിവൊന്നുമില്ലല്ലോ. പിന്നെ വീണതിന്റെ നൊമ്പരം കൊണ്ടല്ലേ അവൾ കരയുന്നേ.... അതിന് കൊച്ചിനെക്കാൾ വേദനയാണല്ലോ അച്ചായന്..... "

അല്ലിയേ എടുത്തോണ്ട് വന്ന് ടേബിളിലിരുത്തി മുറിവ് ക്ലീൻ ചെയ്തു മരുന്ന് വയ്ക്കുമ്പോൾ ചുവന്നുകലങ്ങിയ അലക്സിന്റെ കണ്ണുകൾ കണ്ട് എൽസ ചോദിച്ചു. " എനിക്കറിയുകേലെടിയേ എന്റെ മോൾടെ കണ്ണ് നിറയുന്നത് മാത്രം കണ്ട് നിൽക്കാൻ എനിക്ക് പറ്റുകേലെന്ന് നിനക്കറിയില്ലേ ??? അവളുടെ ദേഹത്ത് നിന്നുമൊരിറ്റ് ചോര പൊടിയുന്നത് പോലും സഹിക്കാൻ മേലെനിക്ക്.... " ഓർമ്മകളിലൂടെ ഊളിയിട്ടുകൊണ്ടിരിക്കുമ്പോഴാണ് തോളിലൊരു കരസ്പർശം തോന്നിയത് അലക്സിന്. അയാൾ വേഗം നിറഞ്ഞ കണ്ണുകൾ . അമർത്തിത്തുടച്ചുകൊണ്ട് തിരിഞ്ഞു. തൊട്ട് പിന്നിൽ നിന്നിരുന്ന ദേവനെ കണ്ട് അലക്സ്‌ കുറച്ചുനേരം എന്ത് ചെയ്യണമെന്നറിയാതെ നിന്നു. പിന്നെ പതിയെ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് വിതുമ്പി. " എന്റെ..... എന്റെ മോളേയെനിക്കിങ്ങ് കിട്ടുമല്ലോ അല്ലേഡോ ??? "

" ഛേ എന്താടോ ഇത് ??? നമ്മുടെ മോൾക്കൊന്നൂല്ലാ.... അവൾ മിടുക്കിയായിട്ടിങ്ങ് വരും.... " അലക്സിന്റെ മുതുകിൽ പതിയെ തട്ടിക്കൊണ്ട്‌ ദേവൻ പറഞ്ഞു. പക്ഷേ ആ പിതാവിനെ ആശ്വസിപ്പിക്കാൻ ആ വാക്കുകളൊന്നും പോരായിരുന്നു. " എന്റെ കുഞ്ഞിനെന്തെങ്കിലും പറ്റിയാൽ വച്ചേക്കില്ല ഞാനൊരുത്തനെയും...... " വേദനയ്ക്കിടയിലും പകയോടെ അയാൾ മുരണ്ടു. അപ്പോഴേക്കും ഡ്രിപ്പ് ഇട്ടുകിടത്തിയിരുന്ന എൽസക്ക് ബോധം വന്നിരുന്നു. മണിക്കൂറുകൾക്ക് മുൻപ് നടന്ന ആ സംഭവത്തിന്റെ ഞെട്ടലവരെ വിട്ടൊഴിഞ്ഞിരുന്നില്ല അപ്പോഴും. രക്തത്തിൽ കുളിച്ച മകളുടെ ഓർമ്മയിൽ പൊള്ളിയടർന്നുകൊണ്ടിരുന്നു ആ അമ്മമനം. "

എന്റെ കുഞ്ഞിനേഎനിക്കൊന്ന് കാണണം..... എന്നെയൊന്ന് കാണിക്കാൻ പറ കൃഷ്ണെ.....ഒരു ഇൻജെക്ഷന്റെ വേദന പോലും സഹിക്കാൻ വയ്യാതെ കരയുന്നവളാ എന്റെ മോള്..... ആ എന്റെ കുഞ്ഞല്ലിയൊ കർത്താവേ ഇപ്പൊ ഈ വേദനയൊക്കെ തിന്ന്..... എന്തോരം ചോര പോയീ..... ഞാൻ..... ഞാനെങ്ങനെ സഹിക്കും കൃഷ്ണെ...... എന്റെ ചങ്ക് പൊട്ടുവാ......" കൃഷ്ണയേ പിടിച്ചുലച്ചുകൊണ്ട് തലമുടി പിന്നിപ്പറിച്ചുകരയുന്ന എൽസയുടെ വാക്കുകൾ കേട്ട് നിൽക്കുമ്പോൾ എല്ലാവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ശിവയും അപ്പോഴതിനെക്കുറിച്ച് തന്നെയായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്. " ഹോസ്പിറ്റലിൽ പോയാൽ ഇൻജെക്ഷൻ ചെയ്യും ശിവേട്ടാ..... എനിക്ക് സൂചി പേടിയാ...... "

ദിവസങ്ങൾക്ക് മുൻപ് പനി വന്നപ്പോൾ ഹോസ്പിറ്റലിൽ പോകാതെ വാശി പിടിച്ചിരിക്കുമ്പോൾ തന്റെ മാറിലേക്ക് ചേർന്നിരുന്നുകൊണ്ട് പറഞ്ഞ അവളുടെ സ്വരമപ്പോഴും കാതിൽ മുഴങ്ങുന്നത് പോലെ തോന്നിയവന്. സമയം വീണ്ടുമിഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളും പാതിജീവനുമായി കുറേ മനുഷ്യർ ആ ICU വിന് മുന്നിൽ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ആ വാതിൽ തുറക്കപ്പെട്ടത്. " അപകടനില തരണം ചെയ്തുകഴിഞ്ഞു. പക്ഷേ തലയിലെ മുറിവൽപ്പം ഗുരുതരമാണ്. പിന്നെ നട്ടെല്ലിനും സാരമായി തന്നെ പരുക്കുണ്ട്. കുറച്ചുനാൾ റസ്റ്റ് വേണ്ടിവരും. അല്ലാതെ പേടിക്കാനൊന്നുമില്ല. ഒരാഴ്ച കഴിയുമ്പോ റൂമിലേക്ക് മാറ്റും.

അതുവരെ എല്ലാവരും കൂടി അകത്തേക്ക് കയറേണ്ട. അറിയാമല്ലോ ICU വിലെ കാര്യങ്ങളൊക്കെ. ഇപ്പൊ തല്ക്കാലം ബോധം വരുമ്പോൾ ഒരാൾക്ക് കയറിക്കാണാം. " ICU വിൽ നിന്നും പുറത്തുവന്ന ഡോക്ടർ ദേവിക ശിവയോടായി പറഞ്ഞു. അവൻ നിറഞ്ഞ മിഴികൾ തുടയ്ക്കാൻ പോലും മറന്ന് നന്ദിയോടെ അവർക്ക് നേരെ കൈകൂപ്പി. " എന്താടോ ഇത്...... ആണുങ്ങൾ കരയാൻ പാടുണ്ടോ ??? സെഡേഷൻ കഴിയുമ്പോൾ അല്ലിക്ക് ബോധം വീഴും. അപ്പോൾ കയറിക്കാണാം.... " നേർത്തൊരു പുഞ്ചിരിയോടെ ആശ്വസിപ്പിക്കാനെന്ന പോലെ അവന്റെ തോളിലൊന്ന് തട്ടി പറഞ്ഞിട്ട് അവരവിടെ നിന്നും പോയി.

പിന്നെയും സമയമൊരുപാട് കഴിഞ്ഞാണ്‌ അല്ലിക്ക് ബോധം വന്നുവെന്ന് അകത്തുനിന്നും വന്ന് പറഞ്ഞത്. എല്ലാവർക്കും അവളെയൊരുനോക്ക് കാണാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ശിവയുടെ അതുവരെയുള്ള അവസ്ഥ കണ്ട് നിന്നിരുന്ന ആർക്കും അവനെ മാറ്റിനിർത്താൻ തോന്നുന്നുണ്ടായിരുന്നില്ല. ക്ഷീണിച്ചുതളർന്ന മുഖമൊന്നമർത്തിത്തുടച്ചിട്ട് ശിവ വേഗത്തിൽ അകത്തേക്ക് പോയി. ഉള്ളിലേക്ക് ചെല്ലുമ്പോൾ കണ്ട കാഴ്ചയിൽ അവന്റെ നെഞ്ച് വിങ്ങി. ICU ബെഡിൽ ദേഹം മുഴുവൻ വച്ചുകെട്ടുകളുമായി കിടക്കുന്ന തന്റെ പ്രാണൻ. മുഖത്തും ധാരാളം മുറിവുകൾ ഉണ്ടായിരുന്നു. " അല്ലൂ...... "

അരികിലേക്ക് ചെന്ന് രക്തം കിനിഞ്ഞിരുന്ന അവളുടെ തലയിലെ കെട്ടിലൂടെ വിരലോടിച്ചുകൊണ്ട് ശിവ വിളിച്ചു. " ശ്..... ശ്..... വേ.....ട്ടാ..... " വളരേ ബുദ്ധിമുട്ടി വിളിക്കുമ്പോൾ അവളുടെ ഇരുമിഴികളും കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. " എന്താടാ ..... എന്തിനാ ഇങ്ങനെ കരയുന്നേ..... ഒന്നുമില്ല....." " ശ്.... വ്... ട്ടാ..... എന്റെ..... എന്റടുത്തി....ക്കുമോ???? ? പാതിതുറന്ന മിഴികൾ കൊണ്ടവനെ നോക്കി അവൾ ചോദിച്ചതും നിറഞ്ഞമിഴികൾ അവൾ കാണാതെ തുടച്ചുകൊണ്ട് ശിവ പതിയെ അവളുടെ അരികിൽ ബെഡിലേക്കിരുന്നു. " എനിക്ക്..... എനിക്കീ വേദന സഹി.... സഹിക്കാൻ വയ്യ ശിവേട്ടാ..... തലയൊക്കെ വെട്ടിപ്പൊളിക്കും പോലെ.....

നടുവിന് അസ്ഥിയൊക്കെ നുറുങ്ങുന്നത് പോലെ..... എനിക്കെന്തെങ്കിലും പറ്റിപ്പോയാലോ ശിവേട്ടാ..... " " എന്തൊക്കെയാ അല്ലു നീയീ പറയുന്നേ വേദനയൊക്കെ രണ്ട് ദിവസം കൊണ്ട് മാറും..... പിന്നെ റസ്റ്റെടുത്താൽ മതിന്നാ ഡോക്ടർ പറഞ്ഞത്.... അതിനാണോ നീയിങ്ങനൊക്കെ പറയുന്നേ. .... " " എനിക്ക്..... എനിക്ക് പേടിയാ ശിവേട്ടാ.... ഈ നെഞ്ചിൽ ചേർന്നിങ്ങനെ ജീവിച്ചുകൊതി തീർന്നില്ലെനിക്ക്..... എന്റെ ഡാഡി ..... ഇച്ചായൻ..... മമ്മി...... അമ്മച്ചി..... എല്ലാരേം വിട്ടുപോകാൻ വയ്യെനിക്ക്.... ശിവേട്ടനെപ്പോഴും പറയാറുള്ള പോലെ നമ്മുടെ പൊന്നുമോളേ തരാനും എനിക്ക് പറ്റില്ലേ..... ശിവേട്ടാ..... എനിക്ക് മരിക്കണ്ടാ ശിവേട്ടാ..... " അവന്റെ കയ് വിരലുകളിൽ മുറുകെ പിടിച്ചുകൊണ്ട് പറയുമ്പോൾ ശക്തമായി ഏങ്ങലടിച്ച് കരയാൻ തുടങ്ങിയിരുന്നു അവൾ. " കരയല്ലേഡാ..... ഒന്നുല്ല ഞാനില്ലേ നിന്റെ കൂടെ....സമാധാനമായി കിടന്നുറങ്ങ്...... "

അവളുടെ നെഞ്ചിൽ പതിയെ ഉഴിഞ്ഞുകൊണ്ട് പറയുമ്പോൾ ഹൃദയം തകരുകയായിരുന്നു അവന്റെയും. " ശിവേട്ടാ.... എനിക്ക്.... എനിക്കുറക്കം വരാത്തപ്പോ പാടാറുള്ള പോലൊന്ന് പാടുവോ...... എനിക്ക്..... വേദന സഹിക്കാൻ വയ്യ....... " വിക്കിവിക്കിയുള്ള അവളുടെ വാക്കുകൾ കേട്ട് ശിവയുടെ നെഞ്ച് വിങ്ങി. എങ്കിലും അവൾക്കായി എല്ലാം ഉള്ളിലടക്കി അവൻ മൂളിത്തുടങ്ങി. 💕........പറയാതെ വയ്യെൻ ഉയിരേ നിറയുന്ന നെഞ്ചിൻ പ്രണയം അറിയാതെ വയ്യെൻ അഴകേ അലിയുന്ന വാക്കിൻ രഹസ്യം കാതോർക്കയാണെൻ ഹൃദയം നിൻ കൊഞ്ചൽ കേൾക്കാൻ ഇനിയും പറയാതെ വയ്യെൻ ഉയിരേ നിറയുന്ന നെഞ്ചിൻ പ്രണയം അറിയാതെ വയ്യെൻ അഴകേ അലിയുന്ന വാക്കിൻ രഹസ്യം മാർഗഴിക്കുളിരു പോലെ മാതളം പൂവു പോലെ ആ മാറിലാരോ ചായുന്നു

അതു കണ്ണനറിയും രാധയോ നറു വെണ്ണിലാവോ മോഹമോ പൂമഴച്ചിറകു പോലെ പാതിരാച്ചിന്തു പോലെ ആ.. എന്നെയാരോ മൂടുന്നു അതു പെയ്തു നിറയും പ്രേമമോ ഒരു പെണ്ണിലലിയും ദാഹമോ പറയാതെ വയ്യെൻ ഉയിരേ നിറയുന്ന നെഞ്ചിൻ പ്രണയം അറിയാതെ വയ്യെൻ അഴകേ അലിയുന്ന വാക്കിൻ രഹസ്യം......💕 🔥🔥🔥🔥🔥🔥🔥🔥 " നീയെന്നാ പണിയാഡാ മോനേ കാണിച്ചത് ആ പെണ്ണിന് വല്ലതും പറ്റിയാലോ ???? " രാത്രിയിൽ ലോറൻസിനും മകനുമൊപ്പമുള്ള മദ്യസേവയ്ക്കിടെ സ്റ്റെഫിനോടായി ഐസക്ക് ചോദിച്ചു. " ഹാ എന്നാ പറ്റാനാ അങ്കിളേ.... കൂടി വന്നാൽ അവളങ്ങ് ചത്തുതുലയും...... എന്നാലും ലാഭമല്ലേയുള്ളൂ.... അങ്കിളിനറിയാമോ സത്യത്തിൽ നമ്മുടെ ശത്രു ആ ആൽവിനല്ല..... അതവനാ ശിവ......പിന്നെ ആ അലക്സ്‌.... അവന്മാര് രണ്ടും ഇല്ലാതായാൽ പകുതി പ്രശ്നം തീരും......

അവന്മാരെ ഒതുക്കാനുള്ള ഒരു ഓപ്പണിങ് ആയിരുന്നു എന്റെ ഇന്നത്തെ ഈ നീക്കം..... അലംകൃത എൽസ അലക്സ്‌....... അവൾ വെറുമൊരു പെണ്ണല്ല ...... എന്തിനും പോന്ന രണ്ടാണുങ്ങളുടെ ജീവനിരിക്കുന്നത് അവളിലാണ്..... ശിവയുടെയും അലക്സിന്റെയും ഏകബലഹീനത അത് അവളാണ്. അവൾ ഇല്ലാതായാൽ അവരും പാതി ചത്തു.... ഇപ്പൊ സംഭവിച്ചതും അത് തന്നെയാ... " പറഞ്ഞിട്ട് ഗ്ലാസിലെ മദ്യം വായിലേക്ക് കമിഴ്ത്തി ചുണ്ടമർത്തി തുടച്ചുകൊണ്ട് അവനട്ടഹസിച്ച് ചിരിച്ചു. ഒപ്പം ലോറൻസും. പക്ഷേ അവരറിയുന്നുണ്ടായിരുന്നില്ല അണയാൻ പോകും മുന്നേയുള്ള ആളിക്കത്തലാണ് തങ്ങളുടേതെന്ന്. ശിവയുടെ ബലഹീനത മാത്രമല്ല അവനിലേ ഭ്രാന്തും ആ പെണ്ണാണെന്ന സത്യം അവർ തിരിച്ചറിഞ്ഞിരുന്നില്ല അപ്പോഴും.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story