അഗ്‌നിസാക്ഷി: ഭാഗം 21

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

" നീ ശ്രദ്ധിച്ചോ കൃഷ്ണേ കുറച്ചുദിവസമായി അല്ലിമോൾക്കൊരു വാട്ടമില്ലേ ??? " അടുക്കളയിൽ നിൽക്കുകയായിരുന്ന മായയുടെയും കൃഷ്ണയുടെയും അരികിലേക്ക് വന്നുകൊണ്ട് മഹേശ്വരി ചോദിച്ചു. " ആഹ് ഞാനും പറയണമെന്നോർത്തു ഏടത്തീ..... അവൾടെ വീട്ടീന്ന് വന്നപ്പോൾ മുതൽ ഞാനും ശ്രദ്ധിക്കുന്നുണ്ട്. എപ്പോഴും ക്ഷീണമാണെന്ന് പറഞ്ഞവിടേമിവിടേം ഒടിഞ്ഞുകുത്തിയിരിക്കുന്നുമുണ്ട്. അല്ലേ എപ്പോഴും ചാടി തുള്ളി നടക്കുന്ന കുട്ടിയല്ലേ.... " മഹേശ്വരിയെ പിൻതാങ്ങിക്കൊണ്ട്‌ മായയും പറഞ്ഞു. " യ്യോ മോൾക്കെന്തേലും വയ്യായ്കയുണ്ടോ ഇനി.... " വെപ്രാളത്തോടെ പറഞ്ഞുകൊണ്ട് തങ്ങളെ നോക്കിയ കൃഷ്ണയെ കണ്ട് മഹേശ്വരി ചിരിച്ചു.

" അതൊന്നുമല്ലെന്റെ കൃഷ്ണേ ഞാൻ പറഞ്ഞത്.... എനിക്ക് തോന്നുന്നത് തറവാട്ടിലേക്ക് ഉടനെ തന്നെ ഒരുണ്ണിക്കണ്ണൻ വരാറായെന്നാ.... അല്ലിമോൾക്ക് വിശേഷമുണ്ടെന്നാ തോന്നുന്നത്.... " നിറഞ്ഞ പുഞ്ചിരിയോടെ അവർ പറഞ്ഞത് കേട്ടപ്പോൾ മായയുടെയും കൃഷ്ണയുടെയും മുഖത്തും നിറഞ്ഞ സന്തോഷമായിരുന്നു. " നേരാണോ അമ്മേ.... എന്നിട്ടാ കുറുമ്പി എന്നോടൊന്നും പറഞ്ഞില്ലല്ലോ.... എവിടെ അവൾ ??? " " ഓഹ് എന്റെ കൃഷ്ണേ അതിന് ഇത് ഞങ്ങടെയൊരു സംശയമല്ലേ.... നീയിപ്പോ ഓടിച്ചെന്നവളോട് ചോദിക്കാനൊന്നും പോവണ്ട. " ചോദിച്ചുകൊണ്ട് പുറത്തേക്ക് പോകാൻ തുടങ്ങിയ കൃഷ്ണയെ പിടിച്ചുനിർത്തിക്കൊണ്ട്‌ മഹേശ്വരി പറഞ്ഞു.

" അതേ ഏടത്തീ നമുക്ക് പതിയെ ഒന്ന് സൂചിപ്പിച്ച് നോക്കാം. അങ്ങനെ എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാൽ നമ്മുടെ കുട്ടികൾ നമ്മളോട് പറയാതിരിക്കോ.... " മായയും ചോദിച്ചു. അപ്പോൾ അത് തന്നെയായിരുന്നു കൃഷ്ണയുടെ ഉള്ളിലും. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 " ഇറങ്ങാറായോ ശിവേട്ടാ ??? " അവനുള്ള ചായയുമായി മുറിയിലേക്ക് വരുമ്പോൾ അല്ലി ചോദിച്ചു. " മ്മ്മ്...... ഇന്ന് കുറച്ചു തിരക്കുള്ള ദിവസമാ. കുറച്ച് നേരത്തെ ഇറങ്ങണം." " മ്മ്ഹ്ഹ്..... " ചായ ടേബിളിലേക്ക് വച്ചുകൊണ്ട് വെറുതെ ഒന്ന് മൂളി അവൾ ബെഡിലേക്ക് ചെന്നിരുന്നു. അവളുടെ മുഖത്തെ വാട്ടം കണ്ട് ഷർട്ടിന്റെ സ്ലീവ് മടക്കിവച്ചുകൊണ്ട് നിന്നിരുന്ന ശിവ പതിയെ അവളുടെ അരികിലേക്ക് ചെന്നിരുന്നു.

" എന്താടാ എന്തുപറ്റി മുഖത്തൊരു വാട്ടം ??? എന്തെങ്കിലും വയ്യായ്കയുണ്ടോ നിനക്ക് ??? ഹോസ്പിറ്റലിൽ പോണോ ??? " അവളെ ചേർത്ത് പിടിച്ച് വയറിൽ തലോടിക്കൊണ്ട്‌ ശിവ ചോദിച്ചു. " ഒന്നുല്ല ശിവേട്ടാ എണീറ്റപ്പൊ മുതൽ നല്ല ക്ഷീണം..... ആകെയൊരു വല്ലായ്മ പോലെ. ഒന്നും കഴിക്കാനും തോന്നുന്നില്ല. " '' എന്താ അല്ലൂ ഇത് ഇപ്പോഴേ ഇങ്ങനെ തളർന്നാലോ..... നീയിപ്പോഴും ഒന്നും കഴിക്കാറില്ലേ ??? ഇനിയും പഴയത് പോലെ ആയാൽ നീ ഒറ്റക്കല്ലെന്ന ഓർമ വേണം അല്ലു. ജോലിക്ക് പോകാതെ എപ്പോഴും ഇവിടിരുന്ന് നിന്നേ കഴിപ്പിക്കാനും കുടിപ്പിക്കാനുമൊക്കെ പറ്റോ എനിക്ക് ??? " " ഞാൻ കഴിക്കുന്നുണ്ട് ശിവേട്ടാ.... " ഒരൊഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് അല്ലിയവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. "

മുത്തശ്ശിക്കും അമ്മയ്ക്കുമൊക്കെ എന്തൊ സംശയമുണ്ട്. എന്നോട് ചോദിച്ചു.... " അവൾ പറയുമ്പോൾ ശിവ വെറുതെ ഒന്ന് മൂളി. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ശിവ ഓഫീസിലേക്ക് പോയി കഴിഞ്ഞപ്പൊ ആകെയൊരു ക്ഷീണം പോലെ തോന്നിയ അല്ലി ബെഡിലേക്ക് കയറിക്കിടന്നു. ഒന്ന് മയങ്ങി വന്നപ്പോഴായിരുന്നു ബെഡിൽ തന്നെ കിടന്നിരുന്ന ഫോൺ ശബ്‌ദിക്കുന്നത് കേട്ടത്. വേഗമെണീറ്റ് ഫോൺ കയ്യിലെടുക്കുമ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞിരുന്നത് റോസമ്മയുടെ മുഖമായിരുന്നു. അവൾ വേഗം പുഞ്ചിരിയോടെ കാൾ അറ്റെന്റ് ചെയ്ത് കാതോട് ചേർത്തു. " മോളേ..... " " വല്യമ്മച്ചീ.... " " എങ്ങനെയുണ്ടെടാ ???? ക്ഷീണം വല്ലതും തോന്നുന്നുണ്ടോ ???

ആഹാരമൊക്കെ നേരത്തിന് കഴിക്കുന്നുണ്ടോ ??? ശിവ പോയൊ ??? " " എന്റെ റോസക്കൊച്ചേ ഇങ്ങനെ ഒരുവായിൽ ഒരമ്പത് ചോദ്യമൊന്നിച്ച് ചോദിക്കല്ലെ..... " " പോടീ കുറുമ്പി.... എനിക്കിവിടിരുന്നിട്ടൊരു സമാധാനവുമില്ല അതാ വിളിച്ചത്. " റോസമ്മ പറയുന്നത് കേട്ട് അവൾ പതിയെ പുഞ്ചിരിച്ചു. " എനിക്കിവിടെന്താ വല്യമ്മച്ചി ഒരു കുറവ് ??? അമ്മേം മുത്തശ്ശിയും ചെറിയമ്മയുമെല്ലാം മമ്മിയേം വല്യമ്മച്ചിയേം പോലെ തന്നല്ലെ എന്നേ നോക്കുന്നേ.... പിന്നെ ഇവിടെ അടുക്കളപ്പണി പോലും എന്നെക്കൊണ്ട്‌ ചെയ്യിക്കില്ല. പിന്നെ എനിക്കെന്ത് കുഴപ്പമുണ്ടാകാനാ ??? " ചിരിയോടെ സന്തോഷത്തോടെ അവളത് പറയുമ്പോൾ റോസയിലും സന്തോഷമായിരുന്നു.

" ആരാ അമ്മച്ചി അല്ലിമോളാന്നോ ??? " സംസാരത്തിനിടയിൽ തന്നെ മറുവശത്ത് എൽസയുടെ സ്വരവും അവളുടെ കാതിലെത്തി. " ആഹ് മോളേ ഞാൻ മമ്മിക്ക് കൊടുക്കാം... " പറഞ്ഞുകൊണ്ട് റോസമ്മ ഫോൺ എൽസിയുടെ കയ്യിലേക്ക് കൊടുത്തു. " മോളേ വിഷമമൊന്നുമില്ലല്ലോ അല്ലേ ?? " ഫോൺ വാങ്ങിയതും എൽസയുടെ ചോദ്യവും അത് തന്നെയായിരുന്നു. അതുകേട്ട് അല്ലി വീണ്ടും ചിരിച്ചു. " എന്റെ മമ്മീ ഇതിനുള്ള മറുപടി ഞാനിപ്പോ വല്യമ്മച്ചിയോട് പറഞ്ഞെയുള്ളൂ. മമ്മീ അവിടുത്തെ വിശേഷം പറ.... ഡാഡിയും ഇച്ചായനും ട്രീസയുമൊക്കെ എവിടെ ??? " " ഡാഡിയും ആൽവിയും കൂടി നമ്മുടെ തിയേറ്ററിലെന്തോ പ്രശ്നമെന്നും പറഞ്ഞങ്ങോട്ട് പോയി. പിന്നെ ട്രീസ മോള് മുറിയിലുണ്ട്.

ഉറക്കമാണെന്ന് തോന്നുന്നു. " " സാലിയാന്റി പോയൊ മമ്മീ ??? " " മ്മ്ഹ്ഹ് ഇന്നലെയങ്ങ് പോയി....ഞങ്ങളെല്ലാം പറഞ്ഞതാ ഒറ്റക്കവിടെ പോയി നിക്കണ്ടാന്ന്. കേൾക്കണ്ടേ.... " പറയുമ്പോൾ എൽസയിൽ നിരാശ നിഴലിച്ചിരുന്നു. ആ സംസാരം കുറച്ചുനേരം കൂടി നീണ്ടുപോയി. അതിന് ശേഷം ഫോൺ കട്ട് ചെയ്ത് അല്പനേരം കൂടി കിടന്നിട്ട് അവൾ പതിയെ താഴേക്ക് നടന്നു. ഹാളിലേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ നിന്നും മായയുടെയും കൃഷ്ണയുടെയും മുത്തശ്ശിയുടെയുമെല്ലാം സംസാരം കേൾക്കുന്നുണ്ടായിരുന്നെങ്കിലും എന്തോ അങ്ങോട്ട് പോകാൻ തോന്നിയില്ലവൾക്ക്. അതുകൊണ്ട് തന്നെ അവൾ പതിയെ പുറത്തേക്ക് നടന്നു. ഇളവെയിലും കൊണ്ട് അവൾ പതിയെ തൊടിയിലേക്ക് ഇറങ്ങി. കുറച്ചുസമയം തൊടിയിലൂടൊക്കെ നടന്നശേഷം പതിവുപോലെ അവൾ കുളക്കടവിലേക്ക് നടന്നു. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

" രുദ്രാ നീയൊന്ന് വന്നേ.... " തൊടിയിലെന്തോ ചെയ്തുകൊണ്ട് നിന്നിരുന്ന രുദ്രന്റെ അരികിലേക്ക് വന്നുകൊണ്ട് അനന്തൻ വിളിച്ചു. " ആഹ് നീ പോയില്ലാരുന്നോ ??? " അനന്തനെ കണ്ട് അയാൾ ചോദിച്ചു. രാവിലെ തന്നെ കാവിലെ എന്തോ കാര്യത്തിന് ഈശ്വരവർമയെ കാണാൻ വന്നതായിരുന്നു അനന്തൻ. " ഇല്ലെടാ തിരുമേനിയെ കണ്ടിട്ട് പോകാൻ തുടങ്ങുമ്പോ നിന്റമ്മ പറഞ്ഞു കാപ്പി കുടിച്ചിട്ട് പോയാൽ മതിയെന്ന്. അങ്ങനെ അതും കഴിഞ്ഞു.... ആഹ് അതൊക്കെ പോട്ടെ നീ വാ വല്യങ്ങുന്ന് ചില കാര്യങ്ങളൊക്കെ പറഞ്ഞേൽപിച്ചിട്ടുണ്ട് നീ വാ നമുക്കാ കുളക്കടവിൽ ചെന്നിരിക്കാം. " കുറുകിയ മിഴികളോടെ രുദ്രനെ നോക്കി പറഞ്ഞുകൊണ്ട് അയാൾ കുളത്തിന്റെ നേർക്ക് നടന്നു.

പിന്നാലെ തന്നെ രുദ്രനും. സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിലും തന്റെ അരയിൽ തിരുകിയിരുന്ന രുദ്രനായി കരുതിയിരുന്ന ആയുധം അവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പ് വരുത്താനും അനന്തൻ മറന്നില്ല. " അമ്മേ.... അമ്മേ.... " ശിവയുടെ ശബ്ദം കേട്ടുകൊണ്ടായിരുന്നു അടുക്കളയിൽ നിന്നും കൃഷ്ണയും മായയും പുറത്തേക്ക് വന്നത്. " ആഹ് നീ ഓഫീസിൽ പോയില്ലേ.... എന്താ തിരിച്ചുവന്നേ ??? " പുറത്തേക്ക് വന്നതും ശിവയെ കണ്ട് മായ ചോദിച്ചു. " ആഹ് പോയി ചെറിയമ്മേ.... എന്തോ നല്ല സുഖം തോന്നിയില്ല. രാവിലത്തെ തിരക്കുകളൊക്കെ കഴിഞ്ഞപ്പൊ ഞാൻ ഹാഫ് ഡേ ലീവെടുത്തിങ്ങ് പോന്നു.... അല്ല അല്ലിയെവിടെ റൂമിലില്ലല്ലോ ???? " " ഏഹ് അവൾ റൂമിലില്ലേ ???

കുറച്ചുമുൻപ് വരെ റൂമിലുണ്ടായിരുന്നല്ലോ ??? " " പിന്നിവളെങ്ങോട്ട് പോയി ??? " കൃഷ്ണ പറഞ്ഞത് കേട്ട് സ്വയം പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് നടന്നു. പരസ്പരം സംസാരിച്ചുകൊണ്ട് രുദ്രനും അനന്തനും കുളപ്പുരക്ക് സമീപമെത്തുമ്പോഴായിരുന്നു ഫോണിൽ സംസാരിച്ചുകൊണ്ട് അങ്ങോട്ട് വന്ന ശിവയെ കണ്ടത്. " നാശം ഇവനേയിപ്പോ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത് ??? ഇവൻ രാവിലെ പോയതല്ലേ പിന്നിപ്പോ ഇവിടെങ്ങനെ ??? " അവനെ കണ്ടതും പല്ലിറുമ്മിക്കൊണ്ട്‌ അനന്തൻ മനസ്സിൽ പറഞ്ഞു. പിന്നെ രുദ്രന്റെ കയ്യിൽ പിടിച്ചുകൊണ്ട് കുളപ്പുരക്ക് പിന്നിലേക്ക് മാറി. ഇതേ സമയം തന്നെയായിരുന്നു കുളപ്പടവിലിരുന്ന് വെള്ളത്തിലേക്ക് കാലുമിട്ടെന്തോ ഓർത്തുകൊണ്ടിരിക്കുകയായിരുന്ന അല്ലിയുടെ കാലിലൊരു കൈ പിടുത്തമിട്ടത്. അവൾക്കെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപ് പടവിലൂടൂർന്ന് ജലത്തിലേക്ക് മുങ്ങിയിരുന്നു അല്ലി.

" ഈ സമയത്തിങ്ങനെ കുളത്തിലും തൊടിയിലുമൊന്നും നടക്കരുതെന്ന് പറഞ്ഞാൽ പെണ്ണ് കേൾക്കില്ല.... " പിറുപിറുത്തുകൊണ്ട് ശിവ പടവുകളിറങ്ങി താഴേക്ക് ചെന്നു. " ഇവിടെമില്ലേ ??? ഇവള് പിന്നിതെങ്ങോട്ട് പോയി ??? " അവിടെയും അവളില്ലെന്ന് കണ്ട് പിറുപിറുത്തുകൊണ്ട് തിരികെ പോകാൻ നേരമാണ് വെള്ളത്തിലൊരു ഓളം വെട്ടൽ പോലെ തോന്നിയ ശിവയങ്ങോട്ട് നോക്കിയത്. അപ്പോഴേക്കും ജലത്തിൽ നിന്നും കുമിളകൾ ഉയർന്നുതുടങ്ങിയിരുന്നു. ഒപ്പം തന്നെ രക്ഷപെടാനുള്ള അവസാന ശ്രമമെന്നോളം അല്ലിയുടെ ഇടതുകയ്യും ജലത്തിന് മുകളിലേക്ക് ഉയർന്ന് നിന്നിരുന്നു. അത് കണ്ടതും ശിവയുടെ ഹൃദയമൊരുനിമിഷം നിശ്ചചലമായി. " അല്ലൂ....... " ഒരുനിലവിളിയോടെ അവൻ വെള്ളത്തിലേക്ക് എടുത്തുചാടി...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story