അഗ്നിസാക്ഷി: ഭാഗം 93

agnisakshi

എഴുത്തുകാരി: MALU

 മഹിയുടെ നേരെ കത്തിയുമായി പാഞ്ഞെടുത്ത അരവിന്ദനെതിരെ മഹി തിരിഞ്ഞു.. ഞൊടിയിടയിൽ അയാളുടെ കയ്യിൽ നിന്നും കത്തി മഹി കൈക്കലാക്കിയിരുന്നു.. ഒടുവിൽ രണ്ടു പേരും പരസ്പരം അതിന് വേണ്ടി അടി കൂടാൻ തുടങ്ങി... അരവിന്ദൻ ഒന്ന് അയഞ്ഞതും അയാൾക്ക് നേരെ മഹി കത്തി വീശിയതും ഇതിനിടയിൽ അച്ഛനെ രക്ഷിക്കാൻ ആയി ഇടയിൽ കയറിയ അപ്പുവിന്റെ ഉദരത്തിലേക്ക് ആണ് അയാൾ കത്തി കുത്തിയിറക്കിയത്... പുറത്തേക്ക് ഇറങ്ങിയ റിദു ഇത് കണ്ടതും മഹിയെ ആഞ്ഞു ചവിട്ടി.. അയാൾ തെറിച്ചു താഴേക്ക് പതിച്ചു... റിദു അപ്പുന്റെ അരികിൽ എത്തി അവളെ താങ്ങി.. "അപ്പു... മോളെ...." എത്ര ഒക്കെ ദ്രോഹിച്ചെങ്കിലും അവന്റെ മനസ്സിൽ എന്നും അപ്പുവിന് സ്ഥാനം ഉണ്ടായിരുന്നു.. അവന്റെ കുഞ്ഞിപ്പെങ്ങൾ തന്നെ ആയിരുന്നു അവൾ... ആ അവൾ ഇന്ന് ഒരാപകടത്തിൽ പെട്ടപ്പോൾ അവന്റെ ഉള്ളൊന്ന് വിങ്ങി...മിതുവും അവൾക്കരികിലേക്ക് എത്തിയിരുന്നു.. "റിദുവേട്ടാ നോക്കി നിൽക്കാതെ അപ്പുനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നോക്ക്.. ഇങ്ങനെ സെന്റി അടിച്ചു ഇരുന്നിട്ട് കാര്യം ഇല്ല.. ഈ ദ്രോഹികൾ നമ്മളോട് ചെയ്തത് പോലൊന്നും ഇവൾ നമ്മളോട് ചെയ്തിട്ടില്ല... ഇവളോട് നമ്മൾ കരുണ കാട്ടിയെ മതിയാകൂ... വേഗം ഏട്ടാ..."

"കിച്ചു.... നീ വേഗം നീരവിനെയും അവരെയും കൂട്ടി അപ്പുനെ വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്ക്..." റിദു പറഞ്ഞതും അപ്പു അവന്റെ കൈകളിൽ പിടിച്ചു "വേണ്ട... ആരും എന്നെ എങ്ങും കൊണ്ട് പോകണ്ട.. എനിക്ക് എന്റെ അച്ഛനും ഏട്ടനും ഉണ്ട്.. ഇല്ലെങ്കിൽ ഞാൻ മരിച്ചോട്ടെ.. നിങ്ങൾ ആരും ഇനി എന്നെ ശ്രെദ്ധിക്കേണ്ട കാര്യം ഇല്ല..." "ദേ അപ്പു.. മുഖം നോക്കി ഒരെണ്ണം ഞാൻ തരും... അവളുടെ ഒരു ഡയലോഗ് കേട്ടില്ലേ.. നിന്റെ അച്ഛനും ഏട്ടനും കാണിച്ച തെറ്റുകളുടെ ഫലം തന്നെ ആണ് ഇപ്പൊ നീ അനുഭവിക്കുന്നത്.. എന്നിട്ട് വീണ്ടും അവരുണ്ട് പോലും.... ഡാ കിച്ചു.. നീ എന്ത് നോക്കി നിൽക്കുവാ.. ഇവൾ ഇങ്ങനെ കിടന്നു ചിലയ്ക്കും.. നമ്മൾ അത് കാര്യമാക്കണ്ട... ഇവളോട് എനിക്ക് ഒരു ശത്രുത ഇല്ല.. അത് കൊണ്ട് ഇവളുടെ ജീവൻ നഷ്ടപ്പെടാൻ പാടില്ല... കൊണ്ട് പോടാ..." "ഏട്ടാ അപ്പൊ നിങ്ങൾ..." "ഈ മൂന്നെണ്ണത്തിനെയും നോക്കാൻ ഞാൻ തന്നെ ധാരാളം...എന്നെ എന്തെങ്കിലും ചെയ്യാൻ ആയിരുന്നെങ്കിൽ എപ്പോഴേ ഇവന്മാർക്ക് കഴിയുമായിരുന്നു..അത് കൊണ്ട് ഇവന്മാർ ഇനി എന്നെ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല.. നീ പോ കിച്ചു...."

റിദു പറഞ്ഞതും അപ്പോഴേക്കും മറ്റുള്ളവരും എത്തിയിരുന്നു .. പിന്നെ നോക്കി നിൽക്കാതെ അവർ അപ്പുനെ കൊണ്ട് മടങ്ങി.... മിതുവിനെ റിദു അരികിൽ തന്നെ ചേർത്തു നിർത്തിയിരുന്നു... അവർക്ക് കാര്യം ആയി ഇടപെടേണ്ടി വന്നിരുന്നില്ല.. ഇത്രേം നാളും മറ്റുള്ളവരെ ദ്രോഹിച്ച അരവിന്ദന് സ്വന്തം മോൾക്ക് അപകടം സംഭവിച്ചപ്പോൾ ഹൃദയം നൊന്തു... അയാൾ മഹിക്ക് നേരെ തിരിഞ്ഞു.. ഒടുവിൽ മഹിയുടെ കുത്തേറ്റു അരവിന്ദൻ നിലത്തു വീണിരുന്നു... ഇതൊന്നും കണ്ടിട്ട് മിതു ഒട്ടും തന്നെ ഭയപ്പെട്ടിരുന്നില്ല . അവളുടെ ചുണ്ടിൽ അപ്പോഴും ഒരു പുഞ്ചിരി മാത്രം അവശേഷിച്ചു... അരവിന്ദൻ ദയനീയമായി അവരെ നോക്കിയതും റിദു മിതുവിന്റെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു എന്നാൽ മഹി അവർക്ക് നേരെ തടസ്സം ആയി നിന്നു.. "അങ്ങനെ അങ്ങു പോയാലോ... എനിക്ക് ഇനിയും പലതും ചെയ്തു തീർക്കാൻ ഉണ്ട്..." "എന്താടോ.. എന്താ തനിക്ക് ഇനി വേണ്ടത്.. ദേ വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കരുത്... നിന്നെ ഒക്കെ ഇവിടെ എത്തിക്കാൻ ഞാനും ഇവളും കുറച്ചു കഷ്ടപ്പെട്ടു...

ഞങ്ങൾക്ക് ഇനി ഇവിടെ റോൾ ഉണ്ടാകില്ലെന്ന് കരുതി ആണ് ഇവിടെ ഇത്രേം നേരം മിണ്ടാതെ നിന്നത്.. പക്ഷെ തടസ്സം ആയി നിന്നാൽ അമ്മാവോ.. നിങ്ങളെ ഞാൻ വെറുതെ വിടില്ല... അല്ലെങ്കിലും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല..ഇത് എവിടെ വരെ പോകുമെന്ന് അറിയാൻ ആണ് ഞാൻ നോക്കി നിന്നത്.. ദേ ഇവളെ ഒന്ന് പുറത്തു വിട്ടിട്ട് ഞാൻ ദേ വരുന്നു.. എന്നിട്ട് നമുക്ക് നല്ലോണം ഒന്ന് കാണണം " "അതിനു എന്താടാ...എനിക്ക് വേണ്ടത് ഇവളെ ആണ്... നിന്നെ ഞാൻ വെറുതെ വിടാം.. പക്ഷെ എന്റെ മോളെ... അവളുടെ ആഗ്രഹം എനിക്ക് സാധിച്ചു കൊടുത്തേ കഴിയു..." "ഡോ പരട്ട കിളവാ .. ദേ ഇപ്പൊ താങ്ങി കൊണ്ട് പോയവളും പിന്നെ നിങ്ങളുടെ മോളും എന്ത് കണ്ടിട്ടാ എന്നെ പ്രേമിക്കുന്നത് എന്ന് എനിക്ക് അറിയില്ല... അവൾക്ക് ഭ്രാന്ത് ആണ്.. നിങ്ങളുടെ മോൾക്ക് ആണെങ്കിൽ നിങ്ങളെ പോലെ തന്നെ അത്യാഗ്രഹവും.. എന്തായാലും ഇവളെ അല്ലാതെ മറ്റൊരു പെണ്ണിനേയും ഞാൻ എന്റെ ഈ ജീവിതത്തിൽ എന്റെ പെണ്ണായി സ്വീകരിക്കില്ല എന്ന് എല്ലാത്തിനോടും പറഞ്ഞതാണ്.. വെറുതെ ഇനി എന്നെ കൊണ്ട് അവൾ കൂടി തല്ല് ഇരന്നു വാങ്ങരുത്..."

"ഡാ...." മഹി റിദുവിന്റെ ഷോൾഡറിൽ പിടിച്ചു വലിച്ചതും ഇത് കണ്ടു നിന്ന മിതുവിന് ദേഷ്യം വന്നു റിദു അയാളോട് എത്ര പറഞ്ഞിട്ടും കാര്യം ഇല്ലെന്ന് മിതുവിന് അറിയാരുന്നു... "ഡോ... മര്യാദക്ക് വിട്ടോ ഏട്ടനെ.. ഇല്ലെങ്കിൽ താൻ ജീവനോടെ പുറത്തു പോകില്ല.." "എന്തേയ് ഭീഷണി ആണോ മോളെ..." "അതേലോ...." "ഡീ....." മഹി മിതുവിന് നേരെ തിരിഞ്ഞതും റിദു അയാളെ തള്ളി മാറ്റി മിതുവിനെ ചേർത്ത് പിടിച്ചു.. അപ്പോഴേക്കും അരവിന്ദന്റെ ജീവൻ നിലച്ചിരുന്നു.. ഇത് കണ്ടു കൊണ്ടാണ് മുറിയിൽ നിന്നും നിരഞ്ജൻ വന്നത്.. അപ്പുവിനെ കാണാഞ്ഞതും അരവിന്ദന്റെ ചേതനയറ്റ ശരീരം കണ്ടതും എല്ലാം ചെയ്‍തത് റിദു ആണെന്ന് കരുതി അവൻ... അവൻ അവിടെ കണ്ട ഒരു ഇരുമ്പ് ദണ്ഡ് കയ്യിൽ എടുത്തു റിദുവിന് നേരെ പാഞ്ഞടുത്തു.. മഹിയുടെ അടുത്ത നീക്കം പ്രതീക്ഷിച്ചു നിന്ന റിദു അപ്പോഴാണ് നിരഞ്ജനെ കാണുന്നത്.. "ശെടാ ഇവൻ ചത്തില്ലേ.. എത്ര തല്ലിയാലും ഇവൻ ചാവില്ലേ... ഒരെണ്ണത്തിന്റെ ഡയലോഗ് കൊണ്ട് മനുഷ്യൻ ആകെ വട്ട് പിടിച്ചു ഇരിക്കുവാ അപ്പോഴാ അടുത്തത് ദേ ആക്രമിക്കാൻ വരുന്നു..." റിദു നിരഞ്ജൻ അടുത്ത് എത്തിയതും വേഗം മാറി... സ്ഥാനം തെറ്റി നിരഞ്ജൻ മുന്നോട്ട് പോയി വീണതും റിദു ഇത് കണ്ടു പൊട്ടിച്ചിരിച്ചു..

"മോനെ നിരഞ്ജ... നിനക്ക് ഇപ്പൊ വേദന തോന്നുന്നുണ്ട് അല്ലെ... ഇത് പോലെ അല്ലേടാ ഇപ്പൊ ഈ ചേതനയറ്റ് ഇങ്ങേരു കിടക്കുന്ന പോലെ ഒരു ദിവസം വെള്ളപുതപ്പിച്ച ഒരമ്മയുടെ ശരീരം ദേ ഇവൾക്ക് കാണേണ്ടി വന്നത്.. നിനക്ക് നിന്റെ അച്ഛനെക്കാൾ കൂടുതൽ അടുപ്പം ദേ ഇങ്ങേരോട് അല്ലാരുന്നോ.. ഇപ്പൊ വേദന തോന്നുന്നുണ്ടോ നിനക്ക്.. ഇതിനേക്കാൾ ഇരട്ടി ദേ ഇവൾ വേദനിച്ചിട്ടുണ്ട്. അതിനേക്കാൾ ദ്രോഹം നിന്റെ കുടുംബം ഇവളുടെ അച്ഛനോടും ചെയ്തു... ഇങ്ങേരെ കൊല്ലാൻ അർഹത ഇവൾക്ക് തന്നെ ആണ് . പക്ഷെ അതിനു ഇയാൾ അവസരം കൊടുത്തില്ല.. അത് കൊണ്ട് നിന്റെ പ്രതികാരം ഇനി ഇയാളോട് വീട്ടിയാൽ മതി കേട്ടല്ലോ... ഓ ഞാൻ മറന്നു... ഇങ്ങേരോട് എനിക്കും ഉണ്ട് ചോദിക്കാൻ... എന്റെ അച്ഛൻ.... എന്റെ അച്ഛനെ കൊന്ന ഇയാളെ ഞാൻ വെറുതെ വിടാൻ പാടില്ലല്ലോ.. അപ്പൊ നീ ആയിട്ട് ഇയാളെ കൊല്ലണ്ട അതിനു ഞാൻ തന്നെ മതി..." റിദു പറഞ്ഞിട്ടും നിരഞ്ജൻ അത് ഒന്നും ചെവി കൊണ്ടില്ല.. അവൻ റിദുവിനെ കൊല്ലണം എന്നുള്ള ലക്ഷ്യത്തോടെ വീണ്ടും റിദുവിന്റെ അരികിലെക്ക് പാഞ്ഞു.. ഇത്തവണ റിദു മാറാതെ അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു.. അവന്റെ കയ്യിൽ നിന്നും ആ ദണ്ഡ് താഴേക്ക് പതിച്ചു.. റിദു അവന്റെ കഴുത്തിനു കുത്തി പിടിച്ചു..

ഈ സമയം കൊണ്ട് ആ ദണ്ഡ് മഹി കൈക്കലാക്കിയിരുന്നു.. അയാൾ റിദുവിന്റെ പിന്നിൽ ആയി നിന്ന മിതുവിന്റെ അരികിലേക്ക് പതിയെ നടന്നു.. റിദു നിരഞ്ജനെ കൈകാര്യം ചെയ്യുന്ന ഇടയിൽ അയാളെ ശ്രദ്ധിച്ചിരുന്നില്ല.. പിന്നിൽ നിന്നും ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും മഹി മിതുവിന്റെ തലക്ക് പിന്നിൽ ക്ഷതം ഏൽപ്പിച്ചിരുന്നു... അവൾ വേദനയോടെ റിദുവിന്റെ ഷർട്ടിൽ പിടിച്ചു താഴേക്ക് പതിയെ ഊർന്നു വീണു... ഇത് കണ്ടതോടെ റിദുവിന്റെ സകല നിയന്ത്രണവും നഷ്ടം ആയിരുന്നു... അവൻ കലിയോടെ നിരഞ്ജനെ ഭിത്തിയിലേക്ക് ശക്തിയായി വലിച്ചെറിഞ്ഞു.. ചുവരിൽ ഇടിച്ചു അവൻ താഴേക്ക് പതിച്ചതും റിദു മഹിക്ക് നേരെ തിരിഞ്ഞു..കണ്ണുകൾ ചുവന്നു കലി പൂണ്ടു തനിക്ക് നേരെ വരുന്ന റിദുവിനെ കണ്ടതും അയാളുടെ കയ്യിൽ നിന്നും അറിയാതെ തന്നെ ആ ദണ്ഡ് താഴേക്കു വീണിരുന്നു..റിദു താഴെ നിന്നും അത് എടുത്തു അയാൾക്ക് നേരെ അടുത്തു.. അവന്റെ മനസ്സിൽ ആ സമയം അച്ഛന്റെയും ഒപ്പം മിതുവിന്റെയും മുഖം ആണ് തെളിഞ്ഞു വന്നത്.. അവൻ അവന്റെ കലിപ്പ് തീരും വരെ അയാളെ ഇഞ്ചിഞ്ചായി തല്ലി ചതച്ചു... അപ്പോഴേക്കും നിരഞ്ജനും ബാക്കി വാങ്ങി കൂട്ടാൻ ആയി അവനരികിൽ എത്തിയിരുന്നു..

രണ്ടു പേരെയും റിദു നല്ലോണം പെരുമാറിയിരുന്നു.. അവസാനം അവശരായി അവർ ഒരു മൂലയിൽ ഒതുങ്ങി.. അവൻ മിതുവിനെ നോക്കിയപ്പോൾ അവൾ ആകെ അവശയായിരുന്നു.. അവരോട് ഇനിയും കണക്ക് തീർക്കാൻ നിന്നാൽ മിതുവിന്റെ ജീവൻ അപകടത്തിൽ ആകുമെന്ന് അവനു ഉറപ്പായിരുന്നു.. അപ്പോഴാണ് റിദു അവിടെ ഒരു സിലിണ്ടർ കണ്ടത്.. ഇടക്കിടക്ക് അവിടെ ഫ്രണ്ട്സുമായി കൂടാറുള്ളത് കൊണ്ട് തന്നെ അത് ഒഴിഞ്ഞ സിലിണ്ടർ അല്ലെന്ന് അവനു അറിയാരുന്നു...പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ അവൻ ആ സിലിണ്ടറിന്റെ അടുത്തേക്ക് നീങ്ങി... അവൻ അതിന്റെ ക്യാപ് ഓപ്പൺ ആക്കി...നിരഞ്ജനെയും മഹിയെയും ഒരിക്കൽ കൂടി നോക്കിയ ശേഷം അവൻ മിതുവിനെ താങ്ങി എടുത്തു..അവളുമായി പുറത്തു കടക്കാൻ ആയി അവൻ നോക്കിയതും അവന്റെ കാലിൽ നിരഞ്ജൻ പിടുത്തം ഇട്ടിരുന്നു "അങ്ങനെ നീ അങ്ങ് പോയാലോ.. ഞങ്ങൾ മാത്രം അല്ല നീയും ഇവളും ഇവിടെ കിടന്നു പിടഞ്ഞു മരിക്കുന്നത് എനിക്ക് കാണണം..." നിരഞ്ജൻ കൂടുതൽ ശക്തിയിൽ അവനെ പിടിച്ചു വലിച്ചു...

ആരും ഉപയോഗിക്കാത്ത കെട്ടിടം ആയോണ്ട് തന്നെ വാതിലുകളും ജനാലകളും അടഞ്ഞു വായു സഞ്ചാരം ഒട്ടും തന്നെ ആ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല... അവിടെ ഗ്യാസ് ലീക്ക് ആയതോടെ കൂടി മിതുവിന് കൂടുതൽ ബുദ്ധിമുട്ട് അനുഭവപെടാൻ തുടങ്ങി...അത് കണ്ടതും റിദു നിരഞ്ജന്റെ കയ്യിൽ നിന്നും കാൽ ശക്തിയിൽ വലിച്ചു..അവൻ പിന്നിലേക്ക് ഞരങ്ങി കൊണ്ട് പിന്തിരിഞ്ഞതും അവർ പുറത്തിറങ്ങി...ഒരു കുഞ്ഞു തീപ്പൊരി മാത്രം മതിയാരുന്നു അവർ കത്തിയമരാൻ... പെട്ടെന്ന് അവൻ പോലും പ്രതീക്ഷിക്കാതെ ആ കെട്ടിടം ഒരു അഗ്നി ഗോളമായി മാറി... അവൻ വേഗം മിതുവിനേയും കൊണ്ട് കുറച്ചകലേക്ക് വേഗം നീങ്ങി.അവിടെ താഴെ മിതുവിനെ റിദു കിടത്തി... ആ കെട്ടിടം മുഴുവൻ പൂർണമായും അഗ്നിക്ക് ഇരയാകുന്നത് മിതു തന്റെ കണ്ണുകളിലൂടെ കണ്ടു ആസ്വദിച്ചു... ഒടുവിൽ ആ കാഴ്ച അവളിൽ മങ്ങി തുടങ്ങി.... അപ്പോഴാണ് റിദു അവളെ ശ്രദ്ധിച്ചത്.. ഡ്രസ്സ്‌ മുഴുവൻ ബ്ലഡ്‌ നിറഞ്ഞിരിക്കുന്നു... നല്ല ക്ഷതം തന്നെ അവൾക്ക് ഏറ്റതെന്നു അവനു അപ്പോഴാണ് മനസ്സിലായത്..റിദു അവളെ താങ്ങി എടുത്തപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story