അല്ലിയാമ്പൽ: ഭാഗം 11

alliyambal anvy new

എഴുത്തുകാരി: ആൻവി

"അല്ലി......... " ചുണ്ടിൽ തത്തിയ ചിരി മായ്ക്കാതെ അവൻ ഉറക്കെ വിളിച്ചു..... വരാന്തയിലേക്ക് ഓടി കയറിയ അവൾ കിതച്ചു കൊണ്ട് നിന്നും... പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി...അവൻ അവളെ നോക്കി നിൽക്കുകയാണ്... അവൾ പുരികം പൊക്കി ചോദ്യഭാവത്തിൽ അവനെ നോക്കി... "എനിക്ക് ഒന്ന് ആലോചിക്കണം...എന്നിട്ട് ആവാം നിന്നെ കൂടെ കൂട്ടുന്നത്...." "ഓഹ് പിന്നേ ആലോചിച്ച് അവിടെ ഇരുന്നോ...ഞാൻ പോവാ... " അവൾ മുഖം കോട്ടി കൊണ്ട് പിണങ്ങി പോകുന്നത് കണ്ട് അവന് ചിരി വന്നു.... "ഡീീ....എങ്ങോട് പോവാ. " അവനും അവളുടെ പിന്നാലെ ചെന്നു... ആളൊഴിഞ്ഞ വരാന്തയിലൂടെ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അവൾ നടന്നു...

ജെറിയുടെ ഓടി വന്ന് അവളുടെ ഒപ്പം എത്തി... അവനെ കണ്ടതും അവൾ കണ്ണ് കൂർപ്പിച്ചു നോക്കി... "ഹ്മ്മ്.. എന്ത്യേ...." അരയിൽ കൈകുത്തി നിന്ന് കൊണ്ട് അവൾ അവനോട് ചോദിച്ചു... അവന്റെ മുഖത്തു ഒരു കള്ള ചിരിയുണ്ട്... "ഒന്ന് ചിരിക്കെടി....ഞാൻ ആമ്പൽ പറിച് തരാം..." അവളുടെ മുഖത്തിന് നേരെ മുഖം താഴ്ത്തി കൊണ്ട് അവൻ പറഞ്ഞപ്പോൾ.... ഗൗരവം മാറി അവൾക്ക് ചിരി പൊട്ടി... "എന്നാ എനിക്കും തങ്കിമോൾക്കും കൊറേ വേണം... " അവളുടെ ചിരി അവനിലേക്ക് പടർന്നു.... ആ വരാന്തയിലൂടെ കൈകൾ കോർത്തു പിടിച്ച് അവർ നടന്നു.... പിണഞ്ഞു കിടന്ന കൈകൾ പ്രണയം പങ്കു വെച്ചു കൊണ്ടിരുന്നു....

അടുത്തുള്ള മലനിരകളെ തഴുകി തലോടി വന്ന ഇളം കാറ്റിൽ പാറി പറക്കുന്ന അവളുടെ മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് അവളുടെ കണ്ണുകൾ നോക്കി അവൻ മതി മറന്നു നിന്നു... "അപ്പൊ എന്നോട് ഇഷ്ടമുണ്ടായിരുന്നു അല്ലേ.... " ആരുമില്ലാത്ത ക്ലാസ്സ്‌ റൂമിൽ അവന്റെ ഒപ്പം ഇരുന്നു കൊണ്ട് അവൾ ചോദിച്ചു... ജെറി ഒന്ന് ചിരിച്ചു.. അവളുടെ കൈകൾ മുറുകെ പിടിച്ചു.. "അത് വേറൊന്നും കൊണ്ടല്ല...അങ്ങനെ ഒരു ഇഷ്ടം നിനക്ക് എന്നോട് ഇല്ലെങ്കിൽ പിന്നെ...എല്ലാം വെറുതെ ആയി പോവില്ലേ...ഉണ്ടായിരുന്നസൗഹൃദം നഷ്ടപെടില്ലേ...അതൊക്കെ ഓർക്കുമ്പോൾ മനസിനെ അരുതെന്ന് പറഞ്ഞു പഠിപ്പിക്കും...." അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ നിന്ന് അവൾക്ക് മനസിലായിരുന്നു ഇന്നോളം പറയാതെ കൊണ്ട് നടന്ന അവന്റെ പ്രണയം....

"നീ എന്തെ പറയാഞ്ഞെ... " അവൻ അവളുടെ മറുപടിക്കായി കാതോർത്തു... "എനിക്കും അങ്ങനെ തന്നെയായിരുന്നു....ഒരു കാര്യം പറയാലോ അച്ചായാ നമ്മള് ആദ്യം കണ്ട അന്ന് മുതൽ തന്നേ നിങ്ങൾ എന്റെ ഉള്ളിൽ ഇടം പിടിച്ചിരുന്നു.. ഇഷ്ടം എന്ന് പറഞ്ഞാൽ ഒടുക്കത്തെ ഇഷ്ടം...ഈ മുഖം ഓർക്കാത്ത നിമിഷങ്ങൾ ഉണ്ടായിട്ടില്ല...നേരത്തെ കോളേജിൽ വരുന്നത് തന്നെ അച്ചായനെ കാണാൻ വേണ്ടിയ...." ജെറി നന്ദയെ ഒരു പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു....അവനെ കുറിച്ച് ഓരോന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിലേ തിളക്കവും മുഖത്തു നിറഞ്ഞു നിന്ന ആകാംഷയും... അവൾ എന്തൊക്കെയോ പറയുന്നുണ്ട്... അവളിൽ വിരിയുന്ന ഓരോ ഭാവങ്ങളും അവന്റെ കണ്ണുകൾ ഒപ്പിയെടുത്തു... അവന്റെ കണ്ണുകൾ അവളുടെ നെറ്റിയിലെ മഞ്ഞൾ കുറിയിൽ ഉടക്കി... അവൻ വിരൽ കൊണ്ട് അതിൽ തലോടി...

"ഇതും എനിക്ക് വേണ്ടിയാണോ.... " നെറ്റിയെ കുറിയിൽ തഴുകി കൊണ്ട് അവൻ ചോദിച്ചപ്പോൾ അത് വരെ വായിട്ടലച്ച അവളുടെ മുഖത്തു നാണം വന്നു... "മ്മ്... പറ.... " അവൻ വീണ്ടും ചോദിച്ചു... "ഈ അച്ചായൻ മനസ്സിൽ കയറി കൂടിയതിൽ പിന്നേ തുടങ്ങിയ മറ്റൊരു പ്രാന്ത്.... " അവൾ കുസൃതിയോടെ അവനെ നോക്കി.... "നേരം ഒരുപാട് ആയി മോളേ പ്ലേ സ്കൂളിൽ ആക്കി വന്നതാ....പോട്ടേ..." അവൻ ചോദിച്ചു.. "അപ്പോ ഗ്രാൻഡ്മ്മ പോയോ...?? " "ഹ്മ്മ് പോയി....പോട്ടേ എന്നേ പതിവ് സമയത്ത് കണ്ടില്ലേൽ അത് മതി അവൾക്ക് കരയാൻ...ചെന്നിട്ട് വേണം അവൾക്ക് കഴിക്കാൻ കൊടുക്കാൻ.... " അവൻ അതും പറഞ്ഞു എണീറ്റു.. ഒപ്പം അവളും...

"എന്നാ ശെരി.. നാളെ കാണാം... " അവളുടെ ഇടം കവിളിൽ കൈ ചേർത്തു കൊണ്ട് അവൻ പറഞ്ഞു... "അച്ചായാ..... ! ബുള്ളറ്റ് മുന്നോട്ട് നീങ്ങിയപ്പോൾ അവൾ പുറകിൽ നിന്ന് വിളിച്ചു.. അവൻ തിരിഞ്ഞു നോക്കി... "മ്മ്... പറ..." അവനു മറുപടിയായി അവൾ കൈകളിൽ ചുണ്ടുകൾ ചേർത്തു ഒരു സ്നേഹ ചുംബനം അവനിലേക്ക് പറത്തി വിട്ടു.... ജെറി ചിരിച്ചുകൊണ്ട് അവളെ നോക്കി... അവൾ കണ്ണിറുക്കി കൊണ്ട് ഓടി പോയി... "വട്ടത്തി... " അവൻ സ്വയം പറഞ്ഞു ചിരിച്ചു കൊണ്ട് ബുള്ളറ്റ് മുന്നോട്ട് എടുത്തു... "ജോയ്ച്ചാ.. എന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്..." റൂമിൽ തലക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന ജോയ്യെ കണ്ട് റീന ചോദിച്ചു.. അവൻ ഒന്നും മിണ്ടിയില്ല..

"നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് ഡോക്ടർ തീർത്തു പറഞ്ഞിട്ടില്ലല്ലോ പിന്നേ...ചികിത്സ നടന്നു കൊണ്ട് ഇരിക്കുവല്ലേ.. പിന്നേ എന്താ... " "അതൊന്നും അല്ല റീന...ഞാൻ.. ഞാൻ അച്ചൂനേയും ആ കുഞ്ഞിനേയും കുറിച്ച് ആലോചിക്കുകയായിരുന്നു... " "എന്ത് ആലോചിക്കാൻ... അവനും അവന്റെ ഒരു കൊച്ചും...അവന്റെ പുരാണം ഞാൻ കുറേ കേട്ടിട്ടുണ്ട്...എന്ത് കണ്ടിട്ടാ അവന് ഇത്ര അഹങ്കാരം...ഒരു പെണ്ണിന് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ട് അത് ഇച്ചായന്റെ തലയിൽ കെട്ടി വെക്കാൻ നോക്കിയില്ലേ അവൻ...വെറുപ്പ് തോന്നുന്നു... " റീന പറഞ്ഞ വാക്കുകൾ കൊണ്ടത് ജോയുടെ നെഞ്ചിൽ ആയിരുന്നു...

ഒരുനിമിഷം അവന്റെ ഉള്ളിലൂടെ കരഞ്ഞു കൊണ്ട് പലതവണ മുന്നിൽ വന്ന ശീതളിന്റെ മുഖം മിന്നി മറഞ്ഞു... അവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരുന്നു.."കുഞ്ഞി.. മതി കളിച്ചത് വന്നേ ഞാൻ ചോറു തരാം.... " ഹാളിൽ ഇരുന്നു കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുന്ന തങ്കിമോളോട് ജെറി പറഞ്ഞു... "മോല്ക്ക് മേന്തല്ലോ... " അവള് അതും പറഞ്ഞു കളിയിൽ ഏർപ്പെട്ടു.... ജെറി അപ്പോ തന്നെ നിലത്ത് അവളുടെ അടുത്ത് കിടന്നു കൊണ്ട് അവളെ എടുത്ത് അവന്റെ വയറിന്റെ മേൽ ഇരുത്തി... "ആഹാ അത് കൊള്ളാം...വിശക്കില്ലേ എന്റെ വാവക്ക്... " അവൻ അവളുടെ കുഞ്ഞ് വയറിൽ തലോടി കൊണ്ട് ചോദിച്ചു.. "ഇച്ച് മേന്ത.... ബിക്കെറ്റ് മതി... " അവളുടെ അവന്റെ ദേഹത്തു കിടന്നു കൊണ്ട് പറഞ്ഞു.... ജെറി അവളെ പൊതിഞ്ഞു പിടിച്ചു.. "തങ്കി പെണ്ണേ കുറച്ചു കഴിക്കാടി...." "ന്നാ ആമ്പലേ മേണം.... " "ആമ്പലിനെ ഒക്കെ തരാം..

ആദ്യം ചോറു തിന്നണം പിന്നേ ഉറങ്ങണം... ഇന്നലെ രാത്രിയിൽ കിടന്നു കരഞ്ഞിട്ട് എന്നേ ഉറക്കിയോടി പെണ്ണേ നീ... " ജെറി അവളെയും എടുത്തു എണീറ്റ് കൊണ്ട് പറഞ്ഞു... അവള് ചിരിച്ചു കൊണ്ട് അവന്റെ മുഖത്തു ഉമ്മ വെക്കുന്നുണ്ട്.. "ഹോ മതി നിന്റെ സോപ്പിങ്.. വായിൽ ഉള്ള തേൻ മൊത്തം എന്റെ മുഖത്താക്കി... " ജെറി മുഖം തുടച്ചു കൊണ്ട് അവളെ നോക്കി... അത് കണ്ട് കുറുമ്പി അവളുടെ വായിൽ ഇട്ട കൈ അവന്റെ മുഖത്തു ആക്കി കൊണ്ട് കൈ കൊട്ടി ചിരിക്കാൻ തുടങ്ങി... "ഇനി മതി... എന്റെ കുട്ടിക്ക് ഞാൻ മാമു തരാം..." അവൻ അവളെ dining ടേബിളിൽ ഇരുത്തി ചെയറിൽ അവന്റെ ഇരുന്നു കൊണ്ട് മോൾക്ക്‌ ചോറു വാരി കൊടുക്കാൻ തുടങ്ങി...

ഇടക്ക് ആ കുഞ്ഞികയ്യിൽ ഒരു പിടി ചോറ് അവന് നേരെ നീണ്ടു.. "ജെരിച്ചും മേണം... " "അച്ചോടാ.. വാവേ ജെറി പിന്നേ കഴിച്ചോളാം ആദ്യം എന്റെ കുഞ്ഞി കഴിക്ക്... " അവൻ അവൾക്ക് നേരെ ഒരു കുഞ്ഞുരുള നീട്ടി... അത് കേട്ടതും വാശി തുടങ്ങി.. "മേണം.. കയിച്ചണം..." വലിയ വായിൽ കരഞ്ഞു കൊണ്ട് കാലിട്ട് അടിക്കാൻ തുടങ്ങി.... ചോറു തട്ടി കളയാനും..അവന്റെ മുടി പിടിച്ചു വലിക്കാനും അടിക്കാനും തുടങ്ങി... "ആാാാ.. മതി.. എനിക്ക് വേദനിക്കുന്നുണ്ടടി..." അതും കൂടി കേട്ടതും പിന്നിലേക്ക് ഒരു മറിച്ചൽ ആയിരുന്നു... ടേബിളിൽ കിടന്നു ഉരുണ്ടു കൊണ്ട് അവള് കരയാൻ തുടങ്ങി...അവളുടെതായ രീതിയിൽ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ട്..

ജെറിക്ക് അത് കണ്ട് ചിരിയ വന്നേ.. "ഓ...മതി...എന്റെ കുഞ്ഞി ഭാ... " അവൻ മോളേ എടുക്കാൻ നോക്കി... അവള് വാ പൊളിച്ചു കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ചവിട്ടാൻ തുടങ്ങി.. "ജെറിക്ക് വിശക്കുന്നുണ്ട് ട്ടോ വാവേ... വാരി തന്നെ... ആ.., " പെണ്ണിന്റെ വാശി അടക്കാൻ ഉള്ള അവസാനത്തെ അടവ് എന്നോണം ജെറി പറഞ്ഞു... അത് കേട്ട് മനസ്സിലായപ്പോൾ അപ്പോൾ തന്നെ കുറുമ്പി കമിഴ്ന്നു കിടന്നു കൊണ്ട് അവനെ നോക്കി.. വാ തുറന്നു കൊണ്ട് അവളെ നോക്കി ഇരിക്കുന്ന ജെറിയെ കണ്ടതും കണ്ണ് നീർ ഒലിച്ചു ഇറങ്ങിയാ ആ മുഖത്തു ഒരു ചിരി വന്നു... അപ്പൊ തന്നെ കൈ കുത്തി എണീറ്റ് ഇരുന്നു ഒരു പിടി ചോറു കയ്യിൽ ഒതുക്കി കൊണ്ട് കള്ള ചിരിയോടെ ജെറിയെ നോക്കി..

പിന്നേ അത് അവന്റെ വായിൽ വെച്ചു കൊടുത്തു.. വെച്ച് കൊടുത്തു എന്നല്ല മുഖത്തു തേച്ചു എന്ന് പറയാം... " ച്ചിന്നോ(തിന്നോ )... " പല്ല് കാട്ടി ചിരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു... അവന്റെ കണ്ണുകൾ നിറഞ്ഞു... സംതൃപ്തമായ ഒരു ചിരി ഉണ്ടായിരുന്നു ചുണ്ടിൽ... ജെറി കൈകൾ കൊണ്ട് മോളുടെ കവിളിലേ കണ്ണുനീരിന്റെ പാടുകൾ തുടച്ചു നീക്കി... അവള് അവന് വാരി കൊടുക്കേണ്ട തിരക്കിൽ ആണ്... എന്തൊക്കെയോ വലിയ വായിൽ സംസാരിച്ച് കൊണ്ട് ആണ് കഴിപ്പിക്കൽ.. ഇടക്ക് വന്നാ വാവേ എന്നാ വിളിയിൽ നിന്നാണ് ജെറിക്ക് മനസ്സിലായത് അവൾ അവനെ അനുകരിക്കാൻ ശ്രമിക്കുകയാണെന്ന്... അവൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു..

"കുറേനേരമായി ഞാൻ ശ്രദ്ധിക്കുന്നു...ഇതിന് മാത്രം എന്താ നിന്റെ കയ്യിൽ.... " വലത് കയ്യിലേക്ക് നോക്കി ചിരിക്കുന്ന നന്ദുനെ കണ്ട് നിവി ചോദിച്ചു.. അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല... അവളുടെ മനസ്സ് അപ്പോഴും ക്ലാസ്സ്‌ റൂമിൽ അവന് ഒപ്പം ഇരുന്ന രംഗം ആയിരുന്നു... അവന്റെ കൈ വിരലുകൾ പതിഞ്ഞ നെറ്റിയിലും കവിളിലും... കൈ കോർത്തു പിടിച്ച വലം കയ്യും കാണും തോറും അവളുടെ ഉള്ളം കോരിതരിച്ചു.. "എടി സ്വപ്നജീവി.. നീ കേൾക്കുന്നുണ്ടോ... " നിവി അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു.... നന്ദ ഞെട്ടി കൊണ്ട് നിവിയെ നോക്കി.. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ നിവിയെ വാരി പുണർന്നു....

വഴിയോരം ആണെന്ന് നോക്കാതെ സന്തോഷം കൊണ്ട് അവളെ എടുത്തു ഉയർത്തി.. "ആഹ്ഹ.. എടി പ്രാന്തി എന്നേ താഴെ ഇറക്ക്.. ആളുകൾ നോക്കുന്നു.... " നിവി പറയുന്നത് കേൾക്കാതെ നന്ദ അവളെ എടുത്തു കറക്കി.... പിന്നെ താഴെ ഇറക്കി.. "നിനക്ക് വട്ട് ആണോടി കുരിപ്പേ... " നിവി അവളെ നോക്കി കണ്ണുരുട്ടി.. "എടി. ഞാൻ.. ഞാൻ പറഞ്ഞെടി.. അച്ചായനോട്‌ പറഞ്ഞു... " നന്ദ സന്തോഷം കൊണ്ട് തുള്ളി ചാടി കൊണ്ട് പറഞ്ഞു.. "എന്ത് പറഞ്ഞൂന്നാ... " "എനിക്ക് അവനോട് മുടിഞ്ഞ പ്രേമം ആണെന്ന്... " അത് പറയുമ്പോൾ നന്ദ നിലത്ത് ഒന്നുമല്ല ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അവൾക്ക്... "സത്യം ആണോടി.. എന്നിട്ട് അവൻ എന്ത് പറഞ്ഞു..?? " നിവി ആകാംഷയോടെ ചോദിച്ചു.. "അങ്ങേർക്ക് എന്നെയും ഇഷ്ടാടി...എനിക്കിനി ചത്താലും വേണ്ടിയില്ല.. " അവളുടെ സംസാരത്തിൽ നിന്നും നിവിക്ക് മനസ്സിലായി അവൾ എത്രമാത്രം സന്തോഷവതിയാണെന്ന്...

"എടി കാര്യം എല്ലാം ശെരി.. വീട്ടിൽ അറിഞ്ഞാലോ..അവൻ ക്രിസ്ത്യൻ ആണ് പോരാത്തതിന് .അവന് ഒരു കൊച്ച് ഉള്ളതാണേ.. " "അതിനിപ്പോ എന്താ..തങ്കിമോളുടെ അച്ഛൻ ആണെന്ന് അറിഞ്ഞപ്പോൾ എന്റെ സ്നേഹം കൂടിയിട്ടേ ഒള്ളൂ...പിന്നേ എന്റെ അച്ഛന് എന്നേ മനസ്സിലാവും... " നന്ദ അതും പറഞ്ഞു ചിരിച്ചു കൊണ്ട് വീട്ടിലേക് നടന്നു...  "നീണ്ട മുടി....ഉണ്ട കണ്ണുകൾ...." "മൂക്ക്.. ജെരി.. മൂക്ക് മേനം... " "ആട.. മൂക്കും വരക്കാം.. ആദ്യം നമുക്ക് നിന്റെ ആമ്പലിന്റെ കണ്ണ് വരക്കാം....." ജെറി റൂമിൽ നിലത്ത് കമിഴ്ന്നു കിടന്നു കൊണ്ട് ഒരു പേപ്പറിൽ നന്ദയെ വരയ്ക്കാൻ ഉള്ള ശ്രമത്തിൽ ആണ് ..അവന്റെ അടുത്ത് തന്നെ അവൻ കിടക്കുന്നത് പോലെ കിടന്നു കൊണ്ട് കൗതുകത്തോടെ നോക്കുന്നുണ്ട് തങ്കിമോള്.... "ഹ്മ്മ്.... പിന്നേ എന്താ മോളേ വരക്കേണ്ടത് ... "

അവൻ മുഖം ചെരിച്ചു മോളേ നോക്കി.. "ഇതും മേനം... " അവൾ ജെറിയുടെ ചുണ്ടിൽ തൊട്ട് കൊണ്ട് പറഞ്ഞു.. "കുഞ്ഞി ഇതാണ് ചുണ്ട്.. " "തുന്ത്.... " അവൾ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.. "തുന്ത്‌ അല്ലെടി പെണ്ണ് ചു... ചുണ്ട്.. ". അവൻ അവളോട് പറഞ്ഞു.. "തുന്ത്‌.. തുന്ത്‌.. തുന്ത്‌... " അവള് വാശിയിൽ കാലിട്ട് അടിച്ചു കൊണ്ട് പറഞ്ഞു.. "ആ തുന്ത്‌ എങ്കിൽ തുന്ത്‌...തുന്ത്‌ വരക്കാം.. " "ആ... " അവൾ നീട്ടി മൂളി കൊണ്ട് ജെറിയുടെ ചുണ്ടിൽ ഒരു കുഞ്ഞ് ഉമ്മ കൊടുത്തു.. എന്നിട്ട് കൈ കൊട്ടി ചിരിക്കാൻ തുടങ്ങി... ജെറി അവളുടെ മൂക്കിൽ ഉമ്മ വെച്ചു കൊണ്ട് വരയ്ക്കാൻ തുടങ്ങി... "ഐവ.. കഴിഞ്ഞു.... " ജെറി ചിത്രം ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു...

നന്ദയുടെ മുഖം കണ്ടപ്പോൾ അവന്റെ ഉള്ളം തുടിക്കുന്നുണ്ടായിരുന്നു.. ഇന്ന് നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ അവന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു.. "ഇച്ച് കാണനം.. " തങ്കിമോള് അവന്റെ മടിയിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു.. ചിരിച്ചു കൊണ്ട് കൈ നിറയെ ആമ്പൽ പൂക്കൾ പിടിച്ചു നിൽക്കുന്ന നന്ദയുടെ ചിത്രം കണ്ട് ആ കുഞ്ഞികണ്ണുകൾ വിടർന്നു... "ഹൈ... ആമ്പല്...നോക്ക്.. ഹീ.. ആമ്പല്... " മുഖത്തു വിടർന്ന പാൽപല്ല് കാട്ടിയുള്ള ചിരിയും.. ചിരിച്ചപ്പോൾ തുടുത്ത ഉണ്ട കവിളും ചുരുങ്ങിയ കുഞ്ഞ് കണ്ണുകളും പറയുന്നായിരുന്നു...തങ്കിക്ക് ആമ്പൽ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് എന്ന്... മോള് സന്തോഷം കൊണ്ട് ജെറിയെ ഉമ്മ വെച്ച് കൊണ്ടിരുന്നു...

"ഇനി ഇപ്പൊ ആമ്പലിനെ കിട്ടിയില്ലേ.. നമുക്ക് മാമു തിന്നാം എന്നിട്ട് ഉറങ്ങാം... " ജെറി മോളെയും എടുത്തു കൊണ്ട് പറഞ്ഞു..  "മേലെ മേലെ മാനം.... മാനം നീളെ മഞ്ഞിൻ കൂടാരം.... അതിലാരോ.. ആരാരോ. നിറ ദീപം ചാർത്തുന്നു..... " ചാരു പടിയിൽ ഇരുന്നു ജെറി അവന്റെ നെഞ്ചിൽ കിടക്കുന്ന മോളേ തലോടി കൊണ്ട് ഇരുന്നു.. "കുഞ്ഞി.. ഉറങ്ങിയോ.. പാട്ട് മതിയോ.. " അവൻ പതിയെ ചോദിച്ചു. "മേണം...," അവൾ കരയാൻ തുടങ്ങി.. അപ്പൊത്തന്നെ ജെറി ബാക്കി പടാൻ തുടങ്ങി... "വേനൽ കിനാവിന്റെ ചെപ്പിൽ... വീണുമയങ്ങുമെൻ മുത്തേ.... നിന്നെ തഴുകി തലോടാൻ... നിർവൃതിയോടെ പുണരാൻ... ജന്മാന്തരത്തിൻ പോലെ.. ഏതോ ബന്ധം പോലെ.... നെഞ്ചിൽ കനക്കുന്നു മോഹം.., "

പാട്ട് കേട്ട് കൊണ്ട് തങ്കി അവന്റെ മാറിലേ ചൂടിലേക്ക് ഒന്ന് കൂടി പറ്റിചേർന്നു... ഉറക്കം വന്നു തുടങ്ങിയതിന്റെ ലക്ഷണം കാണിച്ചു കൊണ്ട് അവൾ വായിൽ വിരൽ വെച്ചു നുണയാൻ തുടങ്ങി . ജെറി അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ട് ഇരുന്നു... ഇടക്ക് ഫോണിലേ മെസ്സേജ് ടോൺ കേട്ട് അവൻ വേഗം ഫോൺ എടുത്തു... നേരത്തെ നന്ദക്ക് അയച്ച മെസ്സേജിനു റിപ്ലൈ അയച്ചിട്ടുണ്ട്.. അവൻ ചിരിച്ചു കൊണ്ട് ദിവസം ടൈപ്പ് ചെയ്യാൻ തുടങ്ങി.. "എവിടെയായിരുന്നു... " അവന്റെ മെസ്സേജ് വായിച്ചതും നന്ദ റിപ്ലൈ കൊടുത്തു.. "ഫുഡിങ് ആയിരുന്നു.. " ജെറി അപ്പൊ തന്നെ അവൾക്ക് വിളിച്ചു. അവളുടെ ശബ്ദം കേൾക്കാൻ അവൻ ആഗ്രഹിച്ചിരുന്നു.. അവന്റെ കാൾ പ്രതീഷിചെന്നപോലെ നന്ദ വേഗം കാൾ എടുത്തു..

രണ്ട് പേരും ഒന്ന് മിണ്ടിയില്ല... ഇരുവരിൽ നിന്നും ഉയർന്നു പൊങ്ങിയ ശ്വാസം പരസ്പരം കേൾക്കാമായിരുന്നു.. "അല്ലി.... " സംസാരത്തിന് തുടക്കം കുറിച്ചത് അവനായിരുന്നു.. അവൾ ഒന്നും മിണ്ടിയില്ല.. "ഹലോ.. ഡീീ.. എന്താ ഒന്നും മിണ്ടാത്തത്.. " "എന്റെ അച്ചായാ ...ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്തൊരു ഫീൽ ആണെന്നോ.. " അവളുടെ സംസാരം കേട്ടപ്പോൾ ജെറി പൊട്ടിചിരിച്ചു.. "തങ്കിമോള് ഉറങ്ങിയോ.. " അവളുടെ ചോദ്യം കേട്ട് ജെറി മോളേ ഒന്ന് നോക്കി.. വിരൽ നുണഞ്ഞു കൊണ്ട് അവനെ തന്നെ നോക്കി കിടക്കുവാ അവൾ.. "ഇല്ല ഉറങ്ങിയിട്ടില്ല...ഉറക്കം വന്നു തുടങ്ങിയിട്ടുണ്ട്.. " "പിന്നെ അച്ചായാ.. " നന്ദു ഒന്ന് നീട്ടി വിളിച്ചു. 'ഹ്മ്മ്.. " "പറഞ്ഞില്ല.. " "എന്ത് പറഞ്ഞില്ല..." "I luv you ന്ന്.... "

അവളുടെ ചിണുങ്ങി കൊണ്ടുള്ള സംസാരം അവന് അവളോടുള്ള പ്രണയത്തിന്റെ ആഴം കൂട്ടി.. "പറയണോ.. " ചോദിക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു കള്ള ചിരിയുണ്ടായിരുന്നു .. "മ്മ് വേണം പറ.. " അവൾ അവന്റെ വാക്കുകൾക്കായി കാതോർത്തു.. "അയ്യടാ അങ്ങനെ ഇപ്പൊ നീ കേൾക്കണ്ടാ.. പോയി കിടന്ന് ഉറങ്ങു പെണ്ണേ... " ജെറി അതും പറഞ്ഞു ഫോൺ കട്ടാക്കി.. അവളെ കുറിച്ച് ഓർത്തപ്പോൾ അറിയാതെ ചിരി വന്നു പോയി..  "കഥയിലെ രാജകുമാരിയും ഗോപകുമാരനും.. ഒന്നാവാൻ.. പുഴയിലെ പൊന്നോളങ്ങളിൽ അവരോഴുക്കി ദീപങ്ങൾ... " പാട്ടും പാടി കോളേജിലേക്ക് കാൽ എടുത്തു വെച്ചപ്പോൾ അവളുടെ കണ്ണുകൾ ജെറിയെ തിരഞ്ഞു..

"ഓയ്.. അല്ലി.. " പുറകിൽ നിന്ന് വിളികേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി.... അപ്പോഴതാ ഗ്രൗണ്ടിലേക്ക് ഉള്ള വഴിയിൽ നിൽക്കുന്നു ജെറി.. അവൾ അവന്റെ അടുത്തേക് ചെല്ലാൻ നിന്നപ്പോൾ അവൻ തടഞ്ഞു.. പിന്നേ കാണാം എന്ന് പറഞ്ഞു കൊണ്ടു അവൻ ഗ്രൗണ്ടിലേക്ക് പോയി .. അവൻ പോകുന്നത് നോക്കി കൊണ്ടു അവൾ ക്ലാസ്സിലേക്കും..  ഗ്രൗണ്ടിലേ അഭ്യാസം കഴിഞ്ഞു വിയർത്തു കുളിച്ചു ജെറി ഒരിടത്ത് ഇരുന്നു....സ്റ്റുഡന്റസ് എല്ലാം ക്ലാസ്സിലേക്ക് പോയി.. ജേഴ്‌സി ഊരിയിട്ട് മേലേക്ക് നോക്കി തലകുടയുമ്പോൾ ആണ്... തലയിലൂടെ മുഖത്തെക്ക് തണുത്ത വെള്ളം ഒലിച്ചു ഇറങ്ങിയത്..

മുടിയിലെ വെള്ളം കുടഞ്ഞു കൊണ്ടു നോക്കിയപ്പോൾ കണ്ടത് വെള്ളംകുപ്പി പിടിച്ചു നിൽക്കുന്ന നന്ദയെ ആണ്.. ജെറി അപ്പൊതന്നെ അവളുടെ കൈപിടിച്ച് അവന്റെ അടുത്ത് ഇരുത്തി.. അവൾ ചിരിച്ചു... അവളുടെ കൈ കൊണ്ട് അവന്റെ മുടിയിലെ വെള്ളം തെറിപ്പിച്ചു .. ജെറി അവളെ നോക്കി നിൽക്കുകയായിരുന്നു.. ജെറിയുടെ നോട്ടം കണ്ട് അവൾക്ക് വല്ലാതെ ആയി.. പതിയെ അവളിലേക്ക് മുഖം അടുപ്പിച്ചപ്പോൾ അല്പം പേടിയോടെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു... പേടിച്ച് ഇരിക്കുന്ന അവളെ കണ്ടപ്പോൾ അവന് ഇഷ്ട്ടം കൂടി... കുസൃതിയോടെ അവളുടെ വലം കൈ ഉയർത്തി കൈ പത്തിയിൽ മൃദുവായ് ചുംബിച്ചു...

അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ മുഖത്തു ആയിരുന്നു.. ഒന്ന് വിറച്ചു കൊണ്ടു അവൾ കണ്ണ് തുറന്നു.. ജെറി അവളുടെ കവിളിൽ പതിയെ തഴുകി.. "ഈ കൈകളിൽ ചുംബിച്ചാൽ മതിയെനിക്ക്....എങ്കിലേ അത് ഹൃദയത്തിലേക്ക് പ്രവഹിക്കൂ... നിന്റെ നെറ്റിയിലേ എന്റെ ആദ്യ ചുംബനം പതിയുമ്പോൾ നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി വേണം... ചുണ്ടുകൾ ചുണ്ടോടു ചേരുമ്പോൾ നിന്റെ സീമന്ത രേഖയിലേ സിന്ദൂര ചുവപ്പായ് ഞാൻ വേണം.... " അത് പറയുമ്പോൾ അവന്റെ കണ്ണുകൾ പ്രണയമായിരുന്നു... കൈകൾ പരസ്പരം കോർത്തു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story