അമ്മാളു: ഭാഗം 31

ammalu

രചന: കാശിനാഥൻ

"മേലെടത്തു തറവാട്ടിൽ ഈ വിഷ്ണു ദത്തന്റെ കിടപ്പറയിൽ എത്താൻ ഉള്ള എന്ത് യോഗ്യതയാടി നിനക്ക് ഉള്ളത്... പഠിപ്പും വിവരോം പോലും ഇല്ലാത്ത നിന്നെ എന്റെ തലേൽ കെട്ടി വെച്ച എന്റെ അമ്മയോട് ആണ് ആദ്യം ഞാൻ ചെന്നു നാല് വർത്താനം പറയേണ്ടത്.... ഓരോ വയ്യാവേലി..... വന്നു കേറിയ സമയം കൊള്ളാം.....

വിഷ്ണു പറയുന്നത് കേട്ടതും അമ്മാളുവിന്റെ മിഴികൾ നിറഞ്ഞു.

"വിഷ്ണുവേട്ടാ,ഞാന്... വെറുതെ... സോറി..."
. അവൾ വാക്കുകൾക്കായി പരതി.

" നീ ആരാണെന്ന് നിന്റെ വിചാരം,, എന്തെടി പുല്ലേ "

വിഷ്ണു അവളുടെ തോളിൽ പിടിച്ചു ശക്തിയിൽ കുലിക്കി.

" നിന്റെ പ്രശ്നം എന്താ, എന്റെ ഭാര്യ ആണെന്നുള്ളത്  കോളേജിൽ ആരോടും പറഞ്ഞില്ല എന്നതാണോ,,,, ഞാൻ നിന്നെ അംഗീകരിക്കുന്നില്ല എന്നതാണോ, നമ്മുടെ കല്യാണം കഴിഞ്ഞെന്നുള്ളത് നാളെത്തന്നെ നീ എല്ലാരോടും പറഞ്ഞു നടക്കു , ഒപ്പം ഒരു നോട്ടീസും ഇറക്കിക്കോ... നിന്റെ സങ്കടം തീരട്ടെ.... "

 പറയുന്നതിനൊപ്പം അവൾ കടിച്ച ഭാഗത്ത് മെല്ലെ അവൻ തീരുമുന്നുമുണ്ട്...


 മുഖം കുനിച്ചു നിന്നതല്ലാതെ അമ്മാളു മറുപടിയൊന്നും പറയുന്നില്ല..

" നശിച്ച ഒരു ജാതക ദോഷം, ആ ഒറ്റ കാരണത്താലാണ് നീ ഇന്നിവിടെ നിൽക്കുന്നത്, പിന്നെ എന്റെ അമ്മയോട് എതിർത്ത് ഒന്നും സംസാരിച്ച് എനിക്ക് ശീലവും ഇല്ലാതെ ആയിപ്പോയി, എത്രയെത്ര ആലോചനകൾ വന്നതാണെന്ന് അറിയാമോ, കുറച്ചു മുന്നേ വന്നിട്ട് പോയ രവിയങ്കിൾ..... അവരുടെ മൂത്ത മകളെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്ന്, ഒരായിരം ആവർത്തിയെങ്കിലും അച്ഛനോട് പറഞ്ഞു നടന്നതാണ്. അതുപോലെ എത്രയെത്രപേര്... ഒടുക്കം കിട്ടിയതോ, യാതൊരു വിവരവും ബോധവും ഇല്ലാത്ത സാധനത്തിനെ....നിന്നെക്കാൾ വിവരം ഉണ്ട് എന്റെ ഋഷിക്കുട്ടന്..
ഏതെങ്കിലും ഒരുത്തൻ വന്നു തോളത്തു കൈ വെച്ചാൽ പോലും പ്രതികരിക്കാൻ അറിയില്ല... നിന്നു കൊടുക്കും...

 വായിൽ വന്നതെല്ലാം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട്, വിഷ്ണു വീണ്ടും ബെഡിലേയ്ക്ക് കയറി കിടന്നു...


ദേഷ്യം കൊണ്ട് അപ്പോളും അവനെ വിറച്ചു.

അമ്മാളുവിന് സങ്കടം വന്നിട്ട് വയ്യ.

എന്തൊക്കയാണ് വിഷ്ണുവേട്ടൻ തന്നെ കുറിച്ച് പറഞ്ഞത്.

അതിനു മാത്രം എന്തെങ്കിലും തെറ്റ് ചെയ്തോ.

വിഷ്ണുവേട്ടനു താൻ ഒരു ബാധ്യത ആയി...

അല്പം പോലും ഇഷ്ട്ടം ആ മനസിൽ തന്നോട് ഇല്ല...

അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത്.

ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.

**


രാവിലെ വിഷ്ണു ഉണർന്നപ്പോൾ ഉണ്ട് അമ്മാളു നിലത്തു ചുരുണ്ടു കൂടി കിടന്നു ഉറങ്ങുന്നു.

അത് കണ്ടതും മനസ്സിൽ എവിടെയോ ഒരു കൊളുത്തി പിടുത്തംപോലെ..

പെട്ടെന്ന് ആയിരുന്നു തലേ ദിവസത്തെ സംഭവം ഓർമ വന്നത്.

ഒപ്പം തന്റെ നെഞ്ചിലേക്ക് അവന്റെ മിഴികൾ നീണ്ടു..

വേദന ഒക്കെ പോയി.
എങ്കിലും കരി നിലിച്ചു കിടക്കുന്നു.

അവൻ എഴുന്നേറ്റു ലൈറ്റ് ഇട്ടു.

മുറിയിൽ പ്രകാശം നിറഞ്ഞതും അമ്മാളു ചാടി എഴുന്നേറ്റു.

പെട്ടെന്ന് ആണ് കൈയും കാലും ഒക്കെ തണുത്തു മരച്ചു ആണ് ഇരിക്കുന്നത് എന്ന് അവൾക്ക് തോന്നിയത്.

 വിഷ്ണു എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയപ്പോൾ, അവൾ ബെഡിലേക്ക് കയറി ചുരുണ്ടു കൂടിയിരുന്നു..


 നിലത്തു കിടന്ന് ഉറങ്ങിയിട്ടാണോ അതോ ഒരുപാട് കരഞ്ഞിട്ടാണോ എന്ന് അറിയില്ല, വല്ലാത്ത തലവേദന പോലെ.

 
 കുറച്ച് സമയം അങ്ങനെ തന്നെ അവൾ കിടന്നു.


എന്നിട്ട് മെല്ലെ എഴുന്നേറ്റു.
 മേശപ്പുറത്ത് ഇരുന്ന ഒരു ബാം എടുത്ത് , ചൂണ്ടുവിരൽ കൊണ്ട് നെറ്റിമേൽ തടവി.

 വിഷ്ണു കുളി കഴിഞ്ഞ് ഇറങ്ങി വന്നിട്ട്, നേരെ താഴേക്ക് പോയി.

 തലേദിവസം രാത്രിയിൽ,  കോളേജിൽ ഇട്ടോണ്ട് പോകുവാനുള്ള ഡ്രസ്സ് ഒന്നും ഇസ്ത്തിരി വെച്ചിരുന്നില്ല.. അതുകൊണ്ട് അമ്മാളു ഒരു കോട്ടൺ ചുരിദാർ എടുത്ത് പെട്ടെന്ന് ഒന്ന്  തേച്ചു.

 ശേഷം കുളിച്ചു ഫ്രഷ് ആകുവാനായി പോയി.

 ചെറു ചൂടുവെള്ളത്തിൽ ആയിരുന്നു കുളിക്കുന്നതെങ്കിലും, വല്ലാത്ത കുളിരും തണുപ്പും അവൾക്ക് തോന്നി.

 പനിക്കാൻ ആണെന്ന് തോന്നുന്നു.... ശരീരത്തിന് ഒക്കെ വല്ലാത്ത നൊമ്പരം..

 ഒരു പ്രകാരത്തിൽ കുളിച്ച് ഇറങ്ങിയശേഷം,  അവൾ പഠിക്കുവാനുള്ള ടെസ്റ്റുകൾ ഒക്കെ എടുത്തു മറിച്ചുനോക്കി.


 പുസ്തകം വായിക്കുമ്പോൾ തലവേദന വല്ലാണ്ട് കൂടുന്നു..

 പതിയെ അത് അവൾ അടച്ചുവെച്ചു...

 എന്നിട്ട് താഴേക്ക് ഇറങ്ങി ചെന്നു.

 വിഷ്ണു ചായ കുടിച്ചു കൊണ്ടിരിക്കുന്നുണ്ട്. അരികിൽ ഋഷിക്കുട്ടനും..

അവൻ എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുന്നു, വിഷ്ണു വളരെ ആലോചനയോടുകൂടി അതിനു മറുപടിയും നൽകുന്നുണ്ട്.

ഗുഡ്മോണിങ് ചേച്ചി..

മാളുവിനെ കണ്ടതും ഋഷിക്കുട്ടൻ ഉറക്കെ പറഞ്ഞു...

 മറുപടിയായി അവൾ ഒന്ന് ചിരിച്ചതേയുള്ളൂ...


പെട്ടെന്ന് വിഷ്ണു അവളെ ഒന്ന് നോക്കി..

 കുനിഞ്ഞു മുഖത്തോടു കൂടി അടുക്കളയിലേക്ക് കയറിപ്പോകുന്ന അമ്മാളുവിനെയാണ് അവൻ കണ്ടത്...

" എന്തുപറ്റി മോളെ, മുഖമൊക്കെ വല്ലാണ്ട് ഇരിക്കുന്നു, നീ കരഞ്ഞോ  "

മീര അവളുടെ അടുത്തേക്ക് വന്ന് നെറുകയിൽ തഴുകി..


"വല്ലാത്ത തലവേദന, ഇനി പനിക്കാൻ ആണോന്ന് അറിയില്ല "


"മ്മ്... എന്നാൽ പിന്നെ ഇന്ന് കോളേജിൽ പോണോ"

"പോയേക്കാം ഏടത്തി, നാളെയും മറ്റന്നാളും അവധിയല്ലേ"

" എന്തെങ്കിലും ക്ഷീണം വന്നാൽ വിഷ്ണുവിനെ വിളിച്ചാൽ മതി മോളെ, അവൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുപോരും  കേട്ടോ "

പ്രഭ പറഞ്ഞതും അവൾ തലകുലുക്കി.

 ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോഴും തിരികെ റൂമിൽ എത്തി കോളേജിലേക്ക് പോകുവാൻ ഒരുങ്ങുമ്പോഴും ഒക്കെ അമ്മാളു പരമാവധി വിഷ്ണുവിന്റെ മുന്നിൽ ചെന്ന് പെടാതെ മാറി നിന്നു.

അവനും അത് മനസ്സിലാകുന്നുണ്ടായിരുന്നു.

 കോളേജിലേക്ക് ഒരുമിച്ചു പോകുമ്പോൾ അമ്മാളു സാധാരണയായി എന്തെങ്കിലുമൊക്കെ അവനോട് പറയുന്നതാണ്.

ഇന്ന് പക്ഷേ അതൊന്നുമുണ്ടായില്ല..

പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ട് അമ്മാളു അങ്ങനെയിരുന്നു.

വിഷ്ണുവും അവളോടൊന്നും ചോദിച്ചതുമില്ല.

അതങ്ങനെ ഒക്കെ തന്നെയാണ് പതിവ്.


പാർക്കിങ്ങിൽ കൊണ്ട് ചെന്ന് അവൻ വണ്ടി നിർത്തിയതും,അമ്മാളു അവനെ ഒന്ന് നോക്കി.


 വണ്ടിക്കൂലിക്കുള്ള കാശ് തരുകയാണെങ്കിൽ ഞാൻ  തിരികെ ബസില് വന്നോളാം വിഷ്ണുവേട്ടാ...എനിക്ക് അതാ ഇഷ്ട്ടം 

പറഞ്ഞു കൊണ്ട് അവന്റെ മറുപടി കേൾക്കാതെ അമ്മാളു 
പെട്ടെന്ന് ഇറങ്ങി..


എന്നിട്ട് നേരെ ക്ലാസ് റൂമിലേക്ക് പോയി.

 ഇന്നലെ താൻ പറഞ്ഞത് ഒരുപാട് അവൾക്ക് വിഷമമുണ്ടാക്കി എന്നുള്ളത് വിഷ്ണുവിന് വ്യക്തമായിരുന്നു.

എന്തോ ഒരു കുഞ്ഞ് നൊമ്പരം പോലെ അവനു അപ്പോൾ തോന്നി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story