അമ്മാളു: ഭാഗം 34

ammalu

രചന: കാശിനാഥൻ

വിശക്കുന്നു അമ്മേ..... ഉച്ചക്കത്തെ കറികൾ ഒക്കെ തന്നെയാണോ ഉള്ളത്,?

അമ്മാളു അമ്മയെ നോക്കി..

"ഹ്മ്മ്... നിനക്ക് ഇഷ്ടമുള്ള  ഒരു കൂട്ടം ഉണ്ടാക്കി വെച്ചിട്ടുണ്ട്, പക്ഷേ ഇപ്പോ അതെല്ലാം ആറി തണുത്തിട്ടുണ്ടാവും "

" അതെന്താണ് അമ്മേ.... ആറി തണുത്ത് പോയ എന്റെ ഇഷ്ടവിഭവം,  പായസമാണോ"

" പായസം ഒക്കെ നാളെ ഉണ്ടാക്കാം, ഇന്നിപ്പോ ആ കിഴക്കേ തൊടിയിൽ നിന്ന്, വൈകുന്നേരം അച്ഛൻ ഒരു ചേന പറിച്ചു കൊണ്ടുവന്നു,വെന്തപ്പോൾ നല്ല പുട്ട് പോലെ പൊടിഞ്ഞിരിക്കുന്നു, നല്ല എരിവുള്ള കാന്താരി ചമ്മന്തിയും ഉണ്ടാക്കി വച്ചിട്ടുണ്ട്, നീ ഇപ്പോൾ കഴിക്കുന്നുണ്ടോ മോളെ, ഇല്ലെങ്കിൽ അത് എടുത്ത് ഫ്രിഡ്ജിൽ വയ്ക്കാം"


" ദുഷ്ടേ എന്തൊരു ചോദ്യമാണിത്, ഇപ്പൊ കഴിക്കുന്നുണ്ടോന്നോ, ഇഡ്ഡലിത്തട്ടിലേക്ക് അതൊന്നു വെച്ച് അമ്മ ആവി കേറ്റിയ്ക്കോ, ഞാൻ അങ്ങോട്ട് എത്തിയേക്കാം, ഒന്നു മേല് കഴുകട്ടെ അത് വിയർപ്പ് മണക്കുന്നു.."

 പറഞ്ഞുകൊണ്ടുതന്നെ അവൾ  മാറ്റിയുടുക്കുവാനുള്ള ഒരു ചുരിദാറും എടുത്ത്, ബാത്റൂമിലേക്ക് കയറിപ്പോയി.

 തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ അവളെ കിടുകിടാ വിറച്ചു.

 നല്ല തലവേദനയും, ചെറിയതോതിൽ പനിയും ഒക്കെ ഉള്ളതായിരുന്നു, പക്ഷേ ഇല്ലത്തെത്തിയപ്പോൾ അവയൊക്കെ ആവിയായി പോയി, എന്നാലും ആ തലവേദന ഇപ്പോൾ പതിയെ പൊന്തി വരുന്ന പോലെ അവൾക്ക് തോന്നി, കിണറ്റിലെ ശുദ്ധമായ വെള്ളത്തിൽ, ഒന്നു കുളിച്ചേക്കാം എന്ന് കരുതി, അമ്മാളു തലമുടിയും നനച്ചു.

ഇറങ്ങി വന്നപ്പോൾ, അമ്മയുടെ നാവിൽ നിന്നും ആവശ്യത്തിലധികം അവൾ വഴക്കും കേട്ടു  

അവൾ പറഞ്ഞതുപോലെ തന്നെ, ഇഡ്ഡലിത്തട്ടിൽ വെച്ച്  ഒന്നുകൂടി ആവി കേറ്റി എടുക്കുകയാണ് ചേന പുഴുക്ക്.


" അച്ഛൻ എവിടെ... കിടന്നോ "?

"ഉവ്വ്‌,, ഈ ഷുഗറിന്റെ ഒക്കെ ഗുളിക കഴിക്കുന്നത് കൊണ്ട്, അച്ഛൻ നേരത്തെ തന്നെ,  എന്തെങ്കിലുമൊക്കെ കഴിച്ചിട്ട് അവിടെ കിടക്കുവല്ലോ"

"മ്മ്..."

 ആവി പൊന്തുന്ന ചേന കഷണത്തെ ഒരു സ്പൂൺ കൊണ്ട് ഉടക്കുകയാണ് അമ്മാളു.

" അവിടെ തൊടിയില് ചേനയും കാച്ചിലും ഒക്കെ ഉണ്ടോ മോളെ "?


" സത്യം പറഞ്ഞാൽ ഞാൻ അതൊന്നും ശ്രദ്ധിച്ചിട്ടില്ലെനമ്മേ, അതിനുള്ള നേരവും കാലവും ഒന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല, നാലാമത്തെ ദിവസം മുതൽ കോളേജിൽ പോകാൻ തുടങ്ങിയതല്ലേ, കാലത്ത് 8 മണിയാവുമ്പോൾ കോളേജിൽ പോയാല്, തിരികെ എത്തുമ്പോൾ എങ്ങനെ ആയാലും അഞ്ചര ആകും നേരം.,, പിന്നെ കുറച്ച് സമയം അമ്മയോടും ഏട്ടത്തിയോടും ഒക്കെ സംസാരിച്ചിരിക്കും, ചായയൊക്കെ കുടിച്ചുകൊണ്ട്, അതുകഴിഞ്ഞ് നേരെ റൂമിലേക്ക് പോകും,  പിന്നീട് കുളിയൊക്കെ കഴിഞ്ഞാൽ ട്യൂഷൻ തുടങ്ങും"

" ട്യൂഷനോ....ആർക്ക്,,,,"?

 ലേഖ അതിശയത്തോടുകൂടി മകളെ നോക്കി..


"എനിക്ക്...  പിന്നെ അവിടെ കുട്ടികൾക്ക് എല്ലാവർക്കും ഉണ്ട് "

" പുറത്തുനിന്നും ആള് വന്നു പഠിപ്പിക്കുവാണോ"?


"എന്തിന്, ആളൊക്കെ അവിടെത്തന്നെ ഉണ്ടല്ലോ അമ്മേ "


" ആര്.... ഓഹ് വിഷ്ണു ആണോ പഠിപ്പിക്കുന്നത് "

"ഹ്മ്മ്... അതേ "

 ചെറു ചൂടുള്ള ചേന കഷ്ണം എടുത്ത് നല്ല എരിവുള്ള കാന്താരി ചമ്മന്തിയിൽ മുക്കി,  ഇടതു കണ്ണ് അടച്ചുപിടിച്ചുകൊണ്ട് അമ്മാളു കഴിക്കുകയാണ്.

" ഇത്തിരി തണുത്തിട്ട് കഴിക്കു മോളെ, ഇല്ലെങ്കിൽ വയറ് കിടന്ന് എരിയും "

 ലേഖ വഴക്കു പറഞ്ഞുവെങ്കിലും അമ്മാളു അതൊന്നും കാര്യമാക്കിയില്ല.

 മൂന്നാല് കഷണം ചേന എടുത്ത് അവൾ കഴിച്ചു, എന്നിട്ട് അതിനുപുറമേ ഒരുപിടി ചോറും.

" നീ അവിടെയും ഇതുപോലെയൊക്കെ കഴിക്കുമോ മാളു.... "


" എനിക്ക് സത്യം പറഞ്ഞാൽ അവിടുത്തെ ഫുഡ് ഒന്നും പിടിക്കത്തില്ല അമ്മേ,  മത്സ്യവും മാംസവും ഒക്കെ നിർബന്ധമാണ് അവിടെ ഉള്ളവർക്ക്,  നമ്മൾക്ക് അതൊന്നും ശീലം ഇല്ലാത്തതുകൊണ്ട് എനിക്ക് ശർദ്ദിക്കാൻ തോന്നും, അവരുടെ ഒപ്പം ഊണ് മേശയിൽ ഇരുന്നു ഒന്നും ഞാൻ ആഹാരം കഴിക്കാറില്ല, കുറച്ചു മാറിയിരുന്ന് എന്തെങ്കിലുമൊക്കെ വാരി കഴിച്ചിട്ട് പോകും "


"ശീലങ്ങൾ ഒന്നും ആർക്കും മാറ്റാൻ സാധിക്കില്ല കുട്ടി, സാരമില്ല കുറെ നാളുകൾ കഴിയുമ്പോഴേക്കും,  നിനക്ക് സാവധാനം അഡ്ജസ്റ്റ് ചെയ്യാൻ പറ്റും"

"ഹ്മ്മ്..."

 അവൾ ഒന്ന് നീട്ടി മൂളി 

" നേരം ഒരുപാട് ആയില്ലേ...അമ്മ പോയി കിടന്നോളൂ "

" നീ ഒറ്റയ്ക്ക് കിടക്കുമോ, ഇല്ലെങ്കിൽ ഞാനും ഒപ്പം വരാം  "

"ഇതെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്,ഞാനീ വീട്ടില് ഇത്രനാളും തനിച്ച് അല്ലായിരുന്നോ കിടന്നത്,  എനിക്ക് പേടിയൊന്നുമില്ല അമ്മ പോയി കിടന്നോളൂ"


"ഹ്മ്മ്.... ആ മൺ കൂജയിൽ നിന്ന് ഒരു കപ്പ് വെള്ളം എടുത്തോണ്ട് വെയ്ക്ക് കേട്ടോ,  രാത്രിയിലെങ്ങാനും ദാഹിച്ചാൽ കുടിക്കാം"


 ഒരു കോട്ടുവായിട്ടു കൊണ്ട് ലേഖ എഴുന്നേറ്റ്  മുറിയിലേക്ക് പോകുന്നതിനിടയിൽ അമ്മാളുവിനോട് പറഞ്ഞു.

അവൾ തലകുലുക്കി.

**

 വാതിലിൽ ആരോ തട്ടുന്നത് പോലെ തോന്നി ലേഘ കണ്ണുതുറന്നത്...

 സമയം നോക്കിയപ്പോൾ രണ്ടു മണി...

"രാമേട്ടാ... ഏട്ടാ... ആരോ വാതിലിൽ കൊട്ടുന്നു.."

 തൊട്ടരികിലായി ഉറങ്ങിക്കിടന്ന ഭർത്താവിന്റെ  ചുമലിൽ പിടിച്ച് ലേഖ കുലുക്കി..


"ആരാ... ആരാത്..."

 പെട്ടെന്ന് അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു ചോദിച്ചു.

"അച്ഛാ... ഞാനാ 

അമ്മാളു... തനിച്ചു കിടന്നിട്ട് ഉറക്കം വന്നില്ല...അതുകൊണ്ട് വിളിച്ചതാ"


 വാതിൽക്കൽ നിന്നുകൊണ്ട് അമ്മളു വിളിച്ചുപറഞ്ഞു..


 അപ്പോഴേക്കും ലേഖ ചിരിച്ചുകൊണ്ടു വന്നു വാതിൽ തുറന്നു..


" എന്റെ കുട്ടി നിന്നോട് ഞാൻ മലയാളഭാഷയിൽ അല്ലേ ചോദിച്ചത് ഒപ്പം കിടക്കണോന്ന്, എന്തായിരുന്നു അത്രേ അപ്പോഴത്തെ ഡയലോഗ്.... പേടിച്ച് മൂത്രമൊഴിച്ച് നാറ്റിച്ചോ നീയ് "


"പൊ അമ്മേ... കളിയാക്കല്ലേ... ഇന്ന് വെള്ളിയാഴ്ച ആയതുകൊണ്ടാണ് എനിക്ക് പേടി വന്നത്, ഇല്ലെങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു...."


"ഹ്മ്മ് 
.. ശരി ശരി.....  രാമേട്ടാ ഞാൻ മോളുടെ ഒപ്പം കിടന്നോളാം കേട്ടോ, മഗിൽ വെള്ളം ഇരിപ്പുണ്ട്
 ആവശ്യം വന്നാൽ എടുത്തു കുടിച്ചോളട്ടോ..."


" ഹ്മ്മ്...ഇത്ര നേരവും നീ ഉറങ്ങാതെ കിടക്കുവായിരുന്നൊ മോളെ,"


" ചെറുതായി ഒന്ന് മയങ്ങി, പിന്നെ എന്തോ ഉറക്കം വന്നില്ല...വെറുതെ അങ്ങനെ കിടന്നു..."


അമ്മാളു അച്ഛനോടായി പറഞ്ഞു കൊണ്ട് മുറിയിലേക്ക് നടന്നു.

 അമ്മയെയും കെട്ടിപ്പിടിച്ച് ആ നെഞ്ചിലെ ചൂടു പറ്റി കിടന്നശേഷമാണ് അമ്മു വീണ്ടും ഉറങ്ങിയത്..


***

 കാലത്തെ 9 മണി ആയപ്പോൾ, പ്രഭയുടെ കോൾ  വന്നു.

അമ്മാളു ആയിരുന്നു ഫോൺ എടുത്തത്.

"ഹെലോ അപ്പെ ..."

"മോളെ.... എന്തെടുക്കുവാ... കാപ്പി കുടിച്ചോ നീയ് '


."ഉവ്വ്‌... കഴിഞ്ഞു, അവിടോ..."


"ഇവിടേം കഴിഞ്ഞു... "

"കുട്ടികൾ എല്ലാവരും എവിടെ.... ഇന്ന് ക്ലാസ്സ്‌ ഉണ്ടോ അപ്പേ "


" ഇന്ന് ആർക്കും ക്ലാസ് ഇല്ല മോളെ, അതുകൊണ്ട് എല്ലാവരും കൂടി ഉച്ചയ്ക്കുശേഷം ഇല്ലത്തേക്ക് വരുന്നുണ്ട്, മോൾ ഇന്ന് മടങ്ങി വരുമോ, അതോ"


" തിങ്കളാഴ്ച ഇവിടുന്ന് കോളേജിലേക്ക് വന്നോളാം എന്നാണ് ഞാൻ വിഷ്ണുവേട്ടനോട് പറഞ്ഞത്.... അമ്മയൊക്കെ വരുകയാണെങ്കിൽ ഇന്ന് തന്നെ ഞാൻ ഒപ്പം പോരാ  "


" സാരമില്ല, ഞങ്ങളുടെ വരവ് നാളത്തേക്ക് ആക്കാം മോളെ, അപ്പോൾ നിനക്ക് ഒരു ദിവസം കൂടി നിൽക്കാമല്ലോ"


" അത് വേണ്ടെമ്മേ കുട്ടികൾ എല്ലാവരും ഇന്ന് ആഗ്രഹിച്ചിരിക്കുകയല്ലേ,അവര് പോരട്ടെ, നമ്മൾക്ക് രാത്രിയിൽ അത്താഴം ഒക്കെ കഴിച്ചശേഷം മടങ്ങാം "


 അമ്മാളു പറഞ്ഞതും പ്രഭ സമ്മതിച്ചു..

" അമ്മേ മീരേടത്തി എവിടെ "?


" എന്റെ അരികിൽ ഉണ്ട് കൊടുക്കാമേ... "


 പ്രഭ ഫോൺ മീരയ്ക്ക് കൈമാറി.

ഹലോ മോളെ...

 ആഹ് ഏടത്തി ബ്രേക്ഫാസ്റ്റ് ഒക്കെ കഴിഞ്ഞോ....

"ഉവ്വ്‌... കഴിഞ്ഞു... ഞാനും അമ്മയും വെറുതെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.... അവിടെ മോളുടെ അമ്മയും അച്ഛനും ഒക്കെ എന്ത് ചെയ്യുന്നു "


" അച്ഛൻ തൊട്ടടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ പോയതാണ്. ഇന്ന് ശനിയാഴ്ചയല്ലേ.... പിന്നെ അമ്മ അടുക്കളയിൽ ഉണ്ട്... "

 "തിരക്കിയതായി പറയണം കേട്ടോ.."


"മ്മ്...."


"ഏടത്തി... വൈകുന്നേരം കുട്ടികളുടെ ഒപ്പം വരില്ലേ"


" നോക്കട്ടെ മോളെ പറ്റുമെങ്കിൽ വരാം അല്ലെങ്കിൽ മറ്റൊരു ദിവസം നമുക്ക് ഒരുമിച്ച് പോകാ കേട്ടോ "


"മ്മ്... ഏടത്തി വരാൻ മാക്സിമം ട്രൈ ചെയ്യണേ "


"ആഹ് ശരി മോളെ..."


" ഏടത്തി എങ്ങനെയാണ് അവരെല്ലാവരും ഇവിടേക്ക് വരുന്നത്, വിഷ്ണുവേട്ടൻ കൊണ്ടുവരുമോ  "

" ഇല്ല മോളെ.... അച്ഛൻ ആയിരിക്കും,അമ്മ അങ്ങനെ പറഞ്ഞാണ് കാലത്തെ അച്ഛനെ അയച്ചത്... "


"മ്മ്... ശരി ഏടത്തി"

 കുറച്ചുസമയം കൂടി കുശലം പറഞ്ഞശേഷം അമ്മാളു ഫോൺ വെച്ചത്.


 വിഷ്ണുവേട്ടൻ അവിടെ ഉണ്ടോ ആവോ, താൻ ഇപ്പോൾ ചോദിച്ചാല് അത് അമ്മ കേൾക്കും, കാലത്തെ അമ്മയോട് പറഞ്ഞത് വിഷ്ണുവേട്ടൻ തന്നെ വിളിച്ചു എന്നായിരുന്നു....

അമ്മാളു ഫോണും ആയിട്ട് അടുക്കളയിൽ ചെന്നു 

അമ്മയോട് അവരൊക്കെ വരുന്ന കാര്യം പറഞ്ഞു.


 എല്ലാവരും വരുന്നത് സന്തോഷമുള്ള കാര്യമാണെങ്കിൽ പോലും, മകൾ ഇന്ന് തിരിച്ചു പോകുമല്ലോ എന്നോർത്തപ്പോൾ ലേഖയ്ക്ക് സങ്കടമായി.


 എന്നാലും അവർ അതൊന്നും പുറമേ കാണിക്കാതെ കൊണ്ട്  നടന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story