അമ്മാളു: ഭാഗം 53

രചന: കാശിനാഥൻ

ഒരു ഓടിച്ചു പിടിച്ചു ഉള്ള കുളി ആയിരുന്നു അമ്മാളു നടത്തിയത്.

 10 മിനിറ്റിനുള്ളിൽ അവൾ കുളികഴിഞ്ഞ് ഇറങ്ങിവന്നു.

വിഷ്ണു അപ്പോഴേക്കും, കോളേജിൽ ഇട്ടോണ്ട് പോയിരുന്ന വേഷം ഒക്കെ മാറ്റിയിട്ട്,  നിൽപ്പുണ്ട്.

അവനെ കണ്ടതും അമ്മാളുവിനു നാണം തോന്നി.

മുഖം ഒക്കെ കുനിച്ചു പിടിച്ചു നാണത്തോടെ വരുന്നവളെ കണ്ടതും വിഷ്ണുവിനു ചിരി വന്നിട്ട് വയ്യാരുന്നു.

ഡ്രസിങ് റൂമിലേക്ക് പോയപ്പോളും നെറുകയിൽ സിന്ദൂരം ഇട്ടപ്പോളും, മുടി അഴിച്ചു തോർത്തിയപ്പോളും ഒക്കെ അറിയാതെ പോലും അവളിൽ നിന്നും ഒരു നോട്ടം അവനെ തേടി വന്നില്ല.


ഇങ്ങനെ ഒരു പെണ്ണ്, വേറെ എവിടെയും കിട്ടില്ല ഇതുപോലെ ഒന്നിനെ...

മനസ്സിൽ ഓർത്തു കൊണ്ട് അവൻ പതിയെ ചെന്നു അമ്മാളു വിനെ പിടിച്ചു നിറുത്തി.എന്നിട്ട് അവളുടെ താടിതുമ്പ് പിടിച്ച മേൽപ്പോട്ട് ഉയർത്തി.

ടി... നീയെന്താ ഇങ്ങനെ കുനിഞ്ഞ് തറയിലേക്ക് നോക്കി നടക്കുന്നത്,അവിടെ നിനക്ക് കാണാനും മാത്രം ആരെങ്കിലും ഇരിപ്പുണ്ടോ.?

 മറുപടിയൊന്നും പറയാതെ പെണ്ണ് നാലുപാടും നോക്കി.

 ചോദിച്ചത് കേട്ടില്ലേ അമ്മാളു,, നിന്റെ കേൾവിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായോ പെട്ടെന്ന്.


അവന്റെ ശബ്ദം കടുത്തതും അമ്മാളു ഒന്ന് ദയനീയമായി വിഷ്ണുവിനെ നോക്കി.

"യ്യോ.. ഒന്ന് പതുക്കെ പറ വിഷ്ണുവേട്ടാ ആരെങ്കിലും കേൾക്കും"

 അവൾ വീണ്ടും മുഖം തിരിച്ചു ചുറ്റിനും നോക്കുന്നുണ്ട് 

"ഈ റൂമിൽ ആരെങ്കിലും കയറി ഒളിച്ചിരിപ്പുണ്ടോ, നീ ഇങ്ങനെ നോക്കാനും മാത്രം"

" കുട്ടികളെങ്ങാനും കേറി വന്നോ എന്നാ നോക്കിയത് "

" കുട്ടികൾ ആരെങ്കിലും ഇവിടെ വന്നിരുന്നാൽ അവരെ നിനക്ക് കാണാൻ സാധിക്കില്ല "


"ഹ്മ്മ്..  ശരി ശരി ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറഞ്ഞെ,  നീ എന്തിനാ ഇതിലെ മുഖം തിരിച്ചു നടക്കുന്നത്"

" സത്യം പറഞ്ഞാൽ എനിക്ക് നാണം വന്നിട്ടാ വിഷ്ണുവേട്ടാ "

"എന്തിന്, നാണിക്കാനും മാത്രം ഇപ്പോൾ ഇവിടെ എന്തെങ്കിലും സംഭവിച്ചോ"

" ഞാൻ വിഷ്ണുവേട്ടനെ കെട്ടിപ്പിടിച്ചില്ലേ, ഇനി വിഷ്ണുവേട്ടൻ എങ്ങാനും എന്നെ പറ്റി മോശമായിട്ട് എന്തെങ്കിലും കരുതിയോ എന്ന് ഞാൻ ചിന്തിച്ചു പോയി  "


" നീയെന്നെ ഒന്ന് കെട്ടിപ്പിടിച്ചാൽ ഉടനെ നിന്നെപ്പറ്റി ഞാൻ എന്തിനാ അത്രയ്ക്ക് മോശമായി ചിന്തിക്കുന്നത്, നീ എന്റെ ഭാര്യ അല്ലേ,"

 അമ്മാളുവിനോട് സംസാരിച്ചുകൊണ്ട് നിന്നപ്പോൾ ആയിരുന്നു ആരുവും നിച്ചുവും കൂടി കയറി വന്നത്.

 മാളൂട്ടി....

ആരു ഉറക്ക വിളിച്ചു.

 പെട്ടെന്ന് തന്നെ അമ്മാളു വിഷ്ണുവിന്റെ അരികിൽ നിന്നും, അകന്നു മാറി വാതിൽക്കലേക്ക് ഓടിച്ചെന്നു.

"അച്ഛമ്മ വിളിക്കുന്നുണ്ട്, താഴേക്ക് ഒന്നിറങ്ങി വരുമോ എന്ന് ചോദിച്ചു"

"ഹ്മ്മ് ഞാൻ പൊയ്ക്കോളാടാ,  കുളിക്കുവായിരുന്നു ഇപ്പോഴാ ഇറങ്ങിയത്"

" നിങ്ങൾ ലൈറ്റ് ആയിട്ടാണോ കോളേജിൽ നിന്നും എത്തിയത് "

നിച്ചു ചോദിച്ചു.

"ഹ്മ്മ്.. നല്ല മഴയല്ലായിരുന്നു ഒരു മണിക്കൂറോളം വണ്ടി വെറുതെ നിർത്തിയിട്ടിരിക്കുകയായിരുന്നു,  റോഡ് ഒന്നും കാണാൻ കൂടി വയ്യായിരുന്നു"
 തലമുടിക്കെട്ട് അഴിച്ച് തോർത്തി ഒന്നുകൂടി മുറുക്കെ കെട്ടി വച്ചുകൊണ്ട് അമ്മാളു പറഞ്ഞു.

" ഇന്ന് ഇനി ട്യൂഷൻ വേണോ ചെറിയച്ഛാ നേരം ഒരുപാട് ആയില്ലേ "

 ആരു,വിഷ്ണുവിനെ നോക്കി ചോദിച്ചു.

" ഹോംവർക്ക് ഒക്കെ പോയിരുന്നു ചെയ്യാൻ നോക്ക്, വെറുതെ സമയം കളയാൻ നിൽക്കണ്ട, പഠിക്കാനുള്ളത് അന്നന്ന് കമ്പ്ലീറ്റ് ചെയ്താൽ പിന്നെ,എളുപ്പമാകില്ലേ,"

 അവൻ പറഞ്ഞതും കുട്ടികൾ രണ്ടാളും തലയാട്ടി.

"ഋഷികുട്ടൻ എന്തിയേ, അവനെ കണ്ടില്ലല്ലോ"


"അവൻ താഴെ ഇരിപ്പുണ്ട്, ഞങ്ങൾ വന്നപ്പോൾ സ്നാക്സ് ഒക്കെ മേടിച്ചോണ്ട് വന്നിരുന്നു,  അതിരുന്ന് കഴിക്കുന്നുണ്ട്"

" എന്താടി മേടിച്ചത്,  നോൺ ഐറ്റം വല്ലതുമാണോ'

 അമ്മാളു ആരുവിനെ ഒന്നു നോക്കി.

"നെയ്യപ്പവും,സമൂസയും ഒക്കെയാണ്,അത് കഴിക്കുവാൻ വേണ്ടിയാ അച്ഛമ്മ  വിളിച്ചത്"

"മ്മ്... എന്നാൽ പിന്നെ ഞാൻ താഴേക്ക് പോകുവാ, വിഷ്ണുവേട്ടാ എന്റെ ഹോവര്‍ക്കൊക്കെ ഞാൻ രാത്രിയിൽ കമ്പ്ലീറ്റ് ചെയ്തോളാമേ "

 അവന്റെ മറുപടി പോലും കാക്കാതെ അമ്മാളു വാതില് കടന്ന് ഇറങ്ങി പോയിരുന്നു.


 ആരുവും മിച്ചുവും കൂടി പഠിക്കുവാൻ വേണ്ടി ലൈബ്രറിറൂമിലേക്ക് കയറി പോയി..


അമ്മാളു താഴെ ചെന്നപ്പോൾ പ്രഭ ചായ എടുക്കുന്ന തിരക്കിലാണ്

"അപ്പേ,,"

"ആ മോളെ,നിങ്ങൾ എപ്പോ വന്നത്, നല്ല മഴ ആയിരുന്നല്ലേ ഇന്നു "

"ഞങ്ങൾ വന്നിട്ട് അധികനേരം ആയില്ലമ്മേ, വിഷ്ണുവേട്ടൻ ആണെങ്കിൽ വണ്ടി ഓടിക്കാൻ പോലും മേലാതെ വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു, ഒരുതരത്തിലാണ് ഇവിടെ ഒന്ന് എത്തിപ്പെട്ടത്, "

"ഹ്മ്മ്.. കാലം തെറ്റി ഒരു മഴയെ, ചിങ്ങം പിറക്കാനായി  ഇനി, രണ്ടു നാൾ കൂടിയുള്ളൂ. ഇക്കുറി ഓണം ഒക്കെ മഴ കൊണ്ടുപോകുമോ ആവോ "

" അടുത്തയാഴ്ച ഞങ്ങളുടെ ഓണം സെലിബ്രേഷൻ ആണ് അപ്പെ,അത് കഴിഞ്ഞാൽ പിന്നെ കോളേജ് അടയ്ക്കും, ഇപ്രാവശ്യം ഓണം നേരത്തെ ആണല്ലേ  "

"ഹ്മ്മ്... അതേ മോളെ, പിന്നെ വീട്ടിൽ നിന്നും വിളിച്ചിരുന്നു ഉത്സവത്തിന് പോകുന്ന കാര്യമൊക്കെ,  എന്ത് തീരുമാനിച്ചു നിങ്ങൾ രണ്ടാളും"

" വിഷ്ണുവേട്ടൻ എന്നോട് പൊയ്ക്കോളാൻ പറഞ്ഞെപ്പെ, ആരുവും മിച്ചുവും ഋഷി കുട്ടനും ഒക്കെ വരുന്നുണ്ടെങ്കിൽ, ഞങ്ങളെല്ലാവരും കൂടി വെള്ളിയാഴ്ച വൈകുന്നേരം പോയാലോ എന്നാണ് ഓർക്കുന്നത്. "


"മ്മ്... അവർക്കും വരണമെന്ന് വലിയ ആഗ്രഹമാണ്, പിന്നെ ശനിയാഴ്ചയും ഞായറാഴ്ചയും സ്കൂൾ ഇല്ലാത്തതുകൊണ്ട്, കുട്ടികൾ വരുന്നെങ്കിൽ വരട്ടെ,"

 അമ്മളുവിന്  ഒരു പ്ലേറ്റിലേക്ക്, നെയ്യപ്പവും സമോസയും വെജിറ്റബിൾ കട്ട്ലൈറ്റും ഒക്കെ എടുത്തുവെച്ച് ചായയും കൂട്ടി പ്രഭ കൊടുത്തു.

" മീരടത്തി എവിടെ? കണ്ടില്ലല്ലോ "

" മീര കുളിക്കാൻ കയറിയതാണ് മോളെ, കുളികഴിഞ്ഞ് ഇറങ്ങേണ്ട നേരം കഴിഞ്ഞു, ചിലപ്പോൾ പൂജാമുറിയിൽ ആവും  "


"ഹ്മ്മ്... അപ്പ ചായ കുടിച്ചോ "?

"വല്യമ്മയുടെ വീട്ടിൽ നിന്ന് ചായയും പലഹാരങ്ങളും ഒക്കെ കഴിച്ചിരുന്നു,"

" ഒരു ഗ്ലാസ് കൂടെ എടുക്ക് എന്നിട്ട് എനിക്ക് ഒരു കമ്പനി താ അപ്പേ "

"യ്യോ മതി മോളെ...ഇനി ഒന്നും വേണ്ടാ,നീ കഴിയ്ക്ക്... എന്നിട്ട് പോയിരുന്നു വായിച്ചു പഠിച്ചോളൂ ഇല്ലെങ്കിൽ പിന്നെ വിഷ്ണു വഴക്ക് പറയും "

 "ഇന്ന് ട്യൂഷൻ ഇല്ലെന്നാണ് വിഷ്ണുവേട്ടൻ പറഞ്ഞത്,ഹോംവർക്ക് ചെയ്തുതീർത്താൽ മതി,എനിക്ക് ഒരുപാട് ഒന്നുമില്ല,ഞാൻ രാത്രിയിൽ ഇരുന്ന് പഠിച്ചോളാം അപ്പേ"

 അമ്മാളു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ മീര കുളി ഒക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് വന്നു.

"ഏടത്തി,,,  ചായ കുടിക്കാം വായോ "

 അമ്മാളു, സ്റ്റീൽ കപ്പിൽ ബാക്കിയിരുന്ന ചായ ഒരു  ഗ്ലാസിലേക്ക് പകർന്ന മീരക്ക് കൊടുത്തു.

" സത്യം പറഞ്ഞാൽ വേണ്ടായിരുന്നു മോളെ അവിടുന്ന് ചായയൊക്കെ കുടിച്ചു വയറു നിറഞ്ഞ വന്നത്"

"ഓഹ് പിന്നേ, ഒരു ഗ്ലാസ് ചായ കുടിച്ചപ്പോഴേക്കും ഏടത്തിക്കും അപ്പക്കും ഒക്കെ ഇത്രമാത്രം വയറു നിറഞ്ഞോ,  അതെന്തു പാലാണ് ഒട്ടകത്തിന്റെയോ മറ്റോ ആണോ"

 അവളുടെ പറച്ചില് കേട്ടതും മീര ചിരിച്ചു........കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story