അനന്തഭദ്രം: ഭാഗം 32

anantha badhram

എഴുത്തുകാരി: മയിൽപീലി

സ്വയം ഓരോന്ന് ഓർത്തുകൊണ്ടും പരിഭവിച്ചുകൊണ്ടും അനന്തനും... മനസ്സിലെ അതെ പിരിമുറുക്കത്തോടെ ഭദ്രയും ഇരു മുറികളിലായി ഒരേ മനസ്സോടെ ഉറങ്ങാനാവാതെ കിടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു... പരസ്പരം മിണ്ടണം എന്ന് രണ്ടാൾക്കും ഉണ്ടെങ്കിലും എന്തോ ഒന്ന് രണ്ടാളെയും പിന്നോട്ട് വലിച്ചു.... അനന്തന്റെ ദേഷ്യം കൂട്ടുമെന്ന ചിന്തയിൽ ഭദ്രയും അവളെ അടിച്ച് പോയതിന്റെ കുറ്റബോധംത്തിൽ അനന്തനും പരസ്പരം ഒഴിഞ്ഞു നിന്നു. രണ്ടു മുറികളിലായി കിടക്കുമ്പോഴും തമ്മിൽ തമ്മിൽ അറിയാതെ ഇരുവരും ഒരാൾ ഒരാളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നു...! പിണക്കം ഒരു മാറ്റവും കൂടാതെ കടന്നുപോയി... എങ്കിലും ഇടയ്ക്ക് കണ്ണുകൾ തമ്മിൽ പരിഭവങ്ങൾ പറഞ്ഞുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""അനന്താ... """ഹാ ദാ വരുന്നടാ രാവിലെ നെറ്റ് റീചാർജ് ചെയ്യാൻ കവലയിലെ കടയിൽ നിൽക്കുമ്പോഴാണ് വിഷ്ണു അവനെ റോഡിന് അപ്പുറത്തുനിന്ന് വിളിച്ചുകൊണ്ട് വരുന്നത് കാണുന്നത്..

കടയിൽനിന്ന് അനന്തൻ ഇറങ്ങുമ്പോഴേക്കും റോഡ് മുറിച്ച് കടന്നവൻ അനന്തന്റെ അരുകിൽ എത്തിയിരുന്നു. """"ആഹാ നീ ഇത് എങ്ങോട്ടാ വിഷ്ണു..? """ടാ എനിക്ക് തറവാട് വരെ പോകണം അമ്മയും വസുവും ( വിഷ്ണുവിന്റെ പെങ്ങൾ വസുധ ലക്ഷ്മി.)അവിടെയാ.... """ആഹാ അവള് വന്നിട്ടുണ്ടോ??? """ഹ്മ്മ് ഇന്നലെ വന്നടാ... വസു ചെന്നൈയിൽ നിന്നാണ് പഠിക്കുന്നത്.. """എന്താടാ എന്തെങ്കിലും വിശേഷം ഉണ്ടോ..?? """"വിശേഷം ഒന്നുമില്ലടാ മുത്തശ്ശിക്ക് സുഖമില്ലലോ...? ഒന്ന് കാണാൻ പോകണം എന്ന് പറഞ്ഞിട്ട് ഇന്നലെ ജോലിക്ക് പോകും മുന്നേ അച്ഛൻ അവിടെ ആക്കിയിട്ടാ പോയെ... ഇന്നിനി ഞാൻ അവിടെ നിന്നിട്ട് നാളെ രണ്ടാളെയും കൊണ്ട് പോരണം.. ദാ മാണിക്യശ്ശേരിയിലേക്ക് വരാൻ ഇറങ്ങിയതാ.. ഇനിയിപ്പോ നിന്നെ കണ്ടസ്ഥിതിക്ക് നിന്നേ ഏൽപ്പിച്ചാൽ മതിയല്ലോ...! എന്നാ ഭദ്രയുടെ പേഴ്‌സാ അവള് ഇത് ആശുപത്രിയിൽ വച്ച് മറന്നു.

""അനന്താ... താൻ നീട്ടിയ പേഴ്സിലേക്ക് നോക്കി അത് വാങ്ങാതെ എന്തോ ചിന്തിച്ച് നിൽക്കുന്നവനെ വിഷ്ണു പിന്നെയും വിളിച്ചു. ""ആഹ്... ""നീ ഇത് ഏത് ലോകത്താ.. """അല്ലെടാ അവളുടെ പേഴ്‌സ് എങ്ങനെ ഹോസ്പിറ്റലിൽ?? """ഹേ അപ്പൊ നിന്നോട് ഇതുവരെ ഒന്നും പറഞ്ഞില്ലേ ഭദ്ര..? അപരാധം ചെയ്ത പോലെ തന്റെ മുന്നിൽ മുഖം കുനിച്ചു നിൽക്കുന്നവനെ വിഷ്ണു സംശയത്തോടെ നോക്കി. """എന്താടാ...?? താൻ അവൾക്ക് പറയാൻ ഒരവസരം നൽകിയില്ലലോ എന്നോർക്ക് അവന് ഉള്ളിൽ കുറ്റബോധം നിറയുന്നുണ്ടായിരുന്നു... ഉണ്ടായതെല്ലാം അവൻ വിഷ്ണുവിനോട് പറഞ്ഞു. """നീ ഇത് എന്ത് പണിയാ അനന്താ കാണിച്ചേ... അതും നിന്റെ ഈ മരത്തടിപോലുള്ള കൈ വച്ച് അതിനെ തല്ലിയെന്ന് പറഞ്ഞാൽ അത് ജീവനോടെ ഉള്ളത് തന്നെ കാര്യം...! """അന്നേരത്തെ എന്റെ വിഷമത്തിൽ.. പറ്റിപോയടാ...! ദേഷ്യത്തോടെ തന്നെ വഴക്ക് പറയുന്ന വിഷ്ണുവിനെ നോക്കി അത്രയും പറഞ്ഞവൻ വീണ്ടും മുഖം കുനിച്ചു... ഒരു കൊച്ച് കുഞ്ഞിനെ പോലെ പതിഞ്ഞ സ്വരത്തിൽ അത്രയും പറഞ്ഞ് കണ്ണുനിറക്കുന്നവനെ കണ്ട് വിഷ്ണുവിന് അവനോട് വാത്സല്യം തോന്നി...

ഒപ്പം ഭദ്രയുടെ കാര്യം ഓർത്ത് സങ്കടവും... ""എന്നാലും കാര്യം അറിയാതെ വേണ്ടായിരുന്നു... പോട്ടെ പറ്റിയത് പറ്റി ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ... അവളില്ലായിരുന്നെങ്കിൽ സുമതിയമ്മയ്ക്ക് എന്തെങ്കിലും പറ്റിയേനെ.. അനന്തൻ അവൻ കാര്യം അറിയാനായി വിഷ്ണുവിനെ നോക്കി അതേടാ കല്യാണത്തിന്റെ അന്ന് സുമതിയമ്മ അവരുടെ സാധനങ്ങൾ പിന്നെ എടുക്കാമെന്ന് കരുതി മാണിക്യശ്ശേരിയിൽ വച്ചിട്ടാ പോയത്. അതെടുക്കാൻ അവര് വന്നതിന്റെ അന്ന്.... വിഷ്ണു ഭദ്ര അവനോട് പറഞ്ഞത് അനന്തന്നോട് പറയാൻ തുടങ്ങി.... ""ഭവനിയമ്മേ... ""ആഹ്ഹ് സുമതിയേച്ചിയോ.. """ആഹ്ഹ് എന്റെ സാധങ്ങൾ എടുക്കാൻ വന്നതാ മോളേ... എവിടെ അനന്തനും ഭവാനിയമ്മയൊക്കെ?? """അപ്പുവേട്ടൻ പുറത്ത് പോയി... മുത്തശ്ശി മരുന്ന് കഴിച്ച് ഉറക്കാ.. ചേച്ചി കയറിയിരിക്ക്. """ആഹ്ഹ് കുറച്ച് വെള്ളം താ മോളെ നടന്ന് ക്ഷീണിച്ചു. """ഹാ ഞാനിപ്പോ കൊണ്ട് വരാം... ഭദ്ര വെള്ളം എടുത്തുകൊണ്ടു വരുമ്പോൾ കാണുന്നത് ഉമ്മറത്ത് വീണു കിടക്കുന്ന സുമതിയമ്മയെ ആണ്.

""അയ്യോ സുമതിയേച്ചി.... അവൾ എങ്ങനെയോ അവരെ താങ്ങി ഇരുത്തി..വെള്ളം തളിച്ചിട്ടും അവർക്ക് ബോധം വന്നില്ല. ഭദ്രയ്ക്ക് കയ്യും കാലും ഓടുന്നുണ്ടായിരുന്നില്ല.. അവൾ ഓടി പോയി ഫോൺ എടുത്ത് അടുത്തുള്ള സുമേഷിന്റെ ഓട്ടോ വിളിച്ചു. ഓട്ടോ വന്നതും അവളും സുമേഷും കൂടി അവരെ താങ്ങി ഹോസ്പിറ്റലിലേക്ക് വിട്ടു. ദൃതിയിൽ ഫോൺ മേശമേൽ വച്ച് മറന്നു. മുത്തശ്ശിയോട് പറയാനും പറ്റിയില്ല. പോകുന്ന വഴി വിഷ്ണുവിനെ അവൾ ഓട്ടോയിൽ ഇരുന്ന് കണ്ടിരുന്നു.. പെട്ടെന്ന് ഓട്ടോ നിർത്തി അവൾ അവനെ കൂടെ വിളിച്ചു. വണ്ടിയിൽ ഇരുന്ന് തന്നെ കാര്യങ്ങൾ അവൾ പറഞ്ഞു. സുമതിയമ്മയ്ക്ക് ബി പി കൂടിയതായൊരുന്നു... രാവിലെ അത്രയും നടന്നത് കാരണം ക്ഷീണവും ഉണ്ടായിരുന്നു. വിഷ്ണു പറഞ്ഞത് കേൾക്കെ അനന്തന് താൻ ചെയ്ത തെറ്റ് എത്രത്തോളം ആണെന്ന് മനസ്സിലായി. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് അറിഞ്ഞും പരാതികൾ പറയാതെ തന്റെ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുന്നവളെ അവഗണിച്ചതോർക്കേ അവന് അവനോട് തന്നെ ദേഷ്യം തോന്നി.

"""മുത്തശ്ശി ഒറ്റയ്ക്ക് ഉള്ളതുകൊണ്ട് സുമേഷിന്റെ ഓട്ടോയിൽ തന്നെ ഞാൻ അവളെ വീട്ടിലേക്ക് വിട്ടു.. സുമതിയമ്മേ സ്ട്രച്ചറിൽ കിടത്തുന്ന വഴിക്ക് അവൾ പേഴ്‌സ് അവിടെ വച്ചു. അവൾ പോയി കഴിഞ്ഞിട്ടാ ഞാൻ കണ്ടത്. അനന്തന് അപ്പോൾ തന്നെ അവളെ കാണണം എന്ന് തോന്നി... അപ്പോഴാണ് ആരോ അവനെ വിളിച്ചത്. ഒഴിവാക്കാൻ കഴിയാത്ത തിരക്കായതുകൊണ്ട് രാത്രിയിൽ അവളോട് സംസാരിക്കാം എന്ന ധാരണയിൽ അവൻ വിഷ്ണുവിനോട് പറഞ്ഞ് അവിടുന്ന് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അവനിങ്ങു വരും കുട്ട്യേ.... നീ ഇങ്ങനെ പേടിക്കാതെ... രാവിലെ പോയതാണ് അനന്തൻ ഉച്ചക്ക് ചോറുണ്ണാൻ പോലും വന്നില്ല.. സമയം 9:30 കഴിഞ്ഞു... അവനെ കാണാതെ നോക്കി ഇരിക്കുകയാണ് ഭദ്ര. """എന്നാലും താമസിക്കുമെന്ന് കൂടി പറഞ്ഞില്ലാലോ മുത്തശ്ശി... അവൾ നിരാശയോടെ വാതിലിലേക്ക് കണ്ണ് നട്ടു. """മുത്തശ്ശി കിടന്നോ ഞാൻ അപ്പുവേട്ടൻ വന്നിട്ട് കിടന്നോളാം... ""ഹ്മ്മ് എങ്കിൽ കതകടച്ചിട്ട് ഇരിക്ക് മോളെ...അവൻ വരുമ്പോൾ തുറന്നാൽ മതിയല്ലോ...! ഇല്ലെങ്കിൽ അത് മതി അവന് ദേഷ്യം വരാൻ...

"""ശരിയാണ് അന്ന് താൻ കതക് തുറന്നിട്ട്‌ ഇരുന്നതിന് ചീത്ത കേട്ടു. ""ഹ്മ്മ് ശരി മുത്തശ്ശി... അത് പറഞ്ഞവൾ മനസ്സില്ലാ മനസ്സോടെ കതകടച്ചു. സമയം 10:45 കഴിഞ്ഞതും അവൾ അവനെ ഒന്ന് വിളിച്ചു നോക്കി... ഫോൺ സ്വിച്ചിട് ഓഫ്‌ ആണ്... ഭദ്രയ്ക്ക് ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി അതവളുടെ ഭയം ഇരട്ടിപ്പിച്ചു. അവൾ അക്ഷമയോടെ വീണ്ടും വിളിച്ചു നോക്കി... സ്വിച്ചിട് ഓഫ്‌ തന്നെ. അവൾ സെറ്റിയിലേക്ക് ചാഞ്ഞിരുന്നു... കണ്ണുകൾ അടഞ്ഞുപോകുന്നുണ്ടെങ്കിലും അവനെ ഓർത്തുള്ള പേടിയിൽ അതവൾ വക വച്ചില്ല... """ഞാൻ മരിച്ചു പോയാലും നിന്നെ അത് ബാധിക്കില്ല... നിനക്ക് ഒക്കെയും കടപ്പാടല്ലേ... സ്‌നേഹം അല്ലല്ലോ...! """ഞാൻ എവിടെ പോയാലും വന്നാലും.. വന്നില്ലെങ്കിലും ഇനി ആരും എന്നെ തിരക്കണ്ട...! അവൻ അന്ന് പറഞ്ഞതൊക്കെ ഓർമയിൽ തെളിഞ്ഞതും ഭദ്രയ്ക് നെഞ്ചിടിപ്പേറി ദൈവങ്ങളോട് അവൾ മനമുരുകി പ്രാർത്ഥിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സമയം പിന്നെയും നീങ്ങി കൊണ്ടിരുന്നു... അപ്പോഴാണ് വാതിൽ ഒരു മുട്ട് കേട്ടത്...

അവൾ പ്രേതീക്ഷയോടെ വാതിൽ തുറന്നു. വിഷ്ണു ആയിരുന്നു... അവൾ അവന്റെ പിന്നിൽ അനന്തനു വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു... മഴയിൽ നനഞ്ഞു കുതിർന്നാണവൻ വന്നത് ഭദ്രേ... """നീ ഒന്ന് വന്നേ നമുക്ക് ഹോസ്റ്റപിറ്റൽ വരെ പോകണം...മുത്തശ്ശിയോട് പറയണ്ട. """എന്താ വിഷ്ണുഏട്ടാ... എന്താ കാര്യം. """അത് അനന്തന് ഒരു ആക്‌സിഡന്റ് ഒന്ന് വന്നേ... ഭദ്രയ്ക്ക് ആകെ ഒരു മരവിപ്പ് തോന്നി. മുഖം തരാതെ കണ്ണുനീർ തുടക്കുന്ന വിഷ്ണുവിനെ കണ്ടവൾക്ക് സംശയം തോന്നി... """വിഷ്ണുവേട്ട... പറ സത്യം പറ.. ന്റെ... ന്റെ അപ്പുവേട്ടന് ന്താ... പറ... ഇടറുന്ന ശബ്ദത്തോടെ അവൾ ചോദിച്ചു... """എന്നോട് പറ വിഷ്ണുവേട്ടാ....എന്താണെന്ന് പറ.. ഒന്നും മിണ്ടാതെ തളർച്ചയോടെ നിൽക്കുന്നവന്റെ തോളിൽ പിടിച്ചുലച്ചുകൊണ്ട് ഭദ്ര അലറി... """അനന്തൻ... നമ്മുടെ അനന്തൻ പോയി ഭദ്രേ... """ന്റെ അപ്പുവേട്ടൻ.... ഭദ്രയ്ക്ക് ശരീരം തളരുന്നപോലെ തോന്നി... '""അപ്പു.. ഏട്ടാ.. കണ്ണിലാകെ ഇരുട്ട് കേറിയതും ആ അലർച്ചെയോടൊപ്പം ഭദ്ര ബോധം മറഞ്ഞ് വിഷ്ണുവിന്റെ കൈകളിലേക്ക് കുഴഞ്ഞ് വീണിരുന്നു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story