അനന്തിക: ഭാഗം 10

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ഇടയിലെപ്പോഴോ മഹിയെ നോക്കിയപ്പോൾ അവനപ്പോഴും ഒരു ചിരിയോടെ കഴിക്കുന്നുണ്ടായിരുന്നു... അവൾ നോക്കിയതറിഞ്ഞപ്പോൾ വെറുതെയൊന്ന് കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു.... അതിലുണ്ടായിരുന്നു എല്ലാം.... പതിയെ പതിയെ അതേ പുഞ്ചിരി അവളിലേക്കും പടർന്നു.... ഒരുപക്ഷേ ഇതുവരെ ചിരിച്ചതിൽ നിന്നേറെ വ്യത്യസ്തമായ അത്രമേൽ മനോഹരമായൊരു പുഞ്ചിരി.... ""സത്യം പറയാല്ലോ അനന്തിക... ഞങ്ങളിത്രേം നാള് തന്റെ അടുത്തേക്ക് വരാതിരുന്നത് തനിക്കു നല്ല ജാടയാകും എന്ന് വിചാരിച്ചിട്ടാ...."" ജിതിൻ പറഞ്ഞതും അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. ഇത്രയും നാളും വിചാരിച്ചിരുന്നത് ഇവരെല്ലാം അച്ചുവിനെയും പ്രിയയെയും പോലെ തന്നെയാകും പെരുമാറുക എന്നാണ്. അടുക്കാൻ പേടിയായിരുന്നു ഓരോരുത്തരോടും....

ഗൗരവക്കാരിയുടെ മുഖം മൂടിയണിഞ്ഞാൽ പരസ്യമായി ആരുമൊന്നും പറയില്ലെന്നുള്ള ധാരണയിൽ തന്നെയാണ് ഇത്രയും നാളും ആരോടും അടുപ്പത്തിന് പോകാതിരുന്നത്..... ""എന്നാലും ഇത്രേം പാവമാണ് നന്ദുവെന്ന് തനിക്ക് മനസ്സിലായില്ലേ ജിതിനെ...."" മഹി താടിക്ക് കൈ കൊടുത്തു ജിതിനെയും നന്ദുവിനെയും മാറി മാറി നോക്കി... ""വന്ന അന്ന് തന്നെ എനിക്ക് മനസ്സിലായല്ലോ ഈ ഗൗരവവും ദേഷ്യവുമൊക്കെ വെറും നമ്പറാണെന്ന്..."". മഹിയൊന്ന് കണ്ണിറുക്കിയതും നന്ദു ചമ്മലോടെ മുഖം താഴ്ത്തി... ""അനിയത്തിമാർ രണ്ടാളും എന്താ ചെയ്യുന്നത്.... ""പാത്രം കഴുകി ക്യാന്റീനിൽ നിന്നും തിരികെ നടക്കുന്നതിനിടയിൽ മഹി ചോദിച്ചു...

ഒരു നിമിഷത്തേക്ക് അതുവരെ ഉണ്ടായിരുന്ന പുഞ്ചിരി ചെറുതായൊന്നു മങ്ങി... ""രണ്ടാളും ഇപ്പൊ ബികോം ഫൈനൽ ഇയർ... ട്വിൻസ് ആണ്...."" പഴയ ചിരി വീണ്ടെടുത്തു പതിയെ പറഞ്ഞു... ""അച്ഛനും അമ്മയുമൊക്കെയോ....."" കൂടെ നടന്ന സുമയുടെ വകയായിരുന്നു. ""അമ്മ തയ്യൽ ക്ലാസ്സ്‌ നടത്തുന്നുണ്ട്....... അച്ഛൻ....... ഉപേക്ഷിച്ചു പോയി..."" ശബ്ദം ഒരിക്കൽ പോലും ഇടറാതെ പറയുന്ന പെണ്ണിനെ നോക്കുകയായിരുന്നു മഹി... ""അറിഞ്ഞില്ലെടോ..... സോറി... വിഷമം ആയോ തനിക്ക്...."" സുമയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞിരുന്നു.. ""എന്തിനാ..... ഇതിപ്പോൾ ചോദ്യം ഒരിത്തിരി താമസിച്ചു എന്നല്ലേ ഉള്ളൂ.... ഇതൊക്കെ എല്ലാവരും ചോദിക്കുന്നതല്ലേ....""

നന്ദു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ മാത്രമാണ് സുമയ്ക്കും സമാധാനമായത്... അന്നാദ്യമായി സീറ്റിൽ പോയിരുന്നിട്ടും മറ്റുള്ളവർ പറയുന്നത് കേൾക്കാനായി അവളുടെ കാതുകൾ ചലിച്ചു... ഓരോരുത്തരും പരസ്പരം ആലോചിച്ചും സഹായം തേടിയും തെറ്റുമ്പോൾ കളിയാക്കിയും ജോലി ചെയ്യുന്നത് കൗതുകത്തോടെ നോക്കി നിന്നു.... പലരുടെയും പരാതി പറച്ചിൽ ചുണ്ടിലെ ആ പുഞ്ചിരിക്ക് ഒരല്പം പോലും തെളിച്ചം മങ്ങാതെ കാത്തു... എന്തൊ വല്ലാത്തൊരു സന്തോഷം നിറഞ്ഞു നിന്നിരുന്നു ഒരോ പ്രവൃത്തിയിലും.... അവരിൽ ഒരാളായി മാറാൻ കൊതിക്കുന്നത് പോലെ...

സാധാരണ ദിവസത്തിൽ നിന്നും വ്യത്യസ്തമായി ഓഫീസ് ടൈം കഴിഞ്ഞത് പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.... ആറു മണി എന്ന് കണ്ടതും ജീവിതത്തിൽ ആദ്യമായി നഷ്ടബോധം തോന്നി... വീണ്ടും വീണ്ടും അവരോടൊപ്പം ഇരിക്കാനായി മനസ്സ് വല്ലാതെ തുടി കൊട്ടുന്നുണ്ടായിരുന്നു. ഓരോരുത്തരായി ബാഗൊക്കെ എടുത്തു പുറത്തേക്ക് നടന്നു തുടങ്ങിയതും പതിയെ എഴുന്നേറ്റു.... ആളെ നോക്കിയിട്ട് എവിടെയും കാണുന്നില്ല. എവിടെയോ പോകാനുണ്ടെന്ന് ഉച്ചക്ക് പറയുന്നത് കേട്ടു. വീണ്ടും നിരാശ തോന്നി.... ""ഒന്ന് പറഞ്ഞിട്ട് പോയാലെന്താ പോകുമ്പോൾ...."" പറഞ്ഞു കഴിഞ്ഞിട്ടാണ് പറ്റിയ അബദ്ധത്തെപ്പറ്റി ആലോചിക്കുന്നത്...

അങ്ങനെ പറഞ്ഞിട്ട് പോകാൻ വേണ്ടി മാത്രം എന്ത് ബന്ധമാണുള്ളത്... ഒന്നുമില്ല.... വെറും ഒരു മാസത്തെ പരിചയം മാത്രം.... തലയ്ക്കിട്ട് ചെറുതായൊരു കൊട്ട് കൊടുത്തു ബാഗെടുത്തു ഇറങ്ങിയപ്പോഴാണ് അതിലെന്തോ ഒട്ടിച്ചു വച്ചിരുന്നത് കണ്ടത്.... ഒരു സ്മൈലിയും അതിന് താഴെ കറുത്ത മാർക്കർ കൊണ്ടൊരു കുഞ്ഞ് tata.... ഒരു നിമിഷം കണ്ണ് നിറഞ്ഞത് പോലെ തോന്നി.... ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു...... "എന്റെ.....".. പതിയെ പറഞ്ഞു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കി അക്ഷമയോടെ നിൽക്കുകയാണ് നന്ദു... ബസ് സ്റ്റോപ്പിൽ പതിവിലും അധികം തിരക്കുണ്ട്... ഇന്നും ഏതൊക്കെയോ ബസ് ഇല്ലെന്ന് തോന്നുന്നു...

""എന്റെ കൃഷ്ണ... ചതിക്കല്ലേ... ഇന്നാണെങ്കിൽ ആറെ മുക്കാലിന്റെ രണ്ടാമത്തെ ബസ് ഒരെണ്ണമേ ഉള്ളൂ... കറക്റ്റ് സമയത്ത് അവിടെ ചെന്നില്ലെങ്കിൽ പിന്നെ പകുതി വഴിക്ക് നിൽക്കേണ്ടി വരും..."" ആറെകാലായിട്ടും ബസ് കാണാനില്ല... പലരും ഓട്ടോയിലും മറ്റുമായി പോയി തുടങ്ങുന്നുണ്ട്..... അങ്ങോട്ടാണെങ്കിൽ വേറെ ബസ്സും ഇല്ല... ഓട്ടോക്ക് പോകാൻ കൈയിലെ പൈസ തികയില്ല... അഞ്ഞൂറിന് അടുപ്പിച്ചാകും വീട് വരെ പോകണമെങ്കിൽ... കൈയിൽ ഉണ്ടായിരുന്ന അയ്യായിരത്തിൽ നിന്നെടുത്താണ് അച്ചുവിനും പ്രിയക്കും കൊടുത്തത്. ഇനിയിപ്പോ അടുത്ത ആഴ്ച ശമ്പളം കിട്ടണം. അതുവരെ പോകാനുള്ള ബസ് ചാർജ് എടുത്തു മാറ്റി വച്ചിട്ടുണ്ട്...

വീട്ടിൽ ചെന്നിട്ട് കൊടുക്കാം എന്ന് വിചാരിച്ചാലും അമ്മേടെ കൈയിൽ കാണില്ല... ""രാത്രിയാകുമല്ലോ കൃഷ്ണ ഇനി......"" സങ്കടമോ... ദേഷ്യമോ അങ്ങനെ എന്തൊക്കെയോ തോന്നി. ആദ്യമായിട്ടാണ് ഇങ്ങനെയൊന്ന്... ബസ് സ്റ്റോപ്പിലെ ആള് കുറയുന്നതനുസരിച്ചു ഉള്ളിലെ സങ്കടം ഒന്നൂടെ കൂടി... വേറെ സ്ഥലങ്ങളിലൊട്ടുള്ള ബസ്സൊക്കെ പോകുന്നുണ്ട്. ഇത് ഇന്നും പണി മുടക്കിയെന്ന് തോന്നുന്നു.... കഴിഞ്ഞ രണ്ടു ദിവസവും പകരം ബസ് വന്നിരുന്നു ഇത്തിരി ലേറ്റ് ആയാലും. ഇന്നിപ്പോ അതുമില്ല എന്ന് തോന്നുന്നു. ""നന്ദൂ....."" വീണ്ടുമാ ശബ്ദം..... അമ്പരപ്പോടെ തിരിഞ്ഞു നോക്കി..... ബസ് സ്റ്റോപ്പിന്റെ തൊട്ട് മുൻപിലായി ബൈക്കിൽ ഇരിക്കുന്നു.

എന്താ എന്നുള്ള ഭാവത്തിൽ ആ നെറ്റി ചുളിഞ്ഞിരിപ്പുണ്ട്.... ""എന്താടോ....."" വീണ്ടും ചോദിച്ചു.. ""അത്..... ബസ്..... ബസ്സില്ല....."" ""വാ ഞാൻ ഡ്രോപ്പ് ചെയ്യാം..."" കേട്ടത് ശെരിയാണോ എന്നറിയാൻ ആ മുഖത്തേക്ക് മിഴിച്ചു നോക്കി... ""ഹാ.... എന്താടോ നോക്കി നിൽക്കുന്നെ.... ഒന്നുമില്ലെങ്കിലും ഞാനും അതേ റൂട്ട് അല്ലെ....."" ""അത് വേണ്ട..... ശെരിയാകില്ല..... ഞാൻ... ഞാൻ കുറച്ചു നേരം കൂടി നോക്കട്ടെ...."" ചമ്മലോ പേടിയോ അങ്ങനെ എന്തൊക്കെയോ തോന്നി. ചുറ്റുമുള്ളവരിൽ പലരും നോക്കുന്നുണ്ട്... ""നോക്കിയിട്ട്.... രാത്രി വരെ ഇവിടെ നിൽക്കാനാണോ..... ഇങ്ങോട്ട് വന്നു കേറെന്റെ കൊച്ചേ.... ഞാനൊന്നും ചെയ്യില്ല....""

മഹിയുടെ മുഖത്ത് ചെറിയൊരു പിണക്കം നിറഞ്ഞു... ""ശെരി..... വേണ്ടെങ്കിൽ വേണ്ട.... തനിക്കെന്നെ ഇത്രേം വിശ്വാസമില്ലെന്ന് അറിഞ്ഞില്ല...."". പിന്നെയും അവൾ മടിച്ചു നിൽക്കുന്നത് കണ്ടിട്ടാണ് അറ്റ കൈ എന്നത് പോലെ എടുത്തങ്ങു പ്രയോഗിച്ചത്.... ""അയ്യോ..... അല്ല..... ഞാൻ..... ഞാൻ വരാം....."" ചുറ്റുമൊന്ന് നോക്കിയപ്പോൾ എല്ലാവരും അവരവരുടെ ജോലിയിലാണെന്ന് കണ്ട് നന്ദു മടിച്ചു മടിച്ചു ബൈക്കിന്റെ പിന്നിലേക്ക് കയറി.... ""നന്ദൂനെന്താ എല്ലാരേം ഇത്രയും പേടി..... ഹ്മ്മ്..... ""കുറച്ചു ദൂരം മുന്നോട്ട് പോയിട്ടും നന്ദുവൊന്നും മിണ്ടുന്നില്ല എന്ന് കണ്ടതും മഹി പതിയെ ചോദിച്ചു.... ""പേടിയോ...... ഇല്ലല്ലോ......"" ""ഇല്ലെങ്കിൽ പിന്നെന്തിനാ എപ്പോഴും ഒളിച്ചിരിക്കുന്നത്..... ഞങ്ങളൊക്കെ സാറ്റ് കളിക്കുമ്പോഴാ ഒളിക്കുന്നെ... അല്ലെങ്കിൽ കള്ളം ചെയ്യുമ്പോൾ.... താനിത് രണ്ടും ചെയ്യുന്നില്ലല്ലോ....."""

പെട്ടെന്നെന്തോ ഉത്തരം കിട്ടിയില്ല..... ""അത്..... അതൊന്നുമില്ല.... എനിക്കൊറ്റക്ക് ഇരിക്കുന്നതാ ഇഷ്ടം...."" ഒരുവിധം പറഞ്ഞൊപ്പിച്ചു.... ""എന്നാലേ ഇനിയത് വേണ്ട..... എനിക്കെന്തായാലും തന്നെ നല്ലോണം ഇഷ്ടമായി..... ഇനി ഒറ്റയ്ക്കിരിക്കണം എന്ന തോന്നലൊക്കെ മാറ്റിയെരെ.... ഞാനെന്തായാലും ശല്യം ചെയ്യും....."" മഹി പറഞ്ഞതൊക്കേ കേട്ടതും നെഞ്ചിപ്പോൾ മിടിച്ചു മിടിച്ചു പൊട്ടി പോകുമെന്ന് തോന്നി നന്ദുവിന്..... ആളതൊന്നും വലിയ കാര്യമേ അല്ലെന്ന ഭാവത്തിൽ മൂളിപ്പാട്ടും പാടി ബൈക്കോടിയ്ക്കുന്നുണ്ട്.... """ശെരിക്കും പറഞ്ഞതാണോ...... ആയിരിക്കില്ല..... വെറുതെ അറിയാണ്ട് പറഞ്ഞതാകും...... പക്ഷേ വെറുതെ ആരും പറയില്ലല്ലോ.....

ഇനി എല്ലാരോടുമുള്ള ഇഷ്ടമാണോ..... പക്ഷേ അതിനെന്തിനാ തന്നെ മാത്രം ശല്യം ചെയ്യുന്നത്.....""" ചോദ്യങ്ങളും മറു ചോദ്യങ്ങളും തലയ്ക്കകത്ത് വട്ടം കൂടി മൂളി തുടങ്ങി... ""ഇവിടുന്ന് എങ്ങോട്ടാ..... """ജംഗ്ഷനിൽ എത്തിയപ്പോഴുള്ള ചോദ്യമാണ് മനസ്സിനെ ചിന്തകളിൽ നിന്നും തിരിച്ചു കൊണ്ട് വന്നത്. വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തെങ്കിലും ചെറിയൊരു പേടിയുണ്ടായിരുന്നു.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളുടെ കൂടെ വീട്ടിലേക്ക് വരുന്നതൊക്കെ..... മുറ്റത്ത് എത്തിയപ്പോഴേ കണ്ടു ഉമ്മറത്തിരുന്നു ഫോൺ വിളിക്കുന്ന അച്ചുവിനെ.....ഞങ്ങളെ കണ്ടതും കണ്ണും മിഴിച്ചു നോക്കുന്നുണ്ട്.... ബൈക്കിന്റെ ശബ്ദം കെട്ടിട്ടാകും അമ്മയും ഇറങ്ങി വന്നിരുന്നു.

ആ മുഖത്തും അമ്പരപ്പോ സംശയമോ അങ്ങനെ എന്തൊക്കെയോ.... വേഗം ബൈക്കിൽ നിന്നിറങ്ങി. ""ബസ് കേടായമ്മ...... ആറെകാലായിട്ടും വണ്ടി കിട്ടാതിരുന്നപ്പോഴാ സർ കൊണ്ട് വിടാമെന്ന് പറഞ്ഞത്...."" അമ്മ ഇങ്ങോട്ട് ചോദിക്കുന്നതിനു മുൻപേ അങ്ങോട്ട്‌ പറഞ്ഞു. കാര്യം കേട്ടപ്പോൾ സാറിനെ നോക്കി ചിരിക്കുന്നത് കണ്ടു... അച്ചുവിന്റെ മുഖം ഇപ്പോഴും തെളിഞ്ഞിട്ടില്ല.... ""അകത്തേക്ക് വാ.... ഞാൻ ചായ എടുക്കാം..."". അമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും മഹിയുടെ വിളിയെത്തിയിരുന്നു..... ""വേണ്ടമ്മേ..... വൈകി..... അടുത്ത തവണ വരുമ്പോഴാകട്ടെ.... ചായയും പലഹാരവും ഒക്കെ കഴിഞ്ഞിട്ടേ പോകുന്നുള്ളൂ.....

""ഒരു കണ്ണിറുക്കി ആളത് പറഞ്ഞപ്പോഴേക്കും ഒരു തരിപ്പ് ദേഹമാകെ കടന്നു പോയത് പോലെ.... എന്തിനായിരിക്കും അടുത്തതായി വരുന്നത്...... അതിന്റെ ഉത്തരം ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ പതിയെ മൂളുന്നുണ്ടായിരുന്നു.... അമ്മയും ഒന്ന് ഞെട്ടി.... ആളതൊന്നും ശ്രദ്ധിക്കാതെ കൈ വീശി യാത്ര പറഞ്ഞു അപ്പോഴേക്കും ബൈക്കെടുത്തിരുന്നു.... മഹി കണ്ണിൽ നിന്ന് മറയുവോളം ആ പെണ്ണവിടെ തന്നെ നിന്നു.... ""കേറുന്നില്ലേ അനൂ നീയ്...."". അമ്മയുടെ ശബ്ദം... നന്ദുവിൽ നിന്നും വീണ്ടും അനുവിലേക്ക്..... വേദന തോന്നി..... കഴിഞ്ഞതൊക്കെ സ്വപ്നമാണെന്ന് തന്നെ തോന്നി..... കുന്നോളം സങ്കടം തോന്നി..... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം..... .......................................... ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം......"" ഈറൻ മുടി തോർത്ത്‌ കൊണ്ട് കെട്ടി വയ്ക്കുന്നതിനിടയിൽ അത്രയും പ്രിയപ്പെട്ട ഗാനം ആദ്യമായി ഒന്ന് മൂളി നോക്കി..... ഒരായിരം തവണ കേട്ടിട്ടുണ്ട്.... ആരും കാണാതെ..... ആരും അറിയാതെ... അത്രയും ശബ്ദം കുറച്ചു.... ഒരോ തവണയും കേൾക്കുമ്പോൾ നിറമില്ലാത്ത സ്വപ്നങ്ങളാണ് കൂടെയുണ്ടാവുക.... ഇന്നാദ്യമായി ആ സ്വപ്നങ്ങളോരോന്നും വർണ്ണങ്ങളാൽ മനോഹരമായിരിക്കുന്നു.... കൂടുതൽ തെളിച്ചത്തോടെ അതങ്ങനെ വസന്തം വിരിയിക്കുന്നു....

ഇന്നാദ്യമായി ആ പാട്ട് തന്നിൽ പ്രണയം നിറയ്ക്കുന്നു...... അത്രമേൽ പ്രിയപ്പെട്ടൊരിഷ്ടം...... കഴിക്കാൻ അമ്മ വിളിച്ചപ്പോഴാണ് മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നത്. അച്ചുവിന്റെ മുഖമാകെ ഇരുണ്ടിരിപ്പുണ്ട്..... വൈകുന്നേരം മഹി സർ വന്നപ്പോൾ മുതൽ തുടങ്ങിയതാണ്.... അവളെ ശ്രദ്ധിക്കാതെ കഴിക്കാൻ ഇരുന്നു... ""ചിലർക്കൊക്കെ എന്തും ആകാം..... ആരുടെ കൂടെ വേണമെങ്കിലും വരാം.... എന്ത് കാരണം വേണമെങ്കിലും പറയാം...."". ""അച്ചൂ..... മിണ്ടാണ്ട് ഇരുന്ന് കഴിച്ചോ നീയ്.... "" അവളെ ദേഷ്യത്തോടെ നോക്കിയപ്പോഴേക്കും അമ്മയുടെ ശാസന നിറഞ്ഞ സ്വരം എത്തിയിരുന്നു....

""ഞാൻ പറയും അമ്മ...... കഴിഞ്ഞു ആഴ്ച ഞാനൊരു അഞ്ഞൂറു രൂപ അധികം എടുത്തെന്നു പറഞ്ഞു എന്തൊക്കെ ബഹളമായിരുന്നു.... റെസിപ്റ്റ് വേണമെന്ന് പറഞ്ഞിട്ട്.... ഈ മാസം തരേണ്ട പൈസ മുഴുവൻ കട്ട്‌ ആക്കിയില്ലേ..... ചേച്ചിക്ക് എന്തും ആകാമെന്നാണോ.... എനിക്കെന്റെ ഫ്രണ്ട്സ് ന്റെ കൂടെ എവിടെയും പോകാൻ പാടില്ല.... ചേച്ചിക്ക് ആരുടെ കൂടെ വേണമെങ്കിലും പോകാം.....""" അച്ചുവിന്റെ ശബ്ദം ഉയർന്നിരുന്നു.... ""ഇനി നാളെ ചേച്ചി ഇതുപോലെ കല്യാണം കഴിഞ്ഞു വന്ന് നിന്നാലും അമ്മയൊന്നും പറയി......."" പറഞ്ഞു പൂർത്തിയാക്കും മുൻപേ കവിളിലൊരു തരിപ്പ് തോന്നി അച്ചുവിന്.... കവിളാകെ നീറി പുകയുന്നു..... മുഖമുയർത്തി നോക്കിയതും ദേഷ്യത്തിൽ വിറച്ചു നിൽക്കുന്ന നന്ദുവിനെ കണ്ടു അവൾക്ക് പേടി തോന്നി..... ഇങ്ങനെയൊരു രൂപത്തിൽ നന്ദുവിനെ ആദ്യമായി കാണുകയാണ്........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story