അനന്തിക: ഭാഗം 11

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""ഇനി നാളെ ചേച്ചി ഇതുപോലെ കല്യാണം കഴിഞ്ഞു വന്ന് നിന്നാലും അമ്മയൊന്നും പറയി......."" പറഞ്ഞു പൂർത്തിയാക്കും മുൻപേ കവിളിലൊരു തരിപ്പ് തോന്നി അച്ചുവിന്.... കവിളാകെ നീറി പുകയുന്നു..... മുഖമുയർത്തി നോക്കിയതും ദേഷ്യത്തിൽ വിറച്ചു നിൽക്കുന്ന നന്ദുവിനെ കണ്ടു അവൾക്ക് പേടി തോന്നി..... ഇങ്ങനെയൊരു രൂപത്തിൽ നന്ദുവിനെ ആദ്യമായി കാണുകയാണ്... അമ്മയും ഞെട്ടിയിരുന്നു. ആദ്യമായിട്ടാണ് നന്ദു ഇങ്ങനെ. സാധാരണ ഇങ്ങനെ എന്തെങ്കിലും തർക്കമുണ്ടാകുമ്പോൾ ദേഷ്യമടക്കി എഴുന്നേറ്റു പോകാറാണ് പതിവ്. ""അനൂ......""" ആശ കടുപ്പത്തിൽ വിളിച്ചു.... "" അച്ചു ന്റെ മുഖത്തടിക്കാനും വേണ്ടി ആരാ നിനക്ക് അനുവാദം തന്നത്.....""

ഇത്തിരി ദേഷ്യത്തിൽ തന്നെ ചോദിച്ചു ആശ.... അച്ചുവിന്റെ ഇടത് കവിളാകെ ചുമന്നിരുന്നു... അമ്മ പറഞ്ഞത് കേട്ടില്ല എന്നത് പോലെ നന്ദു വീണ്ടും അച്ചുവിനെ ദഹിപ്പിക്കുന്നത് പോലെ നോക്കി. ""ഇപ്പോൾ പറഞ്ഞത് പോലെ ഇനിയും പറഞ്ഞാൽ അടുത്തതും കൂടി കിട്ടും നിനക്ക്..... ഈ ജോലി കിട്ടുന്നതിന് മുൻപും അനു അധ്വാനിച്ചു തന്നെയേ ജീവിച്ചിട്ടുള്ളൂ.... ഇവിടെ പശു ഉണ്ടായിരുന്നപ്പോഴും ആടിനെ വളർത്തിയപ്പോഴും ഒന്നും സഹായത്തിനു ആരെയും കണ്ടിട്ടില്ല.... കോളേജിൽ പോകുന്നതിന്റെ ഇടയിൽ ആഹാരം പോലും കഴിക്കാൻ സമയം കിട്ടാതെ ഞാനതൊക്കെ ചെയ്യുമ്പോൾ നിനക്ക് തോന്നിയില്ലല്ലോ ഇതൊന്നും.....

ഒന്നും എനിക്ക് സുഖമായി ജീവിക്കാൻ ആയിരുന്നില്ലല്ലോ.... അന്നും ഇന്നും വീട്ടിലെ ആവശ്യത്തിനല്ലാതെ ദൂർത്തടിച്ചു കളഞ്ഞിട്ടില്ല ആ പൈസ....""" ആശയുടെ തല കുനിഞ്ഞു.... നന്ദു പറയുന്ന ഒരോ വാക്കിലും അത്ര മാത്രം വേദന നിറഞ്ഞിരുന്നു എന്നവർക്ക് തോന്നി.... ശെരിയാണ്..... ഒരിക്കലും അവളെപ്പറ്റി അധികം ചിന്തിച്ചിട്ടില്ല... അന്നൊക്കെ തലയ്ക്കു മുകളിൽ നിൽക്കുന്ന കടങ്ങളെപ്പറ്റി മാത്രമായിരുന്നു ചിന്ത.... തയ്യൽക്കടയിലെ വരുമാനം ഒന്നിനിം തികയാതെ വന്നപ്പോഴാണ് അടുത്ത വീടുകളിൽ ജോലിക്ക് പോയി തുടങ്ങിയതും പശുവിനെ വാങ്ങിയതും... ജോലിയും തയ്യലും കാരണം ആകെ വലഞ്ഞു രാത്രിയാകും വരിക...

അതുകൊണ്ട് തന്നെ പശുവിന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും നോക്കുന്നത് അനുവായിരുന്നു. അച്ചുവിനോടും പ്രിയയോടും സഹായിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല.... അനുവൊട്ട് പരാതിയും പറഞ്ഞിട്ടില്ല... അച്ചു ഒന്നും മിണ്ടാതെ കവിളിൽ തന്നെ കൈ ചേർത്ത് നിൽക്കുകയാണ്... """ഇതല്ല ഇനി എന്ത് പറഞ്ഞാലും ഞാൻ സമ്പാദിക്കുന്നതിൽ നിന്നും ഒരു രൂപ പോലും അനാവശ്യമായി ചിലവാക്കാൻ തരില്ല..... ജോലിയെടുക്കാനുള്ള പ്രായമൊക്കെ ആയല്ലോ... കോളേജിൽ പോകുന്നതിന്റെ ഇടയിൽ കോഴിയേയോ ആടിനെയോ വളർത്തിയാലും നിന്റെ ആവശ്യത്തിന് വേണ്ട പൈസ കിട്ടും.....""

""ഇനി മേലിൽ ആ മനുഷ്യനെ ചേർത്ത് ഇപ്പോൾ പറഞ്ഞത് പോലെ എന്തെങ്കിലും പറഞ്ഞാൽ....."" വിരൽ ചൂണ്ടി ചുവന്ന കണ്ണുകളോടെ പറയുന്ന നന്ദുവിനെ തുറിച്ചു നോക്കി നിന്നതല്ലാതെ ആരും ഒന്നും പറഞ്ഞില്ല... നാവിറങ്ങി പോയത് പോലെ തോന്നി അച്ചുവിന്.... ഇനിയൊന്നും പറയാനില്ലാത്തത് പോലെ തല കുനിഞ്ഞെങ്കിലും ഉള്ളിലൊരു നെരിപ്പോട് പുകഞ്ഞു തുടങ്ങിയിരുന്നു.... അച്ചുവിനെയും അമ്മയെയും ഒന്ന് നോക്കിയിട്ട് അനു പാത്രമെടുത്തു അടുക്കളയിലേക്ക് നടന്നു. വിശപ്പ് കെട്ടിരുന്നു.... ""നിനക്കെന്താ അച്ചൂ..... വന്ന് വന്ന് ഒരു മര്യാദയും ഇല്ല..... അവള് നമുക്കെല്ലാർക്കും വേണ്ടിയല്ലേ ഈ കഷ്ടപ്പെടുന്നത്.....

നിങ്ങളുടെ പഠിത്തതിന്റെ ചിലവൊക്കെ അനു തന്നെയല്ലേ നോക്കുന്നത്..... ഇന്ന് ശെരിയാകും നാളെ ശെരിയാകും എന്ന് വിചാരിച്ചു പോട്ടെ പോട്ടെ എന്ന് വച്ചതാ തെറ്റ്.... ഇനി ഇങ്ങനെയൊരു സംസാരം ഇവിടെ ഉണ്ടാകരുത്.... അവളൊന്ന് ഹോസ്റ്റലിലേക്കോ മറ്റോ മാറാൻ തീരുമാനിച്ചാൽ തീരുന്നതേ ഉള്ളൂ നിന്റെയൊക്കെ അഹങ്കാരം..... പിന്നെയാര് ചിലവിന് തരും എന്ന് വിചാരിച്ചിട്ടാ....""" അച്ചുവിനെ ഒന്ന് നോക്കി ദഹിപ്പിച്ചു ആശ.... അമ്മയും കൂടി തള്ളിപ്പറഞ്ഞതും അച്ചുവിന്റെ മുഖം ദേഷ്യം കൊണ്ട് മുറുകി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കട്ടിലിന്റെ പടിയിലേക്ക് വെറുതെ ചാരി ഇരുന്നു നന്ദു.... ഇങ്ങനെയൊന്നും പറയണം എന്ന് വിചാരിച്ചതല്ല..... പറഞ്ഞിട്ടുമില്ല...

പക്ഷേ ആ മനുഷ്യനെ വരെ ചേർത്ത് കഥകൾ മെനഞ്ഞപ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ഇന്നീ നിമിഷം വരെയും ആർക്ക് വേണ്ടി ജീവിച്ചോ..... ആ ജീവിതം തന്നെയൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു... ഓരോന്നോർത്ത് എത്ര നേരം കണ്ണടച്ചിരുന്നു എന്നറിയില്ല..... ഫോൺ ബെല്ലടിക്കുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറക്കുന്നത്.... മഹിത്.... എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു കാണുന്നു... എന്താണാവോ രാത്രി വിളിക്കാനായിട്ട്.... പെട്ടെന്ന് പകച്ചു പോയി.... ഫോൺ ബെല്ലടിച്ചു തീരുന്നത് വരെ വെറുതെ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു.... ഒടുവിൽ മടിച്ചു മടിച്ചു എടുക്കേണ്ടി വന്നു വീണ്ടും വീണ്ടും വിളിച്ചപ്പോൾ....

""ഹ.... ഹലോ.... എന്താ സർ....."" ""ഹോ.... താനെന്തിനാടോ ഈ പേടിക്കുന്നെ.."".ചിരിയോടെ പറയുന്നത് കേട്ടതും അവളിലും ചെറിയൊരു പുഞ്ചിരി വിടർന്നു.... ""നാളെ സെയിൽസ് ന്റെ മീറ്റിംഗ് ഉണ്ടാകും നേരത്തെ... അത് പറയാനായിട്ട് വിളിച്ചതാ... താനല്ലേ എന്റെ കൂടെ വരുന്നത്.... ഓഫീസിലേക്ക് വരണ്ട... പത്തു മണിയ്ക്ക് സ്റ്റോപ്പിൽ നിന്നാൽ മതി... ഒന്നിച്ചു പോകാം മീറ്റിങ്ങിനു...."" പെട്ടെന്ന് ഇപ്പോൾ ഊണ് മുറിയിൽ നടന്ന സംഭാഷണങ്ങൾ മനസ്സിലേക്ക് ഓടി വന്നു... ""ഞാൻ...... ഞാൻ വന്നോളാം സർ.... സാറിന് ബുദ്ധിമുട്ടാകും...."" മറുവശത്തു നിശബ്ദത കേട്ടപ്പോഴേ ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി... ""ബുദ്ധിമുട്ട് തോന്നിയാൽ അത് ഞാനങ്ങു സഹിച്ചോളാം.....

പത്തു മണിക്ക് ഞാൻ സ്റ്റോപ്പിൽ കാണും. വിശ്വാസം ഇല്ലെങ്കിൽ പിന്നേ ഞാൻ നിർബന്ധിക്കില്ല...."" അങ്ങോട്ടെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഫോൺ വച്ചു കഴിഞ്ഞു. ദേഷ്യപ്പെട്ടു കട്ട്‌ ആക്കിയത് കൊണ്ടാകും എന്തൊ ഒരു കുഞ്ഞ് വിഷമം നിറഞ്ഞു മനസ്സിൽ.... ആദ്യമായിട്ടാണ് ഇങ്ങനെ ദേഷ്യത്തോടെ സംസാരിക്കുന്നത്... എന്തായാലും കൂടെ പോകാം എന്ന് തന്നെ തീരുമാനിച്ചു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാവിലെ എഴുന്നേറ്റപ്പോഴും ഇതുവരെ ഇല്ലാത്ത വിധം വെപ്രാളം തോന്നി ഒരോന്ന് ചെയ്യുമ്പോഴും.... അച്ചുവിനെ കണ്ടപ്പോഴൊന്നും മുഖത്തേക്ക് നോക്കാൻ പോയില്ല...ആ മുഖം ഒന്ന് കൂടി വീർത്തു കാണും എന്ന് തോന്നി.....

ഇന്നലെ പറഞ്ഞതൊക്കെ അവളിൽ അത് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കില്ല എന്ന് നന്നായി അറിയാമായിരുന്നു... പ്രിയയുടെ മുഖത്ത് മാത്രം ഇത്തിരി പേടിയുണ്ട്. പറഞ്ഞു സമാധാനിപ്പിക്കാനും തോന്നിയില്ല.... കുളിച്ചിട്ട് വന്നപ്പോഴേക്കും സമയം ഒൻപത് കഴിഞ്ഞു.... വേഗം കഴിക്കാനിരുന്നു... പത്തിന് സ്റ്റോപ്പിൽ കണ്ടില്ലെങ്കിൽ വിശ്വാസമില്ല എന്നല്ലേ വിചാരിക്കൂ.... അവൾക്ക് അതിശയം തോന്നി... ആദ്യമായിട്ടാണ് ഒരാളെന്ത് വിചാരിക്കും എന്നാലോചിച്ചു ടെൻഷൻ തോന്നുന്നത്.... ഇതിന് മുൻപൊക്കെ ആർക്ക് വേണ്ടിയും ഇതുപോലെ ചിന്തിച്ചിട്ടില്ല.... അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാൻ വേണ്ടി ആളുകളൊന്നും ഇല്ലായിരുന്നു തനിക്ക്....

ഒൻപതര കഴിഞ്ഞപ്പോഴേക്കും തന്നെ ഒരുങ്ങി ഇറങ്ങി വീട്ടിൽ നിന്ന്... പത്തു മിനിറ്റ് നടന്നപ്പോളേക്കും സ്റ്റോപ്പിൽ എത്തി... നെഞ്ചിലൊന്ന് കൈ വച്ചു ശ്വാസം എടുത്തു..... വൈകിയിട്ടില്ല.... വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വെറുതെ ചുറ്റിനും..... ഇടയ്ക്കിടെ വാച്ചിലുമൊക്കെ നോക്കി നിന്നു.... കൃത്യം പത്ത് ആയപ്പോൾ തന്നെ സ്റ്റോപ്പിന്റെ മുന്നിൽ ആളെത്തിയിരുന്നു.... ഇന്നലെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു... ബൈക്കിന് പകരം കാറാണ് എടുത്തിരിക്കുന്നത്... അകത്തു കയറി ഇരുന്നിട്ടും ആ മുഖത്തെ ഗൗരവത്തിന് കുറവൊന്നും ഇല്ല... നന്ദുവിന് വല്ലാത്ത അസ്വസ്ഥത തോന്നി.... ആദ്യമായിട്ടാണ് ഇങ്ങനെ... മിണ്ടാതെ ദേഷ്യപ്പെട്ടു ഇരിക്കുന്നത്.....

അങ്ങോട്ട്‌ ചെന്നു എന്ത് പറഞ്ഞു സംസാരിക്കും എന്ന് പോലും അറിയില്ല.... അബദ്ധത്തിൽ പോലും ഇങ്ങോട്ടൊന്ന് നോക്കുന്നു പോലുമില്ല... ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്നു.... മീറ്റിംഗ് ഹാളിന്റെ മുന്നിലായ് കാർ പാർക്ക്‌ ചെയ്തതും മഹി തിടുക്കത്തിൽ ഇറങ്ങി.... നന്ദു തന്നെതന്നെയാണ് നോക്കുന്നത് എന്നറിഞ്ഞിട്ടും അവളെയൊന്ന് നോക്കാതെ കൈയിലെ ഫോണിലേക്ക് നോക്കി അകത്തേക്ക് നടന്നു.... എന്തൊ പറയാനായി പലവട്ടം വാ തുറക്കുന്നതും കൈകൾ അടുത്തേക്ക് നീണ്ടു വരുന്നതും ഒക്കെ കണ്ടതാണ്..... പക്ഷേ അങ്ങോട്ട് നോക്കിയില്ല... ഇങ്ങോട്ട് പറയട്ടെ എന്ന് തന്നെ വിചാരിച്ചു... കഴിഞ്ഞ രണ്ടു മാസമായി ഇങ്ങനെ തന്നെയാണ്...

ഒന്നും ഇതുവരെ ഇങ്ങോട്ടേക്കു പറയില്ല.... ഒരു സംഭാഷണത്തിനും തുടക്കം കുറിക്കില്ല.... അതൊന്ന് മാറണമെന്ന് തോന്നി.... ""ഹേയ്...."". മീറ്റിംഗ് ഹാളിലേക്ക് കയറിയ മഹിയെ കണ്ടതും ഓടി അരികിലേക്ക് എത്തിയ പെൺകുട്ടിയിൽ തന്നെ തറഞ്ഞിരുന്നു നന്ദുവിന്റെ മിഴികൾ..... ""സൂസൻ...... ""മഹി ചിരിയോടെ അവൾക്കരികിലേക്ക് ചെന്നതും നെറ്റിയൊന്ന് ചുളിഞ്ഞു പരിഭവത്തോടെ.... ""ഞാൻ പ്രതീക്ഷിച്ചു ഇന്നിവിടെ ഉണ്ടാകുമെന്ന്....."" സൂസനൊരു ചിരിയോടെ അവനെ നോക്കി.... ""ഈ കുട്ടിയാണോ അസ്സിസ്റ്റ്‌ ചെയ്യുന്നത്...."" നന്ദുവിനെ നോക്കി ചോദിച്ചതും അതേ എന്ന ഭാവത്തിൽ മഹി തലയാട്ടി... ""മീറ്റിംഗ് കഴിഞ്ഞു എന്നേ കണ്ടിട്ടേ പോകാവൂ...."".

ഗൗരവത്തിൽ ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ നോക്കി മഹി ചിരിയോടെ സമ്മതം അറിയിച്ചു .... ഒരു ചിരി നൽകി പുറത്തേക്ക് പോകുന്ന സൂസനിൽ തന്നെ കൊരുത്തിട്ടിരുന്നു നന്ദുവിന്റെ മിഴികൾ... മീറ്റിംഗ് നടക്കുമ്പോഴെല്ലാം അതേ അസ്വസ്ഥത മനസ്സിൽ നിറഞ്ഞു.... മഹിയാണ് എല്ലാം പ്രസന്റ് ചെയ്തത്.... നന്ദുവിനെ നോക്കിയപ്പോഴൊക്കേ എന്തൊ ചിന്തയിൽ മുഴുകി ഇരിക്കുന്നത് കണ്ടു.... പ്രസന്റേഷൻ തീർന്ന കൈയ്യടി ശബ്ദം കേട്ടപ്പോഴാണ് നന്ദു ഞെട്ടി ചുറ്റും നോക്കുന്നത്..... ആരൊക്കെയോ മഹിക്ക് കൈ കൊടുക്കുന്നു.... അവൾക്ക് നാണക്കേട് തോന്നി.... ആദ്യമായിട്ടാണ് ഇങ്ങനെ പരിസരം മറന്നിരിക്കുന്നത്....

വീണ്ടും വഴി തെറ്റി സഞ്ചരിച്ചു തുടങ്ങിയ ചിന്തകളെ ശാസനയോടെ പിടിച്ചു നിർത്തി... ""പോകാം......"" അതുവരെ ചിരിയോടെ സംസാരിച്ചു തനിക്കരികിൽ വന്നപ്പോൾ മാത്രം ഗൗരവം നിറഞ്ഞ ആ സ്വരം കേട്ടപ്പോൾ മുഖം മങ്ങി... മഹിക്ക് പിന്നിലായി പതുക്കെ നടന്നു.... നേരെ റിസപ്ഷന്റെ അടുത്തേക്കാണ് ആൾ നടന്നത്.... സൂസനെ കണ്ടപ്പോൾ തന്നെ എന്തിനാകും ഇങ്ങോട്ട് വന്നതെന്ന് മനസ്സിലായി.... അവരെന്തൊക്കെയോ ചിരിയോടെ സംസാരിക്കുന്നുണ്ട്..... ശ്വാസം മുട്ടും പോലെ തോന്നി അവൾക്ക്.... ആരുമാരും കൂട്ടില്ലാത്തത് പോലെ.... ""ആഹ്.... ഇതാരാ.... പരിചയപ്പെടുത്തിയില്ലല്ലോ.....""

നന്ദുവിനെ നോക്കി ചിരിച്ചതും അധികം തെളിച്ചമില്ലാത്ത ഒരു ചിരി തിരികെ നൽകി... ""അനന്തിക..... എന്റെ ഓഫീസിൽ തന്നെയാണ്... മാർക്കറ്റിങ് സെക്ഷൻ....."" ""എന്റെ മഹീ..... ആ കൊച്ചിന് പറയാൻ ഒരവസരം കൊടുത്തൂടെ...."" സൂസൻ അവന്റെ തോളിലൊന്ന് തട്ടി.... ""കേട്ടോ അനന്തിക..... ഇവൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഇങ്ങനെയാ...."" വീണ്ടും എന്തൊക്കെയോ അവർ രണ്ടാളും പറയുന്നുണ്ടെങ്കിലും ഒന്നും കേട്ടില്ല... ""എന്റെ മഹി....."" സൂസൻ പറഞ്ഞത് ഓർത്തപ്പോൾ ഇഷ്ടക്കേടോടെ മുഖം ചുളിച്ചു..... ""എന്നാൽ ചെല്ലെടോ.... നന്ദു കാത്തു നിന്ന് മുഷിഞ്ഞെന്ന് തോന്നുന്നു...."" ""അനുവെന്ന് വിളിച്ചാൽ മതി..... ""പെട്ടെന്ന് തന്നെ പറഞ്ഞു....

പിന്നെയാണ് എന്താണ് പറഞ്ഞതെന്ന് ഓർത്തത്... ""അത്..... എല്ലാവരും അനുവെന്ന വിളിക്കുന്നത്..."". പറഞ്ഞു തീർത്തു നോക്കിയപ്പോൾ ആ മുഖത്ത് കുസൃതി നിറഞ്ഞൊരു ചിരി കണ്ടു... മഹിയുടെ മുഖത്ത് അപ്പോഴും ഗൗരവം തന്നെ.... യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും തന്നെയൊന്ന് നോക്കുന്നില്ല എന്ന് കണ്ടപ്പോൾ ഇതുവരെ അടക്കി വച്ച സങ്കടമൊക്കെ പുറത്തേക്ക് വരും പോലെ തോന്നി അവൾക്ക്.... വിശ്വാസമില്ലെന്നോ ഇഷ്ടമില്ലെന്നോ ഒന്നും പറഞ്ഞില്ലല്ലോ.... ബുദ്ധിമുട്ട് ആകണ്ട എന്ന് വിചാരിച്ചു പറഞ്ഞതല്ലേ..... സ്വയം ന്യായീകരിച്ചു.....

അപ്പോഴും ഉള്ളിൽ സങ്കടമൊക്കെ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.... ഇനിയും പിണങ്ങിയിരുന്നാൽ നെഞ്ച് പൊട്ടി പോകുമെന്ന് തോന്നി.... കാറിലേക്ക് കയറിയതും ആള് സ്റ്റാർട്ട്‌ ചെയ്യും മുൻപ് ആ കൈ പിടിച്ചു വച്ചു..... അതിശയത്തോടെ നോക്കുന്നത് കണ്ടിട്ടും കൈ വിട്ടില്ല..... രണ്ടു കൈകൾക്കുള്ളിലായി കൂട്ടിപ്പിടിച്ചു തലകുനിച്ചിരുന്നു..... കണ്ണ് രണ്ടും നിറഞ്ഞു വരുന്നുണ്ടായിരുന്നു..... ""വി.... വിശ്വാസം ഇല്ലാഞ്ഞിട്ടല്ല...... സത്യായിട്ടും അല്ല...... ഇനിയും മിണ്ടാണ്ട് നടക്കല്ലേ...."". വിക്കി വിക്കി പറഞ്ഞു നിർത്തുമ്പോഴേക്കും വിതുമ്പി പോയിരുന്നു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story