അനന്തിക: ഭാഗം 12

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ഇനിയും പിണങ്ങിയിരുന്നാൽ നെഞ്ച് പൊട്ടി പോകുമെന്ന് തോന്നി.... കാറിലേക്ക് കയറിയതും ആള് സ്റ്റാർട്ട്‌ ചെയ്യും മുൻപ് ആ കൈ പിടിച്ചു വച്ചു..... അതിശയത്തോടെ നോക്കുന്നത് കണ്ടിട്ടും കൈ വിട്ടില്ല..... രണ്ടു കൈകൾക്കുള്ളിലായി കൂട്ടിപ്പിടിച്ചു തലകുനിച്ചിരുന്നു..... കണ്ണ് രണ്ടും നിറഞ്ഞു വരുന്നുണ്ടായിരുന്നു..... ""വി.... വിശ്വാസം ഇല്ലാഞ്ഞിട്ടല്ല...... സത്യായിട്ടും അല്ല...... ഇനിയും മിണ്ടാണ്ട് നടക്കല്ലേ...."". വിക്കി വിക്കി പറഞ്ഞു നിർത്തുമ്പോഴേക്കും വിതുമ്പി പോയിരുന്നു.... ""നന്ദു..... നന്ദു...."" ""കരയാതെ...."" ""ഡോ....."" ""എനിക്ക് ദേഷ്യമില്ലെന്ന്....""

എന്തൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിട്ടും ചെറിയ കുട്ടികളെ പോലെ കൈ കൂട്ടിപ്പിടിച്ചു അതിലേക്ക് മുഖം ചേർത്തു ഏങ്ങലടിക്കുന്നവളെ മഹി കുസൃതിയോടെ നോക്കി നിന്നു.... ""ഡോ.... നന്ദു....."" വീണ്ടും വിളിച്ചിട്ടും അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല... ""അനന്തിക....""ഇത്തിരി ഉച്ചത്തിൽ ശബ്ദം കനപ്പിച്ചു വിളിച്ചു.. ഞെട്ടലോടെ കൈകൾ വിടുവിച്ചു നേരെയിരുന്നു നന്ദു. അപ്പോഴും അവനെ നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ""സീറ്റ്‌ ബെൽറ്റ് ഇട്... ""ഗൗരവം നിറഞ്ഞതായിരുന്നു സ്വരം. വെപ്രാളത്തോടെ സീറ്റ്‌ ബെൽറ്റ്‌ നേരെ ഇട്ട് മുന്നിലേക്ക് നോക്കിയിരുന്നു. ചമ്മലോ... നാണക്കേടോ ഒക്കെ തോന്നുന്നു...

ഒരിക്കലും വിചാരിച്ചതല്ല ഇങ്ങനെയൊക്കെ പറയണമെന്ന്.. അറിയാതെ എപ്പോഴോ മനസ്സ് കൈവിട്ട് പോയി.. പിന്നൊന്നും പറയാൻ നിൽക്കാതെ കണ്ണടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു. ""ഇറങ്ങ്... ""മഹി പറഞ്ഞപ്പോഴാണ് കണ്ണ് തുറക്കുന്നത്.. ബീച്ചിന്റെ ഓരത്തായി നിർത്തിയിട്ടിരുന്ന കാറിൽ നിന്നും അവൻ അപ്പോഴേക്കും പുറത്തേക്കിറങ്ങി നടന്നിരുന്നു. ആദ്യം ഒന്ന് മടിച്ചെങ്കിലും പതിയെ പുറത്തേക്കിറങ്ങി നന്ദു. അവനോടൊപ്പം നടക്കാൻ എന്തെന്നില്ലാത്ത വീർപ്പുമുട്ടൽ തോന്നുന്നുണ്ടായിരുന്നു.

ആദ്യമായിട്ടാണ് മഹി ഇങ്ങനെ മിണ്ടാതെ നടക്കുന്നത്. സാധാരണ അങ്ങോട്ട്‌ ഒന്നും സംസാരിച്ചില്ലെങ്കിലും എല്ലാം ഇങ്ങോട്ടേക്കാണ് പറയുക. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി... ""ഇനി മേലിൽ പറയുമോ ബുദ്ധിമുട്ടായി എന്ന്.... ""ഗൗരവത്തോടെയുള്ള സ്വരം കേട്ടതും തല കുനിച്ചു... ""ഇ..... ഇല്ല.... ""പെട്ടെന്നായിരുന്നു മറുപടി.. ""എങ്കിൽ ഇത് പിടിച്ചോ.... ""വീണ്ടും പഴയ കുസൃതി വാക്കുകളിൽ... ഞെട്ടലോടെ തലയുയർത്തി നോക്കിയപ്പോൾ കണ്ടു ചൂട് കപ്പലണ്ടി ഒരു പൊതിയിലായി നീട്ടിപ്പിടിച്ചിരിക്കുന്നത്... അതിശയത്തോടെ കണ്ണുകൾ വിടർന്നു... ""മ്മ്.... മടിക്കുവൊന്നും വേണ്ട തനിക്ക് തന്നെയാ....

ഇനി മേലിൽ ഇതുപോലെ ന്യായം പറയാതിരിക്കാൻ പിണക്കം അഭിനയിച്ചതല്ലേ ഞാൻ....അല്ലാതെ എന്റെ നന്ദുനോട് ഞാൻ പിണങ്ങുമോ...."" ചിരിയോടെ പറയുന്നവനെ നോക്കി പിണക്കം ഭാവിച്ചെങ്കിലും അവസാനം പറഞ്ഞതൊക്കെയും കവിളുകൾ നാണത്തിന്റെ ചുവപ്പ് രാശി പടർത്തിയിരുന്നു.... 🌺🌺🌺🌺 ""കള്ളി പെണ്ണെ..... ""പഴയ ഓർമ്മകളിൽ പുഞ്ചിരിക്കുന്ന നന്ദുവിന്റെ കവിളിലേക്ക് ലച്ചു കൈകൾ ചേർത്തു.... നന്ദു അപ്പോഴും മനസ്സിനെ ആ നിറമുള്ള സ്വപ്നങ്ങളിൽ തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു.... തിരികെ വരാൻ മടിച്ചുകൊണ്ട്... ""നേരം സന്ധ്യ കഴിഞ്ഞൂല്ലോ... ഇനിയെങ്കിലും ചെന്നില്ലെങ്കിലേ നിന്റെ മുത്തശ്ശി എന്നേ ഓടിക്കും.."".

ലച്ചു ഡ്രെസ്സിലെ പൊടിയൊക്കെ തട്ടിക്കളഞ്ഞു എഴുന്നേറ്റു... വീട്ടിലെത്തിയപ്പോൾ തന്നെ ആധിപിടിച്ചു ഉമ്മറത്തു നിൽക്കുന്ന മുത്തശ്ശിയെ കണ്ടു.. ""എന്താ ലച്ചു ഇത്.... നേരം ഇരുട്ടി തുടങ്ങും മുൻപ് വന്നൂടെ നിനക്ക്.... ""ശാസനയോടെ പറയുന്ന മുത്തശ്ശിയേ നോക്കി ചമ്മലോടെ കണ്ണ് ചിമ്മി കാണിച്ചു ലച്ചു... പിന്നാലെ വരുന്ന നന്ദുവിനെ നോക്കാനായി ആംഗ്യം കാട്ടി... കഴിഞ്ഞ ഏതാനും ദിവസങ്ങളിൽനിന്ന് വിഭിന്നമായി നന്ദുവിന്റെ തെളിച്ചമുള്ള മുഖം കണ്ടതും ഉള്ളിൽ സമാധാനം നിറയുന്നത് പോലെ തോന്നി അവർക്ക്... ലച്ചുവിനെ നോക്കി നന്ദിയോടെ ചിരിച്ചതും അവളൊന്ന് കണ്ണ് ചിമ്മി കാട്ടി നന്ദുവിനെയും കൂട്ടി അകത്തേക്ക് നടന്നു..

അത്താഴത്തിന് ഇരിക്കുമ്പോഴും നന്ദുവിന്റെ മനസ്സ് ഇവിടെയൊന്നുമല്ലെന്ന് തോന്നി ലച്ചുവിന്. അവളെ തട്ടി വിളിക്കാൻ തുടങ്ങിയ മുത്തശ്ശിയെ മനപ്പൂർവം തടഞ്ഞു... ഇനിയും പല കാര്യങ്ങളിലും അവൾ സ്വയം ഒരു വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ് എന്ന് നന്നായി അറിയാമായിരുന്നു. ശെരിയും തെറ്റുകളും അവൾ സ്വയം കണ്ടെത്തേണ്ടതാണ്. പിടിച്ചുകെട്ടാൻ പറ്റാത്ത ചിന്തകളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു നന്ദുവിന്റെ മനസ്സ്... ഇടയിലെപ്പോഴോ മിഴികൾ ഇടം കൈയിലെ മോതിരവിരലിൽ പതിഞ്ഞു... മഹിത് എന്നെഴുതിയ മോതിരത്തിലേക്ക് നോക്കുംതോറും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....

പ്രണയം ആദ്യമായി അറിഞ്ഞ ദിവസം.... നന്ദുവിനും പ്രണയമുണ്ടെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ദിവസം.... അത്രമേൽ സ്നേഹത്തോടെ അവൻ ചേർത്ത് പിടിച്ച ദിവസം.... 🌺🌺🌺🌺 മറ്റൊരു ജന്മദിനം കൂടി.... പിറന്നാൾ ആഘോഷിച്ചതായി ഓർമ്മയിൽ ഇല്ല... അമ്മ പായസം ഉണ്ടാക്കി തരും... രാവിലെ അമ്പലത്തിൽ പോകും.... അവിടെ തീരുമായിരുന്നു പിറന്നാൾ ആഘോഷങ്ങൾ... അച്ചുവും പ്രിയയും രണ്ടാളുടെയും പിറന്നാളിന് വാശി പിടിച്ചു കേക്കും സദ്യയും ഒപ്പിക്കും. എന്തൊ... അങ്ങനെ ഒന്നിനോടും ഇതുവരെ കമ്പം തോന്നിയിട്ടില്ല... ""കുളിച്ചില്ലേ അനൂ.... അമ്പലത്തിൽ പോയിട്ട് വേണ്ടേ പോകാൻ...."" അമ്മ വിളിച്ചു പറഞ്ഞപ്പോൾ വേഗം ഒരുങ്ങി ഇറങ്ങി....

അച്ചുവും പ്രിയയും കഴിക്കാൻ ഇരിക്കുന്നുണ്ട്... രണ്ടാളും ഒന്ന് ചിരിച്ചു... ""ഹാപ്പി ബിർത്ത്ഡേ ചേച്ചി...."" കഴിക്കുന്നതിനിടയിൽ പ്രിയ പറഞ്ഞപ്പോൾ അവളെ നോക്കിയൊന്ന് ചിരിച്ചു... അമ്പലത്തിൽ കൂടി പോകാനുള്ളതിനാൽ വേഗം ഒരുങ്ങി ഇറങ്ങി. വാട്സ്ആപ്പ് അല്ലാതെ വേറെ സോഷ്യൽ മീഡിയ അക്കൗണ്ട് ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഓഫീസിൽ ആർക്കും അറിയില്ല ഇന്ന് പിറന്നാളാണ് എന്ന്... പറയാനും വേണ്ടി അടുപ്പമൊന്നും തോന്നിയിട്ടും ഉണ്ടായിരുന്നില്ല മിക്കവരോടും. ""ആഹാ... ഇന്ന് അമ്പലത്തിലൊക്കെ പോയിട്ടാണല്ലോ വരവ്... ""

കുറി തൊട്ട് വരുന്ന നന്ദുവിനെ നോക്കി സുമ ചിരിയോടെ പറഞ്ഞു. എല്ലാവർക്കും ഒരു പുഞ്ചിരി നൽകി സീറ്റിലേക്കിരുന്നു. മഹി നേരത്തെ തന്നെ വന്നിരുന്നു. എന്തൊ കാര്യമായ ജോലിയിലാണ്... ഇടയ്ക്ക് എപ്പോഴോ മൂന്നാല് തവണ നോക്കി ചിരിച്ചു... ചില ദിവസങ്ങളിലൊക്കെ അത്രയേ ഉണ്ടാകാറുള്ളൂ എങ്കിലും ഇന്ന് വല്ലാത്തൊരു നോവ് തോന്നുന്നു.... അറിയില്ല ഒരാശംസ എങ്കിലും താൻ പ്രതീക്ഷിച്ചോ എന്ന്... ആളെയും കുറ്റം പറയാൻ പറ്റില്ല.... താനിത് വരെ പറഞ്ഞിട്ടില്ലല്ലോ പിറന്നാളാണെന്ന്... പിന്നെയെങ്ങനെ വിഷ് ചെയ്യും... അറിഞ്ഞിരുന്നെങ്കിൽ ഉറപ്പായിട്ടും വിഷ് ചെയ്തേനെ... സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു..

ഊണ് കഴിക്കാൻ ഇരുന്നപ്പോഴും ആള് അധികമൊന്നും സംസാരിച്ചില്ല... കൂടുതൽ സമയവും ഫോണിൽ എന്തൊ ചെയ്തുകൊണ്ടിരിക്കുന്ന മഹിയെ കാൺകെ നെഞ്ചിലെന്തോ നീറുന്നത് പോലെ തോന്നി നന്ദുവിന്... പരിഭവം നിറഞ്ഞു ഉള്ളിൽ... പിന്നെയവനേ നോക്കാൻ പോയില്ല... പിണക്കത്തോടെ അത്രയേറെ പരിഭവത്തോടെ മുഖം തിരിച്ചിരുന്നു... സമയം ഒച്ചിനേക്കാൾ പതുക്കെയാണ് നീങ്ങുന്നതെന്ന് തോന്നി... എത്രയും വേഗം വീട്ടിൽ എത്താൻ തോന്നുന്നു... ഇനിയും സഹിക്കാൻ വയ്യാ ഈ വീർപ്പുമുട്ടൽ... ഒറ്റയ്ക്കിരിക്കണം... ഒറ്റയ്ക്ക്... അഞ്ച് മണിയായി എന്ന് കണ്ടതും ബാഗെടുത്തു ഇറങ്ങി... അപ്പോഴും മഹിയെ നോക്കിയില്ല...

അത്രത്തോളം പരിഭവം നിറഞ്ഞിരുന്നു ഉള്ളിൽ.. ""ഡോ....."" പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് പതിവ് ശബ്ദം... തിരിഞ്ഞു നോക്കാതെ ബാഗിലേക്ക് മാത്രം നോക്കി നിന്നു... ""ഇന്നെന്താ ഞാൻ വരുന്നതിന് മുന്നേ ഒരോട്ടം.... നമ്മളൊന്നിച്ചല്ലേ വൈകുന്നേരം പോകാറ്...."" ചിരിയോടെയാണ് ചോദിക്കുന്നത്... എന്തൊ ചിരിക്കാൻ തോന്നിയില്ല.... മിണ്ടാതെ നോട്ടം മാറ്റി നിന്നു... ""അമ്മയ്ക്ക് തന്നെയൊന്ന് കാണണം എന്ന് കുറേ ദിവസമായി പറയുന്നു... എന്റെ ആദ്യത്തെ ഫ്രണ്ട് അല്ലെ ഇവിടെ വന്നിട്ട്...""

""ഇ.... ഇന്ന് പറ്റില്ല..... വീട്ടിൽ പോകണം നേരത്തെ ..."" ""പിന്നേ... പത്ത് മിനിറ്റ് ദൂരം പോലുമില്ലല്ലോ... ഞാൻ കൊണ്ട് വിട്ടോളാം ലേറ്റ് ആകാതെ... ഇന്ന് വന്നില്ലെങ്കിൽ പിന്നേ ഒന്നിനും വന്നേക്കരുത്..."" അവന് ദേഷ്യം വരുന്നുണ്ട് എന്ന് കണ്ടപ്പോൾ മടിയോടെ കൂടെ ചെന്നു... യാത്രയിലുടനീളം ആ മുഖത്തേക്ക് നോക്കിയതേ ഇല്ല.... ഒരു വട്ടമെങ്കിലും ചോദിക്കാല്ലോ എന്തിനാ പിണക്കമെന്ന്.... സ്വയം പരിഭവങ്ങൾ പറഞ്ഞു തീർത്തു മുഖം തിരിച്ചിരുന്നു.. മുഖം തരാതെ പുറത്തേക്ക് മാത്രം കണ്ണും നട്ട് നോക്കിയിരിക്കുന്നവളെ മഹി ചിരിയോടെ നോക്കി... വീടിന്റെ പോർച്ചിലേക്ക് കാറൊതുക്കിയതും അവനോടൊപ്പം പുറത്തേക്ക് ഇറങ്ങി.

ആദ്യം കണ്ടത് മുറ്റമാകെ നട്ട് വളർത്തിയ പലതരം പൂക്കളുള്ള ചെടികളായിരുന്നു... പോർച്ചിന്റെ വശങ്ങളിൽ വരെ ചെടിച്ചട്ടി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു.... ""ഇതൊക്കെ നോക്കാനേ ഇനിയും ഒരുപാട് സമയമുണ്ട്.... വാടോ...."" പൂവിലൊക്കെ തൊട്ടും തലോടിയും നിൽക്കുന്ന നന്ദുവിനെ നോക്കി മഹി അകത്തേക്ക് നടന്നു... ""അമ്മേ..... ഇങ്ങോട്ട് വന്നേ.... ആരാന്ന് നോക്കിയേ...."" വിളിച്ചു പറഞ്ഞതും ഒരു പെൺകുട്ടിയാണ് ഹാളിലേക്ക് ഓടി വന്നത്. എന്തൊ ജോലിയിലായിരുന്നു എന്ന് തോന്നുന്നു.. വിയർത്തിട്ടുണ്ട്.. നന്ദുവിനെ കണ്ടതും അവൾ പരിചയ ഭാവത്തിൽ ചിരിച്ചു.... ""ഇതാല്ലേ നന്ദു ചേച്ചി.... ഏട്ടനെപ്പോഴും പറയും......""

ഒരു ചിരി വരുത്തിയെങ്കിലും ആരെന്നുള്ള സംശയം ബാക്കിയായിരുന്നു... ""നിത്യ..... എന്റെ അനിയത്തിയാണ്.."".മഹിയവളെ ചേർത്ത് പിടിച്ചു പറഞ്ഞതും മനസ്സിലായെന്നത് പോലെ പുഞ്ചിരിച്ചു.. അപ്പോഴേക്കും അമ്മയും എത്തിയിരുന്നു.. ""ആഹാ മോള്‌ വന്നോ... ഇവിടെ വന്നതിൽ പിന്നേ എന്നും കേൾക്കുന്നൊരു പേരാ ഇത്... കുറെയായി കാണണം എന്ന് വിചാരിച്ചിട്ട്...."" മഹിയേട്ടന് അമ്മയുടെ അതേ മുഖഛായയാണ്... ""വാടോ.... "" അമ്മയെ നോക്കി ചിരിച്ചപ്പോഴേക്ക് മഹി കൈയും പിടിച്ചു അകത്തെ മുറിയിലേക്ക് നടന്നിരുന്നു. അമ്മയുടെയും നിത്യയുടെയും മുഖത്തേക്ക് ഞെട്ടി നോക്കിയപ്പോൾ രണ്ടാളും ചുണ്ട് കൂട്ടിപ്പിടിച്ചു ചിരി അടക്കുന്നുണ്ട്...

കാര്യമെന്താ എന്ന് പെട്ടെന്ന് മനസ്സിലായില്ല... ഊണ് മുറിയിലേക്കാണ് മഹി കൂട്ടിക്കൊണ്ട് പോയത്. ഡൈനിങ് ടേബിളിന് മുകളിലായ് മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്ന കേക്ക് കണ്ടതും കണ്ണ് മിഴിഞ്ഞു... ഭിത്തിയിലൊക്കെ ബലൂണുകൾ തൂക്കി അലങ്കരിച്ചിട്ടുണ്ട്... ദേഹമൊക്കെ വിറയ്ക്കുന്നത് പോലെ തോന്നി അവൾക്ക്... എന്തെന്നില്ലാത്ത പരവേശം... ശരീരമാകെ വിയർക്കും പോലെ... ""ഹാപ്പി ബിർത്ത്ഡേ നന്ദൂട്ടി....."" കേക്കിലെ അക്ഷരങ്ങൾ വായിക്കുമ്പോൾ മിഴികളിൽ ചെറുതായി നനവ് പൊടിഞ്ഞു തുടങ്ങിയിരുന്നു. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊന്ന്..... ഇത്രയും നേരം മനസ്സിൽ കുന്ന് കൂട്ടിയ പരിഭവങ്ങളൊക്കെ അലിഞ്ഞില്ലാതായിരിക്കുന്നു...

""കരയാനൊക്കെ ഇനിയും സമയമുണ്ട്... ഇപ്പൊ ഈ കേക്ക് മുറിച്ചെ.... ഞാനെന്റെ സ്വന്തം കൈകൊണ്ടു ഉണ്ടാക്കിയത...."" നിത്യ ഗർവ്വോടെ പറഞ്ഞതും ചിരിച്ചു പോയി... അമ്മയെയും മഹിയെയും നോക്കിയപ്പോൾ രണ്ടാളും കണ്ണുകൾ കൊണ്ട് കേക്കിലേക്ക് ആംഗ്യം കാണിച്ചു.. കൈ വിറയ്ക്കുന്നുണ്ടായിരുന്നു.... രണ്ടു കൈകൾ കൊണ്ടും ബലമായി പിടിച്ചു.... ആദ്യം ആർക്ക് കൊടുക്കുമെന്നറിയാതെ നിൽക്കുന്ന നന്ദുവിനെ നോക്കി നിത്യ വാ തുറന്നു പിടിച്ചു..... അപ്പോഴേക്കും മഹി ചെറിയൊരു പീസ് കട്ട്‌ ചെയ്തു അവൾക്കായ് നൽകിയിരുന്നു. ""ഈ ചെക്കൻ ഇന്നലെയാ പറഞ്ഞത് മോൾടെ പിറന്നാളാണെന്ന്... അല്ലെങ്കിൽ എന്തെങ്കിലും കൂടി ഒരുക്കാമായിരുന്നു....

ഇനിയിപ്പോ അടുത്ത പിറന്നാൾ ഇതിലും ഗംഭീരമാക്കാം..... ""അമ്മ പറഞ്ഞതും അതിശയത്തോടെ നോക്കി.... മഹിയെ നോക്കിയപ്പോൾ സ്ഥിരം കുസൃതി നിറഞ്ഞ ചിരിയുമായി നിൽക്കുകയാണ്. ""ബാക്കി കേക്ക് കൂടി കട്ട്‌ ചെയ്യ്...."" ആ ചിരിക്ക് ഒന്ന് കൂടി തിളക്കം വന്നത് പോലെ... ഒരു നിമിഷം അവനെയൊന്ന് സംശയത്തോടെ നോക്കിയെങ്കിലും കത്തിയെടുത്തു പതിയെ കട്ട്‌ ചെയ്യാൻ തുടങ്ങി.. എന്തിലോ കത്തി തട്ടി നിന്നപ്പോൾ ഞെട്ടലോടെ നോക്കി.... എല്ലാവരും ചുണ്ടിലൊളിപ്പിച്ച ചിരിയുമായി നിൽക്കുകയാണ്.... ""അമ്മ പായസം എടുത്തിട്ട് വരാം.... നിത്യേ.....""

നിത്യയെയും വിളിച്ചു അമ്മ അടുക്കളയിലേക്ക് നടന്നത് കണ്ടപ്പോൾ ഉള്ളിലെ സംശയങ്ങൾ വീണ്ടും കൂടി.... ""അതെന്താന്ന് നോക്കെടോ....."" കാതിനോട് ചേർന്നു അത്രയും മൃദുവായ ശബ്ദം... ശ്വാസം നെഞ്ചിൽ തന്നെ തടഞ്ഞിരിക്കുന്നു.... ""നോക്കെടോ.... ""വീണ്ടും പറഞ്ഞപ്പോൾ വിറച്ചു വിറച്ചു കേക്ക് പതിയെ കട്ട് ചെയ്തു മാറ്റി... നടുവിലായി ഒരു ചെറിയ ബോക്സ്‌ വച്ചിരിക്കുന്നു.... കേക്ക് പറ്റാതെയിരിക്കാൻ വേണ്ടി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് വച്ചിരിക്കുന്നത്.. കൗതുകത്തോടെ എടുത്തു നോക്കി....

പ്ലാസ്റ്റിക് കവർ അഴിച്ചു തുറക്കും മുൻപ് ആൾടെ മുഖത്തേക്ക് നോക്കി... ഇതുവരെയില്ലാത്ത ചിരിയോടെ നോക്കി നിൽക്കുന്നു... വെപ്രാളത്തോടെ നോട്ടം മാറ്റി... അറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന്.... പക്ഷേ ആ മുഖത്തേക്ക് നോക്കി നിൽക്കാൻ കഴിയുന്നില്ല.... പൊട്ടിയ പട്ടം പോലെ ദിശയില്ലാതെ പായുന്ന മനസ്സിനെ ശാസനയോടെ പിടിച്ചു നിർത്തി.... മഹിത് എന്നെഴുതിയ ഒരു മോതിരമാണ് ബോക്സ്‌ തുറന്നുയുടനെ കണ്ടത്... എന്താണ് നടക്കുന്നത് എന്ന് ഉൾക്കൊള്ളാൻ കഴിയാതെ മിഴിച്ചു നോക്കുന്ന നന്ദുവിന്റെ കൈയിൽ നിന്നുമാ ബോക്സ്‌ വാങ്ങി അപ്പോഴേക്കും മോതിരം കൈലെടുത്തിരുന്നു മഹി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story