അനന്തിക: ഭാഗം 14

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

സന്തോഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... ചുണ്ടിലെ പുഞ്ചിരി ഒരംശം പോലും മാങ്ങാതെ നിറഞ്ഞു നിൽക്കുന്നു..... വെപ്രാളത്തോടെ ഹൃദയം പിടയ്ക്കുമ്പോഴും ഉള്ളിൽ പ്രണയത്തിന്റെ തണുപ്പ് പടരുന്നു.... വീണ്ടും വീണ്ടും ആ മോതിരത്തിലായി ചുണ്ടമർത്തി..... ഒടുവിലെപ്പോഴോ അതിലേക്ക് നോക്കി നോക്കി തളർച്ചയോടെ മിഴികളെ ഉറക്കം തഴുകുമ്പോഴും നാളെക്കായി കാത്തുവച്ച ഒരായിരം പ്രണയത്തിന്റെ ഒരായിരം വസന്തങ്ങൾ ഉള്ളിൽ നിറഞ്ഞു പൂക്കാൻ തുടങ്ങിയിരുന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അലാറം വയ്ക്കാതെ തന്നെ രാവിലെ നേരത്തെ എഴുന്നേറ്റു... ആദ്യം നോക്കിയത് വിരലിൽ ഭദ്രമായിക്കിടക്കുന്ന മോതിരത്തിലേക്കാണ്...

ഒരു ചെറു ചിരിയോടെ അതിൽ വിരലോടിച്ചു. ആറു മണിയാകുന്നതേ ഉള്ളൂ... വേഗം പല്ലൊക്കെ തേച്ചു ഫ്രഷ് ആയി മുറ്റമടിക്കാൻ ഇറങ്ങി. ആശ എഴുന്നേറ്റു വരുമ്പോഴേക്കും നന്ദു മുറ്റമടിച്ചു ചായയും ഇട്ട് വച്ചിരുന്നു. ""ആഹാ.... നേരത്തെ എഴുന്നേറ്റോ... നന്നായി.... ബാക്കിയുള്ള രണ്ടെണ്ണത്തിനെ ഇന്ന് പത്തു മണിയായിട്ട് നോക്കിയാൽ മതി...."" നന്ദുവെല്ലാം മൂളിക്കേട്ടു ചെടികൾക്ക് വെള്ളമൊഴിക്കാനായി മുറ്റത്തേക്ക് ഇറങ്ങി... മനസ്സ് ഇവിടെയൊന്നും അല്ലായിരുന്നു.. ""എപ്പോഴായിരിക്കും വരിക.... സമയമൊന്നും ഇന്നലെ പറഞ്ഞില്ലല്ലോ... ശോ.. ചോദിക്കേണ്ടതായിരുന്നു..."" അങ്ങോട്ട്‌ ചോദിക്കാനും കഴിയില്ല.... അവൾക്ക് വല്ലാത്ത ടെൻഷൻ തോന്നി...

ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല... ചിന്തകളെ വഴി തിരിച്ചു വിടാനായി വേഗം വേഗം ജോലികൾ ചെയ്തത് കാരണം പത്തു മണിയായപ്പോഴേക്കും എല്ലാം ചെയ്തു തീർത്തിരുന്നു. ഇതുവരെ മഹി മെസ്സേജൊന്നും അയച്ചിട്ടില്ല.... വീണ്ടും ഒരിക്കൽ കൂടി നിരാശയോടെ ഫോണെടുത്തു നോക്കി താഴേക്ക് വച്ചു.... മെസ്സേജ് നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ട ഉടൻ തന്നെ വെപ്രാളത്തോടെ നോക്കി.... കണ്ണിറുക്കുന്ന സ്മൈലിയോടൊപ്പം പതിനൊന്നു മുപ്പത് എന്നെഴുതി അയച്ചിരിക്കുന്നു.. അവൾക്ക് ഇതുവരെയില്ലാത്ത പരവേശം തോന്നി.... ഇന്നലെ മുതൽക്കേ സ്വരുക്കൂട്ടിയ ധൈര്യമൊക്കെ ഇല്ലാതാകും പോലെ.... അമ്മ സമ്മതിച്ചില്ലെങ്കിലോ....

ഉള്ളിൽ ഭയം നിറഞ്ഞു... എതിർക്കാൻ കഴിയുമോ തനിക്ക്.... ചോദ്യങ്ങൾ മാത്രം അവശേഷിച്ചു... ഫോണിൽ നോക്കിയപ്പോഴാണ് സമയം പതിനൊന്നു ആകുന്നു എന്ന് കണ്ടത് ... വേഗം കുളിച്ചിട്ടിറങ്ങി... വർക്ക്‌ ഒന്നുമില്ലാത്ത വെള്ള നിറത്തിലുള്ള സൽവാറും ചുവന്ന ദുപ്പട്ടയും ഇട്ടു... എന്നും പ്രിയപ്പെട്ട വേഷമാണ്... വെപ്രാളം കൊണ്ടാണോ എന്തൊ ഒരുങ്ങാൻ തോന്നിയില്ല... മുടിയിത്തിരി കുളിർപ്പിന്നൽ പിന്നിയിട്ട് കണ്ണും എഴുതി... ""എന്താ അനൂ.... എവിടെയെങ്കിലും പോകുന്നുണ്ടോ..."" മുറിക്ക് പുറത്ത് ഇറങ്ങിയതും ആദ്യം കണ്ടത് സംശയത്തോടെ നോക്കുന്ന അമ്മയെയാണ്... ""ഇ.... ഇല്ലമ്മേ.... എന്റെ ഓഫീസിലെ മഹി സർ വിളിച്ചിരുന്നു...

അവരിങ്ങോട്ട് വരുന്നുണ്ടെന്ന്...."" ""ഇങ്ങോട്ടോ.... അതെന്താ പറയാതെ...."" സംശയം ചോദ്യത്തിലും ഉണ്ടായിരുന്നു... ""അറിയില്ല.... ""ആദ്യമായി കള്ളം ചെയ്ത കുട്ടിയെപ്പോലെ തല കുനിഞ്ഞു... ""ഹ്മ്മ്.... നിൽക്ക് ഞാനൊന്ന് രമയെ വിളിക്കട്ടെ... ഒരാലോചന വന്നിട്ടുണ്ട്.. അവരിന്നോ നാളെയോ വരുമെന്ന പറഞ്ഞത്..... ഇന്ന് വരുന്നുണ്ടെങ്കിൽ വൈകിട്ടത്തേക്ക് ആക്കാൻ പറയാം...."" സാരി തലപ്പുകൊണ്ട് മുഖവും കഴുത്തും തുടച്ചു അകത്തേക്ക് പോകുന്ന അമ്മയെ തടഞ്ഞു നിർത്തിയത് എങ്ങനെ കിട്ടിയ ധൈര്യത്തിലാണ് എന്നറിയില്ല... ""മഹി...... മഹി സാറിന് എന്നേ ഇഷ്ടാ.... പെണ്ണ് ചോദിക്കാൻ വരുവാ അവര്...."" കുനിഞ്ഞ ശിരസ്സോടെ പറഞ്ഞൊപ്പിച്ചു..

""ഓഹ്.... അപ്പൊ അത്രയ്ക്കൊക്കെ ആയി.... അതോ ഇനി ജോലിയുള്ളതുകൊണ്ട് അമ്മയുടെ സമ്മതവും തീരുമാനവുമൊന്നും ബാധകമല്ല എന്ന് തോന്നി തുടങ്ങിയോ..."" അമ്മയുടെ മുറുകിയ ശബ്ദം കേട്ടതും ഉള്ളൊന്ന് പിടഞ്ഞു.... ആദ്യമായിട്ടാണ് ഇങ്ങനെ... തലയുയർത്തി നോക്കണമെന്നുണ്ട്..... എല്ലാം പറയണമെന്നുണ്ട്.... പക്ഷേ കഴിയുന്നില്ല... അമ്മയുടെ കൈകളിലെ പിടുത്തം ഒന്ന് കൂടി മുറുക്കി... ബാക്കിയെന്തെങ്കിലും പറയുന്നതിന് മുൻപ് കാറിന്റെ ഹോൺ കേട്ടു....നന്ദുവിനെ ഒന്ന് കനപ്പിച്ചു നോക്കി ആശ ഉമ്മറത്തേക്ക് നടന്നു... ""എന്റെ ഏട്ടാ ചേച്ചി അകത്തായിരിക്കും....""

കാറിൽ നിന്നും ഇറങ്ങിയ ഉടനെ വീടിന്റെ ചുറ്റും നോട്ടം പായിക്കുന്ന മഹിയുടെ കാതിലേക്ക് നിത്യ എത്തി നിന്ന് പറഞ്ഞു... ""മിണ്ടാതിരിക്ക് നിത്യേ.... നമ്മുടെ വീടല്ല ഇത്..."". അമ്മയുടെ ശാസന നിറഞ്ഞ സ്വരവും മഹിയുടെ കളിയാക്കിയുള്ള ചിരിയും കണ്ടതും അവൾ ചുണ്ട് കോട്ടി പിണക്കത്തോടെ മാറി ഇരുന്നു... അപ്പോഴേക്കും ആശ ഉമ്മറത്തേക്ക് ഇറങ്ങി വന്നിരുന്നു. വിദ്യ അവരെ കണ്ടതും അടുത്തേക്ക് നടന്നു... ""അനന്തികയുടെ അമ്മയല്ലേ..."" ഒരു ചിരി പകരം നൽകി ആശ അവരെ അകത്തേക്ക് ക്ഷണിച്ചു... വീടിന്റെ അകത്തേക്ക് കയറിയതും മഹി ഒരിക്കൽ കൂടി നന്ദുവിനെ തിരഞ്ഞു....

പക്ഷേ നിരാശയായിരുന്നു ഫലം.... മടുപ്പോടെയവൻ കസേരയിലേക്കിരുന്നു... ,,ഞങ്ങൾ വന്നത് അനന്തികയെ എന്റെ മകൻ മഹിക്ക് തരുമോ എന്ന് ചോദിക്കാനാണ്....അവന് വല്യ ഇഷ്ടമാ മോളെ.....മോളോട് ചോദിച്ചപ്പോ താല്പര്യക്കുറവൊന്നും പറഞ്ഞില്ല... എന്നാലും അധികം വൈകിക്കണ്ട എന്ന് തോന്നി ഇവിടെ വന്നു ചോദിക്കാൻ..."" ആശ ചിരിച്ചതേ ഉള്ളൂ.... മഹിയെ ഇഷ്ടമായി എങ്കിലും അനുവിനെ ഇഷ്ടപ്പെട്ടു ഇങ്ങോട്ട് ആലോചിച്ചു വന്നെന്നുള്ളത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല... ""മോൾടെ ഓഫീസിൽ തന്നെയാണ് ഇവനും. ഏഴെട്ട് മാസമായിട്ടേ ഉള്ളൂ ഇങ്ങോട്ടേക്കു മാറ്റം കിട്ടിയിട്ട്. മുൻപ് ഹൈദരാബാദിലും ചെന്നൈയിലും ഒക്കെ ആയിരുന്നു....

മാധവേട്ടൻ സൗദിയിലാ.. മൂന്ന് വർഷം കൂടുമ്പോഴാ ലീവിന് വരുന്നത്... ഞാനും മോളും ഇവിടെ തനിയെ നിന്ന് മടുത്തു..... അതാ പിടിച്ച പിടിയാലേ ഇവനെ ഇങ്ങ് കൊണ്ട് വന്നത്...."" അമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടെ അകത്തേക്ക് നോക്കി നിരാശയോടെ തല താഴ്ത്തുന്ന മഹിയെ നോക്കി നിത്യ ഊറിചിരിച്ചു.... ""മോളെവിടെ..... ""അമ്മയുടെ ചോദ്യം എത്തിയതും മഹി ചുണ്ടിലൂറിയ ചിരി ആരും കാണാതെ അടക്കി വച്ചു... ""ഞാൻ വിളിച്ചിട്ട് വരാം.... ഇരിക്ക് ട്ടോ...."" ആശ അടുക്കളയിൽ എത്തിയപ്പോൾ ടെൻഷനോട് ഭിത്തിയിൽ ചാരി നഖം കടിച്ചു നിൽക്കുന്ന നന്ദുവിനെയാണ് കാണുന്നത്....

""നീയെന്തിനാ ഇവിടെ മറഞ്ഞു നിൽക്കുന്നത്... ഈ ചായ കൊണ്ട് കൊടുക്ക് അവർക്ക്.... ""ഫ്ലാസ്കിൽ നിന്നും ചായ മൂന്ന് ഗ്ലാസുകളിലേക്ക് പകർന്നൊഴിച്ചു ആശ... വിശ്വാസം വരാതെ ആദ്യം അമ്മയെ നോക്കിയെങ്കിലും കണ്ണ് ചിമ്മി സമ്മതം കാട്ടിയപ്പോൾ ട്രേ എടുത്തു മെല്ലെ നടന്നു... ട്രേ കൈയിൽ പിടിയ്ക്കുമ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു നന്ദുവിനെ. ഇത് ആദ്യത്തെ പെണ്ണ് കാണലല്ല.... ഇതിന് മുൻപും ധാരാളം തവണ വേഷം കെട്ടി ഒരുങ്ങി പോയി നിന്നിട്ടുണ്ട് പലരുടെയും മുൻപിൽ.... അന്നൊന്നും ഒന്നും തന്നെ ബാധിച്ചതെ ഇല്ല.... എന്നാലിന്ന്.... ശ്വാസമൊന്നെടുത്തു ധൈര്യം സംഭരിച്ചു ഹാളിലേക്ക് നടന്നു....

കൈയിലെ വിറയൽ കാരണം ചായ ഗ്ലാസ്‌ ചെറുതായ് ആടി തുടങ്ങിയിരുന്നു.... ആരെയും മുഖമുയർത്തി നോക്കിയില്ല... തലയും കുമ്പിട്ടു പേടിയോടെ ചായ തരുന്നവളെ കാൺകെ ചിരി വരുന്നുണ്ടായിരുന്നു മഹിക്ക്. അപ്പോഴേക്കും ശബ്ദമൊക്കെ കേട്ട് രണ്ടു പെൺകുട്ടികൾ കൂടി ഹാളിലേക്ക് വന്നിരുന്നു.... അച്ചുവും പ്രിയയും ആയിരിക്കണം... മഹിയും നിത്യയും അവരെ രണ്ടാളെയും നോക്കി ചിരിച്ചു... ആരാണെന്ന് മനസ്സിലാകാത്തതിനാൽ രണ്ടാളും ആശയെ നോക്കി...പിന്നെയൊരിളം ചിരി മടക്കി നൽകി.. ""ഇവിടുത്തെ കാര്യങ്ങളൊക്കെ അനു പറഞ്ഞിട്ടുണ്ടാകും... അച്ചൂനും പ്രിയക്കും അഞ്ച് വയസ്സുള്ളപ്പോൾ പിരിഞ്ഞതാ അവരുടെ അച്ഛനും ഞാനും...

അനു അന്ന് ആറാം ക്ലാസ്സിൽ പഠിക്കുവാ...കല്യാണത്തിന് മുൻപേ പല ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ട് തന്നെയാ കെട്ടിയത്... നന്നാക്കി എടുക്കാം എന്നുള്ള വാശി..... അതിന് വീട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വെറുപ്പിച്ചു... ആൾക്ക് അങ്ങനെ കാര്യമായ ബന്ധുക്കളോ ജോലിയോ ഒന്നുമില്ല...പിന്നെ ആകെ ഇപ്പോൾ സഹകരണം ഉള്ളത് എന്റെ അമ്മയുമായിട്ട.... അമ്മയോട് ആലോചിക്കണം....സ്ത്രീധനം ഒന്നും തരാൻ ഉണ്ടാകില്ല....'"" അവസാനം ചെറിയൊരു ജാള്യതയോടെയാണ് ആശ പറഞ്ഞൊപ്പിച്ചത്... ""ഇതൊക്കെ മോള്‌ പറഞ്ഞിട്ടുണ്ട്.... ഇവന് മോളെ മാത്രം മതി... അവർക്ക് രണ്ടാൾക്കും ജോലിയുണ്ട്.... അവരുടെ ഭാവിക്ക് അത് മാത്രം മതി...

ഒരു രൂപ പോലും വാങ്ങാതെയ മാധവേട്ടനെന്നെ കല്യാണം കഴിച്ചത്.... എന്റെ മകനും അങ്ങനെ തന്നെ മതി..."" നന്ദുവിന്റെ അടുത്തേക്ക് ചെന്നു അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് വിദ്യ പറഞ്ഞു... മുൻപിലുള്ള കാഴ്ചകളൊക്കെ സന്തോഷത്താൽ മങ്ങും പോലെ തോന്നി നന്ദുവിന്.... ഇനിയും വിശ്വസിക്കാൻ കഴിയാത്ത സുന്ദരമായ സ്വപ്നത്തിൽ അകപ്പെട്ടു പോയത് പോലെ... 🌺🌺🌺🌺 ""കള്ളിപ്പെണ്ണേ.... ""ലച്ചു അവളെ ഒന്നിറുക്കി കെട്ടിപ്പിടിച്ചു.... അപ്പോഴും ആ മോതിരത്തിലേക്ക് തന്നെ മിഴിനട്ടിരിക്കുകയായിരുന്നു നന്ദു.... ""അന്ന് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ഞാൻ സന്തോഷിച്ച ദിവസമായിരുന്നു ലച്ചു ചേച്ചി....

സന്തോഷം കൊണ്ട് മരിച്ചു പോകുമോ എന്ന് വരെ തോന്നിയിട്ടുണ്ട്... എന്നോട് ആരും തമാശയ്ക്ക് പോലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.... ആദ്യമായിട്ട് ഒരാളെന്നോട് അടക്കാനാകാത്ത പ്രണയം തുറന്നു പറഞ്ഞിരുന്നു.... എന്നേ വിവാഹമാലോചിച്ചു വീട്ടിൽ വന്നിരിക്കുന്നു.... ഞാനയാളുടെയാണെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞിരിക്കുന്നു... സ്വപ്നമാണോ സത്യമാണോ എന്ന് വരെ സംശയം തോന്നിപ്പോയി....."" കഴുത്തിലെ താലിയിലേക്ക് വിരൽ ചേർക്കുമ്പോൾ അതുവരെയുണ്ടായിരുന്ന പുഞ്ചിരി പതിയെ മാറി തുടങ്ങി.... സ്വപ്നങ്ങൾക്ക് മീതെ ആദ്യമായി കരിനിഴൽ വീണ ദിനം... നന്ദുവിന്റെ തകർച്ചയുടെ തുടക്കം... 🌺🌺🌺🌺

പൊന്നും പണവും ഒന്നും വേണ്ടെന്ന് പറഞ്ഞതുകൊണ്ട് തന്നെ കല്യാണ ഒരുക്കങ്ങളൊക്കെ പെട്ടെന്നായിരുന്നു... മഹിയേട്ടൻ തന്നെയാണ് ഓഫീസിൽ എല്ലാവരോടും പറഞ്ഞത്... നന്ദുവിനെ ചേർത്തു പിടിച്ചു വിവാഹത്തിന്റെ ക്ഷണക്കത്ത് വിതരണം ചെയ്യുന്ന മഹിയെ എല്ലാവരും അതിശയത്തോടെ നോക്കി... അതുവരെ പുഞ്ചിരിച്ച പല മുഖങ്ങളും ചെറുതായി മങ്ങുന്നതും പിന്നെ കൃതൃമമായി ഒരു ചിരിയണിയുന്നതും കാൺകെ ശ്വാസം മുട്ടുന്നത് പോലെ തോന്നി നന്ദുവിന്... അർഹത ഇല്ലാത്തതാണോ ആഗ്രഹിക്കുന്നത്.... പക്ഷേ ഇഷ്ടമാണല്ലോ മഹിയേട്ടന്...

ഒരോ തവണയും മനസ്സ് കൈവിട്ട് പോകുമെന്ന് തോന്നുമ്പോൾ ഒന്ന് കൂടി ചേർത്തു നിർത്തുന്ന മഹിയെന്നും ഒരത്ഭുതമായിരുന്നു..... മായാജാലക്കാരൻ.. അടുപ്പിച്ചു ലീവ് കിട്ടാത്തതിനാൽ സാരിയൊക്കെ അമ്മമാരാണ് പോയി എടുത്തത്.... അച്ചുവും പ്രിയയും മഹിയേട്ടനോട് ഇതിനകം പരിചയമായി കഴിഞ്ഞിരുന്നു... എങ്കിലും അത്രയും വലിയ അടുപ്പമായിട്ടില്ല.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പീച്ച് നിറത്തിൽ സ്വർണ്ണനൂലുകൾ നെയ്ത പട്ടുടുത്തു കല്യാണപന്തലിലേക്ക് കയറുമ്പോഴും നന്ദു മുഖമുയർത്തിയില്ല... ആകെ വിയർക്കുന്നുണ്ടായിരുന്നു അവളെ.... ""ഇങ്ങനെ പേടിക്കാതെടോ.... ഞാൻ പിന്നെ ആരെ കാട്ടാന രാവിലെ ഇതൊക്കെ ഇട്ട് വന്നിരിക്കുന്നത്....""

കാതോരം കുസൃതി നിറഞ്ഞൊരു സ്വരം കേട്ടപ്പോഴാണ് മുഖമുയർത്തുന്നത്.... പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.... മഹി മെല്ലെ അവളുടെ വലം കൈയിലെ ചെറുവിരലിലേക്ക് വിരൽ കോർത്തു കണ്ണുകളടച്ചു കാട്ടി... മുൻപിൽ സദസ്സിലിരിക്കുന്ന പലരുടെയും മുഖത്ത് തെളിച്ചമില്ല എന്ന് കണ്ടതും ഓടി ഒളിക്കാൻ തോന്നി അവൾക്ക്.... ചിലരൊക്കെ ശരീരത്തിലെ ആകെയുണ്ടായിരുന്ന ഇത്തിരി പൊന്നിന്റെ അളവെടുക്കുന്ന തിരക്കിലായിരുന്നെങ്കിൽ മറ്റ് ചിലരാകട്ടെ മാറിയിരുന്നുള്ള ചർച്ചകളിലായിരിന്നു...

ഇടയിലെപ്പോഴോ കുറച്ചു പേരുടെ നോട്ടം തന്നെ കൈയിലേക്ക് വീഴുന്നത് കണ്ടതും നന്ദു പരവേശത്തോടെ സാരിയുടെ മുന്താണിക്കുള്ളിലേക്ക് വിരലുകൾ ഒളിപ്പിക്കാൻ ശ്രമിച്ചു... അടുത്ത നിമിഷം തന്നെ മഹിയാ കൈ സ്വന്തമാക്കിയിരുന്നു.... രൂക്ഷമായ നോട്ടം കിട്ടിയതും അറിയാതെ തല താഴ്ന്നു.... ഒരായിരം വട്ടം പറഞ്ഞു പഠിപ്പിച്ച കാര്യമാണ്.... എന്നിട്ടും കഴിയുന്നില്ല... തല താഴ്ത്തിയിരിക്കുന്ന നന്ദുവിന്റെ കഴുത്തിലേക്ക് താലി മുറിക്കിക്കെട്ടി മഹി... സീമന്തരേഖ സിന്ദൂരത്താൽ ചുവപ്പിക്കുമ്പോഴും കണ്ണുകളടച്ചു അതേ കുനിഞ്ഞ ശിരസ്സോടെ പ്രാർത്ഥിച്ചു അവൾ...

കൂപ്പിയ കൈകൾ പൂർവ്വസ്ഥിതിയിൽ ആകും മുൻപേ മഹിയവന്റെ കൈകളിൽ ഒതുക്കിപ്പിടിച്ചിരുന്നു.... പകച്ചു നോക്കുന്ന നന്ദുവിനെ നോക്കിയൊരു ചിരി നൽകി... രണ്ടു കൈകളും ചുണ്ടോട് ചേർത്ത് അമർത്തി ചുംബിച്ചു... ""മഹി ജീവനോടുള്ളത്രയും കാലം ഇനിയീ തല കുനിയരുത് ആർക്ക് മുൻപിലും...."" ഉറച്ച ശബ്ദത്തോടെ ചുവന്നു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story