അനന്തിക: ഭാഗം 16

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

മുഖം വീർപ്പിച്ചു ഇരിക്കുന്നതിന്റെ ഇടയിലും മഹി കൊടുക്കുന്നത് കഴിക്കുന്ന നിത്യയെ നോക്കി ബാക്കി എല്ലാവരും ചിരിക്കുമ്പോഴും ഒരു കുഞ്ഞ് സങ്കടം ഉള്ളിൽ തോന്നി... ""തന്നോട് കഴിക്കാൻ പറഞ്ഞില്ലല്ലോ..... നോക്കിയില്ലല്ലോ.."" ""എന്റെ മഹീ.... നീ വെറുതെ പെണ്ണിനെ പുന്നാരിച്ചു വഷളാക്കണ്ട... വയസ്സ് ഇരുപത് കഴിഞ്ഞു... ഇരിക്കുന്നത് നോക്കിപ്പോഴും കുഞ്ഞ് പിള്ളേരെ പോലെ പിണങ്ങി....."" അമ്മയെ നോക്കി ചുണ്ട് കൂർപ്പിച്ചു അവളൊന്നൂടെ മഹിയോട് ചേർന്നിരുന്നു അടുത്ത ഉരുളയ്ക്കായി വാ തുറന്നു... പറഞ്ഞിട്ട് കാര്യമില്ലെന്നത് പോലെ അവളെ നോക്കിയൊന്ന് കണ്ണുരുട്ടി വിദ്യ....

""കഴിച്ചിട്ട് രണ്ടാളും കൂടി പുറത്തേക്കൊക്കെ ഇറങ്ങുട്ടോ.... ആ വളവ് കഴിയുമ്പോളാ മഹീടെ അമ്മായിടെ ഒക്കെ വീട്.... ഇന്നലെ വന്നപ്പോ വിരുന്നിന് വിളിച്ചിട്ട പോയത്...."" തലയാട്ടി സമ്മതം മൂളി.... അമ്മ പറയുന്നതൊക്കെ കേട്ട് മൂളുന്നുണ്ടെങ്കിലും കണ്ണുകൾ പലപ്പോഴും മഹിയുടെ തോളിലേക്ക് ചാഞ്ഞു കിടക്കുന്ന നിത്യയിലും ഓരോന്ന് പറഞ്ഞു അവൾക്ക് വാരി കൊടുക്കുന്ന മഹിയിലും അനുസരണ ഇല്ലാതെ പാളി വീണു... എത്രയൊക്കെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ഒരു കുഞ്ഞ് പരിഭവം ഉള്ളിലായി കോറി ഇട്ടിരുന്നു... ഇടയ്ക്കിടയ്ക്ക് മഹിയേട്ടൻ ഇങ്ങോട്ടേക്കു നോക്കുമ്പോൾ മുഖത്തൊരു പുഞ്ചിരി അണിയും....

""എന്താണ് നന്ദൂട്ടിക്ക് ഒരു പിണക്കം.... വാരി തരാഞ്ഞിട്ടാണോ...."" മുറിയിലേക്ക് വന്നയുടനെ മഹി ചുറ്റിപ്പിടിച്ചതും അതുവരെയുള്ള പരിഭവം മാറി ഉള്ളിൽ വെപ്രാളം നിറഞ്ഞു... ""ഞാൻ..... ഞാൻ പിണങ്ങിയില്ലല്ലോ....."" ""നോക്കട്ടെ..... പിന്നെ ഈ മൂക്കിന്റെ തുമ്പത്തു ഇരിക്കുന്നതെന്താ..."" മൂക്കിലേക്ക് മൂക്കുരസി മഹി പറഞ്ഞതും അറിയാതെ ചിരിച്ചു പോയി.... അതുവരെ തോന്നിയ പരിഭവം അവിടെ തീരുകയായിരുന്നു.... ""അമ്മായിടെ വീട്ടിൽ കയറിയിട്ട് ടൗണിലേക്ക് പോകാം... നാളെ രാവിലെ നിന്റെ വീട്ടിലേക്ക് പോകുമ്പോൾ പിന്നെ എവിടെയും നിർത്തണ്ടല്ലോ....ഹ്മ്മ്...."" 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ആഹ് വന്നോ രണ്ടാളും... ഉച്ച ആയപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ... ഇനിയും കണ്ടില്ലെങ്കിൽ ഞാൻ അങ്ങോട്ട് വന്നേനെ....""

ഉഷമ്മായി കൈയിലൊരു ചെറിയ തല്ല് കൊടുത്തു പരിഭവം പറഞ്ഞതും മഹി ചിരിയോടെ നന്ദുവിനെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി... ""അതിനൊന്നു പുറത്തേക്ക് ഇറങ്ങാൻ എല്ലാം കൂടി സമ്മതിച്ചിട്ട് വേണ്ടേ.... നേരം വെളുക്കും മുൻപേ മനുഷ്യനെ വിളിച്ചുണർത്തി തുടങ്ങിയതാ... ഇപ്പോഴാ ഒന്ന് ഒതുങ്ങിയത്..."" ""അത് നീയ് എല്ലാത്തിന്റെയും താളത്തിന് തുള്ളാൻ നിന്നിട്ടല്ലേ മഹീ.... നീയിത്തിരി ഗൗരവത്തിൽ പറഞ്ഞ എല്ലാത്തിനും പേടിയാ.... ഇവിടുത്തെ രണ്ടെണ്ണോം ഉണ്ടല്ലോ അവിടെ.... ഇന്നെങ്കിലും വീട്ടിൽ വരാനുള്ള ഉദ്ദേശം ഇല്ലെങ്കിൽ ഓടിച്ചു വിട്ടേക്കണം...."" കണ്ണ് ചിമ്മി ചിരിയോടെയിരിക്കുന്ന മഹിയെ നോക്കി ഉഷ കപട ഗൗരവത്തിൽ പറഞ്ഞു....

ശേഷം ഇതൊക്കെ കണ്ടു മിഴിച്ചിരിക്കുന്ന നന്ദുവിന്റെ തോളിലൊന്ന് തട്ടി... ""ഇതൊന്നും കണ്ടു പേടിക്കണ്ടാട്ടൊ.... പിന്നെ വേണേൽ ഈ ചെക്കനെ ഇത്തിരി നിയന്ത്രിച്ചു വച്ചോ.... പിള്ളേര് എന്ത് പറഞ്ഞാലും അതനുസരിച്ചു തുള്ളാൻ നടക്കുവാ.... ഏട്ടൻ ആകുമ്പോൾ കുറച്ചൊക്കെ ഒന്ന് പേടിപ്പിച്ചു നിർത്തണ്ടേ...."" നന്ദു ചിരിയോടെ കേട്ടിരുന്നു.... എത്ര മതിയെന്ന് പറഞ്ഞിട്ടും വയറു നിറയുവോളം ആഹാരം കഴിപ്പിച്ചിട്ടാണ് വിട്ടത്... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""നോക്ക് ഇത് മതിയോ ന്ന്.... അച്ചുവിനും പ്രിയക്കും ഏത് കളർ ആ കൂടുതൽ ഇഷ്ടം...."" മുൻപിൽ നിരത്തി വച്ചിരിക്കുന്ന ചുരിദാർ പീസുകളിൽ നോക്കി മഹി ചോദിച്ചപ്പോൾ ഉത്തരം ഇല്ലായിരുന്നു...

ഏത് കളർ ആണ് അവർക്ക് കൂടുതൽ ഇഷ്ടം..... ഒരുമിച്ചു വസ്ത്രം എടുക്കാൻ പോയ കാലം ഓർമ്മയിൽ തിരഞ്ഞു... അമ്മയുടെ കൈയിൽ പൈസ കൊടുക്കാറാണ് പതിവ്.... മൂന്നാളും കൂടി പോയി എടുത്തിട്ട് വരും... കൂട്ടത്തിൽ തനിക്കും കൊണ്ട് വരും... അച്ചു കൂടുതലും ചുവന്ന ഉടുപ്പുകളാണ് ഇട്ട് കണ്ടിട്ടുള്ളത്... പ്രിയ കറുപ്പും.... ആ ഓർമ്മയിൽ ആശ്വാസത്തോടെ ചിരിച്ചു... ""അച്ചൂന് ചുവപ്പ് മതി..... പ്രിയക്ക് ബ്ലാക്ക് കളർ ആണ് ഇഷ്ടം...."" മഹിയേട്ടൻ തന്നെയാണ് ചുരിദാർ സെലക്ട്‌ ചെയ്തത്... കൂടെ നിന്നതേ ഉള്ളൂ... പിറ്റേന്ന് വീട്ടിൽ എത്തിയതും എല്ലാവരും ചുറ്റും കൂടിയിരുന്നു....

തന്നോടൊന്നും ചോദിച്ചില്ലെങ്കിലും അച്ചുവും പ്രിയയുമൊക്കെ മഹിയേട്ടനോട് വിശേഷങ്ങൾ തിരക്കുന്നത് നോക്കി നിന്നു... അപ്പോഴും മഹിയേട്ടൻ ചേർത്ത് പിടിച്ച കൈകൾ അയച്ചിരുന്നില്ല. ഒരു നിമിഷം പോലും ഒറ്റയ്ക്ക് ആകാൻ അനുവദിക്കാതെയുള്ള ചേർത്ത് നിർത്തൽ. ജീവിതം മാറുകയായിരുന്നു..... പുതിയ സന്തോഷങ്ങൾ... പരിഭവങ്ങൾ... ആദ്യമായി തനിക്കും ആഗ്രഹങ്ങൾ ഉണ്ടായിരിക്കുന്നു.... ആവശ്യങ്ങൾ വന്നിരിക്കുന്നു.... പിണങ്ങിയിരിക്കാൻ പഠിച്ചിരിക്കുന്നു.... പിണക്കം..... അതെന്നും സ്നേഹിക്കപ്പെടുന്നവർക്ക് മാത്രം സ്വന്തമാണ്... ലോകം ഒരാളിലേക്ക് മാത്രമായി ചുരുങ്ങുകയായിരുന്നു....

ഉണരുമ്പോൾ മുതൽ രാത്രിയെപ്പോഴോ ഉറങ്ങുന്നത് വരെയും കൂടെയിരിക്കാൻ... അതിനിടയിൽ എപ്പോഴാണ് മനസ്സ് കൈ വിട്ടത്..... അറിയില്ല..... തന്നോളം മഹിയേട്ടൻ സ്നേഹിക്കുന്നവരോടൊക്കെ കുശുമ്പ് തോന്നി തുടങ്ങിയിരുന്നു.... ""എന്റെയല്ലേ...... എന്റെ മാത്രം....."" വേരുറച്ചു പോയ ചിന്തയെ അകറ്റാൻ വൃഥാ ശ്രമിക്കുമ്പോഴും കൂടുതൽ ആഴത്തിൽ ചിന്തകളെ അത് കാർന്നു തിന്നു.... വിവേകത്തിനും തിരിച്ചറിവുകൾക്കും മീതേ വികാരം മാത്രം നിറഞ്ഞു നിന്നു... പ്രകടമായി കാണിക്കാത്ത പരിഭവങ്ങൾ ഉള്ളിലങ്ങനെ നീറി പുകഞ്ഞു... എന്തിനായിരുന്നു ആ ദുർവാശികൾ... ഇന്ന് ആലോചിക്കുമ്പോൾ പുച്ഛം മാത്രം തോന്നുന്നു സ്വയം....

തന്നോട് ആദ്യം സംസാരിച്ചില്ലെങ്കിലുള്ള പിണക്കങ്ങൾ.... ഉറക്കമുണരുമ്പോൾ അടുത്തില്ലെങ്കിലുള്ള വാശികൾ... ഒറ്റയ്ക്ക് തന്നെ കൂട്ടാതെ പുറത്തേക്ക് പോകുമ്പോഴുള്ള പരിഭവങ്ങൾ.... രാവിലത്തെ ചായ മുതൽ ഉറങ്ങുന്നത് വരെയുള്ള മഹിയേട്ടന്റെ ഒരോ കാര്യങ്ങളും തനിക്ക് തന്നെ ചെയ്തു കൊടുക്കണം എന്ന വാശി ആയിരുന്നു.... ചുറ്റുമുള്ളവരുടെ സങ്കടങ്ങളോ ഒന്നും കണ്ടില്ല...... അവനൊരാൾ മാത്രമായിരുന്നു മുൻപിൽ.... എന്തിനായിരുന്നു എല്ലാം.... ഇന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങളില്ല... 🌺🌺🌺🌺 ""ഇന്നും ഓഫീസിൽ പോകുന്നില്ലേ മഹി നീയ്.....""

ടീവി ഓൺ ചെയ്തു വച്ചിട്ടും അതിലേക്ക് നോക്കാതെ സോഫയിലേക്ക് ചാഞ്ഞു കണ്ണടച്ചിരിക്കുന്ന മഹിയുടെ മുടിയിഴകളിൽ കൂടി വിരലോടിച്ചു വിദ്യ.... ""വയ്യമ്മ.... രണ്ടു ദിവസം കൂടി കഴിഞ്ഞു പോകാം...."" അവരുടെ മടിയിലേക്ക് ചാഞ്ഞു കണ്ണടച്ചു കിടന്നു മഹി.... എത്ര ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു അമ്മയുടെ മടിയിലൊന്ന് ഇതുപോലെ കിടന്നിട്ട്..... നന്ദുവിനെ കൂടെ കൂട്ടി ആദ്യ നാളുകളിലൊക്കെയാണ് അവസാനമായി സന്തോഷത്തോടെ ഈ മടിയിൽ കിടന്നുറങ്ങിയത്. പണ്ടൊക്കെ നിത്യയും താനും അടിയായിരുന്നു.... എത്രയോ ദിവസങ്ങൾ അവളെ തള്ളി മാറ്റി മടിയിൽ കിടന്നിട്ടുണ്ട്....

രാത്രിയിൽ വിട്ട് നിന്ന മയക്കം പതിയെ കൺപോളകളെ തഴുകുമ്പോൾ ഒരു പിടി ഓർമ്മകളും ചിതറി തെറിച്ചിരുന്നു... 🌺🌺🌺🌺 ""നന്ദു റെഡി ആയോ അമ്മേ...."" ഹാളിലേക്ക് കയറി വന്നയുടനെ മഹി ചുറ്റും നോക്കി. ""എവിടുന്ന്..... നീ വരട്ടെ എന്ന് പറഞ്ഞു രാവിലെ മുതൽ മുറിയിൽ തന്നെയാ...."" അമ്മയുടെ മങ്ങിയ മുഖം കണ്ടതും മഹിയുടെ മുഖം ചെറുതായി കുനിഞ്ഞു. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളായി ഇങ്ങനെ തന്നെയാണ്... നന്ദു അധികമൊന്നും അമ്മയോടും നിത്യയോടും സംസാരിക്കാറേ ഇല്ല.... താനും കൂടി ഉണ്ടെങ്കിൽ മാത്രമേ എല്ലാവരുടെയും കൂടെ ഇരിക്കൂ.... അല്ലെങ്കിൽ കൂടുതൽ സമയവും തന്നെ ചുറ്റിപ്പറ്റി കൂടെ കാണും...

എന്തെങ്കിലും ഒക്കെ എപ്പോഴും പറയാൻ ഉണ്ടാകും തന്നോട്.... തനിയെ എവിടെ പോകാൻ പറഞ്ഞാലും പോകില്ല.. ഇന്നിപ്പോൾ രണ്ടു മൂന്ന് ദിവസമായി വിളർച്ച പോലെ തോന്നുന്നതുകൊണ്ട് അമ്മയാണ് പറഞ്ഞത് ഹോസ്പിറ്റലിൽ പോയി പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്തു നോക്കാൻ..... കഴിഞ്ഞ ആഴ്ച പ്രെഗ്നൻസി കിറ്റ് വാങ്ങി നോക്കിയതാണെങ്കിലും നെഗറ്റീവ് ആയിരുന്നു റിസൾട്ട്‌...... അമ്മയുടെ കൂടെ ഹോസ്പിറ്റലിൽ പോകാൻ രാവിലെ പറഞ്ഞതാണ്... പുതിയ പ്രൊജക്റ്റ്‌ ന്റെ പ്രസന്റേഷൻ ഉള്ളതുകൊണ്ട് തനിക്ക് ലീവ് കിട്ടില്ലായിരുന്നു.... ഉച്ചയ്ക്ക് ആശുപത്രിയിൽ പോയോ എന്നറിയാൻ വിളിച്ചപ്പോഴാണ് പറയുന്നത് താൻ വന്നിട്ടേ പോകൂ എന്ന് വാശി പിടിച്ചിരിക്കുകയാണെന്ന്...

അമ്മയെ ഒന്ന് നോക്കി അവൻ മുറിയിലേക്ക് നടന്നു... നന്ദു കണ്ണാടിയിലേക്ക് തിരിഞ്ഞു മുടി കെട്ടുകയായിരുന്നു.. ""നിനക്ക് അമ്മയുടെ കൂടെ പൊയ്ക്കൂടാരുന്നോ നന്ദു....."" ബാഗ് ടേബിളിലേക്ക് വച്ച് ചോദിക്കുമ്പോൾ ആദ്യമായി സ്വരത്തിൽ മുഷിച്ചിൽ കലർന്നിരുന്നു... ചോദിച്ചു തീർന്നതും കൈയിലുള്ള ചീർപ്പിൽ വിരലുകൾ മുറുകുന്നത് കണ്ടു... ""എനിക്ക് മഹിയേട്ടന്റെ കൂടെ വന്നാൽ മതി...."" തല താഴ്ത്തി നിന്ന് പറയുന്നവളെ നോക്കി പിന്നൊന്നും പറയാതെ വേഗം ഫ്രഷ് ആയി ഇറങ്ങി. കാറിൽ കയറിയിട്ടും ഗൗരവത്തിൽ തന്നെ ഡ്രൈവ് ചെയ്യുന്ന മഹിയെ നോക്കിയിരുന്നു നന്ദു... കണ്ണ് നിറഞ്ഞു വരുന്നുണ്ട്... ആദ്യമായിട്ടാണ് മഹി മിണ്ടാതെ ഇരിക്കുന്നത്....

ദേഷ്യപ്പെടുന്നത്... ""സോ..... സോറി മഹിയേട്ടാ..... ഇനി.... ഇനി ഞാൻ പറയുന്നതൊക്കെ കേട്ടോളാം... പിണങ്ങല്ലേ...."" പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും സങ്കടം കൊണ്ട് ചുണ്ടുകൾ വിതുമ്പിയിരുന്നു.... ""ഇതിപ്പോ എത്രാമത്തെ തവണയാ നന്ദു.... എല്ലാം ഞാൻ തന്നെ വേണം കൂട്ടിന് എന്ന് വാശി പിടിക്കുന്നത് എന്തിനാ.... അതോ എന്റെ അമ്മയെ വിശ്വാസം ഇല്ലേ...."" ആദ്യമായി ശബ്ദം ഉയർന്നിരുന്നു അവന്റെ... ""അ..... അങ്ങനല്ല മഹിയേട്ടാ..... നമ്മുടെ വാവ ആണെങ്കിലോ..... എനിക്കത് മഹിയേട്ടന്റെ കൂടെ കേട്ടാൽ മതി..."" കണ്ണും നിറച്ചു പറയുന്നവളെ നോക്കി മഹി ദീർഘമായി ശ്വാസം എടുത്തു.... ""പോട്ടെ..... കരയണ്ട.... നമ്മുടെ വാവ ആണെങ്കിലേ..

വാവേടെ അമ്മ കരഞ്ഞാൽ വാവയ്ക്കും സങ്കടം ആകും..."" കാർ സൈഡിലേക്ക് ഒതുക്കി നിർത്തി അവളുടെ രണ്ടു കണ്ണും തുടച്ചു കൊടുത്തു..... ""ഇനി വെറുതെ കാര്യം ഇല്ലാതെ എങ്ങാനും കരഞ്ഞു എന്റെ കൊച്ചിനെ കൂടി വിഷമിപ്പിച്ചാൽ.... ഹാ..... "" കപട ഗൗരവത്തോടെ മഹി പറഞ്ഞതും അവനെ നോക്കി കുറുമ്പോടെ മുഖം കോട്ടി തിരിഞ്ഞിരുന്നു. ഡോക്ടറുടെ മുൻപിൽ ഇരിക്കുമ്പോൾ ടെൻഷൻ കാരണം മഹിയുടെ കൈയിൽ അമർത്തിപ്പിടിച്ചിരുന്നു നന്ദു.... ""സംശയം ശെരിയാണ് ട്ടോ.... അനന്തിക carrying ആണ്....."" ചിരിയോടെ റിപ്പോർട്സ് നോക്കി ഡോക്ടർ പറഞ്ഞതും അടുത്ത നിമിഷം തന്നെ അവളെ നെഞ്ചോട് ചേർത്ത് നെറുകയിൽ മുത്തിയിരുന്നു മഹി.....

കണ്ണുകൾ നിറഞ്ഞു മുന്നിലുള്ള കാഴ്ച മങ്ങി തുടങ്ങിയിരുന്നു രണ്ടു പേരുടെയും ... ""പേടിക്കാനൊന്നും ഇല്ല....... എന്നാലും ആദ്യത്തെ മൂന്ന് മാസം സൂക്ഷിക്കണം...അത്യാവശ്യം ബെഡ് റസ്റ്റ്‌ എടുക്കുന്നതാണ് അനന്തികയുടെ ആരോഗ്യത്തിനു നല്ലത്....പിന്നെ നല്ല ടെൻഷൻ ഉള്ള കൂട്ടത്തിലാണ് എന്ന് കണ്ടിട്ട് തോന്നുന്നു..... ഇനിയുള്ള ദിവസങ്ങളിൽ പരമാവധി ടെൻഷൻ ഒഴിവാക്കുക.... സന്തോഷമായിട്ടിരിക്കാൻ ശ്രമിക്കുക.... ഇവിടുന്ന് ഇപ്പൊ തരുന്ന വിറ്റാമിൻ സപ്ലിമെന്റ്സ് ഒക്കെ കറക്റ്റ് സമയത്തു കഴിക്കുക...... അടുത്ത സ്കാനിംഗ് ഡേറ്റ് റിസപ്ഷനിൽ നിന്ന് തരും... അന്ന് വന്നാൽ മതി ഇനി രണ്ടാളും.....""

""താങ്ക്സ് ഡോക്ടർ...."" നന്ദിയോടെ ഡോക്ടറെ നോക്കി ചിരിച്ചു മഹി നന്ദുവിനെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു. ""എന്റെ നന്ദൂസ് ഇവിടെ ഇരിക്കെ.... ഞാൻ പോയി മരുന്ന് വാങ്ങി വരാം..."" പുറത്തിറങ്ങി നന്ദുവിനെ കസേരയിലേക്കിരുത്തി മഹി... അവളുടെ കവിളിൽ കൈ ചേർത്ത് വീണ്ടും അല്പ നേരം നെറ്റി മുട്ടിച്ചു നിന്നു.... സന്തോഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവന്.... കഴിഞ്ഞ ആഴ്ച നന്ദുവിന്റെ സമാധാനത്തിനു വേണ്ടി ടെസ്റ്റ്‌ നെഗറ്റീവ് ആയപ്പോൾ എത്രയൊക്കെ സാരമില്ല എന്ന് ഭാവിച്ചെങ്കിലും.... ഉള്ളിന്റെ ഉള്ളിൽ സങ്കടം അടക്കിപ്പിടിച്ചിരുന്നു..... ഇന്നിപ്പോൾ താൻ പോലും പ്രതീക്ഷിക്കാതെ..... തന്റെ കുഞ്ഞ്..... വേഗം വരാമെന്ന് പറഞ്ഞു മഹി നടന്നകന്നതും നന്ദു പതിയെ വയറ്റിലേക്ക് കൈ ചേർത്തു.... ""അമ്മേടെ കുഞ്ഞാ.......""..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story