അനന്തിക: ഭാഗം 17

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ഇന്നിപ്പോൾ താൻ പോലും പ്രതീക്ഷിക്കാതെ..... തന്റെ കുഞ്ഞ്..... വേഗം വരാമെന്ന് പറഞ്ഞു മഹി നടന്നകന്നതും നന്ദു പതിയെ വയറ്റിലേക്ക് കൈ ചേർത്തു.... ""അമ്മേടെ കുഞ്ഞാ......."" ""അമ്മയാട്ടോ...... അച്ഛാ മരുന്ന് മേടിക്കാൻ പോയേക്കുവാ... ഇപ്പൊ വരുമെ.....""" മഹി ആരെയൊക്കെയോ ഫോൺ ചെയ്തു വരുന്നത് കണ്ടതും പതിയെ എഴുന്നേറ്റു... ഭയങ്കര സന്തോഷത്തിലാണ് ആള്.... പോയതിനേക്കാൾ വേഗം തിരിച്ചും വന്നു കഴിഞ്ഞു.. ""വീട്ടിൽ എല്ലാരോടും പറഞ്ഞിട്ടുണ്ട്... നമ്മളങ് എത്തുമ്പോഴേക്കും ആശമ്മേം അച്ചുവും പ്രിയയും എല്ലാരും വരാമെന്ന് പറഞ്ഞിട്ടുണ്ട്...."" അവന്റെ മുഖത്തെ സന്തോഷവും ചിരിയും നോക്കി നിന്നു....

വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാവരും ഉണ്ടായിരുന്നു.... നിത്യ ക്ലാസ്സ്‌ കഴിഞ്ഞു വന്നിട്ടില്ല... ബാക്കി എല്ലാവരും വന്നിരുന്നു.... ഇതുവരെയില്ലാത്ത വിധത്തിലുള്ള സ്നേഹ പ്രകടങ്ങൾ..... അവൾക്കെന്തോ വല്ലാത്ത വീർപ്പ് മുട്ടൽ തോന്നി... എന്തൊക്കെ ചെയ്യണം.... ചെയ്യരുത് എന്നൊക്കെ അമ്മയിരുന്നു പറയുന്നുണ്ടായിരുന്നു... എല്ലാം അലസമായി മൂളി കേട്ടു.... ഇരുട്ട് വീണു തുടങ്ങും മുൻപേ അവർ ഇറങ്ങിയിരുന്നു....അപ്പോഴാണ് പകുതി ആശ്വാസമായത്..... അറിയാം തന്റെ നല്ലതിന് വേണ്ടിയാണ് പറയുന്നതൊക്കെയെന്ന്.... പക്ഷേ അംഗീകരിക്കാൻ മനസ്സ് മടി കാട്ടുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""നന്ദു.... ഞാൻ പ്രകാശ് സാറിനെ വിളിച്ചിരുന്നു.... നാളെ ഞാൻ പോകുമ്പോൾ നിനക്കുള്ള ലീവ് ന്റെ ഫോം വാങ്ങി വരാം... ഡോക്ടർ ബെഡ് റസ്റ്റ്‌ പറഞ്ഞതുകൊണ്ട് പ്രെഗ്നൻസി ലീവ് കിട്ടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.... അടുത്ത സ്കാനിംഗ് കഴിഞ്ഞു ഓഫീസിൽ പോയി തുടങ്ങിയാൽ മതിയെന്നല്ലേ ഡോക്ടർ പറഞ്ഞത്...."" ""വേണ്ട മഹിയേട്ടാ..... കുഴപ്പമില്ല.... അവിടെ വലിയ അധ്വാനം വേണ്ടുന്ന ജോലിയൊന്നുമില്ലല്ലോ..."" ""പറയുന്നത് കേൾക്ക് നന്ദു.... ഈ സമയത്തു ഫിസിക്കലി ആയാലും മെന്റലി ആയാലും സ്‌ട്രെയിൻ ഒരുപോലെ തന്നെയാ.... ഒരു മാസത്തെ കാര്യമല്ലേ.. റസ്റ്റ്‌ എടുത്തില്ലെങ്കിൽ ശെരിയാകില്ല.. പോകണ്ട എന്ന് പറഞ്ഞാൽ പോകണ്ട...""

അവനിത്തിരി ഗൗരവത്തോടെ പറഞ്ഞു.. ""റസ്റ്റ്‌ ബാക്കി സമയം എടുത്തോളാം.. മഹിയേട്ടന്റെ കൂടെയല്ലേ വരുന്നത് ബസ്സിൽ ഒന്നുമല്ലല്ലോ...."" ""നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ നന്ദു....പോകണ്ട എന്ന് പറഞ്ഞാൽ പോകണ്ട..."" മഹിയുടെ സ്വരം കടുത്തു...അവളെയൊന്ന് നോക്കി വാതിലടച്ചു പുറത്തേക്ക് ഇറങ്ങി... ""അമ്മേടെ കുഞ്ഞൻ പിണങ്ങിയോടാ അമ്മയോട്..... അമ്മയ്ക്കെ അച്ഛായെ കാണാതെ എങ്ങനെ ഇരിക്കും ഒരു മാസം.... അച്ഛയ്ക്ക് ഇതൊന്നും അറിയണ്ടല്ലോ..... വാവ തന്നെ അച്ഛയോട് പറഞ്ഞു നോക്കണേ...."" വൈകുന്നേരമായിരുന്നു മഹി പുറത്ത് പോയിട്ട് വരാൻ... ഫോൺ വീട്ടിൽ വച്ചിട്ട് പോയതിനാൽ വിളിക്കാനും പറ്റിയില്ല....

നന്ദു ഹാളിൽ ഇരിക്കുന്നത് കണ്ടപ്പോൾ അവളുടെ അടുത്തേക്ക് ചെന്നിരുന്നു മടിയിൽ തലവച്ചു കിടന്നു.... പെട്ടെന്നായതിനാൽ അവളൊന്ന് ഞെട്ടി... പിന്നെ പതിയെ ഒരു പുഞ്ചിരി വിടർന്നു.... അവന്റെ മുടിയിൽ പതിയെ വിരലോടിച്ചു... ""മഹിയേട്ടാ.... ഞാനും...."" ""പ്ലീസ് നന്ദു.... ഇനി അതിനെപ്പറ്റി ഒരു സംസാരം വേണ്ടാ.... ലീവിനുള്ള കാര്യങ്ങളെല്ലാം റെഡി ആക്കിയിട്ടുണ്ട്..."" പറയാനുള്ളത് കേൾക്കാൻ തയ്യാറാകാതെ മഹി വീണ്ടും അവളുടെ മടിയിലേക്ക് തന്നെ കണ്ണടച്ച് കിടന്നു.. പറയാൻ വന്നതൊക്കെയും പകുതിയിൽ നിർത്തിയവൾ... നിരാശ നിറയുന്നുണ്ടായിരുന്നു ഉള്ളിൽ.... എങ്ങനെയിരിക്കും ഒരു മാസം... മഹിയേട്ടൻ രാവിലെ പോയാൽ രാത്രി ആകില്ലേ വരാൻ... കാണാതിരിക്കാൻ പറ്റുമോ അങ്ങനെ ഒരു ദിവസം മുഴുവൻ.... ചിന്തകൾ കാട് കയറിയപ്പോൾ ഭ്രാന്ത്‌ പിടിക്കുന്നുവെന്ന് തോന്നി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

സന്ധ്യ കഴിഞ്ഞു രാത്രിയായി തുടങ്ങിയപ്പോഴായിരുന്നു നിത്യ ക്ലാസും കഴിഞ്ഞു വന്നത്...ഫൈനൽ ഇയർ പ്രൊജക്റ്റ്‌ ആയതിനാൽ കോളേജിൽ നിൽക്കണം സന്ധ്യ വരെ..... സ്കൂട്ടി ഉള്ളതുകൊണ്ട് ബസ് കാത്തു നിന്ന് ബുദ്ധിമുട്ടേണ്ട..... ഫോണിൽ കൂടി വിദ്യ വിളിച്ചു പറഞ്ഞതിനാൽ വരുന്ന വഴിക്ക് തന്നെ ജംഗ്ഷനിൽ ഇറങ്ങി സ്വീറ്റ്സ് വാങ്ങി... ""ഏട്ടത്തി എന്തിയെ അമ്മേ..."" വന്ന വഴിയേ ബാഗ് സോഫയിലേക്കിട്ട് കണ്ണുകൊണ്ടു ചുറ്റും പരതുന്ന പെണ്ണിനെ നോക്കി വിദ്യ ചിരിയോടെ മഹിയുടെ മുറിയിലേക്ക് വിരൽ ചൂണ്ടി... വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു.... ടേബിളിന്റെ മുൻപിലിരുന്ന് ഫയൽ നോക്കി എന്തോ എഴുതുന്ന മഹിയെയാണ് വാതിൽക്കൽ എത്തിയതും കണ്ടത്... ""ഏട്ടാ....."" വിളി കേട്ട് മഹി എഴുന്നേറ്റ ഉടനെ ഓടി ചെന്നു അവനെ കെട്ടിപ്പിടിച്ചു...

""ഞാനും അമ്മായിയായി.....എന്റെ ഏട്ടൻ അച്ഛനാകാൻ പോവാലെ....."" സന്തോഷം സഹിക്കാൻ വയ്യാതെ അവന്റെ രണ്ടു കവിളിലും ഉമ്മ കൊടുത്തു.... മഹി സ്നേഹത്തോടെ അവളുടെ മുടിയിൽ വിരലോടിച്ചു.... അവന്റെയും കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു... ""ഏട്ടത്തി....""" അവന്റെ അടുത്ത് നിന്ന് മാറിയിട്ടാണ് കട്ടിലിൽ ഇരിക്കുന്ന നന്ദുവിനെ കാണുന്നത്.... അവളുടെ മുഖം കണ്ടപ്പോഴേ എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നിയെങ്കിലും കാര്യമാക്കാതെ ഓടി ചെന്നു അടുത്തിരുന്നു... ""ഇനിയെന്റെ ഏട്ടത്തിക്ക്.... ""അവളുടെ കവിളിലും ഉമ്മ കൊടുത്തു.... ""ഇനിയെന്റെ വാവയ്ക്ക്..."" വയറ്റിലേക്ക് കുനിഞ്ഞു ഉമ്മവയ്ക്കാൻ തുടങ്ങിയതും നന്ദു പെട്ടെന്ന് എഴുന്നേറ്റു.. ""അത് വേണ്ട നിത്യേ..... ഒരു മാസം നന്നായി സൂക്ഷിക്കണം എന്ന ഡോക്ടറും നിന്റെ ഏട്ടനുമൊക്കെ പറയുന്നത്.... അത് കഴിയട്ടെ....""

ഗൗരവത്തോടെ പറയുന്ന നന്ദുവിനെ കാൺകെ നിത്യയുടെ മുഖം വിളറി..... ഒരു നിമിഷം അവളുടെ നോട്ടം മഹിക്ക് നേരെ നീണ്ടു.... ഞെട്ടലോടെ നോക്കിയ അവന്റെ മുഖം അടുത്ത നിമിഷം ഇരുളുന്നത് കാൺകെ തല കുനിഞ്ഞു... ""ഞാൻ..... ഞാൻ പിന്നെ വരാം ഏട്ടാ... വന്നതല്ലേ ഉള്ളൂ കുളിക്കട്ടെ....."" മറുപടിയ്ക്ക് നിൽക്കാതെ വേഗത്തിൽ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന നിത്യയെ ഒന്ന് നോക്കി മഹി ദേഷ്യത്തോടെ നന്ദുവിന് നേരെ തിരിഞ്ഞു.... """നീയിപ്പോൾ കാണിച്ചത് തീരെ ശെരിയായില്ല നന്ദു...... എന്നോടുള്ള ദേഷ്യം എന്നോട് മാത്രം തീർത്താൽ മതി.... ഇനി മേലിൽ നിത്യയോടോ അമ്മയോടോ ഇതുപോലെ പറഞ്ഞാൽ.....""

അവളെയൊന്ന് കനപ്പിച്ചു നോക്കി വാതിൽ ശക്തിയിലടച്ചു മഹി ഇറങ്ങി പോയതും നന്ദു തളർച്ചയോടെ കട്ടിലിൽ ഇരുന്നു.... ഇങ്ങനെയൊന്നും പറയണമെന്ന് വിചാരിച്ചതല്ല.... ഒരു നിമിഷത്തെ വാശിക്ക് അറിയാതെ പറഞ്ഞു പോയതാണ്.... അവൾക്ക് കുറ്റബോധം കൊണ്ട് നെഞ്ച് വിങ്ങും പോലെ തോന്നി... മഹി ദേഷ്യത്തിൽ ഇറങ്ങി പോയതോർക്കേ വീണ്ടും മനസ്സിൽ വാശിയും പിണക്കവും നിറഞ്ഞു... "" മഹിയേട്ടനെന്താ എന്നെ മാത്രം മനസ്സിലാക്കാത്തത്..."" 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കാർ പോർച്ചിലേക്ക് നിർത്തി നെറ്റി ഒന്നുഴിഞ്ഞുകൊണ്ട് ഇറങ്ങി മഹി..... രാവിലെ മുതൽക്കേ ഓരോരോ ടെൻഷനാണ്....

ഇന്നലെ നന്ദു നിത്യയോട്‌ അങ്ങനെ പെരുമാറിയ ദേഷ്യത്തിൽ അങ്ങോട്ട്‌ ഒന്നും സംസാരിക്കാൻ പോയില്ല... പിണങ്ങി ഇരുന്നാലെങ്കിലും വാശി ഉപേക്ഷിക്കുമല്ലോ എന്ന് വിചാരിച്ചു... പക്ഷേ രാവിലെ വീണ്ടും തനിക്കൊപ്പം ഓഫീസിൽ വരാനായി ഒരുങ്ങുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു പോയി.... എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും സമ്മതിക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ ദേഷ്യം സഹിക്കാൻ കഴിയാഞ്ഞിട്ടാണ് വഴക്ക് പറഞ്ഞതും തനിയെ ഓഫീസിൽ പോയതും... ഹാളിൽ കയറിയപ്പോഴേ കണ്ടത് എന്തോ ആലോചിച്ചിരിക്കുന്ന അമ്മയെയാണ്..... എന്തൊക്കെയോ ടെൻഷനും വിഷമവും ഉള്ളത് പോലെ... ""എന്താമ്മേ...."" ബാഗ് മാറ്റി വച്ചു വിദ്യയുടെ അടുത്തേക്ക് ഇരുന്നു മഹി.... ""ആഹ് നീ വന്നോ.... നന്ദു മോൾക്ക് ഓഫീസിൽ വരാനാണ് താല്പര്യം എങ്കിൽ വന്നോട്ടെ മഹി.... ഇന്നത്തെ ദിവസം ഒരു വക കഴിച്ചിട്ടില്ല....

ജ്യൂസ്‌ കൊണ്ട് കൊടുത്തിട്ട് അതും കുടിച്ചില്ല.... രാവിലെ നീ പോയപ്പോൾ മുതൽ കിടക്കുവാ മുറിയിൽ തന്നെ...."" ""അമ്മയെന്താ അന്നേരം തന്നെ എന്നെ വിളിക്കാതിരുന്നത്.... നടക്കില്ല എന്നറിഞ്ഞിട്ടും വെറുതെ വാശി പിടിച്ചിരിക്കുവാ പെണ്ണ്... അങ്ങോട്ട്‌ ചെല്ലട്ടെ ഞാൻ... അവൾക്കറിയില്ലേ ഈ സമയത്തു വിശന്നിരിക്കാൻ പാടില്ലെന്ന്...."" ശബ്ദം ഉയർന്നിരുന്നു മഹിയുടെ... ""ഞാൻ പറയുന്നത് കേൾക്ക് മഹി...."" അമ്മ പറഞ്ഞു തുടങ്ങിയതും പിന്നെ മഹിയൊന്നും പറഞ്ഞില്ല.... പക്ഷേ അപ്പോഴും മുഖത്ത് നിന്ന് ദേഷ്യം മാറിയിട്ടുണ്ടായിരുന്നില്ല... ""മഹി..... ഈ സമയത്തു ആഹാരത്തെയും വിശ്രമത്തെയും പോലെ തന്നെ...

അല്ലെങ്കിൽ അതിലേറെ പ്രാധാന്യമുള്ളതാണ് മനസ്സിന്റെ സന്തോഷം.... മോൾക്ക് ഓഫീസിൽ പോകണം എന്ന് നിർബന്ധമാണെങ്കിൽ പൊയ്ക്കോട്ടേ.... നിന്റെ കൂടെയല്ലേ വരുന്നത്.... ടെൻഷൻ വരുന്ന ജോലിയൊന്നും കൊടുക്കാതെ നീ നോക്കിയാൽ പോരെ.... അല്ലാതെ ഈ സമയത്തു വെറുതെ വാശി പിടിപ്പിച്ചു പട്ടിണി കിടന്നാൽ കുഞ്ഞിനെയാ അത് ബാധിക്കുക....""" മഹിയുടെ മുഖം കണ്ടപ്പോൾ അവനിപ്പോഴും പൂർണ്ണമായും സമ്മതിച്ചിട്ടില്ല എന്ന് വിദ്യക്ക് തോന്നി... ""പറയുന്നത് കേൾക്ക് മഹീ....മോള്‌ നിന്റെ കൂടെ വന്നോട്ടെ...."" ""ഹ്മ്മ്..."". അവനൊന്നു മൂളി.... ""പക്ഷേ സ്കാനിങ്ങിൽ എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കിൽ പിന്നെ കുഞ്ഞ് വരുന്നത് വരെ ഓഫീസിന്റെ പടി കയറാൻ ഞാൻ സമ്മതിക്കില്ല....""

""അത് നീ എന്താച്ചാ ചെയ്യ്..... ഇപ്പൊ ദാ ഞാൻ അടയുണ്ടാക്കി വച്ചിട്ടുണ്ട്... അത് കൊണ്ടോയി കൊടുക്ക്... രാവിലെ മുതൽ കിടക്കുവല്ലേ ഒന്നും കഴിക്കാതെ... തലചുറ്റൽ ഉണ്ടാകും... മുറിയിരുത്തി കൊടുത്താൽ മതി...."" ""ഹ്മ്മ്..."" അമ്മയോട് ഒന്ന് മൂളി മുറിയിൽ എത്തിയപ്പോഴേ കണ്ടു കിടന്നുറങ്ങുന്ന നന്ദുവിനെ... ആദ്യം അവളുടെ വാശിയോർത്തു ദേഷ്യം വന്നെങ്കിലും പിന്നെ അമ്മ പറഞ്ഞതൊക്കെ മനസ്സിൽ വന്നു.... അടുത്തേക്ക് ചെന്നു മുഖത്തേക്ക് വീണു കിടന്ന മുടി മാടിയൊതുക്കി നെറ്റിയിലൊരു കുഞ്ഞുമ്മ കൊടുത്തപ്പോഴാണ് എന്തൊക്കെയോ ഉറക്കത്തിൽ പറയും പോലെ തോന്നിയത്... കാത് അവൾക്ക് നേരെ നീട്ടിപ്പിടിച്ചു....

""നന്ദൂന് കാണാതിരിക്കാൻ പറ്റാഞ്ഞിട്ടല്ലേ മഹിയേട്ടാ.... ഇഷ്ടം കൊണ്ടാ...."" ചെറുതായി ചിരി വന്നു പോയി... ""നന്ദൂ..... എഴുന്നേൽക്ക്..."" തട്ടി വിളിച്ചതും ഞെട്ടലോടെ എഴുന്നേറ്റു.... ആദ്യം തന്നേക്കണ്ടു ആ മുഖത്തൊരു ചിരി വിടർന്നെങ്കിലും അടുത്ത നിമിഷം തന്നെ വഴക്ക് പറയുമോ എന്ന പേടി കണ്ണിൽ തെളിഞ്ഞു... ""അമ്മ പറഞ്ഞതുകൊണ്ട് തത്കാലം ഞാനൊന്നും പറയുന്നില്ല.... മര്യാദക്ക് റസ്റ്റ്‌ എടുക്കാനും ഭക്ഷണം കഴിക്കാനും പറ്റുമെങ്കിൽ മാത്രം നാളെ മുതൽ ഓഫീസിൽ വന്നോ...."" അവളെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ടായിരുന്നു അത് പറഞ്ഞത്... വേഗത്തിൽ തലയാട്ടുന്നത് കണ്ടു ചിരി വന്നെങ്കിലും പുറമേ കാട്ടിയില്ല...

അപ്പോഴേക്കും അമ്മ അട കൊണ്ട് വന്നിരുന്നു... മഹി തന്നെയായിരുന്നു ഫ്രഷ് ആയിട്ട് വന്നു വാരി കൊടുത്തത്... ""ഇനി ഞാനെന്റെ കൊച്ചിനോട് സംസാരിക്കട്ടെ... നീയിവിടെ മിണ്ടാതെ കിടന്നുറങ്ങുവോ കളിക്കുവോ എന്താന്ന് വച്ച ചെയ്യ്..."" കഴിച്ചു കഴിഞ്ഞു കൈയും വായും കഴുകി വന്നയുടനെ മഹി കട്ടിലിന്റെ കുറുകിനെ കിടന്നു വയറിന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു... """അച്ഛേടെ പൊന്ന് വേഗം വരണെടാ..... എന്നിട്ട് വേണം ഈ കുശുമ്പത്തി അമ്മേനെ നമുക്ക് വീണ്ടും കുശുമ്പ് കേറ്റാൻ....""" വയറ്റിലേക്ക് മുഖം ചേർത്ത് പറയുന്നവനെ നോക്കി അവൾ പരിഭവത്തോടെ മുഖം കൂർപ്പിച്ചു.... '"""എന്താടി നോക്കുന്നെ.... "

"അവനവളുടെ മൂക്കിന്റെ തുമ്പിൽ പിടിച്ചു ശക്തിയായി വലിച്ചു... """നോക്കിക്കോ നീ.... എന്റെ പൊന്നൊന്നിങ്ങു വന്നോട്ടെ... ഞങ്ങള് പുതിയ ടീം ആകും....""" """അയ്യടാ.... അതിന് ഞാൻ സമ്മതിച്ചിട്ട് വേണ്ടേ.... ആര് വന്നാലും മഹിയേട്ടൻ എന്റെ ടീമിലാ...... എന്റെയാ....""" പരിഭവവും പിണക്കവും നിറഞ്ഞ മുഖത്തോടെ അവനെ നോക്കിയെങ്കിലും വയറ്റിലുള്ള കുഞ്ഞിനോട് വിശേഷങ്ങൾ പറയുന്ന തിരക്കിലായിരുന്നു അവൻ... താടി രോമങ്ങൾ കുഞ്ഞിനോട് സ്വകാര്യം പറയുന്നതിനിടയിൽ വയറ്റിൽ ഇക്കിളിയാക്കിയപ്പോൾ അവളൊരു ചിരിയോടെ ഒരു കൈ വയറ്റിലേക്ക് ചേർത്തു.... മറുകൈ മഹിയുടെ കവിളിലേക്കും... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""നന്ദു.... നീ ഇന്ന് വിശ്വൻ മാമേടെ ഒപ്പം പൊയ്ക്കോ.... ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് നിന്നെ വിളിക്കാൻ വരാൻ....എനിക്ക് അഞ്ചിന് പ്രസന്റേഷനു കേറണം... ജോൺ വന്നിട്ടില്ല ഇന്ന്...... കഴിയുമ്പോളേക്കും മിക്കവാറും രാത്രി ആകും...."" ""ഒന്നിച്ചു പോകാം മഹിയേട്ടാ.... ഞാൻ വെയിറ്റ് ചെയ്തോളാം.."" ""അത് വേണ്ടാ.... ഇവിടെയൊന്നും ചിലപ്പോൾ ആരും ഉണ്ടാകില്ല... റസ്റ്റ്‌ എടുക്കാമെന്ന് സമ്മതിച്ചിട്ടല്ലേ നീ ജോലിക്ക് വന്നത്..... ഇത്രേം നേരമുള്ള ജോലിയൊക്കെ മതി... രണ്ടാഴ്ച കഴിഞ്ഞല്ലേ സ്കാനിംഗ്...

അത് കഴിഞ്ഞു തീരുമാനിക്കാം ബാക്കി.... ഇപ്പൊ വീട്ടിലേക്ക് പൊയ്ക്കോണം.... എത്തിയിട്ട് മെസ്സേജ് ഇട്ടാൽ മതി... ഫോൺ നോക്കാൻ പറ്റില്ല മീറ്റിംഗ് ന്റെ ഇടയ്ക്ക്...."" അങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ മഹി പറയുന്നത് കേട്ട് നിരാശയോടെ മൂളി... രാത്രി എട്ടിനോട് അടുത്തിരുന്നു മഹി മീറ്റിംഗ് ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ... അവൻ വെപ്രാളത്തോടെ ഫോണിലേക്ക് നോക്കി.... ഇതുവരെയായിട്ടും നന്ദുവിന്റെ മെസ്സേജ് ഒന്നും വന്നിട്ടില്ല.... അവളെ വിളിച്ചിട്ടാണെങ്കിൽ ബെൽ പോകുന്നും ഇല്ല... വിശ്വൻ മാമയെ വിളിക്കാമെന്ന് കരുതി

ഫോൺ ചെവിയിലേക്ക് വച്ചപ്പോഴാണ് റിസപ്ഷന്റെ അരികിലായി കണ്ണാടി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ഒരു രൂപത്തെ കാണുന്നത്... അത് നന്ദുവാണെന്ന് മനസ്സിലായതും ഉള്ളിലൊരു കടൽ ഇരമ്പി... അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ദേഷ്യത്താൽ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.... ""നന്ദൂ...."" മഹിയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ടിട്ടാണ് നന്ദു തിരിഞ്ഞു നോക്കുന്നത്... ചുവന്ന കണ്ണുകളോടെ രൗദ്ര ഭാവത്തിൽ നിൽക്കുന്ന മഹിയെ കാൺകെ പേടി തോന്നി അവൾക്ക്...ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു അവൻ... അവനെ നോക്കാനുള്ള കരുത്തില്ലാതെ മിഴികൾ താഴ്ത്തി നിന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story