അനന്തിക: ഭാഗം 18

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

 ""നന്ദൂ...."" മഹിയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ടിട്ടാണ് നന്ദു തിരിഞ്ഞു നോക്കുന്നത്... ചുവന്ന കണ്ണുകളോടെ രൗദ്ര ഭാവത്തിൽ നിൽക്കുന്ന മഹിയെ കാൺകെ പേടി തോന്നി അവൾക്ക്...ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു അവൻ... അവനെ നോക്കാനുള്ള കരുത്തില്ലാതെ മിഴികൾ താഴ്ത്തി നിന്നു.... ""നിന്നോട് ഞാനെന്താ പറഞ്ഞത്..."" കൊടുങ്കാറ്റിന് മുൻപെന്നത് പോലെ ശാന്തമായിരുന്നു ആ സ്വരം... ""നിന്നോട് ഞാനെന്താ പറഞ്ഞതെന്ന്...."" ""വീ.... വീട്ടിൽ പോകാൻ..."". തല കുനിച്ചു നിന്ന് പറഞ്ഞൊപ്പിച്ചു... ""എന്നിട്ട്...."" """എനിക്ക് മഹിയേട്ടന്റെ കൂടെ വന്നാൽ മതി.."".അവൾക്കവന്റെ മുഖത്തേക്ക് നോക്കാൻ പേടി തോന്നി...

വലിഞ്ഞു മുറുകിയിരുന്നു മഹിയുടെ മുഖം... കൈയുടെ മുഷ്ടി ചുരുട്ടിപ്പിടിച്ചവൻ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു...... വലതു കൈയിലായി ഫോൺ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു... ""കുറച്ചെങ്കിലും ബോധമുണ്ടോ നന്ദൂ നിനക്ക്.... ""മഹിയുടെ സ്വരം ഉയർന്നു... ""അതോ നിനക്കെന്റെ കുഞ്ഞിനെ വേണ്ടെന്നാണോ...."" നന്ദു വെപ്രാളത്തോടെ അല്ലെന്ന ഭാവത്തിൽ തലയാട്ടി.... അതൊന്നും കേൾക്കാൻ ഭാവമില്ലാത്തതുപോലെയായിരുന്നു ആ നിമിഷം മഹി.... ഡോക്ടർ പറഞ്ഞ കാര്യങ്ങളും നന്ദുവിന്റെ പുതിയ രീതികളും മാത്രം മനസ്സിൽ നിറഞ്ഞു നിന്നു.... ""സോ.... സോറി മഹിയേട്ടാ...."" മഹി ചുറ്റുമൊന്ന് നോക്കി ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു...

""എന്തിനാ നന്ദു നീയിങ്ങനെ എന്നെ കൊല്ലാക്കൊല ചെയ്യുന്നത്..... ഏഹ്..... ഞാനെന്ത് തെറ്റാ നിന്നോട് ചെയ്തത്....വല്ലാണ്ട് ശ്വാസം മുട്ടിക്കുന്നുണ്ട് നീ എന്നെ..... ഞാനും മനുഷ്യൻ തന്നെയാ...."". ഇടറിയ സ്വരത്തോടെ പറഞ്ഞു അവളെയൊന്ന് നോക്കി മഹി പുറത്തേക്ക് നടന്നു.. അവനോടൊപ്പം എത്താനായി പാട്പെടുകയായിരുന്നു നന്ദു.... ""സത്യായിട്ടും ഇനി മേലിൽ ചെയ്യില്ല.... പിണങ്ങി ഇരിക്കല്ലേ മഹിയേട്ടാ....."" കാറിലേക്ക് കയറിയതും അവന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചവൾ ആ മുഖത്തേക്ക് ഉറ്റുനോക്കിയിരുന്നു... ""കൈയെടുക്ക് നന്ദു....."" അലർച്ചെയോടൊപ്പം അവളുടെ കൈകൾ ബലമായി തട്ടിയെറിഞ്ഞവൻ രൂക്ഷമായി നോക്കി....

വീട്ടിൽ എത്തുന്നത് വരെയും അറിയാതെ പോലും മഹിയുടെ ഒരു നോട്ടം പോലും തനിക്ക് നേരെ പാളി വീഴുന്നില്ലല്ലോ എന്നവളോർത്തു..... നെഞ്ചിലാകെ ഒരു വേദന പോലെ.... എന്തൊക്കെയോ വിങ്ങുന്നു മനസ്സിൽ... പുറത്തേക്ക് ഇറങ്ങുന്നത് വരെ പോലും കാത്തു നിൽക്കാനുള്ള ക്ഷമ ഇല്ലാതെ വീട്ടിലേക്ക് കയറി പോകുന്നവനെ കാൺകെ തോറ്റു പോയതുപോലെ തോന്നി അവൾക്ക്..... വേറൊന്നും ആ സമയം ചിന്തിച്ചില്ല.... മഹിയേട്ടന്റെ ഒപ്പം നിൽക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ....

""എന്താ മഹീ ഇത്.... നിനക്ക് ലേറ്റ് ആകുമെങ്കിൽ മോളെ നേരത്തെ ഇവിടെ ആക്കിക്കൂടെ..... വയറ്റിലൊരു കൊച്ചുള്ളതാ... ഇങ്ങനെ വയറു വിശന്നും വിശ്രമിക്കാതെയും ഇരിക്കാൻ പാടില്ല..."" അമ്മ ദേഷ്യത്തോടെ വഴക്ക് പറഞ്ഞിട്ടും മഹി ഒരു വിധത്തിലും പ്രതികരിക്കാതെ മുറിയിലേക്ക് പോകുന്നത് നോക്കി നിന്നു നന്ദു..... ""മോള് പോയി മേല് കഴുക്.... അപ്പോഴേക്ക് കഴിക്കാൻ എടുക്കാം...."" അമ്മയോടൊന്ന് മൂളി മുറിയിലേക്ക് നടക്കുന്നതിനിടയിൽ സോഫയിൽ ഇരുന്ന് സിനിമ കാണുന്ന നിത്യയിലേക്ക് നോട്ടം വീണു. കഴിഞ്ഞ ദിവസത്തേത് പോലെ അവളോടി അടുത്തേക്ക് വന്നില്ല....

അലസമായ ഒരു നോട്ടം മാത്രം കിട്ടി... നോവുന്നുണ്ടായിരുന്നു..... തെറ്റ് മാത്രമാണ് ചെയ്യുന്നത് എന്നറിഞ്ഞിട്ടും തിരുത്താൻ കഴിയാത്തതിൽ..... അപ്പോഴും സ്വയം ശരിയെന്നു ബാലിശമായി ശഠിക്കുന്നതിൽ... അത്താഴം കഴിക്കുമ്പോഴും മൂകാനായിരിക്കുന്ന മഹിയെ നോക്കി നിന്നു നന്ദു... സാധാരണ താനാണ് വിളമ്പി കൊടുക്കുന്നത്.... ഏറ്റവും അടുത്തിരുന്നു.... കൊതിയോടെ ആദ്യത്തെ ഉരുള വാങ്ങി കഴിച്ച് ... എന്നാലിന്ന്..... വന്ന നിമിഷം മുതൽ പിന്നാലെ നടക്കുകയാണ്.... ""ഇനിയും പിണങ്ങി ഇരിക്കല്ലേ മഹിയേട്ടാ.... സത്യായിട്ടും എല്ലാം കേട്ടോളാം.... മിണ്ടാതെ മാത്രം ഇരിക്കല്ലേ.....""

""പ്ലീസ് നന്ദു.... എനിക്ക് കുറച്ചു സമാധാനം താ നീയ്.....വൈകുന്നേരം മുതൽ തുടങ്ങിയതാണ്...."" അവന്റെ തോളിലേക്ക് വച്ച കൈ ഞെട്ടലോടെ പിൻവലിച്ചു.... അപ്പുറത്തെ വശത്തേക്ക് ദേഷ്യത്തിൽ തിരിഞ്ഞു കിടക്കുന്നവനെ മങ്ങിയ കാഴ്ചയ്ക്കിടയിലൂടെ കണ്ടിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കണ്ണാടിക്ക് മുൻപിലായി അലസമായി തന്റെ രൂപത്തിലേക്ക് നോക്കി നന്ദു... മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു മഹിയേട്ടന്റെ ശീത സമരം തുടങ്ങിയിട്ട്.... ആവശ്യമുള്ളതൊക്ക ചെയ്തു തരും.... ഓഫീസിൽ ഒന്നിച്ചു പോകുകയും വരികയും എന്നല്ലാതെ തന്നോടൊന്ന് സംസാരിച്ചിട്ട് ദിവസം മൂന്ന് കഴിഞ്ഞിരിക്കുന്നു.....

എന്തെങ്കിലും ചോദിച്ചാൽ അതിന് മാത്രമാകും മറുപടി പറയുക... വാതിൽ തുറക്കുന്നത് കേട്ടതും തിരിഞ്ഞു നോക്കി.... അകത്തേക്ക് വരുന്ന മഹിയെ കണ്ടതും അവിടെ തന്നെ നിന്നു.... മുഖത്തേക്ക് നോക്കിയില്ല... വയ്യാ.... തന്നോടുള്ള അവഗണനയാൽ നോക്കാതെ നിൽക്കുന്ന ആ മുഖം വേദന മാത്രമാണ് നൽകുന്നത്... ഇനിയും കാണാൻ വയ്യാ.... മുന്നിൽ വന്നു നിൽക്കുന്നത് അറിഞ്ഞതും ഞെട്ടലോടെ മുഖമുയർത്തി... ആ മുഖത്തെ ഗൗരവത്തിന് അയവ് വന്നിരിക്കുന്നു.... ദിവസങ്ങൾക്കു ശേഷം ആ മിഴികൾ തന്നിലേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നു.. ""ഇനി മേലിൽ ഇങ്ങനെ ആരോഗ്യം നോക്കാതെ ഓരോന്ന് ചെയ്യുമോ.....""

ഇല്ലെന്ന് വേഗത്തിൽ തലയാട്ടി ആ നിമിഷം തന്നെ.... ""എന്തിനാ നന്ദു നീയിങ്ങനെ സ്വന്തം ആരോഗ്യം നോക്കാതെ ഓരോന്ന് കാട്ടിക്കൂട്ടണെ..."" നെഞ്ചോടൊട്ടിക്കിടക്കുന്ന പെണ്ണിന്റെ മുടി പിന്നിലേക്ക് മാടി ഒതുക്കി കവിളിൽ കൈ ചേർത്തു മഹി.... "നിങ്ങളെ നഷ്ടപ്പെടുമോയെന്നുള്ള ഭയമാണ് മഹിയേട്ടാ..... "എന്ന് പറയാൻ നാവ് തരിക്കുന്നുണ്ട്..... പക്ഷെ കഴിയുന്നില്ല..... നിശബ്ദയാക്കപ്പെട്ടിരിക്കുന്നു..... പറഞ്ഞാൽ വീണ്ടും താനൊരു പരിഹാസപാത്രമായി മാറിയേക്കാം... ഉറങ്ങി കിടക്കുന്ന അവനെ വെറുതെ നോക്കി കിടന്നു.... പുലരുവോളം.... ഉറക്കം മാത്രം വിട്ടു നിന്നു.... ഒരോ ദിനവും കഴിയുമ്പോൾ നന്ദുവിന്റെ മാറ്റം ശ്രദ്ധിക്കുകയായിരുന്നു മഹി....

അവളാകെ ക്ഷീണിച്ചത് പോലെ.... കൺ തടങ്ങൾ കറുപ്പ് വീണു കുഴിഞ്ഞു തുടങ്ങിയിരിക്കുന്നു.... എത്രയൊക്കെ പറഞ്ഞിട്ടും ലീവ് എടുക്കാൻ കൂട്ടാക്കാതെ നന്ദു വാശി പിടിക്കുമ്പോൾ ദേഷ്യം വരുമെങ്കിലും സ്വയം നിയന്ത്രിക്കും... ""ഒരാഴ്ച എന്തായാലും നീ ലീവ് എടുക്ക്.... നാളെയും മറ്റെന്നാളും കൂടി കഴിഞ്ഞാൽ എനിക്കും ലീവ് കിട്ടും.... ഇപ്പൊ തന്നെ ആകെ കോലം കെട്ടു..... അഞ്ചാറ് ദിവസം കൂടി കഴിഞ്ഞ സ്കാനിംഗ് ഉള്ളതാ...."" ""വേണ്ട... മഹിയേട്ടാ ഞാൻ... ഞാൻ സൂക്ഷിച്ചോളാം..."" ""പറയുന്നത് കേൾക്ക് നന്ദു.... ഞാനിന്ന് രണ്ടാൾക്കും ലീവ് അപ്ലിക്കേഷൻ അയച്ചിട്ട വന്നത്...."" ""ഇല്ല..... ഞാൻ.... ഞാനും വരും..... ജോലി ചെയ്തില്ലെങ്കിൽ വേണ്ടാ... വെറുതെ വരാല്ലോ....

""ചെറിയൊരു വാശി നിറഞ്ഞു നിന്നു അവളിൽ... ""വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കാതെ നന്ദു..... നിന്റെ കോലം നോക്ക്.... ലീവ് എടുക്കാൻ പറഞ്ഞാൽ അത് ചെയ്താൽ മതി...."" ദേഷ്യത്തോടെ അറുത്തു മുറിച്ചു പറയുന്ന മഹിയെ കണ്ടതും പിന്നെയൊന്നും പറയാൻ നിന്നില്ല.... പക്ഷെ അന്ന് രാത്രി വീണ്ടും ഉറക്കം വിട്ടു നിന്നു.... മഹി ഉറങ്ങി എന്ന് മനസ്സിലായതും കണ്ണ് തുറന്നു അവനെ നോക്കി.... നാളത്തെ ഒരു ദിവസം മുഴുവൻ കാണാതിരിക്കണം..... തനിക്കത് കഴിയുമോ..... ചോദ്യങ്ങളും ഉത്തരങ്ങളും സ്വയം കണ്ടെത്താൻ ശ്രമിച്ചു പരാജയപ്പെട്ടു... ""മഹിയേട്ടാ.... ഞാനൂടെ....""

ഓഫീസിലേക്ക് റെഡി ആകുമ്പോൾ പിന്നാലെ വന്ന നന്ദുവിനെ രൂക്ഷമായി നോക്കി മഹി..... ""വെറുതെ എന്റെ ക്ഷമ പരീക്ഷിക്കരുത് നന്ദു നീ..... ഞാനെന്നെ തന്നെ നിയന്ത്രിക്കുവാ... നിന്റെ അവസ്ഥ ഓർത്തു മാത്രം.....എല്ലാത്തിനും ഒരു പരിധി ഉണ്ട്.... പറഞ്ഞാൽ മനസ്സിലാകാത്ത പ്രായം അല്ലല്ലോ നിനക്ക്.... സോ പ്ലീസ്...."" കൈകൾ ശക്തിയോടെയടിച്ചു കൂപ്പി പറഞ്ഞു വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോകുന്ന മഹിയെ കാണാനാകാതെ നന്ദു ചുമരിലേക്ക് ചാരി തളർച്ചയോടെ നിന്നു....... നിമിഷങ്ങൾ കഴിയുംതോറും ഭ്രാന്ത്‌ പിടിക്കുന്നത് പോലെ..... ക്ലോക്കിലേക്ക് നോക്കി കട്ടിലിൽ ഇരുന്നു.... ഏഴ് മണി ആകാൻ ഇനിയും ഒൻപതു മണിക്കൂറുകൾ കൂടി......

ഒൻപതു മണിക്കൂർ....... ഇനി ഒൻപതു മണിക്കൂർ കഴിഞ്ഞേ മഹിയേട്ടൻ തനിക്ക് മുൻപിൽ വരൂ..... രാവിലത്തെ ദേഷ്യത്തിൽ എടുക്കാൻ മറന്ന മഹിയുടെ ഫോൺ മേശമേലിരുന്ന് ബെല്ലടിച്ചു തീരുന്നത് കണ്ടതും അവൾ ദേഷ്യത്തോടെ മുടികളിൽ കൊരുത്തു വലിച്ചു.... ""നന്ദൂ..... മോളെ കഴിക്കാൻ വരുന്നില്ലേ...."" വിദ്യ വിളിച്ചിട്ടും പ്രതികരണം ഒന്നും ലഭിക്കാതെ വന്നപ്പോൾ അവർ അകത്തേക്ക് ചെന്നു.. കട്ടിലിന്റെ നടുക്കായി കാൽ മുട്ടുകളിൽ മുഖമൊളിപ്പിച്ചിരിക്കുന്ന നന്ദുവിനെ കാൺകെ അവരുടെ നെഞ്ചോന്ന് ആളി.... ""നന്ദൂ...... മോളെ...... എന്താ....."" ചുമലിലേക്ക് കൈ വച്ചതും അവളത് ദേഷ്യത്തോടെ തട്ടി എറിഞ്ഞു....

'"മഹി.... മഹിയേട്ടൻ പോയി..... ""എന്തോ അവ്യക്തമായി പറഞ്ഞു വീണ്ടും അതേ ഇരിപ്പ് ഇരുന്നു നന്ദു..... ""അതിനെന്താ മഹി വൈകുന്നേരം വരില്ലേ.... ഇപ്പൊ മോളിത് കഴിക്ക്.... അവൻ വിളിക്കുമ്പോൾ നമുക്ക് പറയാം നേരത്തെ വരാൻ...."" വിദ്യ മുടിയിൽ പതിയെ വിരൽ ഓടിച്ചതും അവൾ മുഖമുയർത്തി നോക്കി.... ""മഹിയേട്ടൻ ഫോണെടുത്തില്ല അമ്മേ.....'" മേശയിലേക്ക് വിരൽ ചൂണ്ടി ചുണ്ട് പിളർത്തി പറയുന്ന നന്ദുവിനെ നോക്കി അവർ ചിരിച്ചു.... ""അതിനെന്താ.... നമുക്ക് അവന്റെ ഓഫീസ് ഫോണിൽ വിളിച്ചു പറയാല്ലോ നേരത്തെ വരാൻ....."" നന്ദു തലയിലൊന്ന് കൊട്ടി....."" ഞാൻ... ഞാനത് ഓർത്തില്ല മ്മേ..... എന്റെ ഓഫീസിൽ തന്നെയാല്ലേ മഹിയേട്ടൻ....."'

പിറുപിറുത്തുകൊണ്ട് വെപ്രാളത്തിൽ ഫോൺ തിരയുന്നവളെ വിദ്യ ആധിയോടെ നോക്കി നിന്നു.... അവർക്ക് നെഞ്ചിൽ ഭയം കൂട് കെട്ടി തുടങ്ങിയിരുന്നു..... ""കഴിക്കണ്ടേ മോളെ...."" വീണ്ടും ചോദിച്ചതും അവളിൽ നിന്നും പ്രതികരണം കിട്ടാതെ വന്നപ്പോൾ മഹിയെ പെട്ടെന്ന് വിളിക്കാൻ വേണ്ടി വിദ്യ പുറത്തേക്ക് നടന്നു.... ഓഫീസിലെ ഫോണിൽ വിളിച്ചപ്പോഴും മഹി പ്രസന്റേഷൻ റൂമിൽ ആയതിനാൽ രണ്ടു മണിക്കൂർ കഴിഞ്ഞേ കാൾ എടുക്കാൻ പറ്റൂ എന്നാണ് അറിഞ്ഞത്.... വിദ്യ പേടിയോടെയും വിഷമത്തോടെയും ഇടയ്ക്കിടെ നന്ദുവിനെ ചെന്നു നോക്കിക്കൊണ്ടിരുന്നു.... അതേ ഇരിപ്പായിരുന്നു നന്ദു.... തലയ്ക്കുള്ളിൽ എന്തൊക്കെയോ മൂളൽ പോലെ....

ആകെയൊരു പെരുപ്പ് തലയാകെ പടരുന്നു.... ചുറ്റുമുള്ള ശബ്ദങ്ങൾക്കൊക്കെ മുഴക്കം കൂടുതലായി തോന്നി.... വയറ്റിനുള്ളിൽ എന്തൊക്കെയോ പോലെ തോന്നുന്നു.... വെപ്രാളം പോലെ.... മെല്ലെ ആ വേദന ദേഹമാകെ പടരുന്നു.... നന്ദു വയറ്റിലേക്ക് കൈ വച്ചു.... തൊടാൻ കഴിയുന്നില്ല.... നോവുന്നു..... ശ്വാസമൊക്കെ ആരോ തടഞ്ഞു വയ്ക്കും പോലെ..... ""അമ്മേ...."" ""മഹിയേട്ടാ....."" നന്ദുവിന്റെ അലർച്ച കേട്ട് ഓടി എത്തിയതും ബെഡിലായി വേദനയോടെ പുളയുന്ന നന്ദുവിനെ കണ്ടു ദേഹം തളർന്നത് പോലെ തോന്നി വിദ്യക്ക്.... ""മോളെ...... ""അവർ നിലവിളിയോടെ നന്ദുവിനെ താങ്ങിപ്പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു....

എഴുന്നേൽക്കാൻ പറ്റാതെ വീണ്ടും വയറ്റിൽ ചുറ്റിപ്പിടിച്ചു കുനിഞ്ഞുകൂടി നിലവിളിച്ചുപോയി നന്ദു... ""മോള്..... മോളിവിടെ ഇരിക്ക് ട്ടോ..... അമ്മ പോയിട്ട് അപ്പുറത്തെ വിശ്വൻ മാമയെ വിളിച്ചിട്ട് വരാം....."" അമ്മ പുറത്തേക്ക് പോകുന്ന കാഴ്ച അവ്യക്തമായി കണ്ടു നന്ദു.... കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ.... മുൻപിലുള്ള കാഴ്ചകൾ ഓരോന്നായി മങ്ങി തുടങ്ങിയിരുന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഹോസ്പിറ്റൽ കോറിഡോറിലേക്ക് ഓടി കയറുമ്പോൾ മഹിയെ വിറയ്ക്കുന്നുണ്ടായിരുന്നു..... തലയ്ക്കു കൈ കൊടുത്തു ലേബർ റൂമിന് മുൻപിലുള്ള കസേരയിലിരിക്കുന്ന അമ്മയെ കണ്ടതും അവനോടി അടുത്ത് ചെന്നു മുട്ട് കുത്തി ഇരുന്നു....

""എന്താമ്മേ..... എന്താ..... നന്ദൂന് എന്താ....."" പേടിയും സങ്കടവും കാരണം വിതുമ്പി നിൽക്കുന്ന മഹിയുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലാത്തത് പോലെ വിദ്യ മുഖം കുനിച്ചു... ""നീ പോയപ്പോൾ മുതലേ ഒന്നും മിണ്ടുന്നില്ലായിരുന്നു..... രാവിലത്തെ കഴിച്ചതും ഇല്ല.... മോള് കരയുന്നത് കേട്ട് ഓടി ചെന്നതാ ഞാൻ....... പക്ഷെ ഇവിടെ..... ഇവിടെ എത്തിച്ചപ്പോഴേക്കും....കുഞ്ഞ്...... ""ബാക്കി പറയാനാകാതെ അവർ അവനിൽ നിന്നും നോട്ടം മാറ്റി കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു..... ""എ..... എത്തിച്ചപ്പോഴേക്കും......''" അവനൊന്നു വിറച്ചു.....""തന്റെ കുഞ്ഞ്...."" ""അനന്തികയുടെ കൂടെ ഉള്ളവർ വരൂ..... ഡോക്ടർ വിളിക്കുന്നുണ്ട്....""

""പോയിട്ട് വാ മഹീ........ ""തളർച്ചയോടെ കണ്ണടച്ചു വിദ്യ...... ബിപി കൂടിയിട്ടാണെന്ന് തോന്നുന്നു.... തല കറങ്ങുന്നുണ്ടായിരുന്നു.. Dr. സുപ്രിയ ഗൈനകോളജിസ്റ്റ് എന്നെഴുതിയ ബോർഡിന് മുൻപിൽ അവനൊന്നു നിന്നു..... കഴിഞ്ഞ മാസമാണ് നന്ദുവിന്റെ കൈ പിടിച്ചു ഇതേ സ്ഥലത്തേക്ക് വന്നത്..... കണ്ണ് രണ്ടും അമർത്തി തുടച്ചു അകത്തേക്ക് നടന്നു.... ""ഇരിക്കൂ മഹിത്..... മഹിത്തിന്റെ അവസ്ഥ അറിയാം..... പക്ഷെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതി ആയിരുന്നു.... നിങ്ങള് രണ്ടാളും ചെറുപ്പമല്ലേ......സാരമില്ല..... ഇനിയും ശ്രമിക്കാല്ലോ "" അവനൊന്നു മൂളി....

""ഞാൻ വിളിപ്പിച്ചത് അനന്തികയ്ക്ക് മാനസികമായി എന്തെങ്കിലും അസ്വസ്ഥത അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാനാണ്...."" മഹിയുടെ നെറ്റി ചുളിഞ്ഞു.... ""സീ.... ഇവിടെ നന്ദുവിന് സംഭവിച്ചിരിക്കുന്നത് ഓവർ ആയിട്ടുള്ള മെന്റൽ സ്‌ട്രെസ് കാരണമുള്ള മിസ്സ്‌കാര്യേജ് ആണ്.... അഞ്ച് ദിവസത്തിൽ കൂടുതലായിട്ടുണ്ടാകും ആ കുട്ടിയൊന്ന് ഉറങ്ങിയിട്ട്..... എന്തിനോടൊക്കെയോ ദേഷ്യമോ.... പേടിയോ..... ഒരു മനോവിദഗ്ദ്ധന്റെ സഹായം തേടുന്നത് നല്ലതായിരിക്കും..... ആ കുട്ടിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്......"" അഞ്ച് ദിവസമായി ഉറങ്ങിയിട്ട്..... അതേ വാചകം കാതിൽ ആവർത്തിച്ചു മുഴങ്ങുന്നതായി തോന്നി മഹിക്ക്......

ഓഫീസിൽ പോകണമെന്ന നന്ദുവിന്റെ വാശികൾ ഓരോന്നായി മുന്നിൽ തെളിഞ്ഞു...... അവനൊന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി...... പുതിയ തീരുമാനങ്ങൾ എടുക്കാനായി മനസ്സ് തയ്യാറാകുകയായിരുന്നു..... ശെരിയോ തെറ്റോ എന്നറിയാത്ത തീരുമാനങ്ങൾ.... ഒരു തിരശീലയിൽ എന്നത് പോലെ വിവാഹ ശേഷമുള്ള ഒരോ ദിവസവും മുന്നിൽ തെളിഞ്ഞു..... നന്ദുവിന്റെ ഒരോ ദുർ വാശികളും ആദ്യമായിട്ടേന്നത് പോലെ ഓർത്തു..... അമ്മയുടെ മടിയിലായി മുഖം പൂഴ്ത്തി നിലത്തേക്ക് ഇരുന്നു.... നോവുന്നുണ്ടായിരുന്നു...... ""തന്റെ കുഞ്ഞ്....."" 🌺🌺🌺🌺 ""ഒരു തവണ.....ഈ ഒരൊറ്റ തവണ കൂടി എന്നെയൊന്നു സ്നേഹത്തോടെ നോക്കുമോ മഹിയേട്ടാ....

ഒരിക്കൽ മാത്രം മതി.... പിന്നെ നന്ദൂന് ഒന്നും വേണ്ട...."" വിറയാർന്ന കൈകൾ അത്രയും മൃദുവായി തന്റെ കൂട്ടിപ്പിടിച്ചിരിക്കുന്ന കൈകളിൽ ചേർത്ത് അപേക്ഷ പോലെ പറയുന്ന ആ പെണ്ണിന്റ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു പോയി മഹി.. അടുത്ത നിമിഷം തന്നെ ആ കണ്ണുകളിൽ നിർവികാരത നിറയുന്നതവൾ ഭയത്തോടെ നോക്കി നിന്നു... മറ്റൊരു ചിന്തയ്ക്കും ഇടം കൊടുക്കാതെ ശക്തിയോടെ ആ കൈകൾ കുടഞ്ഞെറിഞ്ഞവൻ പിന്നിലേക്ക് നീങ്ങി നിൽക്കുമ്പോൾ എന്നും അവൾക്കായി പ്രണയം നിറഞ്ഞിരുന്ന മിഴികൾ ശൂന്യമായിരുന്നു. ""മതിയായി അനന്തിക എനിക്ക്..... എല്ലാം മതിയായി... ഇനിയുമീ വിഡ്ഢിവേഷം കെട്ടിയാടാൻ വയ്യെനിക്ക്....

വല്ലാണ്ട് ശ്വാസം മുട്ടിക്കുന്നു നീ എന്നെ. ഞാനൊരു പാവയല്ല.. മനുഷ്യനാ... വേദനകളും വിഷമങ്ങളും ഒക്കെ അനുഭവിക്കുന്ന വെറും മനുഷ്യൻ... എനിക്കും വേദനിക്കും.... നിന്റെ ഒരോ വാശിക്കും കൂട്ട് നിന്നിട്ടേയുള്ളൂ ഈ നിമിഷം വരെയും.... ഒരിക്കലെങ്കിലും നീ മാറുമെന്ന് കരുതി......... പക്ഷേ....."" ഓർമ്മകളുടെ ചൂടിൽ അവളൊന്ന് പിടഞ്ഞു....... മഹിയേട്ടൻ അവസാനമായി കാണാൻ വന്ന ദിവസം.... ആശുപത്രിയിൽ നിന്ന് നേരെ തന്റെ വീട്ടിലേക്കാണ് പോയത്.... ആ നിമിഷം വരെയും ഒരു നോട്ടം കൊണ്ട് പോലും പരിഗണന തരാതിരുന്ന മഹിയെ നൊക്കെ മരിച്ചു പോകും പോലെ തോന്നി....

പിരിയാം എന്ന് മഹിയേട്ടൻ പറഞ്ഞപ്പോഴാണ് ആ മുഖത്തേക്ക് കൈകൾ ചേർത്തതും അവസാനമായി പറഞ്ഞതും..... ഒരു നോട്ടം മതിയായിരുന്നു.... പ്രണയത്തോടെ..... ആ ഓർമ്മയിൽ ജീവിച്ചേനെ.... പക്ഷെ ആ വെറുപ്പ് നിറഞ്ഞ മിഴികൾ കുത്തി നോവിക്കുന്നു..... ശ്വാസം മുട്ടിക്കുന്നു..... മനസ്സ് മരിച്ചിട്ടും ശരീരം ഇപ്പോഴും ആ കനലിൽ വെന്ത് നീറുന്നു.... ""ഇനിയൊരിക്കലും നന്ദുവിനെ സ്നേഹിക്കാൻ കഴിയില്ല അല്ലെ മഹിയേട്ടാ.....നന്ദൂന്റേം വാവയല്ലേ..."".നിശബ്ദമായ ചോദ്യത്തോടൊപ്പം വീണ്ടും ആ മുറിയിൽ തേങ്ങൽ ഉയർന്നു.... പാതി മുറിഞ്ഞു താളം തെറ്റി പോയ താരാട്ട് പോലെ........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story