അനന്തിക: ഭാഗം 19

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ആ വെറുപ്പ് നിറഞ്ഞ മിഴികൾ കുത്തി നോവിക്കുന്നു..... ശ്വാസം മുട്ടിക്കുന്നു..... മനസ്സ് മരിച്ചിട്ടും ശരീരം ഇപ്പോഴും ആ കനലിൽ വെന്ത് നീറുന്നു.... ""ഇനിയൊരിക്കലും നന്ദുവിനെ സ്നേഹിക്കാൻ കഴിയില്ല അല്ലെ മഹിയേട്ടാ.....നന്ദൂന്റേം വാവയല്ലേ..."".നിശബ്ദമായ ചോദ്യത്തോടൊപ്പം വീണ്ടും ആ മുറിയിൽ തേങ്ങൽ ഉയർന്നു.... പാതി മുറിഞ്ഞു താളം തെറ്റി പോയ താരാട്ട് പോലെ..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ""അനൂ......"" വാതിലിൽ മുട്ടുന്നത് കേട്ടിട്ടാണ് രാവിലെ എഴുന്നേൽക്കുന്നത്..... മുറിയിലെല്ലാം നല്ല വെളിച്ചം... സമയമെത്രയായോ ആവോ... കൈ എത്തിച്ചു ഫോണെടുത്തു നോക്കി... ചാർജ് തീർന്നു ഓഫ് ആയിരിക്കുന്നു.. അല്ലെങ്കിലും കുത്തിയിട്ടിട്ട് കുറച്ചു ദിവസമായി...

വേദന കലർന്നൊരു ചിരി വിടർന്നു..... ""അനൂ...."" ഫോൺ തിരികെ വച്ചിട്ട് പോയി വാതിൽ തുറന്നു.... ലച്ചു അരയ്ക്ക് കൈ കൊടുത്തു മുന്നിൽ തന്നെ നിൽപ്പുണ്ട്... ""എന്തൊരുറക്കമാ പെണ്ണെ ഇത്.... സമയം എത്രയായി എന്ന് വല്ല നിശ്ചയവും ഉണ്ടോ.... കുറച്ചൂടെ കഴിഞ്ഞാൽ പിന്നെ ഉച്ചയ്ക്കലത്തെ ഊണ് കഴിക്കാം...."" ശാസനയോടെ പറയുന്നവളെ നോക്കി ചമ്മലോടെ നിന്നു. സാധാരണ ഇത്രയും ഉറങ്ങാറില്ല..... ഇന്നലെ ലച്ചുവിനോട് എല്ലാം പറഞ്ഞതിന് ശേഷം അതേ ഓർമ്മകൾ ആയിരുന്നു മനസ്സ് നിറയെ.... അതേ വേദന വീണ്ടും ഒരിക്കൽ കൂടി ഉദരത്തിൽ നിറഞ്ഞു... അതേ ശൂന്യത ഇന്നലെ വീണ്ടും ചുറ്റും നിറഞ്ഞു... ""ആഹാ വീണ്ടും സ്വപ്നലോകത്തിലേക്ക് പോയോ....

പെട്ടെന്ന് പോയി കഴിച്ചു റെഡി ആയി വന്നേ.... ഇന്നെന്റെ കൂടെ വായനശാലയിലും പുഴേലും ഒക്കെ വരാമെന്ന് പറഞ്ഞതാ...."" കപട ഗൗരവത്തോടെ കണ്ണുരുട്ടിപറയുന്നവളെ നോക്കി തലയാട്ടി... ""വൈകിയല്ലോ അനൂട്ടിയെ..... ലച്ചു പറഞ്ഞിരുന്നു വൈകിയാ കിടന്നതെന്ന്..... ഇല്ലെങ്കില് വന്നു വിളിച്ചേനെ ഞാൻ..."" വിളമ്പുന്നതിനിടയിൽ പരിഭവം പറയുന്ന മുത്തശ്ശിയെ വെറുതെ ചിരിച്ചു കാട്ടി... ""എന്റെ അനൂ.... നീയാ നൂൽപ്പുട്ടിന്റെ ഭംഗി നോക്കിയിരിക്കാതെ ഒന്ന് കഴിച്ചിട്ട് വരുന്നുണ്ടോ....."" ലച്ചുവിന്റെ ബഹളം കേട്ടപ്പോൾ കഴിച്ചു പാതിയാക്കിയ നൂൽപ്പുട്ടിനെയും അവളെയും ദയനീയമായി നോക്കി.... ""മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റാൽ മതി.... പെണ്ണിന്റെ കോലം നോക്കിയേ...

എന്റെ മുത്തി ഇതിലും ഗ്ലാമർ ആണല്ലോ...."" മുത്തശ്ശിയെ കെട്ടിപ്പിടിച്ചു ലച്ചു പറഞ്ഞതും അവരവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു എങ്ങനെയുണ്ടെന്ന ഭാവത്തിൽ നന്ദുവിനെ നോക്കി... രണ്ടാളുടെയും കാട്ടായം കണ്ടു അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. തന്നെ ഇത് കഴിപ്പിക്കാൻ വേണ്ടിയാണ് ഈ കാട്ടിക്കൂട്ടുന്നത് എല്ലാം.... അതേ ചിരിയോടെ കഴിച്ചിട്ട് എഴുന്നേറ്റപ്പോളേക്കും ലച്ചു ഒരുങ്ങി വന്നിരുന്നു.... ""എങ്ങോട്ടാ നീയ്.... ""മുടിയൊന്ന് വകഞ്ഞു കെട്ടി വച്ചു ഇറങ്ങാൻ തുടങ്ങുന്ന നന്ദുവിനെ ലച്ചു രൂക്ഷമായി നോക്കി... താൻ കൂടെ ചെല്ലുന്നത് ഇഷ്ടായില്ലേ ഇനി....പക്ഷേ ഇന്നലെ കൂട്ടിന് വിളിച്ചിട്ടല്ലേ താനും ഇറങ്ങിയേ.... കാട് കയറിയ ആയിരം ചിന്തകളിൽ മനസ്സൊന്നു പിടഞ്ഞു.....

അതൊന്നും ഗൗനിക്കാതെ ലച്ചു അപ്പോഴേക്കും നന്ദുവിനെ മുറിയിലേക്ക് കൂട്ടിയിരുന്നു.... ""വേണ്ട ചേച്ചി.... ഇതൊക്കെ എന്തിനാ...."" നിർബന്ധിച്ചു കണ്ണെഴുതുന്ന ലച്ചുവിനെ തടയാനായി വെറുതെ ശ്രമിച്ചു... ""മിണ്ടാതിരിക്ക് അനൂ.... നീ സിന്ദൂരം തൊടാൻ മറക്കില്ലല്ലോ.... ഒന്നും ഒരുങ്ങണ്ടെങ്കിൽ പിന്നെ അതായിട്ട് എന്തിനാ തൊടുന്നത് ..."". കണ്ണുരുട്ടി ദേഷ്യത്തോടെ പറയുന്ന ലച്ചുവിനെ നോക്കി മിണ്ടാതിരുന്നു. പറയാൻ മറുപടി ഉണ്ടായിരുന്നില്ല..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ""മഹിയ്ക്ക് അനൂനെ വല്യ ഇഷ്ടമല്ലായിരുന്നോ....."" മണൽപ്പരപ്പിന്റെ ഓരത്തായി വെറുതെ പുഴയിലേക്ക് നോക്കിയിരിക്കുന്ന നന്ദുവിനെ നോക്കി ലച്ചു.... ആ ചോദ്യം കേട്ടെന്നത് പോലെ അവളൊന്ന് ഞെട്ടി....

വിദൂരതയിലേക്കുള്ള നോട്ടം പിൻവലിച്ചു മടിയിലേക്ക് നോക്കിയിരുന്നു... ""ഒത്തിരി ഇഷ്ടായിരുന്നു...... ""കാറ്റ് പോലെ നേർത്ത സ്വരം..... '"പിന്നെന്തിനാ വിട്ടു പോവോ ന്ന് പേടിച്ചേ..... മഹിയ്ക്ക് സങ്കടമായില്ലേ അത്.....'" ""ന്നെ..... ന്നേ വേണ്ടെന്ന് വച്ചാലോ....."" ചെറുതായി ചുണ്ട് പിളർത്തി മടിയിലേക്ക് തന്നെ നോക്കി മുഖമുയർത്താതെയിരിക്കുന്ന നന്ദുവിന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു ലച്ചു.... തനിക്ക് മുൻപിലിരിക്കുന്നവൾ ഒരു ബാലികയാണെന്ന് തോന്നി..... ചുറ്റുമുള്ള എന്തിനെയും സംശയത്തോടെ നോക്കി കാണുന്ന തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത ബാലിക... ""മഹി പറഞ്ഞോ മഹീടെ നന്ദൂനെ വേണ്ടെന്ന് വയ്ക്കുമെന്ന്.... ഹ്മ്മ്...."" നിക്ഷേധാർത്ഥത്തിൽ തലയാട്ടി.....

""പിന്നെന്തിനാ പേടി..... അനൂനെ ഇഷ്ടമായതുകൊണ്ടല്ലേ മഹി കല്യാണം കഴിച്ചത്....."" അതേ എന്ന ഭാവം ആ മുഖത്ത് തെളിഞ്ഞു.... ""പിന്നെന്തിനാ വേണ്ടെന്ന് വയ്ക്കുന്നെ..... ഇഷ്ടം ഉള്ളോരേ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ....."" '"കുറച്ചു കഴിഞ്ഞാൽ ഇഷ്ടം പോകുമെന്ന് പറഞ്ഞില്ലേ....."" ""ആര് പറഞ്ഞു..... മഹി പറഞ്ഞോ അങ്ങനെ...."" ഇല്ലെന്ന ഭാവത്തിൽ ചുമൽകൂച്ചി..... '"'പിന്നാരാ പറഞ്ഞത്....."" ""അന്ന്..... കല്യാണത്തിന് വന്നവര് പറഞ്ഞില്ലേ.....ഓഫീസിലും കുറച്ചു പേര് പറഞ്ഞു..... ആദ്യത്തെ പുതുമ പോയാൽ കാണാമെന്നു..... ""തല കുനിച്ചാണ് മറുപടി... ""അങ്ങനെ ഒരാളാണ് മഹിയെന്നാണോ അപ്പോൾ മഹീ ടെ നന്ദു പറയുന്നേ.....

പ്രശസ്തി കിട്ടാൻ വേണ്ടിയും സഹതാപം തോന്നിയും കല്യാണം കഴിക്കുന്ന ആള്...."". ലച്ചു പറഞ്ഞതും ഞെട്ടലോടെ മുഖമുയർത്തി.... വെപ്രാളത്തോടെ ഇല്ലെന്ന് സമർത്ഥിക്കുമ്പോൾ ലച്ചുവിന്റെ മുഖത്തൊരു ചിരി വിടർന്നിരുന്നു... ""മഹിയേട്ടന് ഇഷ്ടാ നന്ദൂനെ.... ശെരിക്കും ഇഷ്ടാ....."" വാശിയോടെ പറയുന്നവളെ നോക്കി കണ്ണ് ചിമ്മി സമ്മതിക്കും പോലെ തലയാട്ടി ചിരിച്ചു ലച്ചു... ""ഇഷ്ടം ഉള്ളോരേ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ.... ഹ്മ്മ്....."" ചോദിച്ചതും എന്തോ ആലോചിക്കുന്നത് പോലെ മുഖം കുനിച്ചു നന്ദു..... ""അമ്മയ്ക്കും അച്ചൂനും എല്ലാം വല്യ ഇഷ്ടായിരുന്നു പണ്ട്...... പിന്നെ..... പിന്നെ വേണ്ടാതായി....."" ഇടറിയ സ്വരത്തിൽ പറഞ്ഞൊപ്പിക്കുന്നതോടൊപ്പം കണ്ണുകളും നിറഞ്ഞിരുന്നു....

ഇത് തന്നെയാകും മറുപടി എന്ന് ഊഹിച്ചിരുന്നു...... മടിയിൽ ചുരുട്ടിപ്പിടിച്ചിരുന്ന നന്ദുവിന്റ കൈ തന്റെ കൈകൾക്കുള്ളിലായി പൊതിഞ്ഞു പിടിച്ചു ലച്ചു.... ""അമ്മമ്മയ്ക്ക് പക്ഷേ ഇപ്പോഴും അനൂനെ ഒത്തിരി ഇഷ്ടമല്ലേ..... ന്നിട്ട് അമ്മമ്മ മാറിയില്ലല്ലോ....."" അവളൊന്ന് പതിയെ ചിരിച്ചു... ""അമ്മയ്ക്കും അനൂനോട് ഇഷ്ടം ഒക്കെയുണ്ട്.... ഇല്ലെന്ന് ആരാ പറഞ്ഞെ..."". ചോദിച്ചിട്ടും വിശ്വസിക്കാത്തത് പോലെയവൾ തലയാട്ടി.... ""എന്നേ വിശ്വാസമില്ലേ...."" വീണ്ടും മൗനം.... പിന്നെ... നേർത്ത ഒരു മൂളൽ..... ""എങ്കിലേ ഞാനല്ലേ പറയുന്നേ..... അമ്മയ്ക്കും നന്ദൂനോട് ഇഷ്ടം ഒക്കെയുണ്ട്.... പക്ഷേ അത് പ്രകടിപ്പിക്കുന്നതിൽ തെറ്റ് പറ്റിപ്പോയി..... നിങ്ങള് മൂന്ന് പെൺകുട്ട്യോളുടെ കാര്യം ഓർത്ത് ആധി ആയിരുന്നില്ലേ അമ്മയ്ക്ക്....

അനു മുതിർന്ന കുട്ടിയല്ലേ മനസ്സിലാക്കും എന്ന് കരുതിയിട്ടുണ്ടെങ്കിലോ......"" അവളൊന്നും പറഞ്ഞില്ല...... ഓർമ്മകളിൽ സ്നേഹത്തിന്റെ ഏടുകൾ തിരയുകയായിരുന്നു..... ഒന്നും ലഭിക്കാതെ വന്നപ്പോൾ മുഖം വീണ്ടും കുനിഞ്ഞു.... ""അമ്മയ്ക്ക് അച്ചൂനെയാ കൂടുതൽ ഇഷ്ടം...."" അച്ചൂനോട് കൂടുതൽ ഇഷ്ടം ഉണ്ടെന്ന് വിചാരിച്ചു അനൂനോട് ദേഷ്യം തോന്നുവോ... ഇല്ലെന്ന് തലയാട്ടി.... ""അനൂനോടും ഇഷ്ടമൊക്കെ ഉണ്ട്..... പക്ഷേ അത് പ്രകടിപ്പിക്കുന്നതിൽ തോറ്റു പോയി എന്ന് മാത്രം....."" മനസ്സിലാക്കുന്നത് പോലെ തലയാട്ടിയെങ്കിലും ഉള്ളിലെ മുറിവുകൾ വേഗം ഉണങ്ങുന്നതല്ല എന്ന് അറിയാമായിരുന്നു.... രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു..... മെല്ലെ നന്ദുവിനെ എഴുന്നേൽപ്പിച്ചു മുന്നോട്ട് നടന്നു ലച്ചു.....

വീശിയടിക്കുന്ന പാലക്കാടൻ കാറ്റിനൊപ്പം മഴയ്ക്കുള്ള മേഘങ്ങളും ഉരുണ്ട് കൂടി തുടങ്ങിയിരുന്നു.... ""നിത്യ പാവമല്ലേ..."".വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ചോദ്യം എത്തിയത്... ""ഹ്മ്മ്.... "" മൂളുന്നതോടൊപ്പം അന്ന് നിത്യ വയറിൽ ഉമ്മ കൊടുക്കാൻ വന്നപ്പോൾ എഴുന്നേറ്റു മാറിയത് ഓർത്തു.... തെറ്റാണ് ചെയ്തത്... ക്ഷമിക്കാൻ പറ്റാത്ത തെറ്റ്.... മഹിയേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ മുൻപിൽ.... മഹിയേട്ടനെ ആരുടേയും കൂടെ തനിച്ചിരിക്കാൻ പോലും സമ്മതിക്കില്ലായിരുന്നു..... അന്ന് ഒന്നും ഓർത്തില്ല...... ഇപ്പോൾ ചെയ്തു കൂട്ടിയ ഒരോ തെറ്റുകളും ഇന്ന് മുൻപിൽ വന്നു പല്ലിളിക്കുന്നു...... ""നിത്യയ്ക്ക് അനൂനെ എത്ര ഇഷ്ടായിരുന്നു.... എന്തിനാ വേദനിപ്പിച്ചേ..... നിത്യേടെ ചേട്ടൻ അല്ലെ മഹി....

. അപ്പോൾ പിന്നെ മഹി സ്നേഹിക്കില്ലേ അവളെ.... അനൂന് ആയാലും സങ്കടം വരില്ലേ...."" ""അറിയാം.... തെറ്റായിരുന്നു.... പക്ഷേ.. അറിഞ്ഞു വന്നപ്പോഴേക്കും വൈകിപ്പോയി.... ഞാനങ്ങനെ ചെയ്തോണ്ട് ആയിരിക്കും എന്റെ വാവ എന്നോട് പിണങ്ങി പോയത്..... ചിറ്റേനെ അത്രേം ഇഷ്ടായിരിക്കും വാവയ്ക്ക്....."" വയറ്റിലേക്ക് കൈ വച്ചു ആരോടെന്നില്ലാതെ വെറുതെ പറഞ്ഞു.... ""അനു ആ തത്തയെ കണ്ടോ..."". മാവിന്റെ കൊമ്പിലായി വന്നിരിക്കുന്ന തത്തയ്ക്ക് നേരെ വിരൽ ചൂണ്ടി ലച്ചു.... ഒരു കൂട്ടം തത്തകളുണ്ട്.... പരസ്പരം കലപില ചിരിച്ചുകൊണ്ടിരിക്കുന്നു.... """എത്ര സന്തോഷമാ അതിന്.....അതിലൊരു തത്തയെ നമ്മള് കൂട്ടിൽ ആക്കിയാലോ.... നമ്മളതിനു ഇഷ്ടം പോലെ കഴിക്കാൻ കൊടുക്കും....

എപ്പോഴും കൂടെയിരുന്നു സംസാരിക്കും... നമ്മൾ സ്നേഹിക്കും..... പക്ഷേ ആ തത്തയ്ക്കോ..... അതിന് സന്തോഷം തോന്നുമോ..... അതിന്റെ കൂടെയുള്ള എല്ലാരേം വിട്ടു.... ഒരു കൂട്ടിൽ.... നമ്മൾ വരയ്ക്കുന്ന ഒരു വൃത്തത്തിന്റെ ഉള്ളിലേക്ക് അതിന്റെ ജീവിതം പറിച്ചുമാറ്റപെടുവല്ലേ ചെയ്യുന്നത്..... അതിനെത്ര സങ്കടം തോന്നും.... പയ്യെ പയ്യെ അത് അനുസരണ പഠിക്കും... നമ്മളെ വിട്ടു പോകാതെ ആകും.... രക്ഷപ്പെടാൻ പോലും ശ്രമിക്കാത്ത വിധം പേടി തോന്നും..... അപ്പോഴും അതിന് സന്തോഷം തോന്നുമോ.... ഇല്ല.... പകരം അതിനേ അതിന്റെ ചുറ്റുപാടിൽ നിന്ന് തന്നെ സ്നേഹിച്ചു നോക്കിയേ..... അതിന്റെ കൂടെയുള്ളവർക്കും സ്നേഹത്തോടെ ഒരു വിഹിതം കൊടുത്തു നോക്കൂ....

പിന്നെയത് നമ്മുടെ കൂടെ തന്നെ ഉണ്ടാകും...... നമ്മളായി പിടിച്ചു കെട്ടി കൂട്ടിലാക്കും പോലെയല്ല... അതിന്റെ പൂർണ്ണ സമ്മതത്തോടെ..... നമ്മളെ സ്നേഹിച്ചു......""" ചിരിയോടെ തത്തകളെ നോക്കി പറയുന്ന ലച്ചുവിനെ ഒരു നിമിഷം നോക്കി നിന്നു നന്ദു.... പിന്നെ കൗതുകത്തോടെ അവൾ ചൂണ്ടിയ വിരലുകൾക്ക് നേരെ നോക്കി... പരസ്പരം കലപില കൂട്ടി സന്തോഷത്തോടെ കളിക്കുന്ന തത്തക്കളെ കാൺകെ അവളിലും ഒരു ചിരി വിടർന്നു.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

""കഴിച്ചിട്ട് പോ മഹീ....."". ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുന്ന മഹിയുടെ പിന്നാലെ ചെന്നു വിദ്യ... ""വേണ്ടമ്മേ.... ക്യാന്റീനിൽ നിന്ന് കഴിച്ചോളാം...."" കവിളിൽ ഒന്ന് മുത്തി ഇറങ്ങി പോകുന്നവനെ നോക്കി നിന്നു... കള്ളമാണ് പറഞ്ഞതെന്ന് അറിയാം.....ദിവസങ്ങളേറെ കഴിഞ്ഞിരിക്കുന്നു ഒരു നേരമെങ്കിലും അവനൊന്നു വയറു നിറയെ കഴിക്കുന്നത് കണ്ടിട്ട്..... അകന്ന് പോകുന്ന മഹിയുടെ കാർ നോക്കി നിന്ന ശേഷം നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ചവർ അകത്തേക്ക് നടന്നു.... ഒരു നിമിഷം ഹാളിന്റെ ഒരു ഭിത്തിയിലായി ഫ്രെയിം ചെയ്തു വച്ച നന്ദുവിന്റെയും മഹിയുടെയും പെയിന്റിംഗിലേക്ക് നോട്ടം നീണ്ടു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story