അനന്തിക: ഭാഗം 20

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""വേണ്ടമ്മേ.... ക്യാന്റീനിൽ നിന്ന് കഴിച്ചോളാം...."" കവിളിൽ ഒന്ന് മുത്തി ഇറങ്ങി പോകുന്നവനെ നോക്കി നിന്നു... കള്ളമാണ് പറഞ്ഞതെന്ന് അറിയാം.....ദിവസങ്ങളേറെ കഴിഞ്ഞിരിക്കുന്നു ഒരു നേരമെങ്കിലും അവനൊന്നു വയറു നിറയെ കഴിക്കുന്നത് കണ്ടിട്ട്..... അകന്ന് പോകുന്ന മഹിയുടെ കാർ നോക്കി നിന്ന ശേഷം നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ചവർ അകത്തേക്ക് നടന്നു.... ഒരു നിമിഷം ഹാളിന്റെ ഒരു ഭിത്തിയിലായി ഫ്രെയിം ചെയ്തു വച്ച നന്ദുവിന്റെയും മഹിയുടെയും പെയിന്റിംഗിലേക്ക് നോട്ടം നീണ്ടു... കല്യാണത്തിന് ഓഫീസിൽ നിന്ന് കൊടുത്ത ഗിഫ്റ്റാണ്..... ഓഫീസിൽ ഇടയിലെപ്പോഴോ വീണു കിട്ടിയ നിമിഷങ്ങളിൽ ഒന്ന്...

മഹിയുടെ നെഞ്ചോടു ചേർന്ന് അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുന്ന നന്ദു.... അപ്പോഴവളിൽ വാശി ഉണ്ടായിരുന്നില്ല.... പേടി ഉണ്ടായിരുന്നില്ല.... നിറഞ്ഞ ചിരിയോടെ അവനിലേക്ക് മാത്രം ഒതുങ്ങി നിൽക്കുന്ന പെണ്ണിൽ അപ്പോൾ സ്നേഹം മാത്രമായിരുന്നു... ""ഏട്ടൻ പോയോ അമ്മേ..... ""മുടിയിൽ കെട്ടിയ തോർത്ത്‌ കുടഞ്ഞു തലതോർത്തി വരുന്നതിനിടയിലാണ് ഹാളിലെ പെയിന്റിംഗിലേക്ക് തന്നെ നോക്കി നിൽക്കുന്ന വിദ്യയേ നിത്യ കാണുന്നത്... ""ഹാ ഇറങ്ങിയതേ ഉള്ളൂ.... ചായ മാത്രം കുടിച്ചിട്ടുണ്ട്...."" അവരുടെ വാക്കുകളിൽ സങ്കടം നിഴലിച്ചു.. ""ഈ ഏട്ടന് ഇതെന്താ..... മാസം രണ്ട് കഴിഞ്ഞില്ലേ എല്ലാം കഴിഞ്ഞിട്ട്....

നാല് മാസം കൂടി കഴിഞ്ഞാൽ ഡിവോഴ്സ് ന്റെ കാര്യങ്ങൾ മുന്നോട്ട് നീങ്ങുകയും ചെയ്യും...."" പറഞ്ഞു കഴിഞ്ഞിട്ടാണ് രൂക്ഷമായി നോക്കുന്ന അമ്മയെ കാണുന്നത്... ""നിനക്കിത്തിരി കൂടുന്നുണ്ട് നിത്യേ...."" ""ഞാനെന്ത് പറഞ്ഞൂന്ന.... എനിക്കെന്റെ ഏട്ടന്റെ സന്തോഷമാ ഏറ്റവും വലുത്.... ഇങ്ങനെ ആയിരുന്നോ നമ്മളിവിടെ താമസിച്ചത്.... എന്ത് രസമായിരുന്നു.... ഞാൻ ഏട്ടനോടല്ലേ എല്ലാം പറയാറ്.... ഏട്ടനല്ലേ എനിക്ക് എല്ലാത്തിനും കൂട്ട് നിൽക്കുന്നത്..... ന്നിട്ട്..... ന്നിട്ടിപ്പോ എന്തായി.... എത്ര മാസമായി എന്റെ ഏട്ടൻ ചിരിച്ചിട്ട്...... എന്നോടൊന്ന് പഴയത് പോലെ സംസാരിച്ചിട്ട്..... അച്ഛൻ വിളിക്കുമ്പോൾ പോലും ഇപ്പോൾ സംസാരിക്കുന്നില്ല ഏട്ടൻ....

എന്റെ ഏട്ടനിങ്ങനെ ഉരുകി ജീവിക്കുന്നത് ആര് കാരണമാ..... എനിക്ക് വയ്യാ ഇങ്ങനെ.... മടുത്തു.... ""പറഞ്ഞു നിർത്തുമ്പോഴേക്കും ഏങ്ങി പോയിരുന്നു.... വിദ്യ മുറിയിലേക്ക് ചെല്ലുമ്പോൾ നിത്യ കണ്ണടച്ച് കിടക്കുകയായിരുന്നു.... വലതു കൈ കണ്ണുകൾക്ക് മുകളിലായ് വച്ചിട്ടുണ്ട്... ""നിത്യേ..."". അടുത്തിരുന്നു വിളിച്ചതും അവൾ മടിയിലേക്ക് തല വച്ചു കിടന്നു... മടിയിൽ മുഖം പൂഴ്ത്തുന്നതിനോടൊപ്പം രണ്ടു കൈകൾ കൊണ്ടും വിദ്യയേ ചുറ്റിപ്പിടിച്ചിരുന്നു....

""സോറി അമ്മ..... ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയതാ..."" വിദ്യ ഒന്നും പറയാതെ അവളുടെ മുടിയിഴകളിൽ കൂടി വിരലോടിച്ചു.... ""നിനക്കെന്തിനാ നിത്യേ ഇത്രയും വെറുപ്പ് ആ കുട്ടിയോട്...... മഹി ചെറിയ കുട്ടിയൊന്നും അല്ലല്ലോ... അവനെന്താ വേണ്ടത് ന്ന് തിരിച്ചറിയാനുള്ള പ്രാപ്തി അവനായിട്ടില്ലേ.... നന്ദുവിനെ അവനായി തന്നെ ജീവിതത്തിലേക്ക് കൂട്ടിയതാണ്....ആ കുട്ടിയോട് മാത്രം ഇത്രയും ദേഷ്യം എന്തിനാ....."" '"അവളല്ലേ.... അവള് കാരണം അല്ലെ എന്റെ ഏട്ടൻ ഇങ്ങനെ....."" ""നന്ദു പോയാൽ മഹിയ്ക്ക് സന്തോഷം ആകുമോ....."" അമ്മ ചോദിച്ചതിന് മറുപടി ഇല്ലായിരുന്നു... ""രണ്ടു മാസമായി നന്ദു ഒപ്പം ഇല്ലല്ലോ...

. ഈ രണ്ടു മാസത്തിൽ ഒരു ദിവസമെങ്കിലും അവനൊന്നു സമാധാനത്തോടെ ഇരിക്കുന്നത് കണ്ടോ.... നേരെ ഭക്ഷണം കഴിക്കുന്നുണ്ടോ.... ഉറങ്ങുന്നുണ്ടോ.... അവന്റെ കോലം കണ്ടില്ലേ നീയ്....."" അവളൊന്നും പറഞ്ഞില്ല..... പക്ഷേ അമ്മ പറയുന്നതൊക്കെ അംഗീകരിച്ചു കൊടുക്കാൻ ഒരു മടി പോലെ... ""നന്ദു ചെയ്തത് ഒക്കെ ശെരിയാണ് എന്ന് അമ്മ പറയില്ല.... പക്ഷേ ആ കുട്ടിയ്ക്കും മഹിയെ പോലെ തന്നെ സങ്കടം ഉണ്ട്.... അന്ന് കോടതിയിൽ വച്ചു കണ്ട അതിന്റെ രൂപം ഇപ്പോഴും മനസ്സിലങ്ങനെ കിടക്കുവാ..... മരവിച്ചു നിൽക്കുകയായിരുന്നു.... എന്നെയും നിന്നെയും ഒക്കെ നോക്കുന്നുണ്ടായിരുന്നു.....

അവർക്ക് എന്താണോ വേണ്ടത് അത് അവര് രണ്ടാളും കൂടി തീരുമാനിക്കട്ടെ..... ചിലപ്പോൾ പരസ്പരം മനസ്സിലാക്കാനുള്ള തെറ്റുകൾ തിരുത്താനുള്ള ഒരു വഴി ആണെങ്കിലോ.... ഇനി പിരിയാനാണ് എങ്കിൽ അങ്ങനെ..... എന്ത് തന്നെ ആയാലും നീയിനി മഹിയോട് കുറച്ചു മുൻപ് പറഞ്ഞത് പോലെയൊന്നും പറയാൻ ഇടവരരുത്...... അവന് ഏതാണോ സന്തോഷം അതവൻ തന്നെ തീരുമാനിക്കട്ടെ....."" ""ഹ്മ്മ്......"" അമ്മ പറഞ്ഞപ്പോൾ വെറുതെ ഒന്ന് മൂളി കണ്ണടച്ച് കിടന്നു... അപ്പോഴും മനസ്സിൽ ചോദ്യോത്തരങ്ങൾ നടക്കുന്നുണ്ടായിരുന്നു.... ക്ഷമിക്കാൻ കഴിയുമോ തനിക്ക്..... ഇനി എന്നെങ്കിലും അവരെ സ്നേഹിക്കാൻ കഴിയുമോ.....

തകർന്ന് നിന്ന ഏട്ടന്റെ മുഖം മറക്കാൻ കഴിയുമോ....... മറുപടി ഇല്ലാത്ത ചോദ്യങ്ങൾ നിറഞ്ഞു.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 മഹി നെറ്റിയിലൊന്ന് അമർത്തി തടവി സീറ്റിലേക്ക് ചാഞ്ഞിരുന്നു... ഉറക്കമില്ലായ്മയുടെ ഒക്കെയാകാം തല നന്നായി വേദന എടുക്കുന്നു.... രണ്ടു കൈകൾ കൊണ്ടും അവൻ നെറ്റി പതിയെ ഉഴിഞ്ഞു വിട്ടുകൊണ്ടിരുന്നു.... ഇടയിലെപ്പോഴോ ഒരു ചിത്രം തെളിഞ്ഞു മനസ്സിൽ..... ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്ന്.... 🌼""

എന്തിനാ മഹിയേട്ടാ ഈ തലവേദന വച്ചിട്ട് ഇനിയും ഫയൽ നോക്കി ഇരിക്കുന്നത്...."" ഇടയ്ക്കിടെ നെറ്റിയിലൊന്ന് അമർത്തിപ്പിടിച്ചു കണ്ണടച്ചിരുന്നു വീണ്ടും ലാപ്പിലേക്ക് തന്നെ നോക്കുന്ന മഹിയെ നന്ദു പരിഭവത്തോടെ നോക്കി... ""ഇല്ലെങ്കിൽ ശെരിയാകില്ല നന്ദു.... മറ്റെന്നാളിലേക്ക് കംപ്ലീറ്റ് ആക്കണ്ടേ... ഇനിയും ഒന്നും ആയിട്ടില്ല....""" പിണക്കത്തോടെ മുഖം വീർപ്പിച്ചു നിൽക്കുന്നവളെ കണ്ടപ്പോൾ ചെറിയൊരു ചിരിയോടെ പറഞ്ഞു മഹി... ""എങ്കിൽ പിന്നെ മരുന്ന് കഴിച്ചൂടെ....."" അവളുടെ മുഖത്ത് സങ്കടം നിറഞ്ഞു... ""കഴിക്കാടോ.... ഒരു അര മണിക്കൂർ കൂടി കഴിഞ്ഞാൽ കഴിക്കാൻ വരാം... അത് കഴിഞ്ഞു മരുന്ന് കഴിച്ചോളാം....""

""ഇപ്പൊ എന്റെ നന്ദൂസ് പൊയ്ക്കോ... സംസാരിച്ചിരിക്കാൻ സമയമില്ല.... ഇതിന്ന് തന്നെ പകുതി തീർക്കണം...."" അവളുടെ കൈയിലൊന്ന് മുത്തി മഹി വീണ്ടും ലാപ്പിലേക്ക് മുഖം പൂഴ്ത്തി... മുഖത്തിന്‌ നേരെ എന്തോ നീണ്ടു വരുന്നത് കണ്ടപ്പോഴാണ് തല ഉയർത്തുന്നത്.... ചപ്പാത്തി കറിയിൽ മുക്കി നീട്ടിപ്പിടിച്ചിരിക്കുന്ന നന്ദുവിനെ നോക്കി... അവൾ കണ്ണ് കൂർപ്പിച്ചു ചപ്പാത്തിയിലേക്ക് നോക്കാൻ കാട്ടി....... ""കഴിക്ക്....."" ഗൗരവത്തിൽ പറഞ്ഞതും ചിരിയോടെ വാ തുറന്നു... മുഴുവനും വാരി തന്നു ഗുളികയും വെള്ളവുമടക്കം കൈയിലേക്ക് എടുത്തു തന്നവളെ നോക്കി സ്നേഹത്തോടെ കണ്ണ് ചിമ്മി.... ""ഇനിയിപ്പോ വേദന എടുക്കില്ല......

കുറച്ചു ചെയ്താൽ മതി രാത്രി..... ബാക്കി നാളേം ചെയ്യാല്ലോ.... ആരോഗ്യം കളഞ്ഞുള്ള ജോലിയൊന്നും വേണ്ടാ....."" ഇടുപ്പിൽ കൈ കുത്തി ഗൗരവത്തോടെ നിൽക്കുന്നവളെ കാൺകെ ചിരിച്ചു പോയി...🌼 അതേ ചിരിയോടെയാണ് നെറ്റിയിൽ നിന്നും കൈ മാറ്റി കണ്ണ് തുറക്കുന്നത്.... ഓഫീസിലാണ് എന്ന് കണ്ടതും അതുവരെ ഉണ്ടായിരുന്ന ചിരി മങ്ങി.... കണ്ണടച്ച് തുറന്നപ്പോൾ അറിയാതെ നോട്ടം നന്ദുവിന്റെ ഇരിപ്പിടത്തിലേക്കായി.... ശൂന്യമായ കസേര കാണുമ്പോൾ നെഞ്ചിലൊരു നോവ്...

ലഞ്ച് ബ്രേക്കിനുള്ള സമയം ആയതും പതിയെ എഴുന്നേറ്റു.... കാന്റീനിലേക്ക് നടക്കുമ്പോൾ ഓർമ്മകൾ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.... എന്നും ഏറെ പ്രിയപ്പെട്ടയിടം.... ആദ്യമായി അവളോടൊപ്പം ഇരുന്നതും അവളിലേക്ക് അടുത്തതും ഇവിടെ നിന്നായിരുന്നു.... സ്ഥിരമായി ഇരിക്കുന്ന അവസാനത്തെ മൂലയിലുള്ള ടേബിളിന്റെ അടുത്തേക്ക് പോയില്ല.... എല്ലാവരുടെയും ഒപ്പം ഇരിക്കുമ്പോഴും മനസ്സിനെ വരുതിയിലാക്കാൻ വെറുതെ ശ്രമിച്ചു...പക്ഷേ ദിശ തെറ്റിയ ചിന്തകൾ വീണ്ടും ഒരിക്കൽ കൂടി അവകാശിയെ തേടി സഞ്ചരിച്ചു തുടങ്ങിയിരുന്നു. 🌼

ഊണ് പാത്രം തുറക്കുക പോലും ചെയ്യാതെ ഏറ്റവും അറ്റത്തുള്ള ടേബിളിൽ ഇരിക്കുന്ന നന്ദുവിനെ കണ്ടതും മഹിയുടെ നെറ്റി ചുളിഞ്ഞു.... ""കഴിച്ചില്ലേ നന്ദൂ.... ബ്രേക്ക്‌ ഇപ്പൊ തീരുമല്ലോ..... എന്നേ വെയിറ്റ് ചെയ്യണ്ട ന്ന് പറഞ്ഞതല്ലേ...."" നന്ദു അവനെ തുറിച്ചു നോക്കി വീണ്ടും പാത്രം അതുപോലെ തന്നെ ബലമായി പിടിച്ചു.... രാവിലെ ഓഫീസിൽ കൊണ്ട് വിട്ട ഉടൻ തന്നെ പോയതാണ് ക്ലയന്റ് നെ കാണാൻ വേണ്ടി.... ഉച്ചയ്ക്ക് എങ്കിലും ഉണ്ടാകുമെന്ന് വിചാരിച്ചു.... പാത്രം എടുത്തു ഇവിടെ വന്നിരുന്നപ്പോഴാണ് വിളിച്ചു പറയുന്നത് ഒരു മണിക്കൂർ കൂടി താമസിക്കുമെന്നും ക്ലയന്റ് ന്റെ കൂടെയാണ് ലഞ്ച് കഴിക്കാൻ പോകുന്നതെന്നും....

""നന്ദൂ...."" മഹി വിളിച്ചതും അവനെ ദേഷ്യത്തോടെ നോക്കി.... ""മഹിയേട്ടൻ എന്തിനാ എന്നേ കൂട്ടാണ്ട് കഴിച്ചത്.... പറയുമ്പോഴേക്കും കണ്ണ് നിറഞ്ഞു..."" ""അതിനിപ്പോ എന്താ.... ഞാൻ മീറ്റിങ്ങിനു പോയതല്ലേ നന്ദൂ... അവിടെ ചെല്ലുമ്പോൾ പിന്നെ കഴിക്കുന്നില്ല എന്ന് പറയാൻ പറ്റുമോ...."" ""രണ്ടൂസം മുൻപും ഇങ്ങനെ തന്നെയായിരുന്നു.... ഉച്ചയ്ക്കും എന്റൊപ്പം ഇരുന്നില്ല..... രാത്രി വീട്ടിൽ ചെന്നപ്പോഴും എന്റൊപ്പം ഇരുന്നില്ല.... """കണ്ണ് നിറച്ചു പറയുന്നവളെ നോക്കി മഹി പകപ്പോടെ നിന്നു.....

""അത് അവന്മാരെല്ലാം കൂടി നിർബന്ധിച്ചപ്പോൾ ഒപ്പമിരുന്നതല്ലേ നന്ദു...."" അവൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടെ കണ്ണ് തുടച്ചു ദൂരേക്ക് നോക്കി ഇരിക്കുന്നവളെ കാൺകെ അറിയാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.... എല്ലാവരും കഴിച്ചിട്ട് പോയിരുന്നു.... ബ്രേക്ക്‌ തീരാൻ ഇനി പത്തു മിനിറ്റ് പോലും ബാക്കിയില്ല..... ""ശെരി.... ഇനി നിന്റെ കൂടെയേ ഇരിക്കൂ.... ഇപ്പൊ കഴിക്ക്...."" കണ്ണൊന്നടച്ചു സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു മഹി... ""എനിക്ക് വേണ്ടാ...."" ""നന്ദൂ...."" ""എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ...."" ശബ്ദം ഉയർത്തി പറയുന്നവളെ ഒന്ന് കനപ്പിച്ചു നോക്കിയിട്ട് മഹി ചുറ്റും നോക്കി.... ബഹളം കേട്ട് അവിടെയും ഇവിടെയുമായുള്ള പലരും എത്തി നോക്കുന്നു....

പിന്നെ ഒരക്ഷരം മിണ്ടാതെ കസേര തട്ടി നീക്കി എഴുന്നേറ്റു പോകുമ്പോഴും വാശിയോടെ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു അവൾ....🌼 ""എന്താടോ സ്വപ്നം കാണുവാണോ...."" ജിത്തു തോളിൽ തട്ടിയപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണരുന്നത്.... കുഴച്ചെടുത്തു ഉരുളയാക്കിയ ചോറ് അതുപോലെ കൈയിലുണ്ട്..... ഇറക്കാൻ കഴിയുന്നില്ല..... തൊണ്ടക്കുഴിയിൽ തടഞ്ഞിരുന്നു ശ്വാസം മുട്ടുന്നത് പോലെ... മിക്കവരും കഴിച്ചു കഴിഞ്ഞിരിക്കുന്നു.... ഇതുവരെയും ഒരു വറ്റ് പോലും കഴിക്കാഞ്ഞിട്ടാകും എല്ലാരും ചുറ്റുമിരുന്നു കഴിക്കാനായി പറയുന്നുണ്ട്.... ആരെയും നോക്കാതെ പാത്രം അടച്ചു എഴുന്നേറ്റു.....

അപ്പോഴും ആ പെണ്ണിന്റെ പരിഭവം കാതിൽ ഉണ്ടായിരുന്നു..."" മഹിയേട്ടൻ എന്റൊപ്പം ഇരുന്നാൽ മതി.."" 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ""ആഹാ ഇവിടെന്താ പരിപാടി...."" കളർ പേപ്പർ ഉപയോഗിച്ച് ഒരോ രൂപങ്ങൾ ഉണ്ടാക്കുന്ന നന്ദുവിന്റെ അടുത്തേക്ക് ലച്ചു ചമ്രം പടിഞ്ഞു ഇരുന്നു... റോസും ഓറഞ്ച് ഉം നിറങ്ങൾ ഇട കലർത്തി ഒരു റോസാപ്പൂ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അവൾ.... പൂർത്തിയാക്കിക്കഴിഞ്ഞതും സന്തോഷത്തോടെ അത് ലച്ചുവിന് നേരെ നീട്ടി.... ""ആഹാ കൊള്ളാല്ലോ....

""ചിരിയോടെ പറഞ്ഞതും ആ മുഖത്തും ചിരി വിടർന്നു... ""പിന്നെ ഇങ്ങനെ ഇരുന്നാൽ എങ്ങനാ.... നാളെ നമുക്ക് തിരിച്ചു പോകണ്ടേ...."" ലച്ചു ചോദിച്ചതും നന്ദു മുഖം കുനിച്ചു... രണ്ടു കവിളിലും കൈ ചേർത്തു ലച്ചു ബലമായി ആ മുഖത്തേക്ക് നോക്കി... അപ്പോഴും കണ്ണടച്ച് ഇരിക്കുകയായിരുന്നു നന്ദു... ""നോക്ക് അനൂ.... ഞാനില്ലേ കൂടെ.... എന്നേ വിശ്വാസം അല്ലെ.... ഒരാഴ്ച കൂടി കഴിഞ്ഞല്ലേ കൗൺസിലിംഗ് ന്റെ ഫസ്റ്റ് സിറ്റിംഗ് നിങ്ങൾക്ക് രണ്ടാൾക്കും.... അതിന് പോണ്ടേ....."" ലച്ചു ചോദിച്ചതും വേണ്ടെന്നത് പോലെ തലയാട്ടി....'"" മഹിയേട്ടന് വെറുപ്പാ ന്നോട്.... കാണുന്നത് ഇഷ്ടല്ല....."" ""എന്നാരു പറഞ്ഞു...."" ""മഹി പിണങ്ങി ഇരിക്കുവല്ലേ....

ആ പിണക്കമൊക്കെ നമുക്ക് മാറ്റണ്ടേ.... ഹ്മ്മ്..."" കളിയായി ചോദിച്ചിട്ടും അതേ മങ്ങിയ മുഖത്തോടെ നിലത്തേക്ക് മിഴിയൂന്നി ഇരിക്കുന്നവളെ കാൺകെ ലച്ചു ദീർഘമായി നിശ്വസിച്ചു.... ഇനിയുമേറെ കടമ്പകൾ ബാക്കിയാണ്.... പക്ഷേ അവയെല്ലാം ഇവിടെ നിന്ന് ചെയ്താൽ പോരാ.... അനുവിൽ നിന്ന് തന്നെ നന്ദുവിലേക്ക് എത്തണം..... അവൾ വളർന്ന ചുറ്റുപാടിൽ നിന്ന്..... നഷ്ടപ്പെട്ടയിടത്തു നിന്ന് തന്നെ അവളുടെ സന്തോഷവും തിരികെ നേടി കൊടുക്കണം....അവളുടെ മഹിയിലൂടെ തന്നെ മാറ്റങ്ങൾ വേണം.... ചിന്തയിലാഴ്ന്നിരിക്കുന്ന നന്ദുവിന്റെ മുടിയിൽ കൂടി വാത്സല്യത്തോടെ വിരലോടിച്ചു ലച്ചു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story