അനന്തിക: ഭാഗം 21

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ഇനിയുമേറെ കടമ്പകൾ ബാക്കിയാണ്.... പക്ഷേ അവയെല്ലാം ഇവിടെ നിന്ന് ചെയ്താൽ പോരാ.... അനുവിൽ നിന്ന് തന്നെ നന്ദുവിലേക്ക് എത്തണം..... അവൾ വളർന്ന ചുറ്റുപാടിൽ നിന്ന്..... നഷ്ടപ്പെട്ടയിടത്തു നിന്ന് തന്നെ അവളുടെ സന്തോഷവും തിരികെ നേടി കൊടുക്കണം....അവളുടെ മഹിയിലൂടെ തന്നെ മാറ്റങ്ങൾ വേണം.... ചിന്തയിലാഴ്ന്നിരിക്കുന്ന നന്ദുവിന്റെ മുടിയിൽ കൂടി വാത്സല്യത്തോടെ വിരലോടിച്ചു ലച്ചു...... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നന്ദുവിന് തലയാകെ ഒരു പെരുപ്പ് തോന്നി... വീണ്ടും നാട്ടിലേക്ക്.. എന്നായാലും മടങ്ങേണ്ടി വരുമെന്ന് അറിയുമായിരുന്നു... പക്ഷേ ഇപ്പോൾ.... ""ചിന്തിച്ചോണ്ട് ഇരിക്കാതെ പോയി കൊണ്ട് പോകാനുള്ളതൊക്കെ റെഡി ആക്ക് പെണ്ണെ.

മുത്തശ്ശി ദോ ചക്ക വരട്ടിയതും പഴം ചിപ്സും എല്ലാം പാക്ക് ചെയ്തു വച്ചിട്ടുണ്ട്..."" ലച്ചു പറയുന്നതൊക്കെ വെറുതെ മൂളിക്കേട്ടു. പേടി തോന്നുന്നുണ്ടായിരുന്നു... വീണ്ടും മനസ്സ് കൈവിട്ട് പോകുമോ എന്ന ഭയം. ഒരിക്കൽ കൂടി മഹിയേട്ടന്റെ വെറുപ്പ് നിറഞ്ഞ നോട്ടം കാണാനുള്ള കരുത്തു തനിക്കുണ്ടോ.... അകത്തേക്ക് കയറിയപ്പോഴേ കണ്ടത് മുഖം വീർപ്പിച്ചിരിക്കുന്ന അമ്മമ്മയെയാണ്. ലച്ചു അടുത്തിരുന്നു എന്തൊക്കെയോ പറഞ്ഞു ഉഷാറാക്കാൻ ശ്രമിക്കുന്നുണ്ട്. ഒന്നും മിണ്ടാതെ ചെന്ന് ആ മടിയിൽ തല വച്ച് കിടന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""മഹി വന്നോളും നിത്യേ... നീയെന്തിനാ ഇങ്ങനെ മുറ്റത്തു ചെന്ന് നിൽക്കുന്നത്..."" അമ്മ വഴക്ക് പറഞ്ഞതും മുഖവും വീർപ്പിച്ചു കൊണ്ടവൾ അകത്തേക്ക് നടന്നു..

എട്ടരയോട് അടുത്തിരുന്നു മഹി വീട്ടിൽ എത്തിയപ്പോൾ. താൻ വരുന്നതും നോക്കി സിറ്റ് ഔട്ടിൽ തന്നെ ഇരിക്കുന്ന നിത്യയെ കണ്ടതും അവനൊരു ചെറിയ ചിരിയോടെ അകത്തേക്ക് കയറി.. ""ഏട്ടാ...."" നിത്യ ഓടിചെന്ന് അവനോട് ചേർന്ന് നിന്നു. വേഗം പോയി കുളിച്ചിട്ട് വാ... ""ഇന്ന് എന്റെ സ്പെഷ്യലാ രാത്രി...പെട്ടെന്ന് വായോ..."". നിർബന്ധം പിടിച്ചു ചിണുങ്ങി പറയുന്നവളുടെ മുടിയിലൊന്ന് തലോടി മഹി മുറിയിലേക്ക് നടന്നു. അകത്തേക്ക് കയറിയതും മുഖമൊന്നു അമർത്തി തുടച്ചു... കുളിച്ചു വേഷം മാറ്റാൻ വേണ്ടി അലമാരയിൽ നോക്കുന്നതിനിടയിലാണ് ഏറ്റവും അറ്റത്തായി വച്ചിരുന്ന നീല ഷർട്ടിലേക്ക് നോട്ടം ചെല്ലുന്നത്. നന്ദുവിന്റെ ആദ്യത്തെ സമ്മാനം....

വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ സാലറി കിട്ടിയ ദിവസമായിരുന്നു അത്... വാശിയായിരുന്നു അവൾക്ക് അന്നത്തെ ദിവസം തന്നെ ഇടണമെന്ന്.... മഹിയാ ഷർട്ടിലൂടെ വെറുതെ വിരൽ ഓടിച്ചു.... ചുളിവുകൾ വീണിട്ടുണ്ട്... ഒന്നര മാസത്തിൽ കൂടുതലായി ഇത് ഇട്ടിട്ട്.... നന്ദു അന്ന് അലമാരയിലേക്ക് വച്ചിടത്തു തന്നെ ഇപ്പോഴും ഇരിപ്പുണ്ട്.... തേയ്ക്കാനൊന്നും നിൽക്കാതെ അത് തന്നെ എടുത്തിട്ടു... ഷർട്ട്‌ ഇട്ട് വരുന്ന മഹിയെ നോക്കി അതിശയിച്ചു നിന്നു നിത്യ. ആദ്യമായിട്ടാണവൻ വീട്ടിൽ നിൽക്കുമ്പോൾ ഷർട്ട്‌ ഇടുന്നത്... സാധാരണ ടീഷർട് മാത്രമേ ഇടൂ... അല്ലെങ്കിൽ ഹാഫ് സ്ലീവ് ബനിയൻ.... വീട്ടിൽ നിൽക്കുമ്പോൾ ഷർട്ട്‌ ഇടുന്നത് മഹിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല... ""ഇതെന്താ ഏട്ടാ...."" ചോദിച്ചപ്പോൾ ഒരു ചെറിയ ചിരി മാത്രം നൽകി അവൻ ഊണ് മേശയുടെ മുൻപിലേക്ക് ഇരുന്നു... ""നോക്കിയേ ഏട്ടാ... ""

നിത്യ അവളുണ്ടാക്കിയ ചൂട് ചില്ലി ചിക്കനും കോയിൻ പറാത്തയും അവന്റെ പ്ളേറ്റിലേക്ക് വിളമ്പി.. മഹിയാണ് അതുണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്തത്... മുൻപൊക്കെ എത്രയോ വൈകുന്നേരങ്ങളിൽ മഹിയുടെ പിന്നാലെ നടക്കുമായിരുന്നു ഇതുണ്ടാക്കി തരാൻ വേണ്ടി.... ഓർമ്മകൾ കണ്ണിൽ നനവ് പടർത്തിയപ്പോൾ കണ്ണൊന്നു അമർത്തി തുടച്ചു മഹിയുടെ അടുത്തേക്ക് ഇരുന്നു... സ്വന്തം പ്ളേറ്റിലേക്ക് കറി വിളമ്പും മുൻപേ മഹി പറാത്ത മുറിച്ചത് കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടിയിരുന്നു... എത്ര അടക്കിപ്പിടിക്കാൻ ശ്രമിച്ചിട്ടും അറിയാതെ വിതുമ്പി പോയി.... കാറ്റ് പോലെ അവനെ ചുറ്റിപ്പിടിച്ചു ആ തോളിൽ മുഖമമർത്തി ഇരുന്നപ്പോഴേക്ക് കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

""ശേ... എന്റെ ഷർട്ട്‌ നാശമാക്കുമോ പെണ്ണെ നീ....."" കളിയായി അവൻ ചോദിച്ചതും പരിഭവത്തോടെ നേരെ ഇരുന്നു... വീണ്ടും കുറുമ്പോടെ അവന്റെ അടുത്തേക്ക് തന്നെ ചേർന്നിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അനൂ..... അനൂസേ..... ""ആരോ മുടി മെല്ലെ മാടിയൊതുക്കി വിളിക്കുന്നത് കേട്ടാണ് നന്ദു മെല്ലെ കണ്ണ് ചിമ്മി തുറക്കുന്നത്.... മുറിയിൽ കാര്യമായ വെട്ടമൊന്നും ഇല്ല.... നേരം വെളുത്തില്ലല്ലോ എന്ന സംശയത്തോടെ ലച്ചുവിനെ നോക്കി... കുളിച്ചൊരുങ്ങി നിൽക്കുകയാണ്... ഈറനായ മുടിയിൽ കൂടി അപ്പോഴും ചെറുതായി വെള്ളം ഇറ്റ് വീഴുന്നുണ്ട്.... ""എന്താ പെണ്ണെ മിഴിച്ചു നോക്കി കിടക്കുന്നത്.... എഴുന്നേറ്റു പോയി കുളിച്ചേ..."" അപ്പോഴും കാര്യം മനസ്സിലാകാതെ പകച്ചു നോക്കുന്നുണ്ടായിരുന്നു നന്ദു.... തിരികെ പോകുന്ന കാര്യം ഓർത്ത് മനസ്സ് വല്ലാതെ അസ്വസ്ഥമായത് കാരണം പുലർച്ചയോട് അടുത്തിരുന്നു ഉറങ്ങിയപ്പോൾ... ""

ചെന്ന് കുളിക്ക് അനു.... ഇന്ന് ഉച്ച കഴിഞ്ഞു നമ്മൾ തിരിച്ചു പോവല്ലേ... അത്താഴംപറ്റ അമ്പലത്തിൽ പോയി തൊഴുതിട്ട് വരാൻ പറഞ്ഞു മുത്തശ്ശി.... നീയിപ്പോ പോയിട്ട് വർഷങ്ങൾ കഴിഞ്ഞില്ലേ.. ഞാൻ എപ്പൊ ഇവിടേക്ക് വന്നാലും പോകും...."" ലച്ചു പറയുന്നത് കേട്ട് മടിയോടെ ചുണ്ട് പിളർത്തി അവളെ നോക്കിയെങ്കിലും ആ മുഖത്തെ ഭാവം കണ്ടപ്പോൾ മനസ്സിലായി വേറെ വഴിയില്ലെന്ന്... മനസ്സില്ലാ മനസ്സോടെ കുളിച്ചിട്ട് ഇറങ്ങി.... ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും ലച്ചു അമ്മമ്മയോട് ഏതൊക്കെയോ വഴിപാടിന്റെ ലിസ്റ്റ് വാങ്ങുന്നുണ്ടായിരുന്നു. നടന്നാണ് പോയത്.... ഒരു റെയിൽവേ ക്രോസ്സ് കടക്കണം പോകുന്ന വഴിക്ക്... ശീലമില്ലാത്തത് അറിഞ്ഞിട്ടാകും ലച്ചു കൈയിൽ മുറുക്കെ പിടിച്ചിരുന്നു...

ഒരു നിമിഷം മഹിയുടെ ഓർമ്മകൾ തലച്ചോറിലൂടെ മിന്നി മാഞ്ഞു.... എപ്പോഴും ഇങ്ങനെയാണ്... പരിചയമില്ലാത്ത എവിടേക്ക് എങ്കിലും പോകുമ്പോൾ ആ കൈകൾ ചേർത്ത് പിടിച്ചിട്ടുണ്ടാകും... അമ്പലം എത്തുന്നത് വരെയും ആ ഓർമ്മകളിൽ തന്നെ ആയിരുന്നു... ""സ്വപ്നം കണ്ടു നിൽക്കാതെ അകത്തേക്ക് ചെല്ല് അനു.... ഞാൻ അപ്പോഴേക്കും വഴിപാട് എഴുതിച്ചിട്ട് വരാം..."". ചിരിയോടെ പറഞ്ഞിട്ട് പോകുന്ന ലച്ചുവിനെ നോക്കി ഒരു നിമിഷം നിന്നു... പിന്നെ പതിയെ അകത്തേക്ക് നടന്നു.. തിരക്കൊന്നും ഉണ്ടായിരുന്നില്ല.... നടയ്ക്ക് മുൻപിൽ നിൽക്കുമ്പോഴും മനസ് ശൂന്യമായിരുന്നു.... എന്താണ് ഇനിയും ആവശ്യപ്പെടാനുള്ളത്.... എല്ലാം നഷ്ടപ്പെട്ടവൾക്ക് ഇനിയെന്ത് പ്രതീക്ഷ....

വെറുതെ ശ്രീ കോവിലിലേക്ക് നോക്കി നിന്നു.... ""ആഹാ വെറുതെ നോക്കി നിൽക്കാനാണോ വന്നത്.... ""ലച്ചു ചോദിച്ചതും ഒന്ന് ചിരിച്ചെന്നു വരുത്തി ദേവിയെ വണങ്ങി പുറത്തേക്ക് ഇറങ്ങി.... ""അനൂന് വിശ്വാസം ഇല്ലേ.."". തിരികെ നടക്കുന്ന വഴിക്ക് ചിരിയോടെ ലച്ചു ചോദിച്ചു... ഇല്ലെന്ന ഭാവത്തിൽ മെല്ലെ തലയാട്ടി.... ""ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലല്ലോ...."" പരിഭവത്തോടെ പറയുമ്പോൾ എന്നും പ്രാർത്ഥനകളുമായി ഓടി വരുന്ന കൗമാരകാരിയുടെ മുഖമായിരുന്നു മനസ്സിൽ... ""എന്റെ കൈയിലെ ഈ പാട് മാറ്റി തരണേ...."" ""അനൂനോട്‌ എല്ലാർക്കും ഇഷ്ടം തോന്നണേ....""" എണ്ണിയാൽ ഒടുങ്ങാത്ത കുഞ്ഞ് പ്രാർത്ഥനകളുടെ കണക്കുകൾ മുന്നിൽ വന്നു പല്ലിളിച്ചു..

""ആഹാ അപ്പോ പറയുന്നതൊക്കെ നടക്കാനാ പ്രാർത്ഥിക്കുന്നെ...."" കളിയാക്കി ചോദിക്കുന്ന ലച്ചുവിനെ നോക്കി ചുണ്ട് കോട്ടി മുന്നോട്ട് നടന്നു.... ""ഈ ലോകത്തിലെ ഏറ്റവും മനോഹരമായതും നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും എന്താണെന്ന് അറിയുവോ അനൂനു...."" കുറച്ചു ദൂരം നടന്ന ശേഷമുള്ള ലച്ചുവിന്റെ ചോദ്യത്തിന് സംശയത്തോടെ മുഖമുയർത്തി... ""പ്രതീക്ഷ.... അല്ലെങ്കിൽ ശുഭാപ്തി വിശ്വാസം.... ഇന്നല്ലെങ്കിൽ നാളെ ഈ അവസ്ഥകൾ എല്ലാം മാറുമെന്നുള്ള പ്രതീക്ഷ... സത്യം പറഞ്ഞാൽ അങ്ങനെയൊരു hope ഇല്ലെങ്കിൽ മുന്നോട്ട് ചിന്തിക്കാൻ പോലും നമ്മളെക്കൊണ്ട് പറ്റില്ല..... അതിനുള്ള ഏറ്റവും വലിയൊരു മാധ്യമമാണ് നമ്മൾ പലപ്പോഴും ദൈവത്തിൽ അഭയം തേടുന്നത്.

നമ്മൾ പറയുന്ന ഒരോ കാര്യങ്ങളും അല്ലെങ്കിൽ നമ്മൾ ആവശ്യപ്പെടുന്നതൊക്കെ നമ്മുടെ പ്രതീക്ഷകളാണ്... ചില മനുഷ്യരെ കണ്ടിട്ടില്ലേ.... എല്ലാം തകർന്നു നിൽക്കുകയാകും... പക്ഷെ അവർ ജീവിക്കും... ഒരിക്കലും പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടില്ല.... അതവരുടെ വിശ്വാസമാണ്... അത് തന്നെയാണ് അവരുടെ മുൻപോട്ട് ജീവിക്കാനുള്ള ധൈര്യവും.... ഞാനെന്തിനാ ഇതൊക്കെ പറയുന്നത് എന്നല്ലേ ആലോചിക്കുന്നത്.."" കാര്യം മനസ്സിലാകാതെ നിൽക്കുന്ന നന്ദുവിന്റെ മൂക്കിന്റെ തുമ്പിലൊന്ന് തട്ടി ലച്ചു... ""അനു എന്തിനാ മഹിയെ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന് വിചാരിക്കുന്നത്..."" ഓർക്കാപ്പുറത്തു ചോദ്യം എത്തിയതും വേഗം തല കുനിച്ചു നടന്നു... ""ഓടണ്ട.... കാര്യായിട്ട് പറഞ്ഞതാ...

. ചിലപ്പോൾ ഒരു അവസരം കൂടി കിട്ടിയാൽ എന്ത് ചെയ്യും...."" വാടിയ ഒരു പുഞ്ചിരി മാത്രം തിരികെ നൽകി..... ""മഹിയേട്ടന് വെറുപ്പാ ന്നോട്... ക്ഷമിക്കില്ല....."" പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ലച്ചുവിനെ കാക്കാതെ മുന്നോട്ട് നടന്നു... ഓടിയൊളിക്കാൻ ശ്രമിക്കുന്നവളെ നോക്കി ചിരിയോടെ നടന്നു ലച്ചു.... അറിയാം ആ മനസ്സിൽ ഇനി മുതൽ സമസ്യകളും തർക്കങ്ങളും ധാരാളം നടക്കുമെന്ന്..... മഹിയുടെ നന്ദുവിലേക്ക് തിരികെ എത്തണമെങ്കിൽ ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം അവൾ തന്നെ കണ്ടെത്തണം... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 യാത്ര പറഞ്ഞു ഇറങ്ങുവോളം മുത്തശ്ശി പരിഭവത്തിൽ തന്നെയായിരുന്നു.... പക്ഷെ പോകാതിരിക്കാൻ മറ്റ് വഴികളൊന്നും മുൻപിൽ ഉണ്ടായിരുന്നില്ല...

കാർ വേണ്ട ട്രെയിനിനു പോകാം എന്ന് ലച്ചുവാണ് പറഞ്ഞത്... രണ്ടരയുടെ ട്രെയിൻ ആയതിനാൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല.... വിൻഡോ സീറ്റ്‌ തന്നെ കിട്ടി.... ചെറുതായി പൊടിയുന്ന മഴയെ നോക്കി ജനലിലേക്ക് തല ചേർത്ത് ഇരുന്നു നന്ദു... ലച്ചു ഉറക്കം പിടിച്ചിരുന്നു... എട്ട് മണിയോട് അടുത്തിരുന്നു വീട്ടിൽ എത്തിയപ്പോൾ.... വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് രാവിലെ മുത്തശ്ശി പറഞ്ഞതിനാൽ പിന്നെ ഒന്നുകൂടി വിളിക്കാൻ നിന്നില്ല... പതിവില്ലാതെ വാതിൽ തുറന്നു ഇട്ടിരിക്കുന്നത് കണ്ടിട്ട് സംശയത്തോടെയാണ് അകത്തേക്ക് കയറിയത്... ഡൈനിങ് ടേബിളിൽ തലയ്ക്കു കൈ കൊടുത്തു ഇരിക്കുന്ന അമ്മയെ കണ്ടതും നന്ദു വെപ്രാളത്തോടെ അടുത്തേക്ക് ചെന്നു... ""എന്താമ്മേ..... എന്താ പറ്റിയെ....""

ആശയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും വല്ലാത്ത പേടി തോന്നി അവൾക്ക്... ""എ.... എനിക്കറിയില്ല അനൂ.... കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ മുറിയടച്ചു ഇരിക്കുവാ രണ്ടാളും കൂടി..... ഈ നിമിഷം വരെ പുറത്തോട്ട് ഇറങ്ങിയിട്ടില്ല.... ചോദിച്ചിട്ട് ആണെങ്കിൽ ഒന്നും പറയുന്നും ഇല്ല...."" ആശ പൊട്ടികരഞ്ഞുകൊണ്ട് അവളുടെ നെഞ്ചിലേക്ക് മുഖം ചേർത്തു... ഭയം കാരണം നെഞ്ചിപ്പോൾ പൊട്ടിപ്പോകും എന്ന് തോന്നി നന്ദുവിന്.... കൂടപ്പിറപ്പുകളാണ്....... ""ഞാൻ നോക്കട്ടെ അമ്മേ... കരയാതെ...."" ആശയുടെ കണ്ണ് തുടച്ചു കൊടുത്തു അച്ചുവിനെ വിളിക്കാനായി നടക്കുമ്പോഴേക്കും ലാൻഡ് ഫോൺ ബെല്ലടിച്ചു തുടങ്ങിയിരുന്നു.... ഒന്ന് ഞെട്ടിയെങ്കിലും അമ്മയെ ഒന്ന് നോക്കി ഫോണെടുത്തു... ""ഹലോ...."" ""ഹലോ.... അടൂർ എസ്. ഐ ദ്രുവിക് നാഥാണ് സംസാരിക്കുന്നത്. അർച്ചനയും പ്രിയയും വന്നിട്ടുണ്ടോ വീട്ടിൽ...."" മുഴക്കമുള്ള ശബ്ദം കാതിൽ പതിഞ്ഞതും അറിയാതെ ഫോൺ കൈയിലിരുന്നു വിറച്ചു പോയി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story