അനന്തിക: ഭാഗം 26

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ആളെ മനസ്സിലായ സന്തോഷത്തിൽ അവനൊന്നു ഊറി ചിരിച്ചു... ""ഡോ സന്തോഷേ.... ഈയിടെയായി കൈനോട്ടക്കാർക്കും ജ്യോത്സ്യകൾക്കുമൊക്കെ ഭയങ്കര ഡിമാൻഡ് ആണല്ലേ...."" അവൾ കടന്നു പോയതും ജീപ്പിന്റെ ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു.... ചിരിയോടെ തിരിഞ്ഞപ്പോഴാണ് ഇടുപ്പിൽ രണ്ടു കൈയും കുത്തി രൂക്ഷമായി നോക്കുന്ന ലച്ചുവിനെ കാണുന്നത്.. അവളെ നല്ലോണം ഒന്ന് ചിരിച്ചു കാണിച്ചിട്ട് കാര്യം മനസ്സിലാകാതെ നിൽക്കുന്ന കോൺസ്റ്റബിളിനെ നോക്കി... ""എന്താ നിങ്ങളുടെ ഉദ്ദേശം....."" വാശിയോടെ അവന്റെ അടുത്തേക്ക് ചെന്ന് ദേഷ്യത്തിൽ ചോദിച്ചു... ഒന്നും പറയാതെ ചിരിയടക്കി നിൽക്കുന്നവനെ കാൺകെ ദേഷ്യം ഒന്നുകൂടി കൂടി...

""അന്നൊരബദ്ധം പറ്റിയതാ എന്ന് നിങ്ങളോട് പറഞ്ഞതല്ലേ.... അതിന്റെ പേരിൽ മനുഷ്യൻ എവിടെ പോയാലും വിടാതെ പിന്നാലെ ശല്യം ചെയ്യുന്നത് എന്തിനാ.... ക്രിമിനൽ കുറ്റം ഒന്നും അല്ലല്ലോ...."" ദേഷ്യം കൊണ്ട് വിറയ്ക്കുന്നവളെ നോക്കി അവൻ അപ്പോഴും ചിരിയോടെ നിന്നു... ""ശെടാ ഞാനിപ്പോ അതിന് തന്റെ പേര് പറഞ്ഞോ.... ഏതോ ഒരാളുടെ കാര്യം പറയുവായിരുന്നു ഞങ്ങൾ.... അത് കേട്ട ഉടനെ താനെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്..... അതോ ഇനി ജ്യോതിഷികളെ പോലെ കാര്യങ്ങൾ സ്വന്തമായി കണ്ടു പിടിക്കാനുള്ള കഴിവ് തനിക്കും ഉണ്ടോ...."" പിരികം പൊക്കി കളിയായി ചോദിക്കുന്നവനെ നോക്കി പല്ല് കടിച്ചു തിരികെ നടന്നു..... അവനപ്പോഴും ജീപ്പിലേക്ക് ചാരി നിന്ന് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഹോ... ക്ഷീണിച്ചു...."" കൈയിലുള്ള കവറുകൾ ഒക്കെ കട്ടിലിലേക്ക് ഇട്ട് അരികത്തായി നിവർന്നു കിടന്നു ലച്ചു... ""അപ്പോഴേ ഞാൻ പറഞ്ഞതല്ലേ... ഒറ്റയ്ക്ക് പോകണ്ട.. അറിയാത്ത സ്ഥലമല്ലേ എന്ന്.. കേട്ടിരുന്നെങ്കിലോ..."" മുഖം കൂർപ്പിച്ചു പരിഭവം പറയുന്ന നന്ദുവിനെ അവളൊന്ന് കണ്ണ് ചിമ്മി കാണിച്ചു.. ""അതിനും വേണ്ടിയുള്ള ക്ഷീണമൊന്നും ഇല്ലെന്റെ അനൂ... കുറച്ചു നേരം ഇങ്ങനെ കിടന്നിട്ട് ഒന്ന് കുളിച്ചാൽ മതി..."" തൃപ്തി വരാത്തത് പോലെ മുഖം കൂർപ്പിച്ചു തന്നെ ഇരിക്കുന്നുണ്ട്.. കണ്ണടച്ച് കുറച്ചു നേരം കിടന്നപ്പോൾ ഒരിത്തിരി ആശ്വാസം തോന്നി.... സന്ധ്യ കഴിഞ്ഞതുകൊണ്ട് തല നനയ്ക്കാൻ നിന്നില്ല... ദേഹമൊന്ന് കഴുകി ഇറങ്ങി... ""രാത്രിയെന്താ സ്പെഷ്യൽ.... ചപ്പാത്തിയാണോ....""

ചപ്പാത്തിക്ക് കുഴച്ചു വച്ചത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുന്ന ആശയുടെ അടുത്തേക്ക് ഇരുന്നു.... ""ഒരു കാര്യം ചെയ്യാം അമ്മ പോയി റസ്റ്റ്‌ എടുത്തോ ജോലി കഴിഞ്ഞു വന്നതല്ലേ ...ഞങ്ങള് ചെയ്തോളാം ഇതൊക്കെ..."" മടിച്ചു നിന്ന ആശയെ നിർബന്ധിച്ചു മാറ്റി ഇരുത്തി.. ""പിന്നേ ഞാനൊരു ചെറിയ ഡോസ് കൊടുക്കാൻ പോവാണേ... ഒന്ന് കണ്ണടച്ച് ഇരുന്നേക്കണം.... ""അടുത്തേക്ക് നീങ്ങി ഇരുന്ന് സ്വകാര്യം പോലെ ചെവിയിൽ പറഞ്ഞതും ആശ കണ്ണ് മിഴിച്ചു അവളെ നോക്കി.... ""അനൂ..... നാളെ ഓഫീസിൽ പോകേണ്ടതല്ലേ... അതിനുള്ളതൊക്കെ ചെന്ന് എടുത്തു വച്ചോ... ഇത് ഞാനും പ്രിയയും അച്ചുവും കൂടി ചെയ്തോളാം..."" പിന്നെയും പോകാതെ മടിച്ചു നിൽക്കുന്നവളെ നോക്കി കണ്ണുരുട്ടി കാണിച്ചു...

നന്ദു മനസ്സില്ലാ മനസ്സോടെ മുറിയിലേക്ക് പോയതും ആശയുടെ നേരെ തിരിഞ്ഞു... ""ഞാൻ വിളിച്ചാൽ ചിലപ്പോൾ വരില്ല.... അമ്മ വിളിച്ചോ..."" ""പ്രിയേ... അച്ചൂനേം വിളിച്ചു വന്നേ ഇങ്ങോട്ട്...."" ""പ്രിയേ....."" രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചപ്പോൾ ആദ്യം വന്നത് പ്രിയയാണ്... രണ്ടാമത് അച്ചുവും... രണ്ടാളും നല്ല ഉറക്കത്തിൽ നിന്ന് വന്നത് പോലെ കണ്ണ് തിരുമ്മി ഈർഷ്യയോടെ നോക്കുന്നുണ്ടായിരുന്നു... ""ആഹാ ഈ സമയത്താണോ കിടന്നുറങ്ങുന്നത്.... സമയം എട്ട് കഴിഞ്ഞു.. വന്നേ വന്നേ നമുക്ക് മൂന്നാൾക്കും കൂടി ചപ്പാത്തിയും കറിയും ഉണ്ടാക്കാം..."" ലച്ചു പറഞ്ഞതും അച്ചുവിന്റെ മുഖം കൂർത്തു...... ""എനിക്ക് പറ്റില്ല....അമ്മ ഉണ്ടാക്കുമല്ലോ...."" ""അമ്മയ്ക്ക് ഇന്ന് റസ്റ്റ്‌ ആ.... പറ്റില്ലെങ്കിൽ വേണ്ടാ...

കഴിക്കണം എന്നുണ്ടെങ്കിൽ മാത്രം ഉണ്ടാക്കിയാൽ മതി... ഇന്നലത്തെ ഓർമ്മ ഉണ്ടല്ലോ.... സഹായിക്കുന്നവർക്ക് മാത്രമേ തല്ക്കാലം ഭക്ഷണം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുള്ളൂ... രണ്ടു പേർക്കും ക്ലാസ്സൊന്നും ഇല്ലല്ലോ... ലീവ് അല്ലെ...."" ലച്ചു ഗൗരവത്തോടെ പറയുന്നത് കേട്ട് ദേഷ്യത്തോടെ അമ്മയെ നോക്കിയെങ്കിലും അവിടെയും മൗനം കണ്ടു മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി... ""എന്താ ചെയ്യേണ്ടത്.... ""പല്ല് കടിച്ചു ചോദിക്കുന്നവളെ നോക്കി ചിരിയടക്കി ലച്ചു... ""കൂടുതലൊന്നും വേണ്ടാ.... ദാ ഈ ഉരുട്ടി വച്ചിരിക്കുന്ന മാവ് കണ്ടോ... ഇത് പരത്തി ചുട്ട് എടുക്കണം... ഒരാള് പരത്തുമ്പോൾ അടുത്ത ആള് ചുട്ടോ... പിന്നേ അത് കഴിഞ്ഞു മുട്ടക്കറി വയ്ക്കണം....

അതിന് അരിയാൻ വേണ്ടുന്നതൊക്കെ അപ്പോഴേക്ക് ഞാൻ എടുത്തു തരാം.... രാവിലത്തെയും ഉച്ചയ്ക്കത്തെയും ആക്കിയത് അനു അല്ലെ... സോ അവൾക്ക് ലീവ്..... അമ്മയ്ക്കും ലീവ്... "" ""അപ്പോ നിങ്ങളോ.... ഈ പറഞ്ഞ ജോലി എടുത്താലേ കഴിക്കാനുള്ളൂ നിങ്ങൾക്ക് ബാധകം അല്ലെ..... ഇതെല്ലാം ഞങ്ങള് രണ്ടാളും കൂടി ചെയ്യാനാണെങ്കിൽ...."" ""അച്ചൂ..... ""പുച്ഛം നിറഞ്ഞ സ്വരത്തോടെ അച്ചു പറഞ്ഞതും ആശ അവളെ ദേഷ്യത്തോടെ വിളിച്ചു... അപ്പോഴും രണ്ടു കൈകൾ കൊണ്ടും വായ മൂടി കണ്ണും തള്ളി നിൽക്കുകയായിരുന്നു ലച്ചു.... അവൾ അച്ചുവിനെ അതിശയത്തോടെ നോക്കി പതിയെ കൈ മാറ്റി .. ""ശിവശിവാ..... ഇതെന്തൊക്കെയാ ഈ കുട്ടി പറയുന്നത്.... അതിഥി ദേവോ ഭവ എന്ന് കേട്ടിട്ടില്ലേ.....

വീട്ടിൽ വന്ന അതിഥിയെക്കൊണ്ട് ജോലി എടുപ്പിക്കുന്നോ....."" ലച്ചുവിന്റെ നിഷ്കളങ്കമായ ഭാവങ്ങൾ കണ്ടു ആശക്ക് ചിരി വരുന്നുണ്ടായിരുന്നു... അച്ചു അവളെയൊന്ന് നോക്കി ദഹിപ്പിച്ചെങ്കിലും കൂസലില്ലാത്ത ഭാവം കണ്ടു മനസ്സില്ലാ മനസ്സോടെ ചപ്പാത്തി പരത്താൻ തുടങ്ങി... അമ്മ പറഞ്ഞു തരുന്നത് അനുസരിച്ചു പരത്തി എങ്കിലും മാവ് പലപ്പോഴും പലകയിൽ ഒട്ടിപ്പിടിച്ചു. ഏതൊക്കെയോ ഭൂപടങ്ങളുടെ ആകൃതിയിൽ വരുന്ന ചപ്പാത്തിയിലേക്ക് സങ്കടത്തോടെ നോക്കി... എത്ര ശ്രമിച്ചിട്ടും വൃത്തമോ ചതുരമോ ഒന്നും ആകുന്നില്ലായിരുന്നു.... ""അതേ.... നിങ്ങൾക്കും കൂടി കഴിക്കാനാ ഉണ്ടാക്കുന്നത്.... കരിയ്ക്കരുത്...""

പാതി കരിഞ്ഞ ചപ്പാത്തി ഒന്നെടുത്തു നോക്കി സ്ലാബിന്റെ മുകളിലേക്ക് കയറി ഇരുന്നു ലച്ചു.... ""നിങ്ങൾക്ക് രണ്ടാൾക്കും വേണ്ടത് ചുട്ടാൽ മതി.... ബാക്കി ഞാൻ ചെയ്തോളാം.."".. പ്രിയ ചുട്ടെടുക്കുന്ന ചപ്പാത്തിയുടെ അവസ്ഥ കണ്ടതും അറിയാതെ പറഞ്ഞു... പുക മണം ചവയ്ക്കുന്ന കരിഞ്ഞു തുടങ്ങിയ ചപ്പാത്തി കഴിക്കുമ്പോൾ അച്ചുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.... എഴുന്നേറ്റു പോകാൻ തോന്നുന്നുണ്ടായിരുന്നു എങ്കിലും വിശപ്പ് അതിലൊക്കെ അധികം ആയിരുന്നു.... ഒടുവിൽ എങ്ങനെയൊക്കെയോ കഴിച്ചിട്ട് എഴുന്നേറ്റു.... പാത്രം കഴുകി വച്ചു തിരിഞ്ഞപ്പോഴാണ് തൊട്ട് പിന്നിൽ രൂക്ഷമായി നോക്കി നിൽക്കുന്ന ലച്ചുവിനെ കാണുന്നത്....

ഒരു നിമിഷം അവളെ നോക്കാനുള്ള കരുത്തില്ലാതെ തല താഴ്ന്നു.... ""ഇപ്പോൾ മനസ്സിലായോ ഒരോ ഭക്ഷണവും ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട്.... സ്വന്തമായി ഉണ്ടാക്കിയപ്പോൾ കരിഞ്ഞതാണ് എങ്കിലും കുഴപ്പമില്ല അല്ലെ.... ഇതിലും കഷ്ടപ്പെട്ടിട്ടാണ് ആ പെണ്ണ് ജോലിക്ക് പോകുന്നതിന് മുൻപ് പല ദിവസവും നിങ്ങൾക്ക് വിശക്കില്ലേ എന്നോർത്ത് മാത്രം ഭക്ഷണം ഉണ്ടാക്കി വച്ചത്.... അന്നൊക്കെ തിരിഞ്ഞു പോലും നോക്കാതെ ഇറങ്ങി പോയിട്ടല്ല ഉള്ളൂ.... ഇനിയെങ്കിലും രണ്ട് പേരും ചെയ്തു കൂട്ടിയ തെറ്റുകൾ ഒക്കെയൊന്ന് ആലോചിക്ക്...."" ഫ്രിഡ്ജിന്റെ താക്കോലും ബാക്കി എടുത്തു മാറ്റിയ ഭക്ഷണ സാധനങ്ങളും അടുക്കളയിലേക്ക് തന്നെ തിരിച്ചു വച്ചു ലച്ചു....

""ഇനിയെന്തായാലും അനുവിനെ നിങ്ങൾക്ക് പന്ത് തട്ടാൻ വിട്ടു തരാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.... ഒരമ്മയുടെ മക്കളല്ലേ മൂന്ന് പേരും... ഒരുപോലെ വളർന്നാൽ മതി..... ഇത്രയും നാളും അനുഭവിച്ച പ്രത്യേകതയൊക്കെ ഇന്നലെ കൊണ്ട് തീർന്നു....."" പുച്ഛം കലർന്ന ചിരിയോടെ രണ്ടാളെയും ഒന്ന് നോക്കി മുറിയിലേക്ക് തിരികെ നടക്കുമ്പോൾ നന്ദുവിന്റെ വാക്കുകൾ കേട്ടപ്പോൾ മുതൽ ഇന്ന് ഈ നിമിഷം വരെ അനുഭവിച്ച വേദനയ്ക്ക്.... ആശ്വാസം പോലെ തോന്നി അവൾക്ക്... മുറിയിലേക്ക് ചെന്നപ്പോൾ കാണുന്നത് ഇനിയും ഉറങ്ങാതെ വെറുതെ ഫാനിലേക്ക് നോക്കി കിടക്കുന്ന നന്ദുവിനെയാണ്. നാളെ ഓഫീസിൽ പോകുന്നതിന്റെ പേടിയാണ് എന്ന് മനസ്സിലായതും ചിരിയോടെ അവളുടെ അടുത്തേക്ക് കിടന്നു...

""അതേ.... ഉറങ്ങിയില്ലെങ്കിൽ നാളെ ഓഫീസിൽ ഇരുന്ന് ഉറങ്ങേണ്ടി വരും കേട്ടോ.... ജോയിൻ ചെയ്യുന്ന ദിവസം തന്നെ ചമ്മി നാണം കെടും...."" ""ഞാൻ..... ഞാൻ പോണോ ലച്ചു...... എനിക്കറിയില്ല..... മഹിയേട്ടൻ ഉണ്ടാകില്ലേ അവിടെ..... എന്നോട് ദേഷ്യം കാട്ടില്ലേ.... അത്.... അത് മാത്രം കാണാൻ വയ്യാ..... ഞാൻ... ഞാൻ വേറെ ഏതെങ്കിലും ഓഫീസിൽ ജോയിൻ ചെയ്തോളാം..."" കണ്ണ് നിറച്ചു വിതുമ്പി പറയുന്നവളെ ലച്ചു അലിവോടെ നോക്കി... ""ഞാനന്ന് ചോദിച്ച ചോദ്യത്തിന് ഇതുവരെ ഉത്തരം തന്നില്ലല്ലോ അനു നീയ്...... ഇനിയും ഒരു അവസരം കൂടി കിട്ടിയാൽ എന്ത് ചെയ്യും നീ..... പിന്നിട്ട അതേ വഴികളിൽ കൂടി തിരിഞ്ഞു നടക്കാൻ ഒരു അവസരം കൂടി.... ഹ്മ്മ്...

."" അങ്ങനെ വീണ്ടും ഒരിക്കൽ കൂടി തനിക്ക് കഴിയുമോ...... മഹിയേട്ടന് കഴിയുമോ ഇത്രയും ദ്രോഹിച്ചിട്ടും തന്നെ വീണ്ടും സ്വീകരിക്കാൻ.... ദേഷ്യം ആയിരിക്കില്ലേ തന്നോട്..... സ്വയം ഒരായിരം ചോദ്യങ്ങൾ മനസ്സിൽ അലയടിക്കുമ്പോഴും ലച്ചുവിനെ നോക്കി ഇമ ചിമ്മാതെ നോക്കി കിടന്നതേ ഉള്ളൂ... ""കൂടുതൽ ഒന്നും ആലോചിക്കാതെ കിടന്നുറങ്ങാൻ നോക്ക്. ഒളിച്ചോടാൻ തുടങ്ങിയാൽ ഭൂമിയുടെ അറ്റം വരെ ഓടേണ്ടി വരും..... നാളെ വീണ്ടും മഹിത്തിന്റെ കൂടെ ജോലി ചെയ്യേണ്ട... അല്ലെങ്കിൽ എന്നും കാണേണ്ട ഒരു സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും.... അവിടെ നിന്നും ഓടി രക്ഷപ്പെടുമോ...."" ലച്ചുവിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലാത്തതിനാൽ ഒന്നും പറഞ്ഞില്ല... മനസ്സുകൊണ്ട് അപ്പോഴും ശക്തി നേടാനായി ശ്രമിക്കുകയായിരുന്നു... നാളെ നേരിൽ കാണുമ്പോഴേക്കും തളർന്നു പോകാതിരിക്കാൻ... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഇതെങ്ങോട്ടാണാവോ ഇങ്ങനെ...."" ഒരുങ്ങി ഇറങ്ങി വന്ന നന്ദുവിന്റെ കോലം കണ്ടു ലച്ചു നെറ്റി ചുളിച്ചു... രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അവധി എടുക്കാനുള്ള ഒരുനൂറു കാരണങ്ങളും കണ്ടെത്തി ചടഞ്ഞു ഇരിക്കുകയായിരുന്നു... ഇടയ്ക്ക് രണ്ടു മൂന്ന് കരച്ചിലും കഴിഞ്ഞു... ഒടുവിൽ തന്റെ വാശിയ്ക്കാണ് ഇപ്പോഴെങ്കിലും ഒരുങ്ങിയത്... നന്ദു സ്വയം മൊത്തത്തിൽ ഒന്ന് നോക്കി.... എന്താ കുഴപ്പം എന്നുള്ള രീതിയിൽ... ""വന്നേ ഇങ്ങോട്ട് ""..ബലമായി തിരിച്ചു മുറിയിലേക്ക് പിടിച്ചുകൊണ്ടു പോയി... കാജലും ഐലൈനറും ഇട്ട് കണ്ണെഴുതി കൊടുത്തു....അല്പം ബലമായി തന്നെ പൌഡറും ഇടീച്ചു പൊട്ടും വെപ്പിച്ചു.... മുടി നല്ല ഭംഗിയായി മെടഞ്ഞിട്ട് കൊടുത്തു...

""ഹ്മ്മ്.... ഇപ്പൊ ശെരിയായി.... ഇങ്ങനെ പോയാൽ മതി.... വിരഹ നായിക ഒന്നുമല്ലല്ലോ ഒരുങ്ങാതെ നടക്കാൻ...."" മുഖം കൂർപ്പിച്ചു പറയുന്ന ലച്ചുവിനെ ദയനീയമായി നോക്കിയെങ്കിലും അവളത് കണ്ട ഭാവം നടിച്ചില്ല... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഓഫീസിലേക്ക് ഒരോ ചുവടും വയ്ക്കുമ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു അവളെ.... രണ്ടു മാസങ്ങൾക്ക് ശേഷം.... അവസാനമായി ഇവിടെ വന്നപ്പോൾ അവന്റെ കൈവിരലുകളിൽ വിരൽ കോർത്തിരുന്നു..... അവനോട് ചേർന്നായിരുന്നു വന്നത്.... ഇന്നിപ്പോൾ ആ ഗന്ധമില്ല തന്നോടൊപ്പം.... ആ കരുതലില്ല..... വേദനിപ്പിക്കുന്ന കുറച്ചു ഓർമ്മകൾ മാത്രം കൂട്ടിനുണ്ട്.... നേരത്തെ വന്നതിനാൽ അധികം ആരും ഉണ്ടായിരുന്നില്ല ഓഫീസിൽ... ആളുകൾ വന്നു തുടങ്ങുന്നതേ ഉള്ളൂ... പലരും ഇങ്ങോട്ടേക്കു തന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്....

മിക്കവരിലും പുച്ഛം നിറഞ്ഞു നിൽക്കുന്നു... ചിലരൊക്കെ സഹതാപത്തോടെ നോക്കി നിൽക്കുന്നു.... അടക്കം പറയുന്നതിന്റെയും ചിരിക്കുന്നതിന്റെയും സ്വരം കാതിൽ എത്തിയതും ദേഹം തളരുന്നത് പോലെ തോന്നി.... ഒരു നിമിഷം കണ്ണുകൾ അടച്ചു നിന്ന് ശ്വാസം എടുത്തു... ആരെയും ശ്രദ്ധിക്കുന്നില്ല എന്ന ഭാവത്തിൽ മുന്നോട്ട് നടക്കുമ്പോഴും ഒരോ ചുവടുകളും വിറയ്ക്കുന്നുണ്ടായിരുന്നു... മാനേജർ അധികമൊന്നും ചോദിക്കാതെ സൈൻ ചെയ്തു തന്നു.... വിഷമമൊക്കെ മാറിയോ എന്ന ചോദ്യത്തിന് മാത്രം തിരികെയൊരു ചിരി നൽകി.... ഐഡി കാർഡ് പഞ്ച് ചെയ്തു തിരികെ നടക്കുന്നതിനിടയ്ക്കാണ് പടികൾ കയറി വരുന്ന ആളിൽ കണ്ണുടക്കിയത്... അവിടെ തന്നെ തറഞ്ഞു നിന്നു.... ഇമ ചിമ്മാൻ പോലും മടിച്ചുകൊണ്ട്... ശ്വാസം നെഞ്ചിൽ തന്നെ തടഞ്ഞു നിൽക്കുന്നു.... ""മഹിയേട്ടൻ......"" വിറയ്ക്കുന്ന ശബ്ദത്തോടെ പതിയെ പറഞ്ഞു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story