അനന്തിക: ഭാഗം 29

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""മഹിത് എന്ത് പറയുന്നു.....ഒരു മൂന്ന് മാസം കൂടി ശ്രമിച്ചു നോക്കാൻ തയ്യാറാണോ "" ഒരു വേള അവന്റെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി.... നിർവികാരത നിറഞ്ഞു നിൽക്കുന്ന ആ മുഖത്തേക്ക്.... വലതു കൈ അറിയാതെ താലിയിൽ മുറുക്കെ പിടിച്ചിരുന്നു.... ""തയ്യാറാണ് മാഡം...... ""ചെവിയിൽ മുഴങ്ങികേട്ട അവന്റെ വാക്കുകളോടൊപ്പം താലിയിലെ പിടുത്തം ഒന്നുകൂടി മുറുകിയിരുന്നു... മറ്റെല്ലാം ആ നിമിഷം മറന്നിരുന്നു.... തയ്യാറാണ് എന്ന അവന്റെ സ്വരം മാത്രം... ഇങ്ങോട്ടേക്കു ഒരു മാത്ര പോലും നോക്കിയില്ലെങ്കിലും അവനിൽ നിന്നും മിഴികൾ അടർത്തി മാറ്റാൻ ശ്രമിക്കാതെ ഇമകൾ ചിമ്മാൻ പോലും മടിച്ചിരുന്നു... ""ഗുഡ്..... ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാൻ രണ്ടാളും തയ്യാറായല്ലോ....

പിന്നീടൊരിക്കൽ നോക്കുമ്പോൾ പശ്ചാത്തപിക്കാൻ ഇട വരരുത് ഒന്നുകൂടി ശ്രമിക്കാമായിരുന്നു എന്ന്.... മൂന്ന് മാസങ്ങൾ നിങ്ങൾ പരസ്പരം ഒന്നറിയാൻ ശ്രമിക്കൂ... ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലാത്ത ഇഷ്ടങ്ങൾ... മനസ്സിൽ അടക്കി വച്ച ഭയങ്ങൾ.... അങ്ങനെ എല്ലാം...."" ""മൂന്ന് മാസം കഴിയുമ്പോൾ ഈ കരഞ്ഞു ക്ഷീണിച്ച മുഖം കാണരുത് കേട്ടോ...."" നന്ദുവിനെ നോക്കി അവർ ചിരിയോടെ പറഞ്ഞു.... അവളൊന്ന് ചിരിച്ചതേ ഉള്ളൂ... ""പിന്നെ ഈ മൂന്ന് മാസം നിങ്ങൾക്ക് വേണമെങ്കിൽ ഒറ്റയ്ക്ക് മാറി താമസിക്കാം... എല്ലാം ഒന്ന് പൊരുത്തപ്പെടുന്നത് വരെ.... അല്ലെങ്കിൽ ഫാമിലിയുടെ കൂടെ തന്നെ താമസിക്കാം... രണ്ടു പേരുടെയും ഇഷ്ടം പോലെ...""

""ഒറ്റയ്ക്ക് മാറി താമസിക്കാൻ പറ്റില്ല മാഡം. വീട്ടിൽ അമ്മയും അനിയത്തിയും മാത്രേ ഉള്ളൂ.... അവരെ രണ്ടാളെയും തനിച്ചു നിർത്താൻ കഴിയില്ല...."" പെട്ടെന്നായിരുന്നു മഹിയുടെ മറുപടി... നന്ദുവിനെ നോക്കിയപ്പോൾ അവളും സമ്മതമെന്നത് പോലെ തലയാട്ടി.... മനസ്സിലപ്പോൾ തെളിഞ്ഞു വന്നത് അമ്മയുടെയും നിത്യയുടെയും മുഖമാണ്.... നിറഞ്ഞ കണ്ണുകളോടെ അന്ന് തനിക്ക് മുൻപിൽ കൂടി മുറിക്ക് പുറത്തേക്ക് ഇറങ്ങി പോയ നിത്യ... ഇവിടെ ഈ കോടതി വരാന്തയിൽ വച്ചു ഒരു പരിചിതത്വവും കാട്ടാതെ നടന്നു നീങ്ങിയ വിദ്യാമ്മ..... ഓർമ്മകൾ തികട്ടി വന്നപ്പോൾ വിരലുകൾ ഒരിക്കൽ കൂടി പരസ്പരം ഞെരിഞ്ഞമർന്നു. ""ഓക്കേ.... നിങ്ങളുടെ ഇഷ്ടം പോലെ....

എന്ന് മുതൽ വേണമെന്നൊക്കെ രണ്ടാളും കൂടി തീരുമാനിച്ചു ചെയ്തോളൂ...."" ""താങ്ക് യു മാഡം..... ഞാൻ..."".നന്ദി പറയാൻ തുടങ്ങുമ്പോഴേക്ക് ആവശ്യമില്ലെന്നുള്ള രീതിയിൽ അവരൊന്ന് കണ്ണ് ചിമ്മി... ""മഹിത്.... അനന്തിക.. നിങ്ങൾ രണ്ടാളും പുറത്തേക്ക് ഇരുന്നോളൂ... ഞാനിതിന്റെ പേപ്പർ വർക്സ് ഒക്കെ ശെരിയാക്കിയിട്ട് വന്നേക്കാം..."" അഡ്വക്കേറ്റ് ശാലിനി മാഡം പറഞ്ഞതും രണ്ടു പേരും പതിയെ എഴുന്നേറ്റു... മഹിയുടെ ഒപ്പം പുറത്തേക്ക് നടക്കുമ്പോൾ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു അവളുടെ... ""ഇന്നെനിക്ക് അമ്മയോടും നിത്യയോടും സംസാരിച്ചു മനസ്സിലാക്കണം. നാളെ രാവിലെ റെഡി ആയി നിന്നാൽ മതി. ഞാൻ വന്നു വിളിച്ചോളാം..."".

അകലേക്ക്‌ നോക്കി പറയുന്നവനെ കണ്ണ് ചിമ്മാതെ നോക്കി നിന്നു. സമ്മതമെന്നത് പോലെ ഒന്ന് മൂളി തിരിഞ്ഞു നടക്കുമ്പോൾ ലച്ചുവിന്റെ അടുത്തേക്ക് ഒന്നെത്താനായി കൊതിക്കുകയായിരുന്നു മനസ്സ്. വരാന്തയുടെ അറ്റത്തു എത്തിയപ്പോഴേ കണ്ടു തൂണിൽ ചാരി വെറുതെ നിലത്തിരിക്കുന്ന ലച്ചുവിനെ.... ചുറ്റുമുള്ളവരെയൊക്കെ അവൾ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ട്.... നന്ദു വരുന്നത് കണ്ടതും അവൾ വേഗം എഴുന്നേറ്റു... കാറ്റ് പോലെ ആ നിമിഷം അവളുടെ അടുത്തേക്ക് എത്തിയിരുന്നു നന്ദു.... ചിന്തിക്കാനിട കൊടുക്കും മുൻപേ ശ്വാസം മുട്ടും പോലെ അവളെ വരിഞ്ഞു മുറുക്കി ആ തോളിലേക്ക് മുഖം പൂഴ്ത്തി....

ഒരു ചെറിയ കുട്ടിയെ പോലെ ഏങ്ങലടിച്ചുകൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന നന്ദുവിന്റെ ചുമലിലേക്ക് മെല്ലെ തട്ടിക്കൊടുത്തു ലച്ചു... ""റിലാക്സ് അനൂ..... ഇറ്റ്സ് ഓക്കേ..... റിലാക്സ്....."" അവളൊന്ന് ശ്വാസം എടുക്കാനാകുന്നത് വരെ പതിയെ ചുമലിൽ തട്ടി കൊടുത്തു.... ""വന്നേ.... ഇവിടെ ഇരുന്നേ... ""വരാന്തയുടെ അരികത്തായി തനിക്ക് അരികിലേക്ക് നന്ദുവിനെയും പിടിച്ചിരുത്തി.... ബാഗിൽ നിന്നും വെള്ളമെടുത്തു നീട്ടി... ""ആദ്യം ഇത് കുടിച്ചേ.... എന്നിട്ട് പറ...."" ധൃതിയിൽ വെള്ളം വാങ്ങി കുടിക്കുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. ""മഹിത്തിന്റെ ഒപ്പം ചെല്ലാൻ പറഞ്ഞു അല്ലെ.... ""നന്ദുവിന്റെ ഒരോ ഭാവവും ഒപ്പിയെടുത്തുകൊണ്ട് ചിരിയോടെ ലച്ചു ചോദിച്ചു...

""എനിക്ക്..... പേടിയാ ലച്ചു.... ഞാൻ.... ഞാനെങ്ങനെ അമ്മയോടും നിത്യയോടും...."" തല കുനിച്ചു പറയുന്നവളെ തോളിൽ കൈ ഇട്ട് ഒന്നുകൂടി ചേർത്തിരുത്തി... ""എന്തിനാ പേടി...... വെറുക്കുമോ എന്നുള്ള പേടിയാണോ.... ദേഷ്യം കാട്ടുമോ എന്ന്...."" അതേയെന്ന് മെല്ലെ തലയാട്ടി... ""ആദ്യം ചെന്നപ്പോൾ കിട്ടിയത് പോലെ ഊഷ്മളമായ സ്വീകരണം ഒന്നും ആദ്യത്തെ ദിവസം തന്നെ പ്രതീക്ഷിക്കരുത് അനൂ..... നിന്നെയും മഹിത്തിനെയും പോലെ തന്നെ അവർക്കും സമയം വേണം എല്ലാം ഉൾക്കൊള്ളാൻ.... ആ അമ്മയ്ക്കും പെങ്ങൾക്കും എല്ലാം മഹിയോടൊപ്പം... നിന്നോടൊപ്പം നഷ്ടം സംഭവിച്ചവരാണ്.... അവരുടെയൊക്കെയും സന്തോഷത്തിന്റെ താക്കോൽ കൂടിയാണ് ഇപ്പോൾ നിന്റെ കൈയിലുള്ളത്....

ഒറ്റ നോട്ടത്തിൽ കിട്ടിയില്ലെന്നു വരാം.... പക്ഷേ നിധി തേടിയുള്ള യാത്ര പോലെ മുന്നോട്ട് തന്നെ സഞ്ചരിക്കണം തോറ്റു മടങ്ങാതെ..... ഒരു കാര്യം ഉറപ്പാണ് നിന്നെ സ്നേഹിച്ചത് പോലെ മഹിത്തിനു മറ്റാരെയും സ്നേഹിക്കാൻ കഴിയില്ല..... അതുകൊണ്ടാണ് അയാൾ ഇപ്പോഴും ഒരവസരം കൂടി തേടുന്നത്.... ഇനിയെല്ലാം നിന്റെ കൈയിലാണ് അനൂ..... അയാൾ എന്നും നിനക്ക് സ്വന്തമാണ്.... പക്ഷേ ആ ബന്ധം ഒരു ബന്ധനമാക്കാതെ നോക്കേണ്ടത് നീയാണ്...."" ലച്ചു പറഞ്ഞതും അവളുടെ കൈയിൽ കൊരുത്ത വിരലുകൾ ഒരിക്കൽ കൂടി മുറുകി.... ""വീണ്ടും..... വീണ്ടും എനിക്ക് തെറ്റ് പറ്റിയാലോ...."". ചിലമ്പിച്ച സ്വരത്തിൽ പതിയെ ചോദിച്ചു.... '"'ഇനി ആ പഴയ നന്ദുവിലേക്ക് നിനക്ക് തിരിച്ചു പോകാൻ കഴിയില്ല അനൂ....

നിന്റെ മനസ്സിലിപ്പോൾ സംശയങ്ങളുണ്ട്.... പേടികളുണ്ട്.... പക്ഷേ അതിലും എത്രയോ ആഴത്തിൽ കഴിഞ്ഞു പോയ തെറ്റുകളെ ഓർത്ത് നീ വേദനിക്കുന്നുണ്ട്..... ഇനിയും വാശികൾ വന്നേക്കാം.... ദേഷ്യം വന്നേക്കാം.... പക്ഷേ അതിനെല്ലാം അപ്പുറം അനുഭവങ്ങൾ നൽകുന്ന വലിയ പാഠങ്ങളുണ്ട്...."" പറയുന്നതൊക്കെ ശ്രദ്ധിച്ചു ആലോചിച്ചിരിക്കുന്ന നന്ദുവിന്റെ തോളിൽ അവളൊന്ന് തട്ടി... ""അതേ പെട്ടെന്ന് നാളെ രാവിലെ മുതൽ പുതിയൊരു അനന്തിക ആകും എന്നൊന്നും പ്രതീക്ഷിക്കരുത്...... മനുഷ്യനല്ലേ..... കണ്ണടച്ചു തുറക്കുന്ന വേഗതയിൽ മാറാൻ കഴിയില്ല.....സമയമെടുക്കും അവർ ഓരോരുത്തരുമായി ഇഴുകി ചേരാൻ.....ആ വീടിന്റെ ഭാഗമാകാൻ.....

മഹിത്തിന്റെ പ്രണയിനിയിലേക്ക് ഇനിയും ദൂരം ബാക്കിയുണ്ട്....പക്ഷേ നീ മുന്നോട്ട് തന്നെ പോകും അനൂ.... എനിക്ക് ഉറപ്പുണ്ട്...."" ലച്ചുവിന്റെ വാക്കുകൾ അതുവരെ ഉണ്ടായിരുന്ന ആശങ്കകൾ മനസ്സിൽ നിന്ന് മാറ്റിയിരുന്നു... ഏറെ നാളുകൾക്ക് ശേഷം ആത്മവിശ്വാസം കലർന്നൊരു ചിരി നന്ദുവിന്റെ മുഖത്ത് മെല്ലെ തെളിഞ്ഞു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിൽ ചെന്നതും അമ്മ വാതിലിൽ വച്ചു തന്നെ ചേർത്ത് പിടിച്ചിരുന്നു..... ""കാര്യങ്ങളൊക്കെ ലച്ചു വിളിച്ചപ്പോൾ പറഞ്ഞു.... ഇനി അമ്മയായിട്ട് മോളെ ഒന്നിനും നിർബന്ധിക്കില്ല.... അതിനുള്ള അർഹത എന്നേ നഷ്ടപ്പെട്ടു....."" അവരൊന്ന് നിർത്തി...... ""പക്ഷേ ഇനിയൊരിക്കലും നിന്നെ തനിച്ചാക്കില്ല....

അമ്മയുണ്ടാകും കൂടെ..."" പ്രിയയും കെട്ടിപ്പിടിച്ചു സന്തോഷം അറിയിച്ചിരുന്നു.... തന്നോട് ദേഷ്യം കാട്ടുന്ന സമയത്തു പോലും മഹി ചേട്ടായി അവൾക്ക് പ്രിയപ്പെട്ടതായിരുന്നു... വീണ്ടും മഹിയേട്ടനെ കൂടി തിരികെ കിട്ടുന്ന സന്തോഷമാണ്... അച്ചു ഒന്നും പറഞ്ഞില്ല... വെറുതെ നോക്കി നിന്നതേ ഉള്ളൂ... ""ആഹാ എല്ലാരും കൂടി സെന്റി ആകുമല്ലോ.... നാളത്തേക്ക് എല്ലാം ഒരുക്കണ്ടേ....."" ലച്ചു മൂക്കത്തു വിരൽ വച്ചു പറഞ്ഞതും ആശ അവളുടെ നെറുകയിൽ ഒന്ന് തലോടി.... ""എല്ലാത്തിനും മോളാ കാരണം..... ഇല്ലെങ്കിൽ ഇപ്പോഴും എന്റെ കുഞ്ഞ്....."" ബാക്കി പറയാതെ അവർ നന്ദിയോടെ ലച്ചുവിനെ നോക്കി.. അവളൊന്നും പറയാതെ അവരെ കൂടി ചേർത്ത് പിടിച്ചു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഏട്ടനെന്താ ഈ പറയുന്നതമ്മേ.... നാളെ മുതൽ വീണ്ടും ശ്രമിക്കുന്നു എന്നോ... മതിയായില്ലേ ഏട്ടന്...."" നിത്യ അമർഷത്തോടെ പറഞ്ഞതും വിദ്യ അവളെയൊന്ന് നോക്കി കണ്ണുരുട്ടി. ""അവൻ ചെറിയ കുട്ടിയല്ല നിത്യ.... അവന്റെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തി അവനുണ്ട്.... അവന്റെ ഇഷ്ടം എന്താണോ അതനുസരിച്ചു തീരുമാനിക്കട്ടെ...."" ""പക്ഷേ അവരെന്റെ ഏട്ടനെ വീണ്ടും വിഷമിപ്പിക്കും....."" സങ്കടത്തോടെ നിത്യ പറഞ്ഞതും വിദ്യ പറയാൻ വന്നതൊക്കെ പാതി വഴിക്ക് നിർത്തി അവരുടെ അടുത്തേക്ക് വരുന്ന മഹിയെ നോക്കി...

അവൻ അമ്മയെ നോക്കിയൊന്ന് കണ്ണ് ചിമ്മി നിത്യയുടെ അടുത്തേക്ക് വന്നിരുന്നു... ""വേണോ ഏട്ടാ ഇത്...."".. അവൾ മെല്ലെ മഹിയുടെ തോളിലേക്ക് ചാഞ്ഞു.... അമ്മയുടെ മടിയിൽ കിടന്നു കരഞ്ഞ..... ആഹാരം പോലും കഴിക്കാതെ ദിവസങ്ങൾ തള്ളി നീക്കിയ ഏട്ടന്റെ മുഖം ഓർത്തതും അവനിലേക്ക് ഒന്നുകൂടി ചുരുണ്ടു കൂടി... ""വേണം മോളെ..... ശെരിയല്ലാത്തത് ഏട്ടൻ ചെയ്യുമെന്ന് തോന്നുന്നുണ്ടോ.... ഇപ്പോൾ മനസ്സിലായില്ലെങ്കിലും നാളെയൊരിക്കൽ നിനക്കും അത് മനസ്സിലാകും. നമ്മൾ ഒരുപാട് സ്വപ്നം കണ്ട ഒരു ജീവിതം നമുക്ക് ലഭിച്ചിട്ടും അത് വിരൽ തുമ്പിലൂടെ ഊർന്ന് പോകുന്ന അവസ്ഥ ഉണ്ടല്ലോ..... ആ വേദന അനുഭവിച്ചാൽ മാത്രമേ മനസ്സിലാകൂ....

"" മഹിയുടെ കണ്ണ് നിറഞ്ഞത് കണ്ടതും വിദ്യ നിത്യയെ ശാസനയോടെ നോക്കി... പിന്നെയൊന്നും പറയാൻ നിൽക്കാതെ അവൾ മഹിയുടെ തോളിലേക്ക് ചാരി കിടക്കുമ്പോഴും നാളെ മുതൽ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു അവശേഷിച്ചത്... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ബൈക്ക് വീടിന്റെ പോർച്ചിലേക്ക് പാർക്ക്‌ ചെയ്തു ദ്രുവിക് വാച്ചിലേക്ക് നോക്കി... സമയം പന്ത്രണ്ട് കഴിഞ്ഞു.... ഫോണിലെ ചാർജ് തീർന്നു കുറച്ചു മുൻപേ ഓഫ് ആയി പോയിരുന്നു... ""ശേ..... ഇന്നിനി ആവശ്യത്തിന് കിട്ടുമല്ലോ..."".

അവൻ നെറ്റിയിലൊന്ന് അടിച്ചു പതിയെ അകത്തേക്ക് നടന്നു.... കാളിംഗ് ബെൽ അടിക്കുന്നതിനു മുൻപേ തന്നെ വാതിൽ തുറന്നു രൂക്ഷമായി നോക്കുന്ന അമ്മയെ കണ്ടതും ചമ്മിയ ഒരു ചിരി നൽകി... ""ഇളിക്കണ്ട നീയ്... എത്ര തവണ പറഞ്ഞിട്ടുണ്ട് കിച്ചു ലേറ്റ് ആകുമ്പോൾ വിളിച്ചു പറയണം എന്ന്.... അങ്ങോട്ട്‌ വിളിക്കുമ്പോൾ സ്വിച്ച് ഓഫും...."" ""എന്റമ്മേ സത്യമായിട്ടും വൈകണം എന്ന് വിചാരിച്ചതല്ല.... പെട്ടെന്ന് ഒരു ആക്‌സിഡന്റ് കേസ് വന്നോണ്ടല്ലേ... അതിന്റ ഇടയ്ക്ക് ഫോണും ഓഫ് ആയിപ്പോയി..."" ""ഹ്മ്മ്... ഇനി മേലിൽ ചെയ്താൽ... പിന്നെ പുറത്ത് കിടന്നോ നീയ്...."" ""ഇനി ആവർത്തിക്കില്ലമ്മ.... ഞാൻ കഴിച്ചിട്ടാ വന്നത് ഊണ് വിളമ്പണ്ട....""

കവിളിൽ ഒരുമ്മയും കൊടുത്തു മുറിയിലേക്ക് നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു... പരാതിക്കെട്ടുകൾ അഴിച്ചുകൊണ്ട് കതക് അടയ്ക്കുന്നത് കേട്ട് അവനൊരു ചിരിയോടെ മുറിയിലേക്ക് നടന്നു. അച്ഛൻ പോയതിന് ശേഷം പേടിയാണ് അമ്മയ്ക്ക്... ദ്രുവിന്റെ അന്നത്തെ ആത്മഹത്യ ശ്രമത്തിന് ശേഷം അത് ഒന്നുകൂടി കൂടി... കുളിച്ചിട്ട് കട്ടിലിലേക്ക് ചാരി കിടന്നു... ഫോണിൽ സേവ് ചെയ്തിരിക്കുന്ന ലച്ചു എന്ന നമ്പറിലേക്ക് നോക്കി.... സഞ്ജീവ് അങ്കിളിനെ സോപ്പിട്ട് വാങ്ങിയതാണ്....

അവൾ തിരികെ സേവ് ചെയ്യാത്തതുകൊണ്ട് dp ഒന്നും കാണുന്നില്ല.... കുറച്ചു നേരം അതിലേക്ക് നോക്കിയിരുന്നു.... ""ഗുഡ് നൈറ്റ്‌ മൈ ഡിയർ future വൈഫി....."" ഏറെ നേരത്തിനു ശേഷം ചെറിയ ചിരിയോടെ അയച്ചു.... മെസ്സേജ് വായിക്കുമ്പോഴുള്ള അവളുടെ ഭാവം ആലോചിച്ചു ചിരി പൊട്ടുന്നുണ്ടായിരുന്നു..... Dp യിലെ തന്റെ മുഖം കൂടി കാണുമ്പോഴേക്കും ഹാലിളകും പെണ്ണിന്.... നാളെ രാവിലത്തെ കാര്യം ആലോചിച്ചു പൊട്ടിച്ചിരിയോടെ തലയണയിലേക്ക് മുഖം പൂഴ്ത്തി..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story