അനന്തിക: ഭാഗം 3

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ തലയണയിലേക്ക് മുഖം പൂഴ്ത്തി.. ഇരു കൈകൾ കൊണ്ടും വയറിനെ പൊതിഞ്ഞു പിടിച്ചു.... അവന്റെ ചുംബനങ്ങളുടെ ചൂട് ഇപ്പോഴും ഉദരത്തിൽ തങ്ങി നിൽക്കുന്നത് പോലെ....... ഇനിയൊരു തിരിച്ചു വരവില്ലെന്നത് പോലെ അവനകലാൻ ശ്രമിക്കുന്നുവെന്നറിഞ്ഞിട്ടും.... ഒരോ ഓർമ്മകളും അവനിലേക്ക് മാത്രം വീണ്ടും അടുപ്പിച്ചു....അല്ലെങ്കിൽ അവൻ മാത്രമായിരുന്നു ഒരോ ചിന്തകളിലും... വിനോദിനി മുറിയിലേക്ക് വന്നപ്പോൾ കട്ടിലിന്റെ ഓരത്തായി ചുരുണ്ടുകൂടി കിടക്കുന്ന നന്ദുവിനെയാണ് കാണുന്നത്. കൈകൾ രണ്ടും അപ്പോഴും വയറ്റിൽ തന്നെ ചേർത്ത് പിടിച്ചിരുന്നു.

ആശയുടെ വാക്കുകൾ അത്രത്തോളം അവളെ ബാധിച്ചു കാണുമെന്നറിയാമായിരുന്നു. ജീവനായിരുന്നു മഹിയെ അവൾക്ക്.... ആരെന്തു പറഞ്ഞാലും വിശ്വാസമാണ് തന്റെ അനൂനെ തനിക്ക്.... അവളുടെ മുടിയിലൊന്ന് തഴുകി അവർ...... ഒന്നും അറിയാതെ തളർന്നു മയങ്ങുന്ന ആ പെണ്ണിനെ തെല്ലു നേരം നോക്കിയിരുന്നു.... പിന്നീടെന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഫോണെടുത്തു പുറത്തേക്ക് നടന്നു... ""ഹലോ.... മുത്തശ്ശി...."" പ്രസന്നമായൊരു സ്വരം മറുവശത്തു നിന്നും കേട്ടതും മുഖം വിടർന്നു. """ലച്ചൂട്ട്യേ..... നാളെ വരില്ലേ തേനൂർക്ക്...""" """പിന്നെ വരാതെ.... മുത്തശ്ശിടെ നന്ദൂനെ മാറ്റി എടുത്തിട്ടേ ഉള്ളൂ വേറെ കാര്യം..."""കൊഞ്ചൽ നിറഞ്ഞ മറുപടി കേട്ടതും അവരൊന്ന് ചിരിച്ചു...

"""നല്ല കഥയായി.... നീയ് നാളെ എന്റെ കുട്ടീടെ മുന്നിലൊന്നും പോയി നന്ദൂന്ന് വിളിക്കല്ല്ട്ടോ.... മഹിയെ മാത്രേ അവളങ്ങനെ വിളിക്കാൻ സമ്മതിക്കൂ... വേറെ എല്ലാർക്കും അനുവാണ്...""" """അനുവെങ്കിൽ അനു.... എന്തായാലും ആളൊന്ന് തന്നെയല്ലേ.. ""'കുറുമ്പ് മാറി പരിഭവം നിറഞ്ഞു വാക്കുകളിൽ... """ഇനിയും വയ്യ ലച്ചു.... ഇനിയെങ്കിലും ഞാനൊന്നും ചെയ്തില്ലെങ്കിൽ എന്റെ കുട്ടി പിന്നെ ഉണ്ടാകില്ല.... സഹിക്കണില്ല അതിന്റ അവസ്ഥ കണ്ടിട്ട്.... എല്ലാരുടേം കൂടി തെറ്റാ... അനുഭവിക്കുന്നത് അവളും....""" """ഓ..... ഇനിയെന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.... ഇനിയും വൈകിയിട്ടില്ലല്ലോ.... ഇന്നല്ലെങ്കിൽ നാളെ മഹിയേട്ടനും അവളെ മനസ്സിലാകും....

നാളെ രാത്രി തന്നെ മുത്തശ്ശിടെ അനു ന്റെ അടുത്തേക്ക് വന്നിട്ടേ ഉള്ളൂ കാര്യം.....""" ലക്ഷ്മിയോട് സംസാരിക്കുമ്പോൾ മനസ്സിന്റെ ഭാരം പകുതിയായി കുറഞ്ഞുവെന്ന് തോന്നി അവർക്ക്... തിരികെ മുറിയിൽ വന്നപ്പോഴും നന്ദു നല്ല ഉറക്കത്തിലായിരുന്നു.. അവളുടെ മുടിയിൽ മെല്ലെ വിരലോടിച്ചു അടുത്തായി കിടന്നു.. ""ഇനിയും എന്റെ കുട്ടിയെ പരീക്ഷിക്കരുതേ ഭഗവതീ.....""" എന്നൊരു പ്രാർത്ഥന മാത്രം ചൊല്ലി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കണ്ണിലേക്കു ശക്തിയായി വെളിച്ചം വീണപ്പോഴാണ് നന്ദു കണ്ണ് തുറക്കുന്നത്... വെയിലായി തുടങ്ങിയിരിക്കുന്നു. തല നന്നായി വേദനിക്കുന്നുണ്ട്... കുറച്ചു നേരം തലയും താങ്ങി കട്ടിലിൽ തന്നെ ഇരുന്നു..

ഇന്നലെ കോടതിയിൽ നിന്നും വന്ന വേഷത്തിൽ തന്നെ കിടന്നതാണ്.... മുൻപാണെങ്കിൽ എവിടെയെങ്കിലും പോയിട്ട് വന്നാൽ കുളിക്കാതെ ഒന്നിരിക്കുക പോലും ചെയ്യാത്ത താനാ.... ശീലങ്ങളൊക്കെ തെറ്റിയിരിക്കുന്നു.... നല്ലോണം മുഷിഞ്ഞിട്ടുണ്ട്....ബാത്‌റൂമിലേക്ക് നടക്കുമ്പോഴും നല്ല ക്ഷീണമുണ്ടായിരുന്നു. ഇന്നലെ രാവിലെ എന്തോ ഒരിത്തിരി കഴിച്ചതാണ്... തണുത്ത വെള്ളത്തിന്റെ കുളിര് മനസ്സിനെയും തണുപ്പിക്കുന്നുണ്ടായിരുന്നു....കുളിച്ചിട്ട് ഇറങ്ങിയപ്പോൾ കുറച്ചുന്മേഷം തോന്നി.. ക്ഷീണമൊക്കെ കുറഞ്ഞത് പോലെ.. ടവൽ കസേരയുടെ മുകളിലേക്ക് വിരിച്ചിട്ട് കണ്ണാടിയുടെ മുൻപിൽ നിന്നു. ഒഴിഞ്ഞു കിടക്കുന്ന നെറുകയിലേക്കാണ് ആദ്യം നോട്ടം ചെന്നത്.

മഹിയേട്ടനായിരുന്നു മിക്ക ദിവസവും സിന്ദൂരം തൊട്ട് തരുന്നത്. അതായിരുന്നു ഇഷ്ടവും... സിന്ദൂരചെപ്പിൽ നിന്നും ഒരിത്തിരിയെടുത്തു തൊടാൻ നേരം വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഇനിയെത്ര നാൾ കൂടി.. മഹിത് എന്ന് പേരെഴുതിയ താലി കൈയിലേക്കെടുത്തു... ""വയ്യ... മഹിയേട്ടാ.... സത്യായിട്ടും നന്ദു ഒന്നും ചെയ്തില്ല...... നമ്മുടെ വാവയല്ലേ മഹിയേട്ടാ....നന്ദു നോവിക്കുവോ വാവേനെ.......നന്ദൂന് വേറെ ആരുമില്ലാത്തോണ്ടല്ലേ..... അത്രേം ഇഷ്ടമായൊണ്ടല്ലേ.... ഇനി സത്യായിട്ടും ന... നന്ദു നല്ല കുട്ടിയായിക്കോളാം.....""" പറഞ്ഞു തീരുമ്പോളേക്കും വിതുമ്പി പോയിരുന്നു.... അലമാരയോട് ചേർന്ന് നിലത്തായി ഊർന്നിരുന്നു....

മുഖം കാൽമുട്ടുകളിൽ ഒളിപ്പിച്ചു ഏങ്ങി കരയുമ്പോൾ ശ്വാസം മാത്രമായിരുന്നു പലപ്പോഴും പുറത്തു വന്നത്... ""അനൂ...."". അമ്മമ്മയുടെ വിളി എത്തിയതും മുഖം അമർത്തിത്തുടച്ചു പതിയെ എഴുന്നേറ്റു... ഊണ് മുറിയിലേക്ക് ചെന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു.... അമ്മയുടെ മുഖത്ത് നല്ല ഗൗരവമുണ്ട്.... മഹിയേട്ടന്റ വീട്ടിൽ നിന്നും ഇങ്ങോട്ടേക്കു കൊണ്ടാക്കിയപ്പോൾ മുതലുള്ളതാണ്... ""നന്ദൂ മോള്‌ വേഗം കഴിക്ക്.... രാമൻ വിളിച്ചു.. അര മണിക്കൂറിനുള്ളിൽ എത്തും..."" അമ്മയെ ഒന്ന് നോക്കി..... ആ മുഖത്തും ഗൗരവമാണെങ്കിലും സമ്മതം തന്നെയാണ്.... എതിർപ്പൊന്നും പറയാതെ വേഗം കഴിക്കുന്നതിനിടയിലും പ്രതീക്ഷിച്ചു..... ""മോളെ """എന്നുള്ള ഒരു വിളി... ""എന്തിനാ പോകുന്നത് ""

എന്ന് വെറുതെയൊരു ചോദ്യമെങ്കിലും..... പക്ഷേ നിറഞ്ഞ മൗനത്തിലുണ്ടായിരുന്നു അറിയാനാഗ്രഹിച്ച ഉത്തരങ്ങൾ... മൂക്കിന്റെ തുമ്പിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ പ്ളേറ്റിലേക്ക് വീണു ചിതറുന്നുണ്ടായിരുന്നു.... ഉപ്പുരസം നാവിലറിഞ്ഞിട്ടും വേഗം കഴിച്ചെണീറ്റു... കൈയും മുഖവുമൊക്കെ കഴുകി വന്നപ്പോളേക്കും രാമേട്ടൻ വന്നിരുന്നു. വാടിയൊരു ചിരി നൽകി കണ്ടതും... """ബാഗൊക്കെ എടുത്തു രാമനെടുത്തു വച്ചോളും... മോള്‌ ചെന്ന് കാറിലിരുന്നോ.. ഇപ്പൊ ഇറങ്ങിയാലെ സന്ധ്യക്ക് മുൻപ് അങ്ങെത്തൂ.... """ധൃതിയിൽ പറഞ്ഞുകൊണ്ട് സാധനങ്ങൾ എടുത്തു വയ്ക്കാൻ അമ്മമ്മ വീണ്ടും അകത്തേക്ക് നടന്നു....

"""അമ്മമ്മ പറയുന്നതൊക്കെ അനുസരിക്കണം..""".. ഗൗരവത്തോടെ അമ്മ പറയുന്നത് കേട്ടപ്പോൾ തലയാട്ടി... ചേർത്ത് നിർത്തി നെറ്റിയിൽ ഒരുമ്മ തന്നു.... ഏറെ നാളുകൾക്ക് ശേഷം... കണ്ണ് നിറഞ്ഞെങ്കിലും കാര്യമാക്കിയില്ല.... ""അച്ചൂ..... """അടുത്തേക്ക് ചെന്നതും ഇഷ്ടക്കേടോടെ പിന്നിലേക്ക് നീങ്ങിയത് കണ്ടു.... അവിടെ തന്നെ തറഞ്ഞു നിന്നു പോയി.... ചങ്ങലയുടെ കുരുക്കുകൾ അവിടെ തന്നെ തളച്ചിടും പോലെ.... ശീലമായതാണെങ്കിലും ഒരോ തവണയും അതങ്ങനെ കൂടുതൽ കൂടുതൽ കുരുക്കിടും..... കഴുത്തിനോട് ചേർന്ന് വരിഞ്ഞു മുറുക്കും..... ഒടുവിൽ ശ്വാസം കിട്ടാതെ എല്ലാം പിടഞ്ഞു പിടഞ്ഞു അവസാനിക്കും... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

"""ഏട്ടനിതുവരെ എണീറ്റ് വന്നില്ലേ അമ്മേ...""". ആവി പറക്കുന്ന കാപ്പിയുമായി അടുക്കളപ്പുറത്തെ സ്ലാബിന്റെ മുകളിലേക്ക് കയറിയിരുന്നുകൊണ്ട് നിത്യ ചുറ്റും നോക്കി... അമ്മയുടെ മങ്ങിയ മുഖത്തിൽ തന്നെയുണ്ടായിരുന്നു മറുപടി... ""ഈ ഏട്ടന് ഇതെന്താ പ്രശ്നമെന്ന മനസ്സിലാകാത്തത്... ""അവൾ പിറുപിറുത്തുകൊണ്ട് ചായ ഊതി കുടിച്ചു... ""ഇനിയപ്പോൾ വീണ്ടും ഒരു വർഷം കൂടി കാത്തിരിക്കണോ അമ്മേ എല്ലാം കഴിഞ്ഞു ഡിവോഴ്സ് കിട്ടാൻ...."" അവളുടെ ചോദ്യം ഇഷ്ടപ്പെടാത്തത് പോലെ വിദ്യ ഒന്ന് കനപ്പിച്ചു നോക്കി.... ""നാക്കിത്തിരി കൂടുന്നുണ്ട് നിനക്ക്... മഹിയുടെ മുൻപിലൊന്നും പോയി ഇതുമാതിരി സംസാരം വേണ്ട...""" അമ്മേടെ ഗൗരവം മുറ്റിയ മുഖത്തേക്ക് നോക്കി പിണക്കം ഭാവിച്ചു... "

"ഓഹ്.... അമ്മ നോക്കിക്കോ... കുറച്ചു നാളൊക്കെ കഴിഞ്ഞ ഏട്ടൻ പോലും വിചാരിക്കും ഇപ്പൊ ഇങ്ങനെയൊരു തീരുമാനം എടുത്തത് നന്നായീന്ന്...""" വാതിൽ തുറന്നു മഹി പുറത്തേക്ക് ഇറങ്ങുന്നത് കണ്ടതും വിദ്യ നിത്യയെ രൂക്ഷമായി നോക്കി. ഒരുവേള ഏട്ടനെല്ലാം കേട്ട് കാണുമോ എന്നൊരു ഭയം അവളിലും നിറഞ്ഞു.... എത്രയൊക്കെ ബന്ധം പിരിയാൻ പോകുന്നു എന്ന് പറഞ്ഞാലും ഏട്ടത്തിയേ പറ്റി ഒന്നും പറയാൻ സമ്മതിക്കില്ല... ഡിവോഴ്സ് നു കൊടുത്തു എന്നറിഞ്ഞപ്പോൾ എന്തോ പറഞ്ഞതിന് ചെവി പിടിച്ചു പൊന്നാക്കിയാ വിട്ടത്... ""അമ്മേ ഞാനൊന്ന് അഹമ്മദിന്റെ വീട് വരെ പോയിട്ട് വരാം. അവനിന്നലെ മുതൽ വിളിക്കുന്നു.... കല്യാണമൊക്കെ ആയില്ലേ...."""

"""കഴിക്കുന്നില്ലേ മഹീ നീ..... """പിന്നാലെ ചെന്ന് ചോദിക്കുന്നതിനിടയിൽ ഒരു ചിരി മാത്രം നൽകി അവൻ മുറ്റത്തേക്ക് ഇറങ്ങി... """ഒന്നിച്ചു കഴിച്ചാൽ മതി മഹിയേട്ടാ......"" """ഏട്ടനെന്തിനാ എന്നേ കൂട്ടാണ്ട് കഴിച്ചേ..... "" രണ്ടു കണ്ണും നിറച്ചു കവിളും വീർപ്പിച്ചു പിണക്കത്തോടെ നിൽക്കുന്നൊരു പെണ്ണിന്റ മുഖം തെളിഞ്ഞു.... തോളിലേക്ക് മുഖമൊന്നു തുടച്ചവൻ ബൈക്കിലേക്ക് കയറി. അവൻ പോകുന്നത് നോക്കി നിന്നതും നിത്യയുടെ കണ്ണ് നിറഞ്ഞു... എപ്പോ വീട്ടിലുണ്ടെങ്കിലും പിന്നാലെ നടന്നു വഴക്കുണ്ടാക്കി ശല്യം ചെയ്യുന്നൊരു മഹി ഓർമ്മയിൽ തെളിഞ്ഞു... ഇന്നിപ്പോൾ ആ കുസൃതിയുടെ ലാഞ്ചന പോലുമില്ല മിഴികളിൽ......

അന്നത്തെയാ പുഞ്ചിരിയിലേക്ക് ഇനിയുമൊരുപാട് ദൂരം ബാക്കിയാണെന്ന് തോന്നി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നീട്ടിയുള്ള ഹോണടിയുടെ ശബ്ദം കേട്ടപ്പോളാണ് നന്ദു ഞെട്ടലോടെ കണ്ണ് തുറക്കുന്നത്. എപ്പോഴോ മയങ്ങി പോയിരുന്നു... സന്ധ്യയോട് അടുക്കാറായി എന്ന് തോന്നുന്നു.... ഒറ്റപ്പാലം എന്നെഴുതിയ ബോർഡ്‌ കണ്ടപ്പോൾ എത്താറായി എന്ന് മനസ്സിലായി. ഇനിയും അര മണിക്കൂർ കൂടി മതി... നഗരത്തിന്റെ തിരക്കിൽ നിന്നും മുന്നോട്ട് സഞ്ചാരിച്ചതും റോഡിന്റെ ഇരു വശങ്ങളിലുമായി നോക്കെത്താദൂരത്തോളം പടർന്നു കിടക്കുന്ന നെൽപാടങ്ങൾ കണ്ടു.... വീശുന്ന കാറ്റിന്റെ ദിശയിലെന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നുണ്ട്....

അമ്മമ്മ രാമേട്ടനോട് എന്തൊക്കെയോ പറഞ്ഞിരിക്കുന്നുണ്ട്.... വീട് വൃത്തിയാക്കിയിട്ടതിന്റെ കാര്യമൊക്കെ ഇടയ്ക്ക് കേൾക്കാം... കുറച്ചു കൂടി മുന്നോട്ട് പോയതും കട്ട്‌ റോഡ് വഴി കാർ തിരിഞ്ഞു.... അത്യാവശ്യം വലിയൊരു തൊടിയുടെ മധ്യത്തിലായുള്ള ഒറ്റ നില വീടിന്റെ മുറ്റത്തേക്ക് നിർത്തി... ആരോ ഇറങ്ങി വരുന്നുണ്ട്. വൃത്തിയാക്കാൻ നിർത്തിയ ആളാണെന്നു തോന്നുന്നു... ഇങ്ങോട്ടേക്കു നോക്കി ചിരിച്ചത് കണ്ടപ്പോൾ നനുത്ത ഒരു ചിരി മാത്രം നൽകി അകത്തേക്ക് നടന്നു... """മോള്‌ കിടന്നോ... അത്താഴം ആകുമ്പോൾ വിളിക്കാം... ഇത്ര നേരം യാത്ര ചെയ്തതല്ലേ.... "" വിനോദിനി മുടിയിലൊന്ന് തഴുകി പറഞ്ഞതും അവളൊന്ന് തലയാട്ടി.

മുറിയിലേക്ക് ആരെയും ശ്രദ്ധിക്കാതെ നടന്നു പോകുന്നവളെ കാൺകെ അവരുടെ കണ്ണ് നിറഞ്ഞു... മുറിയിൽ എത്തിയതും നന്ദു നേരെ കിടക്കയിലേക്ക് കിടന്നു..... യാത്രാക്ഷീണം കാരണം കണ്ണടഞ്ഞു പോകുന്നുണ്ടായിരുന്നു... മെല്ലെ മെല്ലെ ഉറക്കം തഴുകുമ്പോൾ ഭൂത കാലത്തിന്റെ ഓർമ്മകളിലേക്ക് സഞ്ചരിച്ചു തുടങ്ങി മനസ്സ്....രണ്ടര വർഷം മുൻപുള്ള ഒരോ നിമിഷങ്ങളും ഒരു തിരശീലയിൽ എന്നത് പോലെ മുന്നിൽ തെളിഞ്ഞു... 🌺🌺🌺🌺🌺🌺 """അനു......"" അമ്മേടെ നീട്ടിയുള്ള വിളി കേട്ടപ്പോഴാണ് ചെടിക്ക് വെള്ളമൊഴിക്കുന്നതിനിടയിൽ നിന്നും കേറി വന്നത്.... ""എന്താമ്മേ....""" കൈ രണ്ടും പാവാടയുടെ തുമ്പിൽ തുടയ്ക്കുന്നതിനിടയിൽ ചോദിച്ചു... """എന്നേ രേഖ വിളിച്ചിരുന്നു ഇപ്പോൾ....

കാലിത്തീറ്റ വന്നിട്ടുണ്ടെന്ന്.... ഞാൻ പോയി അതൊന്ന് എടുത്തുകൊണ്ട് വരാൻ ഏർപ്പാട് ചെയ്തിട്ട് വരാം. അച്ചു നും പ്രിയക്കും ബസ് വരാറായി... നീയാ ചപ്പാത്തിയൊന്ന് പരത്തി ചുട്ട് കൊടുക്ക്.....""" ധൃതിയിൽ സാരിയുടെ പിന്നും കുത്തി നടന്നു പോകുന്ന അമ്മയോട് എതിരൊന്നും പറയാനുള്ള സാവകാശം കിട്ടിയില്ല.... അച്ചുവിനും പ്രിയക്കും ഇഷ്ടമല്ല തന്റെ കൈ കൊണ്ട് ആഹാരം കൊടുക്കുന്നത്... അമ്മയുടെ മുൻപിൽ വച്ചു ഒന്നും പറയില്ലെങ്കിലും ആ മുഖം ചുളിയുന്നതും ഇഷ്ടക്കേടോടെ കഴിക്കുന്നതും കാണാം.... അവൾ തന്റെ കൈയിലേക്ക് നോക്കി... അച്ചുവിനെയും പ്രിയയെയും പോലെ വെളുത്ത നിറമല്ല.... ഇരുനിറത്തിന്റെ അടുത്തായിട്ട് വരും...

പക്ഷേ കൈകൾ രണ്ടും പകുതി വെളുത്തിട്ടാണ്.... ഇരുനിറത്തിന്റെ ഇടയിലായി ഇളം റോസ് നിറം കലർന്ന വെളുത്ത പാടുള്ള കൈകൾ.... ആറാം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ആദ്യമായി അങ്ങനെയൊരു വ്യത്യാസം ശ്രദ്ധിക്കുന്നത്.... ആദ്യം പേടിയായിരുന്നു... മരുന്നുകളൊക്ക കഴിച്ചത് കൊണ്ടാകാം പടർന്നില്ല... പക്ഷേ കൈകളിലെ പാട് അതുപോലെ ബാക്കിയായി.... അന്ന് മുതൽക്കേ അച്ചുവും പ്രിയയും ഇങ്ങനെയാണ്.... രണ്ടാളും അന്ന് ചെറുതാ... ആറിലും എട്ടിലും.... അതുവരെ തന്റെ കൈയിൽ തൂങ്ങിയായിരുന്നു എപ്പോഴും നടപ്പ്... എന്ത് ചെയ്തു കൊടുക്കണമെങ്കിലും അനുവേച്ചീ.... എന്നൊരു വിളി കാതിലേക്ക് എത്തും...

എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കീഴ്മേൽ മറിഞ്ഞു... പകരുമത്രേ...... ഇല്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും പിന്നീടൊരിക്കൽ പോലും ആ കൈകൾ തന്റെ വിരലിൽ തൂങ്ങിയില്ല..... അമ്മയെടുത്തു തന്നാൽ മതി.... എന്നുള്ള വാക്കുകളിൽ ഉണ്ടായിരുന്നു എല്ലാം.... തൊണ്ടക്കുഴിയിൽ എന്തോ തടഞ്ഞു ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് പോലെ തോന്നി തുടങ്ങിയപ്പോളാണ് കരയുകയാണെന്ന് മനസ്സിലായത്.... കണ്ണൊന്നു അമർത്തി തുടച്ചു അടുക്കളയിലേക്ക് നടന്നു....

ആദ്യമൊന്ന് മടിച്ചെങ്കിലും രണ്ടാളും വിശന്നു കോളേജിൽ പോകേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോൾ വേഗം കുഴച്ചു വച്ച മാവെടുത്തു ഉരുട്ടി പരത്താൻ തുടങ്ങി... ചുട്ടു വച്ച ചപ്പാത്തി കാസറോളിൽ എടുത്തു ഡൈനിങ് ടേബിളിലേക്ക് കൊണ്ട് വച്ചു.... മുട്ടക്കറിയും.... ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് സമയം കണ്ടത്... എട്ട് മണി ആയിരിക്കുന്നു... രണ്ടാൾക്കും എട്ടേകാലിന് പോണം.... ഈ സമയത്തു സാധാരണ കഴിക്കാൻ വന്നിരിക്കുന്നതാ.... ""അച്ചൂ....... പ്രിയേ......""" """അച്ചൂ.......""" കുറേ നേരം വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാതിരുന്നപ്പോൾ മുറിയിലേക്ക് ചെന്നൂ.... ആരും ഉണ്ടായിരുന്നില്ല.... """അച്ചു....."""

വീണ്ടും വിളിക്കാൻ തുടങ്ങുമ്പോഴാണ് ബാഗും ഫോണും ചെരുപ്പുമൊന്നും അവിടെയില്ലെന്ന് കണ്ടത്..... പറയാതെ പോയിരിക്കുന്നു...... അകലെയേതോ ഒരു പൊട്ട് പോലെ രണ്ടു പെൺകുട്ടികൾ ഓടി മറയുന്നതായി തോന്നി.... അവരുടെ മുഖത്തപ്പോൾ സന്തോഷമായിരിക്കണം.... വാശി ജയിച്ച ആശ്വാസമായിരിക്കണം.... അപ്പോഴും ആ പെണ്ണവിടെ പാത്രത്തിലെ ചപ്പാത്തിയുടെ മേലേക്ക് തന്റെ കൈ വച്ചു കലകളുടെ സാമ്യത തേടുന്നുണ്ടായിരുന്നു.... പാതി കരിഞ്ഞുപേക്ഷിച്ച ചപ്പാത്തിയുമായി തന്റെ ജീവിതത്തെ ഉപമിക്കുന്നുണ്ടായിരുന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story