അനന്തിക: ഭാഗം 30

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

മെസ്സേജ് വായിക്കുമ്പോഴുള്ള അവളുടെ ഭാവം ആലോചിച്ചു ചിരി പൊട്ടുന്നുണ്ടായിരുന്നു അവന് ..... Dp യിലെ തന്റെ മുഖം കൂടി കാണുമ്പോഴേക്കും ഹാലിളകും പെണ്ണിന്.... നാളെ രാവിലത്തെ കാര്യം ആലോചിച്ചു പൊട്ടിച്ചിരിയോടെ തലയണയിലേക്ക് മുഖം പൂഴ്ത്തി.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നാളേക്ക് കൊണ്ട് പോകാനുള്ളതൊക്കെ എടുത്തു വച്ചു മുറിയിലേക്ക് വന്നപ്പോൾ ലച്ചു വീട്ടിലേക്ക് വിളിക്കുകയായിരുന്നു... അവൾ ഫോൺ വയ്ക്കും വരെ വെറുതെ കട്ടിലിൽ ഇരുന്നു... ""നിനക്ക് വിഷമമില്ലേ ലച്ചു അച്ചു നീയെത്ര ശ്രമിച്ചിട്ടും മാറാത്തതിൽ......"" വൈകിട്ട് വന്നപ്പോൾ തന്നെ കണ്ടിരുന്നു അച്ചുവിനെ നോക്കുന്ന ലച്ചുവിനെ....

അപ്പോൾ ആ മുഖത്ത് ഉണ്ടായിരുന്ന ഭാവം മനസ്സിലായില്ല... ""എനിക്കെന്തിനാ വിഷമം..... എല്ലാ മനുഷ്യരും മാറുമോ.... ഏഹ്.....ഇല്ലല്ലോ... അത്രേ ഉള്ളൂ...."" വീണ്ടും തൃപ്തി വരാത്തത് പോലെ ആലോചനയിൽ മുഴുകിയിരുന്നവളെ ലച്ചു തോളിൽ കൂടി കൈ ഇട്ട് ചേർത്ത് പിടിച്ചു... ""എന്റെ അനൂ.... നീയെന്തിനാ ഇതൊക്കെ ആലോചിച്ചു വിഷമിക്കുന്നത്.... ഞാൻ പറഞ്ഞിട്ടില്ലേ... നീ ആദ്യം നിന്നെ പറ്റി ആലോചിക്ക്.... മറ്റൊരാളുടെ ചിന്തകളോ പ്രവൃത്തികൾക്കോ നിനക്ക് ഉത്തരവാദിത്തം ഇല്ല..... ഈ ലോകത്തിലെ എല്ലാ മനുഷ്യരും നല്ലവരൊന്നും അല്ലല്ലോ... എല്ലാവരും നന്നായ ചരിത്രവുമില്ല...... ചിലരൊക്കെ തിരുത്തുമ്പോഴേക്ക് അതിനുള്ള കാലം കടന്നു പോയിട്ടുണ്ടാകും....

നിന്റെ സ്നേഹത്തിന് അവൾക്ക് അർഹത ഇല്ലെന്ന് മാത്രം വിചാരിച്ചാൽ മതി.... ഹ്മ്മ്...."" ""അമ്മയ്ക്ക് നല്ല വിഷമമുണ്ട് നീയും കൂടി പോകുന്നതിൽ......"" ""പിന്നെ പോകാതെ..... രണ്ടു മാസത്തെ ലീവ് ആയി ഇപ്പോൾ തന്നെ.... ഇനിയും വൈകിയാലേ മിക്കവാറും എന്നേ എടുത്തു പുറത്ത് കളയും.... പിന്നെ അധികം ദൂരമൊന്നുമില്ലല്ലോ.... ഒരു ഫോൺ കാളിന്റേം മെസ്സേജ് ന്റേം അപ്പുറം എന്നും ഞാൻ ഉണ്ടാകും...ഇവിടുന്ന് കൂടി പോയാൽ ഒരു ഇരുപത്തി അഞ്ച് കിലോമീറ്റർ കാണും ഞാൻ താമസിക്കുന്ന ഹോസ്റ്റലിലേക്ക്....

പേയിങ് ഗസ്റ്റ് ആയിട്ട് വീട് നോക്കുന്നുണ്ട്.... അടുത്ത് വല്ലതും കിട്ടിയാൽ മാറണം.... നമ്മള് പോകുന്ന സമയവും വരുന്ന സമയവുമൊക്കെ ഹോസ്റ്റലിൽ ഇത്തിരി പ്രശ്നം ആണേ..... സാലറി കിട്ടുമ്പോൾ എല്ലാരും കൂടി എന്തെങ്കിലും പ്ലാൻ ചെയ്താലും എനിക്ക് പോകാൻ പറ്റില്ല ലേറ്റ് ആകുന്നത് കാരണം...."" ലച്ചുവിന് വിഷമമൊന്നുമില്ല എന്ന് മനസ്സിലായതും ചെറിയൊരു ആശ്വാസം പോലെ തോന്നി അവൾക്ക്.... അച്ചുവിന്റെ പെരുമാറ്റം അവളെ വേദനിപ്പിച്ചിട്ടുണ്ടാകുമോ എന്ന ചിന്തയായിരുന്നു ഇതുവരെ... കിടന്നപ്പോൾ ഒന്ന് കൂടി അവളോട്‌ ചേർന്ന് കിടന്നു... നാളെ മുതൽ വീണ്ടും അനിശ്ചിതത്ത്വത്തിലേക്ക്‌.....

ഇത്രയും ദിവസം ഒരോ വാക്കുകൾ കൊണ്ടും ആശ്വാസം പകർന്നവൾ നാളെ മുതൽ കൂടെയില്ല.... തനിച്ചു തന്നെ നടന്നു തീർക്കണം മുന്നോട്ടുള്ള വഴികൾ..... കണ്ണടയ്ക്കുമ്പോഴും നാളെ നടക്കാനിരിക്കുന്നതൊക്കെയോർത്തുള്ള ഭയം മാറാതെ നിന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അലാറത്തിന്റെ ശബ്ദം കേട്ടപ്പോൾ ദ്രുവിക്ക് തലയണയിലേക്ക് ഒന്നുകൂടി മുഖമമർത്തി..... എന്നും എഴുന്നേൽക്കുന്ന സമയമാണെങ്കിലും എഴുന്നേൽക്കാൻ മടിയാണ്..... എട്ട് മണിക്ക് മുൻപ് സ്റ്റേഷനിൽ എത്തണം... ഇവിടെ നിന്ന് അര മണിക്കൂർ ദൂരമുണ്ട്.... ആദ്യം വിളിക്കാനായി ജീപ്പ് വരുമായിരുന്നെങ്കിലും പിന്നെ ബൈക്കിലാക്കി പോക്ക്....

പണ്ടേ യാത്രകളോട് വല്ലാത്ത ഒരിഷ്ടമാണ്... കണ്ണ് ഒന്നുകൂടി ശക്തി ഇല്ലാതെ തിരുമ്മി പതിയെ എഴുന്നേറ്റിരുന്നു.... ഫോൺ എടുത്തയുടനെ ആദ്യം നെറ്റ് ഓൺ ആക്കി വാട്സ്ആപ്പ് എടുത്തു.... മെസ്സേജ് ഇതുവരെ അങ്ങ് എത്തിയിട്ടില്ല.... ആള് ഇനിയും എഴുന്നേറ്റിട്ടില്ല എന്ന് ചുരുക്കം... ഫോൺ തിരികെ കട്ടിലിലേക്ക് ഇട്ട് വേഗം കുളിച്ചു ഫ്രഷ് ആയി ഇറങ്ങി... ഇനിയും താളം ചവിട്ടി നിന്നാൽ വൈകും.... കാര്യം ഇനി എന്തൊക്കെ പറഞ്ഞാലും എത്ര വൈകിയാലും കഴിക്കാതെ വീട്ടിൽ നിന്ന് വിടില്ല... ഞങ്ങൾ രണ്ടും കഴിച്ചില്ലെങ്കിൽ അമ്മയും കഴിക്കില്ല എന്നറിയുന്നതുകൊണ്ട് കഴിച്ചിട്ടേ പോകൂ... ഡൈനിങ് ഹാളിൽ എത്തിയപ്പോഴേ കണ്ടു പാത്രം എടുത്തു വയ്ക്കുന്ന അമ്മയെ....

ഇന്നലത്തെ പിണക്കത്തിന്റെ ബാക്കി ഇപ്പോഴും ഉണ്ട് മുഖത്ത്... ദ്രുവ് അടുക്കളയിൽ ആയിരിക്കും... അവനാണ് മിക്ക ദിവസവും അമ്മയെ സഹായിക്കാറ്.... ജോലിക്ക് കയറും മുൻപേ താനും കൂടുമായിരുന്നു.... ഇപ്പോൾ സഹായം അവധി ദിവസങ്ങളിൽ മാത്രമായി ചുരുങ്ങി.... ""ആഹാ..... ചിലരുടെയൊക്കെ മുഖം ഇപ്പോഴും ഊതി വീർപ്പിച്ച ബലൂൺ പോലെയാണല്ലോ എന്റെ സുമയമ്മേ..... ഇതിനി ഒന്ന് കാറ്റഴിച്ചു വിടാൻ എന്ത് ചെയ്യും...."" വട്ടം ചുറ്റി തോളിൽ മുഖം വച്ചു പറഞ്ഞതും പ്രതീക്ഷിച്ചത് പോലെ കൈയിൽ ഒരടി കിട്ടി.... ""മിണ്ടാണ്ട് ഇരുന്നോ നീയ്....മനുഷ്യനെ തീ തീറ്റിക്കാൻ ആയിട്ട്.... ഇനി എപ്പോഴെങ്കിലും വിളിച്ചിട്ട് ഓഫ് ആണെന്ന് പറയട്ടെ എറിഞ്ഞു പൊട്ടിക്കുന്നുണ്ട് ഞാനാ കുന്ത്രാണ്ടം...

."" ഇനിയും പറഞ്ഞു നിന്നാൽ ശെരിയാകില്ല എന്ന് മനസ്സിലായതോടെ വേഗം കഴിക്കാൻ ഇരുന്നു..... അപ്പോഴേക്കും ദ്രുവും വന്നിരുന്നു... ആഹാരം മൂന്ന് പേരും കൂടി ഒരുമിച്ചാണ് കഴിക്കുക.... കുഞ്ഞ് നാളിൽ മുതലേ ഉള്ള ശീലമാണ്... ആദ്യമൊക്കെ കഴിക്കാൻ വിളിക്കുമ്പോൾ ചെയ്യുന്ന കാര്യം വിട്ടിട്ടു വരാനുള്ള മടിയ്ക്ക് പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു നോക്കുമായിരുന്നു.... പക്ഷേ അച്ഛൻ സമ്മതിക്കില്ല... പിടിച്ച പിടിയാലേ കൊണ്ടിരുത്തും... പിന്നീട് എപ്പോഴോ ജീവിതത്തിന്റെ ഭാഗമായി ആ ശീലവും... ഇറങ്ങാൻ നേരം വീണ്ടും ഒന്നുകൂടി ഫോണിലേക്ക് നോക്കി.... മറുവശത്തു നെറ്റ് ഓഫ് തന്നെയാണ് എന്ന് കണ്ടതും നിരാശയോടെ ബൈക്കിൽ കയറി.... ""ഈ പെണ്ണ്..... ""

നെടുവീർപ്പോടെ പറയുമ്പോഴും ചെറുതായ് ഒരു ചിരി വിടർന്നിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അനൂ...... ""ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോഴാണ് അവളൊന്ന് കണ്ണ് ചിമ്മുന്നത്..... ഇന്നലെ ലച്ചുവിനോട് പരാതികൾ പറഞ്ഞു എപ്പോഴോ ആയിരുന്നു ഉറങ്ങിയപ്പോൾ.... കൺപോളകൾക്ക് നല്ല ഭാരം തോന്നിയതിനാൽ പതിയെ കുറച്ചു പ്രാവശ്യം ചിമ്മി തുറന്നു.... മുൻപിൽ ചിരിയോടെ നിൽക്കുന്ന ലച്ചുവിനെ കണ്ടതും പതിയെ എഴുന്നേറ്റു... ""നല്ല ആളാ.... ഞാൻ വിചാരിച്ചു ഇന്നിനി പോകാനുള്ള ആകാംഷയിൽ അലാറംമൊക്കെ വച്ചു ഉറങ്ങില്ലെന്ന്.... ടൂർ പോകുന്ന കുട്ടികളെ പോലെ..... എന്നിട്ട് സുഖമായി കിടന്നുറങ്ങുന്നോ..."". കപടമായ ഗൗരവത്തോടെ ലച്ചു ചോദിച്ചതും അവളെ നോക്കി ചമ്മിയ ചിരി നൽകി....

""വേഗം എഴുന്നേറ്റു വന്നോ..... കുറച്ചു സമയം കൂടി കഴിഞ്ഞാൽ മഹിത്ത് ഇങ്ങെത്തും..... ഇന്നലെ പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ...."" ഉണ്ടെന്നത് പോലെ തലയാട്ടി.... ഇന്ന് പോകുന്നത് ആലോചിച്ചു ആകും അമ്മയുടെ മുഖത്ത് സന്തോഷത്തോടൊപ്പം വിഷമവും കണ്ടു.... പ്രിയയുടെ മുഖത്തുമുണ്ട്..... അച്ചുവിന്റെ മുഖത്ത് സമാധാനമാണ്... ലച്ചു പോകുന്നതിന്റെ ആകും.... ഇന്നലെ ലച്ചു പറഞ്ഞതൊക്കെ ഓർത്തു.... അവളെ ശ്രദ്ധിക്കാനായി പോയില്ല.... അമ്മയോടും പ്രിയയോടും മാത്രം സംസാരിച്ചു... ""ചേച്ചി സോറി....."" പ്രിയ നെഞ്ചോടു ചേർന്ന് നിന്ന് പറഞ്ഞപ്പോൾ സാരമില്ല എന്നത് പോലെ അവളുടെ ചുമലിൽ പതിയെ തട്ടി കൊടുത്തു... ഇനിയും നിന്ന് താമസിക്കേണ്ട....

എന്ന് അമ്മ പറഞ്ഞപ്പോൾ വേഗം കഴിക്കാൻ ഇരുന്നു...... ക്ലോക്കിലേക്ക് തന്നെയായിരുന്നു കണ്ണുകൾ.... ഇനിയും അര മണിക്കൂർ കൂടി... അതിനുള്ളിൽ മഹിയേട്ടൻ വരും തന്നെ കൂട്ടിക്കൊണ്ട് പോകാൻ... സമയത്തിന് ദൈർഖ്യം കൂടുതലാണെന്ന് തോന്നി അവൾക്ക്... മഹിയുടെ കാറിന്റെ ശബ്ദം കേട്ട് വെപ്രാളത്തോടെ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്ക് കൈയിൽ ലച്ചുവിന്റെ പിടുത്തം വീണിരുന്നു... മഹി അകത്തേക്ക് വരുന്നതും നോക്കി താളം ചവിട്ടി നിൽക്കുന്ന നന്ദുവിനെ അവൾ ചിരിയോടെ നോക്കി... കാർ മുറ്റത്തേക്ക് കയറ്റി നിർത്തി പുറത്തേക്ക് ഇറങ്ങി മഹി. മൂന്നര മാസങ്ങൾക്ക് ശേഷമാണ് ഇവിടേക്ക് വരുന്നത്....

അവസാനമായി വന്ന ഓർമ്മ മനസ്സിലേക്ക് തികട്ടി വന്നപ്പോൾ അവനൊന്നു കണ്ണടച്ച് ശ്വാസം എടുത്തു.... അകത്തേക്ക് നടക്കുമ്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എല്ലാവരോടും എന്ത് പറയും എന്നാലോചിച്ചു.... ആദ്യം കണ്ടത് അമ്മയെ ആണ്.... അന്ന് നന്ദുവിനെ കൊണ്ട് വിടാൻ വന്നപ്പോൾ ദേഷ്യവും നിസ്സഹായതയും ഒക്കെ കൂടി കലർന്ന ഒരു ഭാവമായിരുന്നു മുഖത്ത്.... എന്നാലിപ്പോൾ ഒരു തെളിച്ചമുണ്ട്... തന്നെ കണ്ടതും ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.... ""ചായ എടുക്കട്ടെ മോനെ..."" ""വേണ്ടമ്മേ..... ഇറങ്ങുവാ.... വീട്ടിൽ ചെന്നിട്ട് ഓഫീസിൽ വരെയൊന്ന് പോകണം...."" നന്ദുവിനെ നോക്കി പോകാമെന്ന ഭാവത്തിൽ തലയാട്ടി....

ലച്ചു ആയിരുന്നു ബാഗ് ഒക്കെ ഹാളിൽ വരെ എത്തിക്കാൻ നന്ദുവിനെ സഹായിച്ചത്. അവിടെ നിന്ന് മഹി തന്നെ എടുത്തു കാറിലേക്ക് വച്ചു.... പോകും മുൻപേ ലച്ചുവിനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു നന്ദു.... ""ഇനിയും സങ്കടപ്പെട്ട് നിൽക്കാതെ പോകാൻ നോക്ക് അനൂ.... അവിടെ ചെന്ന് കഴിഞ്ഞിട്ടും ഞാൻ പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടാകണം... ""കവിളിൽ കൈ ചേർത്ത് പറഞ്ഞപ്പോൾ സമ്മതം എന്നത് പോലെ നിറഞ്ഞ കണ്ണുകളാൽ തലയാട്ടി... ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ന് കടപ്പെട്ടിരിക്കുന്നത് ഇവളോടാണ്.... ഒരു പക്ഷേ ലച്ചു തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നു എങ്കിൽ.... താനിപ്പോഴും തേനൂരിൽ തന്നെ നിന്നേനെ.... അമ്മമ്മേടെ അടുത്ത്.....

സന്തോഷം അഭിനയിക്കാൻ ശ്രമിച്ചു.... ഒറ്റയ്ക്ക് നിൽക്കുമ്പോൾ ആർത്തു കരഞ്ഞു... അങ്ങനെ അങ്ങനെ സ്വരം എരിഞ്ഞു തീർന്നേനെ.... ഉള്ളിൽ തികട്ടി വന്ന സ്നേഹം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ലച്ചുവിനെ കെട്ടിപ്പിടിച്ചു കവിളിലൊരുമ്മ കൊടുത്തു....തിരിച്ചും കിട്ടി.. മഹിയേട്ടൻ ഹോൺ മുഴക്കിയത് കേട്ടതും അമ്മയോടും പ്രിയയോടും തിടുക്കത്തിൽ യാത്ര പറഞ്ഞു... കാറിന്റെ അടുത്തേക്ക് ചെന്നപ്പോഴും മഹി നോക്കുന്നുന്നില്ല എന്ന് കണ്ടതും വേദന തോന്നി.... മുന്നിൽ ഇരുന്നാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു പിന്നിലെ ഡോർ തുറക്കാൻ പോയതും അതിൽ ലോക്ക് വീഴുന്ന ശബ്ദം കേട്ടു...

ഞെട്ടി മഹിയെ നോക്കിയപ്പോൾ അവനപ്പോഴും മുന്നിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്.... ചുണ്ടിലൂറിയ ചെറിയ പുഞ്ചിരി മറച്ചു പിടിച്ചു മുന്നിൽ തന്നെ കയറി.... തിരിഞ്ഞു നോക്കിയപ്പോൾ എല്ലാം മനസ്സിലായത് പോലെ ലച്ചു തലയാട്ടി ചിരിക്കുന്നുണ്ടായിരുന്നു... ചമ്മലോടെ മുഖം താഴ്ത്തി..... കാർ മുന്നോട്ട് നീങ്ങിയതും വീണ്ടും കൈ വീശി യാത്ര പറഞ്ഞു.. മഹിയിൽ തന്നെയായിരുന്നു കണ്ണുകൾ.... പ്രകടമായ മാറ്റങ്ങൾ കാണാനുണ്ട്.... മുൻപ് തനിക്ക് മുൻപിൽ ഉണ്ടായിരുന്ന മഹിയേട്ടന്റെ നിഴല് മാത്രമാണ് അതെന്ന് തോന്നി.... ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത രൂപത്തിൽ.... അത്രമേൽ വേദനിപ്പിക്കുന്ന രൂപത്തിൽ...

മടുപ്പിക്കുന്ന നിശബ്ദത അസ്വസ്ഥയാക്കി തുടങ്ങിയിരുന്നു.... പക്ഷേ അങ്ങോട്ട്‌ ഒന്നും ചോദിക്കാൻ വയ്യാ ഇപ്പോഴും...ദേഷ്യപ്പെട്ടാലോ.... കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു.... ""നിത്യയ്ക്ക് ഇപ്പോഴും ചെറിയ പിണക്കമുണ്ട്.... ചിലപ്പോൾ അത് പ്രകടിപ്പിച്ചു മിണ്ടാതെ നടന്നു എന്ന് വരാം... കാര്യമാക്കണ്ട.... അവൾക്ക് ഇനിയും സമയം വേണം എല്ലാം ആയിട്ട് പൊരുത്തപ്പെടാൻ... കുട്ടിക്കാലം മുതൽക്കേ അങ്ങനെയാണ്... എനിക്ക് വിഷമം വന്നാൽ അവരോടൊക്കെ അവളും ദേഷ്യം കാട്ടും...."" കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോഴാണ് മഹിയേട്ടൻ പറയുന്നത് കേട്ടത്..... ഞെട്ടലോടെ കണ്ണ് തുറന്നു..... മാസങ്ങൾക്ക് ശേഷമാണ് തന്നോട് ഇങ്ങനെ.....

ഓഫീസിൽ വച്ചു വേറെ വഴി ഇല്ലാതെ രണ്ടോ മൂന്നോ വാക്കിൽ പറയാനുള്ളതൊക്കെ പറഞ്ഞു തീർക്കും.... സന്തോഷമോ സങ്കടമോ എന്തൊക്കെയോ തോന്നുന്നുണ്ടായിരുന്നു അവൾക്ക്.... വേഗം മൂളിക്കൊണ്ട് തലയാട്ടി... ""അമ്മയ്ക്ക് തന്നോട് ദേഷ്യം ഒന്നുമില്ല.... ആദ്യം അഡ്ജസ്റ്റ് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ട് ഒക്കെ തോന്നി എന്ന് വരാം..."" മഹി പിന്നെയും ഓരോന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു..... പക്ഷേ അതിനിടയിൽ ഒരിക്കൽ പോലും നന്ദു എന്നൊരു ശബ്ദം ആ നാവിൽ നിന്ന് വന്നില്ലല്ലോ എന്നവൾ പരിഭവത്തോടെ ഓർത്തു... വീണ്ടും അവൻ പറയുന്നതിലേക്ക് ശ്രദ്ധിച്ചു.... ഒരിക്കലെങ്കിലും അങ്ങനെ വിളിച്ചിരുന്നെങ്കിലെന്നു മൗനമായി പ്രാർത്ഥിച്ചുകൊണ്ട്.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

നന്ദു പോയി കഴിഞ്ഞതും ലച്ചു മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് മെല്ലെ ചാഞ്ഞു കിടന്നു... അപ്പോഴാണ് ഇന്നത്തെ ദിവസം ഫോൺ നോക്കിയില്ല എന്നോർത്തത്.... ഇന്നലെ രാത്രി മുതൽ നന്ദുവിന്റെ ഒപ്പം തന്നെ ആയിരുന്നു... നെറ്റ് ഓൺ ആക്കിയതും നോട്ടിഫിക്കേഷന്റെ സൗണ്ട് വരാൻ തുടങ്ങി.... ഒരോ മെസ്സേജ് ആയി എടുത്തു നോക്കി... കൂടുതലും ഗ്രൂപ്പുകളിൽ വന്ന മെസ്സേജ് ആയിരുന്നു.... സേവ് ചെയ്യാത്ത നമ്പറിൽ നിന്നുമുള്ള മെസ്സേജ് കണ്ടതും ചാറ്റ് ഓപ്പൺ ആക്കി നോക്കി.... ""ഗുഡ് നൈറ്റ്‌ മൈ ഡിയർ future വൈഫി.... ""എന്ന മെസ്സേജും അതിന് താഴെയായി ലവ് ന്റെ സ്റ്റിക്കറും... Dp യിലെ ദ്രുവിക്കിന്റെ ഫോട്ടോ കണ്ടതും ദേഷ്യത്തോടെ പല്ല് ഞെരിച്ചു....

""അലവലാതി...."" റിപ്ലൈ ടൈപ്പ് ചെയ്യാൻ തുടങ്ങിയെങ്കിലും വേണ്ടെന്ന് വിചാരിച്ചു... ""എന്റെ കൈയിൽ നിന്ന് റിപ്ലൈ കിട്ടാൻ ആയിരിക്കും അല്ലെ സാറിന്റെ സാഹസം..."" പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ഫോൺ വീണ്ടും മാറ്റി വച്ചു... ഫോണിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു ദ്രുവിക്ക്.... അര മണിക്കൂർ മുൻപ് മെസ്സേജ് കണ്ടിട്ടുണ്ട്.... ഇതുവരെ ഒന്നും റിപ്ലൈ ഇട്ടിട്ടില്ല... ""ഇനി ഞാനാണ് എന്ന് മനസ്സിലായിട്ടില്ലേ..."". കുറച്ചു കൂടി ക്ലാരിറ്റി ഉള്ള ചിരിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തു dp ഇട്ടു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story