അനന്തിക: ഭാഗം 31

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""എന്റെ കൈയിൽ നിന്ന് റിപ്ലൈ കിട്ടാൻ ആയിരിക്കും അല്ലെ സാറിന്റെ സാഹസം..."" പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ഫോൺ വീണ്ടും മാറ്റി വച്ചു... ഫോണിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു ദ്രുവിക്ക്.... അര മണിക്കൂർ മുൻപ് മെസ്സേജ് കണ്ടിട്ടുണ്ട്.... ഇതുവരെ ഒന്നും റിപ്ലൈ ഇട്ടിട്ടില്ല... ""ഇനി ഞാനാണ് എന്ന് മനസ്സിലായിട്ടില്ലേ..."". കുറച്ചു കൂടി ക്ലാരിറ്റി ഉള്ള ചിരിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തു dp ഇട്ടു.... പിന്നെയും കുറച്ചു നേരം കൂടി നോക്കിയിരുന്നിട്ടും മറുപടി ഒന്നും കിട്ടിയില്ല. ഓൺലൈൻ കാണിക്കുന്നുണ്ട് താനും... ""അഹങ്കാരി..."". പിറുപിറുത്തുകൊണ്ട് ഫോൺ മാറ്റി വച്ചു അവൻ... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

മഹിയുടെ കാർ വീടിന്റെ മുറ്റത്തേക്ക് കയറിയതും നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നതായി തോന്നി നന്ദുവിന്... ഈ വീട്ടിൽ താമസിച്ച ഒരോ ദിവസങ്ങളും ഒരു തിരശീലയിൽ എന്നത് പോലെ കണ്മുന്നിൽ തെളിഞ്ഞു... അവസാനമായി ഈ വീടിന്റെ പടി ഇറങ്ങിയ ദിവസം തനിക്ക് എല്ലാം നഷ്ടമായിരുന്നു... കാർ വരുന്ന സൗണ്ട് കേട്ടതും അമ്മ പുറത്തേക്ക് ഇറങ്ങി വന്നു... കൈയിൽ ഒരു ചെറിയ വിളക്ക് കത്തിച്ചു പിടിച്ചിട്ടുണ്ട്... അടുത്തേക്ക് ചെല്ലാൻ മടി തോന്നി... ദേഷ്യമായിരിക്കില്ലേ തന്നോട്..... ""അകത്തേക്ക് വാ...."" മഹി വിളിച്ചതും അവന്റെ അരികിലായി പതുക്കെ നടന്നു.... ""രണ്ടാളും വീണ്ടും ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാൻ പോവല്ലേ.... ദാ ഈ വിളക്ക് പിടിച്ചു കയറിക്കോളൂ....""

അമ്മ പറഞ്ഞതും പിന്നെ ആലോചിച്ചു നിൽക്കാതെ വാങ്ങി.... ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും ദയനീയമായി പരാജയപ്പെട്ടു... അമ്മയുടെ മുഖത്തും അന്ന് വിവാഹ ദിവസം വിളക്ക് കൊടുത്തു കയറ്റിയത് പോലെയുള്ള പുഞ്ചിരിയില്ല.... എന്നാൽ ദേഷ്യവും ഇല്ല.... ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഇപ്പോൾ ഇല്ലാത്തതിനാൽ വിളക്ക് പിടിച്ചു പതിയെ അകത്തേക്ക് നടന്നു.... വിളക്ക് വച്ചു കണ്ണടച്ച് പ്രാർത്ഥിച്ചു..... ലച്ചു പറഞ്ഞു തന്നത് പോലെ ഇവിടെ മുതൽ തുടങ്ങുകയാണ് തന്റെ പരീക്ഷണങ്ങളും ജീവിതവും.... ""നിത്യ എവിടെ അമ്മേ...."" പ്രാർത്ഥിച്ചിട്ട് വന്നപ്പോഴാണ് മഹിയേട്ടൻ ചോദിക്കുന്നത് കേട്ടത്.... ചുറ്റിനും ഒന്ന് നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല...

""അവൾക്ക് നല്ല തലവേദനയെന്ന്.... കഴിച്ചിട്ട് പോയി കിടന്നു...."" അമ്മ പറഞ്ഞെങ്കിലും തന്നെ കാണാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് വരാത്തത് എന്ന് അറിയാമായിരുന്നു....വിരലുകൾ ഒന്നുകൂടി കൊരുത്തു പിടിച്ചു നിന്നതല്ലാതെ ഒന്നും സംസാരിച്ചില്ല.... ""എന്നോടും ആരും ഒന്നും ചോദിക്കുന്നില്ലല്ലോ...."" പരിഭവത്തോടെ ഓർത്തു... ""ഹ്മ്മ്..."". മഹിയൊന്ന് മൂളി... ""വാ.... ""മുറിയിലേക്ക് നടക്കുന്നതിനിടയിൽ അവളെ കൂടി വിളിച്ചു... എത്ര നടന്നിട്ടും മുറിയിലേക്കുള്ള ചുവടുകൾക്ക് വേഗം പോരെന്നു തോന്നി അവൾക്ക്... വാതിൽ തുറന്നു മഹി അകത്തേക്ക് നടക്കുമ്പോഴും ഒരു ചുവട് പോലും മുന്നോട്ട് വയ്ക്കാൻ കഴിയാതെ ആ പെണ്ണവിടെ തറഞ്ഞു നിന്നു...

കൊതിയോടെ ആ മുറിയുടെ ഒരോ ഭാഗവും ഒപ്പിയെടുത്തു... ""ഞാനൊന്ന് ഓഫീസിലേക്ക് പോവാ... വരാൻ വൈകും..."" ധൃതിയിൽ ഏതൊക്കെയോ ഫയലുകളും ലാപ്ടോപ്പും ബാഗിലേക്ക് വയ്ക്കുന്ന മഹിയെ ഇമ ചിമ്മാതെ നോക്കി നിന്നു.. എല്ലാം മാറിയിരിക്കുന്നു.... ഇരച്ചു കയറുന്ന ഓർമ്മകളിൽ കണ്ണൊന്ന് ഇറുക്കെ അടച്ചു.. 🌺🌺🌺🌺 ""ഒന്ന് മാറിയെ നന്ദു നീയ്.... ഇനിയും താളം കളിച്ചു നിന്നാൽ രണ്ടാളും വൈകും...."" ""പറ്റില്ല.... ""വീണ്ടും ഒന്നുകൂടി അവനോട് ചേർന്ന് നിന്നു.. ""ഓഫീസിൽ എത്തി കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു പോലും നോക്കാത്ത തിരക്കല്ലേ സാറിന്...."" കുറുമ്പോടെ പറഞ്ഞു... ""അടങ്ങി നിൽക്ക് നന്ദു.... ഇന്ന് മീറ്റിംഗ് ഉള്ള കാര്യം അറിയുന്നതല്ലേ....

എങ്ങാനും വൈകി പ്രൊജക്റ്റ്‌ കൈയിൽ നിന്ന് പോയാൽ പിന്നെ അത് മതി... പണിഷ്മെന്റ് ട്രാൻസ്ഫറും വാങ്ങി വേറെ എവിടേലും പോയിരിക്കാം...."" ഇത്തിരി കടുപ്പത്തിൽ പറഞ്ഞു ബലമായി പിടിച്ചു മാറ്റുമ്പോഴേക്കും പെണ്ണിന്റെ മുഖം കുനിഞ്ഞിരുന്നു.... അവനെ നോക്കാതെ കണ്ണും നിറച്ചു കട്ടിലിലേക്ക് ഇരുന്നു..... എല്ലാം എടുത്തു വച്ചു മഹി നോക്കിയപ്പോഴും അവളവിടെ മടിയിലേക്ക് വച്ച കൈയിലേക്ക് തന്നെ നോക്കി തല കുമ്പിട്ടിരിക്കുകയായിരുന്നു... ""എന്തിനാ നന്ദു രാവിലെ വാശി പിടിക്കുന്നത്.... ഇപ്പൊ എന്തായാലും തീരെ സമയമില്ല... വൈകുന്നേരം വന്നിട്ട് കൂടിരിക്കുവോ എന്താന്ന് വച്ചാൽ ചെയ്യാം.... ഓക്കേ...."" ബലമായി മുഖം പിടിച്ചുയർത്തി അവൻ പറയുമ്പോൾ ഉള്ളിലെ പരിഭവം നേർത്തിരുന്നു....

പുറമേ പ്രകടിപ്പിക്കാതെ മുഖമൊന്നു കോട്ടി വേഗം ഒരുങ്ങാനായി തുടങ്ങി.... ഒരു പിണക്കം ഒഴിഞ്ഞ സമാധാനത്തോടെ മഹി വീണ്ടും ജോലിയിലേക്ക് തന്നെ തിരിയുന്നത് കണ്ണ് കൂർപ്പിച്ചൊന്ന് നോക്കി... 🌺🌺🌺🌺 ""ഇതെന്ത സ്വപ്നം കണ്ടു നിൽക്ക്വ... അകത്തേക്കൊന്നും കയറുന്നില്ലേ...."" ഗൗരവം നിറഞ്ഞ ശബ്ദം കേട്ടപ്പോഴാണ് ഒന്ന് ഞെട്ടി ചുറ്റും നോക്കുന്നത്... കഴിഞ്ഞുപോയ ഓർമ്മകളിൽ തന്നെ മുഴുകി നിൽക്കുകയായിരുന്നു താനും എന്നാലോചിച്ചതും ഒരു പിടച്ചിലോടെ അകത്തേക്ക് നടന്നു... ""ഞാൻ പറഞ്ഞതൊക്കെ കേട്ടോ..."" കേട്ടുവെന്ന് തലയാട്ടുമ്പോഴും അവന്റെ മുഖത്തേക്ക് നോക്കിയില്ല.... വീണ്ടും ആ പഴയ ഓർമ്മകളിൽ തന്നെ ലയിക്കാൻ തോന്നി....

കുസൃതിയും പ്രണയവും നിറഞ്ഞ ആ മുഖം തന്നെ മനസ്സിലേക്ക് ആവാഹിക്കാൻ... ""ഞാനിറങ്ങുവാ..."". വാതിലിൽ നിന്നവൻ ഇങ്ങോട്ട് തിരിഞ്ഞു നോക്കി പറയുന്നത് കണ്ടപ്പോൾ മെല്ലെയൊന്ന് തലയാട്ടി... മഹി പോയി കഴിഞ്ഞതും ഇതുവരെയില്ലാത്ത ശൂന്യത തോന്നി അവൾക്ക്... ഇനിയെന്താണ് താൻ ചെയ്യുക.... മുറിയിൽ തന്നെ ഇരിക്കണോ മഹിയേട്ടൻ വരുന്നത് വരെ.... അമ്മയുടെ മുൻപിൽ ഒറ്റയ്ക്ക് പോകാനുള്ള ധൈര്യം വന്നിട്ടുണ്ടോ തനിക്ക്.... സംശയങ്ങൾ വല്ലാതെ പെരുകി അസ്വസ്ഥയാക്കാൻ തുടങ്ങിയപ്പോൾ തലയൊന്ന് താങ്ങി കട്ടിലിലേക്ക് ഇരുന്നു... കൈയിലുണ്ടായിരുന്ന ഫോണിൽ നിന്നും ലച്ചുവിനെ ഡയൽ ചെയ്തു ചെവിയിലേക്ക് വയ്ക്കുമ്പോൾ ഹൃദയം മിടിക്കുന്നത് ഒരു വേള തനിക്ക് കേൾക്കാൻ പാകത്തിലാണോ എന്ന് പോലും തോന്നി... രണ്ടാമത്തെ വട്ടം വിളിച്ചപ്പോഴാണ് ഫോൺ എടുത്തത്...

""സോറി മോളെ.... ഫോൺ സൈലന്റിൽ ആയിരുന്നു..."". ഹലോ പറയും മുൻപേ ഇങ്ങോട്ടേക്കു ക്ഷമാപണം കേട്ടു... വീട്ടിൽ നിന്നും പുറപ്പെട്ടു എന്ന് തോന്നുന്നു..... വണ്ടികളുടെ ഹോണും ബഹളവും ഒക്കെ കേൾക്കാനുണ്ട്... ""പിന്നെ എന്തായി... അമ്മയും മഹിത്തുമൊക്കെ സംസാരിച്ചില്ലേ...."" അതിനൊന്നു മൂളി അവൾ... ""ഇപ്പൊ ഇങ്ങനെ വിളിക്കാൻ എന്തെങ്കിലും കാരണം ഉണ്ടായിരിക്കുമല്ലോ.... എന്താണ്..."" ഒരു ഈണത്തിൽ ചോദിച്ചതും അറിയാതെ ചിരിച്ചു പോയി... ""അത്.... അമ്മ.... അമ്മയോട് ഞാനെങ്ങനെയാ മിണ്ടുക..."" ""അതെന്തേ അമ്മ ദേഷ്യപ്പെട്ടോ...."" ആ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല... ദേഷ്യപ്പെട്ടോ തന്നോട്.... ഇല്ലല്ലോ... പക്ഷേ സ്നേഹിച്ചതും ഇല്ലല്ലോ....

വടംവലി നടക്കുന്നുണ്ടായിരുന്നു മനസ്സിൽ.. ""അമ്മയിപ്പോ എവിടെ ഉണ്ടാകും..."" അങ്ങോട്ട്‌ ഒന്നും പറയാഞ്ഞിട്ട് ആകും തിരിച്ചു ചോദ്യം എത്തി.. ""അടുക്കളയിലുണ്ട്...."" ""ആഹാ എന്നിട്ടാണോ വേറെ മാറി ഇരിക്കുന്നെ..... ചെന്നേ... ചെന്ന് സഹായിക്കു...."" ""ലച്ചു..... ഞാൻ...."" ""ഒന്നുമില്ലെടാ..... അമ്മയ്ക്ക് ദേഷ്യം ഇല്ലെന്ന് മനസ്സിലായില്ലേ.... ചെറിയ ഒരു പിണക്കം അല്ല ഉള്ളൂ... അമ്മമാരുടെ പിണക്കം നമ്മളെങ്ങനെയാ മാറ്റുക... പിന്നാലെ നടന്നു സമാധാനം പറയും... ശല്യം ചെയ്യും.... കെട്ടിപ്പിടിച്ചു നിന്ന് ഉമ്മ കൊടുക്കും.... അത്രയൊക്കെയേ ഉള്ളൂ.... നിന്നെ ഇപ്പോഴും ആ അമ്മ സ്നേഹിക്കുന്നുണ്ട് അനൂ.... ധൈര്യമായിട്ട് ചെല്ല്.... അമ്മ ദേഷ്യപ്പെടില്ല... ഞാനല്ലേ പറയുന്നത്....

എന്തെങ്കിലും ഹെല്പ് വേണോ ന്ന് പോയി തിരക്കിയേ.... മടിച്ചി പെണ്ണ്...."" അവസാനത്തെ വാചകം ഇത്തിരി ഗൗരവത്തോടെയും തമാശ കലർത്തിയും പറയുമ്പോൾ ചെറിയൊരു പരിഭവം കലർന്ന ചിരിയോടെ നന്ദു ഫോൺ വച്ചു.. ചെറിയൊരു പേടിയോടെ അടുക്കളയിലേക്ക് ചെന്നപ്പോൾ കണ്ടു അവിയലിനു പച്ചക്കറി അരിയുന്ന അമ്മയെ.... ""അ... അമ്മേ...."". വിളിക്കുമ്പോൾ പേടി കാരണം ശബ്ദം അടച്ചിരുന്നു... സ്വരത്തിലെ വിറയൽ മനസ്സിലാക്കിയിട്ടാകും അമ്മ വേഗം തിരിഞ്ഞു നോക്കി.... '"ഞാൻ..... ഞാനൂടെ ഹെല്പ് ചെയ്യട്ടെ....."" ആദ്യം ആ മുഖത്തൊരു അതിശയം വിടരുന്നത് കണ്ടു..... ഇവിടേക്ക് വന്ന ആദ്യ ദിവസങ്ങളിൽ മാത്രമായിരുന്നു ഇതിന് മുൻപ് അങ്ങോട്ട്‌ ചോദിച്ചത്.....

പിന്നീടുള്ള ദിവസങ്ങളിലൊക്കെ അമ്മ പറയുന്ന ജോലികളൊക്കെ ചെയ്യുമെങ്കിലും മഹിയേട്ടൻ വീട്ടിലുണ്ടെങ്കിൽ ആളെ വിട്ട് മാറിയിരിക്കാൻ വല്ലാത്ത മടി ആയിരുന്നു.... ലോകം ഒറ്റ ഒരാളിലേക്ക് ചുരുങ്ങിയ ദിവസങ്ങൾ.... ചുറ്റുമുള്ള ഒന്നിനെയും ആരെയും ഗൗനിക്കാതെ ലോകം അവനിലേക്ക് മാത്രം പറിച്ചുനട്ട ദിനരാത്രങ്ങൾ... ""ഇതൊന്ന് നുറുക്കിക്കോളൂ..... ഞാൻ അപ്പോഴേക്കും എങ്കിൽ സാമ്പാറിന്റെ കഷ്‌ണങ്ങൾ ആക്കാം.... ""കൈയിലിരുന്ന പാത്രം അമ്മ നീട്ടിയതും ഒറ്റ ഓട്ടത്തിൽ അത് ചെന്ന് വാങ്ങി... ""രണ്ടാളും ഇനിയും പഴയതൊന്നും ആവർത്തിക്കില്ല എന്നുറപ്പിച്ചിട്ടല്ലേ....."" അരിയുന്നതിന്റെ ഇടയ്ക്ക് ചോദ്യം എത്തി... തല കുനിച്ചു ഒന്ന് മൂളി....

""ഹ്മ്മ്... ഇനിയും അവിടെയും ഇവിടെയും ഇരുന്ന് ഉരുകാതെ കഴിഞ്ഞു പോയതൊക്കെ തിരുത്തി ജീവിക്കുക...."" ഗൗരവത്തിൽ തന്നെ പറയുന്ന അമ്മയോട് സമ്മതഭാവത്തിൽ മൂളുമ്പോഴും മുന്നോട്ടുള്ള വഴികളോർത്തു ആശങ്കകൾ ബാക്കിയുണ്ടായിരുന്നു... ഊണ് പാകമായപ്പോഴേക്കും ഒരു മണി കഴിഞ്ഞിരുന്നു.... അമ്മ തന്നെയാണ് എല്ലാം പാത്രത്തിലേക്ക് വിളമ്പിയത്... അത് ഓരോന്നായി ഡൈനിങ്ങ് ടേബിളിലേക്ക് എടുത്തു വച്ചു... ""നിത്യേ..... കഴിക്കാനെടുത്തു..... ""അമ്മ വിളിച്ചു പറയുന്നത് കേട്ടതും അടഞ്ഞു കിടക്കുന്ന വാതിലിന്റെ നേരെ നോട്ടമെത്തി... ""ഞാൻ പിന്നെ കഴിച്ചോളാം അമ്മ....."" അകത്തു നിന്നുള്ള മറുപടിയുടെ പിന്നിലെ കാരണം ഊഹിച്ചതും വിരലുകൾ ഒന്ന് കൂട്ടിപ്പിടിച്ചു നിന്നു...

""വന്നു കഴിക്ക്‌ നിത്യേ..... രണ്ടു വിളമ്പ് ഒന്നൂല്ല... രാവിലെ കയറിയതല്ലേ മുറിയിൽ...."" അമ്മയുടെ സ്വരം മാറി കടുപ്പം നിറഞ്ഞത് അറിഞ്ഞിട്ടാകണം പിന്നെ വലിയ ബഹളങ്ങൾ ഇല്ലാതെ വാതിൽ തുറന്നത്... പ്ളേറ്റ് എടുത്തു താൻ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോട്ടം വരാത്തവണ്ണം അകലേക്ക്‌ പോയിരിക്കുന്നവളെ നോക്കെ ചങ്ക് ഒന്ന് പിടച്ചു.... അറിയാതെ പോലും ഒരു തവണ പോലും നോട്ടം ഇങ്ങോട്ടേക്കു വരുന്നില്ലെന്ന് കണ്ട് അവളിൽ നിന്നും നോട്ടം മാറ്റി... ""ആലോചിച്ചു ഇരിക്കാതെ കഴിക്ക് കുട്ടീ.... അന്നത്തിന്റെ മുൻപിലിരുന്ന് സ്വപ്നം കാണരുത്...."" അമ്മ പറഞ്ഞതും കൈയിട്ടു ഇളക്കിക്കൊണ്ടിരുന്ന ഉരുള വായിലേക്ക് വച്ചു.... തൊണ്ടയിൽ ആകെയൊരു തടസ്സം പോലെ.... നിറയാൻ തുടങ്ങുന്ന കണ്ണുകളെ ശാസനയോടെ പിടിച്ചു നിർത്തി.... സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് വിരലുകൾ അപ്പോഴും കൈപ്പിടിയിൽ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ആഹാ ഇതാരാ....."" തൊട്ട് മുൻപിൽ ആരോ വന്നു നിൽക്കുന്നത് പോലെ തോന്നിയതും ലച്ചു മുഖമുയർത്തി നോക്കി... വീട്ടിലേക്ക് പോകുന്നവഴിക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഹൈപ്പർ മാർട്ട് വരെ വന്നതായിരുന്നു... ദ്രുവിക്കിനെ കണ്ടതും നെറ്റിയൊന്ന് കൂർത്തു.... സാധാരണ കാണുന്നത് പോലെ യൂണിഫോം അല്ല.... കാഷ്വൽ ആയിട്ടുള്ള വേഷമാണ്... എന്തോ വാങ്ങാൻ വന്നതാണെന്ന് തോന്നുന്നു... ""ഒരാൾ ഒരു മെസ്സേജ് അയച്ചാൽ അറ്റ്ലീസ്റ്റ് എന്തെങ്കിലും ഒരു റിപ്ലൈ കൊടുക്കണ്ടേ സീൻ ചെയ്തു കഴിയുമ്പോൾ.... ""ഇത്തിരി കൂടി അടുത്തേക്ക്‌ നിന്ന് അവൻ ചോദിച്ചതും കാര്യം മനസ്സിലാകാത്ത ഭാവത്തിൽ നോക്കി...

""ഓഹ്.... മെസ്സേജ് വന്നിട്ടില്ല എന്നാകും... അല്ലെങ്കിൽ തന്റെ നമ്പർ അല്ലെന്ന്.... ഈ രണ്ടു നുണയും വേണ്ടാ താൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്ന് തന്നെ എടുത്ത നമ്പറാണ്...."" ""ഹോസ്പിറ്റലിൽ കൊടുത്ത നമ്പറിലേക്കാണോ അയച്ചത്....."" അത്ഭുതം കലർത്തി ചോദിച്ചു... അവൻ സംശയത്താലേ ഒന്ന് നെറ്റി ചുളിക്കുന്നത് കണ്ടു... ""അത് അവിടെ ജോയിൻ ചെയ്ത സമയത്തു കൊടുത്തതാ..... ഞാനിപ്പോൾ രണ്ടു മാസത്തോളമായി ലീവ് അല്ലെ.... അമ്മേടെ സിം പോയത് കാരണം ആ നമ്പർ ഇപ്പോൾ അമ്മയാ ഉപയോഗിക്കുന്നത്....."" വിശ്വാസം വരാത്ത രീതിയിൽ അവനൊന്നു നോക്കി... ""ശെടാ.... കൈയിൽ നമ്പർ അല്ലെ ഉള്ളത്... ഇപ്പോൾ തന്നെ വിളിച്ചു നോക്കിക്കോ...

ഞാൻ വീട്ടിലേക്ക് പോകുന്നതേ ഉള്ളല്ലോ..."" വീണ്ടും വീണ്ടും ഉറപ്പിച്ചു പറയുന്നവളെ അവനൊന്നു ദയനീയമായി നോക്കി.... ""എന്താ സർ അയച്ചത്.... അമ്മ കണ്ടിട്ടും ഒന്നും പറഞ്ഞില്ലല്ലോ.... സാധാരണ ആരെങ്കിലും കോൺടാക്ട് ചെയ്താൽ അമ്മ എന്റെ പുതിയ നമ്പർ കൊടുക്കുന്നതാണല്ലോ...."" പരമാവധി ആകാംഷയും സംശയവും മുഖത്ത് വരുത്തി പറയുന്നവളെ നോക്കി ദ്രുവിക്ക് ഉത്തരമില്ലാതെ നിന്നു... ""അത്..... അത് ഒന്നുമില്ല....""അവന് വല്ലാത്ത വെപ്രാളം തോന്നി... ""ഗുഡ് നൈറ്റ്‌ മാത്രം അയച്ചാൽ മതിയായിരുന്നു.... ഏത് നേരത്താണോ future വൈഫി അയക്കാൻ തോന്നിയത്..."". നെറ്റിയിൽ ഒന്നടിച്ചു സ്വയം ചീത്ത പറഞ്ഞു...

""എന്നാലും ഈ അമ്മ പറഞ്ഞില്ലല്ലോ.... സാർ നിൽക്ക്.... ഞാനൊന്ന് വിളിച്ചു ചോദിക്കട്ടെ... ഒരു നൂറു വട്ടം പറഞ്ഞിട്ടുള്ളതാ എനിക്കു എന്തെങ്കിലും മെസ്സേജ് വന്നാൽ എന്നോട് പറയാണം എന്ന്.....""" ബാഗിൽ നിന്നും അവൾ ഫോണെടുത്തു ചെവിയിൽ വയ്ക്കാൻ തുടങ്ങുന്നത് കണ്ടതും നിന്ന നിൽപ്പിൽ ഭൂമി പിളർന്നു പോയാൽ മതിയായിരുന്നു എന്ന് തോന്നി അവന്... ""അത്.... ഒന്നുമില്ലെടോ.... ജസ്റ്റ്‌ ഒരു ഗുഡ് നൈറ്റ്‌.... അത്രേ ഉള്ളൂ.... അതാകും അമ്മ പറയാൻ വിട്ട് പോയത്..... ഞാനെന്നാൽ ചെല്ലട്ടെ.... അനിയനുണ്ട് കൂടെ... അവൻ വെയിറ്റ് ചെയ്യുന്നുണ്ടാകും...."" ഒറ്റ ശ്വാസത്തിൽ പറഞ്ഞു തിരിഞ്ഞു നോക്കാതെ വേഗം നടക്കുന്നവനെ നോക്കി പരിസരം മറന്നു ചിരിച്ചു പോയി ലച്ചു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story