അനന്തിക: ഭാഗം 32

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ബാഗിൽ നിന്നും അവൾ ഫോണെടുത്തു ചെവിയിൽ വയ്ക്കാൻ തുടങ്ങുന്നത് കണ്ടതും നിന്ന നിൽപ്പിൽ ഭൂമി പിളർന്നു പോയാൽ മതിയായിരുന്നു എന്ന് തോന്നി അവന്... ""അത്.... ഒന്നുമില്ലെടോ.... ജസ്റ്റ്‌ ഒരു ഗുഡ് നൈറ്റ്‌.... അത്രേ ഉള്ളൂ.... അതാകും അമ്മ പറയാൻ വിട്ട് പോയത്..... ഞാനെന്നാൽ ചെല്ലട്ടെ.... അനിയനുണ്ട് കൂടെ... അവൻ വെയിറ്റ് ചെയ്യുന്നുണ്ടാകും...."" ഒറ്റ ശ്വാസത്തിൽ പറഞ്ഞു തിരിഞ്ഞു നോക്കാതെ വേഗം നടക്കുന്നവനെ നോക്കി പരിസരം മറന്നു ചിരിച്ചു പോയി ലച്ചു... ""എന്തിനാ കിച്ചൂ നീയീ ഓടുന്നെ...."" ധൃതിയിൽ നടന്നു വരുന്ന ദ്രുവിക്കിനെ നോക്കി സുമ കണ്ണുരുട്ടി... ""സമാധാനത്തില് വന്നാൽ പോരെ നിനക്ക്... വെറുതെ എവിടെങ്കിലും തട്ടി മറിഞ്ഞു വീഴാനായിട്ട്... ""

അമ്മ വീണ്ടും വഴക്ക് പറയുന്നത് കണ്ടതും അവനൊരു ചമ്മിയ ചിരി നൽകി ദ്രുവിന്റെ കൈയിൽ നിന്നും ട്രോളി വാങ്ങി... ലച്ചു പറഞ്ഞതൊക്കെ തന്നെയായിരുന്നു മനസ്സിൽ.. ""ശെരിക്കും ഇനി അമ്മയായിരിക്കുമോ നോക്കിയത്.... ശ്ശേ..... എന്ത് വിചാരിച്ചു കാണും....."" ഇടയ്ക്കിടെ മുഷ്ടി ഒന്ന് ചുരുട്ടി നെറ്റിയിൽ ഇടിച്ചു ഓരോന്നാലോചിച്ചു നടക്കുന്ന കിച്ചുവിനെ തന്നെ സംശയത്തോടെ നോക്കുകയാണ് ദ്രുവ്. ഈ ഹൈപ്പർ മാർട്ടിൽ കയറിയപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ്... സാധനം എടുത്തുകൊണ്ട് നിൽക്കുന്നതിന്റെ ഇടയ്ക്കാണ് ട്രോളിയും തന്നിട്ട് ആരെയോ നോക്കി പോകുന്നത് പോലെ ചിരിച്ചോണ്ട് പോയത്.... തിരിച്ചു വന്നപ്പോൾ മുതൽ ഇങ്ങനെയും...

""ഏട്ടനിതെന്താ ആലോചിച്ചു കൂട്ടുന്നത്..."" പെട്ടെന്ന് തോളിൽ തട്ടി ചോദിച്ചതും കിച്ചു ഒന്ന് ഞെട്ടി ചുറ്റും നോക്കി... ബില്ലിംഗ് കൗണ്ടറിൽ എത്തിയിരിക്കുന്നു.... ""ഒന്നൂല്ലെടാ.... സ്റ്റേഷനിലെ കുറച്ചു കേസിന്റെ കാര്യം ആലോചിച്ചു നിന്നതാ..."". അവൻ വേഗം അമ്മയെ സഹായിച്ചുകൊണ്ട് സാധനങ്ങൾ ഓരോന്നായി എടുത്തു വച്ചു കൊടുത്തു.... മുഖത്ത് നോക്കാതെയുള്ള നിൽപ്പും പരിഭ്രമവും ഒക്കെ കണ്ട് ദ്രുവ് വീണ്ടും അവനെയൊന്ന് ചൂഴ്ന്ന് നോക്കി.. ""എന്താടാ നോക്കുന്നെ... ""അവനെയൊന്ന് കൂർപ്പിച്ചു നോക്കി വേഗത്തിൽ നടന്നു കിച്ചു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഉറങ്ങണം എന്ന് തോന്നുന്നുണ്ടെങ്കിൽ പോയി കിടന്നു ഉറങ്ങിക്കോ...ഞാനുമൊന്ന് മയങ്ങാൻ പോവാ...ചായ ആകുമ്പോൾ വിളിക്കാം...""

. അമ്മ പറഞ്ഞപ്പോഴാണ് ആലോചനകളിൽ നിന്ന് ഉണർന്നത്.... ഊണ് കഴിഞ്ഞു വെറുതെ ഉമ്മറത്തേക്ക് വന്നിരുന്നതാണ്... അമ്മയോട് മൂളി സമ്മതം പറഞ്ഞുവെങ്കിലും വീണ്ടും അവിടെ തന്നെ ഇരുന്നു.. എല്ലാം പഴയത് പോലെ തന്നെയാണ്... ഒരിക്കലും ഇതൊന്നും തിരിച്ചറിയാതെ ഇരുന്നതും ഇന്നിപ്പോൾ മാറ്റം കൊതിക്കുന്നതും താൻ മാത്രമാണ്... ""ആഹാ മഴയും നോക്കി ഇരിക്കുവാണോ... ചായയൊന്നും വേണ്ടേ...."" അമ്മ വന്നു വിളിച്ചപ്പോഴാണ് മുറ്റത്തേക്ക് നോക്കുന്നത്.. മഴ തകർത്തു പെയ്യുന്നുണ്ട്.. എപ്പൊ പെയ്തു തുടങ്ങിയോ ആവോ... ആലോചിച്ചു ഇരിക്കുന്നതിന്റെ ഇടയിൽ ഒന്നും അറിഞ്ഞില്ല.. ചായ കുടിക്കുന്നതിന്റെ ഇടയ്ക്കും വെറുതെ നിത്യയുടെ മുറിയിലെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി..

""നിത്യയ്ക്ക് വേണ്ടേ....."" മടിച്ചു മടിച്ചാണ് ചോദിച്ചത്... ""അവൾക്ക് വൈകുന്നേരം ഈ പതിവൊന്നും ഇല്ലല്ലോ... മിക്കവാറും ഉറക്കമായിരിക്കും... വിളക്ക് വയ്ക്കുന്ന നേരമാകുമ്പോഴാ എഴുന്നേൽക്കുന്നത്.... പിന്നെ കുളിച്ചു വിളക്കും കത്തിച്ചിട്ട് തനിയെ കാപ്പിയിട്ട് കുടിച്ചോളും..."" ഇതുവരെ ഇതൊന്നും ശ്രദ്ധിക്കാത്തതിൽ കുറ്റബോധം തോന്നി തുടങ്ങിയിരുന്നു.... ആരൊക്കെയാണ് വൈകുന്നേരം ഒപ്പമുണ്ടാകുന്നത് അവധി ദിവസങ്ങളിൽ ചായക്ക് ഇരിക്കുമ്പോൾ എന്നൊന്നും നോക്കിയിരുന്നില്ല... മഹിയേട്ടൻ മാത്രമേ മുൻപിൽ ഉണ്ടായിരുന്നുള്ളൂ... ഏറ്റവും ആദ്യം ചെന്ന് മഹിയേട്ടന്റെ അടുത്തിരിക്കും.... എന്തെങ്കിലുമൊക്കെ നിർത്താതെ വിശേഷങ്ങൾ പറയും...

""മഹി വന്നില്ലല്ലോ.... വൈകുമെന്ന് പറഞ്ഞിരുന്നോ..... ""മുറ്റത്തേക്ക് നോക്കി അമ്മ ചോദിച്ചതും ഇല്ലെന്ന് തലയാട്ടി... രാത്രിയായിരുന്നു മഹിയേട്ടൻ വരാൻ... കൊണ്ട് വന്ന തുണികളൊക്കെ അലമാരയിലേക്ക് മടക്കി വയ്ക്കുന്നതിന്റെ ഇടയ്ക്കാണ് ആള് മുറിയിലേക്ക് വന്നു കയറിയത്.. ഒരു നിമിഷം എങ്ങനെ... എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നെങ്കിലും ഒരു ചിരി നൽകി തോർത്തും എടുത്തു കുളിക്കാൻ കയറിയിരുന്നു ആള്... രാത്രിയിൽ പ്രത്യേകിച്ച് പാചകം ഒന്നുമില്ല.... ഉച്ചക്ക് മുൻപ് തന്നെ രാത്രിയിലേക്ക് കൂടി വച്ചു വയ്ക്കും.... അമ്മ ഓട്സ്ആണ് കഴിക്കാറ്... ബാക്കി എല്ലാവരും ചോറും... കറികളൊക്കെ ടേബിളിലേക്കു എടുത്തു വച്ചപ്പോഴേക്കും മഹിയേട്ടൻ കുളിച്ചിട്ട് വന്നിരുന്നു...

ചുറ്റുമൊന്ന് നോക്കിയിട്ടും നിത്യയെ കാണാതിരുന്നപ്പോൾ മനസ്സിലായി വന്നിട്ടില്ലെന്ന്... ""നിത്യേ....."" മഹി ശബ്ദമുയർത്തി വിളിച്ചപ്പോഴേക്കും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു... ആരെയും നോക്കാതെ.... മഹിയെ പോലും ഗൗനിക്കാതെ പ്ളേറ്റ് എടുത്തു വിളമ്പി കഴിക്കുന്ന നിത്യയെ കാൺകെ നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ തോന്നി അവൾക്ക്.... മഹി വന്നിരുന്നു കഴിഞ്ഞിട്ടും എന്ത് വേണം എന്നറിയാതെ അറച്ചു നിൽക്കുകയായിരുന്നു നന്ദു... കോടതിയിൽ വച്ചു മഹി കൈകൾ തട്ടി എറിഞ്ഞതാണ് എത്രയൊക്കെ സമാധാനിക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ നിറഞ്ഞു നിന്നത്.... ഇന്നും അതുപോലെ തന്റെ കൈ തട്ടി എറിഞ്ഞാലോ എന്നൊരു ഭയം തോന്നി...

ഇവിടെ നിന്നിരുന്ന ദിവസങ്ങളിലൊക്കെ മറ്റാരും വിളമ്പി കൊടുക്കാനോ.... സ്വയം എടുത്തു കഴിക്കാനോ സമ്മതിക്കാതെ അവന് നിർബന്ധപൂർവ്വം വിളമ്പി കൊടുക്കുന്ന ഒരോർമ്മ മനസ്സിൽ തെളിഞ്ഞതും അറിയാതെ കണ്ണ് നിറഞ്ഞു... മഹി തനിയെ വിളമ്പി എടുത്തതും അടുത്തുള്ള കസേരയിൽ ഇരുന്നു.... നോവുന്നുണ്ടോ ചെറുതായി..... മനഃപൂർവം അല്ലാത്ത അവഗണന പോലും നോവിച്ചു തുടങ്ങിയിരിക്കുന്നു..... അന്ന് താൻ മാത്രം ചെയ്താൽ മതിയെന്ന് വാശി പിടിച്ചപ്പോൾ അമ്മയ്ക്കും നിത്യയ്ക്കും ഇതുപോലെ വേദനിച്ചു കാണുമോ.... ചിന്തകൾ ഭാരം കൂട്ടി തുടങ്ങിയപ്പോൾ അറിയാതെ ശിരസ്സ് കുനിഞ്ഞു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വാതിലിൽ മുട്ടുന്നത് കേട്ടപ്പോഴാണ് നിത്യ കണ്ണിന് മുകളിലായി വച്ച കൈ മാറ്റി നോക്കുന്നത്... മഹിയെ കണ്ടതും അവൾ പിണക്കത്തോടെ മുഖമൊന്നു കോട്ടി തിരിഞ്ഞു കിടന്നു.. ""ചിലരൊക്കെ പിണക്കത്തിലാണ് എന്ന് തോന്നുന്നുണ്ടല്ലോ...."" ""എനിക്കാരോടും പിണക്കമൊന്നുമില്ല...."" ഗൗരവം നിറഞ്ഞ മറുപടി കേട്ടതും മഹി ചിരിയോടെ അവളുടെ അടുത്തിരുന്നു... ""ആഹാ... എന്നിട്ടാണോ ഇന്ന് ഏട്ടന്റെ അടുത്ത് വന്നില്ലല്ലോ.... പതിവുള്ള കാപ്പിയും കിട്ടിയില്ല...."" സങ്കടം വരുന്നുണ്ടായിരുന്നു അവൾക്ക്... പെട്ടെന്ന് തിരിഞ്ഞു കിടന്നു വയറ്റിലൂടെ ചുറ്റിപ്പിടിച്ചു മഹിയെ... ""വയ്യ ഏട്ടാ..... അന്നത്തെയൊക്കെ ഓർമ്മ വരുവാ..... ഇനിയും ഏട്ടൻ വിഷമിക്കുന്നത് കണ്ടു നിൽക്കാൻ വയ്യാ.....

എനിക്കെന്റെ ഏട്ടനെ വേണം... ഇനി ഞാൻ ദൂരെ പോകില്ല...... അവര് പറഞ്ഞാലും പോകില്ല.."". ചെറിയ കുട്ടികളെ പോലെ ചിണുങ്ങി കരഞ്ഞുകൊണ്ട് പരാതി പറയുന്നവളെ അവൻ ചിരിയോടെ ചേർത്ത് പിടിച്ചു... ""മോശം.... മോശം..... ഇങ്ങനെ അഞ്ച് വയസ്സുള്ള പിള്ളേരുടെ കൂട്ട് കരയാനാണോ നിന്നെ പഠിപ്പിച്ചത്...."" മുഖം കൂർപ്പിച്ചൊന്നു നോക്കിയവൾ.. പിന്നെയും കുറച്ചു നേരം കിടന്നു അവളൊന്ന് ശാന്തമായി എന്ന് തോന്നിയപ്പോൾ അവൻ പതിയെ പറഞ്ഞു തുടങ്ങി... ""മോള്‌ നാളെ മുതൽ ഇങ്ങനെ മുറിക്കുള്ളിൽ അടച്ചിരിക്കരുത് കേട്ടോ..... ഏട്ടനെല്ലാം പറഞ്ഞതല്ലേ.... പിന്നെയും എന്തിനാ ഈ വാശി.... നമ്മുടെ വീട്ടിൽ ഒരാള് വരുമ്പോൾ ഇങ്ങനെയാണോ ചെയ്യുക.....

അന്ന് നടന്നതൊക്കെ ഓർത്തു എല്ലാവർക്കും വിഷമമുണ്ട്..... എല്ലാവരേക്കാളും കുറ്റബോധവും അവൾക്കുണ്ട്.... മോള്‌ നാളെ രാവിലെ മുതൽ ചെന്ന് മിണ്ടണം എന്നോ കൂട്ട് കൂടണമെന്നോ അല്ല ഏട്ടൻ പറയുന്നത്.... മുറിയടച്ചു മാറി ഇരിക്കരുത്..... കൂടെ ഇരുന്നെങ്കിൽ മാത്രമല്ലേ നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയൂ.... ഹ്മ്മ്..... മോളെ വിഷമിപ്പിക്കുന്ന തീരുമാനം എന്തായാലും ഏട്ടൻ എടുക്കില്ല...... പിന്നെന്താ...."" ""ഞാൻ...... ഞാനിനി ചെയ്യില്ല ഏട്ടാ...."" അടഞ്ഞ ശബ്ദത്തിൽ പതിയെ പറഞ്ഞു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഹി മുറിയിലേക്ക് ചെല്ലുമ്പോഴും കട്ടിലിൽ ചാരിയിരിക്കുന്ന നന്ദുവിനെയാണ് കാണുന്നത്.. ""ആഹാ ഉറങ്ങിയില്ലേ.... സമയം കുറേ ആയല്ലോ... നാളെ ജോലിക്ക് പോകാനുള്ളതല്ലേ.....""

കട്ടിലിന്റെ ഒരു വശത്തായി കിടക്കുന്നതിന്റെ ഇടയിൽ അവളെ നോക്കി പറഞ്ഞു... ""ഞാൻ..... വരാൻ വേണ്ടിയിട്ട്...."" വാക്കുകൾ പെറുക്കി കൂട്ടുന്നവളെ നോക്കി ചെറിയ ഒരു ചിരി നൽകി... ""ഇപ്പൊ വന്നില്ലേ.... ഇനി കിടന്നോ.... ഓഫീസിൽ ഇന്ന് നല്ല ജോലി ഉണ്ടായിരുന്നു... ആകെ ക്ഷീണമായി..."" മറുപടി പ്രതീക്ഷിക്കുന്നില്ല എന്നത് പോലെ പറഞ്ഞിട്ട് മറുവശത്തേക്ക് തിരിഞ്ഞു കിടക്കുന്നവനെ നോക്കി കിടന്നു അവൾ... അവനിലേക്ക് ഇനിയും ദൂരം ബാക്കിയാണെന്ന് തോന്നി.... ഇങ്ങോട്ട് സംസാരിക്കുന്നുണ്ട്.... തനിക്ക് വേണ്ടതൊക്കെ ചോദിക്കുന്നുണ്ട്... പക്ഷേ ഇതുവരെ ഇല്ലാത്ത അകൽച്ച തോന്നുന്നു.... ആദ്യമായി പേടി തോന്നുന്നു തിരികെ മറുപടി പറയാൻ...

ഇഷ്ടപ്പെടുമോ എന്നുള്ള ഭയം.... വീണ്ടും ദേഷ്യമാകുമോ എന്നുള്ള തോന്നൽ.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഹിയുടെ ഒപ്പം ഓഫീസിന്റെ പടികൾ കയറുമ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു അവളെ... മഹിയേട്ടൻ തന്നെയാണ് പറഞ്ഞത് ഒരുമിച്ചു പോകാമെന്ന്.... പലരും നോക്കുന്നുണ്ട് കാഴ്ച വസ്തു എന്നത് പോലെ.... മിക്കവരിലും അവിശ്വസനീയതയാണ് നിറഞ്ഞു നിന്നത്.... ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഉറപ്പായിരുന്നു... താൻ പോലും പ്രതീക്ഷിച്ചില്ലല്ലോ.... പക്ഷേ ആരും ഒന്നും ചോദിച്ചില്ല... ഇടയിൽ എപ്പോഴോ രണ്ടോ മൂന്നോ പേര് വന്നിട്ട് നന്നായി എന്ന് പറഞ്ഞിട്ട് പോയി.... അതിനപ്പുറം ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല....

കുറച്ചു ദിവസങ്ങൾ വീണ്ടും ലീവ് എടുത്തത് കാരണം വർക്ക്‌ ലോഡ് കുറച്ചു കൂടുതലായിരുന്നു.... മഹിയേട്ടൻ രാവിലെ ഓഫീസിൽ വന്നതിന് ശേഷം പോയതാണ്... ഇന്ന് പുതിയൊരു ആഡിന്റെ ഷൂട്ടുണ്ട്.... വൈകുന്നേരം ആകുമ്പോൾ വിളിക്കാൻ വരാമെന്ന് പറഞ്ഞിരുന്നു.... ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ കേട്ടതും നന്ദു വാച്ചിലേക്ക് നോക്കി.... സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു.... മഹിയേട്ടന്റെ മെസ്സേജാണ്.... ആറു മണിക്ക് എത്തുമത്രേ.... മുൻപിൽ കൂമ്പാരം പോലെ കൂട്ടി വച്ചിരിക്കുന്ന ഫയലുകളിലേക്കും ഇനിയും നോക്കാനുള്ള മെയിലുകളിലേക്കും അവളൊന്ന് നോക്കി.... എങ്ങനെ തീർക്കാൻ നോക്കിയാലും രണ്ടു മണിക്കൂർ കൂടി എടുക്കും.... മഹിയേട്ടൻ വന്നാലിപ്പോൾ പോകാൻ പറ്റില്ലല്ലോ...

മഹിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തെങ്കിലും ബെൽ പോകുന്നതിന് മുൻപേ കട്ട്‌ ചെയ്തു.... എന്താ പറയുക.... തനിയേ വരാമെന്നോ.... അതോ ഏഴര കഴിഞ്ഞു വന്നാൽ മതിയെന്നോ.... ശ്വാസം ഒന്നെടുത്തു വീണ്ടും ഡയൽ ചെയ്തെങ്കിലും കൈ വിറയ്ക്കുന്നത് പോലെ തോന്നിയപ്പോൾ കട്ട്‌ ചെയ്തു... മാസങ്ങൾ കഴിഞ്ഞിരിക്കുന്നു ഒന്ന് വിളിച്ചിട്ട്..... സംസാരിച്ചിട്ട്..... കഥകളി കണ്ടിട്ടാകും ചുറ്റുമുള്ളവരൊക്കെ നോക്കുന്നുണ്ട്... വേഗം വീട്ടിലെ നമ്പർ ഡയൽ ചെയ്തു വിദ്യാമ്മയെ വിളിച്ചു..... വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് അമ്മ വിളിച്ചു പറഞ്ഞോളാം എന്ന് പറഞ്ഞത്.... കണ്ണടച്ചു രണ്ടു നിമിഷം ടേബിളിലേക്ക് ചാഞ്ഞു കിടന്നു.... എന്തിനാണ് പേടി തോന്നുന്നതെന്ന് അറിയില്ല....

പേടിയോ ചമ്മലോ അങ്ങനെ എന്തൊക്കെയോ മനസ്സിനെ പിടി മുറുക്കുന്നു.... എത്രയൊക്കെ സമാധാനിക്കാൻ ശ്രമിച്ചിട്ടും ഇനിയും അങ്ങോട്ടൊന്നും പറയാൻ കഴിയുന്നില്ല... ലച്ചു പറഞ്ഞു തന്നതൊക്കെ ഓർമ്മയുണ്ട്.... അങ്ങനെയൊക്കെ മാറാൻ ശ്രമിക്കുന്നുമുണ്ട്.... എങ്കിലും എന്തോ ഒന്ന് പിന്നിലേക്ക് വിളിക്കുന്നു.... ഇങ്ങോട്ട് ചോദിക്കുന്നതിനു മാത്രമേ പറയാൻ കഴിയുന്നുള്ളൂ..... അങ്ങോട്ട്‌ പറയാനുള്ള ധൈര്യം പോരാതെ വരുന്നു... ഫയലൊക്കെ നോക്കി തീർന്നപ്പോഴേക്കും ഏഴര കഴിഞ്ഞിരുന്നു... മഹിയേട്ടൻ വന്നോ ആവോ... പിന്നീട് ഫോണിലേക്ക് മെസ്സേജ് ഒന്നും വന്നിട്ടില്ല.... ഇനിയും അമ്മയെ വിളിച്ചു ചോദിക്കാൻ മടി തോന്നി....

വിളിച്ചിട്ട് കിട്ടുന്നില്ല എന്നെങ്ങനെ വീണ്ടും പറയും.. ഒടുവിൽ രണ്ടും കല്പ്പിച്ചു മഹിയുടെ നമ്പർ ഡയൽ ചെയ്തു... ""ഹ..."" """ഞാൻ പുറത്തുണ്ട്.... ഇറങ്ങി വാ...."" ഹലോ പറയും മുൻപേ ഗൗരവം നിറഞ്ഞ സ്വരം കേട്ടു... ബാഗെടുത്തു ഇറങ്ങി ചെന്നപ്പോൾ കണ്ടു കാറിൽ ചാരി കിടക്കുന്നത്... കണ്ണടച്ചു കിടക്കുകയാണെങ്കിലും മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നു... ""എപ്പോഴാ എന്നേ വിളിച്ചിട്ട് കിട്ടാതിരുന്നത്...."" അകത്തേക്ക് കയറിയപ്പോഴേ കനത്ത സ്വരത്തിൽ ചോദ്യം എത്തി... തല കുനിഞ്ഞു പോയിരുന്നു.... മറുപടി ഇല്ലാതെ കൈകൾ ഒന്നുകൂടി ബാഗിലേക്ക് കൂട്ടിപ്പിടിച്ചു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story