അനന്തിക: ഭാഗം 34

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""നന്ദൂ...... നോക്കിയേ.... സാരമില്ല..... കഴിഞ്ഞതൊക്കെ പോട്ടെ...."" എത്ര സമാധാനിപ്പിച്ചിട്ടും വീണ്ടും നെഞ്ചോട് ചേർന്നിരുന്നു പതം പറഞ്ഞു കരയുന്നവളുടെ ചുമലിൽ പതിയെ തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു മഹി.... ""സോറി...."". സീമന്തരേഖയുടെ മുകളിലായി ചുണ്ട് ചേർത്തുകൊണ്ട് പതിയെ പറഞ്ഞു.. അതൊന്നും അറിയാതെ കഴിഞ്ഞു പോയ ഓർമ്മകളിൽ തന്നെ മനസ്സിനെ തളച്ചിട്ടിരിക്കുകയായിരുന്നു നന്ദു... കൈയൊന്ന് മെല്ലെ വയറ്റിലേക്ക് തൊട്ടു....വീണ്ടുമൊരിക്കൽ കൂടി നോവുന്നത് പോലെ അവളൊന്ന് പുളഞ്ഞു....ഇപ്പോഴും ഒരോ പ്രാവശ്യവും ഓർക്കുമ്പോൾ അതേ വേദനയാണ്....ജീവൻ പോകുന്നത് പോലെ.... ""ഞാ....നല്ല മഹിയേട്ടാ....""

ഏങ്ങലടികൾ ശാന്തമാകുന്നത് വരെയും മഹി അവളുടെ ചുമലിൽ മെല്ലെ തട്ടി നെഞ്ചോടടുക്കി പിടിച്ചുകൊണ്ടിരുന്നു.... ""സാരമില്ല..... നന്ദൂ..... ഞാനില്ലേ....."" അവളൊന്ന് ശാന്തമായതും നെഞ്ചിൽ നിന്നും പതിയെ കവിളിൽ പിടിച്ചു മുഖമുയർത്തി... ""എന്നോടെന്താ ഇതൊന്നും പറയാതിരുന്നത്.... ഹ്മ്മ്...."" ആ ചോദ്യത്തിൽ വീണ്ടുമവൾ നിലത്തേക്ക് മിഴിയൂന്നി... ""ഇഷ്ടം പോയാലോ...... ""നേർത്ത സ്വരം.. അവനാ പെണ്ണിനെ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു.... പിന്നെ പതിയെ ചിരിച്ചു... ""ബുദ്ധൂസേ ......"" തലയിലൊന്ന് ചെറുതായി കൊട്ടി ഉറക്കെ ചിരിച്ചു.... ഉറക്കെയുറക്കെ.... അവളവനെ പിണക്കത്തോടെ നോക്കി...

ഇത്രയും നേരം നിറഞ്ഞു നിന്ന വിഷാദ ഭാവം മാറി മുഖത്ത് പരിഭവം കലരാൻ തുടങ്ങിയിരുന്നു... അവനിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ചെങ്കിലും മഹി കൈ അയച്ചില്ല.... അരയിൽ ചുറ്റിയ അവന്റെ കൈ എടുത്തു മാറ്റാൻ രണ്ടു കൈകൾ കൊണ്ടും ബലം പിടിച്ചു.... നടക്കുന്നില്ല എന്ന് കണ്ടതും മുഖമുയർത്തി നോക്കി... കുസൃതി നിറഞ്ഞ ചിരിയോടെ നോക്കിയിരിക്കുന്നു..... ആദ്യമായി കണ്ട ദിവസത്തെ അതേ പുഞ്ചിരി..... കൈയിൽ മോതിരമണിയിച്ച ദിവസമുണ്ടായിരുന്ന അതേ ഭാവത്തോടെ... പ്രണയത്തോടെ...

""സോറി....."". പതിയെ നെറുകയിൽ ഒന്ന് മുത്തി.... ഇതൊന്നും നേരത്തെ ചോദിച്ചു മനസ്സിലാക്കാതിരുന്നതിന്.... ""ഞാൻ.... ഞാനല്ലേ ഒന്നും പറയാതിരുന്നത്...."" ബാക്കി പറയാൻ വിലക്കും പോലെ വേഗം പറഞ്ഞു... ""ഇപ്പോൾ പേടി മാറിയോ...."" ചിരിയോടെ ചോദിച്ചപ്പോൾ മാറിയെന്നു തലയാട്ടി... ""ഇട്ടിട്ട് പോയാലോ.... ""കുസൃതി ഒളിപ്പിച്ചു ഗൗരവത്തോടെ ചോദിച്ചു... ""പോയാല്...... പോയാല്......"" ബാക്കി പറയാതെ കണ്ണ് നിറച്ചു അവനെയൊന്ന് നോക്കി... നെറ്റി മെല്ലെ അവനോട് ചേർത്ത് വച്ചു....

""പോയാല്.... പിന്നെ നന്ദു ഇല്ല..... അനന്തിക മാത്രം ബാക്കിയാകും...."" കണ്ണടച്ചു അവനോട് ചേർന്നിരുന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ""മതി...... ഉറങ്ങിക്കോ..... ""നെഞ്ചിൽ നിന്നും അവളെ മാറ്റി കട്ടിലിലേക്ക് കിടത്തി.... വീണ്ടും കണ്ണ് നിറയ്ക്കുന്നത് കണ്ടപ്പോൾ മെല്ലെ മുടിയിൽ തലോടി കൊടുത്തു.... പതിയെ പതിയെ മയക്കം വന്നവൾ കണ്ണടയ്ക്കുമ്പോഴും അവളെ തന്നെ ഉറ്റ് നോക്കി കിടക്കുകയായിരുന്നു മഹി... ഇത്രയൊക്കെ വേദന അവളെങ്ങനെ സഹിച്ചെന്ന് ആലോചിക്കുംതോറും നിറയുന്ന കണ്ണുകൾ തുടച്ചു നീക്കാൻ പോലും ശ്രമിക്കാതെ അവനാ പെണ്ണിനെ നോക്കി കിടന്നു... ""ഇഷ്ടം കൊണ്ടാ മഹിയേട്ടാ..... നന്ദൂന് വേറെ ആരും ഇല്ലാത്തോണ്ടല്ലേ....

.'" എന്ന് പതം പറഞ്ഞു കരയുന്ന ഒരു പെണ്ണിന്റെ രൂപം മിഴിവിൽ തെളിയുന്നു... അന്നവൾ പറഞ്ഞ ഒരോ വാക്കിലും ഒളിഞ്ഞിരിക്കുന്ന നോവ് ഇപ്പോൾ മാത്രം മനസ്സിലാകുന്നു.... ഒന്നുകൂടി അവളോട് ചേർന്ന് കിടന്നു.... ഒരു കൈ കൊണ്ട് ചുറ്റിപ്പിടിച്ചു അവളിലേക്ക് മുഖം പൂഴ്ത്തി.... പെയ്യുന്ന മിഴികളെ തടയാതെ അവളിലേക്ക് തന്നെ പകർന്നു നൽകി.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അലാറത്തിന്റെ ശബ്ദം കേട്ടിട്ടാണ് നന്ദു കണ്ണ് ചിമ്മുന്നത്.... തലയാകെ വേദനയെടുക്കുന്നു....

ഇന്നലെ കരഞ്ഞിട്ടാകും... കൈ എത്തിച്ചു ഫോൺ എടുക്കുമ്പോഴേക്കും ഓഫ് ആയിരുന്നു... നെറ്റിയിലേക്ക് കൈ വച്ചു പതിയെ എഴുന്നേറ്റു... വല്ലാത്ത ഭാരം തോന്നുന്നു തലയ്ക്കു... കുറച്ചു നേരം കൈ താങ്ങി കണ്ണടച്ചു ഇരുന്നു... ""എന്തേ.... തലവേദന എടുക്കുന്നുണ്ടോ.."". മഹിയുടെ ചോദ്യം കേട്ടപ്പോഴാണ് കൈ മാറ്റി മുഖമുയർത്തുന്നത്.... അടുത്ത് തന്നെ ഇരിപ്പുണ്ട്... കൈ മാറ്റിയതും നെറ്റിയിലേക്ക് കൈ ചേർത്തു... ""പനിയൊന്നും ഇല്ല.... ഇന്നലെ കരഞ്ഞില്ലേ... അതാകും... ഒന്ന് ആവി പിടിച്ചാൽ മാറും....

"" അവളൊന്ന് മൂളിയതേ ഉള്ളൂ. ""കുറച്ചു നേരം കൂടി കിടന്നോ... ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞിട്ടുണ്ട്.... കുറച്ചു കഴിഞ്ഞു ഇനി മാനേജർക്ക്‌ മെയിൽ അയച്ചിടാം ലീവ് ആപ്ലിക്കേഷൻ.."" ""വേണ്ടാ.... ഞാൻ പൊയ്ക്കോളാം..."" പറഞ്ഞു തീർത്തതും രൂക്ഷമായി നോക്കുന്നവനെ കണ്ടു തല താഴ്ത്തി.. . ""ഇന്നിപ്പോ എങ്ങോട്ടും പോകുന്നില്ല..... രാത്രി മുഴുവൻ ഉറങ്ങാതേം ഇരുന്ന് കരഞ്ഞിട്ട്..... ഈ തലവേദനയും വച്ചു കമ്പ്യൂട്ടറിൽ നോക്കി ഇരുന്ന് പനി കൂടി പിടിപ്പിച്ചാലേ സമാധാനം ആകുള്ളായിരിക്കും...

."" വഴക്ക് പറയുന്നവനെ ചുണ്ട് കൂർപ്പിച്ചു പിണക്കത്തോടെ നോക്കി വീണ്ടും കിടന്നു... എന്തായാലും പോകാൻ സമ്മതിക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു... ഇന്നലെ രാത്രിയിൽ സംസാരിച്ചതൊക്കെ ഓർത്തപ്പോൾ ഒരു ചെറിയ ചിരി വിടർന്നു മുഖത്ത്..... ഒരു തണുപ്പ് പോലെ... എപ്പോഴോ മയങ്ങി പോയിരുന്നു..... ""നന്ദൂ..... നന്ദൂ....."" ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നിയാണ് കണ്ണ് തുറക്കുന്നത്... ഗാഢമായ ഉറക്കത്തിലായിരുന്നതിനാൽ മുൻപിലുള്ള കാഴ്ചകളൊക്കെ മങ്ങിയിരുന്നു....

കണ്ണൊന്ന് വീണ്ടും അടച്ചു ചിമ്മി തുറന്നു... മഹിയെ കണ്ടു പുഞ്ചിരിക്കാൻ ശ്രമിക്കുന്നതിന്റെ ഇടയ്ക്കാണ് വേഷം നോക്കുന്നത്... ഓഫീസിൽ പോകാനായി ഒരുങ്ങിയിരിക്കുന്നു... ""അയ്യോ... എട്ടര കഴിഞ്ഞോ..... വിളിച്ചൂടായിരുന്നോ....ഞാനിന്ന് ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കാൻ ഹെല്പ് ചെയ്യാമെന്ന് അമ്മയോട് പറഞ്ഞതാ...."" പകുതി വെപ്രാളത്തോടെയും ബാക്കി സങ്കടത്തോടെയും പറയുന്നവളെ കാൺകെ മഹി ചിരിയടക്കി നിന്നു.... അവനെയൊന്ന് കൂർപ്പിച്ചു നോക്കി എഴുന്നേറ്റു... എന്തൊക്കെയോ പരിഭവിച്ചു പുറത്തേക്ക് പോകുന്നവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു മഹി.... മനഃപൂർവമാണ് ഇന്ന് അവൾക്ക് മാത്രം ലീവ് എടുത്തത്....

അമ്മയോടും നിത്യയോടും ഇന്നലെ നന്ദു തന്നോട് പറഞ്ഞതൊക്കെ പറഞ്ഞാൽ രണ്ടാളും പഴയതിലും കൂടുതൽ അവളെ ചേർത്തു പിടിക്കുമെന്ന് ഉറപ്പായിരുന്നു... പക്ഷേ തോന്നിയില്ല.... തനിക്ക് വേണ്ടി അവരെല്ലാം ക്ഷമിക്കാൻ തയ്യാറാകും... ഒരുപക്ഷേ സഹതാപത്തിന്റെ പേരിലും... അങ്ങനെയൊരു സഹതാപം അവൾക്ക് വേണ്ടെന്ന് തോന്നി... അവളൊരിക്കലും അതാഗ്രഹിക്കുകയും ഇല്ല.... പരസ്പരം മനസ്സിലാക്കി ക്ഷമിക്കട്ടെ.... അവനൊന്നു ശ്വാസം ഉള്ളിലേക്കെടുത്തു നിശ്വസിച്ചു... നന്ദു പുറത്തേക്ക് വന്നപ്പോഴേ കണ്ടത് ഹാളിൽ ഇരുന്ന് ഫോണിൽ നോക്കി സംസാരിക്കുന്ന വിദ്യയേയാണ്..... അച്ഛനായിരിക്കും....

രാവിലെ ജോലിക്ക് പോകും മുൻപ് ഇങ്ങനെയൊരു വീഡിയോ കാൾ പതിവുണ്ട്... എങ്കിലേ അമ്മയ്ക്ക് സമാധാനമാകൂ... തന്നെ കണ്ടതും ചിരിച്ചു... ഫോൺ തനിക്ക് നേരെ തിരിച്ചു പിടിച്ചു.. ""നന്ദു മോളാ ഏട്ടാ..... വന്നിട്ട് പിന്നെ കണ്ടില്ലല്ലോ...."" ഇത്തിരി പേടിയോടെയാണ് അച്ഛന്റെ മുഖത്തേക്ക് നോക്കിയത്..... ദേഷ്യമാണെങ്കിലോ.... ആളവിടെ സ്‌ക്രീനിൽ ഇരുന്ന് ചിരിയോടെ കൈ വീശി കാണിക്കുന്നു.... തിരിച്ചും മനസ്സ് നിറഞ്ഞൊരു ചിരി നൽകി... അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു മഹിയേട്ടൻ അച്ഛനെ പോലെയാണെന്ന്.... എപ്പോഴും ചിരിയോടെ... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ബാഗ് കസേരയിലേക്ക് ഇട്ടിട്ട് സോഫയിലേക്ക് ചാരി കിടന്നു ലച്ചു...

""കുടയെടുക്കാൻ പറഞ്ഞാൽ കേൾക്കരുത്.... നിനക്ക് വട്ടുണ്ടോ ലച്ചു ഈ നട്ടുച്ചയ്ക്ക് സ്കൂട്ടി ഓടിച്ചു ഇത്രേം ദൂരം വരാൻ.... ബസ്സിൽ വന്നാൽ പോരെ...."" ദേഷ്യത്തോടെ പറയുന്ന അമ്മയെ നോക്കി ചമ്മിയ ചിരി നൽകിയെങ്കിലും അവിടെ ഭാവവ്യത്യാസം ഒന്നുമില്ല... ""എന്റമ്മേ... ഞാൻ ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ വെയിലൊന്നും ഇല്ലായിരുന്നു.... വല്ലപ്പോഴുമുള്ള ബസ്സിൽ ഒക്കെ കേറി എപ്പൊ വരാനാ ഇങ്ങോട്ട്..... ഹോസ്പിറ്റൽ വക ക്വാർട്ടേഴ്‌സ് ലേക്ക് മാറാമെന്ന് വിചാരിച്ചാൽ സമ്മതിക്കുകയും ഇല്ല....

"" ഒളിക്കണ്ണിട്ട് നോക്കിയപ്പോൾ മുഖം വീർപ്പിച്ചു ഇരിക്കുന്നുണ്ട്.... അനുവിന്റെ അടുത്ത് രണ്ടു മാസം നിന്നതിന്റെ പരിഭവം ഇന്നലെയാണ് ഒന്ന് മാറ്റി എടുത്തത്.... കാണാതെ ഇരിക്കാനേ പറ്റില്ല രണ്ടാൾക്കും.... എന്നിരുന്നാലും എതിർത്തു പറയുകയും ഇല്ല.. മടിയിലേക്ക് കിടന്നപ്പോൾ ആദ്യം പിണക്കം കാണിച്ചെങ്കിലും പിന്നെ നെറ്റി മസ്സാജ് ചെയ്തു തരാൻ തുടങ്ങി.. ""നിന്നെ ജലജ വിളിച്ചിരുന്നു..... വൈകുന്നേരം ഒന്ന് അവിടേക്ക് ചെല്ലാൻ... ശ്രീമോൾക്ക് എന്തോ പ്രശ്നം... രണ്ടു ദിവസമായി വീടിന്റെ പുറത്തോട്ട് ഇറങ്ങുന്നില്ല.....

കോളേജിൽ പോകാൻ പറഞ്ഞിട്ടും കേൾക്കുന്നില്ല... മുറിയടച്ചു ഒരേ ഇരിപ്പ് തന്നെ...."" ""ഹ്മ്മ്...."". അവളൊന്ന് മൂളി... അമ്മേടെ കൂടെ ജോലി ചെയ്യുന്നതാണ് ജലജയാന്റി.... ഇടയ്ക്ക് വീട്ടിൽ വന്നപ്പോഴുള്ള പരിചയമുണ്ട്.... ശ്രീമോളുമായി അന്നേയുള്ള കൂട്ടാണ്....... ഊണ് കഴിച്ചു ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും ക്ഷീണമൊക്കെ മാറി.... സ്കൂട്ടി എടുത്തു ഇറങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും കലിപ്പിട്ട് തുറിച്ചു നോക്കി നിൽക്കുന്നുണ്ട്... ""ഇനി വെയില് കൊണ്ടിട്ടു വാ തലവേദനിക്കുന്നു എന്നും പറഞ്ഞിട്ട്...

."" വഴക്ക് പറച്ചിൽ കേട്ടതും കണ്ണ് ചിമ്മി ചിരിച്ചു സ്കൂട്ടി മുന്നോട്ട് എടുത്തു.... പതിവാണ്... വൈകുന്നേരം വരുമ്പോൾ അങ്ങോട്ട്‌ പറയും മുൻപേ ചോദ്യം വരും തലവേദന ഉണ്ടോയെന്നു... ""ലച്ചുവെ....മോളൊന്ന് സംസാരിക്ക്..... ഞാനെത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല.... ആരെങ്കിലും ബെല്ലടിച്ചാൽ തന്നെ ഓടി വന്നു നോക്കും വാതിൽ തുറക്കും മുൻപ് ജനലിൽ കൂടി....'" വീട്ടിലേക്ക് ചെന്നപ്പോഴേ ജലജയാന്റി സങ്കടം പറഞ്ഞു തുടങ്ങിയിരുന്നു... ""ആന്റി വിഷമിക്കാതെ..... ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ....

"" ഒരു വിധം സമാധാനിപ്പിച്ചു ശ്രീയുടെ മുറിയിലേക്ക് ചെന്നു... വാതിലിൽ കൊട്ടിയിട്ടും തുറന്നില്ല... ""ശ്രീമോളെ..... ലച്ചുവേച്ചിയാ.... വാതില് തുറന്നെ...."". വീണ്ടും രണ്ടു മൂന്ന് തവണ കൂടി വിളിച്ചപ്പോൾ തുറന്നു... അകത്തേക്ക് കയറും മുൻപേ പെണ്ണ് ഉറുമ്പടക്കം കെട്ടിപ്പിടിച്ചിരുന്നു... കണ്ണ് രണ്ടും കറുത്തു കുഴിഞ്ഞിട്ടുണ്ട് ഉറക്കമില്ലാത്തത് കാരണം... ""എന്താടാ..... എന്താ കാര്യം..... ഹ്മ്മ്..."" അവളൊന്നും പറയാതെ അതേ ഇരിപ്പ് ഇരുന്നു... ""ലച്ചുവേച്ചിയോട് പറ..... ചേച്ചി കൂടെയില്ലേ... മോൾക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടോ..

."" ചോദിച്ചതും ഇല്ലെന്നവൾ വേഗത്തിൽ തലയാട്ടി... ""പിന്നെന്താ.... ആരെയാ പേടിക്കുന്നെ.... മോളെ ആരെങ്കിലും ഉപദ്രവിക്കും എന്ന് പറഞ്ഞോ.... ഹ്മ്മ്...."" ഏറെനേരത്തിനു ശേഷം മെല്ലെയവൾ തലയാട്ടി.... ""പറയ്...."". രണ്ടു കവിളിലും കൈ ചേർത്തു പറഞ്ഞപ്പോൾ മെല്ലെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു... ""പ്രബിൻ....."" ""പ്രബിൻ..... പ്രബിൻ എന്ത് ചെയ്യുമെന്ന് പറഞ്ഞു മോളെ...."" """ഞങ്ങള് ഒരു കോളേജിലാ പഠിക്കുന്നെ... ഫസ്റ്റ് ഇയർ ആയിട്ട് ജോയിൻ ചെയ്ത ദിവസം എന്നോട് ഇഷ്ടം പറഞ്ഞു വന്നു....

പേടിച്ചിട്ട് ഞാനൊന്നും പറയാതെ പോയി... പിന്നേം പിന്നേം ഒത്തിരി വട്ടം വന്നു പറയാൻ തുടങ്ങി.... കോളേജ് വിട്ടാല് ഞാൻ പോകുന്ന ബസ്സിൽ കേറും.... ഈ സ്റ്റോപ്പിൽ ഇറങ്ങി പോകുന്നത് വരെ അവിടെ നിൽക്കും..... എങ്ങോട്ട് പോയാലും പിന്നാലേ വരും... പേടിയായിരുന്നു എനിക്ക്..... കഴിഞ്ഞ ആഴ്ച വീണ്ടും വന്നു..... എനിക്ക് വയ്യാ ന്ന് പറഞ്ഞപ്പോൾ ഇനി കോളേജിൽ വരുന്ന ദിവസം എല്ലാരുടേം മുൻപിൽ വച്ചു പ്രൊപ്പോസ് ചെയ്യുമെന്ന്.... സമ്മതിച്ചില്ലെങ്കിൽ.... ആ... ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞു..... വേറാരും എന്നേ സ്നേഹിക്കണ്ടന്ന്.....""" പറയുന്ന ഒരോ വാക്കുകൾക്ക് ഒപ്പവും ലച്ചു മെല്ലെ അവളുടെ തോളിൽ തട്ടിക്കൊണ്ടിരുന്നു.....

""അശേ..... ഇതിനാണോ എന്റെ ശ്രീമോള് ഇങ്ങനെ പേടിച്ചേ...... ഇതൊക്കെ ലച്ചുവേച്ചി ഇപ്പൊ പരിഹരിച്ചു തരില്ലേ.... ഹ്മ്മ്....."" """ഇല്ല..... ചേച്ചി എനിക്ക് പേടിയാ.... അവന് രാഷ്ട്രീയത്തില് ഒക്കെ അറിയുന്നതാ.... ആരും ഉണ്ടാവില്ല കൂട്ടിന്..... ഞാനിവിടെ ഇരുന്നോളാം...""" ""ദേ.... മര്യാദക്ക് എന്റെ കൂടെ വന്നോ..... അതൊന്നും എന്റെ ശ്രീമോള് നോക്കണ്ട..."" അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു... ""എന്റെ കൈയിലെ ഒരു പോലീസ് ഉണ്ട്..... അവന് വേണ്ടത് നമുക്ക് കൊടുപ്പിക്കാമെന്നെ.... ഹ്മ്മ്..."" പിന്നെയും മടിച്ചിരിക്കുന്നവളെ നിർബന്ധിച്ചു ഒരുക്കി ഇറക്കി..... ജലജയാന്റിയോട് പറഞ്ഞിട്ട് ഇറങ്ങുമ്പോഴും അവളുടെ കണ്ണുകൾ ചുറ്റും പരതുന്നുണ്ടായിരുന്നു....

ഹെൽമെറ്റ്‌ എടുത്തു വച്ചു ഗ്ലാസും ഇട്ടപ്പോൾ ഇത്തിരി ആശ്വാസം കിട്ടിയത് പോലെ ശ്രീയോന്ന് നേരെ ഇരുന്നു.... ലച്ചു ചിരിയോടെ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു... ""ചേച്ചീടെ പോലീസിന്റെ പേരെന്താ...."" പകുതി വഴി എത്തിയപ്പോഴാണ് ചോദ്യം എത്തിയത്... ""ദ്രുവിക്...... ദ്രുവിക് നാഥ്‌...."" കണ്ണൊന്നിറുക്കി ചിരിയോടെ പറഞ്ഞു അവൾ... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അച്ചു ദേഷ്യത്തോടെ വിരലൊന്ന് തിരിച്ചിരുന്നു.. നാണം കെട്ടു ഇന്ന് എല്ലാവരുടെ മുൻപിലും..... ഇതുവരെ ഇങ്ങനെ പൈസ ഇല്ലാതെ നിൽക്കേണ്ടി വന്നിട്ടില്ല.... സിനിമയ്ക്ക് പോകാമെന്നു പറഞ്ഞു പ്ലാൻ ഇട്ടതും എല്ലാവരോടും പൈസ കൊണ്ട് വരാൻ പറഞ്ഞതും താനാണ്....

എന്നിട്ടിപ്പോൾ തനിക്ക് മാത്രം പോകാൻ പറ്റിയില്ല.... പൈസ തരാൻ പറ്റില്ലത്രേ..... അവൾ ദേഷ്യത്തോടെ തലയണ ഒന്ന് ഞെരിച്ചു... പ്രിയ ആദ്യമേ ഇല്ലെന്ന് പറഞ്ഞു... ഇല്ലെങ്കിൽ അവളെക്കൊണ്ടെങ്കിലും ചോദിപ്പിക്കാമായിരുന്നു.... ഫോണിൽ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒന്ന് നോക്കി... ഓരോരുത്തരായി ഗ്രൂപ്പിൽ തിയേറ്ററിൽ നിന്നുള്ള ഫോട്ടോയും സ്റ്റാറ്റസും ഒക്കെ ഇടുന്നു.... ബാഗൊന്ന് വലിച്ചെറിഞ്ഞു ഫോൺ ഓഫ് ചെയ്തു വച്ചു... ""നന്ദി ഇല്ലാത്ത വർഗ്ഗം.... എത്രയോ തവണ ഞാൻ ടിക്കറ്റ് എടുത്തു കൊടുത്തിരിക്കുന്നു.... എന്നിട്ടിപ്പോൾ ഒരുത്തിക്കും പൈസ ഇല്ല....." ദേഷ്യത്തിൽ പല്ല് ഞെരിച്ചമർത്തി............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story