അനന്തിക: ഭാഗം 35

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ബാഗ് വലിച്ചെറിഞ്ഞു ഫോൺ ഓഫ് ചെയ്തു വച്ചു... ""നന്ദി ഇല്ലാത്ത വർഗ്ഗം.... എത്രയോ തവണ ഞാൻ ടിക്കറ്റ് എടുത്തു കൊടുത്തിരിക്കുന്നു.... എന്നിട്ടിപ്പോൾ ഒരുത്തിക്കും പൈസ ഇല്ല....."" ദേഷ്യത്തിൽ പല്ല് ഞെരിച്ചമർത്തി... പ്രിയ മുറിയിലേക്ക് വന്നപ്പോൾ നിലത്തു കിടക്കുന്ന ബാഗാണ് കണ്ടത്... അതെടുത്തു നിവർന്നുകൊണ്ട് കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന അച്ചുവിനെ നോക്കി.. മുഷ്ടി ചുരുട്ടി പിടിച്ചിട്ടുണ്ട്. സിനിമയ്ക്ക് പോകാൻ പറ്റാത്ത ദേഷ്യം ആയിരിക്കണം.... കോളേജിൽ നിന്ന് ആരോടും പറയാതെ ഇറങ്ങി വന്നപ്പോഴേ തോന്നി... ""നിനക്കൊന്ന് പറഞ്ഞിട്ട് വന്നൂടെ അച്ചൂ.... ഞാനെത്ര തവണ വിളിച്ചു വെയിറ്റ് ചെയ്യണോ എന്നറിയാൻ....""

പറഞ്ഞു തീർന്നതും ഫോൺ ശബ്ദത്തിൽ കട്ടിലിലേക്ക് തന്നെ എടുത്തിട്ട് കഴിഞ്ഞിരുന്നു.. ""എന്തിനാ നോക്കി നിന്നത്..... ഹേ..... എന്തിനാന്നു..."" അലറിക്കൊണ്ട് ചുമലിൽ പിടിച്ചു തള്ളുന്ന അച്ചുവിനെ പകച്ചു നോക്കിനിന്നുപോയി പ്രിയ... ""നിനക്കെന്താ അച്ചു ഭ്രാന്ത് പിടിച്ചോ..... ഹൊ.... മനുഷ്യന്റെ കൈ പോയി...."" കൈയൊന്ന് ഉഴിഞ്ഞവൾ അച്ചുവിനെ രൂക്ഷമായി നോക്കി... ""ആഹ്.... എനിക്കാണല്ലോ ഭ്രാന്ത്‌.... നിനക്കൊന്നും വേണ്ടല്ലോ ഇപ്പോൾ.... നിന്നോടെത്ര തവണ പറഞ്ഞു ഇന്നലെ അമ്മയോട് പൈസ ചോദിക്കാൻ കൂട്ട് വരാൻ.... ഞാനൊറ്റക്ക് പോയിട്ടല്ലേ അമ്മ തരില്ലെന്ന് പറഞ്ഞത്...... അല്ലെങ്കിൽ നിനക്ക് അവരെ വിളിച്ചു ചോദിക്കാമായിരുന്നല്ലോ.....

എല്ലാരുടേം മുൻപിൽ നാണം കെട്ട് നിന്നപ്പോൾ നോക്കി നിന്ന് രസിച്ചിട്ട് ഇപ്പൊ വന്നിട്ട് എന്തിനാ നേരത്തെ പോയതെന്നോ...."" ദേഷ്യംകൊണ്ട് ഉറയുകയായിരുന്നു അച്ചു... പ്രിയ കാര്യം മനസ്സിലാകാതെ അവളെ നോക്കി...."" നീയെന്തിനാ അച്ചു ഇങ്ങനെ ദേഷ്യം പിടിക്കുന്നെ.... നിനക്ക് വിളിച്ചു ചോദിച്ചൂടെ ചേച്ചിയേ.... ഞാനായിട്ട് ഇനിയൊന്നും ചോദിക്കില്ല എന്നല്ലേ പറഞ്ഞുള്ളൂ.... എനിക്ക് വയ്യാ ഇനിയും ചേച്ചിയേ പറ്റിക്കാൻ.... പാവം എത്ര വിഷമിപ്പിച്ചു നമ്മള്....."" അച്ചു വീണ്ടും കട്ടിലിലേക്ക് തന്നെയിരുന്നു തല കൈയിൽ താങ്ങി ഇരുന്നു... ""എന്നോട് സംസാരിക്കാൻ വരാതെ പോ പ്രിയേ നീയ്...... ഇത്തിരി സമാധാനം താ.....

അവരൊന്ന് കുറച്ചു ദിവസം വന്നു നിന്നപ്പോളേക്ക് നീ ഇത്രേം മാറിയല്ലേ.... ഇതിന്റെ കാരണം ഒക്കെ എനിക്കറിയാം.... ചെല്ല്..... ഇപ്പൊ വീട്ടിലൊട്ടൊന്നും പൈസ തരണ്ടല്ലോ.... പൂത്ത കാശുണ്ടാകും....."" പുച്ഛത്തോടെ പറഞ്ഞുകൊണ്ട് പ്രിയയെ ഒന്ന് തറപ്പിച്ചു നോക്കിയവൾ.... പറഞ്ഞിട്ട് കാര്യമില്ല എന്നത് പോലെ അച്ചുവിനെ നോക്കി നിൽക്കുകയായിരുന്നു പ്രിയ... ""ഇപ്പോ എനിക്ക് മനസ്സിലായി ലച്ചു ചേച്ചി എന്താ അന്ന് അങ്ങനെ പറഞ്ഞതെന്ന്.... എനിക്കെന്തെങ്കിലും പറ്റി രൂപമാറ്റം സംഭവിച്ചാൽ നീ എന്നെയും ഇതുപോലെ തിരിഞ്ഞു നൊക്കില്ലല്ലോ അച്ചൂ...."" അവൾ കേൾക്കാൻ വേണ്ടി ഇത്തിരി ഉറക്കെ തന്നെ പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു..

അച്ചു പല്ല് കടിച്ചുകൊണ്ട് അവളെ തന്നെ നോക്കിയിരുന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പോലീസ് സ്റ്റേഷന്റെ മുൻപിലുള്ള ആൽ മരത്തിന്റെ ചുവട്ടിലായി ലച്ചു സ്കൂട്ടി ഒതുക്കി.... ശ്രീ അപ്പോഴും ചുറ്റും നോക്കുന്നുണ്ടായിരുന്നു.. ""വേണോ ചേച്ചി..... എനിക്ക് പേടിയാ പോലീസിനെ....."" യൂണിഫോം ഇട്ട് നടക്കുന്നവരെയൊക്കെ നോക്കിയവൾ ഒന്നുകൂടി ലച്ചുവിനോട് ചേർന്ന് നിന്നു. ചിലരൊക്കെ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നുമുണ്ട്... ""ഹാ... വാ പെണ്ണെ.... ഞാനല്ലേ കൂടെയുള്ളത്...."" അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് നടന്നു... ""എസ്. ഐ ദ്രുവിക് സർ ഇല്ലേ...."" അകത്തേക്ക് കയറിയപ്പോൾ ആദ്യം കണ്ടയാളോട് ചോദിച്ചു...

""അങ്ങോട്ടിരിക്ക്... സാറൊരു പരാതി കേൾക്കുവാ... അത് കഴിഞ്ഞു വിളിപ്പിക്കും...."" ദ്രുവിക്കിന്റെ റൂമിന്റെ മുൻപിലായുള്ള തടി ബഞ്ചിൽ ശ്രീയുടെ കൈയും പിടിച്ചിരുന്നു... അവളെ അപ്പോഴും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു... പ്രബിനു അറിയുന്ന ഒരുപാട് ആളുകളുണ്ട് പോലീസിൽ.... കോളേജിൽ പ്രശ്നം ഒക്കെ ഉണ്ടാകുമ്പോൾ വരുന്നതിന്റെ ഇടയിലും ചിലരൊക്കെ അവനോട് സംസാരിക്കുന്നത് കാണാം.... അവരിൽ ഒരാളാണെങ്കിലോ ഇയാളും... പേടിയോടെ അവൾ ലച്ചുവിനെ നോക്കിയെങ്കിലും ഒന്നും ഒരു വിഷയമല്ലാത്തത് പോലെ ചുറ്റുമുള്ള കാഴ്ചകളൊക്കെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു അവൾ..

""സാറ് വിളിക്കുന്നുണ്ട്.... ""ഒരാൾ വന്നു പറഞ്ഞപ്പോൾ പതിയെ എഴുന്നേറ്റു... വാതിലിൽ മുട്ടി അനുവാദം വാങ്ങി അകത്തേക്ക് കയറി... മുൻപ് വന്ന പരാതിയുടെ ഫയലിൽ എന്തൊക്കെയോ എഴുതി ചേർക്കുന്ന തിരക്കിലായിരുന്നു ദ്രുവിക്. മുഖമുയർത്തി നോക്കിയപ്പോൾ പെട്ടെന്ന് ലച്ചുവിനെ കണ്ടതും അറിയാതെ സീറ്റിൽ നിന്നും എഴുന്നേറ്റു... സ്വപ്നമാണ് എന്നാണ് വിചാരിച്ചത്... അടുത്ത് വേറൊരു കുട്ടിയെ കണ്ടതും സ്വപ്നമല്ല എന്ന് മനസ്സിലായി.. ദ്രുവിക് എഴുന്നേൽക്കുന്നത് കണ്ടു പേടിയോടെ ലച്ചുവിനോട് ഒന്നുകൂടി ചേർന്ന് നിൽക്കുകയാണ് അവൾ... ലച്ചു ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിയടക്കി നിൽക്കുന്നു..

എഴുന്നേറ്റത്തിന്റെ ജാള്യത മറയ്ക്കാൻ തൊട്ടടുത്തുള്ള അലമാരയുടെ അടുത്തേക്ക് ചെന്ന് ഫയൽ എടുത്തു തിരികെ വന്നിരുന്നു... ""എന്താ പരാതി..."". മുഖത്ത് ഗൗരവം വരുത്തി സീറ്റിലേക്ക് ചാഞ്ഞിരുന്നു രണ്ടു പേരെയും ഇരിക്കാനായി കണ്ണ് കാണിച്ചു... ""സർ എന്റെ പേര് ലക്ഷ്മി... *** ഹോസ്പിറ്റലിൽ സൈക്കോളജിസ്റ്റ് ആയിട്ട് വർക്ക്‌ ചെയ്യുന്നു. ഇതെന്റെ അമ്മേടെ ഫ്രണ്ട് ന്റെ മകളാണ്..ശ്രീപ്രിയ . ഇവൾക്ക് കോളേജിൽ കുറച്ചു പ്രശ്നം... ഒരു പയ്യൻ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി..."" ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തുന്നതും നോക്കി കൗതുകത്തിൽ നോക്കുകയായിരുന്നു ദ്രുവിക്....

പിന്നെ നോട്ടം അവളുടെ അടുത്തിരിക്കുന്ന പെൺകുട്ടിയിലെക്കായി.... ഇപ്പോഴും പേടികൊണ്ട് വിയർക്കുന്നുണ്ട് അവൾ... ""മോളെന്തിനാ ഇങ്ങനെ പേടിക്കുന്നെ.... ആരാ ഭീഷണിപ്പെടുത്തിയത്.... ഹ്മ്മ്..."" ദ്രുവിക് ചിരിയോടെ ചോദിച്ചപ്പോൾ ഇത്തിരി ആശ്വാസം തോന്നിയവൾക്ക്.. ""എന്റെ.... എന്റെ സീനിയറാണ്... പ്രബിൻ പ്രഭാകരൻ.... എന്നേ ഇഷ്ടമാണെന്ന് പറഞ്ഞു.... ഞാൻ... ഞാൻ സമ്മതിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന്....."" വിതുമ്പി കരഞ്ഞപ്പോഴേക്കും ലച്ചു അവളെ ചുറ്റിപ്പിടിച്ചു... ""ഇതിനൊക്കെ കരഞ്ഞാലോ....കോളേജിന്റെയും അവൻ ഏത് ബാച്ച് ആണെന്നുള്ള ഡീറ്റെയിൽസും തന്നേരെ......

ഇതൊക്കെ രണ്ടു ദിവസത്തിനകം പരിഹരിച്ചു തരില്ലേ..."" അവൻ ഫോൺ എടുത്തു പുറത്തേക്ക് വിളിച്ചു.. ""സീമ.... ഒന്നിങ്ങോട്ട് വാ..."" നിമിഷങ്ങൾക്കകം യൂണിഫോം ഇട്ട് ഒരു സ്ത്രീ അകത്തേക്ക് വന്നു. ""സീമാ... ഈ കുട്ടിയുടെ അടുത്ത് നിന്നും പരാതിയും അവന്റെ ഡീറ്റെയിൽസും എഴുതി വാങ്ങിയേരെ..."" ""ലക്ഷ്മി... നിങ്ങൾ തത്കാലം ഒന്ന് പുറത്തിരിക്കൂ... പരാതി എഴുതിയിട്ട് ശ്രീപ്രിയ വന്നോളും..."" അവളവനെയൊന്നു കൂർപ്പിച്ചു നോക്കി പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു... ശ്രീ പറയുന്ന ഒരോ മൊഴിയും ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു ദ്രുവിക്. അവൾ ഫോൺ നമ്പർ പറഞ്ഞതും പെട്ടെന്നൊരു ഐഡിയ തോന്നി...

""ഒരു കാര്യം ചെയ്യൂ ഗാർഡിയൻ ന്റെ നമ്പർ അല്ലെങ്കിൽ ഇപ്പോൾ കൂടെ വന്ന കുട്ടിയുടെ നമ്പർ കൂടി ആഡ് ചെയ്തോളൂ... ചിലപ്പോൾ അവനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ സ്റ്റേഷൻ വരെ വരേണ്ടി വരും."" ""അമ്മയ്ക്ക് ഇതൊക്കെ പേടിയാ സാർ... ഞാൻ... ഞാൻ ലച്ചുവെച്ചിയുടെ നമ്പർ ചേർക്കട്ടെ...."" പേടിച്ചു ചോദിച്ചതും ചിരിയൊളിപ്പിച്ചു ഗൗരവത്തോടെ മൂളി.. അവൾ പറഞ്ഞു കൊടുക്കുന്ന നമ്പർ കേട്ടതും നെറ്റിയൊന്ന് ചുളിഞ്ഞു... ""ഇത് എനിക്കറിയുന്ന നമ്പറാണല്ലോ....ലക്ഷ്‌മി ടെ നമ്പർ അല്ലല്ലോ....."" അവളൊന്ന് കൂടി പറഞ്ഞു...."'" ഇത് തന്നെയാ സാർ ലച്ചുവെച്ചിയുടെ നമ്പർ.... ഞാൻ രണ്ടാഴ്ച മുൻപ് കൂടി വിളിച്ചതാണല്ലോ... ചേച്ചി ഫ്രണ്ട് ന്റെ വീട്ടിൽ നിന്ന സമയത്ത്..

."" നിഷ്കളങ്കമായി പറയുന്നവളെ നോക്കിയൊരു നിമിഷം നിന്നവൻ... പിന്നെ അവൾ കാണാതെ പല്ല് ഞെരിച്ചു... ""പെരുങ്കള്ളി..... നിന്നെ എന്റെ കൈയിൽ കിട്ടും....."" പരാതി എഴുതിച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു ബഞ്ചിൽ ഇരിക്കുന്നവളെ... നോക്കിയൊന്ന് ദഹിപ്പിച്ചതും മൂക്കിന്റെ തുമ്പിൽ വിരലമർത്തി നിലത്തേക്ക് നോക്കിയിരുന്നു ചിരിക്കുന്നു.... പല്ലും കടിച്ചു പുറത്തേക്ക് നടന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""നന്ദൂ...... നിത്യേ...."". അമ്മ ഉറക്കെ വിളിക്കുന്നത് കേട്ടപ്പോഴാണ് ഉമ്മറപ്പടിയിൽ നിന്ന് എഴുന്നേൽക്കുന്നത്... ഉച്ചക്ക് ഊണും കഴിഞ്ഞു വന്നിരുന്നതാണ്.... കഴിക്കാൻ ഇരുന്നപ്പോൾ മാത്രമാണ് നിത്യയെ കണ്ടത്...

താൻ കഴിക്കാൻ ഇരുന്നിട്ടാണ് വന്നിരിക്കുക... കഴിച്ചു തീരും മുൻപ് എഴുന്നേറ്റു പോകുകയും ചെയ്യും... മുറിയിൽ ചെന്ന് വിളിച്ചു സംസാരിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാൽ അതിന് മുതിർന്നില്ല... ""എന്താമ്മേ....."" ഡൈനിങ് റൂമിൽ എത്തിയപ്പോഴേ കണ്ടു ഒരു മുറം നിറയെ നെല്ലിക്ക കൊണ്ട് വച്ചിരിക്കുന്ന അമ്മയെ... നിത്യയും കണ്ണും തിരുമ്മി വരുന്നുണ്ട്.... ഉറക്കമായിരുന്നെന്ന് തോന്നുന്നു... ""രണ്ടാളും കൂടി ദാ ഇതിന്റെ കുരു കളഞ്ഞു മുറിച്ചു വയ്ക്ക്.... രാത്രി അവൻ വന്നിട്ട് അച്ചാറിടാം... മഹി ഇന്നലെ കൂടി ചോദിച്ചു.... ചെക്കന് അച്ചാറില്ലാതെ പറ്റില്ല...." അമ്മയുടെ അടുത്തേക്കിരുന്നു പതിയെ ഓരോന്നായി ചെയ്തു തുടങ്ങി...

കുറച്ചു കഴിഞ്ഞപ്പോൾ മറുവശത്തു നിത്യയും വന്നിരുന്നു... ""രണ്ടാളുടെയും ശീതസമരം തീർന്നില്ലേ...."" കുറച്ചേറെ നേരമായിട്ടും നിത്യയും നന്ദുവും തമ്മിൽ സംസാരമൊന്നുമില്ലെന്ന് കണ്ടു വിദ്യ പിരികം ചുളിച്ചു രണ്ടാളെയും നോക്കി... നന്ദു തെളിച്ചമില്ലാത്ത ഒരു ചിരി നൽകി നെല്ലിക്കയിലേക്ക് തന്നെ നോക്കി... നിത്യയെ തറപ്പിച്ചു നോക്കിയപ്പോൾ അവൾ മുഖമൊളിപ്പിച്ചു കുനിഞ്ഞിരുന്നു... ""അമ്മയെന്തിനാ എന്നേ നോക്കുന്നത്.... ഞാൻ ചിലരെയൊന്നും പോലെ തൊടണ്ട മിണ്ടണ്ട എന്നൊന്നും പറഞ്ഞിട്ടില്ല...."" ""നിത്യേ..... ""വിദ്യ ശാസനയോടെ വിളിച്ചതും അവൾ ചുണ്ടൊന്ന് കോട്ടി തിരിഞ്ഞിരുന്നു... നന്ദു മുഖമുയർത്തിയതേയില്ല....

കണ്ണ് നിറഞ്ഞു വരുന്നു... ചെയ്യുന്നതിന്റെ വേഗത കുറഞ്ഞു ഇരുമ്പ് വിരലുകളിൽ തട്ടിത്തടഞ്ഞു... ""ഞാൻ.... ഞാനൊന്ന് മുഖം കഴുകിയിട്ട് വരാം അമ്മേ...."". ആരെയും നോക്കാതെ മുറിയിലേക്ക് നടക്കുമ്പോൾ അമ്മ നിത്യയെ ഒന്നും രണ്ടും പറയുന്നത് കേൾക്കാമായിരുന്നു... ""നിനക്കെന്താ നിത്യേ.... കഴിഞ്ഞുപോയ കാര്യങ്ങൾ വീണ്ടും വീണ്ടും എടുത്തിട്ട്.... അത് മറക്കാൻ നിന്നോട് എത്ര തവണ പറഞ്ഞു.... ഏഹ്...."" വിദ്യ ദേഷ്യത്തോടെ നോക്കിയപ്പോൾ അതേ ദേഷ്യത്തിൽ മുഖവും വീർപ്പിച്ചു ഇരിക്കുകയാണ്... ""'മറക്ക്.... മറക്ക് എന്ന് പറഞ്ഞാൽ ഒറ്റയടിക്ക് എല്ലാം മറന്നു ക്ഷമിക്കാൻ ഞാൻ കമ്പ്യൂട്ടർ അല്ല.... അമ്മയ്ക്ക് അറിയോ അന്നത്തെ എന്റെ അവസ്ഥ...

എന്റെ ഏട്ടന്റെ കുട്ടിയെ തൊടാനല്ലേ ഞാൻ ചെന്നേ.... എന്നിട്ടു വേണ്ടെന്ന് പറഞ്ഞിട്ട് ഞാനെന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ.... അടുത്തേക്ക് പോകാതിരുന്നില്ലേ...... വേറെന്ത് മറന്നാലും ഏഴെട്ട് മാസം എന്റെ ഏട്ടനെ എന്റടുത്തു നിന്ന് അകറ്റാൻ നോക്കിയത് എനിക്ക് പെട്ടെന്ന് മറക്കാൻ പറ്റില്ല.... എന്റെ ഏട്ടൻ വിഷമിച്ചതൊന്നും നിത്യ മറക്കില്ല.... ആദ്യം അവരെന്റെ ഏട്ടന്റെ സന്തോഷം തിരികെ തരട്ടെ.... അന്ന് ക്ഷമിക്കും ഞാൻ അവരോട്.... അന്നേ ക്ഷമിക്കൂ...."" നിത്യയുടെ ഒരോ വാക്കുകളും ഉമിത്തീയിൽ എന്നത് പോലെ ദേഹത്തേ പൊള്ളിക്കുന്നുണ്ടായിരുന്നു.. വീണ്ടും വീണ്ടും വെള്ളം ശക്തിയായി മുഖത്തേക്ക് ഒഴിച്ചെങ്കിലും ഉടലാകെ ചുട്ട് പൊള്ളുന്നു...

ചുമരിലേക്ക് ചാരി കണ്ണടച്ചു നിന്നു.... അമ്മ വിളിക്കുന്നത് കേട്ടപ്പോൾ മുഖം തുടച്ചു ചെന്നു.... നിത്യ പിണങ്ങി പോയെന്ന് തോന്നുന്നു... അവിടെ ഉണ്ടായിരുന്നില്ല... ""മോൾക്ക് വിഷമമായോ അവളെങ്ങനെ പറഞ്ഞത്.... മഹീടെ കാര്യത്തിൽ അവൾക്കിത്തിരി വാശി കൂടുതലാ... ചെറുതിലെ മുതലേ അങ്ങന.... അവനെ ഞാനൊന്ന് തല്ലിയാൽ പോലും എന്നോട് പിണങ്ങി നടക്കും..... അവൻ വിഷമിച്ച ദേഷ്യത്തിൽ കാട്ടിക്കൂട്ടുന്നതാ.... അവന്റെ സന്തോഷം കാണുമ്പോൾ അതൊക്കെ മാറിക്കോളും.... ഹ്മ്മ്...."" കവിളിൽ കൈ വച്ചു അമ്മയങ്ങനെ പറഞ്ഞതും ചിരിച്ചെന്ന് വരുത്തി... സന്ധ്യയായിരുന്നു നെല്ലിക്ക മുഴുവൻ അമ്മയുടെ കൂടെയിരുന്നു റെഡിയാക്കി എടുത്തപ്പോൾ.....

എക്സ്ട്രാ വർക്ക്‌ ഒന്നുമില്ലെങ്കിൽ മഹിയേട്ടൻ വരാനായി... ആള് വരുമ്പോഴേക്കും കുളിച്ചിട്ട് നിൽക്കാമെന്ന് കരുതി വേഗം കുളിക്കാൻ കയറി... ഷവറിന്റെ താഴെ നിൽക്കുമ്പോൾ വീണ്ടും കണ്ണുകൾ അനുസരണക്കേട് കാട്ടി തുടങ്ങിയിരുന്നു... ഭിത്തിയിലേക്ക് മുഖം ചേർത്തു ഏങ്ങി ഏങ്ങി കരയുന്നതോടൊപ്പം സങ്കടം വന്നു നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു... പ്രതീക്ഷിച്ചതാണ് നിത്യയുടെ ഈ അവഗണന... പക്ഷേ..... പക്ഷേ സഹിക്കാൻ പറ്റുന്നില്ല..... മനപ്പൂർവം ആയിരുന്നില്ലല്ലോ താൻ..... ചെറുതായി വിറച്ചു തുടങ്ങിയപ്പോഴാണ് ഏറെ നേരമായി ഈ തണുപ്പിലെന്ന് ഓർമ്മ വന്നത്...... കണ്ണ് രണ്ടും വീർത്തു ചുമന്നിരിപ്പുണ്ട്....

തിടുക്കത്തിൽ തല തോർത്തി വേഷം മാറി പുറത്തേക്ക് ഇറങ്ങി.. കണ്ണിനൊരു പുകച്ചിലും നീറ്റലുമുണ്ട് ഇപ്പോഴും... ആകെയൊരു മങ്ങൽ പോലെ... ""നന്ദൂ....."" ഹാളിൽ നിന്ന് മഹിയുടെ ശബ്ദം കേട്ടതും അങ്ങോട്ട്‌ നടന്നു... ഈശ്വരാ എപ്പൊ വന്നോ ആവോ... സെറ്റിയിൽ ഇരിപ്പുണ്ട് ആള്.... മുഖത്ത് അത്യാവശ്യം ഗൗരവം നിറഞ്ഞിരിക്കുന്നു.... ഒരു വശത്തു നിത്യ ഇരിക്കുന്നുണ്ട്... ആ മുഖത്തും തെളിച്ചം പോരാ... '"ഇവിടേക്ക് ഇരിക്ക്.... ""തൊട്ടടുത്തേക്ക് കൈ തട്ടി വിളിച്ചതും മടിയോടെ ഇരുന്നു... കണ്ണുകൾ അപ്പോഴും അവന്റെ മുഖത്ത് തന്നെ തറഞ്ഞിരുന്നു.... ഇനിയുമെന്ത് എന്ന ആകാംഷയോടെ...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story