അനന്തിക: ഭാഗം 36

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

സെറ്റിയിൽ ഇരിപ്പുണ്ട് ആള്.... മുഖത്ത് അത്യാവശ്യം ഗൗരവം നിറഞ്ഞിരിക്കുന്നു.... ഒരു വശത്തു നിത്യ ഇരിക്കുന്നുണ്ട്... ആ മുഖത്തും തെളിച്ചം പോരാ... '"ഇവിടേക്ക് ഇരിക്ക്.... ""തൊട്ടടുത്തേക്ക് കൈ തട്ടി വിളിച്ചതും മടിയോടെ ഇരുന്നു... കണ്ണുകൾ അപ്പോഴും അവന്റെ മുഖത്ത് തന്നെ തറഞ്ഞിരുന്നു.... ഇനിയുമെന്ത് എന്ന ആകാംഷയോടെ... ""ഹാ... എന്തിനാ എന്റെ നന്ദു ഇങ്ങനെ പേടിക്കുന്നെ...."". പെട്ടെന്നായിരുന്നു ആ മുഖത്ത് ചിരി വന്നത്... കാര്യം അറിയാതെ പകച്ചു നോക്കിയപ്പോൾ നിത്യയുടെ മുഖത്ത് ഇപ്പോഴും പഴയ ഗൗരവം തന്നെയാണ്.. ""പെട്ടെന്ന്.... വിളിച്ചപ്പോൾ.... ഞാൻ...."" വാക്കുകൾ പെറുക്കിക്കൂട്ടി ചമ്മലോടെ നോക്കി...

""വന്നിട്ട് പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ആളെ കാണാതിരുന്നപ്പോൾ വിളിച്ചതല്ലേ.... ""കളിയായി പറയുന്നവനെ കൂർപ്പിച്ചു നോക്കി... ""പെട്ടെന്ന് വിളിച്ചതുകൊണ്ട് ഇട്ട് മാറിയതൊക്കെ കുളിമുറിയിൽ തന്നെ കിടക്കുന്നതെ ഉള്ളൂ.... ഞാൻ മാറ്റിയിട്ടിട്ട് വരാമേ..."" അവളെഴുന്നേറ്റ് പോകുന്നത് നോക്കിയിരുന്നു മഹി.. ""നിത്യേ...."" മഹി വിളിച്ചതും അവൾ മുഖമുയർത്തി നോക്കി..... ""ദാ ആ പോയത് ഏട്ടന്റെ ഭാര്യയാണ്.. നിന്റെ ഏട്ടത്തി.... മോൾക്ക് പിണക്കം ഉണ്ടെന്ന് അറിയാം... പക്ഷേ ആ ഒരു ബഹുമാനം കൊടുക്കണം എപ്പോഴും... അവര്.... ഇവര് എന്നൊക്കെ വിളിച്ചാണോ ദേഷ്യം കാട്ടുന്നെ... ഏഹ്...."" മഹി ചോദിച്ചപ്പോൾ വീണ്ടും മുഖം കുനിച്ചു....

അവനവളെ ചേർത്തിരുത്തി... ""മോള്‌ നോക്കിയേ..... മോളോട് ഓടി ചെന്ന് മിണ്ടാനോ..... കഴിഞ്ഞതൊക്കെ മറക്കാനോ ഒന്നും ഏട്ടൻ പറയില്ല.... പക്ഷേ കോടതിയിൽ ഏട്ടനെടുത്ത തീരുമാനമാണ് ഇനിയും ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാമെന്നു.... അത് വിശ്വസിച്ചാണ് നന്ദു ഈ വീട്ടിലേക്ക് വന്നത്... അപ്പോൾ പിന്നെ വാക്കുകൾ കൊണ്ട് കുത്തി നോവിക്കുന്നത് ശെരിയാണോ വീണ്ടും.... ഹ്മ്മ്..... മോളിങ്ങനെ മുറിയടച്ചു പിണങ്ങി മാറി നിന്നാൽ ഏട്ടനെടുത്ത തീരുമാനം ശെരിയാണോ തെറ്റാണോ എന്നെങ്ങനെ അറിയും.... ഹ്മ്മ്..... മൂന്ന് മാസം കഴിഞ്ഞു കോടതിയിൽ അന്തിമ തീരുമാനം അറിയിക്കുമ്പോൾ മോൾടെ അഭിപ്രായം മറ്റാരെക്കാളും ഏട്ടന് വേണം.....""

അവൻ പറയുന്നതൊക്കെ മനസ്സിലായെന്നത് പോലെ മെല്ലെ തലയാട്ടി അവൾ.... ""ഇനി ചിരിച്ചേ..... ഏട്ടൻ മോളെ വഴക്ക് പറഞ്ഞതല്ല..... എന്റെ കുഞ്ഞ് കാരണം ആരും വിഷമിക്കാൻ പാടില്ല...."" രണ്ടു കവിളിലും ചെറുതായി പിടിച്ചു മഹി പറഞ്ഞതും അവളൊരു ചിരിയോടെ അവനെ കെട്ടിപ്പിടിച്ചു നെഞ്ചിൽ തല ചായ്ച്ചിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നന്ദു തിരികെ വരുമ്പോൾ മഹിയുടെ തോളിൽ ചാരി കണ്ണടച്ചിരിക്കുന്ന നിത്യയെയാണ് കാണുന്നത്.... ഒരു നിമിഷം അവളാ കാഴ്ച നോക്കി നിന്നു... കഴിഞ്ഞു പോയ ഓർമ്മകളിൽ എവിടെയോ സമാനമായ ചിത്രം തിരഞ്ഞു... പ്രെഗ്നന്റ് ആയിരുന്ന സമയത്തായിരുന്നു.... അന്നും രാത്രി നിത്യ ഇതുപോലെയിരുന്നു ഉറങ്ങി പോയിരുന്നു....

ഉറങ്ങാൻ വിളിച്ചിട്ടും അവളുടെ ഉറക്കം മുറിയുമെന്ന് പറഞ്ഞു മഹിയേട്ടൻ എഴുന്നേറ്റു വന്നിരുന്നില്ല.... ഒടുക്കം കള്ളതലകറക്കം അഭിനയിച്ചു ആളെ പേടിപ്പിച്ചു കൊണ്ട് പോയ ദിവസം.. അവൾക്ക് സ്വയം പുച്ഛം തോന്നി.... എന്ത് നേടി.... ഇതുവരെയും തന്റെ വാശി നേടി തന്നത് നഷ്ടങ്ങൾ മാത്രമായിരുന്നു... രണ്ടാളും അവരുടെ ലോകത്തിൽ മുഴുകിയിരിക്കുന്നത് കണ്ടതും പതിയെ മുറിയിലേക്ക് നടന്നു.... അവരുടെ അടുത്ത് ചെന്നിരിക്കണമെന്നുണ്ട്.... പക്ഷേ വേണ്ടാ... ദേഷ്യമായിരിക്കും നിത്യക്ക് തന്നെ കാണുമ്പോഴേ... മുടി തോർത്തിയെടുത്തു..... തോർത്ത്‌ കസേരയുടെ മുകളിലായി വിരിച്ചിട്ടു..

ഇത്രയും നേരം ഷവറിന്റെ ചുവട്ടിൽ നിന്നതുകൊണ്ടാകാം സിന്ദൂരത്തിന്റെ ഒരംശം പോലുമില്ല നെറുകയിൽ.... രാസ്‌നാദിയും ഇടണം... ഇല്ലെങ്കിൽ പിന്നെ നാളത്തേക്ക് നീരിറങ്ങി തല പൊക്കാൻ പറ്റില്ല... ആകെക്കൂടി കിട്ടുന്നൊരു അവധി ദിവസമാണ്.. സിന്ദൂരം എടുത്തു ഇത്തിരി തൊട്ടു. രാസ്നാദി നോക്കിയിട്ടും കണ്ടില്ല... ""ശെടാ.... എവിടെ പോയോ ആവോ...."" വീട്ടിൽ നിന്ന് വരുമ്പോൾ എടുക്കാൻ മറന്നെന്നു തോന്നുന്നു... മഹിയേട്ടന്റെ ഉണ്ടാകും അലമാരയിൽ.... അലമാര തുറന്നു നോക്കുന്നതിന്റെ ഇടയ്ക്കാണ് മഹിയേട്ടന്റെ ഷർട്ടുകൾ മടക്കി വച്ചിരിക്കുന്നതിന്റെയൊക്കെ മുകളിലായി വച്ചിരിക്കുന്ന ഫയൽ കാണുന്നത്.. ഹോസ്പിറ്റലിന്റെ പേര് കണ്ടപ്പോഴേ നട്ടെല്ലിലൂടെ ഒരു വിറയൽ ദേഹമാകെ കടന്നു പോയി...

പലവട്ടം ശ്രമിച്ചിട്ടും കൈ വിറച്ചിട്ട് എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. അനന്തിക.... പേരെഴുതിയ ഭാഗത്തേക്ക്‌ നോക്കി... പ്രെഗ്നൻസി റിപ്പോർട്ട്‌.... ആദ്യമായിട്ട് വയറ്റിലെ ജീവന്റെ തുടിപ്പറിഞ്ഞ ദിവസം.. ഒരോ വരികളിലൂടെയും വിരലോടിച്ചു..... ആ ദിവസങ്ങളിലേക്ക് തിരിച്ചു ചെല്ലാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ..... മഹി മുറിയിലേക്ക് വന്നപ്പോൾ അലമാരയിലേക്ക് ചാരി പുറം തിരിഞ്ഞു നിൽക്കുന്ന നന്ദുവിനെയാണ് കണ്ടത്... ഒരു നിമിഷം കൊണ്ടവൻ അവളുടെ അടുത്തേക്ക് നടന്നു..... ""എന്താടാ.... തലചുറ്റുന്നുണ്ടോ.... ഏഹ്..." ചുമലിൽ പിടിച്ചു തിരിച്ചു നിർത്തിയപ്പോഴാണ് കൈയിലെ ഫയൽ കാണുന്നത്.... അവളതിൽ മുറുക്കെ പിടിച്ചിട്ടുണ്ട്...

തല കുനിച്ചു നിൽക്കുമ്പോഴും നിശബ്ദമായി മിഴിനീർ അലമുറയിട്ട് കരയുന്നു... ഇത്തിരി ബലമായി തന്നെ ഫയലെടുത്തു മാറ്റേണ്ടി വന്നു.... കൂടുതൽ ബലം വിരലുകളിൽ കൊടുത്തു അവളതിനെ തടയാൻ ശ്രമിച്ചെങ്കിലും പിന്നെ മെല്ലെ വിരലുകൾ അയച്ചു കൊടുത്തു... മഹി ഫയലെടുത്തു തിരികെ വച്ചു അലമാര പൂട്ടി.... ദീർഘമായി ഒന്ന് ശ്വാസമെടുത്തു... അപ്പോഴും അവളവിടെ ഒരോരത്തായി തല കുമ്പിട്ടു നിൽക്കുന്നുണ്ടായിരുന്നു... അടുത്തേക്ക് ചെന്ന് രണ്ടു കൈകൾ കൊണ്ടും ആ മുഖം പിടിച്ചുയർത്തി.... അപ്പോഴും നോട്ടം തരാതെ കണ്ണ് പൂട്ടി നിൽക്കുന്ന പെണ്ണിനെ നോക്കി ദീർഘമായി ഒന്ന് നിശ്വസിച്ചു.. ""ഇനിയും എന്തിനാ നന്ദൂ അതൊക്കെ നോക്കുന്നെ....

ഏഹ്..... കഴിഞ്ഞതൊക്കെ പോട്ടെ.... നമ്മള് വിചാരിച്ചാൽ തിരുത്താൻ കഴിയുമോ... ഹ്മ്മ്..."". നേർത്ത സ്വരത്തിൽ അവൻ പറഞ്ഞതും അവന്റെ ഷർട്ടിൽ ബലമായി ചുറ്റിപ്പിടിച്ചു ആ നെഞ്ചിലേക്ക് വീണിരുന്നു.... ""പറ്റണില്ല മഹിയേട്ടാ..... അന്ന്.... അന്ന് ഞാൻ..... ഞാൻ വാശി കാണിച്ചില്ലായിരുന്നെങ്കിൽ...."" ശ്വാസം കിട്ടാതെ വാക്കുകൾ പെറുക്കിക്കൂട്ടുന്ന പെണ്ണിനെ അവനൊന്നു കൂടി ശക്തിയായി ചേർത്ത് പിടിച്ചു.. ""നന്ദൂ.... മതി...."" ശാസനയോടെ പറഞ്ഞിട്ടും അവൾ നിർത്തുന്നില്ല എന്ന് കണ്ടപ്പോൾ മുടിയിഴകളിൽ വിരലോടിച്ചു നിന്നു... ""നന്ദൂ....."" അവളൊന്ന് ശാന്തമായി എന്ന് തോന്നിയതും മെല്ലെ വിളിച്ചു... നേർത്തൊരു മൂളൽ മാത്രമാണ് മറുപടിയായി കിട്ടിയത്...

""കഴിഞ്ഞു പോയതൊന്നും ഒരിക്കലും നിന്റെ മാത്രം തെറ്റല്ല എന്ന് ഞാൻ പറഞ്ഞില്ലേ.... പിന്നെന്താ.... നീ വാശി പിടിച്ചപ്പോൾ കാരണം അറിയാൻ ഞാനും ശ്രമിച്ചില്ല..... നീ പറഞ്ഞില്ലെങ്കിലും എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കാൻ ശ്രമിക്കണമായിരുന്നു.... അന്നതിനു പറ്റിയില്ല.... അതുകൊണ്ട് എന്റെ നന്ദു മാത്രം ഇത്രയും വലിയ ഉത്തരവാദിത്തം ഒന്നുമെടുത്തു തലയിൽ വയ്ക്കണ്ട കേട്ടോ...."" നെറ്റിയിലൊന്ന് ചെറുതായി ചുണ്ട് ചേർത്തവൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ വീണ്ടും അവനോട് ചേർന്നു നിന്നു.... മനസ്സൊന്നു ശാന്തമാകുന്നത് വരെ... ""ദേ ഇനിയും പഴയത് തന്നെ ആലോചിച്ചു നിൽക്കാനാണ് ഭാവമെങ്കിൽ.... പൂച്ചക്കുട്ടിയെ പോലെ എടുത്തോണ്ട് ഹാളിൽ കൊണ്ട് കളയും.....

""ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതും ചുണ്ട് കൂർപ്പിച്ചു നോക്കി അവനിൽ നിന്നും അകന്ന് മാറി നിന്നു.. ""ആ.... ഇനി കുറച്ചു നേരം ഇവിടെ പിണങ്ങി നിൽക്ക്.... ഞാൻ പോയി കുളിച്ചിട്ട് വരാം..."" മഹി കുളിമുറിയിലേക്ക് കയറിയതും കൈയൊന്ന് വയറ്റിൽ ചുറ്റി.....""എല്ലാം മറക്കണം എന്ന് അറിയാഞ്ഞിട്ടല്ല..... പക്ഷേ കഴിയുന്നില്ല മഹിയേട്ടാ...."" 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഹിക്ക് കുളിക്കാൻ നല്ല സമയം വേണം... പാട്ടൊക്കെ പാടി ആസ്വദിച്ചു അര മണിക്കൂറെടുത്താണ് കുളി... അതോർക്കേ ചിരിയോടെ ഹാളിലേക്ക് നടന്നു.. അത്താഴത്തിനുള്ള സമയമാകുന്നതേ ഉള്ളൂ.... നിത്യയെ കണ്ടില്ല.... മുറിയിലായിരിക്കും... അമ്മയിരുന്നു ടീവി കാണുന്നുണ്ട്...

""എന്തിനാ മോളെ അവിടെ നിൽക്കുന്നെ... നിനക്ക് എവിടെങ്കിലും ഇരുന്നൂടെ...."" അമ്മ ചോദിച്ചപ്പോൾ എതിർവശത്തുള്ള സെറ്റിയിൽ ഇരുന്നു... മഹി കുളിച്ചിട്ട് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ മുറിയിലേക്ക് എത്തി നോക്കിയിരുന്നു.... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും പെട്ടെന്ന് ഞെട്ടി നേരെ ഇരുന്നു... അവളുടെ കാട്ടായമൊക്കെ വിദ്യ ചുണ്ടിലൂറുന്ന ചിരിയോടെ നോക്കിയിരുന്നു... വെട്ടിത്തിരിഞ്ഞു നേരെയിരിക്കുന്ന നന്ദുവിനെ കണ്ടതും അവൻ ചിരിയടക്കി ഹാളിലേക്ക് ചെന്നു.... നനഞ്ഞ തോർത്തെടുത്തു പിന്നിൽ കൂടി അവളുടെ തോളിലായി ചുറ്റിക്കൊടുത്തു....

പെട്ടെന്ന് തണുപ്പ് ദേഹത്ത് തട്ടി പിടഞ്ഞെഴുന്നേൽക്കുന്നതും തോർത്തും കൈയിൽ പിടിച്ചു രൂക്ഷമായി നോക്കുന്നതും കണ്ടു അവനൊരു പൊട്ടിച്ചിരിയോടെ അമ്മയുടെ മടിയിലേക്ക് കിടന്നു... ഇടയ്ക്ക് മൂക്കിൽ വിരൽ വച്ചു ചിരിയടക്കി അവളെ നോക്കും... വീണ്ടും ചിരിച്ചുകൊണ്ട് അമ്മയുടെ മടിയിലേക്ക് മുഖം പൂഴ്ത്തും... വിദ്യ മഹിയെ ചേർത്ത് പിടിക്കുന്നതും അവന്റെ മുടിയിൽ വിരലോടിക്കുന്നതും നോക്കിയിരിക്കുകയായിരുന്നു നന്ദു.... ഓർമ്മകളിൽ എവിടെയും അങ്ങനെയൊരു രംഗമില്ല.... അമ്മയുടെ മടിയിലിങ്ങനെ കിടന്നു തമാശകൾ പറയുന്ന ഒരു രംഗം പോലും.... അമ്മയ്ക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല....

പക്ഷേ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ നേരം കിട്ടാറില്ല..... ആഹാരം കഴിക്കുമ്പോളൊക്കെയാകും ഒന്നിരിക്കുന്നത്.... ഇരുളുവോളം തയ്ക്കാൻ ഉണ്ടാകും.... തൊഴുത്തിലെ കാര്യങ്ങളൊക്കെ താൻ നോക്കുന്നതുകൊണ്ട് ആ ജോലി മാത്രം കുറഞ്ഞു കിട്ടും.... കൊതി തോന്നി..... ഒരിക്കലെങ്കിലും ഇതുപോലെയൊന്ന് മടിയിൽ കിടക്കാൻ... എത്ര തടയാൻ ശ്രമിച്ചിട്ടും നാവ് അനുസരിച്ചില്ല... ""ഞാനൂടെ കിടന്നോട്ടെ...."" ""വേണ്ടെന്ന് പറഞ്ഞാലോ.... ""വിദ്യ ചിരി മറച്ചു തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു... ഒരക്ഷരം മറുത്തു പറയാതെ അവൾ മുഖം കുനിച്ചു...... കണ്ണ് നിറഞ്ഞു...

. ""അപ്പോഴേക്കും സങ്കടമായോ..... ഈ ചെക്കൻ സമ്മതം ചോദിക്കുന്നത് കണ്ടോ നന്ദൂ നീയിതു വരെ..... അവനെ പോലെ തന്നെയല്ലേ നീയും... ഹ്മ്മ്..."" അമ്മ ചോദിച്ചിട്ടും മുഖമുയർത്തിയില്ല..... മഹിയവളെ കണ്ണ് വെട്ടാതെ നോക്കി കിടക്കുകയായിരുന്നു... ""അങ്ങട്ട് എഴുന്നേൽക്ക് ചെക്കാ..."" മഹിയേ ബലമായി മാറ്റി കിടത്തി അവളിരിക്കുന്നിടത്തേക്ക് നടന്നു... ""ഇനി മേലിൽ അനുവാദം ചോദിച്ചാൽ.... ഹാ.... എപ്പൊ ചോദിച്ചാലും ഞാൻ വേണ്ടെന്നേ പറയൂ.... ചോദിക്കാതെ ഇങ്ങ് വന്നു കിടന്നോണം...."" അമ്മ കപട ഗൗരവത്തിൽ പറഞ്ഞതും വയറ്റിലൂടെ ചുറ്റിപ്പിടിച്ചു ആ മടിയിൽ തലവച്ചു കിടന്നിരുന്നു...

ആ വിരലുകൾ മെല്ലെ മുടികളിൽ കൂടി ഓടി നടന്നപ്പോൾ മുഖമൊന്നു കൂടി ചേർത്തു വച്ചു ആഞ്ഞു ശ്വാസമെടുത്തു.... അമ്മയുടെ ഗന്ധം.... കണ്ണടച്ചു കിടന്നു... ""എന്റമ്മയ.... ഞാനും കിടക്കും..."" അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോളേക്കും മഹി മറുവശത്തു വന്നു മടിയിലേക്ക് തല വച്ചിരുന്നു... ഇങ്ങനൊരു ചെക്കൻ.... അമ്മ തലയ്ക്കു കൈ കൊടുത്തു പറയുന്നത് കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി... ദിവസങ്ങൾക്കു ശേഷം.... ഉറക്കെയുറക്കെ.... കണ്ണ് നിറയുവോളം...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story